19 Jul 2013

അറിവുകള്‍ മുറിവുകള്‍


   
      തോമസ് പി കൊടിയന്‍
ഫോണ്‍: 9946430050
ലൂയിസ് ബാസ്റ്റിന്‍ ഇത്രപെട്ടെന്ന് ഇത്രമേല്‍ ക്ഷുഭിതനാവുമെന്നു ഞങ്ങളാരും കരുതിയതേയില്ല. പ്രത്യേകിച്ച് വര്‍ഗീസ്‌സാറിനോട്. 
ഇതിനുമുമ്പ്, എന്നെങ്കിലും ആരോടെങ്കിലും അവന്‍ ക്ഷുഭിതനായി ഞങ്ങളൊരിക്കലും കണ്ടിട്ടുമില്ല. അതുകൊണ്ടുതന്നെ സാറിനെപ്പോലെ ഞങ്ങളും അമ്പരന്നുപോയി. 
ഒരു ആഗോള സേവന ശൃംഖലയുടെ കേരളഘടകത്തിലെ സീനിയര്‍ സെക്രട്ടറിയാണദ്ദേഹം. ഞങ്ങളുടെയെല്ലാം പരമാധികാരി. പ്രസ്ഥാനത്തിന്റെ  ആസ്ഥാനമായ ഞങ്ങളുടെ ഓഫീസിനോടു ചേര്‍ന്നു നിര്‍മ്മിച്ചിട്ടുള്ള ഹാളുകളും മുറികളും ആവശ്യക്കാര്‍ക്കു വാടകയ്ക്കു കൊടുത്തു കിട്ടുന്ന തുകയാണു പ്രധാനമായും ഞങ്ങളുടെ വരുമാനമാര്‍ഗ്ഗം. ലൂയിസ് ബാസ്റ്റിന്‍ ഈ ഹാളുകളുടേയും മുറികളുടേയും നോട്ടക്കാരനും റൂംബോയിയുമായി ഞങ്ങളോടൊപ്പം ജോലിചെയ്തുവരികയാണ്. 
സൃഷ്ടിയുടെ നേരത്ത് ദൈവത്തിനു പറ്റിയ ഒരു നോട്ടപ്പിശകില്‍ അവന്റെ ബുദ്ധിയുടെ ഏതോ ഒരു ഭാഗത്ത് ഒരിറ്റ് ഇരുള്‍ പതിയിരുന്നു. ചില നേരങ്ങളില്‍ തലയില്‍ സന്ധ്യ കനക്കുമ്പോള്‍ അവന്‍ മാറിയിരുന്നു തെരുതെരെ സിഗരറ്റു വലിച്ചുകൂട്ടും. നീലയൂണിഫോമിനു പിന്നില്‍ കൈകള്‍ കെട്ടി തെരുതെരെ അങ്ങോട്ടുമിങ്ങോട്ടും നടക്കും. ആ സമയങ്ങളില്‍ എന്തെങ്കിലും ചോദിച്ചാല്‍ അവന്റെ മറുപടികള്‍ ചില മൂളലുകളിലും ഞരങ്ങലുകളിലും ഒതുങ്ങും. ചിലപ്പോള്‍ ഘനപ്പിച്ചുമുറിച്ച ചെറിയവാക്കില്‍ മറുപടിതരും. അല്പം കഴിയുമ്പോള്‍ അവന്‍ അവനിലേക്കു മടങ്ങിവരും. പിന്നെ പതിവുള്ള ചിരിയും ആഹ്‌ളാദവും ശരീരം കുഴഞ്ഞു കുഴഞ്ഞുള്ള നടപ്പും. ആര്‍ക്കും അവനെ കളിയാക്കാം. വഴക്കുപറയാം. മറുപടി ഒരു ചിരി മാത്രം. രാവിലെയും വൈകീട്ടും ഞങ്ങളുടെ ഇരിപ്പിടങ്ങളില്‍ ചായകൊണ്ടുവന്നുതരുന്നതും അവനാണ്.
ആ അവനാണിപ്പോള്‍ നിസ്സാരകാര്യത്തിനു വര്‍ഗീസ്‌സാറിനോട് അതിശക്തമായി കലഹച്ചിരിക്കുന്നത്. 
