വി. കൃഷ്ണകുമാർ, ചന്ദ്രിക മോഹൻ, മെറിൻ ബാബു
കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം, പ്രാദേശിക കേന്ദ്രം, കായംകുളം
നാളികേരോത്പാദനത്തിൽ കേരളം ഒന്നാംസ്ഥാനത്താണെങ്കിലും സംസ്ഥാനത്തിന്റെ ആനുപാതിക പങ്ക് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. എങ്കിലും ഇന്ത്യയുടെ മൊത്തം ഉത്പാദനത്തിന്റെ 41.6 ശതമാനവും കേരകൃഷിയുടെ 36.8 ശതമാനവും കേരളത്തിന്റെ സംഭാവനയാണ്. മറ്റ് അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് നാളികേരത്തിന്റെ സ്വന്തം നാടായ കേരളത്തിൽ വൻകിട തോട്ടങ്ങൾ എണ്ണത്തിൽ വളരെക്കുറവാണ്. ചെറുകിട - ഇടത്തരം കർഷകരുടെ പുരയിട തോട്ടങ്ങളാണധികവും. ശരാശരി കൃഷിയിടം അരയേക്കറിൽ താഴെയേ വരൂ. തേങ്ങയുടെ ഉത്പാദനത്തിന്റെ കാര്യത്തിൽ നാം വളരെയേറെ പിന്നിലാണ്. കഴിഞ്ഞ കുറേ കാലങ്ങളായി നമ്മുടെ ശരാശരി ഉത്പാദനമാകട്ടെ തെങ്ങോന്നിന് 40 നാളികേരത്തിൽ താഴെ മാത്രമാണ്. ഭൂരിഭാഗം തെങ്ങുകളും വളരെയധികം പ്രായാധിക്യമുള്ളവയും രോഗ,കീട ബാധയാൽ മെച്ചപ്പെട്ട വിളവ് തരാൻ കഴിയാത്തവയുമാണ്. തെങ്ങിൻതോപ്പിൽ വിവിധ കൃഷിപ്പണികൾക്കായി തൊഴിലാളികളെ കിട്ടാനില്ലാത്ത അവസ്ഥയും രാസവളങ്ങളുടേയും കീടനാശിനികളുടേയും വർദ്ധിച്ചുകൊണ്ടിരിക്കുന്ന വിലയും കാരണം തെങ്ങിന് വേണ്ടവിധം പരിചരണ മുറകൾ മിക്ക കർഷകരും ചെയ്യുന്നില്ല. എന്നാൽ ചിട്ടയോടുകൂടിയ പരിപാലനം നൽകാമെങ്കിൽ തെങ്ങുകൃഷി ആദായകരമായി കൊണ്ടുപോകാൻ കഴിയും.
ആറേഴ് പതിറ്റാണ്ടുകാലം വിളവ് തരേണ്ട ദീർഘകാല വിളയായ തെങ്ങിന്റെ കാര്യത്തിൽ തൈകൾ തെരഞ്ഞെടുക്കുന്നത് മുതൽ തന്നെ ശ്രദ്ധിക്കുകയും അവ നട്ടശേഷം ചിട്ടയായ പരിചരണം നൽകുകയും വേണം. "വിത്തുഗുണം പത്തുഗുണ"മാണല്ലോ. പുറത്ത് നിന്ന് വലിയ വില നൽകി തൈകൾ വാങ്ങുമ്പോൾ അവ ഗുണമേന്മയുള്ളതാണെന്ന് ഉറപ്പ് വരുത്തണം. ഗുണമേന്മയുള്ള തെങ്ങിൻ തൈകൾ ശാസ്ത്രീയ പരിപാലന മുറകൾ യഥാസമയം അവലംബിച്ച് കൃഷി ചെയ്താൽ ഒരു തെങ്ങിൽ നിന്ന് ശരാശരി 150-200 തേങ്ങ ലഭിക്കും.
ഏകദേശം ഒരു കൊല്ലം വളർച്ചയെത്തിയ തൈകളാണ് നടാനുപയോഗിക്കേണ്ടത്. നേരത്തെ ഓലക്കാലുകൾ വിരിയുന്ന തെങ്ങുകൾ ഗുണമേന്മയുള്ളതായിരിക്കും. ഇവയ്ക്ക് 6-8 ഓലകളും പത്ത് സെന്റീ മീറ്റർ കണ്ണാടിക്കണവും ഉണ്ടായിരിക്കണം. എന്നാൽ സ്വന്തം പുരയിടത്തിൽ തന്നെ നല്ല വിളവ് തരുന്നവയും രോഗ, കീട ബാധയേൽക്കാത്തതുമായ തെങ്ങുകൾ ഉണ്ടെങ്കിൽ അവയിൽ നിന്നും വിത്തുതേങ്ങ ജനുവരി മുതൽ ഏപ്രിൽ - മെയ് വരെ ശേഖരിക്കാം.പിന്നീടവയെ മെയ് - ജൂൺ മാസത്തിൽ പാകി മുളപ്പിക്കാം. വേഗം മുളച്ച തൈകൾ കരുത്തോടെ വളരുകയും നേരത്തെ തന്നെ ആദായം നൽകിത്തുടങ്ങുകയും ചെയ്യും. ആറുമാസത്തിനകം മുളയ്ക്കാത്തവയും മുരടിച്ചതും രോഗ, കീട ബാധയേറ്റതുമായ തൈകളെ ഒരു കാരണവശാലും നടാനെടുക്കരുത്.
"നോട്ടത്തിൽ പകുതി നേട്ടം" എന്ന പഴമൊഴി അക്ഷരംപ്രതി അനുസരിച്ചാൽ മാത്രമേ തെങ്ങിൻ തൈകൾ പിടിച്ച് കിട്ടുകയുള്ളൂ. അതുപോലെത്തന്നെ "നാമ്പോലയിൽ എപ്പോഴും വേണം ഒരു കണ്ണ്". ആഴ്ചയിലൊരിക്കലെങ്കിലും നാമ്പോല പരിശോധിച്ച് രോഗ - കീട ബാധ ഇല്ലെന്ന് ഉറപ്പ് വരുത്തണം. അഥവാ പ്രശ്നമുണ്ടെങ്കിൽ ഉടൻ തന്നെ വേണ്ട നിയന്ത്രണ മാർഗ്ഗം സ്വീകരിക്കണം. അല്ലാത്തപക്ഷം തൈകൾ നശിച്ചുപോകാനിടയുണ്ട്.
