24 Aug 2013

കൈകോർക്കട്ടെ, നമ്മുടെ ഗവേഷണവും ആധുനിക സാങ്കേതികവിദ്യയും



ടി. കെ. ജോസ്‌  ഐ എ എസ്
ചെയർമാൻ , നാളികേര വികസന ബോർഡ്


കേരളത്തിലെ നാളികേര മേഖലയിൽ കേരകർഷകർ നേരിടുന്ന നിരവധി പ്രശ്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്‌ തെങ്ങുകൃഷിയെ ബാധിക്കുന്ന കീടങ്ങളും രോഗങ്ങളും. നാളികേര വിലയിടിവിന്റെ കാണാക്കയങ്ങളിലൂടെ കടന്നുപോകുന്ന കേരകർഷകർക്ക്‌ കൂനിന്മേൽ കുരു എന്നതുപോലാണ്‌ നിരവധി രോഗങ്ങളുടേയും കീടങ്ങളുടേയും  ആവർത്തിച്ചുള്ള ആക്രമണം. ഇത്‌ നാളികേരത്തിന്റെ ഉത്പാദനത്തേയും ഉത്പാദനക്ഷമതയേയുമെല്ലാം കാര്യമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്‌. ഈ സന്ദർഭത്തിലാണ്‌ കാലിക പ്രാധാന്യമുള്ള വിഷയമെന്ന നിലയിൽ നാളികേര മേഖലയിലെ ഗവേഷണ പ്രോജക്ടുകളെക്കുറിച്ചുള്ള ഈ ലക്കം നാളികേര ജേണൽ പ്രസിദ്ധീകരിക്കുന്നത്‌.
കമ്മോഡിറ്റി ബോർഡുകളായ സ്പൈസസ്‌ ബോർഡ്‌, റബ്ബർ ബോർഡ്‌, കയർ ബോർഡ്‌ എന്നിവയ്ക്ക്‌ കീഴിൽ സ്വന്തമായ ഗവേഷണ കേന്ദ്രങ്ങളുണ്ട്‌. ഈ മൂന്ന്‌ ബോർഡുകളിലും അവരുടെ ഉത്പാദകർ നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങൾക്ക്‌ ഉത്തരം കാണുന്നതിന്‌ ഉചിതമായ ഗവേഷണ പദ്ധതികൾ ഏറ്റെടുക്കുന്നതിനും സമയബന്ധിതമായി അവയ്ക്ക്‌ പരിഹാരം കാണുന്നതിനും തനതായ ഗവേഷണ കേന്ദ്രങ്ങൾ ഉള്ളതുകൊണ്ട്‌ അവസരമുണ്ട്‌. എന്നാൽ നാളികേര വികസന ബോർഡിലാകട്ടെ സ്വന്തമായി ഗവേഷണസ്ഥാപനങ്ങൾ ഇല്ലാത്തതിനാൽ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ (ഐസിഎആർ) കീഴിലുള്ള ഗവേഷണ സ്ഥാപനങ്ങളെ ആശ്രയിക്കുക മാത്രമേ നിർവ്വാഹമുള്ളൂ.

നാളികേര കൃഷിയെ സംബന്ധിച്ച ഗവേഷണങ്ങൾ നടത്തേണ്ടത്‌ കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം (സിപിസിആർഐ) ആണ്‌. കാസർഗോഡും കായംകുളത്തും രണ്ട്‌ കേന്ദ്രങ്ങളാണ്‌ സിപിസിആർഐക്ക്‌ കേരളത്തിൽ ഉള്ളത്‌. നാളികേര വികസന ബോർഡിന്റെ സാമ്പത്തിക സഹായത്തോടെയും അല്ലാതെയും നിരവധി ഗവേഷണ പ്രവർത്തനങ്ങൾ
സിപിസിആർഐ ഏറ്റെടുത്ത്‌ നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്‌. പക്ഷേ പലപ്പോഴും തെങ്ങിന്റെ രോഗ-കീടബാധയെക്കുറിച്ചുള്ള ഗവേഷണങ്ങൾ ഫലപ്രാപ്തിയിലെത്താൻ വളരെയധികം കാലദൈർഘ്യം വരുന്നുവേന്നുള്ള പരാതിയാണ്‌ കേരകർഷകർക്കുള്ളത്‌. നാളികേര കർഷകരുടെ ഇത്തരം പരാതികൾക്ക്‌ എത്രവേഗത്തിൽ പരിഹാരം കാണാൻ സാധിക്കും എന്നതിനെക്കുറിച്ച്‌ വളരെ ഗൗരവകരമായി ചിന്തിക്കേണ്ടതുണ്ട്‌.
