ആർ.ജ്ഞാനദേവൻ
അസിസ്റ്റന്റ് ഡയറക്ടർ, നാളികേര വികസന ബോർഡ്, കൊച്ചി-11
തെങ്ങിനെ ബാധിക്കുന്ന പല പ്രധാന രോഗങ്ങളേയൂം കീടങ്ങളേയും ജൈവകീടനാശിനികളും, ജൈവിക നിയന്ത്രണ മാർഗ്ഗങ്ങളും ഉപയോഗിച്ച് ഫലപ്രദമായി നിയന്ത്രിക്കാവുന്നതാണ്. അമിതമായ രാസകീട നാശിനികളുടെ ഉപയോഗം മൂലം ഉണ്ടാകുന്ന പല പരിസ്ഥിതി പ്രശ്നങ്ങളും, ആരോഗ്യപ്രശ്നങ്ങളും അപായരഹിതമായ ജൈവിക മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതുവഴി ഒഴിവാക്കാവുന്നതാണ്. കൂടാതെ രാസ കീടനാശിനികൾ തുടർച്ചയായി ഉപയോഗിക്കുന്നതുമൂലം പല കീടങ്ങളും പ്രതിരോധശക്തി ആർജ്ജിക്കുന്നു. തെങ്ങിന്റെ ചില പ്രധാന രോഗങ്ങളേയും കീടങ്ങളേയും ഫലപ്രദമായി നിയന്ത്രിക്കുന്ന കർഷകന് തന്നെ സ്വന്തമായി തയ്യാറാക്കാവുന്ന ചില ജൈവകീടനാശിനികളേയും കീടത്തെ ആകർഷിച്ചു വീഴ്ത്താൻ പറ്റിയ കെണികളേയും, രോഗം വരുത്തുന്ന അണുക്കളേയും കീടങ്ങളുടെ ലാർവകളേയും പ്യൂപ്പാവസ്ഥയേയും തിന്ന് നശിപ്പിക്കുന്ന ചില നാടൻ മിത്രപരാദങ്ങളേയും , മിത്രകുമിളുകളേയും, ബാക്ടീരിയയേയും കുറിച്ചാണ് ഈ ചെറുലേഖനത്തിൽ വിവരിക്കുന്നത്.
ജൈവകീടനാശിനികൾ
വേപ്പിൻസത്ത് അടങ്ങിയവ
കൊമ്പൻചെല്ലി, മണ്ഡരി, നാമ്പോലയും പൂങ്കുലയും തേങ്ങയേയും ആക്രമിക്കുന്ന ശൽക്കകീടങ്ങൾ, മച്ചിങ്ങയും കരിക്കും കേടുവരുത്തുന്ന പൂങ്കുലച്ചാഴി, മീലിമൂട്ട തുടങ്ങിയ കീടങ്ങളെ നിയന്ത്രിക്കാൻ വേപ്പിൻസത്ത് അടങ്ങിയ ജൈവകീടനാശിനികൾ വളരെ ഫലപ്രദമാണ്. കൊമ്പൻചെല്ലിയുടെ ആക്രമണമുള്ള സ്ഥലങ്ങളിൽ തെങ്ങിന്റെ ഏറ്റവും മുകളിലുള്ള 2-3 ഓലക്കാലുകളിൽ 250 ഗ്രാം പൊടിച്ച വേപ്പിൻ പിണ്ണാക്ക് തുല്യഅളവിൽ മണലുമായി ചേർത്ത മിശ്രിതം നിറയ്ക്കുന്നത് ചെല്ലിയുടെ ആക്രമണം ഫലപ്രദമായി തടയും. വേപ്പിൻ പിണ്ണാക്കിന് പകരം പൊടിച്ച മരോട്ടിപ്പിണ്ണാക്കായാലും മതി. വേപ്പെണ്ണ എമൾഷൻ, വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം, വേപ്പിൻ കുരു സത്ത് തുടങ്ങിയവ മണ്ഡരി, ശൽക്കകീടങ്ങൾ, പൂങ്കുലച്ചാഴി തുടങ്ങിയവയെ നിയന്ത്രിക്കാൻ ഫലപ്രദമാണ്. ഇവ കർഷകർക്ക് തന്നെ തയ്യാറാക്കാവുന്നതാണ്.
