25 May 2013

വിശുദ്ധമായ ചില വ്യാകരണപ്പിശകുകൾ


                       

തോമസ്‌ പി.കൊടിയൻ
                           
"എന്തോരം ആൾവോളാ നുമ്മട ഇമ്മട്ടിക്കൊച്ചിനെ കാണാംവ്വന്നേക്കണേ?" അച്ചുനായരുടെ കണ്ണുകളിൽ അതിശയം.
   "മുണ്ടാണ്ടിരീട ചെമ്മാനേ. നവോമിയമ്മ എന്തൂട്ടാ പറഞ്ഞേ? ഒച്ചേം ബഹളോം ഒന്നും ഒണ്ടാക്കാണ്ട്‌ നല്ല കുട്ട്യോളായിട്ടു നിക്കണംന്നല്ലേ?" ഇക്കുറു സ്വരമടക്കി ശാസിച്ചു. ചെമ്മാണെന്നു വിളിച്ചതിലും ശാസിച്ചതിലുമൊന്നും കാലുഷ്യമേതുമില്ലാതെ പൂർവ്വജന്മത്തിൽ 'അച്ച്വായർ' എന്നു വിളിപ്പേരുണ്ടായിരുന്ന അച്ചുനായർ എന്ന ഇപ്പോഴത്തെ ചെമ്മാൻ നിഷ്കളങ്കതയോടെ തലകുലുക്കി. അച്ചുനായരെ ചെമ്മാനും മറന്നു കഴിഞ്ഞിരുന്നു.
    ആരാണ്‌ അച്ചുനായരെ ചെമ്മാനാക്കിയതെന്ന്‌ ആർക്കും വ്യക്തമായോർമ്മയില്ല.  പയസ്ഗാർഡൻസിലെ അന്തേവാസികളിൽ പലർക്കും അവരുടെ പൂർവ്വാശ്രമം മുഴുവൻ മറന്നു പോകത്തക്കവിധം കൃത്യമായ പേരുകളിട്ടതാരാണെന്നും ആർക്കുമറിയില്ല. പയസ്ഗാർഡൻസിലെ ചുറ്റുമതിലുകൾക്കുള്ളിൽ നിന്നും പുറംകാഴ്ചകളിലേയ്ക്കെത്തി നോക്കുന്ന കടലാസു പൂക്കളുടെ വർണ്ണക്കാവടികൾ താണ്ടി, വളർന്നു നിൽക്കുന്ന മുഗ്ധപ്രണയിനിയായ പൂന്തോട്ടത്തിനപ്പുറത്തെ നാലകത്തിനുള്ളിൽ പേരുകൾ പ്രകൃത്യാ അങ്ങിനെ സംഭവിച്ചുകൊണ്ടിരുന്നു. വേനലിനിടയിലെ മഴയിൽക്കിളുർക്കുന്ന പുതുമുളകൾ പോലെ - വളരെ നേരത്തേ തന്നെ അതവിടെ ഉണ്ടായിരുന്നു; മഴ വന്നുവിളിച്ചു. ബീജം മുളച്ചു. അതുപോലെ തന്നെ പെരുവഴികളിൽനിന്നും ആരൊക്കെയോ അവിടെ വന്നു. നവാഗതരുടെ പെരുമാറ്റവൈചിത്രങ്ങളും സാഹചര്യങ്ങളും നോക്കി പയസ്ഗാർഡൻസിലെ 'ആദിവാസികൾ' അവർക്കു ചില പേരുകളിട്ടു. അഥവാ ആ പേരുകൾ അവരെക്കാത്ത്‌ അവിടെ അജ്ഞാതമായി കഴിഞ്ഞുകൂടുകയായിരുന്നു. അവർ വന്നു; പേരുകൾ ഉണർന്നു. മറ്റുള്ളവർ അവരെ വിളിച്ചു - 'ഇമ്മട്ടി, ഇക്കുറു, മറവൻ, ചീക്കു, ചെമ്മാൻ, സോയ, മണിച്ചി, എച്ചിയമ്മ.....'. പൂർവ്വജന്മനാമങ്ങൾ മറന്നുതുടങ്ങിയ പലരും അവരുടെ പുതിയ പേരുകളിൽ സന്തോഷം കൊള്ളുകയും അഭിമാനം കൊള്ളുകയും ചെയ്തു!