തെങ്ങുകൃഷിയിൽ മാത്രമല്ല മറ്റേതു കൃഷിയിലും കാലികമായ ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞുവരുന്ന പുതിയ ആശയങ്ങൾ വേഗത്തിൽ കർഷകരിലേക്ക്‌ പകർന്നുകൊടുത്താൽ മാത്രമേ അവർക്ക്‌ പിടിച്ചുനിൽക്കാനും വളരാനും സാധിക്കുകയുള്ളൂ. കാർഷിക രംഗത്തെ ഗവേഷണങ്ങൾ കേവലം രോഗ-കീട നിയന്ത്രണ മാർഗ്ഗങ്ങളെക്കുറിച്ച്‌ മാത്രമല്ല; മറിച്ച്‌, മികച്ച ഗുണമേന്മയുള്ള വിത്തുകളുടേയും തൈകളുടേയും ഉത്പാദനം, ആധുനിക തൈ ഉത്പാദന സങ്കേതങ്ങളെക്കുറിച്ചുള്ള ഗവേഷണം എന്നിവയേയും സംബന്ധിച്ചാണ്‌. പ്രചുര പ്രജനന സങ്കേതങ്ങൾ നിരവധി കാർഷിക വിളകളിൽ ഇന്ന്‌ പ്രാവർത്തികമാക്കിയിട്ടുണ്ട്‌. ആധുനിക ബയോടെക്നോളജിയുടെ സങ്കേതങ്ങളുപയോഗിച്ച്‌ വിത്തുകളും തൈകളും ധാരാളമായി ഉത്പാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യയും മിക്കവാറും പ്രധാനപ്പെട്ട വിളകളിലെല്ലാം ഇതിനോടകം വികസിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്‌. എന്നാൽ നാളികേര കൃഷിയിലാകട്ടെ ഇന്നും ഒരു തേങ്ങയിൽ നിന്ന്‌ ഒരു തെങ്ങിൻ തൈ ഉണ്ടാകുന്നതിന്‌ 22 മുതൽ 24 മാസം വരെ കാത്തിരിക്കേണ്ട അവസ്ഥയാണ്‌.

കാറ്റുവീഴ്ച രോഗം ഏറ്റവുമധികം ബാധിച്ച പ്രദേശങ്ങളിലും, പൊതുവേ ഉത്പാദനക്ഷമത കുറഞ്ഞ പ്രദേശങ്ങളിലും രോഗപ്രതിരോധശേഷിയും മികച്ച ഉത്പാദനക്ഷമതയും പ്രദർശിപ്പിക്കുന്ന, ശരാശരിയേക്കാൾ പല മടങ്ങ്‌ വിളവ്‌ നൽകുന്ന വളരെ മികച്ച തെങ്ങുകൾ (​‍്​‍ുലൃ ​‍ുമഹാ​‍െ) കാണാറുണ്ട്‌. എന്നാൽ നിലവിലുള്ള രീതിയിൽ ആ തെങ്ങിന്റെ എല്ലാ ഗുണങ്ങളും പ്രദർശിപ്പിക്കുന്ന  തൈകൾ ധാരാളമായി ഉത്പാദിപ്പിക്കുവാൻ കഴിയില്ല. 250-300 നാളികേരം കൃത്യമായി എല്ലാ വർഷവും ഉത്പാദിപ്പിക്കുന്ന നല്ല ആരോഗ്യവും രോഗപ്രതിരോധശേഷിയുമുള്ള മികച്ച തെങ്ങുകൾ പല കർഷകരുടേയും കൃഷിയിടങ്ങളിലുണ്ട്‌. അതിൽ നിന്ന്‌ ആയിരമോ, പതിനായിരമോ, ലക്ഷക്കണക്കിനോ തെങ്ങിൻ തൈകൾ ഉത്പാദിപ്പിക്കാൻ കഴിയുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ടായി
രുന്നെങ്കിൽ നാളികേര കർഷകർ ഇന്ന്‌ നേരിടുന്ന പല പ്രശ്നങ്ങൾക്കും ശാശ്വതമായ പരിഹാരം കാണാൻ സാധിക്കുമായിരുന്നില്ലേ.
