24 Aug 2013

ചിരട്ടക്കിളി


ഡോ. സരസ്വതി ശർമ്മ

നാളികേര വികസന ബോർഡും മൂവാറ്റുപുഴ അക്ഷയ പുസ്തക നിധിയും സംയുക്തമായി സംഘടിപ്പിച്ച രചനാമത്സരത്തിൽ
പൊതു വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയ കഥ

ഔസേപ്പച്ചൻ നടു നിവർത്തി. പിന്നെ അവശതയോടെ കൈകൾ ഒന്ന്‌ വലിച്ചുകുടഞ്ഞു, കട്ടിൽപടിയിൽ തൂക്കിയിട്ടിരുന്ന വടി കുത്തി അതിൽ കുറച്ച്‌ നേരം ഊന്നി നിന്നു. ആശയുടെ പൊടിപ്പ്‌ ഉള്ളിൽ ഇഴകി, 'മുറ്റവും പറമ്പുമൊക്കെ ഒന്ന്‌ കണ്ടുകളയാം. പിള്ളേര്‌ ഇവിടെ ഉണ്ടേല്‌ ഒന്നിനും സമ്മതിക്കൂല്ല'.
എഴുപത്തിയഞ്ച്‌ വർഷം പഴക്കമുള്ള ദേഹം വടിത്തുമ്പ്‌ കൊണ്ട്‌ വരാന്തയിലേക്ക്‌ നീക്കി.
ചവിട്ടുപടി രണ്ടെണ്ണം താണ്ടിയപ്പോഴേക്കും വല്ലാത്ത കിതപ്പ്‌. സാരമില്ല, എന്നാലും എല്ലായിടവും ഒന്ന്‌ കാണാമല്ലോ.
വിശാലമായ മുറ്റത്തേക്ക്‌ ഇറങ്ങിയപ്പോൾ തന്നെ മനസ്സിന്‌ വല്ലാത്ത സുഖം.ഇളം സൂര്യന്റെ വിരൽ സ്പർശമേറ്റ്‌ വൃക്ഷത്തലപ്പുകൾ നാണംകൊണ്ട്‌ കുണുങ്ങുന്നു. ഇക്കിളികൊണ്ട്‌ അവ ഇളകുന്നു.
മുറ്റത്തിന്റെ അരികിൽ നിൽക്കുന്ന തെങ്ങിലേക്ക്‌ നോട്ടം കയറി. കൈത്തലം നെറ്റിയിൽ വെച്ച്‌ പുരികം ചുളിച്ച്‌ നിരീക്ഷിച്ചു. ഇവനും തന്നെപ്പോലെ മുതുക്കനായിരിക്കുന്നു. പക്ഷേ, ഇവനെ പുണരാൻ ഇപ്പോഴും എത്ര ഉണ്ണികളാ!
ചെറിയൊരു നെടുവീർപ്പ്‌ ആ ശരീരത്തെ അൽപ്പം കൂടി തളർത്തി. മൂന്നാംവയസ്സിൽ തന്റെ കൈ ഗുണം പരീക്ഷിക്കാൻ അപ്പച്ചൻ വെയ്പ്പിച്ചതാണ്‌ ഈ ഒറ്റത്തടിയനെ. അതങ്ങ്‌ കേറിപൊളിച്ചെന്ന്‌ പറഞ്ഞാൽ മതിയല്ലോ.
ഇവന്റെ വരവോടെ തൊടിയിലാകെ പച്ചപ്പ്‌ വിരിഞ്ഞു. തെങ്ങുകളും, കൊടിവള്ളിയും, ജാതിയും ...........എന്തിന്‌ തൊടിയിൽ കണ്ണു കേറാണ്ടായി. വർഷം അഞ്ച്‌ കഴിഞ്ഞപ്പോൾ കർഷകന്റെ സ്വപ്നം ചൊട്ടകളായി പൊട്ടിവിരിഞ്ഞു. കൊടിവള്ളിയിൽ പവിഴങ്ങൾ വിളഞ്ഞാടി. സ്വർണ്ണഗോളങ്ങൾ പോലുള്ള ജാതിയ്ക്കാ പഴുത്ത്‌ ചില്ലകളിൽ തൂങ്ങിയാടി. നനയിൽ കുളിർന്ന തൊടിയുടെ മുഖം കാണാൻ തന്നെ എന്തൊരു ചേലാ.
