27 Apr 2013

അനാഥന്‍

അൻസണ്‍ 


മുന്‍പിലിരിക്കുന്ന ആളെ കണ്ട ഞാന്‍ ചലിക്കുവാനാവാതെ അവിടെ തന്നെ നിന്നു………
വിശ്വസിക്കുവാന്‍ കഴിയുന്നില്ല, ഇത് അദ്ദേഹം തന്നെ അല്ലെ…….പക്ഷെ എങ്ങിനെ ഇവിടെ, അതും ഈ വേഷത്തില്‍………?
‘എന്ത് പറ്റി ചേട്ടാ……..’ എന്റെ നില്പ് കണ്ടു ഭാര്യ ഓടി അടുത്തേക്ക് വന്നു.
‘നീ ഇതൊന്നു കൊടുത്തെ………..’ കൈയിലിരുന്ന പാത്രം ഭാര്യയെ ഏല്പിച്ചു ഞാന്‍ അടുത്തുണ്ടായിരുന്ന സിമന്റ് ബെഞ്ചിനരികിലേക്ക് നടന്നു.
‘ചേട്ടാ, വല്ല വയ്യായ്‌കേം……………’
‘അതൊന്നുമല്ല, നീ ഇത് കൊടുത്തിട്ട് വാ, ഞാന്‍ പറയാം’
വിശ്വാസം വരാത്തതു പോലെ അവള്‍ വീണ്ടും സംശയിച്ചു നിന്നു, പിന്നെ തിരിഞ്ഞു ഭക്ഷണം വിളമ്പിത്തുടങ്ങി.
ബഞ്ചിലിരുന്നു ഞാന്‍ വീണ്ടും ആ മനുഷ്യനെ സൂക്ഷിച്ചു നോക്കി………..ഇത് അദ്ദേഹം തന്നെയോ………?
മകളുടെ ജന്മദിനം ഞങ്ങള്‍ ആഘോഷിക്കുന്നത് എന്നും തെരുവിലെ കുട്ടികളോടും അശരണരായ വൃദ്ധരോടും ഒപ്പമായിരുന്നു.
അവര്‍ക്ക് ഒരു നേരത്തെ ആഹാരം കൊടുക്കുന്നതും അവരുടെ സന്തോഷത്തില്‍ പങ്കു ചേരുന്നതുമായിരുന്നു ഞങ്ങളുടെ സന്തോഷം………
ഇന്ന് അവളുടെ ആറാമത്തെ ജന്മദിനം ആണ്…….അങ്ങിനെയാണ് ഇന്ന് ഇവിടെ എത്തിയത്, പക്ഷെ ഇവരുടെ ഇടയില്‍ ഒരിക്കലും ഈ മുഖം പ്രതീക്ഷിച്ചില്ല……..
ഓര്‍മ്മകള്‍ വര്‍ഷങ്ങള്‍ക്ക് പുറകിലേക്ക് സഞ്ചരിച്ചു………
ഫാദര്‍ ഡാനിയേല്‍ നടത്തിയിരുന്ന സെന്റ് തോമസ് ഓര്‍ഫനേജ് …………. ആ അനാഥാലയത്തിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ കഴിഞ്ഞിരുന്ന തന്റെ ബാല്യം………ആ സമയത്താണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്.
