26 Mar 2013

പോസ്റ്റ്‌മോര്‍ട്ടം

മനാഫ് 


”ഒരു സ്‌ട്രോങ്ങ് ചായ..”
”പഞ്ചസാര..?’
” ആകാം.’
ഗ്ലാസില്‍ സ്പൂണ്‍ ഉണ്ടാക്കുന്ന തകധിമി താളത്തിനിടെ കടക്കാരന്‍ വക ചോദ്യം
” ഇവിടെ നിങ്ങള് ആദ്യായിട്ടാ..?”
മറുപടി ഒരു മൂളലില്‍ ഒതുക്കി… വ്യക്തമായ ഉത്തരമല്ലാത്തതിനാല് കടക്കാരന്‍ അനിഷ്ടത്തോടെയാണ്ഗ്ലാസ് മേശമേല്‍ വെച്ചത്…
”പുട്ടും കടലേം എടുത്തോ..”
അത് കഴിക്കവെയാണ് പുറത്തു നിന്നും ഒരു ശബ്ദം.
”ചേട്ടാ.. പൈസ തര്വോ..?”
”ഇല്ല, വേണേല് ചായ തരാം.. പൈസ തരില്ല…”
”ചായ വേണ്ട , പൈസ മതി..”
”തരില്ല..”
കടക്കാരന്‍ അറുത്തു മുറിച്ച പോലെ പറഞ്ഞു.. കടയില് തൂക്കിയിട്ട
പഴക്കുലകള്‍ക്കിടയിലൂടെനോക്കിയപ്പോള്‍ അയാളെ കണ്ടു…
നീണ്ടു മെല്ലിച്ചൊരു രൂപം.. നന്നായി വളര്‍ന്ന കട്ടിയില്ലാത്ത
താടിയും, മീശയും. എന്റെ പ്രായമേ കാണൂ.. പക്ഷെ മുടിയും,
താടിയും കുറെ നരച്ചിട്ടുണ്ട്…
മുഷിയാത്ത ഷര്‍ട്ട് , പാന്റ് .. തറവാടിയായ വട്ടന്‍ എന്ന്
മനസ്സിലോര്‍ത്തതും അയാള്‍ ചോദിച്ചതും ഒരുമിച്ചായിരുന്നു..
”ചേട്ടാ.. പൈസ തര്വോ..?”
”മോഹനാ…സ്ഥലം കാലിയാക്ക്.. ഉം..”
കടക്കാരന്‍ ശബ്ദമുയര്ത്തി.
മോഹനന്‍ നടന്നു പോയി.. ഇടയ്‌ക്കൊന്നു തിരിഞ്ഞു നോക്കി… വീണ്ടും നടന്നു..
ആ നോട്ടം…
ശരീര ഭാഷ…
ഇതവനാണോ..? ശങ്കരന്‍ മാഷിന്റെ മോന്‍ മോഹനന്‍ …?
ചിന്തിച്ചു തീര്‍ന്നില്ല .. കടക്കാരന്‍ വിവരിച്ചു…
”മോഹനനെന്നാ പേര്.. സ്‌കൂള് മാഷുടെ മോനായിരുന്നു…
നല്ല ചെക്കനായിരുന്നു..പ്രേമിച്ചു പ്രാന്തായതാത്രേ..”
അറിയാവുന്ന കഥ വീണ്ടും കേള്‍ക്കാന്‍ താല്പ്പര്യമില്ലായിരുന്നു..
എന്നാല്‍ കടക്കാരന്‍ പറഞ്ഞത് ക്ലൈമാക്‌സ് ആയിരുന്നു
”ആ പെണ്ണ് പോയേപ്പിന്നെ അവന്റെ പിരി ലൂസായി.. ആരോ പറഞ്ഞത്രേ ഫകീര്‍ ഉപ്പാപ്പയുടെ
ദര്‍ഗയിലെ കുളത്തില് മഞ്ചാടിക്കുരു ഇട്ടു നിറച്ചാല് വിട്ടു പോയവര് തിരിച്ചു വരുമെന്ന്..അന്ന്
തൊടങ്ങിയതാ പണം ചോദിച്ചുള്ള തെണ്ടല്…. തെണ്ടിക്കിട്ടുന്ന പണം കുട്ടികള്‍ക്ക് കൊടുത്ത്
മഞ്ചാടിക്കുരു ഒപ്പിക്കും നേരെ കൊണ്ടുപോയി കുളത്തിലെറിയും..”