തൈകൾ നടുമ്പോൾ മുതൽ തന്നെ സൂര്യപ്രകാശം നല്ലതുപോലെ കിട്ടിയെങ്കിലേ അവ ശരിയായി വളരുകയും പിന്നീട് നന്നായി ഉത്പാദനം ലഭിക്കുകയുമുള്ളൂ. വളരെ അടുത്തടുത്ത് തൈകൾ നട്ടാൽ അവ വളർന്ന് വരുന്നതോടെ ഓലകൾ കൂട്ടിമുട്ടി അവയിൽ തണലേൽക്കാൻ ഇടവരും. തൈകൾ അടുപ്പിച്ച് നട്ടിട്ടുള്ള മിക്ക സ്ഥലങ്ങളിലും തെങ്ങ് വളർന്ന് വരുമ്പോൾ തടി വളഞ്ഞ് വരുന്നതായി കാണാം. ഇത് വിളവെടുക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കും. എത്ര നല്ല ഗുണമേന്മയുള്ള തൈകൾ നട്ടാലും വേണ്ടത്ര വെള്ളവും വളവും നൽകിയാലും ആവശ്യാനുസരണം സൂര്യപ്രകാശം കിട്ടിയില്ലെങ്കിൽ പുഷ്പിക്കാൻ കാലതാമസം ഉണ്ടാകാം. അതിനാൽ തൈകൾ നടുമ്പോൾ ശരിയായ ഇടയകലം (7.5 ത 7.5 മീറ്റർ) നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇങ്ങനെ നടുന്നത് മൂലം തെങ്ങുകൾക്കിടയിലുള്ള സ്ഥലത്ത് ഇടവിളകൾ കൂടി കൃഷിചെയ്ത് ആദായം കൂട്ടുന്നതിന് കഴിയും. മിക്ക പുരയിടത്തോട്ടങ്ങളിലും തൈത്തെങ്ങുകൾ മറ്റ് മരങ്ങളുടെ അടിയിൽ തണലിലാണ് വളരുന്നത്. ഇത്തരം മരങ്ങളുടെ കമ്പുകൾ കോതി ആവശ്യത്തിനുള്ള സൂര്യപ്രകാശം തെങ്ങുകളിൽ വീഴുന്നതിനുള്ള അവസരം ഒരുക്കണം.
തൈകൾ നട്ടശേഷം വേനൽക്കാലത്ത് തെങ്ങോലയോ മറ്റോ കൊണ്ട് തണൽ നൽകണം. സൗകര്യപ്പെടുന്നുവേങ്കിൽ നനയ്ക്കുകയും വേണം. നെൽപ്പാടങ്ങൾ നികത്തി തെങ്ങിൻ തൈകൾ നട്ടിട്ടുള്ള താഴ്‌ന്ന പ്രദേശങ്ങളിൽ മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുന്നതായി കാണാം. ഇത് ദീർഘനാളത്തേക്കായാൽ തൈകളുടെ വേരുകളെ ദോഷകരമായി ബാധിക്കുകയും പോഷകമൂലകങ്ങൾ വേണ്ട വിധത്തിൽ വലിച്ചെടുക്കാൻ കഴിയാതെ വരികയും ചെയ്യും. അതുകൊണ്ട് ഇത്തരം താഴ്‌ന്ന പ്രദേശങ്ങളിൽ തെങ്ങിൻ വരികൾക്കിടയിൽ ചാലുകളെടുത്ത് ആവശ്യാനുസരണം നീർവാർച്ച സൗകര്യമൊരുക്കണം.
തെങ്ങിൻ കുഴികളിൽ വളരുന്ന കളകളെ ഇടയ്ക്കിടെ പറിച്ച് നീക്കണം. വെള്ളത്തിലൂടെ ഒലിച്ചിറങ്ങി തെങ്ങിൻ തൈകളുടെ കണ്ണാടി ഭാഗത്തും ഓലക്കവിളുകളിലും തങ്ങി നിൽക്കുന്ന മണ്ണ് ശ്രദ്ധയോടെ നീക്കുകയും വേണം.
മണ്ണിൽ നിന്നും ധാരാളം പോഷകമൂലകങ്ങൾ തെങ്ങ് വലിച്ചെടുക്കുന്നുണ്ട്. എന്നാൽ മിക്കപ്പോഴും അതിന്റെ ചെറിയൊരംശം പോലും വളത്തിന്റെ രീതിയിൽ കർഷകർ തിരികെ നൽകാൻ ശ്രദ്ധിക്കാറില്ല. തൈകളുടെ ശരിയായ വളർച്ചയ്ക്കും കാലേക്കൂട്ടി പുഷ്പ്പിക്കുന്നതിനും കായ്ച്ച് തുടങ്ങുന്നതിനും നല്ല ഉത്പാദനത്തിനും തൈകൾ നട്ട് ആദ്യകൊല്ലം മുതൽക്ക് തന്നെ വളപ്രയോഗം നടത്തണം. മണ്ണ് പരിശോധനയുടെ ഫലമറിഞ്ഞ് വളപ്രയോഗം നടത്തുമെങ്കിൽ ശരിയായ അളവിൽ വേണ്ട സമയത്ത് വളമിടുന്നതിന് കഴിയും.
പശ്ചിമ തീര പ്രദേശങ്ങളിൽ മഴയ്ക്കുമുമ്പേ മെയ്-ജൂൺ മാസങ്ങളിൽ നട്ട തൈകൾക്ക് മൂന്നുമാസം കഴിഞ്ഞ്, അതായത് ആഗസ്റ്റ് - സെപ്തംബർ മാസത്തിൽ ആദ്യത്തെ രാസവളപ്രയോഗം ചെയ്യാം. കായ്ച്ചുതുടങ്ങിയ തെങ്ങോന്നിന് ഓരോ കൊല്ലവും 500 ഗ്രാം പാക്യജനകം (നൈട്രജൻ), 320 ഗ്രാം ഭാവഹം (ഫോസ്ഫറസ്), 1200 ഗ്രാം ക്ഷാരം (പൊട്ടാഷ്) എന്ന തോതിൽ മൂലകങ്ങൾ കിട്ടുന്നവിധത്തിൽ രാസവളങ്ങൾ നൽകണം. ഇതിലേക്കായി ഒരു കി. ഗ്രാം. യൂറിയ, 1.5 കി. ഗ്രാം മാസ്സൂറിഫോസ് അല്ലെങ്കിൽ റോക്ക് ഫോസ്ഫേറ്റ്, 2 കി.ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നീ രാസവളങ്ങളാണ് നൽകേണ്ടത്. കായ്ച്ച് തുടങ്ങിയ തെങ്ങിനുള്ള രാസവള ശുപാർശയുടെ പത്തിലൊരുഭാഗം അളവിൽ നട്ട് മൂന്ന് മാസം കഴിഞ്ഞ് നൽകണം.
നട്ട് ഒരു വർഷം പ്രായമായ തൈകൾക്ക് കായ്ച്ച് തുടങ്ങിയ തെങ്ങിനുള്ള വളത്തിന്റെ മൂന്നിലൊരുഭാഗവും രണ്ടുവർഷം പ്രായമായവയ്ക്ക് മൂന്നിൽ രണ്ടുഭാഗവും അതിനടുത്ത കൊല്ലം മുഴുവൻ അളവിലും വളമിടണം. ഒരു കൊല്ലത്തിൽ രണ്ടുതവണകളായിട്ടാണ് വളമിടേണ്ടത്. ശുപാർശയുടെ മൂന്നിലൊരുഭാഗം ഇടവപ്പാതി മഴയോടൊപ്പവും (മെയ് - ജൂൺ) മൂന്നിൽ രണ്ടുഭാഗം തുലാമഴയ്ക്കുശേഷവും (ആഗസ്റ്റ് - സെപ്തംബർ) നൽകാം. രാസവളമിടാനായി തെങ്ങിൻ ചുവട്ടിൽ നിന്നും ഏതാണ്ട് ഒന്നര - ഒന്നേമുക്കാൽ മീറ്റർ ചുറ്റളവിൽ 10-15 സെന്റിമീറ്റർ താഴ്ചയിൽ തെങ്ങിന് ചുറ്റും തടം തുറക്കണം. തെങ്ങിൻ തടിയിൽ നിന്നും ഏകദേശം അരമീറ്റർ വിട്ട് ബാക്കിയുള്ള സ്ഥലത്താണ് വളം വിതറേണ്ടത്. ഈ സമയം മണ്ണിൽ ഈർപ്പമുണ്ടായിരിക്കണം. പിന്നീട് തടം മണ്ണിട്ട് മൂടുകയും വേണം. നനയ്ക്കുന്ന തോട്ടങ്ങളിൽ രണ്ടിലധികം തവണകളിലായി വളമിടുന്നതാണ് കൂടുതൽ പ്രയോജനകരം.