കേരളത്തിലെ റബ്ബർ കർഷകർ ലോകത്തിലെ ഏറ്റവും മികച്ച ഉത്പാദനക്ഷമത നേടിയെടുത്തതിന്റെ പ്രധാന കാരണം റബ്ബർ ബോർഡിന്‌ കീഴിലുള്ള ഇന്ത്യൻ റബ്ബർ റിസർച്ച്‌ ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന്‌ വളരെ വേഗത്തിൽ മികച്ച തൈകൾ  വികസിപ്പിച്ചെടുത്ത്‌ ധാരാളമായി ഉത്പാദിപ്പിച്ച്‌ കർഷകർക്ക്‌ വിതരണം ചെയ്തത്‌ കൊണ്ടാണ്‌. ഇതിന്‌ കേവലം 20-25 വർഷങ്ങളേ വേണ്ടിവന്നുള്ളൂ. കേരളത്തിലെ കേര കർഷകർക്കും മികച്ച നടീൽ വസ്തുക്കൾ വേഗത്തിൽ ലഭ്യമാക്കിയിരുന്നുവേങ്കിൽ നാളികേര മേഖലയിലും ലോകത്തിലെ ഏറ്റവും മികച്ച ഉത്പാദനക്ഷമത കൈവരിക്കുവാൻ സാധിക്കുമായിരുന്നുവേന്ന കാര്യത്തിൽ സംശയമില്ല. കേരകൃഷിയിൽ ഉത്പാദനക്ഷമത കുറയുന്നതിന്‌ ഏറ്റവും പ്രധാന കാരണം ഗുണമേന്മയുള്ള തൈകളുടെ ലഭ്യതക്കുറവ്‌ തന്നെയാണ്‌. ആധുനിക സാങ്കേതിക ഗവേഷണങ്ങളിലൂടെയല്ലാതെ ഇത്തരമൊരു പ്രക്രിയ വികസിപ്പിച്ചെടുക്കുന്നതിനും ധാരാളമായി തൈകൾ ഉത്പാദിപ്പിക്കുന്നതിനും നമുക്ക്‌ കഴിയില്ല.
1998ൽ കൊടിയ വരൾച്ചയ്ക്ക്‌ ശേഷം കേരളമൊട്ടാകെ തെങ്ങുകൃഷിയിടങ്ങളിൽ മണ്ഡരി രോഗബാധയുണ്ടായി. ഏതാനും വർഷങ്ങൾ തന്നെ വേണ്ടിവന്നു ഇത്‌ ഫലപ്രദമായി പ്രതിരോധിക്കുവാൻ.  മണ്ഡരി കീടങ്ങളെ തിന്നു നശിപ്പിക്കുന്ന എതിർജീവികൾക്ക്‌ കൂട്ടത്തോടെ വംശനാശം നേരിട്ടത്‌ ശക്തമായ വേനൽക്കാലത്തായിരുന്നുവേന്നത്‌ ശാസ്ത്രലോകം കണ്ടെത്തുകയുണ്ടായി. അത്തരമൊരു സാഹചര്യം ഈ വർഷവും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന്‌ ചില കർഷകർ ചൂണ്ടിക്കാണിക്കുന്നു. അതിനാവശ്യമായ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കേണ്ട സമയമാണിത്‌. ഇത്തരം മേഖലകളിൽ ഗവേഷണങ്ങൾ കേവലം ലബോറട്ടറിയിൽ മാത്രം ഒതുങ്ങി നിൽക്കാതെ കർഷകരുടെ കൃഷിയിടങ്ങളിലേക്ക്‌ ഇറങ്ങിവന്ന്‌ ഗവേഷണം നടത്തുന്ന രീതിയും സംസ്ക്കാരവും നാളികേരമേഖലയിൽ ഉണ്ടാവേണ്ടതുണ്ട്‌.