വലിയ കുളം എങ്ങനെ നിറയാനാണ്…!
”മാഷും , ഭാര്യേം മരിച്ചേപ്പിന്നെ ഇവന്‍ തനിച്ചായി..സ്വത്തൊക്കെ ബന്ധുക്കള് കയ്യേറി.. ഇപ്പൊ
ചെറിയൊരു വീട് മാത്രമുണ്ട്… അതാവട്ടെ…’
”പൈസ എത്രയായി..?”
”…. ഇരുപത്തൊന്ന്..”
കഥ പറഞ്ഞു തീരും മുന്‌പേ കൈ കഴുകി എണീറ്റത് അയാള്ക്കിഷ്ട്ടമായില്ല…
‘ദര്‍ഗയിലേക്ക് ഇതിലൂടെ ഒരു എളുപ്പ വഴിയില്ലേ…?”
‘കടക്കാരന്‍ അമ്പരന്നു..
”ആ വഴി അടച്ചു കളഞ്ഞു… ഇപ്പൊ അമ്പല റോഡ് വഴി ചുറ്റി പോകണം… അല്ല, നിങ്ങള് ഇതിനു
മുന്‍പ് ഇവിടെ വന്നിട്ടുണ്ടോ..?”
”ആ ചോദ്യം കേള്‍ക്കാത്ത പോലെ ഇറങ്ങി നടന്നു.. തന്റെ ഭൂതകാലം പറയാനല്ലല്ലോ ചായ
കുടിക്കാന്‍കയറിയത്.. എങ്കിലും ചായ നന്നായിരുന്നു…
************ ******************** ************** **************
ഫകീര്‍ ഉപ്പാപ്പ ദര്‍ഗ ഒരു കിലോമീറ്റര്‍ എന്നൊരു ബോര്‍ഡ്..ഒരു സിഗരറ്റ് കത്തിച്ചു… ഓര്‍മ്മകള്‍
അതിനൊത്ത് പുകഞ്ഞു….
അന്ന് 19 വയസ്സ് കാണും. പത്തു തോറ്റു കൊല്ലങ്ങളായി തേരാ പാരാ നടപ്പാണ്..അതിനിടയിലാണ്
അവളെ കണ്ടത്.. രാമന്‍ നായരുടെ ഏക മോള്‍… ഓമനയെ…
സൌന്ദര്യത്തിന്‍ പര്യായം..
പാലിന്‍ വെളുപ്പ്..
ചാമ്പക്ക ചുണ്ടുകള്‍..
നിറഞ്ഞ മാറിടം….. ഹോ…!
ഇപ്പോഴത്തെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ഒന്നൊന്നര പീസ്..!!!….
അന്ന് തനിക്കു മാത്രമേ രണ്ടു പാന്റ് ഉണ്ടായിരുന്നുള്ളൂ.. ഗള്‍ഫില്‍ കൂലിപ്പണിക്കാരനായ ബാപ്പയുടെഔദാര്യം…പാന്റ് മാറി മാറി ഇട്ട് പൗഡറും അത്തറും പൂശി ഓമന വരുന്ന വഴില്‍ കറുപ്പന്‍ രമേശിനൊപ്പം കാത്തു നിന്നു..
അതാ അവള് നടന്നു വരുന്നുണ്ട്.. ചുണ്ട് കടിച്ചു ചുവപ്പിച്ചു റെഡിയായി..
”ഓമന കോളേജീന്നു വരുന്ന വഴിയാണോ..?”
” അല്ല, ചന്ദ്രനീന്നാ…’
നന്നായി ചമ്മി..എങ്കിലും ഒരു ശ്രമം കൂടി..
”പ്രീ ഡിഗ്രി എങ്ങനെ..?”
”എങ്ങനെയായാലും നിനക്കെന്താ..?”
ഓമന മുഖം വീര്‍പ്പിച്ചു പോയി…

അവളെന്തെ ഇങ്ങനെ..? എനിക്കെന്താ കുറവ്..? മനസ്സില്‍ ചോദ്യം ഉയര്‍ന്നു.
”പണവുമില്ല, പഠിപ്പുമില്ല..”