വേപ്പെണ്ണ എമൾഷൻ
അറുപത് ഗ്രാം ബാർസോപ്പ് അരലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചെടുക്കുക. ഈ ലായനിയിലേക്ക് ഒരു ലിറ്റർ വേപ്പെണ്ണ സാവധാനത്തിൽ ഒഴിക്കുകയും ഇളക്കുകയും ചെയ്യുക. ഈ ലായനി 10 ഇരട്ടി (15 ലിറ്റർ) വെള്ളം ചേർത്ത് തെങ്ങിന്റെ മണ്ടയിൽ ബാധിക്കുന്ന ശൽക്ക കീടങ്ങൾക്കെതിരെ തളിക്കാനായി ഉപയോഗിക്കാം.
വേപ്പെണ്ണ - വെളുത്തുള്ളി മിശ്രിതം
അരലിറ്റർ വെള്ളത്തിൽ 50 ഗ്രാം ബാർസോപ്പ് ലയിപ്പിക്കുക. ഈ സോപ്പ് ലായനി 200 മി.ലി. വേപ്പെണ്ണ ചേർത്ത് പതപ്പിക്കുക. വെളുത്തുള്ളി 200 ഗ്രാം അരച്ച് 300 മി.ലി. വെള്ളത്തിൽ കലക്കി അരിച്ചെടുത്ത് വേപ്പെണ്ണ എമൾഷനിൽ ചേർത്ത് കൊടുക്കുക. ഇപ്രകാരം കിട്ടിയ മിശ്രിതം 9 ലിറ്റർ വെള്ളം ചേർത്ത് 10 ലിറ്റർ സ്പ്രേ ലായനി തയ്യാറാക്കണം. തെങ്ങിൻ മണ്ടയിൽ കാണുന്ന മണ്ഡരിക്കും മറ്റു ശൽക്ക കീടങ്ങൾക്കുമെതിരെ തളിക്കുന്നതിന് ഇത് ഉപയോഗിക്കാം. ഒരു തെങ്ങിന് മരുന്ന് തളിക്കുന്നതിന് ഏകദേശം 2 ലിറ്റർ സ്പ്രേ ലായനി വേണ്ടി വരും. തളിക്കേണ്ട തെങ്ങുകളുടെ എണ്ണമനുസരിച്ച് മുകളിൽ പറഞ്ഞ അനുപാതത്തിൽ മിശ്രിതം തയ്യാറാക്കണം.
വേപ്പിൻകുരു സത്ത്
വേപ്പിൻകുരു പൊടിച്ച് (30-50 ഗ്രാം വരെ) ഒരു തുണിസഞ്ചിയിൽ കിഴി കെട്ടി ഒരു ലിറ്റർ വെള്ളത്തിൽ 12 മണിക്കൂർ വരെ മുക്കിവെയ്ക്കുക. വെള്ളത്തിൽ പൂർണ്ണമായി ലയിക്കാനായി ഈ കിഴി ഇടയ്ക്കിടക്ക് ഞെക്കി പിഴിഞ്ഞ് കൊടുക്കണം. ഇപ്രകാരം വേപ്പിൻ കുരു സത്ത് ഉണ്ടാക്കാം. തെങ്ങിനെ ആക്രമിക്കുന്ന മണ്ഡരി, നാമ്പോലയിൽ കാണുന്ന മീലിമൂട്ട, ശൽക്കകീടങ്ങൾ എന്നിവയ്ക്ക് മുകളിൽ വിവരിച്ച, കർഷകർക്ക് തന്നെ തയ്യാറാക്കാവുന്ന വേപ്പ് സത്ത് അടങ്ങിയ കീടനാശിനികൾ ഫലപ്രദമാണ്.
