സ്ത്രീസ്വത്വാന്വേഷണം മലയാളസാഹിത്യത്തിൽ

                 

ഡോ.അംബികാ  നായർ

സാഹിത്യം കലയാണ്‌. കല ജീവിതവും ജീവിതത്തിന്റെ നേർക്കാഴ്ചകളെ പകർത്തുന്ന സാഹിത്യകാരൻ സത്യത്തിന്റെ മുഖം ചാരുതയോടെ അവതരിപ്പിക്കുന്നു. ആവിഷ്കാരം വ്യത്യസ്തങ്ങളായ സാഹിത്യ രൂപങ്ങളിലൂടെയാകും. ആൺ പെൺഭേദം നിലനിൽക്കുന്ന ഒരു സമൂഹത്തിൻ എത്ര നിഷ്പക്ഷമായി ആവിഷ്കരിച്ചാലും ആണിന്റെ മനസ്സ്‌ ആണിനും  പെണ്ണിന്റെ മനസ്സ്‌ പെണ്ണിനും മാത്രമേ ആഴത്തിൽ അവതരിപ്പിക്കാൻ കഴിയുകയുള്ളൂ. പുരുഷൻ, സ്ത്രീയെക്കുറിച്ചുള്ള അവന്റെ കാഴ്ചപ്പാടുകൾ കൃതികളിലവതരിക്കുമ്പോൾ സ്ത്രീ അവളുടെ സ്വത്വം പൂർണ്ണമായും തന്റെ രചനകളിൽ നിറയ്ക്കുന്നു. അവളുടെ ചിന്തകൾ, വിചാരങ്ങൾ, വികാരങ്ങൾ ഒക്കെയും നിലനിൽക്കുന്ന പുരുഷകേന്ദ്രീകൃത വ്യവസ്ഥിതിക്കുള്ളിൽ നിന്നുടലെടുക്കുമ്പോഴും ഒരു തിരിച്ചറിവിന്റെ സ്വരം അതിലുണ്ട്‌. ഈ തിരിച്ചറിവാണ്‌ പെണ്ണെഴുത്ത്‌.സ്ത്രീയുടെ സ്വാതന്ത്ര്യം, സ്വത്വപ്രഖ്യാപനം, സ്ത്രീവിമോചനം, എന്നിങ്ങനെ പലതരത്തിൽ സാഹിത്യരംഗത്ത്‌ വ്യവഹരിക്കപ്പെടുന്ന സംജ്ഞയാണ്‌ പെണ്ണെഴുത്ത്‌. സ്ത്രീകൾ വിദ്യാഭ്യാസപരമായും സൃഷ്ടിപരമായും കൂടുതൽ ഇടപെടലുകൾ നടത്തി ജീവത്തായ ഒരു സംസ്കാരം എഴുത്തിലൂടെ കരഗതമാക്കുക എന്ന ലക്ഷ്യം ഇതിനുണ്ട്‌. ഒട്ടേറെ നിർവ്വചനങ്ങളും വ്യാഖ്യാനങ്ങളും ദുർവ്യാഖ്യാനങ്ങളുമുളള ഈ പരികൾപന സ്ത്രീയുടെ അവസ്ഥാന്തരങ്ങളെ വിചിന്തനങ്ങൾക്കു വിധേയമാക്കുകയും പുതിയ തലങ്ങൾ തേടുകയും അവ പ്രാബല്യത്തിലെത്തിക്കാൻ ശ്രമിക്കുകയുമാണ്‌ ചെയ്യുന്നത്‌.
സമൂഹത്തിലെ നന്മയും തിന്മയും സൗന്ദര്യവും വൈരൂപ്യവും സ്നേഹവും ദ്വേഷവും പ്രണയവും വിരഹവും എല്ലാം സാഹിത്യകാരന്റെ തൂലികയ്ക്കു പഥ്യം.  ഇവ അവതരിപ്പിക്കുമ്പോൾ അതിന്റെ ലക്ഷ്യം സമൂഹനന്മ തന്നെയായിരിക്കണം.  ഈ പരിപ്രേക്ഷ്യത്തിലാകണം നമ്മുടെ സാഹിത്യപ്രസ്ഥാനങ്ങൾ നീങ്ങേണ്ടത്‌. ക്ലാസിസിസം, നിയോക്ലാസിസിസം, റൊമാന്റിസം, മോഡണിസം, പോസ്റ്റ്മോഡേണിസം തുടങ്ങിയ സാഹിത്യ പ്രസ്ഥാനങ്ങൾ പോലെത്തന്നെയാണ്‌ ഫെമിനിസവും രംഗത്തെത്തിയത്‌.