ഞെട്ടിപ്പോയി…മനസ്സില്‍ ചിന്തിക്കുമ്പോഴേക്കും രമേശന്‍ പറയുന്നു…
ഇനിയെന്ത് വഴി..? മനസ്സില്‍ വീണ്ടും ചോദ്യം…
”അവളെ വിട്ടെക്കുന്നതാ നല്ലത്..”
ഉടനെ വന്നു രമേശന്‍ വക ഉത്തരം..
ഇവനെങ്ങനെ എന്റെ മനസ്സറിയുന്നു..!
അങ്ങനെ ഓമന ഒരു കിട്ടാക്കനിയായി അവശേഷിച്ചു..

അപ്പോഴാണ് മിന്നായം പോലെ ഒരു വെളിപാടുണ്ടായത് .. ഫകീര്‍ ഉപ്പാപ്പാന്റെ ദര്‍ഗയില്‍ ചെന്ന്
പ്രാര്‍ഥിച്ചാല്‍ ഓമനയെ സ്വന്തമാക്കാം..! ഉപ്പാപ്പ പണ്ട് ജീവിച്ചിരുന്ന ഒരു സൂഫിയാണ്.. ആ
ദര്‍ഗയില്‍വെച്ചുള്ള മൂന്ന് പ്രാര്‍ത്ഥനകള്‍ക്ക് ഉറപ്പായും ഉടനെ ഫലമുണ്ടാകുമത്രേ.. ഒന്ന് ഞാന്‍ പണ്ടേ പ്രാര്‍ത്ഥിച്ചു കഴിഞ്ഞു…
ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഹോം വര്‍ക്ക് ചെയ്യാന്‍ മറന്നു… വീട്ടിന്നിറങ്ങിയപ്പോഴാണ് ഓര്‍മ വന്നത്. നേരെ ദര്‍ഗയില്‍ ചെന്ന് പ്രാര്‍ത്ഥിച്ചു..
ക്ലാസ്സില്‍ ചൂരലുമായി ചന്ദ്രന്‍ മാഷ് മുരണ്ടു
”ഹോം വര്‍ക്ക് ചെയ്യാത്തവര്‍ എഴുന്നേല്‍ക്ക്…”
ഉപ്പാപ്പ കൈ വിട്ടെന്നുറപ്പായി.. പെട്ടെന്നാണ് പ്യൂണ്‍ ക്ലാസ്സിലേക്ക് വന്നത്..
”മാഷെ, ഒരു ഫോണുണ്ട്.. നാട്ടീന്നാണ്…”
മാഷ് ഓഫീസിലേക്ക് പോയി അതുവഴി നാട്ടിലേക്കും.. മാഷുടെ ഭാര്യ പ്രസവിച്ചു… പിന്നെ മാഷ്
വന്നത് ഒരു പാകറ്റ് മുട്ടായിയുമായി..
ഫകീര്‍ ഉപ്പാപ്പയുടെ ശക്തി..!
വരുന്ന വെള്ളിയാഴ്ച ഓമനയെ കിട്ടാന്‍ പ്രാര്‍ത്ഥിക്കണം.. പക്ഷെ അപ്പോഴേക്കും ഓമനയും
മോഹനനും തമ്മില്‍ പ്രേമമാണെന്ന ന്യൂസ് കിട്ടി..
രമേശനാണ് ന്യൂസ് എത്തിച്ചത്… എത്രയോ പേര്‍ ശ്രമിച്ചിട്ടും വളയാത്ത ഓമന കാണാന്‍ വല്യ
സുന്ദരനല്ലാത്ത മോഹനനെ ഇഷ്ടപ്പെട്ടു..
എന്താവും കാരണം…? മനസ്സില്‍ ആകാംക്ഷ…
”പെണ്ണിന്റെ മനസ്സ് പിടികിട്ടാന്‍ പ്രയാസാ ഉസ്മാനെ ”
അടുത്ത് കടല കൊറിച്ചു കൊണ്ടിരിക്കുകയായിരുന്ന രമേശന്‍ സ്വയമെന്ന വണ്ണം പറഞ്ഞു..
രമേശന്‍ വീണ്ടും വീണ്ടും ഞെട്ടിക്കുന്നു..!
ഇല്ല.. ഈ പ്രേമം പൊളിക്കണം… ഫകീര്‍ ഉപ്പാപ്പ തന്നെ ശരണം… രണ്ടാമത്തെ പ്രാര്‍ത്ഥനയ്ക്കായി
ദര്‍ഗയിലെത്തിയതും രമേശന്‍ ഓടി വന്നു..
