സി.രാധാകൃഷ്ണൻ
നമ്മെ തിന്നാൻ വരുന്ന പുലിയെ വഴിയിലെ ബുദ്ധപ്രതിമ പുഴക്കി എറിയുമോ? അഹിംസയ്ക്കും ആത്മരക്ഷയ്ക്കുമിടയിലെ അതിർത്തി ഏതാണ്? സംശയമില്ല, അത്മരക്ഷയാണ് പ്രധാനം എന്നാണ് കവികളുടെയും ഋഷിമാരുടെയും മതം. അരിയില്ല, തുണിയില്ല, ദുരിതമാണെന്നാലും നരി തിന്നാൽ നന്നോ മനുഷ്യന്മാരേ എന്ന ചോദ്യത്തിന് നന്നല്ല എന്നു തന്നെയാണ് മഹാമനീഷികളുടെ സുചിന്തിതമായ ഉത്തരം.
അനീതിയെ ധീരമായി നേരിടാൻ നമുക്കു കഴിയാത്തത് മിക്കപ്പോഴും പക്ഷെ, അഹിംസ ചെയ്യാൻ മടിച്ചില്ല, അലസത കൊണ്ടും അനാസ്ഥ കൊണ്ടും അധൈര്യം കൊണ്ടുമാണ്. ഏതു ജീവിയും എത്ര ബലഹീനമാണെന്നാലും ആത്യന്തിക ഘട്ടത്തിലെങ്കിലും പ്രത്യാക്രമണം നടത്തുന്നതു കാണാം. അളയിൽ കുത്തിയാൽ ചേരയും കടിക്കും. നമ്മളോ? പല കാരണങ്ങളും പറഞ്ഞും വിചാരിച്ചും ഏത് അനീതിയും നിശ്ശബ്ദം സഹിക്കും! എന്നിട്ട്, അതിന്റെ പേരിൽ ആജീവനാന്തം ദുഃഖിക്കുകയോ നരകിക്കുകയോ രണ്ടുംകൂടിയോ ചെയ്യും.
തോൽക്കുകയേ ഉള്ളൂ എന്ന് മുൻകൂട്ടിയങ്ങ് നിശ്ചയിക്കുന്നതിനാലാണ് പലപ്പോഴും ഇങ്ങനെ സംഭവിക്കുന്നത്. അസ്ഥാനത്തുള്ള വിധേയത്വമാണ് പിന്നെ. സ്വയംകൃതാനർഥമായ അടിമത്തത്തെ വിധി എന്നോ ജാതകഫലമെന്നോ വിളിച്ച് ആശ്വസിക്കയും ചെയ്യും! ആറേഴു നൂറ്റാണ്ടുകാലം ഭാരതമെന്ന രാജ്യം ഇതു ചെയ്തു.
വിവേകാനന്ദസ്വാമികൾ തന്റെ ആത്മകഥയിൽ വിവരിക്കുന്ന ഒരു സന്ദർഭം നോക്കുക- അദ്ദേഹം ഒരിക്കൽ വാരണാസിയിലെ ഒരു വഴിയിലൂടെ പോകുകയായിരുന്നു. ഒരുവശത്ത് വളരെ ഉയരമുള്ള ഭിത്തി. മറുവശത്ത് വലിയൊരു കുളവും. പാതിവഴി എത്തിയപ്പോൾ പിന്നിൽ ഒരുകൂട്ടം കുരങ്ങന്മാർ വന്നു. കാശിയിലെ കുരങ്ങന്മാർ പിടിച്ചുപറിക്കാരും മയമില്ലാത്തവരും വികൃതികളുമാണ്. കുരങ്ങന്മാർ ഓടിയടുത്തു. അവയിൽ നിന്നു രക്ഷപ്പെടാൻ സ്വാമിജിയും ഓടി. കുരങ്ങന്മാർ അതിലേറെ വേഗത്തിലായി. ഒപ്പമെത്തിയ അവ സ്വാമിജിയെ കടിക്കാനും മാന്താനും തുടങ്ങി. അപ്പോഴും ആവുംവേഗം ഓടാൻതന്നെ ശ്രമിക്കുന്ന സ്വാമിജിയോട് പിന്നിൽനിന്ന് സാധാരണക്കാരനായ ഒരാൾ വിളിച്ചുപറഞ്ഞു-ഓടരുത്, തിരിഞ്ഞുനിന്നു നേരിടൂ!
