21 Jun 2013

മൃത്യുഞ്ജയി



ഗീത മുന്നൂർക്കോട്


അമ്മമ്മയുടെ അമ്മമ്മയുടെ അമ്മ
കുഞ്ചിയെ അഗാധമായി പ്രണയിച്ച
തമ്പുരാൻ ഓർത്തോ ആവോ
പ്രണയത്തിനു തീറെഴുതിയ
നാലാപ്പാട്ടകത്തളത്തിൽ
സമുദായ വിലക്കുകളുടെ നാലുകെട്ടിൽ
ഒച്ച വച്ചു പ്രണയം പാടാൻ
ചെളിയെ ഭേദിക്കും കമലം പോലെ
ഒരുവൾ തന്റേടിയായി നിവരുമെന്ന്

അന്യനാടുകളിലെ മറുമൊഴികൾ
കൌമാര ശലഭങ്ങളായിരുന്നു, അവൾക്കു ചുറ്റിലും

പ്രണയം തേടുന്ന സ്വപ്നക്കിളിയായി
അവൾ പറന്നു, കവിതകളിൽ…!
കുസൃതിപ്പൂക്കൾ വിടർന്ന കണ്ണുകൾ കൊണ്ട്
കൈരളിയോടവൾ രഹസ്യകഥകൾ പറഞ്ഞു.!

പതിനഞ്ചിൽ സദാചാരം ഗർജ്ജിച്ചു,
-      സമുദായത്തിന് പിഴയൊടുക്കുക    –
ദാമ്പത്യം ചങ്ങല മുറുക്കിയതറിഞ്ഞ്
വലുതായേതോ കുറ്റമേറ്റ്
സ്വയം വിധിച്ച ആഹൂതികൾ
നടപ്പിലാകാതെ
വിധിയും, ക്ഷയോന്മുഖമായ സ്വരൂപവും,
രോഗവും വ്യസനവുമെല്ലാം
വിരൂപമെന്നറിഞ്ഞ്
അർദ്ധാർത്ഥ പ്രജ്ഞയിൽ
അവളെതി നേർക്കഥ, “എന്റെ കഥ

കവിതകളെ വെളിച്ചം കാട്ടാൻ
ലിംഗം മാറ്റി സ്വയം പേരു കുറിച്ചവൾ -
പുനർജ്ജന്മത്തിന്റെ തന്റേടം
കല്ലേറുകളെ തടുത്തു
ബന്ധനങ്ങളെയറുത്ത്
വാങ്ശരങ്ങളുമായി
ഒറ്റയാൻ കാടിറങ്ങി.
തിരിച്ചെടുക്കാത്ത സ്നേഹദാനം -
സ്വയം സങ്കല്പസ്നേഹവും രുചിച്ച്
കവിതയുടെ സ്വപനച്ചിറകുകളിൽ
പാറി നടന്നു, കാമനയോടെ  
കഥകളെ  വേട്ടു
നൊബേൽ നഭസ്സിലും മുഖം കാട്ടി.
പിന്നെ -
ജാന്വോമ്മ കൊറെ കഥോളും പറഞ്ഞൂലോ…….

വെളുത്ത തലവരകൾക്കും
ഏകാന്തതയ്ക്കും
ബുർഖയിടുവിച്ച്
അപ്പോഴും രാധ സുന്ദരിയായി
കൃഷ്ണനുമൊത്ത് രഹസ്യമായി രമിച്ചതും
അല്ലാഹുവും ഗുരുവായൂരപ്പനും
മുഖാമുഖമിരുന്ന് സല്ലപിച്ചതും
നാവിൻ തുമ്പിൽ അല്ലാഹു വിറച്ച്
കാതിൽ ഹരിനാമകീർത്തനം കിതച്ച്
സ്നേഹത്തുള്ളി അന്ത്യശ്വാസത്തിന് കൂട്ടൂ വന്ന്
അമ്മുവിന്റെ മടിയിൽ വിടമൊഴിയായതും
നാലാപ്പാട്ടെ നായർപ്പെൺകൊടി
കബറിലടങ്ങിയതും…….

……ന്തേ .നീം നമ്മുക്കൊന്നും പഠിക്കാറായീല്ല്യാ.ല്ലേ……?

ഇനിയും നീർമാതളക്കൊമ്പിൽ
സ്നേഹം പൂക്കുമെങ്കിൽ…….
നീലാംബരി പ്രണയമുടുക്കുമെങ്കിൽ.
അഷ്ടദിക്കുകളിൽ നിന്നുമവൾ
പൂത്തിറങ്ങും മൃത്യുഞ്ജയിയായി.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...