ഏതു പ്രസ്ഥാനങ്ങൾക്കും വൃദ്ധി-ക്ഷയങ്ങളുണ്ട്‌.  ഏതാണ്ട്‌, തൊണ്ണൂറു കളിൽ ജ്വലിച്ചുനിന്ന ഫെമിനിസത്തിന്റെ ലക്ഷ്യവും ധർമ്മവും ഇന്ന്‌ തികച്ചും വ്യത്യസ്തം.  ആദ്യകാല എഴുത്തുകാരികൾ ആഗ്രഹിച്ച ലക്ഷ്യമല്ല ഇന്നത്തെ ഫെമിനിസത്തിന്റെ ലക്ഷ്യം.  ഓരോ കാലഘട്ടത്തിനും ഓരോ ലക്ഷ്യമുണ്ട്.  എന്തുകൊണ്ടാണ്‌ ഫെമിനിസം സമൂഹജീവിതത്തിലേക്കിറങ്ങാതെ സാഹിത്യ ത്തറവാട്ടിൽ മാത്രം ഒതുങ്ങി നിൽക്കുന്നതെന്ന്‌ ചിന്തിച്ചാൽ നന്നായിരിക്കും.
വളർച്ചയുടെ പടവുകൾ- സാധ്യതകൾ
സാമൂഹിക സ്വത്വങ്ങളിൽ വളരെയേറെ ഭിന്നത ആൺ-പെൺ വിഭാഗങ്ങൾക്കുണ്ട്‌.  വ്യക്തികേന്ദ്രിതമായ സമൂഹഘടനയിൽ ഇത്‌ വളരെ തീവ്രവുമാണ്‌.  പുരുഷ കേന്ദ്രീകൃതമായ ഒരു പരിപ്രേക്ഷ്യത്തിലാണ്‌ നമ്മുടെ സമൂഹത്തിന്റെ ചിട്ടകളും നിയമാവലികളുമെല്ലാം.  എങ്ങനെ?  എന്താകണം? ആയിത്തീരണം?, ആകാനേ പാടുളളൂ  എന്നു നിർദ്ദേശിക്കുന്ന പിതൃകേന്ദ്ര വ്യവസ്ഥിതിക്കുളളിൽ നിന്നുകൊണ്ടാണ്‌ ഏറെ ബന്ധനസ്ഥയായിരുന്ന ആദ്യകാലസ്ത്രീ എഴുതിത്തുടങ്ങിയത്‌. എഴുപതുകളിൽ ഫ്രഞ്ചുസാഹിത്യ ത്തിൽ ഫെമിനിസം ചർച്ചചെയ്യപ്പെട്ടു. വെർജീനിയ വുൾഫിന്റെ 'സ്വന്തമാ യൊരു മുറി'യും സിമോൺ ദ ബുവ്വെയുടെ 'ദ സെക്കന്റ്‌ സെക്സും' ബെറ്റി ഫ്രീസന്റെ 'ദ ഫെമിനിൻ മിസ്റ്റിക്കും' സ്ത്രീയെ അടിച്ചമർത്തുന്ന വ്യവസ്ഥയെ വിമർശിച്ചു.  ലൈംഗിക ഉപഭോഗവസ്തുവായി തരം താഴുന്ന സ്ത്രീക്ക്‌ ഏതു രംഗങ്ങളിലും തുല്യത വേണമെന്ന്‌ പടിഞ്ഞാറൻ ഫെമിനിസം വാദിച്ചു. 