രാസവളമിടുമ്പോൾ ശുപാർശ ചെയ്ത അളവിലുള്ള നേർവളങ്ങൾ വാങ്ങി, ഇടുന്ന ദിവസം മാത്രം കൂട്ടികളർത്തി ഉപയോഗിക്കുക. അമ്ലത കൂടുതലുള്ള മണ്ണാണെങ്കിൽ തെങ്ങോന്നിന് ഒരു കിഗ്രാം കുമ്മായം ആദ്യത്തവണ രാസവളങ്ങളിടുന്നതിന് 10 ദിവസങ്ങൾക്കുമുമ്പ് നൽകുക. കുമ്മായം രാസവളത്തോടൊപ്പം ഒരിക്കലും ഇടരുത്. മഗ്നീഷ്യം എന്ന മൂലകത്തിന്റെ അഭാവം മൂലം തെങ്ങോലകളിൽ മഞ്ഞളിപ്പുണ്ടാകുന്നുവേങ്കിൽ അര കി. ഗ്രാം മഗ്നീഷ്യം സൾഫേറ്റ് ഓരോ തെങ്ങിനും രണ്ടാംതവണ രാസവളങ്ങളോടൊപ്പം കലർത്തി നൽകണം.
തെങ്ങിന് ജൈവവളപ്രയോഗവും ഒഴിച്ചുകൂടാനാവാത്തത്താണ്. ഇതിനായി കാലിവളമോ, കമ്പോസ്റ്റോ, മണ്ണിരകമ്പോസ്റ്റോ ഉപയോഗിക്കാം. സ്വന്തം തോട്ടത്തിൽതന്നെ യൂഡ്രിലസ് ഇനത്തിൽപ്പെട്ട മണ്ണിരകളുപയോഗിച്ച് തെങ്ങിന്റെ ഓലയും മറ്റ് ജൈവാവശിഷ്ടങ്ങളുംകൊണ്ട് മണ്ണിരകമ്പോസ്റ്റ് തയ്യാറാക്കാവുന്നതാണ്. ഓരോ തെങ്ങിനും ഏകദേശം 25 കിഗ്രാം ജൈവവളമാണ് ഇടേണ്ടത്.
ആവശ്യത്തിനുള്ള ജൈവവളം കിട്ടാനില്ലെങ്കിൽ തെങ്ങിന്റെ തടത്തിൽ തന്നെ പയറ് വർഗ്ഗത്തിൽപെട്ട ഏതെങ്കിലും പച്ചില വളച്ചെടി (പ്യൂറേറിയ, കലപ്പഗോണിയം, മുള്ളില്ലാതൊട്ടാവാടി, വൻപയർ) വളർത്തി തെങ്ങിന് നൽകാം. ഒരു തടത്തിൽ വിതയ്ക്കുന്നതിന് 100 ഗ്രാം വിത്തു മതിയാകും. മെയ് മാസാരംഭത്തിൽ വിതച്ച് ചെടികൾ പൂക്കാനാരംഭിക്കുമ്പോൾ പിഴുത് തെങ്ങിൻ ചുവട്ടിൽ തന്നെ മണ്ണോട് ചേർക്കണം. ഇത്തരത്തിൽ തടമൊന്നിന്
20-25 കി.ഗ്രാം പച്ചിലവളവും കാൽകിലോഗ്രാം വീതം പാക്യജനകവും ക്ഷാരവും 10 ഗ്രാം ഭാവഹവും കിട്ടും. തെങ്ങിൻ തോട്ടങ്ങളിൽ ശീമക്കൊന്ന വളർത്തിയും ഗുണമേന്മയുള്ള പച്ചിലവളം സംഭരിക്കാം. ഇടവിളകൾ കൃഷിചെയ്യാത്ത തോട്ടങ്ങളിൽ രണ്ടുവരി തെങ്ങുകൾക്കിടയിൽ മൂന്നുവരിയായി ശീമക്കൊന്ന നട്ടുപിടിപ്പിക്കണം. ഒരു കൊല്ലത്തിൽ ഫെബ്രുവരി, ജൂൺ, ഒക്ടോബർ മാസങ്ങളിൽ പച്ചിലവളം ശേഖരിക്കാം. ഈ രീതിയിൽ ഒരു സെന്റിൽ നിന്ന് ഏകദേശം 40 കി.ഗ്രാം വരെ വളം ഒരു വർഷം കിട്ടും. തെങ്ങിൻ തടത്തിലും മണ്ടയിലും ഉപ്പും ചാരവും കലർത്തിയിടുന്നതും നല്ലതാണ്. വെട്ടുകൽ മണ്ണുള്ളയിടങ്ങളിൽ ഇങ്ങനെ ചെയ്യുന്നത് മണ്ണ് കൂടുതൽ ഇളക്കമുള്ളതാക്കും. തെങ്ങിന് വേണ്ട പോഷകമൂലകങ്ങളായ പൊട്ടാഷ്, സോഡിയം, ക്ലോറിൻ എന്നിവ കുറഞ്ഞ അളവിലാണെങ്കിൽക്കൂടി ലഭിക്കുന്നതിന് ഇത് ഉപകരിക്കും. ഒരു കിലോഗ്രാം കറിയുപ്പും അര കിലോഗ്രാം ചാരവും ആദ്യത്തവണ രാസവളമിടുമ്പോൾ തടത്തിലിട്ട് കൊടുക്കണം.
കൊല്ലം മുഴുവനും തെങ്ങിൽ നിന്ന് വിളവ് കിട്ടേണ്ടതുണ്ട്. അതിനാൽ തെങ്ങിന്റെ വളർച്ചയ്ക്കും മെച്ചപ്പെട്ട വിളവിനും തുടർച്ചയായി, ആവശ്യത്തിന് വെള്ളം ലഭ്യമാക്കണം. തടത്തിൽ ഈർപ്പം നിലനിർത്തിയാൽ മാത്രമേ തെങ്ങുകളുടെ വളർച്ചയും ഉത്പാദനവും സുഗമമായി നടക്കുകയുള്ളൂ. തുടർച്ചയായി രണ്ടാഴ്ചയോളം നീണ്ടുനിൽക്കുന്ന വരൾച്ച തെങ്ങിൻ തൈകളുടെ ഓലകൾ വാടുന്നതിനും പിന്നീട് ഉണങ്ങുന്നതിനും ഒടുവിൽ തൈ തന്നെ പൂർണ്ണമായി നശിക്കുന്നതിനും ഇടയാക്കും. അതിനാൽ തൈ തെങ്ങുകളിൽ നേരിട്ട് വെയിലടിക്കാതെ നോക്കണം. പ്രായമായ തെങ്ങുകളേയും വരൾച്ച ദോഷകരമായി ബാധിക്കും. വെള്ളയ്ക്കായുടേയും മൂപ്പെത്താത്ത തേങ്ങയുടേയും പൊഴിച്ചിൽ ഉണ്ടാകാം. ഇതുമൂലം 30-45 ശതമാനം വിളനഷ്ടം സംഭവിക്കാം. ഒരു കൊല്ലത്തെ വരൾച്ച മൂലം തെങ്ങുകൾക്ക് ക്ഷീണമുണ്ടായാൽ ആരോഗ്യം വീണ്ടെടുക്കാൻ രണ്ട് മൂന്ന് കൊല്ലം വേണ്ടിവരും. പശ്ചിമതീര നെടിയ ഇനം, ചന്ദ്രകൽപ്പ, കേരസങ്കര എന്നീ ഇനങ്ങൾക്ക് വരൾച്ചയെ ചെറുക്കുന്നതിന് കൂടുതൽ കഴിവുള്ളതിനാൽ ഇവ നട്ട് വളർത്തുന്നതിന് ശ്രദ്ധിക്കുക.