    നയോമി സിസ്റ്ററുടെ സഹായികൾ കാവിവസ്ത്രധാരികളായ അച്ചൻമാരുടെ കാര്യവും അതു തന്നെ. ആശ്രമത്തിലെ അന്തേവാസികൾക്ക്‌, അതിലെ പൊക്കം കുറഞ്ഞ അച്ചൻ 'ദാവീദും' പൊക്കവും തടിയുമുള്ള അച്ചൻ 'ഗോല്യാത്തു'മാണ്‌. നയോമിസിസ്റ്റർ അവർക്കു നയോമിയമ്മയാണ്‌. അവരുടെ ആ വിളികൾ കേട്ടു കേട്ട്‌ മുപ്പത്തഞ്ചുകാരിയായ സിസ്റ്റർ അറിയാതെ തന്നെ അമ്മയായിത്തീർന്നു. പതിനെട്ടു പേരുടെ അമ്മ! അവരേക്കാൾ ഇരുപതു വയസ്സു മൂപ്പുള്ള എച്ചിയമ്മ എന്ന ലക്ഷ്മിയമ്മയുടെ വരെ അമ്മ. എല്ലാവരേയും അവർ 'മക്കളേ' എന്നു വിളിച്ചു. എച്ചിയമ്മ   ഉൾപ്പടെ എല്ലാവരും 'എന്തോ' എന്നു വിളിയും കേട്ടു.
   ആ വിളികേൾക്കലുകളിൽ നയോമിയമ്മയുടെ വന്ധ്യമായിരുന്ന മുലകളിൽ മാതൃത്വം വിങ്ങുകയും  ഗർഭപാത്രം അതിന്റെ ജന്മസാഫല്യം നേടിയ സാന്ത്വനമറിയുകയും ചെയ്തു. അവരുടെ ഹൃദയം നിറഞ്ഞു  സ്നേഹാമൃതമൊഴുകി അവരുടെ മക്കളിൽ നിറഞ്ഞു. തനിക്കു ചുറ്റുമുള്ള പതിനെട്ടുപേർ തന്റെ മക്കളാണെന്നും അവർ ഓരോരുത്തരും ക്രിസ്തുമാരാണെന്നും  താൻ അവരുടെ അമ്മയായ കന്യകാമറിയം ആണെന്നും  ആ അമ്മ വിശ്വസിച്ചു.
   സന്ധ്യാ പ്രാർത്ഥനകൾക്കൊടുവിൽ കന്യകാമറിയം വിളിച്ചു. "മക്കളേ.."
   ജാതിമതഭേദമില്ലാതെ, പ്രായവ്യത്യാസമില്ലാതെ പതിനെട്ടുപേരും വിളികേട്ടു. "എന്തോ"
   "ക്രിസ്തുമക്കളേ"           
                 
   "എന്തോ"                                                                                                                    
   "ക്രിസ്തുക്കളേ"
   "എന്തോ"
   അവർ ക്രിസ്തുക്കൾ ആയതുകൊണ്ട്‌ കന്യകാമറിയം അവരെ കഠിനമായി സ്നേഹിക്കുകയും തെറ്റുകൾ കാണുമ്പോൾ സൗമ്യമായി കലഹിക്കുകയും, ക്രിസ്തുവായിരുന്നെങ്കിൽ അങ്ങനെ ചെയ്യുകയില്ലായിരുന്നൂവേന്നു പറയുകയും ചെയ്തു. അപ്പോൾ അവർ വന്ന്‌ ആ അമ്മയുടെ കണ്ണുകൾ തുടയ്ക്കുകയും മാപ്പിറക്കുകയും ചെയ്തു.  
