സണ്ണി തായങ്കരി
രണ്ടു പകളും രാവും പിന്നിട്ട് മനസ്സിനെയും ശരീരത്തെയും തളർത്തിയ യാത്രയയ്ക്ക് സമാപ്തിയാകുന്നുവേന്ന തോന്നൽ സൃഷ്ടിച്ചുകൊണ്ട് മോശൊപ്പൊട്ടോമിയ നഗരപ്രാന്തത്തിൽ ഏലിയേസറും സംഘവും എത്തിച്ചേർന്നു. അകലെയായി കോട്ടകളും ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടങ്ങളും കാണാൻതുടങ്ങി. ഇടുങ്ങിയ വീഥികളിൽ ആടുമാടുകളും പ്രാകൃത വേഷധാരികളായ മനുഷ്യരും അലഞ്ഞുതിരിയുന്നത് കാണാമായിരുന്നു. കാലികളുടെ വിസർജ്യം വഴിത്താരകളിൽ കുന്നുകൂടി കിടന്നു. അത് ശേഖരിക്കുന്ന കുട്ടികളെയും കണ്ടു. നാലുപാടുനിന്നും ഉയർന്ന മനുഷ്യവിസർജ്യത്തിന്റെ ഗന്ധം മനംപുരട്ടലുണ്ടാക്കി. കഴുതകളെയും ഒട്ടകങ്ങളെയും തുറസ്സായ ഇടങ്ങളിൽ കെട്ടിയിരുന്നു. കുടിലിന്റെ ആകൃതിയിൽ മെനഞ്ഞുണ്ടാക്കിയ വൈക്കോൽപുരകളും ചാണകപ്പരളികൾ അടുക്കി ഉയർത്തിയുണ്ടാക്കിയ ചാണകക്കുന്നുകളും അനവധി കാണപ്പെട്ടു. ചാണകപ്പരളികൾ വഴിവക്കുകളിൽ ഉണക്കാനിടുന്ന സ്ത്രീകൾ വഴിയോരക്കാഴ്ചയായി. പഴമയുടേഗന്ധം അതിപുരാതന സാംസ്കാരികത്തനിമയുള്ള തകർന്നടിഞ്ഞ ഒരു നഗരത്തിന്റെ ഓർമയുണർത്തി.
ഏലിയേസറിന്റെയും സംഘത്തിന്റെയും ഒട്ടകങ്ങൾ ഒന്നിനുപിറകെ ഒന്നായി പൊട്ടിപ്പൊളിഞ്ഞ ഇടുങ്ങിയ പാതയിലൂടെ മുന്നേറി.
മോശൊപ്പൊട്ടോമിയായിൽ എത്തിക്കഴിഞ്ഞു. ഈ നഗരത്തിന്റെ ഏതുഭാഗത്താവും നാഹോറിന്റെ തെരുവ്? ഏലിയേസറിന് സംശയമായി. വഴിയിൽ കണ്ട വൃദ്ധനെ അയാൾ കൈകൊട്ടി വിളിച്ചു. എല്ലും തോലുമായ ആ മനുഷ്യക്കോലം അടുത്തുചെന്നു.
"അമ്മാവാ നാഹോറിന്റെ പട്ടണം എവിടെയാണ്?"
വൃദ്ധൻ അമ്പരന്ന് ചുറ്റും നോക്കി. ഏതാനും ഒട്ടകങ്ങളും സാധനസാമഗ്രികളുമായി എത്തിയിരിക്കുന്ന ഈ വിദേശികൾ നാഹോർ ആക്രമിച്ച് കീഴടക്കാൻ എത്തിയവരാണോയെന്ന് അയാൾ സംശയിച്ചു. ഒട്ടകപ്പുറത്ത് പടക്കോപ്പുകളാകും.
