ഡീസൽ എഞ്ചിനുകളിൽ വെളിച്ചെണ്ണ ഇന്ധനമാക്കിയാൽ?


വിജയൻ ആർ.
സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്‌, നാളികേര വികസന ബോർഡ്‌, കൊച്ചി

    റുഡോൾഫ്‌ ഡീസൽ, 1900ൽ താൻ കണ്ടുപിടിച്ച ഡീസൽ എൻജിനിൽ ഇന്ധനമാക്കാൻ ഉദ്ദേശിച്ചിരുന്നത്‌ അദ്ദേഹത്തിന്റെ തന്നെ കൃഷിയിടത്തിൽ ഉത്പാദിപ്പിച്ചിരുന്ന  സസ്യയെണ്ണകളായിരുന്നു. കാരണം അന്നത്തെ പെട്രോളിയം ഉൽപന്നങ്ങളുടെ ഉയർന്ന വിലതന്നെ. ഇതു കൂടാതെ പരിസ്ഥിതി സൗഹാർദ്ദ ഗുണങ്ങളുള്ള സസ്യഎണ്ണകളുടെ വർദ്ധിച്ച വിപണന സാദ്ധ്യതയും അതിലൂടെ കർഷകരുടെ സാമ്പത്തിക ഉന്നമനവും അദ്ദേഹം മുന്നിൽ കണ്ടിരുന്നു.  പിന്നീടാണ്‌ ഗ്യാസോലീൻ നിർമ്മാണ പ്രക്രിയയിലെ ഉപോൽപന്നവും, താരതമ്യേന വിലകുറഞ്ഞതും ഇന്നു നിലവിലുള്ളതുമായ ഡീസൽ ഓയിലിന്റെ  രംഗപ്രവേശമുണ്ടായത്‌.
    ഏകദേശം 25 വർഷം മുമ്പുവരെ ഉത്​‍്പാടിപ്പിച്ചിരുന്ന ഡീസൽ എൻജിനുകളിൽ വെളിച്ചെണ്ണ നേരിട്ട്‌ ഉപയോഗിക്കാൻ പറ്റുമായിരുന്നു. അത്രയേറെ ഉറപ്പേറിയതായിരുന്നു അവയുടെ നിർമ്മാണരീതി. എന്നാൽ  ഇന്നുള്ള ഡീസൽ എഞ്ചിനുകളിൽ വെളിച്ചെണ്ണ നേരിട്ടുപയോഗിച്ചാൽ എഞ്ചിൻ നിന്നുപോകുകയും, എണ്ണ മുഴുവൻ കത്തിത്തീരാതെ എഞ്ചിനകത്ത്‌ കരി പിടിക്കുകയും ചെയ്യുന്നു. ഇന്നു ലഭ്യമാകുന്ന ഡീസലിന്റേയും 20 വർഷം മുമ്പുവരെ ലഭ്യമായിരുന്ന ഡീസലിന്റേയും ഘടനയിലും വ്യത്യാസമുണ്ട്‌. പണ്ടു ലഭിച്ചിരുന്ന ഡീസൽ ഇന്നുള്ള ഡീസൽ എഞ്ചിനുകളിൽ ഒഴിച്ചാലും വെളിച്ചെണ്ണ ഒഴിച്ചാലുണ്ടാകുന്ന ദോഷങ്ങളുണ്ടാകും. ഇന്ന്‌ ലഭ്യമായ ഡീസൽ എഞ്ചിനുകളുടെ മുഖ്യ ആകർഷണീയത അവയുടെ വർദ്ധിച്ച ഇന്ധനക്ഷമത തന്നെയാണ്‌.   