   ഇന്നു പക്ഷെ, നയോമി സിസ്റ്റർക്കു കണ്ണുനീർ തോരാതെ പെയ്യുന്ന ദിവസമാണ്‌. ഇന്നവിടെ വ്യാകുലതയുടെ ഗത്സെമനിയ വിരുന്നു വന്നു. സിസ്റ്ററുടെ ക്രിസ്തുമാരിൽ ഒരാൾ പോയി.
   പയസ്‌ ഗാർഡൻസ്‌ അതിന്റെ ഇരുപതു വർഷത്തെ ചരിത്രത്തിനിടയിലാദ്യമായൊരു മരണത്തിന്റെ നഖമുനകളിൽ കിടന്നു പിടയുകയായിരുന്നു. ഇന്നലെ രാത്രി ദൈവം പയസ്‌ ഗാർഡൻസിലെ പൂന്തോട്ടത്തിൽ സന്ദർശനത്തിനു വന്നപ്പോൾ ഏറ്റവും സുരഭിലമായൊരു പൂവു കണ്ടു വല്ലാതെ ഇഷ്ടപ്പെട്ട്‌ അതിറുത്തെടുത്തു കൊണ്ടു  മടങ്ങിപ്പോയി....
   ഇമ്മട്ടി എന്ന പേരിലറിയപ്പെട്ടിരുന്ന സെബാസ്റ്റ്യന്റെ ഹൃദയം  നിലച്ചു പോയി....
   ദൈവത്തിന്റെ  ഒരു കൗതുകം പയസ്‌ ഗാർഡൻസിൽ ഒരു മരണമായി. അവിടെ മരണം മെഴുകുതിരി വെളിച്ചമായി നിറഞ്ഞു. ചന്ദനത്തിരിയുടെ ഗന്ധവും പുകയുമായി ഒഴുകി നടന്നു.
   'ഇന്നലെയുള്ളോനിന്നിവിടില്ല ഇനി വരികില്ലാ യാത്രക്കാരാ, മുന്നിലതാ നിൻ കബറിടമല്ലോ' എന്നപാട്ടിന്റെ നേർത്ത ഈണമായും നയോമിയമ്മയുടെയും എച്ചിയമ്മയുടേയും, പിന്നെ, ഓർമ്മകൾ തിരികെ വന്നിട്ടും വേണ്ടപ്പെട്ടവർ വന്നു കൂട്ടിക്കൊണ്ടു പോകാത്ത മറ്റു ചിലരുടെ തേങ്ങലുകളായും പയസ്‌ ഗാർഡൻസിലൂടെ മരണം പ്രാഞ്ചി പ്രാഞ്ചി നടന്നു. വെള്ളിക്കുരിശിലെ കുഞ്ഞുമണികൾ ഇടയ്ക്കിടെ കാറ്റുമായി ഏറ്റുമുട്ടി.
   മരണത്തിനു വെളിച്ചമുണ്ട്‌, ഗന്ധമുണ്ട്‌, ശബ്ദമുണ്ട്‌....
   മരണത്തിന്റെ ഭയങ്കരത തിരിച്ചറിയാനാവാത്ത ലോപ്പസ്‌, ഇക്കുറു മുതൽപ്പേർ ഒരു കൗതുകം പൂണ്ട ഭയത്തോടെ അടുത്തും അകന്നും നിന്നു കാഴ്ചകൾ കാണുകയാണ്‌.