കിഴവൻ ഒരു വിചിത്രസ്വരം പുറപ്പെടുവിച്ചു. ഒട്ടും വൈകിയില്ല. ഏതാനും പേർ യാത്രാസംഘത്തെ വളഞ്ഞു. അവരുടെ ചോദ്യം ചെയ്യലിൽ ഏലിയേസറും സഹഭൃത്യന്മാരും അമ്പരന്നു. നഗരവാസികൾ പരസ്പരം ചർച്ചയിൽ മുഴുകി. രാജാവിനെ വിവരമറിയിക്കുകയാണ് ഉചിതമെന്ന് അവരുടെ നേതാവേന്നുതോന്നിച്ച യുവാവ് നിർദേശിച്ചപ്പോൾ ഏലിയേസർ അറിയിച്ചു-
"ഞങ്ങൾ കാനാനിൽനിന്ന് വരുന്നവരാണ്. തേരാഹിന്റെ പുത്രനായ അബ്രാഹത്തിന്റെ സേവകരാണ് ഞങ്ങൾ. യജമാനന്റെ പിതൃഭവനവും ചാർച്ചക്കാരെയും കാണുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങൾ ശത്രുക്കളല്ല."
യുവാവിന് കാര്യം പിടികിട്ടി. അയാൾ അവരുടെ ഭാഷയിൽ ആശയവിനിമയം നടത്തി. ചുറ്റിനും കൂടിയവർ കുശുകുശുത്തു. ഭീതി ആദരവിനു വഴിമാറിയതായി അവരുടെ ശരീരഭാഷ വ്യക്തമാക്കി. അബ്രാഹം യജമാനൻ ഇവിടെയും ഏറെ മാനിക്കപ്പെടുന്നവൻതന്നെയെന്ന് ഭൃത്യന്മാർക്ക് ബോധ്യമായി. സ്ത്രീകളും കുട്ടികളും അവർക്ക് ദാഹജലം നൽകി. നാഹോറിന്റെ പട്ടണത്തിലേയ്ക്കുള്ള വഴി നിർദേശിക്കാൻ യുവാക്കൾ മത്സരിച്ചു.
മോശൊപ്പൊട്ടോമിയായുടെ തിരക്കൊഴിഞ്ഞ വീഥികൾ പിന്നിട്ട് അവർ നാഹോറിന്റെ പട്ടണാതിർത്തിയിൽ പ്രവേശിച്ചു. ചോളം വിളഞ്ഞുകിടന്ന വയൽക്കരയിൽ ഒരു വലിയ കരിങ്കൽകിണർ കണ്ടു. അതിന് സമീപമുള്ള പടർന്നുപന്തലിച്ച വയസ്സൻ തണൽ വൃക്ഷത്തിന്റെ ഛായയിൽ ഒട്ടകങ്ങളെ നിർത്തി. പടിഞ്ഞാറുനിന്ന് ചോളവയൽ കടന്നെത്തിയ കുളിർമയുള്ള നാലുമണിക്കാറ്റ് അവർക്ക് ആശ്വാസം പകർന്നു.
ആരേയും വീഥികളിൽ കാണാനില്ല. കനത്ത ഉച്ചച്ചൂടിന് ശമനമാകാൻ നാഹോറിലെ ജനം കാത്തിരിക്കുകയാവും.
"നമുക്കിവിടെ അൽപം വിശ്രമിക്കാം. നാഹോർ നിവാസികളാരെങ്കിലും വരട്ടെ."
ഏലിയേസറിന്റെ നിർദേശം മറ്റുള്ളവർക്ക് ഇഷ്ടപ്പെട്ടു. കുളിർമയുള്ള നാലുമണി കാറ്റേറ്റുള്ള വിശ്രമം സുഖകരംതന്നെ. ഭൃത്യന്മാർ ഒട്ടകപ്പുറത്തുനിന്ന് താഴെയിറങ്ങി. ചിലർ വയലിൽനിന്ന് വിളഞ്ഞ ചോളക്കതിരുകൾ പറിച്ചുതിന്നാൻതുടങ്ങി.
ഏലിയേസർ ചിന്താധീനനായി. എങ്ങനെയാണ് ഇസഹാക്കിന്റെ വധുവിനെ കണ്ടുപിടിക്കുക? നാഹോറിന്റെ പട്ടണത്തിൽതന്നെയാകും അവൾ വസിക്കുകയെന്ന് യജമാനൻ പറഞ്ഞിരുന്നു. പക്ഷേ, അവൾ തേരാഹിന്റെ ഭവനത്തിൽതന്നെയുള്ള പെണ്ണായിരിക്കുമോ?
