എം. മനോജ്കുമാർ
ഇന്ന് രാവിലെ അവന്റെ മമ്മി എന്നെ വിളിച്ചപ്പോള്‍ ആണ് ഞാന്‍ സംഗതി അറിഞ്ഞത് .ജസ്റ്റിന്‍ ജയിംസിനെ കാണാനില്ല. .മൂന്ന് ദിവസം ആയി വീട്ടില്‍ ചെന്നിട്ട് .ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ഞാന്‍ ഞങ്ങളുടെ പരിചയത്തില്‍ ഉള്ള കൂട്ടുകാരെ ഒകെ വിളിച്ചു. മുഹമ്മദ്, ശിവന്‍, വിഷ്ണു, വര്‍ഗീസ്, ഫ്രാന്‍സിസ്…….. ………ഒരു വിവരവും ഇല്ല .അവരൊക്കെ അവനെ കണ്ടിട്ട ഒരു ആഴ്ച ആയിരിക്കുന്നു.
ഞാന്‍ ബര്‍ത്തലോമ്യ .(സംശയം വേണ്ട.മലയാളി ആണ്.പക്ഷേ പപ്പാ ഇറ്റാലിയന്‍ ആണ്.അതാ ഇങ്ങനെ ഒരു പേര് .കൂടുതല്‍ വിശദീകരിക്കാന്‍ നിന്നാല്‍ പഴയ അന്താരാഷ്ട്ര പ്രണയ കഥകളൊക്കെ പൊടി തട്ടി എടുക്കേണ്ടി വരും .അത് കൊണ്ട് അങ്ങോട്ട് കടക്കുന്നില്ല).ഞാന്‍ ആണ് അവന്റെ അടുത്ത സുഹൃത്ത്.അതാണ് എന്നെ വിളിച്ചത്.പക്ഷേ അവന്‍ എവിടേ ആണെന്ന് എനിക്ക് അറിയില്ല .ഞങ്ങള്‍ അവസാനം കണ്ടത് രണ്ട് ആഴ്ച മുന്‍പ് കൊല്ലം ബീച്ചില്‍ വച്ചാണ് .ഞാന്‍ വറുത്ത കപ്പലണ്ടി ആസ്വദിച്ച് നിന്നപ്പോള്‍ അവന്‍ പുതിയതായി വേടിച്ച ക്യാമറയില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്ന ലഹരിയില്‍ ആയിരുന്നു.പോലീസുകാരുടെ അടുത്തേക്ക് ഒന്നും പോകണ്ട എന്ന് ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.കാരണം ആ സമയത്ത് അവന്റെ ഉള്ളിലെ യാഥാര്‍ത്ഥ ലഹരി കണ്ടു പിടിക്കാന്‍ ഒരു ബ്രീത്ത് അനാലിസിസും നടത്തണ്ടായിരുന്നു .ദൈവികമായ ഘ്രാണ ശക്തി മാത്രം മതിയാകും.നാലു സ്‌ട്രോങ്ങ് ബിയര്‍ അല്ലേ ഒറ്റ ഇരുപ്പിനു തീര്‍ത്തത് .
ജസ്റ്റിനെ എവിടെ വച്ച് എങ്ങനെ പരിചയപ്പെട്ടു എന്നൊന്നും എനിക്ക് ഓര്‍മയില്ല.എവിടെയോ വച്ച് എങ്ങനെയോ പരിചയപ്പെട്ടു.അവന്റെ പല സുഹൃത്തുക്കളുമായ് പിന്നീട് സംസാരിച്ചപ്പോള്‍ അവരുടെ മറുപടിയും ഇത് തന്നെ ആയിരുന്നു.
“എങ്ങനെയോ പരിചയപ്പെട്ടു”.