എൺപതുകളിൽ മലയാളത്തിലേക്കു കടന്നുവന്ന ഫെമിനിസം തൊണ്ണൂറുകളിൽ ശക്തിപ്രാപിച്ചു.  സാറാജോസഫ്‌ പട്ടാമ്പി കേളേജിൽ രൂപീകരിച്ച മാനുഷിയിലൂടെയാണ്‌ സ്ത്രീശക്തി ആദ്യമായി ഉണരുന്നതും ഉയരുന്നതും. 'പാപത്തറ'യുടെ ആമുഖത്തിൽ സച്ചിദാനന്ദൻ പ്രയോഗിച്ച പെണ്ണെഴുത്ത്‌ എന്ന പദം നമുക്കു ചിരപരിചിതമായിത്തീർന്നതിനു കാരണം സാറാജോസഫ്‌ മുതൽ ഇന്നുവരെയുളള സ്ത്രീരചയിതാക്കളുടെ സ്വത്വസമർപ്പണവും ആവിഷ്കാരത്ത്വരയുമാണ്‌. എങ്കിലും അതിനോക്കെ യെത്രയോ മുമ്പ്‌ സി.വി. സുഭദ്രയിലൂടെയും  ചന്തുമേനോൻ ഇന്ദുലേഖ യിലൂടെയും സ്ത്രൈണചിത്തം വിഭാവനം ചെയ്തിരുന്നു.  ധൈര്യം, ബുദ്ധി സ്ഥിരത, പ്രണയം, സ്നേഹം, ഇവയെല്ലാം തികഞ്ഞ സ്ത്രീത്വമായിരുന്നു അവർ.  അന്ന്‌ വിദ്യാഭ്യാസം, അഭിപ്രായസ്വാതന്ത്ര്യം, ഇഷ്ടാഭിപ്രായ സാധ്യതയൊക്കെയായിരുന്നു സ്ത്രീകയറേണ്ടിയിരുന്ന പടവുകൾ.  പത്തൊൻപതാം നൂറ്റാണ്ടിലെ പരിഷ്കരണശ്രമം പൂർണ്ണമായി നിറവേറിയില്ലെങ്കിലും പഠിക്കാനും ചിന്തിക്കാനും പറയാനും കഴിവുളള സ്ത്രീ അന്നൊരു വിപ്ലവം തന്നെയായിരുന്നു.  സിമോൺ ദി ബുവ്വെ 'ദി സെക്കന്റ്‌ സെക്സി'ൽ സ്വാതന്ത്ര്യസമാർജ്ജനത്തിനുളള പഴുതുകൾ അന്വേഷിക്കു ന്നതുപോലെ ചന്തുമേനോൻ സ്ത്രീസ്വത്വാവിഷ്കാരത്തിനുകണ്ട മാർഗ്ഗങ്ങ ളാണ്‌ ഇവയൊക്കെ. മുപ്പതുകളിൽ സരസ്വതിയമ്മ നിഷേധാത്മകമായ നിലപാടുകളിലൂടെ സ്വതന്ത്രചിന്തയ്ക്കും സ്വതന്ത്രജീവിതത്തിനും സ്ത്രീയെ പ്രേരിപ്പിച്ചു.  സ്ത്രീയുടെ ചപലവികാരങ്ങളെ നിഷ്കരുണം പുറംതളളി.  പുരുഷനെ അടിയറവെക്കാനുളളതല്ല സ്ത്രീജന്മം  എന്നിവർ അക്കാലത്ത്‌ ധീരമായി വിളിച്ചോതി. മുലപ്പാലിന്റെ മാധുര്യം കൃതികളിലാവിഷ്കരിച്ച ലളിതാംബിക അന്തർജ്ജനം നമ്പൂതിരിസമുദായത്തിലെ സ്ത്രീകളുടെ ദുരവസ്ഥ പ്രമേയമാക്കുമ്പോൾ മൂടുപടമിട്ട മൂകദു:ഖാങ്ങളെ വാചാലമാ ക്കുകയാണ്‌ ചെയ്യുന്നത്‌. സമുദായത്തിനുളളിൽ കലാപക്കൊടികാട്ടി എല്ലാ സ്വാതന്ത്ര്യവും നേടിയെടുത്ത അന്തർജ്ജനം ഫെമിനിസത്തിന്റെ ശക്തയായ വക്താവാണ്‌.  നേടിയെടുത്ത സ്വാതന്ത്ര്യത്തിൽ അവർ കൃതാർത്ഥയും അക്കാലത്ത്‌ ഫെമിനിസം ആവശ്യപ്പെടുന്നതത്രമാത്രം. പക്ഷേ അന്നതിനെ ഫെമിനിസം എന്നു പേരിട്ട്‌ വിളിച്ചിരുന്നില്ല  മനസ്സിന്റെ ഉളളറകളിലെ സുഗന്ധമോഹങ്ങൾ പകർന്നുവെച്ച്‌ ജീവിതം സമ്മാനിച്ച നിരാശയിലേക്ക്‌ ആണ്ടുപോകുന്ന സ്ത്രൈണത രാജലക്ഷ്മി ആവിഷ്കരിക്കുമ്പോൾ പോലും കലാപമുഖരിതമായ ഒരു സ്ത്രീ മനസ്സാണ്‌ നിഗൂഢമായി കാണുന്നത്‌. മാധവിക്കുട്ടി എഴുതിയത്‌ സ്ത്രീയുടെ തുറന്നമനസ്സും അതിന്റെ മതിയാവാത്ത സ്നേഹവുമാണ്‌.  സമൂഹത്തിന്റെ വരൾച്ച സ്നേഹരാഹിത്യത്തിന്റെ വരൾച്ചയായി അവർ കരുതി.  