സഹഭൃത്യന്മാർ ആഴമുള്ള ജലസമൃദ്ധമായ കിണറ്റിൽനിന്ന് വെള്ളംകോരി ദാഹം ശമിപ്പിച്ചു. സഞ്ചികളിൽ വെള്ളം നിറച്ചുകൊണ്ട് അവരിലൊരാൾ ഏലിയേസറിനോടായി പറഞ്ഞു-
"വന്ന് ദാഹം തീർത്തോ. നല്ല തണുപ്പുള്ള വെള്ളമാണ്. ജോർദാൻ നദിയിലെ വെള്ളംപോലെ. സകല ക്ഷീണവും മാറും. ഒട്ടകങ്ങൾക്കും കൊടുക്കാം."
ഏതോ അന്തഃപ്രേരണയാലെന്നപോലെ ഏലിയേസർ പ്രതിവചിച്ചു-
"എന്റെയും ഒട്ടകങ്ങളുടെയും ദാഹശമനത്തിലൂടെയാകും നമ്മുടെ ലക്ഷ്യം നിറവേറുക.
നിങ്ങൾ ഒട്ടകങ്ങൾക്ക് വെള്ളം കൊടുക്കരുത്."
അവർ പരസ്പരം നോക്കി. ദാഹിച്ചുവലഞ്ഞ ഒട്ടകങ്ങൾക്ക് വെള്ളം കൊടുക്കരുതുപോലും! ഇതെന്തൊരു കിറുക്കാണെന്ന് അവർ പിറുപിറുത്തു.
വെയിൽ ആറിത്തുടങ്ങുമ്പോൾ ഈ കിണറ്റിനരുകിൽ ആദ്യമെത്തുന്ന പെൺകുട്ടിയെ ശ്രദ്ധിക്കുക. വെള്ളം നിറച്ച കുടവുമായി അവൾ മടങ്ങുമ്പോൾ 'കുടം ചായിച്ച് എനിക്കു കുടിക്കാൻ തരിക'യെന്ന് പറയണം. അവൾ സന്തോഷത്തോടെ 'ഇതാ കുടിച്ചുകൊള്ളുക, അങ്ങയുടെ ഒട്ടകങ്ങൾക്കും ഞാൻ ജലം കൊടുക്കാ'മെന്ന് അവൾ പറയും. അങ്ങനെ പറയുന്നവളായിരിക്കും ഇസഹാക്കിന്റെ ഭാര്യ. ഇപ്രകാരം തന്നോട് ആരോ പറയുംപോലെ ഏലിയേസറിനുതോന്നി. ചുറ്റും നോക്കിയിട്ടും ആരെയും കാണാൻ കഴിഞ്ഞില്ല. അത് ദൂതന്റെ സ്വരംതന്നെയെന്ന് ഏലിയേസർ ഉറപ്പിച്ചു.
സഹഭൃത്യന്മാർ മരത്തണലിൽ വിശ്രമിക്കുമ്പോൾ ഏലിയേസർ വഴിക്കണ്ണുകളുമായി നിൽക്കുകയായിരുന്നു. കുറെ കഴിഞ്ഞപ്പോൾ ഏതാനും പെൺകുട്ടികൾ എളിയിൽ കുടങ്ങളുമേന്തി വരുന്നതുകണ്ടു. മറ്റുള്ളവരിൽനിന്ന് വ്യത്യസ്തയായി ഏകയായി മുന്നിൽ നടന്നുവരുന്ന പെൺകുട്ടിയിൽ അയാളുടെ കണ്ണുകൾ ഉടക്കി.
അവൾ കിണറ്റുകരയിലെത്തി. നല്ല ചേലുള്ള പെണ്ണ്. അടക്കവും ഒതുക്കവും വേണ്ടുവോളം ഐശ്വര്യവുമുണ്ട്. ദീപ്തമായ മുഖഭാവം. ഇവൾ ഇസഹാക്കിന് ചേർന്നവൾ തന്നെയെന്ന് മനസ്സിൽ ഉറപ്പിച്ചു. കുടത്തിൽ വെള്ളംനിറച്ച് അവൾ തിരികെയെത്തുന്നതും കാത്ത് അയാൾ നിന്നു. പെൺകുട്ടി മുന്നിലെത്തി.