സ്വാമിജി ഓട്ടം പൊടുന്നനെ നിർത്തി തിരിഞ്ഞ് കുരങ്ങന്മാരെ നേരിട്ടു കയ്യുയർത്തി കർശനമായി ആട്ടിയകറ്റി. അത്ഭുതങ്ങളുടെ അത്ഭുതം, കുരങ്ങുപട മൊത്തമായി പിൻവാങ്ങി എന്നു മാത്രമല്ല, അദ്ദേഹം വീണ്ടും മുന്നോട്ട് നടന്നുതുടങ്ങിയപ്പോൾ പിന്നാലെ ചെന്നുമില്ല!
പ്രകൃതിദുരന്തങ്ങൾ ഒഴികെയുള്ള എല്ലാ ഭീഷണികളുടെയും യാഥാർത്ഥ്യം ഇതാണ്. നമ്മുടെ മനോവീര്യം കുറയുന്തോറും അവയുടെ പെരുമ കൂടും. നമുക്കു ധൈര്യമുണ്ടാകുന്ന തോതനുസരിച്ച് അവ അത്രയ്ക്കത്രയ്ക്ക് പിൻവാങ്ങും. രോഗങ്ങളുടെ രൂപത്തിൽ അകത്തുനിന്നു വരുന്നവയായാലും അനീതികളുടെയോ അക്രമങ്ങളുടെയോ രൂപത്തിൽ പുറത്തുനിന്നു വരുന്നവയായാലും എല്ലാ ഉപദ്രവങ്ങളുടെയും കഥ ഇത്രയേ ഉള്ളൂ.
ഓടി മാറുകയേ നിവൃത്തിയുള്ളു എന്നുവച്ചാൽ തീർച്ചയായും അതു ചെയ്യണം. കടിക്കാൻ വരുന്ന വിഷപ്പാമ്പിനോടും കുത്താൻ വരുന്ന വെട്ടുപോത്തിനോടും രണ്ടുരീതിയിലേ നമുക്കു പ്രതികരിക്കാൻ പറ്റൂ. ഒന്നുകിൽ ഉപായം കൊണ്ടൊ ശക്തികൊണ്ടോ അതിനെ നിർവീര്യമാക്കാൻ കഴിയണം, അല്ലെങ്കിൽ ഓടിമാറണം. ഏതു വേണമെന്നു നിശ്ചയിക്കുന്നതിലാണ് അതിജീവനരഹസ്യം കുടികൊള്ളുന്നത്. പക്ഷെ, ഒരു ഉപായവും ചിന്തിക്കാതെ ആദ്യമേ നിശ്ചയിക്കുന്നത് ഓടിപ്പോകാനാണെങ്കിലോ? പിന്നെ, അതിനേ നേരമുണ്ടാവൂ എന്നു മാത്രമല്ല, ഈ ശീലം കാരണം ഒരുപാട് കഷ്ടനഷ്ടങ്ങൾ ആജീവനാന്തം സംഭവിച്ചുകൊണ്ടുമിരിക്കും.