ചിലര്‍ പറഞ്ഞു, ‘ ചുമ്മാ അങ്ങ് പരിചയപ്പെട്ടു’
എല്ലാം സത്യം ആയിരുന്നു.കൊല്ലം ജില്ലയുടെ ഓരോ അണുവിലും അവന്‍ നിറഞ്ഞു നിന്നു.അതിശയോക്തി കലര്‍ത്തി പറയുക അല്ല.എല്ലായിടത്തും അവനു സുഹൃത്തുകള്‍ ഉണ്ടായിരുന്നു.അവരോടൊപ്പം അവന്‍ പെരുന്നാള് കൂടി,പള്ളിയില്‍ റാസക്കു പോയി,ആശ്രാമം പൂരത്തിനു നിര നിരയായി നില്ക്കുന്ന കൊമ്പന്മാരുടെ ചെവിയാട്ടം മുന്നില്‍ തന്നെ നിന്നു കണ്ടു കൊണ്ട് പഞ്ചാരി മേളം ആസ്വദിച്ചു.അവന്റെ മറ്റൊരു ലഹരി സിനിമകള്‍ ആയിരുന്നു.സിനിമകള്‍ എന്ന് വച്ചാല്‍ ‘ നല്ല സിനിമകള്‍ ‘.അത്തരം സിനിമകള്‍ അവന്‍ ആദ്യത്തെ ദിവസം ആദ്യത്തെ പ്രദര്‍ശനത്തിന് തന്നെ കണ്ടു .അഞ്ജലി മേനോന്റെ ‘മഞ്ചാടിക്കുരു’ എന്ന സിനിമ കൊല്ലത്ത് റിലീസ് ഇല്ലാത്തതിനാല്‍ തിരുവന്തപുരം വന്നാണ് അവന്‍ കണ്ടത്.ഞങ്ങള്‍ ഒരുമിച്ചു അവസാനം കണ്ട സിനിമ ‘ അന്നയും റസൂലും ‘ ആയിരുന്നു.തിരുവന്തപുരം ശ്രീ പദ്മനഭയില്‍ വച്ച്.ഞാന്‍ അത് ഒന്നാമത്തെ തവണയും അവന്‍ നാലാമത്തെ തവണയും ആയിരുന്നു.ഇതിനു വേറൊരു അനുബന്ധം കൂടി ഉണ്ട്.അന്നയും റസൂലും കൊല്ലത്ത് ആരാധനയില്‍ റിലീസ് ചെയ്ത ദിവസം.സിനിമ അവനു തലയ്ക്കു പിടിച്ചു.പകല്‍ കണ്ടത് പോരാതെ രാത്രി പ്രദര്‍ശനത്തിനും അവന്‍ കയറി.സിനിമ തീര്‍ന്നു ഇറങ്ങിയപ്പോള്‍ രാത്രി പന്ത്രണ്ടു മണി.അന്നയും റസൂലും പ്രണയിച്ചു നടന്ന വൈപ്പിന്‍ കരയും,വേമ്പനാട്ട് കായലും,ഫോര്‍ട്ട് കൊച്ചിയും അവന്റെ മനസ്സില്‍ മായാതെ കിടന്നു.സമിലൂനി സമിലൂനി എന്ന പാട്ട് ഉറക്കെ പാടിക്കൊണ്ട് അവന്‍ ചോദിച്ചു
‘ഡാ നമുക്കു നേരെ ഏറണാകുളം വിട്ടാലോ ‘.ആ സമയത്ത് അവന്റെ കൂടെ മുഹമ്മദും,ശിവനും ഉണ്ടായിരുന്നു .അടുത്ത സീനില്‍ കാണുന്നത് തിരുവനന്തപുരം ഏറണാകുളം സൂപ്പര്‍ ഫാസ്റ്റില്‍ ഇരിക്കുന്ന ജസ്റ്റിനും കൂട്ടുകാരും ആണ്.പക്ഷേ ഈ സംഭവത്തിന് വേറൊരു ട്വിസ്റ്റ് കൂടി ഉണ്ട്.ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഇബ്‌നുസീന എന്ന ഫോര്‍ട്ട് കൊച്ചിയിലെ സുന്ദരിയെ കാണാനും അതു വഴി അന്നയും റസൂലും എന്ന സിനിമ തന്റെ ജീവിതത്തിലേക്പറിച്ചു നടാനും കൂടിയുള്ള ഒരു അബോധ ശ്രമം കൂടി ആയിരുന്നു ആ യാത്ര.ഇബ്‌നുസീനയെ പറ്റി ഞാന്‍ ഒരിക്കല്‍ ചോദിച്ചപ്പോള്‍ അവന്‍ ഇങ്ങനെ പറഞ്ഞു.
” ഫേസ്ബുക്ക് വഴി എനിക്ക് ഒന്നും നഷ്ടപ്പെടാന്‍ ഇല്ല.ആകെ ഉള്ള ഒരു നേട്ടം ഇതാണ്.”