    കുറഞ്ഞുവരുന്ന ക്രൂഡോയിൽ നിക്ഷേപങ്ങളും, വരുംകാലങ്ങളിൽ പ്രതീക്ഷിക്കാവുന്ന വിലവർദ്ധനവും, അന്തരീക്ഷ മലിനീകരണവും കണക്കിലെടുത്താൽ പെട്രോളിയം ഉൽപന്നങ്ങൾക്കു പകരമായി സസ്യഎണ്ണകൾക്ക്‌ സാദ്ധ്യത വർദ്ധിക്കുന്നു. പെട്രോളിയം ഉൽപന്നങ്ങൾ കത്തുന്നതു മൂലം അന്തരീക്ഷത്തിലുണ്ടാകുന്ന കാർബണിന്റെ അളവിൽ 40 മുതൽ 60 ശതമാനം വരെ കുറവുണ്ടാകാൻ സസ്യഎണ്ണകൾ ഇന്ധനമാക്കുന്നതിലൂടെ സാധിക്കുന്നു. ഡീസൽ എഞ്ചിൻ ലൂബ്രിക്കേറ്റ്‌ ചെയ്യുവാനായി ഡീസലിനൊപ്പം ചേർക്കുന്ന വിഷകരമായ സൾഫർ കത്തുമ്പോഴുള്ള അന്തരീക്ഷ മലിനീകരണവും കുറയുന്നു. സസ്യഎണ്ണകൾ പ്രാദേശികമായി ഉത്പാദിപ്പിക്കുന്നതു മൂലം ക്രൂഡോയിൽ ഇറക്കുമതിക്കാവശ്യമായ വിദേശനാണ്യം ലാഭിക്കുവാനും, കർഷകരുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുവാനും സാധിക്കുന്നു.
ബയോഡീസൽ
    ബയോഡീസൽ നിർമ്മാണത്തിന്‌ സസ്യഎണ്ണയിൽ നിരവധി രാസവസ്തുക്കൾ ചേർത്ത്‌ വിസ്കോസിറ്റി ഡീസലിന്‌ തുല്യമാക്കി മാറ്റുന്നു. ബയോഡീസൽ  കടന്നുപോകുന്ന എഞ്ചിനുകളുടെ റബർ, പ്ലാസ്റ്റിക്‌ പാർട്ടുകൾക്കും ഫ്യുവൽ ഇൻജക്ഷൻ പമ്പുകൾക്കും കേടുവരുവാൻ സാദ്ധ്യതയുണ്ട്‌. മറ്റൊരു മാർഗ്ഗം  നിശ്ചിത ശതമാനം മണ്ണെണ്ണയോ, ഡീസലോ, പെട്രോളോ സസ്യഎണ്ണയുമായി കലർത്തി ഉപയോഗിക്കുകയാണ്‌. ഇവയെല്ലാം ഇന്നു ലഭ്യമായ ആധുനിക ഡീസൽ എഞ്ചിനുകളിൽ നേരിട്ടുപയോഗിച്ചാൽ എഞ്ചിന്റേയും ഘടകങ്ങളുടേയും പ്രവർത്തനക്ഷമതയെ കാര്യമായി ബാധിക്കും. അതു മാത്രമല്ല ഇന്നു ലഭ്യമായ ഡീസലിന്റെ ഗുണങ്ങളെല്ലാമുള്ള ബയോഡീസൽ നിർമ്മാണം വളരെ ചിലവേറിയതാണ്‌. ബയോഡീസലിനെ അപേക്ഷിച്ച്‌ വെളിച്ചെണ്ണ രാസപദാർത്ഥങ്ങൾ ചേർക്കാത്തതുമൂലം വിഷരഹിതവും, ജീർണ്ണിക്കുന്നതും, ചിലവു കുറഞ്ഞതും, വെള്ളത്തിലലിഞ്ഞാൽ കുഴപ്പമില്ലാത്തതും, പെട്ടെന്ന്‌ തീ പിടിക്കാത്തതും, പ്രാദേശികമായി ഉത്പാദിപ്പിക്കാവുന്നതും പ്രകൃതിദത്തവുമായ ഇന്ധനമാണ്‌.