ഗവേഷണ പ്രവർത്തനങ്ങളുടെ മറ്റൊരു രംഗം നൂതനവും നവീനവുമായ ഉൽപന്നങ്ങൾ കണ്ടെത്തി, വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കുന്നതിനുള്ള സാങ്കേതികവിദ്യകൾ വികസിപ്പിക്കുക കൂടിയാണ്‌. സിഎഫ്ടിആർഐ, ഡിഎഫ്‌ആർഎൽ തുടങ്ങി നിരവധി സ്ഥാപനങ്ങളുമായി കൈകോർത്തുകൊണ്ട്‌ നാളികേര വികസന ബോർഡ്‌ ഇത്തരത്തിലുള്ള നിരവധി സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ട്‌. നാളികേര ടെക്നോളജി മിഷന്റെ കീഴിൽ 260 ഓളം പ്രോജക്ടുകൾക്ക്‌ അനുമതിയും നൽകിയിട്ടുണ്ട്‌. എന്നാൽ ഈ മേഖലയിൽ കൂടുതൽ ഗവേഷണങ്ങൾ ആവശ്യമായുണ്ട്‌. നിരവധി വികസിത രാജ്യങ്ങളിൽ തേങ്ങപ്പാലിന്റേയും തേങ്ങപ്പാലിൽ നിന്നുള്ള ക്രീമിന്റേയും തേങ്ങപ്പാൽപ്പൊടിയുടേയും കോക്കനട്ട്‌ ഫ്ലേക്സിന്റേയും ആവശ്യകത വർദ്ധിച്ചുവരുന്നുണ്ട്‌. പ്രമേഹരോഗികൾക്കും ഹൃദ്രോഗികൾക്കും ഉപയോഗിക്കാൻ കഴിയുന്ന കൊഴുപ്പ്‌ ഏറ്റവും കുറഞ്ഞ, മധുരം ഉപയോഗിക്കാത്ത ഐസ്ക്രീം ഉത്പാദിപ്പിക്കുന്നതിനും ഇന്ന്‌ ഭക്ഷ്യസംസ്ക്കരണ രംഗം നാളികേര മേഖലയെ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്‌. "ഡയറി ഫ്രീ, സോയാ ഫ്രീ, ഗ്ലൂട്ടൺ ഫ്രീ, ഏഗ്ഗ്‌ ഫ്രീ, നട്ട്‌ ഫ്രീ"തുടങ്ങിയ ഗുണവിശേഷങ്ങളുള്ള "കോയോ" എന്ന ആസ്ത്രേലിയൻ കമ്പനിയുടെ ഐസ്ക്രീം തേങ്ങാപ്പാലിൽ നിന്നും ഉത്പാദിപ്പിക്കുന്നതാണ്‌. കൊഴുപ്പ്‌ കുറഞ്ഞതും കൂടിയതുമായ നിരവധി തേങ്ങപ്പാൽ ഉൽപന്നങ്ങൾ കൺഫെക്ഷണറി, കാറ്ററിംഗ്‌, മറ്റ്‌ ഭക്ഷ്യോൽപന്ന വ്യവസായങ്ങളിൽ ആവശ്യമുണ്ട്‌. നാളികേര കൃഷിയിലും രോഗ, കീട ബാധയെ സംബന്ധിച്ചും നാളികേരോൽപന്നങ്ങളുടെ സംസ്ക്കരണ വ്യവസായത്തെക്കുറിച്ചും ആധുനിക ഗവേഷണങ്ങളുടെ ഒരു ശൃംഖല തന്നെ വർദ്ധിച്ചതോതിൽ ഉണ്ടാവേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌.