വര്‍ഗീസ് മുതലാളി, എല്ലാവരുടെയും പ്രിയപ്പെട്ട വറീച്ചായന്‍ ……… മാസത്തില്‍ ഒരിക്കല്‍ അദ്ദേഹം അവിടെ എത്തിയിരുന്നു, ഞങ്ങള്‍ക്കുള്ള ഉടുപ്പുകളും ഭക്ഷണവും കൂടുതലും വറീച്ചായന്റെ നല്ല മനസിന്റെ ഔദാര്യമായിരുന്നു……….പഠിക്കാന്‍ മിടുക്കരായ കുട്ടികളെ അദ്ദേഹം എന്നും പ്രോത്സാഹിപ്പിച്ചിരുന്നു………അങ്ങിനെയാണ് എന്നെയും അദ്ദേഹം ശ്രദ്ധിച്ചത്………
+2വിനു ശേഷം ജോലി തേടാനിറങ്ങിയപ്പോള്‍ എന്റെ കഴിവുകള്‍ മനസിലാക്കിയ അദ്ദേഹം എന്നെ എന്ട്രന്‍സ് എഴുതാന്‍ പ്രേരിപ്പിച്ചു…………അതിനു ശേഷം എഞ്ചിനീയറിംഗ് കോളേജില്‍ ചേര്‍ന്ന എനിക്ക് അതിനുള്ള എല്ലാ സഹായങ്ങളും ചെയ്തു തന്നു, ഒപ്പം പഠനം മുടങ്ങാത രീതിയില്‍ ചെയ്യാന്‍ പറ്റിയ ഒരു ചെറിയ ജോലിയും……….അന്ന് അദ്ദേഹം ആ മനസ് കാട്ടിയിരുന്നില്ലെങ്കില്‍ ഇന്ന് എന്റെ ജീവിതം എന്താകുമായിരുന്നെന്നു ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്…………
കോടീശ്വരനായ വറീച്ചായന് അനാഥരായ കുട്ടികളോട് എന്ത് കൊണ്ടാണ് ഈ വാത്സല്യം എന്ന് അന്നൊക്കെ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്………..ഒരിക്കല്‍ അത് ചോദിക്കുകയും ചെയ്തു. ‘സമ്പത്ത് കാലത്ത് തൈ പത്തു വച്ചാല്‍ ആപത്തു കാലത്ത് കാ പത്തു തിന്നാം എന്നല്ലേ മോനെ…….ഇന്ന് എനിക്ക് പണമുണ്ട്, നാളത്തെ എന്റെ അവസ്ഥ എന്താണെന്നു ആര്‍ക്കറിയാം……….വഴീലു കിടന്നു മരിക്കേണ്ടി വന്നാല്‍, ഞാന്‍ ഇന്ന് സഹായിക്കുന്ന ആരേലും അന്ന് ചിലപ്പോ ഒരിറ്റു വെള്ളമെങ്കിലും തന്നാലോ…………..’ അതും പറഞ്ഞു അന്ന് അദ്ദേഹം പൊട്ടിച്ചിരിച്ചു.
ആ വറീച്ചായനെ ആണോ ഞാന്‍ ഇപ്പോള്‍ കണ്ടത്………..കണ്ണുകള്‍ എന്നെ വന്ചിക്കുകയാണോ………ക്ഷീണിച്ചു കവിളുകള്‍ ഒട്ടി, മുഷിഞ്ഞൂ കീറിയ ഉടുപ്പുമിട്ടു ഭിക്ഷാടകരെ പോലെ തോന്നിക്കുന്ന രൂപം……….പക്ഷെ എങ്ങിനെ എവിടെ വച്ച് കണ്ടാലും ആ ദൈവത്തെ തനിക്കു മനസിലാകും……….എന്നാലും ഇത്
പഠനം പൂര്‍ത്തിയാക്കി ഫാദറിനെ കാണാനെത്തിയപ്പോള്‍ അന്വേഷിച്ചിരുന്നു……….വറീച്ചായനെപ്പറ്റി, കാരണം അതിനും ഒരു വര്ഷം മുന്‍പു തന്നെ അദ്ദേഹവുമായുള്ള കോണ്ടാക്റ്റ് നിലച്ചിരുന്നു………..അന്ന് ഫാദര്‍ പറഞ്ഞത് അദ്ധേഹത്തിന്റെ ഭാര്യ മരിച്ചതോടു കൂടി ഇവിടെയുള്ള എല്ലാം വിറ്റ് അദ്ദേഹം മകന്റെ ഒപ്പം അമേരിക്കക്ക് പോയെന്നായിരുന്നു……..അപ്പോള്‍ പിന്നെ ഇത്, ഞാനീ കാണുന്നത്……….ഇത് അദ്ദേഹം തന്നെ ആണോ……..?