ഡീസലും വെളിച്ചെണ്ണയും തമ്മിലുള്ള വ്യത്യാസങ്ങൾ
    വെളിച്ചെണ്ണ മറ്റു സസ്യഎണ്ണകളെ പോലെ തന്നെ ഡീസലിനേക്കാൾ 11 മടങ്ങുവരെ വിസ്കോസിറ്റി അഥവാ കട്ടികൂടിയ ദ്രാവകമാണ്‌. അതുപോലെ തന്നെ വെളിച്ചെണ്ണയുടേയും ഡീസലിന്റേയും ഫ്ലാഷ്‌ പോയിന്റ്‌ അഥവാ തീ പിടിക്കുന്ന താപനിലയിലും വളരെ അന്തരമുണ്ട്‌. ഡീസൽ 62 ഡിഗ്രി സെന്റീഗ്രേഡിനുമുകളിൽ ചൂടാകുമ്പോൾ തീ പിടിക്കുന്നു, വെളിച്ചെണ്ണ 200 ഡിഗ്രി സെന്റീഗ്രേഡിനു മുകളിലും, റേപ്സീഡ്‌ തുടങ്ങിയ മറ്റു സസ്യഎണ്ണകൾ 290 ഡിഗ്രി സെന്റിഗ്രേഡിനുമുകളിലും തീ പിടിക്കുന്നു. ഡീസൽ മൈനസ്‌ 9 ഡിഗ്രി സെന്റിഗ്രേഡിൽ ഘനീഭവിക്കുമ്പോൾ വെളിച്ചെണ്ണ 25 ഡിഗ്രി  സെന്റിഗ്രേഡിൽ  താഴെ ഘനീഭവിക്കുന്നു. ഈ ദോഷമുള്ളതിനാൽ അന്തരീക്ഷ താപനില കുറഞ്ഞ ഭൂപ്രദേശങ്ങളിൽ വെളിച്ചെണ്ണ ഇന്ധനമായുപയോഗിക്കുവാൻ ഇന്ധനടാങ്കും ചൂടാക്കേണ്ടതുണ്ട്‌. ഈ പറഞ്ഞ ദോഷങ്ങളെല്ലാം വെളിച്ചെണ്ണയ്ക്കുണ്ടെങ്കിലും  80 ഡിഗ്രി സെന്റിഗ്രേഡിൽ ചൂടാവുമ്പോൾ വിസ്കോസിറ്റി ഡീസലിനു തുല്യമാകുന്നു. ഈ അവസ്ഥയിൽ വെളിച്ചെണ്ണയും ഡീസൽ പോലെ തന്നെ ചൂടായ എഞ്ചിനകത്ത്‌ കത്തുന്നു. പഠനങ്ങളിലെല്ലാം തെളിയുന്നത്‌ വെളിച്ചെണ്ണ ഡീസൽ എഞ്ചിനിൽ മറ്റു സസ്യഎണ്ണകളേക്കാൾ മികച്ച രീതിയിൽ കത്തുന്നു എന്നതാണ്‌. ഇന്ധനക്ഷമതയിലും കാര്യമായ മാറ്റമൊന്നും വരുന്നില്ല എന്നതും ശ്രദ്ധേയമാണ്‌.
