എസ്.ഭാസുരചന്ദ്രൻ
സ്റ്റാർട്ടിംഗിലും ഡ്രൈവിംഗിലും ഇരപ്പും തുമ്മിയും ഇടയ്ക്കു നിന്നുപോകളും കാട്ടിത്തുടങ്ങിയ കാറോടിച്ച് ആ മനുഷ്യൻ നഗരത്തിലെ ക്ലിനിക്കിന്റെ മുറ്റത്തെത്തി ഇറങ്ങി അതിലേവന്ന നഴ്സിനോട് പറഞ്ഞു: എന്റെ കാറിനു നല്ല സുഖമില്ല, ഡോക്ടർ അകത്തുണ്ടോ? ഒരു ചീട്ടെഴുതണം.
വെള്ളസാരിക്കാരി അമ്പരന്നു. അയാളെ പകച്ചൊന്നു നോക്കിയിട്ട് അവൾ അപ്പുറത്തേക്ക് നടന്ന് അവിടെയുണ്ടായിരുന്നവരോട് എന്തോ പറഞ്ഞു. ഒരു ചിരി തുടങ്ങുകയായി. അറ്റന്ററായി തോന്നിക്കുന്നൊരു കറുമ്പൻ ഇറങ്ങി വന്നു. വല്ല വർക്ക്ഷോപ്പിലും കൊണ്ടുപോണം മിസ്റ്റർ. ഇതാശുപത്രിയാ.
ചെവിക്കുറ്റിക്ക് ഒരടി കിട്ടയതുപോലെ കണ്ണുകൾ നനഞ്ഞു വന്നു. ഈറൻ കിനിയുന്ന ഒച്ചയിൽ അയാൾ അറ്റന്ററോടു ചോദിച്ചു, ബ്രദറിന് ഫാദറുണ്ടോ?
എടോ സൂക്ഷിച്ചു സംസാരിക്കണം.
ഇയാളോടു സംസാരിച്ചിട്ടു പ്രയോജനമില്ല. നേരത്തെ സംസാരിച്ച നഴ്സ് വരുന്നുണ്ട്. സിസ്റ്റർ പറയൂ, സിസ്റ്ററുടെ വീട്ടിലാരൊക്കെയുണ്ട്?
അവർക്കിപ്പോൾ അമ്പരപ്പല്ല, തമാശയാണ്. പുഞ്ചിരിയുടെ പാത്രത്തിൽ മറുപടി വന്നു. അച്ഛൻ, അമ്മ, രണ്ടു പെങ്ങന്മാർ.
ഇവർക്കാർക്കെങ്കിലും വല്ല അസുഖം വന്നാൽ സിസ്റ്റർ വർക്ക് ഷോപ്പിലേക്കാണോ കൊണ്ടുപോകുന്നത്?
ഇപ്പോൾ കരണക്കുറ്റിക്ക് കിട്ടിയതുപോലെ നിൽക്കുന്നത് അറ്റൻഡറാണ്.
സിസ്റ്റർ വായപൊത്തി ചിരിച്ച് അപ്പുറത്തേക്ക് പോയി. അപ്പുറത്തുനിന്നും ഇപ്പുറത്തുനിന്നും ചിരി. കൂട്ടച്ചിരി.
ഒരു ചെറുപ്പക്കാരൻ ഇറങ്ങി വന്നു. കഴുത്തിൽ സ്റ്റെതസ്കോപ്പ്.
ഒരു ചിരി കവിളിനകത്തെവിടെയോ ഒളിപ്പിച്ച് ഡോക്ടർപയ്യൻ ഗൗരവത്തിൽ പറഞ്ഞു. നോക്കൂ, ഇതൊരു കൊച്ചു ക്ലിനിക്കാണ്. കോമ്പ്ലിക്കേറ്റ് കേസുകൾ എടുക്കാൻ നിവൃത്തിയില്ല. ഒരു മൂന്ന്, നാലു കിലോമീറ്ററിനപ്പുറത്ത് മൾട്ടിസ്പേഷ്യാലിറ്റി ഹോസ്പിറ്റലുണ്ട്. നേരെ ഓടിച്ച് കാഷ്വാൽറ്റിയിലേക്ക് കയറ്റുക.