മുൻകാലങ്ങളിൽ നാളികേര വികസന ബോർഡ്‌ കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്ക്‌ മാത്രമാണ്‌ ഗവേഷണ പദ്ധതികൾക്ക്‌ സാമ്പത്തിക സഹായം ചെയ്തിരുന്നത്‌. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി സർക്കാർ, എയ്ഡഡ്‌, സ്വാശ്രയ മേഖലകളിലെ  സ്ഥാപനങ്ങളിൽ മികച്ച വകുപ്പുകളും മികച്ച ഗവേഷകരും ഉണ്ടെങ്കിൽ അത്തരം സ്ഥാപനങ്ങളുടെ പ്രോജക്ടുകൾ ഏറ്റെടുക്കാൻ ആരംഭിച്ചിട്ടുണ്ട്‌. കേരളം, തമിഴ്‌നാട്‌, കർണ്ണാടക, ആന്ധ്രപ്രദേശ്‌ തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷകർ തങ്ങളുടെ കൂട്ടായ്മകളായ സിപിഎസ്‌, ഫെഡറേഷൻ, ഉത്പാദക കമ്പനി എന്നിവയുടെ തലത്തിൽ ഇത്തരം വിദ്യാഭ്യാസ - ഗവേഷണ സ്ഥാപനങ്ങളുമായി നാളികേരത്തിന്റെ അനന്തവും അപാരവുമായ സാദ്ധ്യതകളെക്കുറിച്ചും  രോഗ, കീട ബാധകളെ ചെറുക്കുന്നതിനുള്ള മാർഗ്ഗങ്ങൾ  അവലംബിക്കുന്നതിനുള്ളതടക്കം നാളികേര മേഖലയിൽ ആവശ്യമായ ഗവേഷണങ്ങളെക്കുറിച്ചും ആശയവിനിമയം നടത്തേണ്ടതുണ്ട്‌. ഇന്ത്യയിലെ പ്രധാന ഐഐടികളും ഐഐഎമ്മുകളുമായും ഇവർക്ക്‌  സംവദിക്കാൻ കഴിയണം. അവിടുത്തെ മാനേജ്‌മന്റ്‌ വിദഗ്ദ്ധരുടേയും സാങ്കേതിക വിദഗ്ദ്ധരുടേയും അറിവുകളും കഴിവുകളും നാളികേരത്തിൽ നിന്ന്‌ മികച്ച വരുമാനം നേടിത്തരാൻ ഉതകുന്ന ഉൽപന്ന വൈവിദ്ധ്യവൽക്കരണത്തിനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന്‌ പ്രയോജനപ്പെടുത്താൻ കഴിയില്ലേ. കർഷക കൂട്ടായ്മകൾ ഇതിന്‌ ഏറെ പ്രാധാന്യം നൽകിക്കൊണ്ട്‌ തങ്ങളുടെ പ്രദേശത്തെ പ്രധാനപ്പെട്ട വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളുമായി നിരന്തരം ബന്ധപ്പെടുകയും ആശയവിനിമയം നടത്തുകയും അവരുമായി കൂട്ടുചേർന്ന്‌ നാളികേര മേഖലയിൽ ഗവേഷണത്തിനായുള്ള പദ്ധതികൾ ഏറ്റെടുക്കുകയും ചെയ്യണമെന്ന്‌ അഭ്യർത്ഥിക്കുന്നു.