എസ്‌.വി.ഒ. കിറ്റുകൾ
    വെളിച്ചെണ്ണയും മറ്റു സസ്യഎണ്ണകളും ഇന്നുള്ള ആധുനിക ഡീസൽ എഞ്ചിനുകളിൽ, യന്ത്രഭാഗങ്ങൾക്ക്‌ കേടുവരാതെ ദീർഘനാൾ ഇന്ധനമായി ഉപയോഗിക്കുവാൻ എഞ്ചിന്റെ ഘടനയിൽ ചെറിയ വ്യതിയാനങ്ങൾ വരുത്തേണ്ടതുണ്ട്‌. സസ്യഎണ്ണകൾ നേരിട്ട്‌ ഡീസൽ എഞ്ചിനിൽ ഉപയോഗിക്കാവുന്ന (സ്ട്രെയിറ്റ്‌ വെജിറ്റബിൾ ഓയിൽ - എസ്‌.വി.ഒ.) ഡീസൽ കൺവെർഷൻ കിറ്റുകൾ ജർമനി, യു.എസ്‌.എ, ബ്രിട്ടൻ മുതലായ രാജ്യങ്ങളിൽ ലഭ്യമാണ്‌. ഇന്ത്യയിൽ ഇവയ്ക്ക്‌ ആവശ്യക്കാർ കുറവായതിനാൽ വിപണിയിൽ ലഭ്യമായി തുടങ്ങിയിട്ടില്ല. ഡീസൽ എഞ്ചിനുകളുടെ വിവിധ മോഡലുകൾക്കനുസൃതമായതും, ഫ്യുവൽ ഇൻജക്ടറുകൾക്ക്‌ അനുയോജ്യവുമായ കിറ്റുകൾ ഇന്ന്‌ ലഭ്യമാണ്‌. കാറുകൾ, ലോറികൾ, ജനറേറ്ററുകൾ തുടങ്ങി എല്ലാ വിധ ഉപയോഗങ്ങൾക്കും പറ്റിയ വിവിധ ഹോഴ്സ്‌ പവറിനനുയോജ്യമായ കിറ്റുകൾ ലഭ്യമാണ്‌. വിദേശ രാജ്യങ്ങളിലെല്ലാം ഹോട്ടലുകളിലും മറ്റും വറുക്കാനായി ഉപയോഗിച്ച എണ്ണകൾ വളരെ കുറഞ്ഞ വിലയിൽ ലഭ്യമാണ്‌. കിറ്റുകൾ ഘടിപ്പിച്ച വാഹനങ്ങളിലും ജനറേറ്ററുകളിലും ഇവ ഫിൽട്ടർ ചെയ്ത ശേഷം ഉപയോഗിക്കുന്നുണ്ട്‌. വേസ്റ്റ്‌ വെജിറ്റബിൾ ഓയിലിൽ ആഹാരങ്ങളുടെ അവശിഷ്ടങ്ങളും, മൃഗക്കൊഴുപ്പും മറ്റുമടങ്ങിയിരിക്കുന്നതിനാൽ എഞ്ചിൻ പരിപാലനം കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്‌.
പ്രവർത്തന രീതി
    രണ്ടു ടാങ്കുകളിലായി ഡീസലും വെളിച്ചെണ്ണയും സൂക്ഷിക്കുന്നു. ഡീസൽ ഉപയോഗിച്ച്‌ എഞ്ചിൻ സ്റ്റാർട്ടാക്കി എഞ്ചിൻ ചൂടാവുന്നതോടെ വെളിച്ചെണ്ണ ഉപയോഗിച്ച്‌ എഞ്ചിൻ പ്രവർത്തിപ്പിക്കുന്നു. എഞ്ചിൻ നിർത്തുന്നതിനു മുമ്പായി കുറച്ചുനേരം ഡീസൽ ഉപയോഗിച്ച്‌ എഞ്ചിൻ പ്രവർത്തിപ്പിച്ച ശേഷം എഞ്ചിൻ നിർത്താവുന്നതാണ്‌. അപ്പോൾ എഞ്ചിന്റെ ഉൾഭാഗത്ത്‌ സസ്യഎണ്ണ തീർത്തും മാറ്റപ്പെടുകയും അടുത്ത തവണ ഡീസലിൽ എഞ്ചിൻ സ്റ്റാർട്ട്‌ ചെയ്യുവാനായി തയ്യാറാവുകയും ചെയ്യുന്നു.
    ഫിൽട്ടർ ചെയ്ത വെളിച്ചണ്ണയാണ്‌ ഉപയോഗിക്കേണ്ടത്‌. ഓയിൽ ഫിൽട്ടറുകൾ, ഹീറ്റ്‌ എക്സ്ചേഞ്ചർ, സ്വിച്ചിങ്ങ്‌ വാല്വ്‌,  ഇന്ധനടാങ്ക്‌, ചൂടാക്കാനുള്ള ഹീറ്ററുകൾ ഘടിപ്പിച്ച ഓയിൽ ഫിൽട്ടർ, വാൽവുകൾ,  ഹോസുകൾ, ഇവയ്ക്കുള്ള ഇലക്ട്രിക്‌ സംവിധാനം, ഇവയെല്ലാം അടങ്ങിയതാണ്‌. കിറ്റുകൾ. അമ്പതിനായിരം രുപ മുതൽ മുകളിലോട്ടാണ്‌ വിദേശങ്ങളിൽ ഇവയുടെ വില.