കൂടാതെ, വേപ്പിൻ കുരു, ഇല, പട്ട എന്നിവയിൽ നിന്നും തയ്യാറാക്കിയ അസാഡിറാക്ടിൻ അടങ്ങിയ പല ജൈവകീടനാശിനികളും ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. ഇവയും നിശ്ചിത അളവിൽ വെള്ളത്തിൽ നേർപ്പിച്ച് മുകളിൽപ്പറഞ്ഞ കീടങ്ങൾക്കെതിരെ ഫലപ്രദമായി പ്രയോഗിക്കാവുന്നതാണ്. വേപ്പിൻ സത്ത് അടങ്ങിയ വാണിജ്യ കീടനാശിനികളുടെ പട്ടിക താഴെകൊടുക്കുന്നു.
ജൈവ കുമിൾ നാശിനി - ബോർഡോ മിശ്രിതം
തെങ്ങിനെ ബാധിക്കുന്ന ഓലചീയൽ, കൂമ്പ് ചീയൽ, വെള്ളയ്ക്ക പൊഴിച്ചിൽ തുടങ്ങിയ കുമിൾരോഗങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാവുന്ന കുമിൾനാശിനിയാണ് ബോർഡോമിശ്രിതം. ഒരു ശതമാനം ബോർഡോമിശ്രിതമാണ് നാമ്പോലയിലും, വെള്ളയ്ക്കയിലും തളിക്കാൻ ശുപാർശ ചെയ്തിട്ടുള്ളത്. ഒരു ശതമാനം ബോർഡോമിശ്രിതമുണ്ടാക്കാൻ 100 ഗ്രാം തുരിശ് പൊടിച്ച് 5 ലിറ്റർ വെള്ളത്തിൽ ലയിപ്പിക്കുക. 100 ഗ്രാം നീറ്റുകക്ക ചുണ്ണാമ്പാക്കി 5 ലിറ്റർ വെള്ളത്തിൽ ലയിപ്പിക്കുക. തുരിശ് ലായനി ചുണ്ണാമ്പു ലായനിയിലൊഴിച്ച് നല്ലതുപോലെ ഇളക്കിച്ചേർക്കുക. തേച്ചുമിനുക്കിയ ഒരു ഇരുമ്പ് കത്തി കുറച്ച് നേരം മിശ്രിതത്തിൽ മുക്കിവെയ്ക്കുക. കത്തിയിൽ ചെമ്പ് പൊടി അടിയുന്നുണ്ടെങ്കിൽ ചുണ്ണാമ്പു ലായനി വീണ്ടും അൽപാൽപ്പമായി ചേർത്ത് ചെമ്പിന്റെ പൊടി അടിയുന്നില്ലെന്ന് ഉറപ്പ് വരുത്തിയശേഷം തളിക്കുക. മിശ്രിതം തയ്യാറാക്കിയാൽ ഉടൻ തന്നെ പ്രയോഗിക്കുക.താമസിച്ചാൽ ഇതിന്റെ കുമിൾനാശിനി വീര്യം നഷ്ടമാകും.
