24 Aug 2013

പരിചയപ്പെടാം തെങ്ങിൻതോപ്പിലെ പുതിയ അതിഥിയെ

ജോസഫ്‌ ജോൺ തേറാട്ടിൽ

 കൃഷി ആഫീസർ, പെരുമാട്ടി, വണ്ടിത്താവളം, പാലക്കാട്‌ - 674534


കേരളത്തിൽ ഏറ്റവുമധികം സ്ഥലത്ത്‌ കൃഷി ചെയ്തുവരുന്ന വിളയാണ്‌ തെങ്ങ്‌. എന്നാലിന്ന്‌ തെങ്ങുകൃഷി ലാഭമാണോയെന്നു ചോദിച്ചാൽ പലരും നെറ്റിചുളിക്കും. അതിനാൽ തെങ്ങിൻ തോപ്പുകളിൽ നിന്നും പലവിധത്തിൽ ആദായം ഉണ്ടാക്കിയെടുക്കുന്നതിന്‌ കർഷകരും ശാസ്ത്രലോകവും  ശ്രമിച്ചുവരികയാണ്‌. ഇതിൽ കൃഷിയിടത്തിൽ പലവിധത്തിലുള്ള ഇടവിളകൾ കൃഷിചെയ്യുകയെന്നതും പ്രാധാന്യമർഹിക്കുന്നു. പലവിധത്തിലുള്ള ഇടവിളകൾ ഇന്ന്‌ കർഷകരുടെ ഇടയിൽ പരിചിതമാണ്‌. എന്നാലിതിൽ ഒരു പുതിയ പരീക്ഷണവുമായാണ്‌ തൃശ്ശൂർ സ്വദേശി വിജയകുമാർ കെ. നായർ രംഗപ്രവേശം ചെയ്തിരിക്കുന്നത്‌. കേരളീയർക്ക്‌ അത്ര പരിചിതമല്ലാത്ത പച്ചോളി എന്ന സുഗന്ധസസ്യവുമായാണ്‌ മറുനാടൻ മലയാളിയായ വിജയകുമാർ എത്തിയിരിക്കുന്നത്‌. ഇതൊരു വിജയമായാൽ ഒരുപക്ഷേ കേരളത്തിലെ നാളികേരത്തോപ്പുകൾ പണം കായ്ക്കുന്ന പ്രദേശങ്ങളാകാൻ അധികകാലതാമസമുണ്ടാകില്ല തന്നെ.
ഒരൽപ്പം ചരിത്രം
തൃശ്ശൂർ ജില്ലയിലെ നാട്ടിൻപ്രദേശമായ   തൃക്കൂരിൽ നിന്ന്‌ ഏകദേശം 20 വർഷം മുമ്പാണ്‌ വിജയകുമാർ മുംബൈയിൽ എത്തിയത്‌. സുഗന്ധലേപന വ്യവസായരംഗത്ത്‌ ഏഷ്യയിലെ തന്നെ മുൻനിരക്കാരായ എസ്‌.എച്ച്‌. ഖേൽക്കർ കമ്പനിയ്ക്കുവേണ്ടി ടേൺ കീ അടിസ്ഥാനത്തിൽ സംസ്ക്കരണശാലകൾ സജ്ജീകരിക്കുകയായിരുന്നു വിജയകുമാറിന്റെ ദൗത്യം. ആദ്യം വ്യവസായ രംഗത്ത്‌ മാത്രം ശ്രദ്ധ പതിപ്പിച്ചിരുന്ന വിജയകുമാർ പതിയെ കൃഷിരംഗത്തേയ്ക്കും മാറി ചിന്തിക്കുവാൻ തുടങ്ങി. കേൽക്കർ കമ്പനി വലിയ തോതിൽ സുഗന്ധദ്രവ്യങ്ങൾ സംസ്ക്കരിച്ച്‌ നൽകി വരുന്നുണ്ട്‌. അതിനായി പച്ചോളി, പാമറോസ തുടങ്ങിയ സുഗന്ധസസ്യങ്ങൾ വാങ്ങുന്നതായി വിജയകുമാർ മനസ്സിലാക്കി. അതിൽ തന്നെ കേരളത്തിൽ സാദ്ധ്യതകളുള്ളത്‌ പച്ചോളിക്കാണെന്ന്‌ വിജയകുമാർ തിരിച്ചറിഞ്ഞു. പിന്നീട്‌ അത്‌ പരീക്ഷിച്ചുനോക്കുകയെന്നതായിരു
ന്നു പ്രധാന ദൗത്യം. അതിൽ പ്രാഥമികമായി മികച്ച വിജയം നേടിയതായി വിജയകുമാർ വിലയിരുത്തുന്നു.