കാർഷിക ഗവേഷണം പ്രായോഗിക തലത്തിലേക്ക്‌ മാറേണ്ടതുണ്ട്‌. പലപ്പോഴും ലബോറട്ടറിയിലും ക്ലാസ്സ്‌ മുറികളിലും ഒതുങ്ങിനിൽക്കുന്ന ഗവേഷണങ്ങളെ കർഷകരുടെ കൃഷിഭൂമിയിലേക്ക്‌ കൂടി എത്തിക്കുവാൻ നമുക്ക്‌ പരിശ്രമിക്കാം. ഔപചാരികമായ ഗവേഷണ ബിരുദമോ ബിരുദാനന്തര ബിരുദമോ ഒന്നുമില്ലെങ്കിൽ തന്നെയും പ്രായോഗിക അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഗവേഷണങ്ങളും പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തി കണ്ടെത്തലുകൾ നടത്തിയ കർഷക പ്രതിഭകളെ കണ്ടെത്തുന്നതിനും ഇവരുടെ കൂട്ടായ്മകൾ കേരളമൊട്ടാകെ വ്യാപിപ്പിക്കുന്നതിനും നമുക്കാകണം. സാധാരണക്കാരന്‌ താങ്ങാൻ കഴിയുന്ന ഗവേഷണപഠനങ്ങൾ നമുക്ക്‌ കൂടുതലായി ഉണ്ടാവേണ്ടതുണ്ട്‌. 'ഹണിബീ ഫൗണ്ടേഷൻ', 'നാഷണൽ ഇന്നോവേഷൻ കൗൺസിൽ' തുടങ്ങിയ സ്ഥാപനങ്ങളുമായി കൈകോർത്ത്‌ ചേർന്ന്‌ പ്രവർത്തിക്കുവാൻ നമുക്ക്‌ സാധിക്കുകയില്ലേ. ഇത്തരത്തിലുള്ള കാർഷിക കൂട്ടായ്മകൾക്ക്‌ മറ്റ്‌ പ്രവർത്തനങ്ങളോടൊപ്പം പ്രായോഗിക ഗവേഷണത്തിൽ എങ്ങനെ മുന്നോട്ട്‌ പോകാൻ കഴിയുമെന്ന കാര്യത്തിൽ വായനക്കാരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിക്കുകയാണ്‌.
ഗവേഷണഫലങ്ങൾ വേഗത്തിൽ, സാധാരണക്കാർക്ക്‌ പ്രാപ്യവും സുലഭമായി, താങ്ങാവുന്ന ചിലവിൽ ലഭിക്കേണ്ടതുമുണ്ട്‌. ഇതിന്റെ അടിസ്ഥാനത്തിൽ നമ്മുടെ ഗവേഷണ ഫലങ്ങളെ വിലയിരുത്തേണ്ടതുണ്ട്‌. സിപിഎസ്‌, സിപിഎഫ്‌, ഉത്പാദക കമ്പനികൾ എന്നിവയും നാളികേര വികസന  ബോർഡും ചേർന്ന്‌ ഗവേഷണ പരിചയമുള്ള അദ്ധ്യാപകരുള്ള ലൈഫ്‌ ശയൻസ്‌ ഡിപ്പാർട്ട്‌മന്റുകളുള്ള നമ്മുടെ നാട്ടിലെ തന്നെ നിരവധി കോളേജുകളുമായി സഹകരിച്ച്‌  മുന്നോട്ട്‌ പോകുന്നത്‌ സംബന്ധിച്ചും  നിലവിലുള്ള ഗവേഷണ, ധനസഹായസ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം തേടുന്നത്‌ സംബന്ധിച്ചും ഇത്തരം ഗവേഷണ പ്രോജക്ടുകളിൽ ഏറ്റെടുക്കേണ്ട വിഷയങ്ങളെക്കുറിച്ചും ആധുനിക ഗവേഷണ സങ്കേതങ്ങൾക്ക്‌ കൂടുതൽ ഊന്നൽ കൊടുക്കേണ്ടതിനെക്കുറിച്ചും ആഴത്തിൽ ചിന്തിക്കുന്നതിനും ചർച്ച ചെയ്യുന്നതിനും നമുക്ക്‌ പരിശ്രമിക്കാം.