പഞ്ചഗവ്യം
പശുവിൽ നിന്ന് ലഭിക്കുന്ന ചാണകം,മൂത്രം, പാൽ, തൈര്, നെയ്യ് എന്നീ അഞ്ച് വസ്തുക്കൾ ചേർത്ത് തയ്യാറാക്കുന്ന ഉത്തമമായ ജൈവവളവും, ജൈവ കീട, കുമിൾനാശിനിയുമാണ് പഞ്ചഗവ്യം. പ്രത്യേകിച്ച് തൈ തെങ്ങിന്റെ മാർദ്ദവമായ നാമ്പോലകളെ ബാധിക്കുന്ന മീലിമൂട്ട, ശൽക്ക കീടങ്ങൾ തുടങ്ങിയ കീടങ്ങളേയും രോഗാണുക്കളേയും ഒരു പരിധിവരെ അകറ്റി നിറുത്താൻ ഇത് സഹായിക്കും. 1 ലിറ്റർ പഞ്ചഗവ്യം 10 ലിറ്റർ വെള്ളത്തിൽ കലക്കി നാമ്പോലയിലും അതിന് ചുറ്റുമുള്ള ഓലകളിലും തളിച്ച് കൊടുക്കണം. ഇത് ഉണ്ടാക്കുന്നതിനുള്ള ചേരുവകളുടെ തോത്, ചാണകം 5 കി.ഗ്രാം, ഗോമൂത്രം 5 ലിറ്റർ, പാൽ 3 ലിറ്റർ, തൈര് 3 ലിറ്റർ, നെയ്യ് 1 കി ഗ്രാം എന്നിങ്ങനെയാണ്. ആദ്യമായി ചാണകവും നെയ്യും മേൽപ്പറഞ്ഞ അളവിൽ എടുത്ത് നല്ലവണ്ണം കൂട്ടിച്ചേർക്കുക. ഈ കുഴമ്പിലേക്ക് ഗോമൂത്രം ഒഴിച്ചിളക്കുക. ഈ മിശ്രിതത്തിലേക്ക് തൈര് ഒഴിച്ചതിനുശേഷം കറന്നെടുത്ത പശുവിൻ പാൽ അപ്പോൾ തന്നെ ഒഴിക്കുക. മിശ്രിതം പുളിപ്പിക്കാനായി വായു കടക്കാത്ത പാത്രത്തിൽ 15 ദിവസം സൂക്ഷിച്ച് വെയ്ക്കുക. എല്ലാ ദിവസവും മിശ്രിതം ഇളക്കിക്കൊടുക്കണം. ഇങ്ങനെ 15 ദിവസം പുളിപ്പിച്ചെടുത്ത പഞ്ചഗവ്യം 2 മാസത്തോളം സൂക്ഷിച്ച് വെച്ച് ഉപയോഗിക്കാം.
ഫിറമോൺ കെണി
തൈ തെങ്ങുകളെ ആക്രമിക്കുന്ന ഏറ്റവും മാരക കീടമാണ് ചെമ്പൻചെല്ലി അഥവാ മണ്ടപ്പുഴു. ഇവയെ നിയന്ത്രിക്കുന്നതിന് ഫലപ്രദമായ ഒരു ഉപാധിയാണ് ഫെറമോൺ കെണി. "ഫെറോലൂർ" എന്ന പേരിലുള്ള ഫെറമോൺ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. ചെല്ലികളെ ലൈംഗികമായി ആകർഷിക്കുന്നതിന് അവ പുറപ്പെടുവിക്കുന്ന ഒരു ദ്രാവകമാണിത്. ഈ ദ്രാവകം കൃത്രിമമായി നിർമ്മിച്ച് പ്ലാസ്റ്റിക് സ്ട്രിപ്പുകളിലാക്കി വിപണിയിൽ ലഭ്യമാണ്.