ഉയരമുള്ള തടിയും ധാരാളം ഓലകളുമുള്ള ഒരു ദീർഘകാല വിളയാണ് തെങ്ങ്. മറ്റ് സസ്യങ്ങളെ അപേക്ഷിച്ച് തുടർച്ചയായി പുഷ്പിക്കുകയും കായ്ക്കുകയും ചെയ്യുന്നൊരു വിളയുമാണ്. മണ്ണിൽ വെള്ളത്തിന്റെ കുറവനുഭവപ്പെട്ടാൽ വളർച്ചയേയും ഉത്പാദനത്തേയും പ്രതികൂലമായി ബാധിക്കും. നമ്മുടെ തെങ്ങിൻതോപ്പുകൾ എല്ലാം തന്നെ എല്ലാ വർഷവും ജനുവരി മുതൽ മെയ് വരെയുള്ള മാസങ്ങളിൽ വരൾച്ചയ്ക്ക് വിധേയമാവാറുണ്ട്. വേനൽക്കാലത്ത് തെങ്ങുകൾ നനയ്ക്കാമെങ്കിൽ വിളവ് ഇരട്ടിയായി വർദ്ധിപ്പിക്കാൻ കഴിയും. ജലസേചനത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കർഷകർ പുതിയ ജലസേചന രീതികളിൽ ഏർപ്പെടുന്നതിൽ താൽപര്യം കാണിച്ചുതുടങ്ങിയിട്ടുണ്ട്. നനയ്ക്കുന്നത് ഒരിക്കൽ തുടങ്ങിയാൽ ഇടയ്ക്ക് നിർത്തുന്നത് തെങ്ങുകൾക്ക് ദോഷകരമാണ്. കൂടാതെ വരുംകൊല്ലങ്ങളിലും നനയ്ക്കുന്നതിനുള്ള സൗകര്യം നേരത്തെ തന്നെ ഉണ്ടാക്കുകയും വേണം. നനച്ച് വളർത്തുന്ന തെങ്ങുകളിൽ കൂടുതൽ കുലകളും കൂടുതൽ പെൺപൂക്കളും ഉണ്ടാകും. നനയ്ക്കുമ്പോൾ മച്ചിങ്ങ പൊഴിച്ചിൽ കുറയുന്നതുമൂലം വിളവ് കൂടും.
തെങ്ങിൻ തടത്തിൽ വെള്ളം കൊടുക്കുന്നതിന് ഡ്രിപ്പറുകളോ, മൈക്രോസ്പ്രിംഗ്ലറുകളോ ഉപയോഗിക്കാം. ഡ്രിപ്പറാണ് ഉപയോഗിക്കുന്നതെങ്കിൽ തടത്തിൽ 4 ഡ്രിപ്പറുകൾ തുല്യഅകലത്തിൽ നാല് വശങ്ങളിലായി സ്ഥാപിക്കണം. മൈക്രോസ്പ്രിംഗ്ലറാണ് ഉപയോഗിക്കുന്നതെങ്കിൽ തെങ്ങിൻ തടത്തിൽ തുല്യഅകലത്തിൽ മൂന്നെണ്ണം സ്ഥാപിക്കണം. തെങ്ങിന്റെ വേരു പടലം തടിയിൽ നിന്നും 0.75 മീറ്റർ മുതൽ 1.25 മീറ്റർ വരെ അകലത്തിൽ നിന്നാണ് പ്രധാനമായും വെള്ളവും പോഷകമൂലകങ്ങളും വലിച്ചെടുക്കുന്നത്. അതുകൊണ്ട് എല്ലാ ഭാഗത്തുനിന്നും ഒരുപോലെ വെള്ളവും വളവും വലിച്ചെടുക്കുന്നതിന് തെങ്ങിന് ചുറ്റും തടിയിൽ നിന്ന് ഒരുമീറ്റർ അകലത്തിലാണ് ഡ്രിപ്പറുകൾ/മൈക്രോ സ്പ്രിംഗ്ലറുകൾ സ്ഥാപിക്കേണ്ടത്.
സൂക്ഷ്മജലസേചന സംവിധാനത്തിലൂടെ വെള്ളത്തോടൊപ്പം വളവും നൽകുകയാണെങ്കിൽ ഇവ രണ്ടും കൂടുതൽ കാര്യക്ഷമതയോടെ ഉപയോഗിക്കാൻ കഴിയും. വെള്ളവും വളവും ഒരുമിച്ച് ചെടിയുടെ വേരുമണ്ഡലത്തിൽ സൂക്ഷ്മജലസേചനസംവിധാനത്തിലൂടെ നൽകുന്ന രീതിയാണ് ഫെർട്ടിഗേഷൻ. തെങ്ങിന് രണ്ടാഴ്ച കൂടുമ്പോൾ വളം വെള്ളത്തോടൊപ്പം കൊടുത്താൽ വിളവ് ഇരട്ടിയാക്കാം.
തെങ്ങിൻ തടത്തിലും തോട്ടത്തിൽ മുഴുവനായും ഒരുപോലെ ഈർപ്പസംരക്ഷണത്തിനുള്ള ഏറ്റവും ചെലവ് കുറഞ്ഞ രീതി ലഭ്യമായ ജൈവ വസ്തുക്കൾ ഉപയോഗിച്ച് പുതയിടുന്നതാണ്. തുലാവർഷം അവസാനിക്കുന്നതിന് മുമ്പ് പുതയിടാൻ ശ്രദ്ധിക്കണം. തെങ്ങോലകൾ ചെറിയ കഷണങ്ങളാക്കി നെടുകെയും കുറുകെയും മൂന്ന് നാല് നിരകളാക്കി ഇടുകയോ, അഴുകിയ ചകിരിച്ചോർ 7 - 8 സെ. മീ. കനത്തിൽ ഇടുകയോ ചെയ്യാം. തോട്ടത്തിൽ വളരുന്ന കളകൾ വെട്ടി തടത്തിൽ നിരത്തുകയോ മറ്റ് ചപ്പുചവറുകൾ, ജൈവവസ്തുക്കൾ എന്നിവ ഉപയോഗിച്ചോ പുതയിടാവുന്നതാണ്.
തെങ്ങിൽ നിന്നൊലിച്ച് വരുന്നതുൾപ്പെടെയുള്ള മഴവെള്ളം തെങ്ങിൻ ചുവട്ടിൽ തടമെടുത്ത് സംഭരിക്കണം. തുലാവർഷത്തിന് മുമ്പായി പലതരം പച്ചിലകളും ചാണകവും ചാരവും ഇട്ട് നിറച്ചശേഷം തടം മൂടണം. മണൽ മണ്ണുള്ള പ്രദേശങ്ങളിൽ ഈ സമയത്ത് തന്നെ (ആഗസ്റ്റ് - സെപ്തംബർ) പറമ്പിലെ കളകളെല്ലാം വെട്ടിക്കൂട്ടിവെച്ച് കൂനകൾ കൂട്ടിവെച്ചശേഷം ഡിസംബർ - ജനുവരി മാസത്തിൽ കൂനകൾ തട്ടിനിരത്തണം. നല്ല രീതിയിൽ ഈർപ്പസംരക്ഷണത്തിന് ഈ രീതി സഹായകരമാണ്.