ഞങ്ങള്‍ തമ്മില്‍ കൂടുതല്‍ പരിചയത്തില്‍ ആയതു വേറെ ഒരു കൂട്ടായ്മ വഴി ആണ്.ഞങ്ങള്‍ കുറച്ചു സുഹൃത്തുകള്‍ ചേര്‍ന്ന് ഒരു സന്നദ്ധ സംഘടന രൂപീകരിച്ചു പ്രവര്‍ത്തിച്ചിരുന്നു.ജില്ല ആശുപത്രിയിലെ പാവപ്പെട്ട രോഗികള്‍ക്ക് ഒരു നേരത്തെ ഭക്ഷണം എത്തിച്ചു കൊടുക്കുന്ന ഒരു പദ്ധതി ആയിരുന്നു അത്.അതിനെ പറ്റി ഞാന്‍ അവനോടു ഒന്നും പറഞ്ഞിരുന്നില്ല.പക്ഷേ എന്റെ സുഹൃത്തുകള്‍ വഴി ഇതിനെ പറ്റി അറിഞ്ഞ അവനും കൂട്ടുകാരും ഞങ്ങള്‍ക്ക് സഹായമായി ആദ്യാവസാനം കൂടെ ഉണ്ടായിരുന്നു.ഹോട്ടലില്‍ നിന്നും പൊതി ചോറുകള്‍ എത്തിക്കുന്നതിനും വിതരണം ചെയ്യുനതിനും എല്ലാം.അതിനു ശേഷം ഞങ്ങളുടെ ബന്ധം കൂടുതല്‍ അടുത്തു.അവന്‍ മിക്കവാറും ദിവസം വിളിക്കും.ചിലപ്പോള്‍ ഫോണ്‍ വിളിയില്‍ നീണ്ട ഇടവേള വരും.ഒരു ദിവസം വിളിച്ചിട്ട് ചോദിക്കും
“ഹല്ലോ ബര്‍ത്തലോമ്യ ഭായി നിങ്ങള്‍ എവിടെ ആണ് ?”
അങ്ങനെ ധാരാളം പൊരുത്തങ്ങളും,പൊരുത്തക്കേടുകളും , നന്മകളും ഒകെ നിറഞ്ഞ ഒരു വ്യക്തിതം ആണ് ജസ്റ്റിന്‍……….,.ധാരാളം കൂട്ടുകാര്‍ ഉണ്ടെങ്കിലും അവനെ അടുത്തു അറിഞ്ഞവര്‍ ഞാന്‍ ഉള്‍പ്പടെ രണ്ടോ മൂന്നോ പേര്‍ മാത്രം. അവനെ കാണുമ്പോള്‍ ഞാന്‍ ഉറക്കെ പറയും .
“ഹേ ജസ്റ്റിന്‍ ..നീ വൈരുധ്യങ്ങളുടെ രാജകുമാരന്‍ ആകുന്നു ..പ്രിന്‍സ് ഓഫ് ഓള്‍ കോണ്ട്രടിക്ടരീസ്.” അവന്‍ അതിനു മറുപടി പറയാറില്ല .വെറുതേ ചിരിച്ചു കൊണ്ട് നില്‍ക്കും.
ഇപ്പോള്‍ അവന്‍ എവിടെ പോയ് എന്നോര്‍ത്ത് ഞാന്‍ വിഷമിക്കുന്നില്ല .ഒരു മാസം മുന്‍പ് ഒരു സംഭാഷണത്തില്‍ അലഹബാദിലെ കുംഭ മേളയെ പറ്റി അവന്‍ സംസാരിച്ചതു ഇപ്പോള്‍ ഓര്‍മ്മ വരുന്നു.എനിക്ക് ഉറപ്പാണ് .അവന്‍ ഇപ്പോള്‍ അവിടെ തന്നെ ഉണ്ടാകും.
അതിശയങ്ങളും വൈരുധ്യങ്ങളും നിറഞ്ഞ നാഗാ സന്ന്യസിമാര്‍ക്ക് ഇടയില്‍ മറ്റൊരു വൈരുദ്ധ്യമായി അവന്‍ ഉണ്ടാകും.ജസ്റ്റിന്‍ ജെയിംസ്….., വൈരുദ്ധ്യങ്ങളുടെ രാജകുമാരന്‍