ശരി. രോഗിയുമായി വന്നയാൾ പൈന്തിരിഞ്ഞ് കാറിൽ കയറി സ്റ്റാർട്ടാക്കിയിട്ട് സ്റ്റാർട്ടാവുന്നില്ല. ഒടുവിൽ ഒരുവിധം പണിയൊപ്പിച്ച് ഓടിച്ചു പുറത്തിറങ്ങിയ ഉടൻ നിന്നു പിന്നെയും കഷ്ടപ്പെട്ട് സ്റ്റാർട്ടാക്കി. വീണ്ടും നിന്നു. അങ്ങനെ പിന്നെ ഓടിക്കിടന്നും കുത്തിയിളക്കിയും കിടന്നും എഴുന്നേൽപ്പിച്ചും ഒരുവിധം മൾട്ടിസ്പേഷ്യാലിറ്റിയുടെ കാഷ്വാലിറ്റിയുടെ മുമ്പിലെത്തിച്ചു.
ക്ലിനിക്കിലെ അനുഭവം ആവർത്തിച്ചില്ല. രോഗവിവരം പറഞ്ഞത് കാഷ്വാൽറ്റിയിൽ ഗൗരവത്തിലെടുത്തു. ചൊടിയുള്ളൊരു ഡോക്ടർ ഉടൻ പുറത്തിറങ്ങി കാറിനടുത്തേക്ക് വന്നു. പഴയതാണല്ലേ, ഏതു മോഡൽ? അയാൾ പൗരാണികത മണക്കുന്ന വർഷം പറഞ്ഞു. ഡോക്ടർ സ്റ്റെതസ്കോപ്പ് ബോണറ്റിൽ വച്ച് ചെവിയോർത്തു. ഇതിന് വിട്ടു വിട്ടു പനി വരാറുണ്ടോ? ഉറക്കം എങ്ങനെ? ബി.പി? കൊളസ്ട്രോളോ, ഷുഗറോ നോക്കിയിട്ടുണ്ടോ അടുത്തിടയെങ്ങാനും? എനി ഹൗ അഡ്മിറ്റ് ചെയ്യാം. സ്വൽപം സീരിയസ്സാണ്. ചിലപ്പോ ഒരു സർജറി വേണ്ടി വരും. മേജർ വൺ. അതിന് മുമ്പ് ചില ടെസ്റ്റുകളുണ്ട്. എം.ആർ.ഐ, പിന്നെ എക്കോ അങ്ങനെ അഡ്വാൻസായി തത്ക്കാലം ഒരു ട്വന്റിഫൈവ് കൗണ്ടറിലടച്ച് രസീതുമായി അകത്തുവരൂ.
എക്സ്ക്യൂസ്മി ഡോക്ടർ, ട്വന്റിഫൈവേന്നു പറയുമ്പോ ഇരുപത്തഞ്ചുരൂപ, അല്ലേ?
നോ. ട്വന്റിഫൈവ് തൗസൻഡ്.
എന്നു പറയുമ്പോ ഇരുപത്തിയഞ്ചു കഴിഞ്ഞ് മൂന്നു പൂജ്യം?
ഷുവർ. ത്രീ സീറോസ്.
സോറി. എന്റേയിപ്പോ ഇരുപത്തിയഞ്ചു കഴിഞ്ഞ് രണ്ടു പൂജ്യം കൂടിയേ എടുക്കാൻ കാണൂ.
ഡോക്ടർ പോയിക്കഴിഞ്ഞു.
നിരാശയോടെ ഡ്രൈവിംഗ് സീറ്റിൽ കയറി പിന്നെയും സ്റ്റാർട്ടാക്കാൻ ശ്രമിച്ചു. രക്ഷപ്പെട്ടു. അധികം ദൂരെയല്ലാതെ മെഡിക്കൽ കോളേജാശുപത്രിയുണ്ടെന്നറിയാം. അവിടേക്കു വിടുക തന്നെ.