കെണി തയ്യാറാക്കുന്ന വിധം
അഞ്ച് ലിറ്റർ വ്യാപ്തിയുള്ള പ്ലാസ്റ്റിക് പാത്രങ്ങളാണ് കെണി തയ്യാറാക്കാൻ തെരഞ്ഞെടുക്കേണ്ടത്. ബക്കറ്റിന്റെ മുകൾഭാഗത്തായി ചെല്ലി കയറാൻ പാകത്തിൽ ദ്വാരങ്ങൾ ഇടുക. ബക്കറ്റിന്റെ പുറംഭാഗം ചണച്ചാക്ക് ഒട്ടിച്ചോ, കയർ ചുറ്റിവരഞ്ഞോ പരുക്കനാക്കുക. ചെല്ലി പറന്നുവന്ന് ബക്കറ്റിന്റെ പുറംഭാഗത്ത് പിടിച്ചിരുന്ന് അകത്തേക്ക് കയറുന്നതിനാണ് ഇപ്രകാരം ചെയ്യുന്നത്. ബക്കറ്റിന്റെ മൂടിയുടെ മദ്ധ്യഭാഗത്തായി ഒരു ചെറിയ ദ്വാരമുണ്ടാക്കി നൂൽകമ്പികൊണ്ട് ബക്കറ്റിനുള്ളിലേക്ക് ഫിറമോൺ സഞ്ചി തൂക്കിയിടുന്നു. 1 ലിറ്റർ വെള്ളത്തിൽ 100 ഗ്രാം പാളയംകോടൻ പഴം, രണ്ടുഗ്രാം യീസ്റ്റ് എന്നിവയുടെ മിശ്രിതത്തിൽ രണ്ടുഗ്രാം കാർബാറിൽ ചേർത്ത് ബക്കറ്റിലേക്ക് ഒഴിക്കുക. അതിനുശേഷം ഫിറമോൺ സ്ട്രിപ്പ് തൂക്കിയിട്ടിരിക്കുന്ന മൂടികൊണ്ട് ബക്കറ്റടയ്ക്കുക. ഇപ്രകാരം തയ്യാറാക്കിയ കെണികൾ തറനിരപ്പിൽ നിന്ന് ഒന്നര മീറ്റർ പൊക്കത്തിൽ നെടിയ തെങ്ങുകളിൽ നേരിട്ട് സൂര്യപ്രകാശമേൽക്കാത്ത വിധത്തിൽ തൂക്കണം. ഫെറമോൺ അന്തരീക്ഷത്തിലേക്ക് വ്യാപിക്കുമ്പോൾ ചെല്ലികളെ 500-1000 മീറ്റർ അകലെ നിന്നുവരെ കെണിയിലേക്ക് ആകർഷിക്കുന്നു. ബക്കറ്റ് മിശ്രിതത്തിലുള്ള പുളിച്ച മണം മൂലം ചെല്ലികൾ ഉള്ളിലേക്ക് കടക്കുകയും കീടനാശിനി സ്പർശത്താൽ ചത്തുപോകുകയും ചെയ്യുന്നു. ജൈവകൃഷി മാത്രം അവലംബിക്കുന്ന കർഷകർ കീടനാശിനി മിശ്രിതത്തിൽ ഒഴിക്കാതെ ഓരോദിവസവും കെണിയിൽ അകപ്പെടുന്ന ചെല്ലിയെ ശേഖരിച്ച് നശിപ്പിക്കാവുന്നതാണ്.
ഇപ്രകാരം ഫിറമോൺ കെണിവയ്ക്കുമ്പോൾ ഏഴുദിവസത്തിലൊരിക്കൽ കെണികളെടുത്ത് അവയിലുള്ള ചെല്ലികളും മിശ്രിതവും നീക്കിയശേഷം വൃത്തിയാക്കി കെണിയിൽ പുതിയ മിശ്രിതം ഒഴിക്കേണ്ടതാണ്. അല്ലെങ്കിൽ കെണിയിൽ നിന്നുള്ള അഴുകിയ ദുർഗന്ധം മൂലം ചെല്ലികൾ വരാതാകും. ഒരു ഹെക്ടറിന് ഒരു കെണി എന്ന നിരക്കിൽ ചെല്ലിയുടെ ഉപദ്രവം രൂക്ഷമായി കാണുന്ന പ്രദേശങ്ങളിൽ കർഷകർ കൂട്ടായി കെണികൾ സ്ഥാപിച്ചാൽ ചെല്ലിയുടെ ഉപദ്രവം ഒരു പരിധിവരെ തടയാൻ കഴിയും.
