ശ്രീദേവിനായർ
അന്തിനേരമായപ്പോളെന്നമ്മ നൽകിയ
കഞ്ഞിയിയിലെൻ കണ്ണീരുപ്പു ചേർത്തു
മോന്തിക്കുടിക്കുമ്പോളെൻ മനമെന്തിനോ
നാളത്തെയന്നത്തെയോർത്തിരുന്നു
കഞ്ഞിക്കലത്തിൽ തവിയിട്ടിളക്കി
ഇല്ലാത്ത വറ്റിനെ തേടിയമ്മ
കൊച്ചനിയനു നൽകുവാനായി
കഞ്ഞിവെള്ളത്തിൽ പരതി വറ്റ്
വീർത്ത വയറാൽ കുനിയാൻ കഴിയാതെ
കുഞ്ഞനിയത്തി കരഞ്ഞിരുന്നു
കരയുന്ന കുഞ്ഞിനെ കൈയ്യിലെടുത്തമ്മ
നിറയുന്ന കൺകളിൽ നൽകിയുമ്മ
ഇറയത്തെ മൺചിരാതു കത്തിച്ചുവെക്കാൻ
അമ്മ തെരഞ്ഞു എണ്ണ വീണ്ടും
കാലിയാം കുപ്പികൾ നോക്കി വെറുതേ
നഷ്‌ടബോധത്താൽ പിറുപിറുത്തു
രാവേറെയായപ്പോൽ പാതി മയക്കത്തിൽ
കൂര തൻ വാതിലിൽ കേട്ടു മുട്ട്
അമ്മ തൻ നിദ്രക്കു ഭംഗം വരുത്തി
ക്ഷീണിതനായച്ഛൻ മടങ്ങിയെത്തി