കൃഷിയിലൊക്കെ കണ്ണുവെയ്ക്കാൻ ഇന്നത്തെ കിടാങ്ങൾക്കെവിടെ നേരം. എളുപ്പത്തിൽ പണം വരാനുള്ള തിടുക്കത്തിലാ അവരിപ്പം. ഭൂമിയുടെ വരണ്ട മുഖം കണ്ടാൽ തന്നെ കഷ്ടം തോന്നും.
ഗാർഡനിലെ വരവ്‌ പുല്ല്‌ നനയ്ക്കാൻ ആളിനെ വെച്ചിരിക്കുന്നു. മോടി കൂട്ടാനാണത്രേ. എന്നാൽ നനയ്ക്കുന്ന കൂട്ടത്തിൽ ഇമ്മിണി വെള്ളം ഈ ഒറ്റത്തടിയൻ മൂപ്പർക്ക്‌ കൂടി കൊടുത്തുകൂടെ ... ൻഘൂ... അതില്ല. ആർക്കുവേണം ഈ പഴന്തടിയനെ. വടക്കേലെ മുൻഷി പറയുന്നത്‌ എത്ര ശരിയാ. ജീവിതം ഇന്ന്‌ ഒരു ഷോയായിരിക്കുന്നു ! അങ്ങനെയല്ലാത്തോര്‌ വെറും വിഡ്ഢികളും, കെഴങ്ങന്മാരും ആണെന്നാ ഇവറ്റകളുടെ പറച്ചില്‌.
തെങ്ങിൻ തോപ്പും പൂച്ചെടികളും എന്റെ കുഞ്ഞുമറിയത്തിനും ഒത്തിരി ഇഷ്ടമായിരുന്നു.
തെങ്ങിൻ തലപ്പില്ലാത്ത മണ്ണ്‌ തഴച്ച തലമുടി ഇല്ലാത്ത പെണ്ണ്‌ പോലെയാണെന്നാണ്‌ അവളുടെ ഭാഷ്യം. നന്ത്യാർവട്ടം, മന്ദാരം, ചെത്തി,ചെമ്പരത്തി,പവിഴമല്ലി,രാ

ജമല്ലി എത്രതരം പൂക്കൾ എത്ര വർണ്ണങ്ങളിലാണ്‌ ഉണ്ടായിരുന്നത്‌. മുറ്റത്ത്‌ അന്ന്‌ പുഷ്പോത്സവമല്ലായിരുന്നോ പുഷ്പോത്സവം.
പടിയ്ക്കലൂടെ പോകുന്ന നമ്പൂതിരി കൊതിയോടെ എത്തിനോക്കി പറയുമായിരുന്നു, 'പൂക്കളെക്കണ്ടാൽ നമുക്ക്‌ സഹിക്കാൻ കഴിയൂല്ലാ, കേട്ടോ മറിയം, പൂജയ്ക്ക്‌ ഇശ്ശി കട്ടുപറിച്ചൂന്നിരിക്കും' ഇതുകേട്ട്‌ ചിരിപൊട്ടാതെയെങ്ങനെയിരിക്കും.