തെങ്ങിൻ ചുവട്ടിൽ നിന്ന് ഉദ്ദേശം 1.5 - 2 മീറ്റർ ചുറ്റളവിൽ വൃത്താകൃതിയിൽ 30 സെ.മീ ആഴത്തിൽ ചാലെടുത്ത് മൂന്നോ നാലോ അട്ടിയായി തൊണ്ട് ചേർത്തടുക്കിയശേഷം അതിനുമുകളിലായി ചെറിയ കനത്തിൽ മണ്ണിട്ടുമൂടുന്നതുകൊണ്ടും ഈർപ്പം സംരക്ഷിക്കാം. ഏറ്റവും അടിയിൽ രണ്ടോ മൂന്നോ നിര തൊണ്ട് ഉൾഭാഗം മുകളിൽ വരുന്ന വിധം മലർത്തിയും ഏറ്റവും മുകളിലുള്ള നിര കമിഴ്ത്തിയുമാണ് അടുക്കേണ്ടത്. ഇതുമൂലം തുലാമഴ സമയത്ത് കിട്ടുന്ന വെള്ളം മുകളിലെ തൊണ്ടുനിരയിലൂടെ ഊർന്നിറങ്ങി താഴത്തെ നിരകളിലെത്തി അവയിൽ സ്പോഞ്ചുപോലെ ആഗിരണം ചെയ്ത് സംഭരിക്കാൻ സഹായിക്കും. തൊണ്ടിന്റെ ലഭ്യത കുറവാണെങ്കിൽ ഒരു നിര മാത്രമായി കമിഴ്ത്തി അടുക്കിയാലും മതിയാകും. മഴവെള്ള സംഭരണത്തിനായി അവിടവിടെ 1 മീറ്റർ ആഴത്തിൽ മഴക്കുഴികളെടുക്കുന്നതും നല്ലതാണ്. നവംബർ മാസത്തിന്റെ പകുതിയോടെ വേനൽ ആരംഭിക്കാറുണ്ട്. ഇത് മിക്കപ്പോഴും ഏപ്രിൽ - മെയ് മാസംവരെ നീണ്ടുനിൽക്കാറുണ്ട്. കഠിനമായ വരൾച്ച ഏൽക്കുന്ന സമയത്ത് ജലസംരക്ഷണ രീതികൾ സ്വീകരിക്കുന്നതുകൊണ്ട് വേണ്ടത്ര പ്രയോജനം കിട്ടാനിടയില്ല.അതുകൊണ്ട് മഴക്കാലം കഴിയുന്നതിന് മുമ്പ് വിവിധ ജലസംരക്ഷണ രീതികൾ അനുവർത്തിക്കണം.
മെടഞ്ഞ ഓലകൾ തെക്കുപടിഞ്ഞാറ് ഭാഗത്തായി നാട്ടി ഉച്ചയ്ക്ക്ശേഷമുള്ള വെയിലടിക്കുന്നതിൽ നിന്നും തൈ തെങ്ങുകളെ സംരക്ഷിക്കണം. വളർന്ന തെങ്ങിന്റെ മണ്ടയിലെ ഉണങ്ങിയതും ഏറ്റവും താഴെയുള്ളതുമായ രണ്ടോ മൂന്നോ ഓലകൾ വേനൽക്കാലത്ത് വെട്ടിമാറ്റണം. മൺകുടത്തിൽ വെള്ളം നിറച്ച് തൈ തെങ്ങിന്റെ തടത്തിൽ വെയ്ക്കുന്നത് വെള്ളം കുറേശ്ശയായി മണ്ണിൽ കിട്ടുന്നതിന് ഉപകരിക്കും.
പലതരം രോഗങ്ങളുടേയും കീടങ്ങളുടേയും ആക്രമണം മൂലം തെങ്ങിൽ നിന്നുള്ള ഉത്പാദനം കുറയുന്നുണ്ട്. രോഗ, കീട നിയന്ത്രണത്തിന് ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് തോട്ടങ്ങളിലെ ശുചിത്വം. ചെമ്പൻ ചെല്ലി ബാധിച്ച് മണ്ടമറിഞ്ഞ തെങ്ങുകളും കൂമ്പ്ചീയൽ വന്ന് മണ്ട ചീഞ്ഞുപോയ തെങ്ങുകളും വെട്ടി തീയിട്ട് നശിപ്പിക്കണം. എന്നാൽ ചിലവ് കൂടുമെന്ന് കരുതി മിക്ക കർഷകരും ഇത്തരം തെങ്ങുകളെ വെട്ടാതെ തോട്ടത്തിൽ തന്നെ നിർത്തുന്നത് കാണാം. ഇത് ചെല്ലിമുട്ടകൾ വിരിഞ്ഞ് കൂടുതൽ ചെല്ലികളുണ്ടാകുന്നതിനും കുമിളുകളുടെ വംശവർദ്ധനവിനും അടുത്ത് നിൽക്കുന്ന തെങ്ങുകളിൽ കീട, രോഗ ബാധ ഉണ്ടാകുന്നതിനും കാരണമാകും. ഇതുമൂലം കൂടുതൽ തെങ്ങുകൾ നഷ്ടപ്പെടാനാണ് സാദ്ധ്യത. ഇത് മനസ്സിലാക്കി യഥാസമയം കീട, രോഗ നിയന്ത്രണമാർഗ്ഗങ്ങൾ സ്വീകരിക്കണം.
കുമിൾ മൂലമുള്ള കൂമ്പ്ചീയൽ രോഗം ഏത് പ്രായത്തിലുമുള്ള തെങ്ങിനേയും ബാധിക്കാം. എങ്കിലും ഇളംപ്രായത്തിലുള്ള തെങ്ങുകളാണ് വേഗം രോഗത്തിന് വിധേയമാകുന്നത്.കൂമ്പോല ചീഞ്ഞ് വാടി നിൽക്കുന്നതാണ് ആദ്യലക്ഷണം. പിന്നീട് രോഗബാധ അധികരിക്കുമ്പോൾ നാമ്പോല വലിച്ചാൽ ഊരി വരികയും ദുർഗന്ധമുണ്ടാകുകയും ചെയ്യും. രോഗകാരിയായ കുമിളിന്റെ ബീജസ്ഫുരണങ്ങൾ മണ്ണിലും തെങ്ങിന്റെ മണ്ടയിലും ഓലയിടുക്കുകളിലുമൊക്കെ ഉണ്ടാകാം. മഴക്കാലം തുടങ്ങുന്നതോടെ ഈ കുമിളുകൾ സജീവമാകും.
രോഗബാധ കണ്ടുതുടങ്ങിയാൽ മൂർച്ചയേറിയ കത്തിയുപയോഗിച്ച് മണ്ടയിലെ ചീഞ്ഞുതുടങ്ങിയ ഭാഗങ്ങൾ മുറിച്ച് മാറ്റി നശിപ്പിക്കണം. പിന്നീട് 10 ശതമാനം വീര്യമുള്ള ബോർഡോ കുഴമ്പ് പുരട്ടിയ ശേഷം മഴവെള്ളം കടക്കാത്തരീതിയിലും എന്നാൽ ആവശ്യമായ വായുസഞ്ചാരം കിട്ടുന്ന വിധത്തിലും പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മൂടണം. നല്ല കൂമ്പ് വളർന്ന് തുടങ്ങിയാൽ പ്ലാസ്റ്റിക് ഷീറ്റ് നീക്കണം. മഴയ്ക്ക് മുൻപും പിന്നീടും തെങ്ങിന്റെ മണ്ട വൃത്തിയാക്കുന്നത് നല്ലതാണ്.