സൂക്ഷ്മാണുക്കളേയും എതിർ പ്രാണികളേയും ഉപയോഗിച്ചുകൊണ്ടുള്ള ജൈവിക നിയന്ത്രണം
തെങ്ങിലെ പ്രധാന രോഗമായ നാമ്പോല ചീയൽ കാറ്റുവീഴ്ച ബാധിച്ച തെങ്ങുകളിൽ വളരെ വേഗം പടർന്ന് പിടിക്കുന്നു. ഈ രോഗത്തെ നിയന്ത്രിക്കാതെ വിടുമ്പോഴാണ് കാറ്റുവീഴ്ച ബാധിച്ച തെങ്ങുകൾ പെട്ടെന്ന് വിളവ് കുറഞ്ഞ് നശിക്കുന്നത്. സ്യൂഡോമോണസ്, ബാസില്ലസ് തുടങ്ങിയ മിത്രബാക്ടീരിയകൾ ഉപയോഗിച്ച് രോഗത്തെ ജൈവിക രീതിയിൽ നിയന്ത്രിക്കാം. ഈ രോഗത്തിന് കാരണമായ കുമിളുകളെ സ്യൂഡോമോണാസ് ഫ്ലൂറേസ്സ്, ബാസിലസ് സബ്ടിലസ് എന്നീ മിത്ര ബാക്ടീരിയകളെ ഉപയോഗിച്ച് നശിപ്പിക്കാം. ഈ മിത്ര ബാക്ടീരിയകൾ രോഗഹേതുവായ കുമിളിനെ തുരത്തുന്നതിന് പുറമേ തെങ്ങിന്റെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന ഫോർമോണുകളും എൻസൈമുകളും ഉത്പാദിപ്പിക്കുന്നു. പൊടിരൂപത്തിൽ ഈ മിത്ര ബാക്ടീരിയകളുടെ കൾച്ചർ മാർക്കറ്റിൽ നിന്നും, പരീക്ഷണശാലയിൽ നിന്നും ലഭ്യമാണ്. 50 ഗ്രാം സ്യൂഡോമോണസ് പൊടി 500 മി. ലി. വെള്ളത്തിൽ എന്ന തോതിൽ കലക്കി നാമ്പോലയ്ക്ക് ചുറ്റുമുള്ള ഓലക്കവിളുകളിൽ ഒഴിച്ചാൽ ഈ രോഗത്തെ ഒരു പരിധിവരെ തടയാനാകും.
തെങ്ങിനെ ബാധിക്കുന്ന മറ്റ് പ്രധാന രോഗങ്ങളായ ചെന്നീരൊലിപ്പ്, ഗാനോഡർമ്മവാട്ടം തുടങ്ങിയ കുമിൾരോഗങ്ങളേയും ട്രൈക്കോഡർമ എന്ന മണ്ണിൽ വസിക്കുന്ന മിത്രകുമിളിനെ ഉപയോഗിച്ച് നിയന്ത്രിക്കാം. ഇവയെ ജൈവവളവും വേപ്പിൻ പിണ്ണാക്കും ചേർത്ത മിശ്രിതത്തോടൊപ്പമാണ് ചേർത്ത് കൊടുക്കേണ്ടത്. കായ്ക്കുന്ന തെങ്ങിന് 50 കി. ഗ്രാം ജൈവവളവും, 5 കി.ഗ്രാം വേപ്പിൻപിണ്ണാക്ക് മിശ്രിതത്തോടൊപ്പം 500 ഗ്രാം ട്രൈക്കോഡർമ കൂട്ടികളർത്തി ജൈവവളം ഉപയോഗിക്കുന്ന രീതിയിൽ പ്രയോഗിക്കാം.