പച്ചോളി എന്ന സുഗന്ധസസ്യം
സുഗന്ധലേപന നിർമ്മാണ വ്യവസായത്തിന്‌ ആവശ്യമുള്ള അസംസ്കൃത വസ്തുക്കളിൽ പച്ചോളി ഓയിലിന്‌ ഗണനീയ സ്ഥാനമുണ്ട്‌. വിലപിടിച്ച സുഗന്ധലേപനങ്ങളിലെ ബേസ്‌ ഓയിലായി പച്ചോളി ഉപയോഗിച്ച്‌ വരുന്നു. ഇന്ത്യയിലെ പച്ചോളിക്ക്‌ ആഗോളതലത്തിൽ ഗുണമേന്മയിൽ പ്രഥമസ്ഥാനമാണുള്ളത്‌. അതിനാൽ ആവശ്യക്കാരും ഏറെയാണ്‌. ഒരു കിലോഗ്രാം പച്ചോളി തൈലത്തിന്‌ 3500-4000 രൂപ വിലവരുന്നുണ്ട്‌. എന്നാലത്ത്‌ സുഗന്ധലേപനമായി വരുമ്പോൾ 10 മുതൽ 20 ഇരട്ടി വിലവർദ്ധനയാണ്‌ ഉണ്ടാകുന്നത്‌. അതിനാൽ പച്ചോളി കൃഷി ലാഭകരമായിരിക്കുമെന്ന്‌ നമുക്ക്‌ മനസ്സിലാക്കാം.
പച്ചോളി എന്ന സുഗന്ധസസ്യത്തിന്‌ വളർച്ചയ്ക്കായി നല്ല അന്തരീക്ഷ ഈർപ്പം , 50-60% തണൽ എന്നിവ അത്യന്താപേക്ഷിതമാണ്‌. കേരളത്തിലെ തെങ്ങിൻ തോട്ടങ്ങൾ ഇക്കാര്യത്തിൽ ഏറ്റവും അനുയോജ്യമാണ്‌. കൂടാതെ മണൽ കലർന്ന മണ്ണാണ്‌ പച്ചോളിക്ക്‌ പഥ്യം. അതിനാൽ തീരദേശങ്ങളിൽ ഈ വിള തഴച്ച്‌ വളരും. വെള്ളം കെട്ടിനിൽക്കരുതെന്ന്‌ മാത്രം.