ആശ്വാസം, ശകടം ഇടങ്ങേറൊന്നും കാണിക്കുന്നില്ലിപ്പോൾ. സ്പീഡോമീറ്റർ സൂചി അറുപതിൽ നിന്ന് എഴുപതിലേക്ക് കയറവേ നാലുവീലനോട് എന്തെന്നില്ലാത്ത സ്നേഹം തോന്നുന്നു. സ്വാഭാവികം. ജീവിതത്തിൽ എന്തിനെല്ലാം സാക്ഷിയും ചങ്ങാതിയും പങ്കാളിയുമായ ശകടമാണ്. പ്രേമിച്ചവളുമൊത്ത് ചുറ്റിയടിച്ചതു, അവളെത്തന്നെ താലികെട്ടി ക്ഷേത്രത്തിൽനിന്ന് വീട്ടിലേക്ക് കൊണ്ടുവന്നത്...മധുവിധുയാത്
മെഡിക്കൽ കോളേജാശുപത്രിയിൽ മറ്റൊരനുഭവം. കാറിന്റെ കാര്യം നിൽക്കട്ടെ. നിങ്ങൾക്ക് പരിശോധന വേണ്ടിവരും. ആരാ ഒപ്പം വന്നത്? എന്റെ വണ്ടി തന്നെ. ഇപ്പോ മരുന്നുവല്ലതും കഴിക്കുന്നുണ്ടോ?
ഉണ്ട്. ഭക്ഷണം. ജീവൻ നിലനിറുത്താൻ.
അടുത്തകാലത്ത് ആരെയെങ്കിലും ആക്രമിച്ചിട്ടുണ്ടോ?
ഉണ്ട്. ഭാവനയിൽ.
ആട്ടെ, ചങ്ങലയിൽ കിടന്നിട്ടുണ്ടോ?
നിങ്ങളും ഞാനുമൊക്കെ ചങ്ങലയിലല്ലേ കിടക്കുന്നത്?
അതുശരി, നേരത്തേ ആരെയാ കൺസൾട്ട് ചെയ്തത്?
ഇടയ്ക്ക് കടലിനോട് കൺസൾട്ട് ചെയ്യാറുണ്ട്. പിന്നെ മേഘങ്ങളോടും.
ഡോക്ടർ എം.ആർ.സി വാര്യർക്ക് റഫർ ചെയ്യുകയാണ്.
അറിയാം ആളെ. മനസിന്റെ റിപ്പയറിംഗിൽ പേരെടുത്ത ഡോക്ടർ. പക്ഷേ എനിക്കിപ്പോ റിപ്പയർ ചെയ്തു കിട്ടേണ്ടത് എന്നെയല്ല. ഗുഡ്ബൈ.
കോറിഡോറിലൂടെ തിരികെ നടക്കവേ ഒരാൾ പിറകേ വേഗത്തിൽ വന്ന് കൈപിടിച്ചു നിറുത്തി.
അങ്ങേയ്ക്ക് നരയുണ്ടെങ്കിലും യുവത്വം സ്ഫുരിക്കുന്ന മുഖമുള്ള ഒരാൾ. ഞാനപ്പുറത്തിരുന്ന് എല്ലാം കേട്ടു. ഇങ്ങനെ അപ്സെറ്റാകേണ്ട കാര്യമില്ല. വണ്ടി എവിടെ കിടക്കുന്നു?
എക്സാമിൻ ചെയ്യാം. ഞാനും ചെറിയ തോതിൽ ഒരു ഡോക്ടറൊക്കെയാണേയ്!