മറ്റന്നാള്‍ വീട്ടില്‍പ്പോകണമെന്ന അവന്റെ ആവശ്യം, ആ ദിവസങ്ങളില്‍ ക്യാമ്പ് നിറയെ ആളുകള്‍ വരുന്ന ദിവസങ്ങളായതുകൊണ്ട് ഒന്നു നീട്ടി വെയ്ക്കണമെന്നു മാത്രമേ സാര്‍ പറഞ്ഞുള്ളു. 
ആ മറുപടിയില്‍ അല്പനേരം മൗനിയായിരുന്നുകൊണ്ട് പെട്ടെന്നൊരു നിമിഷം വെളിപാടു കൊണ്ട ഒരുവനെപ്പോലെ അവന്‍ തിളച്ചു തൂവുകയായിരുന്നു. കത്തുന്ന വിരല്‍ സാറിനു നേരെനീട്ടിക്കൊണ്ട് അവന്‍ പൊട്ടിത്തെറിച്ചു. ''തനിക്കൊക്കെ വീട്ടീപ്പോകണോന്നു തോന്നുമ്പോ അപ്പത്തന്നെപ്പോകാവല്ല്? എന്നെപ്പോലത്ത പാവങ്ങളു പോവുമ്പമാത്രന്തന്നേ ലീവ്‌ലെറ്ററുകളും, സാലറികട്ടിംഗുകളും... ഇയാളനുഭവിക്കൂടോ.. ഇയാളനുഭവിക്കും. ഇയാളു സമ്മതിച്ചാലും ഇല്ലേലും ഞാന്‍ മറ്റന്നാളു പോവും. ഇയാക്കു മാത്രോല്ലല്ല് പിള്ളാരും കുടുംബോക്കെയൊള്ളത്. എനിക്കെന്റെ കൊച്ചിനെക്കാണണം.''
''എന്നാപ്പിന്നെ നീ മറ്റന്നാളത്തേയ്ക്കുവയ്ക്കണ്ടാ ഇന്നുതന്നെ പൊയ്‌ക്കോ'' സാറും ചൂടായി.
''എന്നാ ഞാനിപ്പത്തന്നെ പോകുവാ.''
''പോടാ പോ''
അവന്‍ കലിയുടെ ഭാവപ്പകര്‍ച്ചയില്‍ ഞങ്ങള്‍ക്കപരിചിതമായ മുഖഭാവത്തോടെ പുറത്തേക്കുപോയി. 
എല്ലാദിവസവും പത്തുമണിക്കുള്ളൊരു പ്രാര്‍ത്ഥനയോടെയാണു ഞങ്ങളുടെ ജോലികള്‍ ആരംഭിക്കുക. പ്രാര്‍ത്ഥനയ്‌ക്കൊടുവില്‍ അല്പം നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും ലീവുപോലുള്ള സംഗതികളും ചര്‍ച്ചചെയ്യാറുണ്ട്. അതുപോലുള്ളൊരു നല്ലനേരമാണിപ്പോള്‍ കലുഷിതമായിരിക്കുന്നത്. അവനെന്തുപറ്റിയെന്നു ഞങ്ങളാലോചിച്ചുകൊണ്ടിരിക്കുമ്പോള്‍ ഹെഡ്ക്ലാര്‍ക്കു പറഞ്ഞു. 
''അവന്‍ വര്‍ഷം മൂന്നു കാത്തിരുന്നുണ്ടായ കുഞ്ഞല്ലേ. അതു കൊണ്ടുള്ള കൊതിയായിരിക്കും''
''അതിനിപ്പൊ എല്ലാ മാസോം പോകാമ്പറ്റ്വോ കുര്യാക്കോസേ? മാസന്തോറും തിരുവനന്തപുരത്തു പോയിവരാനൊള്ള വരുമാനോണ്ടോ അവന്? ഇവനിങ്ങനെ എടയ്‌ക്കെടയ്ക്കു പോയി മൂന്നുനാലുദിവസം കഴിഞ്ഞുവരുമ്പൊ ഇവിടത്തെ കാര്യങ്ങള് അവതാളത്തിലാവില്ലേ. രണ്ടു മാസം കൂടുമ്പപ്പോകട്ടെ. 
അതല്ലായിരുന്നോ പതിവ്.'' വര്‍ഗീസ്‌സാര്‍ ചോദിച്ചു.  