സിങ്കിൾ ടാങ്ക്‌ എസ്‌.വി.ഒ. കിറ്റ്‌
    ഡീസൽ എഞ്ചിൻ സസ്യഎണ്ണയിൽ തന്നെ സ്റ്റാർട്ട്‌ ചെയ്ത്‌ സസ്യഎണ്ണ മാത്രം ഇന്ധനമാക്കുന്ന രീതിയിൽ പ്രവർത്തിപ്പിക്കുന്നതിനുള്ള സിങ്കിൾ ടാങ്ക്‌ എസ്‌.വി.ഒ. കിറ്റുകളും ചില നിർമ്മാതാക്കൾ ഇറക്കുന്നുണ്ട്‌. ചൂടാക്കാവുന്ന ഇന്ധനടാങ്കും, ഗ്ലോപ്ലഗ്ഗുകളും, പ്രത്യേകം നിർമ്മിച്ച ഇൻജക്ടർ പമ്പും, ഫ്യവൽ ഇൻജക്ടറും, ഇതിലുൾപ്പെടുന്നു. വില താരതമ്യേന കൂടുതലാണ്‌.
പോരായ്മകൾ
    
പുതിയ വാഹനങ്ങളിൽ എസ്‌.വി.ഒ. കിറ്റുകൾ ഘടിപ്പിച്ചാൽ വാഹനനിർമ്മാതാക്കൾ നൽകുന്ന എഞ്ചിൻ വാറണ്ടിയിൽ കുറവു വരുത്തിയേക്കാം. ഡയറക്ട്‌ ഇൻജക്ഷൻ രീതി ഉപയോഗിക്കുന്ന ഇന്നത്തെ പുതിയ ഡീസൽ എഞ്ചിനുകളിൽ വളരെ കൂടിയ ശക്തിയിലാണ്‌ ഫ്യുവൽ ഇൻജക്ഷൻ നടക്കുന്നത്‌. വിസ്കോസിറ്റി കൂടിയ സസ്യഎണ്ണകൾ 80 ഡിഗ്രിക്കു മുകളിൽ ചൂടാക്കിയാൽ മാത്രമേ ഫ്യുവൽ ഇൻജക്ഷൻ ഡീസലിനു തുല്യമായി നടക്കുകയുള്ളു.  വാഹനപരിപാലനം കൃത്യമായി നോക്കേണ്ടതുണ്ട്‌. ഇന്ത്യയിൽ ഈ കിറ്റുകൾ ഇറക്കുമതി ചെയ്യേണ്ടതുമുണ്ട്‌. കിറ്റുകൾ ഫിറ്റുചെയ്യുന്ന വിധവും മറ്റും വിശദീകരിക്കുന്ന വീഡിയോകളും മാനുവലുകളും ലഭ്യമാണെങ്കിലും ഇതു ചെയ്ത്‌ പരിചയമുള്ളവർ കുറവാണ്‌.
    വെജിറ്റബിൾ ഓയിൽ കൺവെർഷൻ കിറ്റ്‌, എസ്‌.വി.ഒ.കിറ്റ്‌ എന്നിങ്ങനെ ഇന്റർനെറ്റിൽ സെർച്ച്‌ ചെയ്താൽ എസ്‌.വി.ഒ.കിറ്റ്‌ നിർമ്മാതാക്കളുടെ വെബ്സൈറ്റുകളിലെത്താവുന്നതാണ്‌. ഇന്റർനെറ്റ്‌ ഡിസ്ക്കഷൻ ഫോറങ്ങളിൽ എസ്‌.വി.ഒ. കിറ്റുകളുടെ മേന്മകളും പോരായ്മകളും വിശദമായി വിവരിക്കുന്നുണ്ട്‌.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