ഗീത മുന്നൂർക്കോട്
എന്റെ സൂര്യൻ
എന്നെ വെറുതെ കുറ്റപ്പെടുത്തുന്നു…
അടുത്തും
ചിലപ്പോൾ അകന്നുമുള്ള
ഭ്രമണപഥങ്ങളിൽ
അപഥയാത്രികരെ
ഏറെ ഗൗനിക്കുന്നതിനാലത്രേ
വെയിൽച്ചൂടിലെന്നെ
പൊള്ളിക്കുന്നതും
തണുപ്പിച്ചിരുട്ടാക്കിയ
മഴക്കോളിലെന്നെ
ഉലച്ചു നനക്കുന്നതും
ആർത്തിരമ്പുന്ന
സങ്കടക്കടലിൽ
വെള്ളപ്പാച്ചിലാക്കി
ഒഴുക്കുന്നതും
ശീതക്കാറ്റിലുലച്ചെന്നെ
വിറപ്പിക്കുന്നതും…
ഇതറിയുന്നു ഞാൻ -
എന്റെ
അച്ചുതണ്ടൂരുന്നു
എന്റെ സൂര്യനു ചുറ്റും മാത്രം
ഇനിയുള്ള ഭ്രമണം
വൃത്തപഥത്തിൽ
കണ്ണുകളിലവനെ മാത്രം
സാന്ദ്രീകരിച്ച്….
വഴികളിൽ
നുഴഞ്ഞുകയറ്റക്കാരകലുന്നു
ഇരുട്ടും ശൈത്യവും
മറയുന്നു
മഴപ്പെയ്ത്തുകളില്ലാതെ
വെയിൽപ്പൊള്ളലേൽക്കാതെ
എല്ലാമൊഴിഞ്ഞ്….
പരസ്പരമുരിയാടതെ
തൊട്ടുതീണ്ടാതെ
നഷ്ടപരിണാമങ്ങളിലുരുകി
നിശ്ചലതയുടെ മടുപ്പോടെ
ഇന്നും ഞാൻ
സൂര്യനെ വലം വച്ചുകൊണ്ട്…!!