കൂമ്പുചീയൽ രോഗത്തിനെതിരെ മുൻകരുതലായി മഴക്കാലത്തിന്റെ ആരംഭത്തോടെ അക്കോമിൻ 1.5 മി.ലി. 300 മി.ലി. വെള്ളത്തിൽ കലക്കി നാമ്പോലക്ക് ചുറ്റും ഒഴിക്കണം. 5 ഗ്രാം മാങ്കോസേബ് കുമിൾ നാശിനി ചെറിയ സുഷിരങ്ങളുള്ള പ്ലാസ്റ്റിക് കൂടുകളിൽ നിറച്ചശേഷം ഓരോ തെങ്ങിലും നാമ്പോലയ്ക്കിടയിലും തൊട്ടുതാഴെയുള്ള ഓലക്കവിളുകളിലും വയ്ക്കുന്നത് രോഗവ്യാപനത്തെ തടയും.
തെങ്ങിനെ ബാധിക്കുന്ന മറ്റൊരു പ്രധാന രോഗമാണ് ഓലകരിച്ചിൽ (ഓലചീയൽ). കാറ്റുവീഴ്ച രോഗം ബാധിച്ച മിക്ക തെങ്ങുകളിലും ഈ രോഗം കാണാം. കുമിൾ മൂലമുണ്ടാകുന്ന ഈ രോഗം വിടരാത്ത നാമ്പോലകളിലാണ് ആദ്യമായുണ്ടാകുന്നത്. പിന്നീട് രോഗം വ്യാപിച്ച് ഓല അഴുകി ഉണങ്ങിക്കരിയും. ഓലയുടെ അഗ്രഭാഗത്തുള്ള രോഗബാധയേറ്റ ഓലക്കാലുകൾ കരിഞ്ഞുണങ്ങി കാറ്റിൽ പറന്നുപോകും. ഇതുമൂലം മറ്റുതെങ്ങുകൾക്കും ഈ രോഗബാധയുണ്ടാകാൻ സാദ്ധ്യതയുണ്ട്. നാമ്പോലയുടേയും ചേർന്നുള്ള ഒന്നുരണ്ട് ഓലകളുടേയും ചീഞ്ഞഭാഗം മുറിച്ച് നീക്കി തീയിട്ട് നശിപ്പിക്കണം. പിന്നീട് കുമിൾനാശിനികളായ ഹെക്സോകൊണോസോൾ (കോൺടാഫ് 5 ഇ) തെങ്ങോന്നിന് 2 മി. ലി. അല്ലെങ്കിൽ മാങ്കോസേബ്/ ഡൈത്തേൻ എം 45/
ഇൻഡോഫിൽ-എം 45 3 ഗ്രാം വീതം 300 മി.ലി. വെള്ളത്തിൽ കലക്കി നാമ്പോലയുടെ ചുവട്ടിൽ ഒഴിക്കുക. മറ്റ് ഓലകൾ മുൻപ് ചീയൽ വന്നതാണെങ്കിലും മുറിച്ച് മാറ്റേണ്ട ആവശ്യമില്ല. കുമിളുകളുടെ ജൈവ നിയന്ത്രണത്തിനായി ബാസിലസ് സബ്ടലിസും സ്യൂഡോമോണാസ് ഫ്ലൂറസൻസും 50 ഗ്രാം വീതം അരലിറ്റർ വെള്ളത്തിൽ കലക്കി നാമ്പോലക്ക് ചുറ്റും ഒഴിക്കാവുന്നതാണ്. ഈ നിയന്ത്രണമാർഗ്ഗങ്ങൾ കൊല്ലത്തിൽ രണ്ട് തവണകളിൽ അതായത് കാലവർഷം തുടങ്ങുന്നതിന് മുമ്പും (ഏപ്രിൽ - മെയ്) കാലവർഷത്തിനുശേഷവും (സെപ്തംബർ - ഒക്ടോബർ) സ്വീകരിക്കുന്നത് ഓലചീയൽ രോഗത്തിനെതിരെ നല്ലതാണ്.
ഓലചീയൽ രോഗം രൂക്ഷമായ തെങ്ങുകളുടെ ഓലകൾ കരിഞ്ഞുണങ്ങി ഈർക്കിൽ മാത്രമായി നിൽക്കുന്നത് പലപ്പോഴും കാണാൻ കഴിയും. ഇത്തരം തെങ്ങുകളുടെ ഉത്പാദനം തീരെക്കുറവുമായിരിക്കും. ഒരാണ്ടിൽ പത്തു തേങ്ങപോലും തരാൻ കഴിയാത്ത ഇങ്ങനെയുള്ള തെങ്ങുകൾ വെട്ടിമാറ്റി നല്ല ഇനം തൈകൾ നടണം.
ചെന്നീരൊലിപ്പ് രോഗം ബാധിച്ച തെങ്ങിന്റെ നീരൊലിക്കുന്ന ഭാഗം മൂർച്ചയുളള കത്തിയുപയോഗിച്ച് ചെത്തി നീക്കി 5 മി.ലി. കാലിക്സിൻ 100 മി.ലി. വെള്ളത്തിൽ കലക്കി മുറിഭാഗത്ത് നന്നായി തേച്ച് പിടിപ്പിക്കുക. ഒന്നുരണ്ട് ദിവസത്തിനുശേഷം ഉരുകിയ ടാർ പുരട്ടുക. 5 മി. ലി. കാലിക്സിൻ 100 മി.ലി. വെള്ളത്തിൽ കലക്കി വേരിൽക്കൂടി തെങ്ങിലേക്ക് കടത്തിവിടുന്നതും നല്ലതാണ്. ട്രൈക്കോഡെർമ എന്ന മിത്ര കുമിൾ കുഴമ്പ് പരുവത്തിലാക്കി ചെന്നീരൊലിപ്പ് ഉള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കുന്നതും നല്ലതാണ്. ഈ രീതിയാണ് കൈക്കൊള്ളുന്നതെങ്കിൽ രോഗം കാണുന്ന ഭാഗം ചെത്തി നീക്കേണ്ടതില്ല. കൊല്ലത്തിൽ മൂന്ന് തവണകളിലായി (ജൂൺ, ഒക്ടോബർ,ജനുവരി) ഈ വിധത്തിലുള്ള നിയന്ത്രണ രീതി സ്വീകരിക്കുക. തെങ്ങോന്നിന് 5 കി. ഗ്രാം. വേപ്പിൻ പിണ്ണാക്ക്, ട്രൈക്കോഡെർമ കൂട്ടികളർത്തി രണ്ടാംതവണ രാസവളപ്രയോഗം നടത്തുമ്പോൾ ഇട്ടുകൊടുക്കുകയും വേണം. വേനൽക്കാലത്ത് വെള്ളം തടത്തിൽ കെട്ടി നിൽക്കാതെ ഒഴുകിപ്പോകാനുള്ള സൗകര്യം ഉണ്ടാക്കുകയും വേണം.
