27 Apr 2013

കെട്ടഴിഞ്ഞ പുസ്തകം-


ഇന്ദിരാബാലൻ 



കെട്ടഴിഞ്ഞ പുസ്തകത്താളുകൾ
അടുക്കിപെറുക്കിവെക്കുമ്പോൾ
താളുകളിലേക്ക് അറിയാതെ
കണ്ണുകൾ വഴുതി വീണു...
തങ്കലിപികൾ കുറിച്ചിട്ട
ഏടുകളിൽ കറുത്ത തുളകൾ
പുസ്തകപ്പുഴുക്കൾ പഴുതുകൾ തിരഞ്ഞ്
ഇടവും, വലവും ഇഴഞ്ഞുനടന്നു
ക്ളാവ് പിടിച്ച മനസ്സിനെ
തേച്ചുവെളുപ്പിക്കുമ്പോൾ
തിരുത്താനാവാത്ത
അക്ഷരത്തെറ്റുകളുടെ
ഇരുട്ടു നിറഞ്ഞ ഇടനാഴികകൾ
തൂത്താലും പോകാത്ത
പുളിയുറുമ്പുകളെപ്പോലെ
ചിതറിപ്പായുന്ന
ചിന്തകൾ കടിച്ചുതൂങ്ങി......
മേഞ്ഞുനടക്കുന്ന സ്വപ്നങ്ങളെ
കുറ്റിയിൽ തളച്ചിട്ടു
പ്രതീക്ഷയുടെ വെള്ളിമേഘചാർത്തുകളിൽ
കരിമൂർഖന്മാർ......
മഞ്ഞുമലകളുരുകി
വെള്ളകീറിയപ്പോൾ
കണ്ടത്.....ദഹനക്കേടിന്റെ വാക്കിൻ കഷ്ണങ്ങൾ
അവ...ഇലത്തുമ്പിലെ മഴത്തുള്ളികളെ വറ്റിച്ചു
പകൽ വെളിച്ചത്തേയും അറുത്തുമാറ്റി
കാറ്റിലും, മഴയിലും, വെയിലിലും, മഞ്ഞിലും
ഉലയുകയും , നനയുകയും,പൊള്ളുകയും,
വരളുകയും,മരവിക്കുകയും ചെയ്തു.......
ഹൃദയഭിത്തികളിൽ വിള്ളലുകൾ വീഴ്ത്തി
മുടിയാട്ടം നടത്തി
മുൾച്ചെടികൾ മാത്രം തരുന്ന
ഈ പുസ്തകം ഇനിയൊരിക്കലും വായിക്കേണ്ടെന്ന
അന്തിമ വിധിയിൽ  
അവസാനതാളും അടച്ചുവെച്ചു.!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...