   ലക്ഷ്മിയമ്മയും നയോമിസിസ്റ്ററും മറ്റു പലരും സെബാസ്റ്റ്യനരുകിലിരിക്കുകയായിരുന്നു. സെബാസ്റ്റ്യൻ പൂക്കൾക്കിടയിൽ മരണത്തിനു പ്രിയപ്പെട്ടവനായിത്തീർന്നതിന്റെ സന്തോഷത്തിൽ സ്മേരവദനനായി പ്രകാശിച്ചു കിടന്നു. നയോമിസിസ്റ്റർ ഉരുകുന്ന മെഴുകുതിരിയായി. അവരുടെ മനസ്സിലൂടെ പയസ്സ്‌ ഗാർഡൻസ്‌ ആരംഭിച്ചപ്പോൾ ആദ്യം വന്ന സെബാസ്റ്റ്യനെന്ന മനോരോഗിയിൽ നിന്നും, രോഗവിമുക്തനായപ്പോഴേയ്ക്കും ആർക്കും വേണ്ടാത്തവനായി, ഇമ്മട്ടിയെന്ന കളിപ്പേരുകാരനായിപ്പോയ ആ നല്ല ചെറുപ്പക്കാരന്റെ ഒടുവിലെ വാക്കുകളിലും ഡയറിക്കുറിപ്പുകളിലും പേർത്തും പേർത്തും അശാന്തമായി സഞ്ചരിച്ചുകൊണ്ടിരുന്നു.
   "നയോമിയമ്മ എന്നെ പറഞ്ഞുവിടല്ലേ. ഭൂഗോളത്തിൽ നിങ്ങളൊക്കെയല്ലാതെ എനിക്കിനി ആരുണ്ട്‌? ഈ മതിലിനു പുറത്തുപോയാലെനിക്കൊന്നുമറിയില്ല. വീട്ടുകാർക്കു പോലും വേണ്ടാത്തവനെ നാട്ടിലാർക്കെങ്കിലും ആവശ്യമുണ്ടാവുമോ? ഭ്രാന്തന്റെ സഹോദരങ്ങൾക്കു നല്ല നല്ല ബന്ധങ്ങൾ കിട്ടട്ടെ. തറവാടിന്റെ ചരിത്രത്തിൽ നിന്നും ഒരു ഭ്രാന്തൻ മാഞ്ഞു പോവട്ടെ. ഇവിടെ നിങ്ങളെയൊക്കെപ്പോലെ മറ്റുള്ളവരെ ശുശ്രൂഷിച്ച്‌ ഞാൻ ഇനിയുള്ള കാലം ഇവിടെ കഴിഞ്ഞോളാം" അവൻ യാചിച്ചു.
   'എല്ലാ ജീവജാലങ്ങൾക്കും നിയതമായ ജീവിതപ്പാതകളുണ്ട്‌. പക്ഷികൾക്കുള്ള ആകാശത്തിനും അതിരുകളുണ്ട്‌. മഴവില്ല്‌ പ്രണയാതുരതയോടെ വിളിച്ചപ്പോൾ അതിന്റെ കാന്തിയിൽ മയങ്ങി അതിരുകൾ താണ്ടിപ്പോയ മണ്ടൻ പക്ഷിയുടെ മുതുക്‌ മഴവില്ലിന്റെ മുന കൊണ്ടു കീറിപ്പിളർന്നപ്പോഴല്ല അവൻ കരഞ്ഞത്‌. മുറിവായിൽ നിന്നിറ്റുന്ന ചോര കണ്ടു കളിയാക്കിച്ചിരിച്ച മഴവില്ലിന്റെ കരുണയില്ലായ്മ തിരിച്ചറിഞ്ഞപ്പോഴാണ്‌..' ഇസബെല്ലുമായി പിരിഞ്ഞതിന്റെ ഓർമ്മകളിൽ അവന്റെ ഡയറി പറഞ്ഞ കാര്യങ്ങൾ....
