വി.രവികുമാർ
ശോകത്തിന്റെ തന്ത്രികൾ മീട്ടരുതേ, ഇന്നു രാത്രിയിൽ,
യാതനയുടെ പകലിനൊരവസാനമായിരിക്കുന്നല്ലോ;
നാളെ എന്തെന്നുമേതെന്നുമാരു കണ്ടു?
ഇന്നലെയും നാളെയും തമ്മിലതിരുകൾ മായുമ്പോൾ
ഇനിയൊരു പുലരി പിറക്കുമെന്നുമാരു കണ്ടു?
ഈ ജീവിതമെന്ന അസംബന്ധത്തെ മറന്നേക്കൂ,
ഇന്നൊരു രാത്രിയിൽ ദേവകളെപ്പോലമരരാവുക നാം.
ശോകത്തിന്റെ തന്ത്രികൾ മീട്ടരുതേ, ഇന്നു രാത്രിയിൽ.
കദനകഥകൾ പറഞ്ഞിനിയും നാം പരിതപിക്കേണ്ട,
സ്വന്തം ദുർവിധിയെപ്പഴിച്ചു പിന്നെയും വിലപിക്കേണ്ട,
നാളെയെക്കുറിച്ചുള്ള വേവലാതികളൊന്നുമേ വേണ്ട,
പോയ ഋതുക്കളെക്കുറിച്ചോർത്തു കരയുകയും വേണ്ട
എന്തൊക്കെ ഞാനനുഭവിച്ചുവെന്നെന്നോടു പറയരുതേ,
പരിഭവങ്ങളുടെ പഴമ്പായകളിനി മുന്നിൽ നിരത്തരുതേ-
ശോകത്തിന്റെ തന്ത്രികൾ മീട്ടരുതേ, ഒരു രാത്രിയെങ്കിലും.