ഡോക്ടർ ഒപ്പമെത്തി ബോണറ്റ് തുറന്ന് അവിടെതൊട്ടു, ഇവിടെ പിടിച്ച് വിശദമായി പരിശോധിച്ചു. തട്ടി, മുട്ടി, സ്ക്രൂ ഡ്രൈവർ ഡിക്കിയിൽ നിന്നെടുപ്പിച്ച് അത് ചെയ്തു, ഇതു ചെയ്തു, ചേട്ടൻ ഡ്രൈവിങ്ങ് സീറ്റിലോട്ട് കയറി ഒന്നു സ്റ്റാർട്ടാക്കി. ഒരൽപം മുന്നോട്ടോടിച്ചു. റിവേഴ്സെടുത്ത്, വീണ്ടും മുന്നോട്ടടിച്ച് ഒതുക്കി നിറുത്തി ഇറങ്ങി വന്നിട്ടു പറഞ്ഞു. ഇനി പ്രശ്നമൊന്നുമില്ല വണ്ടികൊണ്ടു പൊയ്ക്കോളൂ എന്ന്.
പിരിയാനായി ഡോക്ടർ നീട്ടിയ വലതുകരം ഇരുകൈകളിലുമെടുത്തുകൊണ്ട് അയാൾ പറഞ്ഞു, മറക്കില്ല. കാർഡിയാക് സർജനാണല്ലേ?
ആദ്യമായൊരു പുഞ്ചിരികൊണ്ടു ഡോക്ടർ അതു ശരിവച്ചു.
ഒന്നു ചോദിച്ചോട്ടെ ഡോക്ടർ, എന്റെ പെരുമാറ്റത്തിലും സംസാരത്തിലും എന്തെങ്കിലും കുഴപ്പം തോന്നിയോ?
കുഴപ്പമുണ്ട് എന്നു തോന്നും. പക്ഷേ ഇല്ല എന്നതാണ് സത്യം. അതിരിക്കട്ടെ, എന്റെ പെരുമാറ്റത്തിലെന്തെങ്കിലും...?
ഇല്ല എന്നു തോന്നും. പക്ഷേ ഉണ്ട് എന്നതാണ് വാസ്തവം.
രണ്ടു പേരും വശങ്ങൾ ചേർത്ത് തമ്മിൽ പുണർന്ന് പൊട്ടിച്ചിരിച്ചു.
ഡോക്ടർക്കും കാണുമല്ലോ ഒരു കാർ, എത്രകാലമായി ഒപ്പമുണ്ട്? എനിക്കു കാറില്ല, ബൈക്കാണുള്ളത്. ടൂവീലറിൽ യാത്രചെയ്യുന്ന എമിനന്റ് കാർഡിയാക് സർജൻ- ഭാര്യ പിണങ്ങിപ്പോയിക്കാണുമല്ലോ? ഏയ് ഇല്ല, അവളുടെയും ഇഷ്ടമാ. ശ്രീമതിക്ക് കുഴപ്പം വല്ലതുമുണ്ടോന്ന് ആരെങ്കിലും ചോദിച്ചൊ?ചോദിച്ചില്ല. കുഴപ്പമുണ്ടെന്ന കാര്യത്തിൽ ആർക്കും സംശയമില്ലല്ലോ. കുഴപ്പമില്ല എന്ന കാര്യത്തിൽ ഞങ്ങൾക്കും. വരട്ടെ, കാണാം. ഇന്നു ശനിയാഴ്ച. അവളേം രണ്ടു മക്കളേം കൂട്ടി ബൈക്കിൽ ഒരു ചുറ്റിയടിക്കലുണ്ട്.
ആ ചിത്രം മനസ്സിലേക്ക് വന്നു. തമ്മിലുരുമ്മി നീങ്ങിപ്പോകുന്ന നാലു ചിരിച്ച മുഖങ്ങൾ. മുടിയിഴകളിൽ കാറ്റ്. കൂട്ടുവരുന്നൊരു സൂര്യൻ.
മുൻ ഗ്ലാസിൽ ചന്നംപിന്നം തുള്ളികൾ വീഴുന്നു. അയാൾ സി.ഡി.പ്ലേയറിലിട്ട് പ്രിയമുള്ളൊരു ഗാനം കേൾക്കാനാഗ്രഹിച്ചു.
സി.ഡിയിൽ തൊടാതെ വൈപ്പർ ഓൺ ചെയ്ത് ആഗാനം സ്വയം പാടി നനയുന്ന വഴികളിലൂടെ സാവകാശം ഓടിച്ചു പോയി.