   ഇപ്പോഴിതാ അവന്റെ ആളുകൾ! പയസ്‌ ഗാർഡൻസ്‌ നിറയെ അവന്റെ ആളുകൾ!  ഇന്നു മുതൽ അവരുടെ ഭൂമിയിലൊരു മനോരോഗിയില്ല. അവരുടെ ജീവിത വ്യാപാരങ്ങൾക്കിടയിൽ നിന്നും അവനെന്ന ബന്ധനം നീങ്ങിയിരിക്കുന്നു. ജീവിച്ചിരിക്കുന്ന അവരുടെ അവിവാഹിതരായ മക്കൾക്ക്‌ മനോരോഗപശ്ചാത്തലമുള്ള കുടുംബമെന്ന അവമതിയിൽ നിന്നും രക്ഷകിട്ടിയിരിക്കുന്നു. അതുകൊണ്ട്‌ അവനിപ്പോൾ ഒരുപാടു ബന്ധങ്ങൾ. ധാരാളം ആളുകൾ....ഇടി വെട്ടിയപ്പോൾ  മുളച്ച കൂണുകൾ...അവൻ മരിച്ചതുകൊണ്ട്‌ അവർക്ക്‌ അവന്റെ പേർ ഇനിമേൽ അവരുടെ വീടുകളിൽ വിവാഹാലോചനകളുമായി വരുന്നവരോടു പറയേണ്ട കാര്യമില്ല. അവർക്കിനി ധൈര്യമായി വിവാഹാലോചനകൾ നടത്താം. അവർക്കിനിമേൽ പയസ്‌ ഗാർഡൻസിൽ വരേണ്ട കാര്യമില്ല. അവരിന്ന്‌ പയസ്ഗാർഡൻസും സെബാസ്റ്റ്യനും അവരും തമ്മിലുള്ള ബന്ധങ്ങളുടെ അടയാളങ്ങൾ മായ്ച്ചുകളയും. മരണത്തിനു നൈമിഷിക നേരത്തേയ്ക്ക്‌ ബന്ധങ്ങളെ ഉൽപ്പാദിപ്പിക്കാൻ ശേഷിയുണ്ട്‌. മരണം ഒരു ഫാക്ടറിയാണ്‌.....
   ഇക്കൂടെ അവന്റെ ഇസബെൽ ഉണ്ടാവുമോ? ഒരൊറ്റ മനുഷ്യജന്മത്തിലെ ഭഗ്നപ്രണയത്തിന്റെ മുൾക്കിരീടമണിഞ്ഞ്‌ മരണത്തിന്റെ ഗോൽഗോഥയോളം ചോരയൊലിപ്പിച്ച്‌ ഭ്രാന്തമായലഞ്ഞ തന്റെ പ്രണയിയെ ഓർത്ത്‌ അവൾ കരയുന്നുണ്ടാവുമോ?
  "ഇമ്മട്ടിയ്ക്കിത്രേം ആൾവോളുണ്ടായിട്ടാർന്നോ നമ്മടെടേല്‌ അനാഥനപ്പോല...." എച്ചിയമ്മ അടക്കം പറഞ്ഞു കരഞ്ഞു.
   വിരാമമില്ലാത്ത രംഗങ്ങളില്ലല്ലോ? സെബാസ്റ്റ്യനു യാത്ര പുറപ്പെടേണ്ട നേരമായി. ആമ്പുലൻസിൽ അവനെക്കയറ്റുമ്പോൾ ആകാശം മഴക്കാറു കൊണ്ടു മൂടിയിരുന്നു.ആമ്പുലൻസിൽ നയോമിസിസ്റ്ററും മറ്റു സിസ്റ്റർമാരും ലക്ഷ്മിയമ്മയും അച്ചൻമാരും വേറെ ഏതാനും പേരും കയറി. അവർക്കു മുന്നിൽ സെബാസ്റ്റ്യൻ നീണ്ടു നിവർന്നു കിടന്നു. സ്മേരവദനനായി. അവനു ചന്ദനത്തിരിയുടെ മണം. അവനു ബെന്തിയുടേയും ജെമന്തിയുടേയും സുഗന്ധങ്ങൾ... അവനു സന്തോഷമായിരുന്നു..... കാരണം അവനന്നു  രാജാവായിരുന്നു. മരണം അവനെ രാജാവാക്കി. അവനന്ന്‌ പുഷ്പകിരീടമുണ്ടായിരുന്നു!!