ആദിവാസി സ്ത്രീകളുടെ ഉന്നമനത്തിൽ വത്സലയുടെ കൃതികൾ മുറവിളി കൂടുന്നുണ്ടെങ്കിലും വ്യത്യസ്ത സമൂഹങ്ങളിൽ സാഹചര്യങ്ങളിൽ കരുത്തുനേടുന്ന സ്ത്രീകൾ ആ രചനയുടെ സ്വത്താണ്‌.  സരസ്വതിയമ്മയും അന്തർജ്ജനവും ചിന്തിച്ച വഴി മാത്രമല്ല സാറാജോസഫും, ഗ്രേസിയും സിതാരയും, ചന്ദ്രമതിയും പ്രിയ എ. എസും ഒക്കെ ശബ്ദിക്കുന്നത്‌.  അതിശക്തമായ സ്ത്രീകഥാപാത്രങ്ങൾ പുരാണങ്ങളിൽ നിന്നോ ഇതിഹാസങ്ങളിൽനിന്നോ ഒക്കെ ചിതറിത്തെറിച്ചിരിക്കാം. സാമൂഹ്യ-വിദ്യാഭ്യാസ-അഭിപ്രായ-
ഔദ്യോഗിക-കുടുംബ- ലൈംഗിക സ്വാതന്ത്ര്യങ്ങളെ ആവശ്യപ്പെടുന്ന ഈ കഥാപാത്രങ്ങൾ രക്തം ചീന്തുന്ന വാക്കുകളാൽ നമ്മുടെ മനസ്സിൽ പല സമകാലിക സത്യങ്ങളും കോറിയിടുന്നു.  

കഥ, കവിത, നാടകം, നോവൽ, സിനിമ തുടങ്ങിയ എല്ലാ മേഖലയിലും ഫെമിനിസ്റ്റു തലങ്ങൾ ധാരാളം.  വിജയലക്ഷ്മി, സുഗതകുമാരി, സാവിത്രീ രാജീവൻ, അനിതതമ്പി, വി.എം. ഗിരിജ, ലളിതാലെനിൻ, റോസ്മേരി തുടങ്ങിയ കവികളുടെ കൃതികളിൽ സ്ത്രൈണസ്വത്വാവിഷ്കരണമാണ്‌ കാണുന്നത്‌. നിരൂപണ രംഗത്തും ദൃശ്യമാധ്യമങ്ങളായ നാടകം-സിനിമ തുടങ്ങിയവയിലും ശ്രദ്ധേയമായ പെൺമുന്നേറ്റത്തിനും കുറിപ്പുകൾക്കും ഇടം കിട്ടി.  വിരുദ്ധ ജീവിതാവസ്ഥകളിൽ ചുറ്റിത്തിരിഞ്ഞമരുന്ന സ്ത്രീകൾ ചെറുത്തു നിൽക്കാൻ പ്രാപ്തിയുളളവരാകണം എന്ന തുടരൊലികൾ ഇവയിലുണ്ട്‌.  സുതാര്യവും സുദൃഢവും സുഭദ്രവും സുന്ദരവുമായ കലാപസ്വരം ഇവിടെ മുഴങ്ങുന്നു.