അപ്പോഴേക്കും എല്ലാവര്ക്കും ഭക്ഷണം നല്‍കിയ ശേഷം ഭാര്യ അരികിലെത്തി….
‘എന്താ ചേട്ടാ, എന്താ പ്രശ്‌നം……….?’
‘അത് വറീച്ചായന്‍ ആണോന്നൊരു സംശയം………’
അനാഥനായ എന്നെ വിവാഹം കഴിക്കാന്‍ സമ്മതിച്ച അവളോട് എല്ലാ കഥകളും ഞാന്‍ പറഞ്ഞിരുന്നത് കൊണ്ട് അവള്‍ക്ക് ആളെ മനസിലാകാന്‍ പ്രയാസമുണ്ടായില്ല
‘അതെങ്ങിനെ? വറീച്ചായന് എങ്ങിനെ ഈ കൂട്ടത്തില്‍ വരാന്‍…………അമേരിക്കയില്‍ ആണെന്നല്ലേ ചേട്ടന്‍ പറഞ്ഞത് ?’
‘അതെ……….അത് തന്നെയാ എനിക്കും മനസിലാകാത്തത്’
‘വാ, നമുക്ക് ചോദിക്കാം’ അവള്‍ എന്നെയും വിളിച്ചു കൊണ്ട് ഭക്ഷണം കഴിച്ച ശേഷം പോകാന്‍ തുടങ്ങുകയായിരുന്ന അദ്ധേഹത്തിന്റെ അടുത്തേക്ക് നടന്നു.
‘വര്‍ഗീസ് മുതലാളി……………’ ഞാന്‍ പകുതി സംശയത്തോടെ വിളിച്ചു….
തിരിഞ്ഞു നിന്ന അദ്ദേഹം എന്റെ മുഖത്തേക്കൊന്നു നോക്കി, ആ കണ്ണുകള്‍ നിറഞ്ഞൊഴുകി………..പിന്നെ പൊട്ടിച്ചിരിച്ചു……..
‘ഹഹഹ………എന്റെ ഈ കോലം കണ്ടിട്ട് മുതലാളീന്നോ, മോന്‍ ഏതാ……..മനസിലായില്ലല്ലോ’
പതിനഞ്ചു വര്‍ഷങ്ങള്‍ക് ശേഷം എന്നെ കാണുന്ന അദ്ദേഹത്തിനു എങ്ങിനെ മനസിലാകാന്‍………..
‘ഞാന്‍ സതീശന്‍, സെന്റ് തോമസ് ഒര്‍ഫനേജിലെ……………. വറീച്ചായനല്ലേ, ഇതെന്താ ഇവിടെ, ഇങ്ങിനെ………..’ എന്റെ വാക്കുകള്‍ ഇടറി
‘സതീശന്‍……….’ ഓര്‍മകളില്‍ പരതിയ അദ്ധേഹത്തിന്റെ കണ്ണുകള്‍ വിടര്‍ന്നു ……….’നീ ആകെ അങ്ങ് മാറിപ്പോയല്ലോട മോനെ ‘
‘എന്താ ഇത് വറീച്ചായാ………..എന്താണ് സംഭവിച്ചത്?’