തെങ്ങിന്റെ ശത്രുകീടമായ കൊമ്പൻ ചെല്ലി പ്രധാനമായും ചാണകത്തിലും, കമ്പോസ്റ്റിലുമാണ് മുട്ടയിട്ട് പെരുകുന്നത്. മെറ്റാറൈസിയം അനിസോപ്ലിയ എന്ന പച്ചകുമിൾ ഉപയോഗിച്ച് ഇവയുടെ പുഴുക്കളെ എളുപ്പത്തിൽ നശിപ്പിക്കാം. ചെല്ലിയുടെ പുഴുക്കൾ വളരുന്ന ചാണകക്കുഴികളിൽ ഒരു ക്യുബിക് മീറ്ററിന് 250 മി.ലി. പച്ചക്കുമിൾ കൾച്ചർ 750 മി.ലി. വെള്ളവുമായി കലർത്തി തളിച്ച് ഇളക്കികൊടുക്കണം. കുമിൾ ബാധിച്ച പുഴുക്കൾ
12-15 ദിവസത്തിനകം ചത്തുപോകും. ഒറിക്ടസ് ബാക്കുലോവൈറസ് എന്ന സൂക്ഷ്മാണുക്കളെ ഉപയോഗിച്ച് ഈ കീടത്തെ നിയന്ത്രിക്കാൻ കഴിയും. ഈ വൈറസിനെ ഗവേഷണ കേന്ദ്രങ്ങളിൽ ചെല്ലികളിലും പുഴുക്കളിലും വളർത്തിയെടുത്ത് വിതരണം ചെയ്ത് വരുന്നു. ഒരു ഹെക്ടർ തെങ്ങിൻ തോപ്പിൽ ചെല്ലി നിയന്ത്രണത്തിനായി 10-15 രോഗാണുബാധയേറ്റ ചെല്ലികളെ വളർത്തി വിടേണ്ടതാണ്. അവ മറ്റ് ചെല്ലികളിലേക്കും പുഴുക്കളിലേക്കും രോഗം പരത്തുകയും അവയുടെ വംശവർദ്ധനവ് നിയന്ത്രിക്കുകയും ചെയ്യുന്നു.
നമ്മുടെ നാട്ടിലെ കായലോര പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും കണ്ടുവരുന്ന മറ്റൊരുകീടമാണ് തെങ്ങോലപ്പുഴു. ഈ കീടത്തിന്റെ ലാർവാവസ്ഥയേയും, പ്യൂപ്പാവസ്ഥയേയും തിന്ന് നശിപ്പിക്കുന്ന നാടൻ മിത്രപരാദങ്ങളെ ധാരളമായി പ്രജനന പ്രക്രിയയിലൂടെ വളർത്തിയെടുത്ത് ഈ കീടത്തിന്റെ ഉപദ്രവം കാണുന്ന തോട്ടങ്ങളിൽ വിട്ട് സ്വതന്ത്രമായി വളരാൻ അനുവദിച്ചാൽ ഈ കീടത്തെ ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കും. ഇങ്ങനെ എതിർ പ്രാണികളെ വളർത്തി വിതരണം ചെയ്യുന്ന ലബോറട്ടറികൾ നമ്മുടെ നാട്ടിൽ സംസ്ഥാനകൃഷി വകുപ്പിന്റേയും കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിന്റേയും കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിച്ചുവരുന്നു.
പരിസ്ഥിതി സംരക്ഷണം പ്രഥമ പരിഗണനയായി മാറിയിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ തെങ്ങുസംരക്ഷണത്തിൽ രാസ കീടനാശിനികളുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിന് മുകളിൽ വിവരിച്ച ജൈവ കീട, രോഗ നിയന്ത്രണമാർഗ്ഗങ്ങൾ ഏറെ പ്രാധാന്യമർഹിക്കുന്നു. ഈ ജൈവമാർഗ്ഗങ്ങൾ കർഷകർ കൂട്ടായി ഒരേസമയം നടപ്പാക്കിയാൽ തെങ്ങിനെ ബാധിക്കുന്ന പ്രധാന കീടങ്ങളേയും രോഗങ്ങളേയും ഒരു പരിധി വരെ നിയന്ത്രിക്കുവാൻ കഴിയും.