   വാഹനങ്ങളുടെ നീണ്ട നിര പള്ളിയിലെത്തി. കർമ്മങ്ങൾ തുടർന്നു കൊണ്ടിരിക്കെ ആകാശം പെയ്തിറങ്ങി - നിറുത്തില്ലാത്ത ഒരു വിഷാദഗീതം പോലെ അതു നീണ്ടു നീണ്ടുപോയി. കർമ്മങ്ങൾ കഴിഞ്ഞപ്പോഴും മഴ അവിരാമം പെയ്തു കൊണ്ടിരുന്നു.
   ഒടുവിൽ, ഒടുവിലെ ചുംബനങ്ങൾക്കായി സെബാസ്റ്റ്യൻ കാത്തുകിടന്നു. അപ്പൻ, അമ്മ, പ്രിയജനങ്ങൾ, ബന്ധുക്കൾ എല്ലാവരും മാറിയിട്ടും അവൻ വളരെ പ്രിയപ്പെട്ട ഒരാളെ തിരഞ്ഞു. പിന്നെ കൂട്ടുകാരെയും...
   ഒടുവിൽ അവരും വന്നു. അവന്റെ നയോമിയമ്മയും പിന്നെ കൂട്ടുകാരും....
   അവന്റെ നെറ്റിയിലെ മുടിയിഴകളൊതുക്കി അവിടെ തന്റെ ഹൃദയത്തിന്റെ മുദ്ര ചുണ്ടു കൊണ്ടു പതിപ്പിച്ചപ്പോൾ നയോമിയമ്മ പൊട്ടിക്കരഞ്ഞു. അവർ കരയുന്നതു കണ്ടപ്പോൾ അവന്റെ കൂട്ടുകാരും കരഞ്ഞു. അവരുടെ ചുംബനങ്ങളിലെ കണ്ണുനീരും ഉമിനീരും വീണ്‌ അവന്റെ മുഖം വിശുദ്ധമായി. പള്ളിയിൽ ഒരു വലിയ നിലവിളി നിറഞ്ഞു. പുറത്തു മഴയും അവരോടു ചേർന്നു.
    ഏറെ നേരം നീണ്ടു നിന്ന കുംഭമഴ ശമിച്ചപ്പോഴേയ്ക്കും അകത്തു കരച്ചിലുകളും പുറത്തു മഴയും നേർത്തു നേർത്തു വന്നിരുന്നു. സെബാസ്റ്റ്യന്റെ ആളുകൾ വളരെ തിടുക്കത്തോടെ അവനെ എടുക്കുകയും കഴിയുന്നതും വേഗം കൂടെ വരുന്നതിനായി പുരോഹിതനെ ഉൽസാഹിപ്പിക്കുകയും ചെയ്തു കൂടെച്ചേർത്തുകൊണ്ട്‌ സെമിത്തേരിയിലേയ്ക്കു നടന്നു. എല്ലാവരും അവരെ അനുഗമിച്ചു.
    പെയ്തു മറഞ്ഞ മഴ മണ്ണിൽ ജീവിച്ചു. മണ്ണു കുഴഞ്ഞിരുന്നു.
    മരിച്ച മഴയേയും നനഞ്ഞ മണ്ണിനേയും ശപിച്ചവർ സെബാസ്റ്റ്യന്റെ സ്വന്തക്കാർ മാത്രമായിരുന്നു. അവർക്കു കാലിൽ ചെളി പുരണ്ടു. അവരുടെ വണ്ടികളിൽ ചെളിയാവുമെന്നവർ പിറുപിറുത്തു. ഹൈറേഞ്ചിലെ സന്ധ്യയിലെ കാറ്റിനു ഭയങ്കര തണുപ്പെന്നു പറഞ്ഞു. അടുത്തൊന്നും കടകളില്ലായ്കകൊണ്ട്‌ വിശക്കുന്നുവേന്നു പരാതിപ്പെട്ടു.