സാഹിത്യത്തിൽ ഫെമിനിസത്തിന്റെ തുടക്കകാരികളിൽ മുതൽ ഇളമുറക്കാരികളിൽ വരെ ഈ സാധ്യതയുടെ മുൻവിളികളാണ്‌ കാണുന്നത്‌. പിൻവിളി വിളിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്ന പുരുഷസമൂഹത്തെ  അവർ അറിയുന്നുണ്ട്‌. അതറിഞ്ഞുകൊണ്ട്‌ തന്നെ അവർ സമകാലിക വിഷയങ്ങളിൽ കത്തി ജ്വലിക്കുന്ന സ്ത്രീത്വം കൊണ്ടുവരുന്നു. മന്ദബുദ്ധിയായ പെൺകുഞ്ഞിന്റെ ജീവിതം  തന്റെ കാലശേഷമങ്ങനെ എന്നാകുലപ്പെടുന്ന അമ്മയെ നാം എന്നും അറിയുന്നു. വ്യഘ്രമായിയുണരുന്ന സ്ത്രികളെയും തൃഷ്ണകളമർത്തി മെരുങ്ങുന്ന മൃഗത്തെയും നാം കണ്ടു. ഇനിയുമൊടുവിൽ കാലമേൽപ്പിക്കുന്ന കടുത്ത വടുവിനെ ശക്തികൊണ്ട്‌ കരിയിച്ചു മുന്നേറുന്ന സ്ത്രീശക്തിക്കുവേണ്ടി നമുക്ക്‌ കാതോർക്കാം. സ്നേഹമെന്ന ജീവജലം പങ്കിടുന്ന സ്ത്രീ പുരുഷന്മാരെ  നമുക്ക്‌ തിരിച്ചറിയാം. ഇന്നത്തെ ഇളമുറക്കാരികളുടെ തൂലികകളിൽ വാർന്നൊഴുകേണ്ടത്‌ ഈ ശക്തിതന്നെ യാവട്ടെ. അതോടൊപ്പം ഒപ്പമൊഴുകുവാൻ സമൂഹ മനസ്സിനെ പ്രാപ്തരാക്കുക എന്നതും അവരിൽ നമുക്ക്‌ ഭാരമേൽപ്പിക്കാം. ഓരോ എഴുത്തുകാരികളുടെയും, (സ്ത്രീ) ഉള്ളിൽ ഒരു ഭ്രമരം മൂളുന്നുണ്ട്‌. ജാലകകാഴ്ചകൾ മാത്രം കണ്ടു തൃപ്തിപ്പെടുന്ന ആ ഭ്രമരം നമ്മുടെ ഉള്ളിൽ നിന്നും പുറത്തുവന്ന്‌ മുഖ്യധാരയിലേക്കെത്തട്ടേ.
പ്രതിസന്ധി
ഒരു പറ്റം സാഹിത്യകാരികൾ  സമാനമാനസികാവസ്ഥയുളളവരിലേക്കുണർത്തിവിടുന്ന സത്യങ്ങൾ പുരുഷകേന്ദ്രീകൃതമായ മൂല്യവ്യവസ്ഥയിൽ പെട്ടുഞ്ഞെരുങ്ങുമ്പോൾ ഉപരിപ്ലവങ്ങളായ മുറവിളികളായി മാത്രം ശേഷിക്കുന്നു.  അധികാരികൾ പുരുഷസമൂഹം, സ്ത്രീചൂഷകരായ പുരുഷവൃന്ദം, കൂടെനിന്ന്‌ ഒറ്റിക്കൊടുക്കുന്ന സ്ത്രീകൾ ഇവയൊക്കെ ചങ്ങലക്കുരുക്കായി മാറുമ്പോൾ സ്ത്രീ സ്വാതന്ത്ര്യം മിഥ്യയായിത്തീരുന്നു.  സ്ത്രീസമാജവും അതിലെ പ്രവർത്തകരും പരാതിയും പരിഭവവും ഏറ്റുവാങ്ങുന്നുണ്ടെങ്കിലും ഒന്നും ഒന്നിനും പരിഹാരമാകുന്നില്ല.
പുറപ്പെട്ടേടത്താണൊരായിരം
കാതമവൾ നടന്നിട്ടും, കുനിഞ്ഞു വീഴുന്നു-
ണ്ടൊരായിരം വട്ടം നിവർന്നു നിന്നിട്ടും ഉണർന്നിട്ടില്ലവ-
ളൊരായിരം നെഞ്ചിൽ ചവിട്ടുകൊണ്ടിട്ടും?