മതിലിന്‌ വെളിയിൽ തലപൊന്തിച്ച്‌ ഒരുനാൾ അയാൾ അടക്കം പറഞ്ഞു "പൂക്കൾ നമുക്ക്‌ ഇഷ്ടാ, കുട്ടിയുടെ മുഖവും ഒരു പൂവ്‌ തന്നെ, താമരപ്പൂവേ". അന്ന്‌ തന്റെ നോട്ടത്തിൽ തുളഞ്ഞുപോയ നമ്പൂരി ഈ വഴി പിന്നീട്‌ വന്നിട്ടേയില്ല. നാട്ടുചെടികളുടെ സ്ഥാനം ഇന്ന്‌ മറുനാടൻ ചെടികൾ അപഹരിച്ചിരിക്കുന്നു. കവി കുഞ്ഞുണ്ണി മാഷ്‌ പറയും പോലെ 'ലോകം' മറിഞ്ഞിട്ട്‌ 'കോലം' ആയി മാറിയിരിക്കുന്നു. അല്ലാതെന്ത്‌ പറയാൻ
ക്ഷീണം കൂടി. തെങ്ങിൻ തടത്തിന്റെ ഓരത്ത്‌ ഇരുന്നു. വെയ്സ്റ്റ്‌ പേപ്പറുകളും കരിയിലകളും നിറഞ്ഞ തെങ്ങിൻതടത്തിൽ ഒന്നു തിരിഞ്ഞപ്പോൾ ഒരു ചിരട്ടക്കിളിയുടെ തല തെളിഞ്ഞു. ജിജ്ഞാസ തടത്തിലേക്ക്‌ ചുഴിഞ്ഞിറങ്ങി. ക്ഷീണം അകന്നു. മണ്ണ്‌ കുഴഞ്ഞ ചിരട്ടക്കിളിയുടെ തലമാത്രം കൈയ്യിൽ, ബാക്കിയ്ക്കായി കരിയിലകൾ ഒതുക്കി ചികഞ്ഞു. കണ്ണുകൾ പരതി, വിറളി പിടിച്ചു, മണ്ണിളക്കുമ്പോൾ ഓർത്തു താനിത്‌ ഭദ്രമായി ഷോകെയ്സിൽ സൂക്ഷിച്ചിരുന്നതാണല്ലോ.
സംശയം തീർക്കാൻ മുറിയിൽ കടന്നു. തന്റെ ഓർമ്മകളുടെ കൂട്ടിലേക്ക്‌ നിവർന്നുനോക്കി. പഴയവയൊന്നും അതിൽ ഇല്ല. ഇളയ സന്താനത്തിന്റെ ഒരു പരിഷ്ക്കാരം! ഉണ്ണിയേശുവിന്റെ സ്ഥാനത്ത്‌ തുപ്പൽ കോളാമ്പി! കുഞ്ഞുമറിയത്തിന്റെ ഫോട്ടോയ്ക്ക്‌ പകരം അവളുടെ വെറ്റിലച്ചെല്ലം! ചിരട്ടക്കിളികളുടെ സ്ഥലം പണ്ട്‌,  ഉപയോഗിച്ചുകൊണ്ടിരുന്ന വയറൻകിണ്ടി അപഹരിച്ചിരിക്കുന്നു.
'ഛേയ്‌' ദേഷ്യവും സങ്കടവുംകൊണ്ട്‌ പിറുപിറുത്തു "എന്റെ ഈശോ മറിയം ഔസേപ്പേ, ഇവന്റെയൊക്കെ മുടിഞ്ഞ ഒരു പരിഷ്ക്കാരം. കുഞ്ഞുമറിയത്തെ ഈ പെരേന്ന്‌ ഇറക്കിക്കൊണ്ടുപോകുമ്പം ...... ഏറ്റവും കൂടുതൽ നൊലോളിച്ചതു ഈ ചെക്കനാ,ജോണിമോൻ. എന്നിട്ടിപ്പോൾ എന്തായി, അവളുടെ ഫോട്ടോ പോലും അവന്‌ വേണ്ട. എന്തിന്‌ അമ്മച്ചിയുടെ ഓർമ്മദിവസം പോലും ആ കുഴിമാടം വരെ പോകാൻ അവന്‌ നേരമില്ല. ഇരുചക്രത്തിൽ അവൻ അങ്ങനെ കറങ്ങുകയല്ലേ, ഭൂമിക്ക്‌ തന്നെ കറക്കം ഉണ്ട്‌. പിന്നെ അതിലുള്ള നമുക്ക്‌ കറങ്ങിക്കൂടേന്നാ അവന്റെ ചോദ്യം'.