പെട്ടെന്നാണവന്‍ വീണ്ടും പ്രത്യക്ഷപ്പെട്ടത്. അകത്തെ സംഭാഷണം അവന്‍ വാതിലിനു മറഞ്ഞുനിന്നു 
കേള്‍ക്കുകയായിരുന്നുവെന്നു തോന്നുന്നു. ''താന്‍ രണ്ടുമാസം കൂടുമ്പത്തന്നേടോ വീട്ടീപ്പോണത്? മാസം മാസം പോണില്ലേടോ താന്‍. തനിക്കുമാത്രേ ഭാര്യേം മക്കളുവൊക്കെപ്പാടൊള്ളോ? പാവപ്പെട്ടോനും കുടുംബോം മക്കളുവൊക്കെയുണ്ടെന്നു താനോര്‍ക്കാറുണ്ടാ. ഞാന്‍ പോകുവാ. യെനിക്കു തന്റെ ജോലീം വേണ്ടാ ഒരു തൊപ്പീം വേണ്ടാ.''
''എന്നാപ്പോടാ നീ'' 
''പോകുവാ''
''എറങ്ങിപ്പോടാ മുറീന്ന്.''
''തനിക്കു തന്റെ മുറീന്നല്ലേ യെന്നെ എറക്കിവിടാമ്പറ്റത്തൊള്ള്. ഭൂമീന്നെറക്കിവിടാമ്പറ്റൂല്ലല്ല്. ഭൂമിയേ... വലുതാ.'' വലിയ ഭൂമിയുടെ വലിയ ആകൃതി കൈകൊണ്ടു കാണിച്ചുകൊണ്ട് അവന്‍ തുടര്‍ന്നു. ''എവടപ്പോയാലും പണികളെടുത്തുതന്നെ മനിഷേന് കഴിയാമ്പറ്റത്തൊള്ള്. ഇതെന്തരുമാതിരിപ്പണി? അടിമപ്പണി! ദൈവത്തിന്റെ പേരും!'' അവന്‍ കിതച്ചു. പ്രസ്ഥാനത്തിനു നേരെയാണവന്‍ വിരല്‍ ചൂണ്ടുന്നത്.
''ലൂയീസേ നീ പോ.'' ഞാന്‍ പറഞ്ഞു. 
''സാറു പറഞ്ഞാലക്കൊണ്ടു ഞാന്‍ പോകും. ഇവട മനിഷേന്‍ രാപകലില്ലാണ്ട് കഷ്ടപ്പെടണത് ഈ മനിഷേന്‍ കാണണില്ലല്ല്. അതിനെക്കൊണ്ടു പറഞ്ഞുപോയതാണിത്.'' അവന്‍ വീണ്ടും പുറത്തേക്കു പോയി.
അവന്റെ മനോനിലയ്‌ക്കെന്തോ തകരാറു പറ്റിയിട്ടുണ്ടെന്ന നിഗമനത്തില്‍ ഞങ്ങള്‍ പുറത്തേക്കിറങ്ങുകയായിരുന്നു. 
അപ്പോഴാണവന്‍, നാടകത്തിനിടയ്ക്കു ഡയലോഗ് മറന്ന നേഴ്‌സറിക്കുഞ്ഞു തിരികെവന്നു ഡയലോഗു പറയുന്നതുപോലെ സാറിന്റെ മുഖത്തു നോക്കി ഇത്രയുംകൂടിപ്പറഞ്ഞത്. 
''തന്റെയൊരു പ്രാര്‍ത്ഥന! യെന്തരിനെടോ താനൊക്കെ പ്രാര്‍ത്ഥിക്കണത്? കള്ളപ്രാര്‍ത്ഥനകള്!'' പുച്ഛത്തോടെ ചിറികോട്ടിക്കാണിച്ച് അവന്‍ വീണ്ടും അപ്രത്യക്ഷനായി.