   പയസ്‌ ഗാർഡൻസുകാർ ഒന്നുമറിഞ്ഞില്ല. അവർക്കും കാലിൽ ചെളിപുരണ്ടു. തണുത്തു. വിശന്നു. പക്ഷെ അതൊന്നുമവരെ തളർത്തിയില്ല. പെട്ടിയിലായിരുന്നുതുകൊണ്ടു സെബാസ്റ്റ്യനും ഒന്നുമറിഞ്ഞില്ല....
   അവസാനം, സെമിത്തേരിയിൽ, അവനുവേണ്ടിയൊരുക്കിയ കുഴിയിൽ ഇനിമേൽ നനവറിയാത്തവനും ചെളിയറയ്ക്കാത്തവനും തണുക്കാത്തവനും വിശക്കാത്തവനുമായി അവൻ കുഴിയിലേക്കിറങ്ങി മണ്ണു പുതച്ചു കിടന്നു.
  പുറത്ത്‌,  ചൂടുകാപ്പിയും ബണ്ണും പഴവും ജീവനുള്ളവരെക്കാത്തിരിപ്പുണ്ടായിരുന്നു. സെബാസ്റ്റ്യന്റെ സ്വന്തക്കാർ ഭക്ഷണത്തിനു വേണ്ടി കൂട്ടപ്പൊരിച്ചിൽ നടത്തി. വലുതെന്നും ചെറുതെന്നും, ആണെന്നും പെണ്ണെന്നും ഭേദമില്ലാതെ, പൊരുതി നേടിയവർ കുടിക്കുകയും വെട്ടിവിഴുങ്ങുകയും ചെയ്തു. കാരണം, അവർക്കു തണുത്തിരുന്നു. അവർക്കു വിശന്നിരുന്നു. അവർക്കു വേഗം പോകേണ്ടതുണ്ടായിരുന്നു.
   പക്ഷെ, അപ്പോഴും സെമിത്തേരിയുടെ ഗാഢഗംഭീരമായ സാന്ധ്യമൗനത്തിലേയ്ക്ക്‌ പയസ്ഗാർഡൻസിന്റെ ദുഃഖത്തിന്റെ തിരുമുറിവുകളിൽ നിന്നും രക്തം ഇറ്റു വീണു കൊണ്ടിരുന്നു. "മരിച്ച വിശ്വാസികളുടെ ആത്മാക്കൾക്കു തമ്പുരാന്റെ മനോഗുണത്താൽ...." മരിച്ചവർക്കായുള്ള പ്രാർത്ഥന.
   മക്കൾ പതിനേഴായിക്കുറഞ്ഞുപോയ ദുഃഖത്തിൽ, കന്യകാമറിയം, തങ്ങളുടെ കൂട്ടത്തിൽനിന്നു പിരിഞ്ഞുപോയവനെച്ചൊല്ലി നൊമ്പരം കൊണ്ടു പ്രാർത്ഥിക്കുകയാണ്‌. പയസ്ഗാർഡൻസിലെ മറ്റുള്ളവർ അതിന്റെ ബാക്കി പ്രാർത്ഥനകൾ ചൊല്ലി. ചിലർ പ്രാർത്ഥനകൾക്കു പകരമായി വ്യഥയോടെ ഇമ്മട്ടീ, ഇമ്മട്ടീ എന്നു വിലപിച്ചുകൊണ്ടിരുന്നു. ആരൊക്കെയോ ദാനം കൊടുത്ത, പഴകിയതും പാകമാകാത്തതുമായ വസ്ത്രങ്ങൾക്കുള്ളിൽ, വൃത്തബദ്ധമല്ലാത്ത ശരീരഭാഷകളോടെയും വാമൊഴികളോടെയും, മനുഷ്യരുടെ അംഗീകൃത ജീവിതത്താളത്തിന്റെ പുറമ്പോക്കിൽ, സിമത്തേരിയിലെ സന്ധ്യയിൽ അവർ നിന്നു. വിശപ്പിൽ. തണുപ്പിൽ. പക്ഷെ, അതൊന്നുമവരെ തളർത്തിയിരുന്നില്ല.