”ഉസ്മാനെ .. അറിഞ്ഞോ.. മോഹനനും, ഓമനയും ഒളിച്ചോടി… പക്ഷെ വയനാട്ടീന്നു രണ്ടിനേം
പോലീസ് പൊക്കി..”
പ്രാര്‍ത്ഥന ക്യാന്‍സല്‍…..
പിടിച്ചു കൊണ്ട് വന്ന ഓമനയെ അച്ഛന്‍ മുറിയിലിട്ട് പൂട്ടി… മോഹനനെ അയാളും , ബന്ധുക്കളും
തെരുവിലിട്ട് തല്ലി … എന്നിട്ടും ഓമനയെ വിളിച്ചു കരഞ്ഞ മോഹനനെ കണ്ടപ്പോള്‍
മനസ്സിലെവിടെയോ നൊമ്പരം…
ഇതാണോ പ്രണയം..?
സത്യമുള്ള സ്‌നേഹം..?
എങ്കില്‍ ഓമനയെ മോഹനന് ലഭിക്കണം..
നാളെ ദര്‍ഗയില്‍ ചെന്ന് പ്രാര്‍ത്ഥിക്കാം..
നേരം പുലര്‍ന്നില്ല… രമേശന്‍ വീണ്ടും ഓടി വന്നു…
”ഉസ്മാനെ, രണ്ടാളും വിഷം കഴിച്ചു… മോഹനന്റെ സ്ഥിതി ഗുരുതരാന്നാ കേട്ടത്..”
കൂടുതല്‍ കേള്‍ക്കാന്‍ നിന്നില്ല.. നേരെ ദര്‍ഗയിലെക്കോടി.. ചങ്ക് പൊട്ടി പ്രാര്‍ത്ഥിച്ചു..
”യാ അല്ലാഹ്..! മഹാനായ ഫകീറുപ്പാപ്പാന്റെ മഹത്വം കൊണ്ട് മോഹനനെ രക്ഷിക്കണേ…”
മോഹനന്‍ അപകട നില തരണം ചെയ്തു..
പക്ഷെ… ഓമന മരിച്ചു..
”ഓമനയെ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത് അവിടുന്നാ..”
രമേശന്‍ ആശുപത്രി വളപ്പിലെ കുറ്റിക്കാട്ടിലുള്ള ഒറ്റ മുറി കാണിച്ചിട്ട് പറഞ്ഞു.
ആരും കാണാതെ, രമേശന്‍ പോലും അറിയാതെ മെല്ലെ ആ മുറിയിലേക്ക് വാതിലിനു വിടവിലൂടെ എത്തി നോക്കി..
ഓമനയെ ടേബിളില്‍ കിടത്തിയിരിക്കുന്നു.. പാവാടയും , ബ്ലൌസുമാണ് വേഷം..
പൂര്‍ണമാകാത്ത പ്രണയം കണ്ട പോലെ പാതി തുറന്ന കണ്ണുകള്‍……
ചമ്പക്ക നിറമുള്ള, മനോഹര പുഞ്ചിരി മറന്ന വരണ്ട ചുണ്ടുകള്‍..
പോസ്റ്റ്‌മോര്‍ട്ടം തുടങ്ങി..
ഡോക്ടറും , അയാളുടെ സഹായിയും ചേര്‍ന്ന് ഒരു മര്യാദയുമില്ലാതെ ഓമനയുടെ വസ്ത്രം നീക്കി..
ഈശ്വരാ.. നാട്ടിലെ യുവാക്കളെ നിദ്രാവിഹീനമാക്കിയ , അച്ചടക്കത്തോടെ പാവം ഓമന കൊണ്ട്
നടന്ന ആ സുന്ദര മേനി , ഇന്നിതാ നോക്കുന്ന ആര്‍ക്കും കാണാവുന്ന രൂപത്തില്‍… പൂര്‍ണ നഗ്‌നയായി…!
ഓമനയുടെ നെഞ്ചിനു നേരെ ഡോക്ടറുടെ കത്തി ചെല്ലുന്നു.. മുകള്‍ ഭാഗത്ത് നിന്നും താഴേക്കു ഒറ്റ
കീറ്.!