ടാപ്പ്‌ വെള്ളത്തിൽ മണ്ണ്‌ കഴുകി തോളിലെ തോർത്തുകൊണ്ട്‌ തല മിനുക്കിയെടുത്തു. കിളിയുടെ കണ്ണുകൾ കഥകൾ പലതും പറയാൻ തുടങ്ങി. അപ്പോൾ അതിനെ മാറോട്‌ ചേർത്ത്‌ കട്ടിലിലേക്ക്‌ ചാഞ്ഞു.
തെങ്ങിൻതോപ്പ്‌ നനയ്ക്കാൻ അപ്പനോടൊപ്പം വരുന്ന പാവാടക്കാരി മറിയം ദേ വരുന്നു ഒറ്റയ്ക്ക്‌ ഒരുദിവസം. "ഇന്ന്‌ എന്തേ പെണ്ണേ ഒറ്റയ്ക്ക്‌?" ഒത്തുകിട്ടിയ അവസരം ഉപയോഗപ്പെടുത്തിക്കൊണ്ട്‌ അങ്ങനെചോദിക്കുമ്പോൾ അവളുടെ മറുപടി ഉടൻ വന്നു "ആര്‌ പറഞ്ഞു ഞാൻ ഒറ്റയ്ക്കാണെന്ന്‌" അവളും വിട്ടില്ല. സ്വന്തം നെഞ്ചിലേക്ക്‌ ചൂണ്ടിക്കൊണ്ട്‌ അവൾ പറഞ്ഞു" ഇവിടെ അപ്പിടി സ്വപ്നങ്ങളാ, പിന്നെങ്ങനെ ഒറ്റയ്ക്കാവും".
"ഇത്തിരി സ്വപ്നങ്ങളോ അതോ ഒത്തിരി സ്വപ്നങ്ങളോ?" കൂസലില്ലാതെ അവൾ ചൊടിച്ചു"ഈ അച്ചായന്‌ ഒന്നുമറിയില്ല, ഇവിടേക്ക്‌ ഒന്നു നോക്കിക്കെ, സ്വപ്നങ്ങളുടെ ഈ കൂമ്പാരം കണ്ടോ"
സത്യം പറഞ്ഞാൽ ഒന്നു ചൂളിപ്പോയി. ആത്മസംയമനം വീണ്ടെടുത്ത്‌ പിന്നെ ചോദിച്ചു.
"നിന്റെ കിനാവിൽ ഈ അച്ചായനുണ്ടോ പെണ്ണേ?" പറഞ്ഞു നാവെടുക്കും മുൻപ്‌ കുടത്തിന്റെ പെരുവയർകൊണ്ട്‌ ഒന്നുകുത്തിയിട്ട്‌ മൊഴിഞ്ഞു : "അയ്യടാ കൊള്ളാമല്ലോ പൂതി". ഒഴിഞ്ഞ കുടം തന്റെ തലയിൽ കമിഴ്ത്തി ഒറ്റയോട്ടം പിന്നെ.
വീട്ടിൽ മറ്റാരും ഇല്ലാത്ത ഒരുച്ച സമയം. സുഖമയക്കത്തിനായി ചാർത്തിലെ പുൽപായിലേക്ക്‌ ചാഞ്ഞു. സ്വപ്നത്തിന്റെ നടുവിൽ ആരോ കയ്യിലൊരു പൊതി തിരുകി.
കണ്ണുതുറന്നപ്പോൾ യാഥാർത്ഥ്യം! മുറിമൂലയിലെ ഇരുളിൽ കുഞ്ഞുമറിയം! പൊതിയഴിച്ച്‌ എഴുന്നേറ്റ്‌ താൻ അടുത്തേക്ക്‌ ചെല്ലുമ്പോൾ അവളുടെ ധൈര്യം ചോർന്ന്‌ പോകുന്നതായി തോന്നി. പക്ഷേ; ഒരിഷ്ടത്തിന്റെ ചോരത്തുടിപ്പ്‌ ആ മുഖത്തെ കൂടുതൽ മനോഹരമാക്കി
"മലയാറ്റൂരുന്നാ.......പള്ളിപ്
പെരുന്നാളിന്‌ .........ഇച്ചായനുവേണ്ടി ....." വാക്കുകൾ മുറിഞ്ഞു മുറിഞ്ഞു വീഴുന്നു.