വിജയകുമാർ ഈ കൃഷിക്കായി തെരഞ്ഞെടുത്തത്‌ പാലക്കാട്‌ ജില്ലയിലെ പെരുമാട്ടിയ്ക്കടുത്ത്‌ മുതലമടയിലെ ഞാവളുംതോട്‌ എന്ന സ്ഥലമാണ്‌. ഇവിടുത്തെ 10 ഏക്കർ തെങ്ങിൻ തോപ്പിലാണ്‌ ആദ്യപരീക്ഷണം എന്ന നിലയിൽ പച്ചോളി നട്ടത്‌. മൂന്ന്‌ മുതൽ അഞ്ച്‌ മുട്ടുകളുള്ള ശാഖകൾ വേണം നടുന്നതിനായി ഉപയോഗിക്കുവാൻ. അതിന്‌ ഒരെണ്ണത്തിന്‌ അഞ്ച്‌ രൂപ വിലയുണ്ട്‌. ഇത്‌ വിജയകുമാർ കേൽക്കർ കമ്പനിയിൽ നിന്നും വാങ്ങിച്ചു. ആദ്യം വാങ്ങിയ തൈകൾ നട്ടുവളർത്തി വേരുപിടിപ്പിച്ച്‌ മുഴുവൻ സ്ഥലത്തും നട്ടു. നട്ട്‌ 4-​‍ാം മാസം ആദ്യ വിളവെടുക്കാം. പിന്നീട്‌ മൂന്നുമുതൽ നാല്‌ മാസം കഴിഞ്ഞ്‌ അടുത്തത്‌. അങ്ങനെ വർഷത്തിൽ മൂന്നോ-നാലോ തവണ വിളവെടുക്കാം. ചെടിയുടെ ഇലയോട്‌ കൂടിയ മുകൾഭാഗം മുറിച്ചെടുക്കുകയാണ്‌ ചെയ്യുന്നത്‌. പിന്നീട്‌ ഇല തണലിൽ ഉണക്കിയെടുത്ത്‌ സംസ്ക്കരിച്ചെടുത്ത്‌ തൈലം എടുക്കുന്നു. ഒരു കിലോഗ്രാം പച്ചോളി ഇലയക്ക്‌ (വിളവെടുത്ത ഉടനെയുള്ളത്‌) 25 മുതൽ 30രൂപ വരെ വിലയുണ്ട്‌. ഒരു തവണ നട്ടാൽ 3 കൊല്ലം കഴിഞ്ഞേ പിന്നീട്‌ മാറ്റി നടേണ്ടതുള്ളൂ.
വിജയകുമാർ പച്ചയില വിൽക്കുന്നതിനുപകരം സംസ്ക്കരിച്ച്‌ തൈലമാക്കി നൽകുന്നതിനായി തൃക്കൂരിൽ സംസ്ക്കരണശാല സ്ഥാപിച്ചുകഴിഞ്ഞു. സംസ്ക്കരണശേഷി പൂർണ്ണമായി പ്രയോജനപ്പെടുത്താൻ കൂടുതൽ സ്ഥലത്ത്‌ നിന്നുമുള്ള പച്ചോളി ആവശ്യമുണ്ട്‌. അതിനായി താൽപര്യമുള്ളവർക്ക്‌ നടീൽ വസ്തുക്കളും ലഭ്യമാക്കുമെന്ന്‌ വിജയകുമാർ ഉറപ്പ്‌ നൽകി. മാത്രമല്ല ഒരു തവണ വാങ്ങിയാൽ പിന്നീട്‌ കർഷകന്‌ ആവശ്യമുള്ള നടീൽ വസ്തു ഉണ്ടാക്കിയെടുക്കുവാൻ സാധിക്കും. കൂടാതെ കർഷകരിൽ നിന്ന്‌ പച്ചിലയോ, ഉണക്കിയെടുത്ത ഇലയോ വിജയകുമാർ തന്നെ സംഭരിക്കുന്നതിനും വിപണിയിലെ മികച്ച വില നൽകുന്നതിനും തയ്യാറാണ്‌.
തെങ്ങുകൃഷി കൂടുതൽ ശാസ്ത്രീയമായി ചെയ്യുന്നതിനും, തെങ്ങിൻ തോപ്പുകളിൽ നിന്ന്‌ മികച്ച ആദായം കണ്ടെത്തുന്നതിനും ഒരു പക്ഷേ, ഈ വിള കാരണമായേക്കും. കേരളത്തെ കേരവൃക്ഷങ്ങളുടെ നാടായി നിലനിർത്താൻ ഈ വിളയ്ക്ക്‌ കഴിഞ്ഞാൽ തന്റെ പരീക്ഷണം വിജയിച്ചുവേന്ന്‌ വിജയകുമാറിനും അഭിമാനിക്കാം.
വിജയകുമാറിന്റെ ഫോൺ നമ്പർ - 09820131047
.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...