‘വിധി……….’ അദ്ധേഹത്തിന്റെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു ‘വിദേശിയായ ഭാര്യയോടൊപ്പം കഴിയുന്ന മകന് എന്റെ സ്വത്തിനോടായിരുന്നു എന്നേക്കാള്‍ പ്രിയം……..അതിനായി നല്ല വാക്കുകള്‍ പറഞ്ഞു നാട്ടിലുള്ള എല്ലാം വില്പ്പിച്ച്ചു, അവന്റെ കൂടെ അമേരിക്കയില്‍ താമസം തുടങ്ങിയപ്പോളാണ് അറിഞ്ഞത് അവനു വേണ്ടത് ഒരു അച്ഛനെ ആയിരുന്നില്ല, ജോലിക്കാരനെ ആയിരുന്നെന്നു……….അവസാനം ആരോഗ്യം നശിച്ചപ്പോള്‍ ഞാന്‍ അവനു ഒരു അധികപ്പറ്റായി………….തിരികെ നാട്ടിലെത്തിച്ചു ഒരു ശരണാലയത്തിലാക്കി, ബാധ്യത കൂടുതലായപ്പോള്‍ ശരണാലയം പൂട്ടി……..പ്രതാപത്തോടെ ജീവിച്ചിരുന്ന നാട്ടിലേക്ക് തിരികെ പോകാന്‍ മടി തോന്നി, ഇവിടെ ഓരോ ചെറിയ ജോലികള്‍ ചെയ്തു ജീവിച്ചു പോകുന്നു’
‘ഇത് നിന്റെ ഭാര്യ ആണോ…………’
‘അതെ………’ എന്റെ മനസ്സില്‍ പല വിധ വികാരങ്ങള്‍ മിന്നി മറഞ്ഞു, ഭാര്യയുടെ മുഖത്തേക്ക് നോക്കിയ എന്റെ മുഖം അവള്‍ വായിച്ചെടുത്തു, സമ്മതം എന്നറിയിച്ചു കൊണ്ട് അവളുടെ മുഖത്ത് വിടര്‍ന്ന ചിരി മതിയായിരുന്നു എന്റെ മനസ് നിറയാന്‍………
‘എന്റെ കൂടെ വരാമോ……….’എന്റെ ചോദ്യം കേട്ട അദ്ദേഹം എന്റെ മുഖത്തേക്ക് വിശ്വാസം വരാത്ത പോലെ നോക്കി
‘ജോലിക്കരനായിട്ടല്ല…………എന്റെ, എന്റെ അച്ഛനായിട്ട്’ വിറയ്ക്കുന്ന ശബ്ദത്തോടെ ഞാന്‍ ചോദിച്ചു ‘ഒരു അച്ഛന്റെ സ്‌നേഹം എനിക്കും അനുഭവിക്കണം……….’
‘ആരാ അമ്മെ ഇത്………….’ കൂട്ടുകാരോടൊപ്പം കളിച്ചു കൊണ്ടിരുന്ന മകള്‍ ഓടി അടുത്തേക്ക് വന്നു.
‘മോളുടെ മുത്തശ്ശനാ……’ ഭാര്യയുടെ മറുപടി എന്റെയും അദ്ധേഹത്തിന്റെയും മനസില്‍ ഒരു കുളിരായി പെയ്തിറങ്ങി
‘അതെ………..മോളുടെ മുത്തശ്ശന്‍’ അതും പറഞ്ഞു അദ്ദേഹം മോളെ വാരിയെടുത്തു കൊണ്ട് നടന്നു.
അദ്ദേഹത്തെ അനുഗമിക്കുമ്പൊല് ഇത്രയും നാള്‍ ഇല്ലാതിരുന്ന എന്തോ ഒന്ന് മനസ്സില്‍ സന്തോഷമായി നിറഞ്ഞു ………..’അച്ഛന്‍……..’ ചുണ്ടുകള്‍ പതിയെ മന്ത്രിച്ചപ്പോള്‍ ഭാര്യ എന്റെ തോളിലേക്ക് തല ചായ്ച്ചു അവളുടെ സന്തോഷം അറിയിച്ചു.
നഷ്ടപ്പെട്ട സിംഹാസനം തിരിച്ചു കിട്ടിയ രാജാവിനെ പോലെ മോളെയും എടുത്തു കൊണ്ട് നടക്കുന്ന അദ്ദേഹത്തെ കണ്ടപ്പോള്‍ പണ്ട് അദ്ദേഹം പറഞ്ഞ വാക്കുകള്‍ മനസ്സില്‍ എത്തി
‘സമ്പത്ത് കാലത്ത് തൈ പത്തു വച്ചാല്‍ ആപത്തു കാലത്ത് കാ പത്തു തിന്നാം………..’

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...