തെക്കൻ ജില്ലകളിൽ തെങ്ങുകളെ ബാധിച്ചിരിക്കുന്ന പ്രധാന രോഗമാണ് കാറ്റുവീഴ്ച. ഇതൊരു മാരകരോഗമല്ലെങ്കിലും ഇതുമൂലം തെങ്ങുകളുടെ ആരോഗ്യം ക്രമേണ ക്ഷയിച്ച് ഉത്പാദനക്ഷമത കുറയുന്നു. എന്നാൽ രോഗാരംഭത്തിൽ നന്നായി പരിചരിച്ചാൽ ആരോഗ്യം വീണ്ടെടുത്ത് ഉത്പാദനക്ഷമത കൂട്ടാമെന്ന് കണ്ടിട്ടുണ്ട്. ചിലപ്പോൾ തൈ തെങ്ങുകളിലും രോഗലക്ഷണങ്ങൾ കാണാറുമുണ്ട്. അവ അപ്പോൾ തന്നെ പിഴുത് മാറ്റുകയും രോഗപ്രതിരോധശേഷിയുള്ള നല്ലയിനം തൈകൾ നടുകയും വേണം.
തുടർച്ചയായുള്ള സംയോജിത വളപ്രയോഗം, ജലസേചനം, പച്ചിലവളച്ചെടി തടത്തിൽ വളർത്തി മണ്ണിനോട് ചേർക്കുക, ജൈവാവശിഷ്ടങ്ങൾ തോട്ടത്തിൽ തന്നെ മണ്ണിര കമ്പോസ്റ്റാക്കി പുന:ചംക്രമണം നടത്തുക, മറ്റു രോഗ കീട നിയന്ത്രണ മാർഗ്ഗങ്ങൾ സ്വീകരിക്കുക മുതലായ സമഗ്ര പരിപാലന മുറകൾ ഉൾക്കൊള്ളിച്ചുള്ള കൃഷിരീതി ആവർത്തിക്കുന്നത് മൂലം കാറ്റുവീഴ്ച രോഗം പിടിപെട്ട തെങ്ങുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും വിളവിൽ വർദ്ധനവ് ഉണ്ടാക്കുവാനും സാധിക്കും.
തെങ്ങിനെ ബാധിക്കുന്ന കീടങ്ങളിൽ പ്രധാനിയാണ് ചെമ്പൻ ചെല്ലി (മണ്ടപ്പുഴു). അഞ്ചുമുതൽ ഇരുപത് കൊല്ലം വരെ പ്രായമായ തെങ്ങുകളിലാണ് മണ്ടപ്പുഴുവിന്റെ ആക്രമണമുണ്ടാകുന്നത്. ചെല്ലികൾ തെങ്ങിൽ മുട്ടയിടാതെയിരിക്കാനായി പണിയായുധങ്ങൾ കെണ്ടോ, മറ്റു തരത്തിലോ തെങ്ങിൻ തടിയിൽ യാതൊരു തരത്തിലുള്ള മുറിവും ഉണ്ടാകാതെ ശ്രദ്ധിക്കണം. തേങ്ങയിടുന്ന സമയത്ത് ഓല വെട്ടുന്നുവേങ്കിൽ തടിയിൽ നിന്നും ഏകദേശം ഒന്നര മീറ്റർ നീളത്തിൽ മടൽ നിർത്തിയശേഷമേ വെട്ടാവൂ.
തടിയിലുണ്ടാകുന്ന ദ്വാരങ്ങളിൽ നിന്നും ഒലിച്ചിറങ്ങുന്ന കൊഴുത്ത ദ്രാവകവും പുറത്തേക്ക് തള്ളിനിൽക്കുന്ന ചവച്ചരച്ച ചണ്ടികളും കണ്ടാൽ ചെമ്പൻചെല്ലിയുടെ ആക്രമണം ഉള്ളതായി മനസ്സിലാക്കാം. ഇത് തുടക്കത്തിൽ തന്നെ നിയന്ത്രിച്ചില്ലെങ്കിൽ ആക്രമണം രൂക്ഷമാവുകയും തെങ്ങിന്റെ മണ്ട മറിഞ്ഞുവീഴുകയും ചെയ്യും. വീണ മണ്ട തോട്ടത്തിൽ തന്നെ കിടക്കുന്നതും കീടബാധയേറ്റ് നശിച്ച തെങ്ങിന്റെ കുറ്റി പിഴുത് നീക്കാത്തതും ചെല്ലിയുടെ വംശവർദ്ധനവിന് സഹായിക്കുകയും ചെല്ലിബാധ തോട്ടത്തിൽ വ്യാപിക്കുന്നതിന് ഇടയാക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഇത്തരത്തിൽ മണ്ടമറിഞ്ഞ തെങ്ങുണ്ടെങ്കിൽ തീർച്ചയായും വെട്ടിനീക്കണം. കൂടാതെ മണ്ട വെട്ടിക്കീറി പല കഷണങ്ങളാക്കി തീയിട്ട് ചെല്ലിയുടെ പുഴുക്കളെ നശിപ്പിക്കുകയും വേണം. ചെല്ലി ബാധയുള്ള തെങ്ങിൽ മുകളിൽ കാണപ്പെടുന്ന സുഷിരമൊഴികെ മറ്റെല്ലാം കളിമണ്ണോ സിമന്റോ കൊണ്ടടച്ചതിനുശേഷം അതിലൂടെ ഒരു ശതമാനം വീര്യമുള്ള കാർബാറിൽ (20 ഗ്രാം കാർബാറിൽ ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത്) ഒഴിച്ചുകൊടുക്കുക. അതിനുശേഷം ആ സുഷിരവും അടയ്ക്കുക ചെമ്പൻചെല്ലിയെ നിയന്ത്രിക്കുവാൻ ഹെക്ടറൊന്നിന് ഒരു കെണി എന്ന തോതിൽ ഒരു പ്രദേശത്തൊട്ടാകെ ഫിറമോൺ കെണികൾ സ്ഥാപിക്കുന്നതും ഫലപ്രദമാണ്.
കൊമ്പൻചെല്ലിയുടെ വണ്ടുകൾ വിടരാത്ത നാമ്പോലയും പൂങ്കുലയും തുരക്കും. ആക്രമണവിധേയമായ പൂങ്കുലകൾ ഉണങ്ങിപ്പോകും. ആക്രമണത്തിനെതിരെ മുൻകരുതലെന്ന നിലയൽ മഴക്കാലത്തിനു മുമ്പായി (ഏപ്രിൽ - മെയ്) തെങ്ങിന്റെ മണ്ട വൃത്തിയാക്കുകയും തുമ്പോല (നാമ്പോല)യ്ക്കു ചുറ്റുമുള്ള ഓലക്കവിളുകളിൽ മൂന്നോ നാലോ പാറ്റാ ഗുളിക (12 ഗ്രാം) വീതം വച്ച് മണൽ കൊണ്ടു മൂടുകയോ ഗുണമേന്മയുള്ള വേപ്പിൻ പിണ്ണാക്ക് പൊടിച്ചതോ അല്ലെങ്കിൽ മരോട്ടിപിണ്ണാക്കോ 200 ഗ്രാം തുല്യ അളവിൽ മണലുമായി ചേർത്തോ ഏറ്റവും മുകളിലുള്ള മൂന്ന് ഓലക്കവിളുകളിൽ ഇടുകയോ ചെയ്യണം. ഡിസംബറിൽ ഒരിക്കൽ കൂടി ഇതാവർത്തിക്കണം. പെരുവലത്തിന്റെ (ഒരുവേരൻ) ചെടി മൊത്തമായി പിഴുതെടുത്ത് ചെല്ലിയുടെ പ്രജനനം നടക്കുന്ന ചാണകക്കുഴികളിലും മറ്റിടങ്ങളിലും ഇടുന്നത് കുണ്ടളപ്പുഴുക്കളെ നിയന്ത്രിക്കും. തോട്ടത്തിൽ നിന്ന് ജീർണ്ണിച്ചു നിൽക്കുന്ന തെങ്ങിൻ തടികളും കുറ്റികളും മറ്റു ജൈവാവശിഷ്ടങ്ങളും നീക്കം ചെയ്യണം.