ഏതാനും നിമിഷങ്ങള്‍ക്കകം എന്തൊക്കെയോ വാരിനിറച്ച ഒരു എയര്‍ബാഗുമെടുത്ത് ചുക്കിച്ചുളുങ്ങിയ ഒരു ഷര്‍ട്ടും ധരിച്ച് പുനഃപ്രത്യക്ഷനായി. ഇക്കുറി എന്റെ മുറിയിലാണവന്‍ അവതരിച്ചത്. ''സാറേ സാറും കേട്ടതുതന്നേ അയാളു പറഞ്ഞത്? അയാക്കതു പറയാന്‍കൊള്ളുവോ. എത്രകാലം കൂടികാത്തിരുന്നിട്ടുണ്ടായ കുഞ്ഞാണെന്റെ?. അതിനക്കാണാനക്കൊണ്ട് മാസത്തിലൊരു പ്രാവിശ്യോങ്കിലും പോകാതിരിക്കാനക്കൊണ്ടെനിക്കാവൂല്ല.'' അവന്റെ സ്വരമൊന്നിടറി. ഞങ്ങള്‍ക്കിടയില്‍ ഇഷ്ടത്തിന്റേതായ ഏതോ ഒരു ഇടം അടയാളപ്പെടുത്തപ്പെട്ടിരിന്നു. ആ സ്വാതന്ത്ര്യത്തിലാണവന്റെ സംഭാഷണം.
''അതിരിക്കട്ടെ. ഇയാളെന്തിനാ വര്‍ഗീസ്‌സാറിനെ എടോ പോടോന്നൊക്കെ വിളിച്ചത്?''
''യെനിക്കത്രേം ദെണ്ണവൊണ്ടായിട്ടുതന്നേണ് സാറേ.'' അല്‍പ്പം നിറുത്തിയിട്ട് അവന്‍ ചോദിച്ചു. ''അപ്പ ശെരി, സാറും അങ്ങേരടകൂടത്തന്നേണല്ലേ. ഒരാളെ ദെണ്ണിപ്പിക്കുമ്പോ യെല്ലാരും ചേര്‍ന്നുതന്നെ അതുചെയ്യണം സാറേ. ഇരിക്കട്ട്. യെനിക്കു ബാക്കി വല്ലതും തരാനക്കൊണ്ടൊണ്ടെങ്കി തന്നേര്. ലൂയിസിനക്കൊണ്ടിനി ഒരാള്‍ക്കും ഒരു തൊന്തരവൂണ്ടാവാമ്പോണില്ല.'' അവന്റെ കണക്കുതീര്‍ക്കുന്നേരം അധികമായി അയ്യായിരം രൂപകൂടി കൊടുത്തു.
''ഇതെന്തരിന് ഇത്രേം പൈസ?''
''ഇതുകൂടിത്തരാന്‍ സാറു പറഞ്ഞിരുന്നു''
അതു കേട്ടപ്പോള്‍ ആദ്യം അവനൊന്നിടറി. പിന്നെപ്പറഞ്ഞു. ''വേണ്ട. വേലയെടുക്കാത്ത പൈസകളു ലൂയിസിനു വേണ്ട സാറേ. യെന്റെ ശമ്പളം മാത്രം തരി.'' അതു പറഞ്ഞപ്പോള്‍ അവന്റെ സ്വരം കലമ്പി. ഇത്തരം കാര്യങ്ങളില്‍ അവനുള്ള പിടിവാശി അറിയാമായിരുന്നതുകൊണ്ട് അവനു കൊടുക്കുവാനുള്ള ശമ്പളം മാത്രം കൊടുത്തു. 
ഇറങ്ങുന്നേരം വര്‍ഗീസ്‌സാറിന്റെ മുറിവാതില്‍ക്കല്‍ച്ചെന്നു അകത്തേക്കു തലനീട്ടി അവന്‍ യാത്ര പറഞ്ഞു.
''ലൂയിസു പോകുവാ സാറേ'' പുറംകൈകൊണ്ടു കണ്ണുനീര്‍ തുടച്ചു പെരുവഴിയിലേക്കിറങ്ങുംമുന്‍പ് അവന്‍ നിരന്തരം  പരിപാലിച്ചിരുന്ന ബോണ്‍സായിച്ചെടികളേയും പൂച്ചെടികളേയും തഴുകിത്തലോടി ഇത്തിരി നേരം നിന്നു. അവന്റെ ഭാഷയില്‍ അവന്‍ അവയോടും യാത്ര ചോദിക്കുകയായിരിക്കണം. അവന്‍ പടി കടന്നു പോയി.