മനോബലം മഹാബലം എന്ന പ്രമാണമൊക്കെ നമുക്കറിയാമെങ്കിലും ആ ബലം ആർജിക്കാനും ഉപയോഗിക്കാനും ഒട്ടുമിക്കപേരും ശ്രമിക്കാറില്ല. ഇങ്ങനെ വരുമ്പോഴാണ് നന്മയുള്ള മനുഷ്യമഹാഭൂരിപക്ഷത്തെ തിന്മയെന്ന മനോരോഗമുള്ള ന്യൂനപക്ഷം കാൽക്കീഴിൽ നിർത്തി നരകിപ്പിക്കുന്നത്. ഇത്തരം മനോരോഗികളെ നേരിടാനും നിയന്ത്രിക്കാനും ശുശ്രൂഷിക്കാനുമുള്ള സംവിധാനമില്ലാത്തതിനാലാണ് ഡൽഹിയിലെ അക്രമം പോലുള്ള അഹിതങ്ങൾ സംഭവിക്കുന്നത്. നിയന്ത്രണസംവിധാനം കൈകാര്യം ചെയ്യുന്നവരിൽ പലരും മനോരോഗികളായിപ്പോയി എന്നുകൂടി കരുതേണ്ടിയുമിരിക്കുന്നു.
ഇക്കാര്യം തിരിച്ചറിയാതെ, പൊതുസമൂഹത്തിന്റെ ധാർമ്മികനിലവാരം ഇടിഞ്ഞതാണ് അക്രമകാരണം എന്നു വിധിയെഴുതുന്നത് തീർത്തും തെറ്റാണ്. മനുഷ്യരിൽ മഹാഭൂരിപക്ഷവും ഇന്നും എന്നും നന്മയുറ്റവരാണ്. ഒരു ചെറിയ ശതമാനം ജന്മനാ രോഗസാധ്യതയുള്ളവരോ രോഗികൾ തന്നെയോ ആയിരിക്കുന്നപോലെ ഏക്കാലവും മനുഷ്യകുലത്തിലെ ഒരു ചെറിയ വിഭാഗം മനോരോഗികളും ആയിരിക്കും. കുട്ടികളുടെ ദേഹത്ത് നായ്ക്കുരണപ്പൊടി വിതറുന്ന അധ്യാപകർ മുതൽ, വലുതും ചെറുതുമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരുൾപ്പെടെ, ഹിറ്റ്ലർമാർ വരെയുള്ള രൂപങ്ങളിൽ, ഇവരെ കാണാം. ഇവർ പിന്നാലെ വരുമ്പോഴാണ് ഓടുന്നതിനു പകരം നിശ്ചയദാർഢ്യത്തോടെ തിരിഞ്ഞു നിന്ന് എതിർക്കേണ്ടത്. അതാണ് സ്വധർമ്മം. ഇതനുഷ്ഠിച്ച് മരിച്ചാലും ഇതിനു വിധേയരായി അടിമകളായി കഴിയുന്നതിനേക്കാൾ ശ്രേയസ്കരമാണ്, തീർച്ച.
ആരെയും ഒന്നിനെയും പേടിക്കാതെ ജീവിക്കാൻ കഴിയണം. ആത്മവീര്യമുണ്ടായാലേ ഇതുപറ്റൂ. ഞാൻ ഈശാംശമാണെന്നു ആത്യന്തികമായി അവിനാശിയും നിത്യവും ആണെന്നും ബോധ്യമായാൽ പിന്നെ ആരെ എന്തിനെ ഭയപ്പെടാൻ? ഇതോടെ, പ്രപഞ്ചത്തിന്റെ അടിസ്ഥാനമായ മഹാബലം എന്റെ ബലമായി മാറുന്നു. എന്നെക്കാൾ ബലവാൻ ആരുമില്ല! പക്ഷെ, ഒരു കുഴപ്പമുണ്ട്. ഈ അവബോധത്തിന്റെ കൂടെ വരുന്ന മറ്റൊരു വെളിപാടാണ് എല്ലാരും എല്ലാതും ഈശാംശമാണെന്നത്. അതായത്, എല്ലാരും എന്നോളം ബലമുള്ളവരാണ്. അതിനാൽ, ആരെയും ഭയപ്പെടുത്താൻ എനിക്ക് കഴിവോ അധികാരമോ ഇല്ല.