"കുട്ടി, എനിക്കൽപം ദാഹജലം തരു."
"ഇതാ, അങ്ങ് മതിവരുവോളം കുടിച്ചുകൊള്ളുക."
രൂപംപോലെ സ്വരവും അതിമനോഹരമായിരിക്കുന്നു! സൗമ്യതയുടെ മണികിലുക്കമുണ്ടതിൽ. സംഗീത സാന്ദ്രവുമാണത്.
ശിരസ് മറച്ച് ആദരവോടെ അവൾ കുടം തോളിൽനിന്നിറക്കി. എലിയേസറിന്റെ കൈക്കുമ്പിളിലേക്ക് ജലം ഒഴിച്ചു. അപ്പോൾ ആ സ്വരം അയാൾ വ്യക്തമായികേട്ടു-
"അങ്ങയുടെ ഒട്ടകങ്ങൾക്കും ദാഹം കാണും. ഞാൻ അതിനും വെള്ളം കോരിക്കൊടുക്കാം."
വാക്കുകൾ തേൻപോലെ ഏലിയേസറിനു മധുരിച്ചു. അയാൾ പെട്ടെന്ന് വെള്ളംകുടി മതിയാക്കി യജമാനന്റെ ദൈവത്തിന് നന്ദിപറഞ്ഞു.
അവൾ ഒട്ടകങ്ങൾക്ക് ജലം കോരിക്കൊടുത്തു. ഒട്ടകങ്ങളുടെ ദാഹം ശമിച്ചപ്പോൾ കാലിയായ കുടം നിറച്ച് അവൾ ഭവനത്തിലേയ്ക്കു തിരിച്ചു. ഏലിയേസർ അവളുടെ മുന്നിലേയ്ക്ക് നീങ്ങിനിന്നു.
"കുട്ടിയുടെ പേരെന്താണ്...?"
"റെബേക്കാ..."
"എനിക്കും എന്റെ ഒട്ടകങ്ങൾക്കും കുട്ടി ദാഹജലം തന്നു. അതുകൊണ്ട് എന്നിൽനിന്ന് ഈ പാരിതോഷികം വാങ്ങിക്കൊള്ളുക."
റെബേക്കാ അവിശ്വസനീയതയോടെ അയാളെ നോക്കി. ദാഹജലം കൊടുത്തതിന് പാരിതോഷികമോയെന്ന് ചിന്തിക്കുകയും ചെയ്തു.
അരഷെക്കൽ തൂക്കമുള്ള സ്വർണമോതിരവും പത്തുഷെക്കൽ തൂക്കമുളള രണ്ടു വെള്ളിവളകളും അയാൾ അവൾക്കുനേരെ നീട്ടി. അപരിചിതനായ ഒരാളിൽനിന്ന് സമ്മാനം വാങ്ങുന്നതിലെ അനൗചിത്യം അവളെ ആശങ്കാകുലയാക്കി. എന്നാൽ പിതാവിനെക്കാളേറെ പ്രായമുള്ള ആ വൃദ്ധന്റെ കണ്ണുകളിലെ നിഷ്കളങ്കത അവളുടെ സംശയങ്ങളെ ദുരീകരിച്ചു. അവളത് ആദരവോടെ സ്വീകരിച്ചു.
"കുട്ടി ആരുടെ മകളാണെന്ന് എന്നോട് പറയുമോ?"
"നാഹോറിന് മിൽക്കായിൽ ജനിച്ച ബത്തുവേലിന്റെ മകളാണ് ഞാൻ."
"നാഹോർ അബ്രാഹം യജമാനന്റെ സഹോദരനല്ലേ?"
"അതേ. അങ്ങ് അദ്ദേഹത്തെ അറിയുമോ?" റെബേക്കാ അത്ഭുതപ്പെട്ടു."അേൽദ്ദഹമാണ് എെൽന്ന ഇേൽങ്ങാൽട്ട് അയൽച്ചതു. ഈ രാത്രിയില്ല? ഞൽങ്ങല്ല?ൽക്ക് കുൽട്ടിയുടെ പിതാവില്ലേക്ല ഭവനൽത്തില്ല? തൽങ്ങാൽൻ ഇടമുൽണ്ടാകുമോ?"