   ഹൈറേഞ്ചുസന്ധ്യയിലെ തണുത്ത കാറ്റിൽ വിലാപപ്രാർത്ഥനയോടെ നിന്നിരുന്ന ആ ചെറുമനുഷ്യസംഘത്തെ നോക്കി പിരിഞ്ഞു പോകുന്നവർ കളിയാക്കിച്ചിരിച്ചുകൊണ്ടു പറഞ്ഞു: "ഒക്കെ വട്ടുകേസുകളാ. വ്യാകരണപ്പിശകുകൾ!..."
    ഹൈറേഞ്ചിന്റെ ഉർവ്വരതകളിൽ നിന്നും ഉയർന്നു പൊങ്ങിയ ആവിമഞ്ഞിൽ അവർ അലിഞ്ഞലിഞ്ഞുപോയി. ചുറ്റുപുറങ്ങളിലെ കാഴ്​‍്ചകൾ മറഞ്ഞു തുടങ്ങി. 
    "മക്കളേ,  സന്ധ്യ മയങ്ങുന്നു. വാ. എല്ലാവരും വാ." അമ്മ വിളിച്ചു.
   കാന്തക്കട്ടയിലേക്കു തിരിയുന്ന ഇരുമ്പുതരികൾ പോലെ എല്ലാവരും അമ്മയിലേക്കു തിരിഞ്ഞു - ഒരാളൊഴികെ. സോയ.... ഇരുപതു തികഞ്ഞിട്ടില്ലാത്ത ദൈവകൽപ്പന!
    "മോളേ... സോയമോളേ... വാ." അമ്മ വീണ്ടും വിളിച്ചു.
    "ഞാൻ വരുന്നില്ല നയോമിയമ്മേ... ഇമ്മട്ടിയെ ഇവിടെ ഒറ്റയ്ക്കാക്കി ഞാൻ വരില്ല. ഇമ്മട്ടി ഇപ്പോൾ മുളച്ചു വരും. ഇമ്മട്ടി പൂവിടും. ഇമ്മട്ടിപ്പൂവിനോടെനിക്കു ചോദിക്കണം: 'എന്നെ ഇഷ്ടമല്ലായിരുന്നോ എന്ന്‌....."
   അവൾ മുഖംപൊത്തി ഏങ്ങലടിച്ചു കരഞ്ഞു.
   നയോമി സിസ്റ്ററുടെ ഉള്ളുലഞ്ഞെത്തിയ ഒരു ഗദ്ഗദവും കിഴക്കൻകാറ്റും അവളെ അണച്ചുചേർത്തുപിടിച്ചു. അനാമികകളായ കാവുകളിൽ വിരിയുന്ന അജ്ഞാതപുഷ്പങ്ങൾക്കെന്തു പേരിടും എന്ന വ്യഥയിൽ നയോമിസിസ്റ്റർ ആകാശങ്ങളിലേക്കു മുഖമുയർത്തി നോക്കി ചോദിച്ചു: 'ക്രിസ്തുവേ നീ അവിടെയുണ്ടോ? ഇതെല്ലാം കാണുന്നുണ്ടോ നീ? ഈ നിത്യശൈശവഹൃദയങ്ങളിൽ താങ്ങാനാവാത്ത സ്നേഹത്തിന്റെ കദനഭാരം നിറച്ച്‌ എന്നെയും ഈ കുഞ്ഞുങ്ങളെയും നീ വേദനിപ്പിക്കുന്നതെന്തിനാണ്‌?' അവരുടെ ഹൃദയം വേദനകൊണ്ടു നിറഞ്ഞു തുളുമ്പി.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...