പൂന്തോട്ടം നനയ്ക്കല്‍ അവനു പലപ്പോഴുമൊരാഘോഷമായിരുന്നു. വൈകീട്ടു നാലുമണിയാവുമ്പോഴേയ്ക്കും സ്പ്രിംഗ്ലറുകള്‍ ഓണ്‍ചെയ്തും ഹോസുകൊണ്ടു ചെടികള്‍ നനച്ചും അവിടൊരു ജലോല്‍സവമായിരിക്കും നടക്കുക. ചെടികളോടൊപ്പം നനഞ്ഞുകുളിച്ച് അവനും ആകെയൊരു സന്തോഷത്തിമിര്‍പ്പിലായിരിക്കും
ആ അവസ്ഥയിലെ അവനെ നോക്കിയാല്‍ ചിലപ്പോഴവന്‍ ചോദിക്കും. ''സാറേ, ഞാന്‍ നട്ട റോസാച്ചെടി പൂത്തുനിക്കണതു കണ്ടാ?''
''സാറേ ആ നിക്കണ മഞ്ഞച്ചെമ്പരത്തി യെത്രകണ്ടു നനച്ചിട്ടും നന്നാവണില്ലല്ല്. ലേശം വളമിട്ടാലാ?''
ഇപ്പോള്‍, പൂജാരിയില്ലാത്ത അമ്പലത്തിലെ ശ്രീകോവില്‍ പോലെ പൂന്തോട്ടം അവന്റെ വേര്‍പാടില്‍ മനംനൊന്തു വിങ്ങുന്നുെണ്ടന്നു തോന്നി.  
അവിടം കടന്നുപോകുമ്പോള്‍ ഹോസുപിടിച്ച് ആകെ നനഞ്ഞുകുളിച്ച് ഒരു ചിരിയുടെ പൂവായി അവനവിടെ നില്‍ക്കുന്നുണ്ടെന്നു വെറുതെ തോന്നും.
ആ തോന്നല്‍ എനിക്കു മാത്രമല്ല, ഞങ്ങള്‍ക്കെല്ലാവര്‍ക്കുമുണ്ടായിരുന്നെന്ന് ഞങ്ങള്‍ പിന്നീടു തിരിച്ചറിഞ്ഞു. അവന്റെ സ്വരം ഇടയ്ക്കിടെ അവിടവിടെ കേള്‍ക്കുന്നതു പോലുള്ളൊരു തോന്നലും.
അവന്റെ അസാന്നിദ്ധ്യത്തില്‍ ചന്തം നഷ്ടപ്പെട്ടുകിടന്ന ഹാളുകളും, പൂന്തോട്ടവും, ചായസമയങ്ങളും ഞങ്ങളില്‍ അവന്റെ ഓര്‍മ്മയുണര്‍ത്തി. പ്രഭാതപ്രാര്‍ത്ഥനകളില്‍ അവനെയും ഞങ്ങളോര്‍ത്തു. ഇടയ്ക്കു വല്ലപ്പോഴും അവന്റെ അറിവില്ലായ്മയില്‍ നിന്നുണ്ടായ നിരുപദ്രവങ്ങളായ വിഡ്ഢിത്തരങ്ങള്‍ പറഞ്ഞുചിരിച്ചു. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു സംസ്ഥാന എയ്ഡ്‌സ്‌കണ്‍ട്രോള്‍ സൊസൈറ്റി, എയ്ഡ്‌സ്‌ബോധവല്‍ക്കരണ ക്ലാസുകള്‍ക്കായി  മൂന്നുദിവസത്തേക്കു ക്യാംമ്പ്‌സൈറ്റ് മൊത്തമായി ബുക്കുചെയ്ത ഒരു നാളിലുണ്ടായ സംഭാഷണം. 
ഫോണിലൂടെ ആരോ ഒരാള്‍, മുറിയുണ്ടോ എന്ന്  ഇംഗ്ലീഷില്‍ വിളിച്ചുചോദിച്ചു.
ചോദ്യം ഇംഗ്ലീഷിലായതുകൊണ്ട് മറുപടിയും ഇംഗ്ലീഷില്‍ത്തന്നെയായി. ''നോ റൂം ഫോര്‍ ത്രീ ഡേയ്‌സ്.
ഓള്‍ റൂംസ് ബുക്ക്ഡ് ബൈ എയ്ഡ്‌സ്....'' 
ദിവസങ്ങള്‍ പോകെ, പുതുതായി വന്ന പരിചാരകരിലാരിലും ലൂയിസിനെ കണാനാവാതെ വന്ന ചെടികള്‍ വെറുതെ വെള്ളം ശിരസ്സിലേന്തി നിന്നു. അവ തളിരിടുവാന്‍ മറന്നു. പൂക്കുവാന്‍ മറന്നു. പൂന്തോട്ടത്തിലാകെയൊരുദാസീനത. ചെടികള്‍ വാടിത്തുടങ്ങി. പരിസരങ്ങള്‍ മലിനമായി. 