"അദ്ദേഹമാണ് എന്നെ ഇങ്ങോട്ട് അയച്ചതു. ഈ രാത്രിയിൽ ഞങ്ങൾക്ക് കുട്ടിയുടെ പിതാവിന്റെ ഭവനത്തിൽ തങ്ങാൻ ഇടമുണ്ടാകുമോ?"
"തീർച്ചയായും. എന്റെ പിതാവിന്റെ ഭവനത്തിൽ അങ്ങേയ്ക്കായി മുറിയൊരുക്കാം. ഒട്ടകങ്ങൾക്ക് തീറ്റയും വെള്ളവും കൊടുക്കാനുള്ള സൗകര്യവുമുണ്ട്."
കൂട്ടുകാരികൾക്കൊപ്പം റെബേക്കാ നടന്നുപേകുന്നത് ഏലിയേസർ നോക്കിനിന്നു. യജമാനന്റെ കർത്താവ് തന്നെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവരോട് എത്ര കാരുണ്യപൂർവമാണ് വർത്തിക്കുന്നതെന്ന് അയാളോർത്തു.
ഭൃത്യന്മാരെല്ലാം അപ്പോഴും വൃക്ഷത്തണലിൽ വിശ്രമിക്കുകയായിരുന്നു. യാത്രാ ക്ഷീണവും കുളിർമയുള്ള പടിഞ്ഞാറൻ കാറ്റിന്റെ തലോടലും മയക്കത്തിലാക്കിയിരുന്നതിനാൽ നടന്നതൊന്നും അവരറിഞ്ഞില്ല. ഏലിയേസർ അവരെ വിളിച്ചുണർത്തി.
"നമുക്ക് യാത്ര തുടരാം."
"സന്ധ്യ മയങ്ങാൻ ഇനി അധികനേരമില്ലല്ലോ. ഇന്നത്തെ യാത്ര ഇവിടെ അവസാനിപ്പിച്ചാലോ? കൂടാരം തീർക്കാൻ പറ്റിയ സ്ഥലമാണിത്."
"ഇന്നു നമ്മൾ അന്തിയുറങ്ങുക കൂടാരത്തിലല്ല; ഒരു ഭവനത്തിലാണ്."
"ഏതു ഭവനത്തിൽ? നമ്മൾ എത്തേണ്ടിടത്ത് എത്തിയെന്നാണോ?"
"അതേ. യജമാനന്റെ ദൈവം നമ്മളെ ലക്ഷ്യത്തിൽ എത്തിച്ചിരിക്കുന്നു. മാത്രമല്ല, ഇസഹാക്കിനുള്ള വധുവിനെയും അവിടുന്നു കാട്ടിത്തന്നു."
അവർ അവിശ്വസനീയതയോടെ പരസ്പരം നോക്കി. ഏലിയേസർ സ്വപ്നം കണ്ടതാകുമെന്ന് അവർ പിറുപിറുത്തു. അല്ലെങ്കിൽ ദൂതൻ പ്രത്യക്ഷപ്പെട്ടിരിക്കുമോ...?
"വരു നമുക്ക് ബത്തുവേലിന്റെ ഭവനത്തിലേയ്ക്കു പോകാം."
"ആരാണ് ബത്തുവേൽ?"
"യജമാനന്റെ സഹോദരപുത്രൻ. അദ്ദേഹത്തിന്റെ മകളായ റെബേക്കയാണ് വധു."
അവർ യാത്ര തുടർന്നു. ആർക്കും ബത്തുവേലിന്റെ ഭവനം നിശ്ചയമില്ലായിരുന്നിട്ടും ഒട്ടകങ്ങൾക്ക് സംശയമേതുമില്ലായിരുന്നു. അദൃശ്യനായ ആരോ തെളിക്കുംപോലെയാണ് അവ സഞ്ചരിച്ചതു.
തുടരും