ഹതയാത്രികർ


സലോമി ജോൺ വൽസൻ

യാത്രാപഥങ്ങളിൽ
ഏതോ മുജ്ജന്മ പാപങ്ങളിലൂടാടി
നാം യാതനകളുടെ അനന്ത-
പർവ്വങ്ങളിലൂടെ സഞ്ചരിക്കുന്നു

ജീവിതം വിഭ്രമങ്ങളുടെ,
വിലാപങ്ങളുടെ തീർത്ഥാടനം...
പുണ്യ,പാപശിലകൾ
ചുമടുതാങ്ങികളായ്‌ മാറുന്ന
തോരാദുരിതങ്ങളുടെ
തീർത്ഥയാത്ര...

ജീവിതമെന്ന മഹാമേരുവിന്റെ
തായ്ശിലകൾ ഇളകിയാടി
തിമർപ്പോടെ ഉരുൾപ്പൊട്ടുന്ന
ഹൃദന്തപ്രളയം...ഇവിടെ,
നാം സഹയാത്രികരെ
തേടി ചുഴിയാഴങ്ങളിലേയ്ക്ക്‌...
കൂപ്പുകുത്തുന്നു...
ജീവന്റെ വ്യാമോഹ
ജൽപ്പനങ്ങൾ നെഞ്ചിലേറ്റിയ
ഹതയാത്രികരുടെ
വേഷമാടിത്തീർക്കുവാൻ...

ആയുസ്സിന്റെ തിരയടങ്ങാത്ത
കടൽപ്പരപ്പിൽ
കണ്ണീരാഴങ്ങൾ വറ്റിവരണ്ട്‌
ഹൃദയത്തിൽ ഉപ്പളങ്ങൾ
പെരുകുന്നു...
കാൽവിതാനങ്ങളിൽ
ശവതാളം ധ്വനിയുയർത്തുന്നു...

എന്നിട്ടും എവിടെ നിന്നോ
കടന്നുവരുമെന്ന്‌ കരുതിനാം
കാതോർത്തിരിക്കുന്ന
സഹയാത്രികരുടെ പദവിന്യാസം
പ്രത്യാശയുടെ അനന്തമായ തുരുത്തിൽ
നിറതോറ്റമായ്‌ തീരുന്നു.

പകലുകൾ പതിവായൊടുങ്ങുമ്പോൾ
രാവുകൾ പകലിന്റെ പതിരായ്‌
പൊഴിയുമ്പോൾ
പ്രതീക്ഷയുടെ ഗോൽഗോഥയിൽ
ഉയർത്തപ്പെട്ട
നെഞ്ചറയിലെ കുരിശിൽ
ആരൊക്കെയോ
വെറുപ്പിന്റെ മൂർച്ചയിൽ
ചെത്തിമിനുക്കിയ
മരയാണികൾ ആഞ്ഞടിക്കുന്നു...
നാം എന്നേ അവരെ
അറിഞ്ഞിരുന്നു...തിരിച്ചറിവിന്റെ
നെരിപ്പോടിൽ പൊള്ളിപ്പിടഞ്ഞ്‌
സംയമനത്തിന്റെ കമ്പിളിപ്പുതപ്പിൽ
നാം നമ്മെത്തന്നെ
പുതച്ചുമൂടുകയായിരുന്നു...
തിരിച്ചറിവിന്റെ
തിരുമുറിവുകളിൽ തപിച്ച്‌...!

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