അടുത്ത  മേഖല നാളികേര സംസ്ക്കരണ രംഗത്ത്‌ സാങ്കേതിക വിദ്യാഭ്യാസം ലഭിച്ച ആളുകളുടെ അഭാവമാണ്‌. ഏറ്റവും ഖേദകരമായ കാര്യം നാളികേര സംസ്ക്കരണ രംഗത്തേക്ക്‌ നമ്മുടെ ഉത്പാദക സംഘങ്ങളും ഫെഡറേഷനുകളും ഉത്പാദക കമ്പനികളും കടന്നുവരുമ്പോൾ നാളികേര  സംസ്ക്കരണ മേഖലയിൽ സാങ്കേതിക വിദ്യാഭ്യാസം സിദ്ധിച്ച ആളുകളില്ല എന്നുള്ളതാണ്‌. സർട്ടിഫിക്കറ്റ്‌ കോഴ്സ്‌, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം എന്നീ തലങ്ങളിൽ നാളികേര സംസ്ക്കരണ വ്യവസായ രംഗങ്ങളിൽ നമുക്ക്‌ പരിശീലനം നേടിയ സാങ്കേതിക വിദഗ്ദ്ധരെ സൃഷ്ടിച്ചെടുക്കേണ്ടതില്ലേ. നാളികേര സംസ്ക്കരണത്തിന്റെ ബി. ടെക്‌ ബിരുദകോഴ്സ്‌ എന്നാണ്‌ നമുക്ക്‌ ആരംഭിക്കാൻ കഴിയുക. സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്ക്‌ ഒരുപോലെ അധികാരമുള്ള കൺകറന്റ്​‍്‌ ലിസ്റ്റിലാണ്‌ വിദ്യാഭ്യാസം ഉൾപ്പെടുത്തിയിരിക്കുന്നത്‌. സർവകലാശാലകളേയും കാർഷിക സർവ്വകലാശാലകളേയും ശാസ്ത്ര സാങ്കേതിക സർവ്വകലാശാലകളേയുമെല്ലാം നാളികേര സംസ്ക്കരണ രംഗത്ത്‌ വിവിധ കോഴ്സുകൾ ആരംഭിക്കുന്നതിന്‌ പ്രേരിപ്പിക്കേണ്ടിയിരിക്കുന്നു. നാളികേര മേഖലയിൽ ഗവേഷണം നടത്തി പിഎച്ച്ഡി ബിരുദം നേടിയ നൂറ്‌ ആളുകളുണ്ടാവാൻ നമുക്കെത്രകാലം കാത്തിരിക്കേണ്ടിവരും. കർഷകരും കർഷക കൂട്ടായ്മകളും ഇത്തരത്തിലുള്ള കോഴ്സുകൾക്കായി ഗവണ്‍മന്റുകളോടും യൂണിവേഴ്സിറ്റികളോടും ആവശ്യപ്പെടേണ്ട സമയമായിരിക്കുന്നു.
കേരളത്തിൽ 10 ഉത്പാദക കമ്പനികൾ നിലവിൽ രൂപീകരിച്ചുകഴിഞ്ഞു. ഇവ തന്നെ 5 സാങ്കേതിക വിദഗ്ദ്ധരെ വീതം ആവശ്യപ്പെട്ടാൽ 50 പേരെ ആവശ്യമുണ്ട്‌. അടുത്തവർഷം കൂടുതൽ കമ്പനികൾ നിലവിൽ വരുമ്പോൾ  ഓരോ കമ്പനിയും നിരവധി നാളികേരോൽപന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള പ്രോജക്ടുകൾ ആരംഭിക്കുന്നതോടെ ഈ രംഗത്ത്‌ സാങ്കേതിക വിദ്യാഭ്യാസം സിദ്ധിച്ച ആളുകൾക്ക്‌ തൊഴിൽ രംഗത്തും സംരംഭക രംഗത്തും കേരളത്തിൽ തന്നെ നിരവധി അവസരങ്ങൾ ലഭിക്കും. ബന്ധപ്പെട്ട ഡിപ്പാർട്ടുമന്റുകളും യൂണിവേഴ്സിറ്റികളും ഇക്കാര്യത്തിൽ ശ്രദ്ധിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു. കർഷക കൂട്ടായ്മകൾ ഈ രംഗത്തേക്ക്‌ കടന്നുവരാൻ ഇവരെ പ്രേരിപ്പിക്കുന്നതിന്‌ മുൻകൈ എടുക്കണമെന്ന്‌ അഭ്യർത്ഥിക്കുകയാണ്‌. ദൃശ്യ, ശ്രവ്യ മാധ്യമങ്ങൾ കൂടി ഇത്തരം കാര്യങ്ങളെ സംബന്ധിച്ച്‌ പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനെക്കുറിച്ച്‌ ചിന്തിക്കണ മെന്നുകൂടി അഭ്യർത്ഥിച്ചുകൊണ്ട്‌.
    സ്നേഹാദരങ്ങളോടെ,
   

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...