എന്ന്‌ ശക്തമായി എഴുതിയ ആറ്റൂർ, സ്ത്രീയുടെ സമകാലികാവസ്ഥയെയാണ്‌ ചൂണ്ടിക്കാട്ടുന്നത്‌.  ഫെമിനിസ്റ്റുകൾക്കുമുമ്പേ എഴുതിയ ഈ കവിത ശ്രദ്ധേയം. ആപേക്ഷികതകളുണ്ടെങ്കിലും ഇന്നും അവൾ അടിച്ച മർത്തപ്പെടുകയാണ്‌. 
ന സ്ത്രീ സ്വാതന്ത്ര്യമർഹതി?
എന്ന മനുസ്മൃതി ദുർവ്യാഖ്യാനം ചെയ്യപ്പെടുകയാണിവിടെ. പുറമേ പലകാര്യങ്ങളും വിളിച്ചു പറയുന്നുണ്ടെങ്കിലും ഉള്ളിന്റെയുള്ളിൽ തന്നെക്കാൾ ഉയരരുത്‌ സ്ത്രീ, എന്നാഗ്രഹിക്കുന്നവരാണ്‌ പുരുഷന്മാർ. ഇടുങ്ങിയ മനസ്സിന്റെ ഇടനാഴികളിൽ നിന്നുകൊണ്ടവൻ ചിന്തിക്കുമ്പോൾ സ്വാർത്ഥ തയ്ക്കാണ്‌ മുൻതൂക്കം. അതുകൊണ്ടാണ്‌ ചൂഷണത്തിനുള്ള വസ്തുവായി സ്ത്രീയെ അവൻ കാണുന്നത്‌. അതുകൊണ്ട്‌ കൂടിയാണ്‌  പീഡനങ്ങൾ ഏറുന്നത്‌. ഉപരിവിപ്ലവമായ ജൽപനങ്ങൾ അധികാരിവർഗ്ഗം കാറ്റിൽ പറത്തുമ്പോൾ സ്ത്രീയുടെ മാനം തന്നെയാണ്‌ കാറ്റിൽ പറക്കുന്നത്‌ പുരുഷനോടുള്ള വെല്ലുവിളിയല്ല അവളുടെ ജീവിതം. മറിച്ച്‌ സ്ത്രൈണമായ ഇച്ഛകൾ, കാമനകൾ, സ്വപ്നങ്ങൾ എന്നിവയിലൂടെ സാഫല്യം കാംക്ഷി ക്കുകയും സമത്വവും സ്വാതന്ത്ര്യവും നേടാനാഗ്രഹിക്കുകയുമാണവൾ. പക്ഷേ, കടലിനുനടുവിലെ ദ്വീപിലിരുന്ന്‌ കുടിക്കാൻ വെള്ളമന്വേഷിക്കുകയാണ്‌ ഇന്നവൾ. അതാണ്‌ ഇന്നത്തെ സ്ത്രീയുടെ അവസ്ഥ. ഒരു കൂട്ടം സ്ത്രീ പുരുഷന്മാർ ചിന്തിച്ചതുകൊണ്ടോ എഴുതിയതുകൊണ്ടോ ഇതിൽ നിന്ന്‌ മോചനമില്ല. വിദ്യാഭ്യാസം കൊണ്ട്‌ നേടേണ്ട വിവരത്തെക്കുറിച്ച്‌ ആദ്യകാല ഫെമിനിസം ചിന്തിച്ചു. എന്നാൽ വിദ്യാഭ്യാസമുണ്ടായിട്ടും അതിന്റെ സത്ത മനസ്സിലാക്കാൻ കഴിയാത്തവരാണ്‌ ഇന്നത്തെ സ്ത്രീകൾ. കാലമെത്ര കഴിഞ്ഞാലും വിദ്യയെത്രയേറിയാലും എത്ര ആധുനികമായി ചിന്തിച്ചാലും മൂല്യബോധവും പരസ്പരബഹുമാനവും ആദരവും അംഗീകാരവും സമത്വവും സ്വാതന്ത്ര്യവുമില്ലാത്ത ഒരു ജനതക്കിടയിൽ ഫെമിനിസം തളർന്നുപോകുന്നതിൽ ആകുലപ്പെടാനില്ല. തിരസ്കാരം സ്വീകാരത്തിനു സമമെന്ന ഭവഭൂതിയുടെ വാക്കുകൾ നമ്മുടെ ചിത്തവൃത്തികൾ ഉൾകൊള്ളുകയില്ലല്ലോ?.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