അവനന്നെന്താണു പറ്റിപ്പോയതെന്നോര്‍ത്തു വര്‍ഗീസുസാറും ഇടയ്ക്കിടെ കുണ്ഠിതപ്പെട്ടു. അഗണ്യരെന്നു നാം കരുതുന്ന പലരും രംഗം വിട്ടാല്‍ മാത്രമേ അവര്‍ നമ്മുടെ ജീവിതപരിസരങ്ങളെ എത്രമാത്രം സ്വാധീനിച്ചിരുന്നുവെന്നു നാം തിരിച്ചറിയുന്നുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അങ്ങിനെയിരിക്കെ മൂന്നു മാസങ്ങള്‍ക്കു ശേഷം ഒരുദിവസം പൊടുന്നനവെ വര്‍ഗീസ്‌സാറിന്റെ മൊബൈലില്‍ ലൂയിസിന്റെ സ്വരം ഇടറിയെത്തി. ''സാറേ ഞാനങ്ങോടു വരുവാ. വരണ്ടാന്നു പറയരുത്.''
തിരിച്ചെന്തെങ്കിലും പറയുന്നതിനുമുമ്പു ഫോണ്‍ കട്ടായി. 
എല്ലാവര്‍ക്കും എന്തോ ആശ്വാസവും ചിരിയും. ഞങ്ങളറിയാതെ ഞങ്ങള്‍ക്കിടയില്‍ സുരഭിലമായൊരു സ്‌നേഹബന്ധത്തിന്റെ മൃദുലബന്ധനം നിലനിന്നിരുന്നു എന്ന തിരിച്ചറിവ്, ഏതോ ആഴങ്ങളില്‍ നിന്നുല്‍ഭവിക്കുന്ന ഒരു നീരുറവയുടെ കുളിരായി ഞങ്ങളില്‍ നിറഞ്ഞു.
പറഞ്ഞതുപോലെ രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അവന്‍ വന്നു. മദ്ധ്യാഹ്നത്തിലെ തീക്കടല്‍ നീന്തി അവന്‍ വന്നു. പക്ഷെ, ചുക്കിച്ചുളിഞ്ഞ വേഷത്തില്‍. പട്ടിണികിടന്നു കോലം തിരിഞ്ഞ് കുഴഞ്ഞു കുഴഞ്ഞ്!
വര്‍ഗീസ്‌സാറിന്റെ മുന്നില്‍ വന്നു നിന്ന് അവന്‍ കണ്ണീര്‍ വാര്‍ത്തു. ക്ഷമ യാചിച്ചു. അവന്റെ തോളില്‍ തട്ടിക്കൊണ്ട് അദ്ദേഹം  പറഞ്ഞു. ''ലൂയിസേ, നീയാദ്യം പോയി കാന്റീനില്‍നിന്നു ഭക്ഷണം കഴിച്ചിട്ടു വാ''
അതു കേള്‍ക്കാത്തതുപോലെ അവന്‍ പറഞ്ഞു. ''സാര്‍, ഇനിയെനിക്കൊരിക്കലും ഞാന്‍ ലീവുകളു ചോദിക്കണില്ല. യെനിക്കിനി ലീവുകളൊന്നും വേണ്ട. ഞാനിനി യെങ്ങോട്ടും പോകണില്ല. മാസം മാസം കൊറച്ചു പൈസ തന്നാ മാത്രം മതി - സ്റ്റെല്ലയ്ക്കും മോള്‍ക്കും അയച്ചുകൊടുക്കാന്‍''
''അതെന്ത്യേ നിനക്കവരെ ഇടയ്‌ക്കെങ്കിലുമൊക്കെയൊന്നു കാണണ്ടേ?''
''വേണ്ട.''
''അതെന്ത്യേ?''