ആ മാറിടങ്ങള്‍ ഇരു വശത്തേക്കുമായി മാറ്റപ്പെട്ടു.. പോത്തിനെ അറക്കുന്നത് പോലെ ശരീരം
പലയിടത്തായി കീറുന്നു.. എന്തൊക്കെയോ എടുത്തു മാറ്റുന്നു.. കോരിത്തരിപ്പിച്ച സുന്ദരമേനി
ദുര്‍ഗന്ധമുള്ള മാംസക്കഷ്ണമായി മാറിയത് നൊടിയിടയില്‍
വയ്യ.. ഇനി വയ്യ
ഓടി.. ആശുപത്രിയും കടന്ന്, റോഡും കടന്ന്, പാടത്തൂടെ ഓടി.. അവസാനം
ച്ഛര്‍ദ്ധിച്ചു..വയറ്റിലുള്ളത് മുഴുവന്‍..
ലിപ്സ്റ്റിക്ക് പുരട്ടി പെണ്ണും, മസിലുരുട്ടി ആണും കൊണ്ട് നടക്കുന്നതെല്ലാം വെറും മാംസക്കട്ട!
മോഹനന്‍ നാട് വിട്ടു പോയി.. കുറെ നാള്‍ എല്ലാരും അന്വേഷിച്ചു.. പിന്നെ മറന്നു…

പൊതുശ്മശാനത്തിലെ ഓമനയുടെ കുഴിമാടത്തിനരുകില്‍ നിക്കവെ മനസ്സ് പറഞ്ഞു..
എല്ലാം മറക്കണം… മനസ്സിന്റെ മരവിപ്പ് മാറ്റണം
”എല്ലാം മറക്കണം ഉസ്മാനെ…”
രമേശനാണ്.. പതിവ് പോലെ അതും മനസ്സിന് മറുപടിയായി…
നല്ലൊരു വിസ കിട്ടി രമേശന്‍ ഗള്‍ഫിലേക്ക് പോയി…

ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷം ഉപ്പാപ്പാടെ ദര്‍ഗയില്‍ വീണ്ടും വന്നിരിക്കുകയാണ്..
ഒരു പ്രാര്‍ത്ഥന കൂടി ബാക്കിയുണ്ട്…
എന്ത് പ്രാര്‍ത്ഥിക്കണം ?
സ്വന്തമായി ഒരു വീട്…?
മൂന്നു മക്കളുടെയും നല്ല ഭാവി..?
നല്ല വരുമാനമുള്ള വേറെ എന്തെങ്കിലും ജോലി…?
അവസാനം പ്രാര്‍ത്ഥിച്ചു..
”അല്ലാഹുവേ, മഹാനായ ഉപ്പാപ്പയുടെ മഹത്വം കൊണ്ട് ഞാന്‍ എന്റെ അവസാനത്തെ പ്രാര്‍ത്ഥന
നടത്തുകയാണ്.. മോഹനന്റെ മനസ്സിന്റെ താളപ്പിഴ നീ മാറ്റണേ… ഈ കുളം മഞ്ചാടിക്കുരുവാല്‍
നിറക്കാന്‍ ഓടുന്ന ആ പാവം പ്രണയത്തെ സ്‌നേഹിക്കുന്നവര്‍ക്കെല്ലാം തീരാ
നൊമ്പരമാണ്…അതുകൊണ്ട് ഈ പ്രാര്‍ത്ഥന നീ സ്വീകരിക്കണേ…”’
ദര്‍ഗയില്‍ നിന്നും ഇറങ്ങിയിട്ടും കണ്ണീര്‍ നില്‍ക്കുന്നില്ല…
മനസ്സില്‍ എന്തൊക്കെയോ വികാരങ്ങള്‍…….
സങ്കടം?
നിരാശ?
നൊസ്റ്റാള്‍ജിയ ?
അറിയില്ല .. എന്തിനെന്നറിയാതെ മനസ്സ് തേങ്ങുന്നു.. വീര്‍പ്പു മുട്ടുന്നു..
ഈശ്വരാ.. ഇപ്പൊ ഈ സമയം ആ രമേശനുണ്ടായിരുന്നെങ്കില്‍ …
എന്റെ മനസ്സിലെന്തെന്ന് എന്നെക്കാള്‍ നന്നായി അവന്‍ പറഞ്ഞു തന്നേനെ….

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...