26 Mar 2013

ഒരു രാത്രിയും ഒരു പകളും ഒരു സന്ധ്യയും


മണർകാട്‌ ശശികുമാർ

ചവർപ്പും ഇനിപ്പും കെടിക്കും തമസ്സ്‌
വരണ്ടും നനഞ്ഞും കനയ്ക്കും മനസ്സ്‌
ഭ്രമപ്പൂട്ട്‌ മെല്ലെ തുറക്കുന്നു രോഗം
മൃതിച്ചെണ്ട ചങ്കിൽ പിരട്ടുന്നു മേളം
നഭസ്സിന്റെ ചേരിൽ കറുക്കുന്നു പുഷ്പം
നിലയ്ക്കുന്നു കാഴ്ച, തിമിരക്കുടുക്ക്‌
ഇടങ്കൺ വിഹായസ്സിൽ കാർബൺതുരുത്ത്‌
വലങ്കണ്ണിൽ പൂത്തുമ്പ മുക്കൂറ്റിമുല്ല
ഇകഴ്ത്തുന്നു മാന്ദ്യം തളർത്തുന്നതാന്ധ്യം
കരുത്തിൻ തുവർത്തിൽ വിയർപ്പിൻ സുഗന്ധം
മുളയ്ക്കുന്നു ഭൂപാളരാഗപ്രസാദം
അരിപ്പൂക്കൾ മുറ്റം തെളിക്കും പ്രഭാതം
ജലത്തിൽ മെഴുകി തിളങ്ങുന്നു പാത്രം
മഴച്ചാറ്റു പാടുന്ന മൂപ്പന്റെ മാടം
പടിക്കൽ കണിക്കൊന്ന പിച്ചിപ്പടർപ്പ്‌
വെടിക്കുന്ന മണ്ണിൽ വെയിൽപ്പാണ്ടിമേളം
കുരച്ചും മുറുമ്മിനടന്നും കിടന്നും
കിതയ്ക്കുന്നു നാവാട്ടി നായ്ക്കുട്ടി കിച്ചു
ചിതത്തീ കെടുത്തി ചിരിക്കുന്നു സ്വപ്നം
പിറക്കുന്നു സംഗീത ജീവൽപ്രമാണം
കനക്കുന്നു ചൂടിൽ മഴത്തുള്ളിപോലെ
നിറയ്ക്കുന്നു വായ്ത്താരി വാക്കിന്റെ ചൂര്‌
അലട്ടും കടച്ചോട്ടിൽ പാഠപ്പലക
നിരങ്ങുന്നു മദ്ധ്യാഹ്ന വാച്ചിന്റെ സൂചി
കടൽ കാണുവാനായ്‌ കുടുംബക്കുതിപ്പ്‌
വെറുപ്പിന്റെ സന്ധ്യയ്ക്കുമ്പിളിന്റെ ഗന്ധം
പടച്ചൂട്ടുകത്തുന്നു ഭ്രാന്തപ്പടർപ്പിൽ
പുലക്കൊള്ളിയിട്ട്‌ മടങ്ങുന്നു മേഘം
പകൽപ്പുണ്ണു കൊത്തി വലിക്കുന്നു കാക്ക
കരയ്ക്കാരവത്താൽ വെടിക്കെട്ടു നൃത്തം
മടക്കത്തിൽ ഭൈരവിത്തീ പിടിച്ച്‌
പുലർച്ചയ്ക്കു വേണ്ടി കൊതിച്ചു പോണു.





എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...