ഇതോടെ, ഭയം എന്ന വികാരം മനുഷ്യകുലത്തിൽ നിന്ന് മായും. ഇങ്ങനെയായാലേ മായൂ. കാരണം, ആരെയെങ്കിലും ഭയപ്പെടുത്തിയവന് ഭയപ്പെടാതിരിക്കാനാവില്ല. ഭയപ്പെടുത്തപ്പെട്ട ആൾ ഭയപ്പെടുത്തിയവനെക്കാൾ ബലവാനാണെങ്കിൽ തിരിച്ചടിയെ ഭയക്കാതെ പറ്റില്ലല്ലോ. മറിച്ചാണെങ്കിൽ, തഞ്ചം കിട്ടുമ്പോൾ, ചതിവായെങ്കിലും പ്രത്യാക്രമണം പ്രതീക്ഷിക്കാതെയും വയ്യ. ചുരുക്കത്തിൽ, ഭൗതികമായ ഒരു ബലം പ്രയോഗിച്ചും, അതെത്ര വലുതായാലും, ആർക്കും ആരുടെയും അധിപനായി നീണ്ടുവാഴാനാവില്ല, സ്വസ്ഥത കൈവരിക്കാനുമാവില്ല.
സുഖവും ശാന്തിയും വേണമെങ്കിൽ ആത്മവീര്യത്തെ ആശ്രയിക്കണം. അതിന്റെ ബലതന്ത്രമാണ് അധ്യാത്മവിദ്യ. ആ വിദ്യയുടെ ഉപാധിയോ, ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും അടങ്ങുന്ന ഈ ശരീരമാണ്. അപ്പോൾ, ഇതിനെ അരോഗമായും ദൃഡമായും സ്വച്ഛമായും നിലനിർത്തിയാലേ ആ വിദ്യ പഠിക്കാനാവൂ. ചുവരില്ലാതെ ചിത്രമെഴുതാൻ പറ്റില്ലല്ലോ. സ്വന്തഹിതത്തിലുള്ള പരിസരം ഒരുക്കാതെ പറ്റില്ലെന്നർത്ഥം. ആ ഒരുക്കൽ ലോകഹിതത്തിന് പാകത്തിലുമായിരിക്കണം. എന്തുകൊണ്ടെന്നാൽ, ആത്മവീര്യമുള്ളവരുടെ സമൂഹത്തിലാണ് എന്റെ ആത്മവീര്യത്തിന് മാറ്റ് കൂട്ടാനുള്ള സാഹചര്യം നന്നായി ഉളവാക്കുക. അതിനാലാണ് സഹനാവവതു, സഹനൗഭുനക്തു, സഹവീര്യം കരവാവഹൈ എന്നും ഒപ്പം, ഞങ്ങൾക്കിടയിൽ വിദ്വേഷം ഇല്ലാതിരിക്കട്ടെ എന്നും ആമുഖമായി ഉപനിഷത്തുകൾ പ്രാർത്ഥിക്കുന്നത്.
പാടിയുമാടിയും രസിക്കുന്നതിനുപകരം പേടിച്ചു ചൂളാനും, തമ്മിലടുക്കുന്നതിനുപകരം തമ്മിലടിക്കാനുമുള്ള സംവിധാനമായി ജനായത്തത്തെ മാറ്റാൻ മനോരോഗികളുടെ ക്വട്ടേഷൻ സംഘങ്ങൾക്ക് കഴിയാതിരിക്കണമെങ്കിൽ മനുഷ്യസമൂഹത്തിലെ നന്മയുറ്റ മഹാഭൂരിപക്ഷം സഹജമായ ആത്മവീര്യം ഊട്ടുറപ്പിച്ച് തിരിഞ്ഞുനിന്ന് ഇക്കൂട്ടരെ അഭിമുഖീകരിച്ചേ തീരു.