മരച്ചില്ലയിൽ ചിറകുരുമ്മിയിരിക്കുന്ന രണ്ട്‌ കിളികൾ. ചിരട്ടയിൽ കടഞ്ഞെടുത്തത്‌ എന്തൊരു ഭംഗി!
പിറ്റേന്ന്‌ അപ്പനോടൊപ്പം വന്ന അവൾക്ക്‌ വല്ലാത്ത നാണം. അപ്പന്റെ മറവിൽ നിന്ന്‌ ഒളികണ്ണ്‌ ഇടുമ്പോൾ കുലച്ച  ചെന്തെങ്ങിന്റെ ശേല്‌ മകൾക്ക്‌.  ഒരു രസത്തിനായി അപ്പനോടായി മകളെ നോക്കിക്കൊണ്ടൊരു ചോദ്യമെറിഞ്ഞു "മലയാറ്റൂരൊക്കെ പോയിട്ട്‌ എനിക്കൊന്നും കൊണ്ടു വന്നില്ല അല്ലേ? " പെട്ടെന്ന്‌ പാവാടക്കാരിയുടെ നെറ്റിയിൽ വിയർപ്പ്‌ പൊടിഞ്ഞു.
'ഇശ്ശോ......... കുളമാക്കല്ലേ അച്ചായാ ..... പുറകിൽ നിന്നും അടക്കത്തിൽ ആംഗ്യം കാണിച്ച്‌ അവൾ താക്കീത്‌ ചെയ്തു. പക്ഷേ, പരിഭ്രമത്തിന്റെ ഒരാൾരൂപമായി  അവളപ്പോൾ മാറുന്നതുകണ്ട്‌ ഉറക്കെയുറക്കെ ചിരിച്ചുപോയി താൻ.
തൊടി മുഴുവൻ നനച്ച്‌ കുടം കിണറ്റിൻകരയിൽ കമിഴ്ത്തിവെച്ചിട്ട്‌ അവൾ ചിരിച്ചുലഞ്ഞ്‌ പറഞ്ഞതിങ്ങനെ "ഈ തൊടി മുഴുവൻ മുടികോതി നിൽക്കുന്ന തെങ്ങുകൾ, ഓടി തിമിർക്കുന്ന നമ്മുടെ ഉണ്ണികൾ, ഭൂമിയിലെ ഈ കൽപവൃക്ഷത്തെ സ്നേഹിക്കാൻ അവരെ നമുക്ക്‌ പഠിപ്പിക്കണം. ഈ കൽപവൃക്ഷത്തിന്റെ തണുപ്പിലല്ലേ നമ്മുടെ പ്രണയം കിളിർത്തത്‌. ഓർമ്മയിൽ മറിയം ഓടിയകന്നപ്പോൾ ഇടറുന്ന നെഞ്ചോടെ തലയിണയിൽ മുഖം പൂഴ്ത്തി ഔസേപ്പച്ചൻ കരഞ്ഞു, ഒരുപാട്‌....... ഒരുപാട്‌.......
വരണ്ട കണ്ണിലെ നീരുറവ വറ്റവേ ആ ശരീരത്തിൽ ഭയാനകമായൊരു തണുപ്പ്‌ വീണുകഴിഞ്ഞിരുന്നു. എങ്കിലും കരിക്ക്‌ കണക്ക്‌ മധുരിക്കുന്ന തെങ്ങിൻ തോപ്പിന്റെ പൂർവ്വാനുഭവം ആ ചുണ്ടിൽ ചിരി വീഴ്ത്തിയിരുന്നു. ഒരു നിയോഗം പോലെ ആ ചിരട്ടക്കിളികളും ആ നെഞ്ചിന്റെ മരവിപ്പ്‌ അറിഞ്ഞുകിടന്നു.
'ശ്രീമൂലം',നെല്ലാട്‌ പി.ഒ., മൂവാറ്റുപുഴ

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...