''ഇവടെ ഞാന്‍ നനയ്ക്കണ ചെടിയൊന്നും യെന്റെയല്ലല്ല്. എന്നാലും അതു നനയുമ്പഴും പുതിയ എല വരുമ്പഴും പൂ വരുമ്പഴും യെനിക്കു തോനെ സന്തോഷങ്ങളാണ്.'' പിന്നെ വാക്കുകള്‍ കിട്ടാതെ വിഷമിച്ച 
അവന്‍ കണ്ണുകള്‍ തുടച്ചുകൊണ്ടു പെട്ടെന്നു തന്നെ സ്വന്തം താവളത്തിലേക്കു പോയി. കുടുംബവുമായി ചേര്‍ന്നുനിന്ന വരുമാനമില്ലാതിരുന്ന വറുതിയുടെ ആ നാളുകളില്‍ അവനു ലഭിച്ച പുത്തനറിവുകളുടെ പുതുമുറിവുകള്‍ അവനെ വേറൊരാളാക്കിയിരിക്കുന്നു. 
അവന്‍ പോയ വഴിയില്‍, അവന്റെ അപരിമേയമായ ദുഃഖത്തിന്റെ രക്തത്തുള്ളികള്‍ വീണുകിടക്കുന്നു. ''ഇവടെ ഞാന്‍ നനയ്ക്കണ ചെടിയൊന്നും യെന്റെയല്ലല്ല്. എന്നാലും അതു നനയുമ്പഴും പുതിയ എല വരുമ്പഴും.....'' കാവ്യാലങ്കാരങ്ങളുടെ കലാലയസൂക്തങ്ങളറിഞ്ഞിട്ടില്ലാത്ത ഒരു നിരക്ഷരന്റെ നിഷ്‌കളങ്കമായ അര്‍ത്ഥാലങ്കാരപ്രയോഗം! അര്‍ത്ഥശൂന്യമായ ജീവിതത്തിന് അര്‍ത്ഥം തേടുന്ന ഒരുവന്റെ അകളങ്കമായ സ്‌നേഹപ്രകാശനത്തിനുമുന്നില്‍ ഒരുവള്‍ സമൂഹത്തില്‍ പതിവ്രതയാവുന്നു. ഒരു പെണ്‍കുഞ്ഞ് സനാഥയാവുന്നു....
അന്നു സായാഹ്നത്തില്‍ ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ തോട്ടം നനയിലേര്‍പ്പെട്ടിരുന്ന അവനു ശ്രീകോ വിലിനുള്ളില്‍ നിന്നു പുണ്യാഹം തളിക്കുന്ന പൂജാരിയുടെ മുഖമായിരുന്നു.
ഞാന്‍ ചോദിച്ചു. ''ലൂയീസ്, നീയും ചെടികളും വീണ്ടും നനയുവാന്‍ തുടങ്ങിയോ?''
മറുപടിയായി ആദ്യം അവനൊന്നു ചിരിച്ചു. പിന്നെ ചോദിച്ചു. ''ഇയ്റ്റിംങ്ങളും ലൂയീസിനെ കളിപ്പി
ക്കുവോ സാറേ?'' 
അങ്ങനെ ചോദിക്കുമ്പോള്‍ അവന്‍ ചിരിക്കുന്നുണ്ടായിരുന്നു. കരയുന്നുണ്ടായിരുന്നോ എന്നെനിക്കു നിശ്ചയമില്ല. കാരണം അപ്പോഴവന്‍ പതിവുപോലെ ആകെ നനഞ്ഞു കുതിര്‍ന്നിരുന്നു.
ലൂയീസ്, ചിരിയുടെ ലൂയീസ്, നമ്മുടെ തോട്ടത്തില്‍ പൂക്കള്‍ വിരിയിക്കുന്നവനേ, നിന്റെ ബുദ്ധിയുടെ കുഞ്ഞിരുളില്‍ നീ കൊളുത്തിവച്ചിരിക്കുന്ന പ്രകാശമേറ്റ് നിന്റെ തോട്ടത്തിലെ പൂക്കള്‍ക്കെങ്ങിനെ വിരിയാതിരിക്കാനാവും?. നിനക്കും ഞങ്ങള്‍ക്കും ലോകത്തിനും വേണ്ടി അവ വിരിയുക തന്നെ ചെയ്യും. 
ചെടികള്‍ നിന്നെ ചതിക്കുകയില്ല. കാരണം, അവ സ്‌നേഹവതിയായൊരു അമ്മക്കാക്കയുടെ അദ്ധ്വാനപ്പകലുകളെ സൂത്രത്തിലപഹരിച്ചു തന്റെ കുഞ്ഞിനെ വളര്‍ത്തുന്ന കുയിലുകളല്ല; മനുഷ്യരുമല്ല. 

                                                                          

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...