എഴുത്താശാന്‍.

സി വി പി നമ്പൂതിരി 


എഴുത്താശാന്‍ മരിച്ചെന്നു മഴ....
മരച്ചീനി,നടവഴി,നാട്ടുമാമ്പൂമണം
....

അക്ഷരങ്ങള്‍ അടിതൊട്ടു മുടിയോളം
വിയര്‍ക്കുന്നു....

ആദ്യാക്ഷരരമെഴുതിയ മണലില്‍ നിന്നൊരു പുഴ
മനസ്സിന്‍റെ മറുകരെ കൈകാട്ടി വിളിക്കുന്നു....
എഴുത്തോല പറയുന്നു എഴുത്താശാന്‍ പോയെന്ന്...
എഴുത്താണി വിതുമ്പുന്നു ഇനിയാരും വരില്ലെന്ന്...

കശുമാവ് കിതക്കുന്നു....
കാറ്റിലാരോ പുലമ്പുന്നു...
ഞാറ്റുവേല ഇടറുന്നു...
നട്ടുച്ചക്കെഴുത്താശാന്‍
നാരായ മുനകൊണ്ടെന്‍ നാവിലെന്തോ കുറിച്ചെന്നെന്‍
നിഴല്‍ നീറിപ്പുകയുന്നു.....

പലമട്ടില്‍ ജ്വലിച്ചതും
പലനേരം പിഴച്ചതും
അര്‍ഥവുമനര്‍ഥവും
അറിയാതെ കുഴഞ്ഞതും
എഴുത്താശാന്‍ തന്ന വാക്ക്
തന്ന നോക്ക്
തന്ന നോവ്‌......

ഒരു കുടുക്ക മണലില്‍ ഞാന്‍
ഇരിക്കുന്നു,നടക്കുന്നു,വി യര്‍ക്കുന്നു,
വിളിക്കുന്നു---വാക്കെന്ന വരദയെ,

ഇനിയുമാ വഴിയൊന്നു നടക്കുവാന്‍.......

പുകയായി പടരുന്നു എഴുത്താശാന്‍.....

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?