ബാക്കുലോവൈറസ് ഒറിക്ടസ് എന്ന വൈറസ് കൊമ്പൻ ചെല്ലിയുടെ ജൈവിക നിയന്ത്രണത്തിന് ഉപയോഗിക്കാം. ഇതിനായി വൈറസ് രോഗബാധയേൽപിച്ച ചെല്ലികളെ ഒരു ഹെക്ടർ തോപ്പിലേക്ക് 10-15 എണ്ണം എന്ന കണക്കിൽ സന്ധ്യാസമയത്ത് തോട്ടത്തിൽ തുറന്നുവിടുക. രോഗബാധയുള്ള ചെല്ലിയുടെ വിസർജ്ജ്യത്തിൽക്കൂടി വൈറസ് ചുറ്റുപാടും പരക്കുന്നു. ഇത് മറ്റു ചെല്ലികളിലും പുഴുക്കളിലും രോഗസംക്രമണത്തിന് ഇടയാക്കുകയും അതുവഴി ചെല്ലിയുടെ വംശവർദ്ധനവ് തടയുകയും ചെയ്യും.
കുണ്ടളപ്പുഴു വളരുന്ന സ്ഥലങ്ങളിൽ ഒരു ഘനമീറ്റർ ജൈവവസ്തുക്കൾക്ക് 5ഃ1011 മെറ്റാറൈസിയം കുമിൾ വിത്തുകൾ (250 മില്ലി ലിറ്റർ കൾച്ചർ 750 മില്ലിലിറ്റർ വെള്ളവുമായി കലർത്തിയത്) തളിച്ചും കീട നിയന്ത്രണം നടപ്പാക്കാം. നെല്ല്, അരി, ഗോതമ്പ് എന്നീ ധാന്യങ്ങളിലാണ് കുമിളിന്റെ വംശവർദ്ധനവ് നടത്തുന്നത്. 100 ഗ്രാം കുമിളിന്റെ പാക്കറ്റ് ഒരു ലിറ്റർ വെള്ളവുമായി കലർത്തി ഉപയോഗിക്കാം. ചാണകക്കുഴി / കമ്പോസ്റ്റ് കുഴിയിൽ നന്നായി ഇളക്കി തളിക്കുക. ഒരു മൺവെട്ടി കൊണ്ടു ജൈവവസ്തുക്കളുമായി യോജിപ്പിക്കുകയോ ഇടയ്ക്കിടെ കമ്പുകൊണ്ട് കുത്തി കുഴിയുണ്ടാക്കി അതിലേക്ക് ഒഴിച്ചുകൊടുക്കുകയോ ചെയ്യാം. 4-5 മാസത്തിനുള്ളിൽ കുണ്ടളപ്പുഴുക്കൾ തീർത്തും നശിച്ചതായി കാണാം. ചാണകം / കമ്പോസ്റ്റ് വാരി നീക്കുമ്പോൾ ഒരു ഭാഗം കുഴിയിൽതന്നെ തിരികെ ഇടുക. ഇത് പുതിയ ചാണകവുമായി കലർത്തിയാൽ വീണ്ടും ചെല്ലിയുടെ പുഴുക്കൾ വളരാതിരിക്കാൻ സഹായിക്കും. ഒരിക്കൽ കുമിൾകൾച്ചർ തളിച്ചാൽ ഏകദേശം ഒരു കൊല്ലത്തോളം കുമിൾ വിത്തുകൾ ജീവനോടെ കഴിയും. മെറ്റാറൈസിയം കുമിൾ മണ്ണിരയ്ക്ക് യാതൊരു വിധത്തിലുള്ള ദോഷവും ചെയ്യുന്നില്ല.
കൊമ്പൻ ചെല്ലിയെ കൂട്ടത്തോടെ ആകർഷിക്കുന്ന ഒരു ഫെറമോൺ ഒറിക്ടാലൂർ, ആർ.ബി. ലൂർ എന്നീ പേരുകളിൽ ലഭ്യമാണ്. ഇതിന് 275 മുതൽ 600 രൂപ വരെ വിലയുണ്ട്. ഈ ഫെറമോൺ പ്ലാസ്റ്റിക്ക് പൈപ്പിനകത്ത് വെച്ച് കെണിയൊരുക്കി ചെല്ലികളെ പിടിച്ച് നശിപ്പിക്കാം.
അടുത്ത കാലത്തായി കൊമ്പൻ ചെല്ലിയുടെ ആക്രമണം നഴ്സറികളിലും തോട്ടത്തിൽ നട്ട ചെറുതൈകളിലും കണ്ടുവരുന്നു. ചിലപ്പോൾ വളർന്നു വരുന്ന നാമ്പ് നശിച്ചുപോയാൽ പിന്നീടത് വളഞ്ഞ് വികൃത രൂപത്തിൽ വളരുന്നത് കാണാറുണ്ട്. അതുകൊണ്ട് നഴ്സറിയിൽ വളർത്തുന്ന തൈകളേയും തോട്ടത്തിൽ നട്ട തൈകളേയും ചെല്ലിയുടെ ആക്രമണത്തിൽ നിന്നും രക്ഷിക്കണം.
തെങ്ങോലപ്പുഴുക്കളുടെ ആക്രമണം മാർച്ചു മുതൽ മേയ് വരെയുള്ള വേനൽക്കാല മാസങ്ങളിലാണ് കണ്ടു വരുന്നത്. ഗുരുതരമായ ആക്രമണമാണുള്ളതെങ്കിൽ ഒന്നോ രണ്ടോ പുറം ഓലമടലുകൾ വെട്ടിമാറ്റി തീയിട്ടു നശിപ്പിക്കുകയും ബ്രാക്കൺ ബ്രെവിക്കോർണിസ്, ഗോണിയോസസ് നെഫാന്റിഡിസ്, ബ്രാക്കിമെറിയ നോസട്ടോയ് എന്നീ അനുയോജ്യമായ എതിർ പ്രാണികളെ വിട്ട് കീട ബാധ നിയന്ത്രിക്കുകയും വേണം.
മണ്ഡരി ബാധിച്ചിട്ടുള്ള തോട്ടങ്ങളിൽ 2 ശതമാനം വീര്യമുള്ള വേപ്പെണ്ണ- വെളുത്തുള്ളി - സോപ്പ് മിശ്രിതം തളിച്ച് കീടനിയന്ത്രണം നടപ്പാക്കാം. ഈ മിശ്രിതം തയ്യാറാക്കിയ ദിവസം തന്നെ ഉപയോഗിക്കണം. ഇതിനു പകരമായി അസാഡിറാക്ടിൻ (0.04 ശതമാനം) അടങ്ങിയ കീടനാശിനി 4 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി കുലകളിൽ തളിക്കാനായി ഉപയോഗിക്കാം. വേനൽ മഴ തുടങ്ങുന്ന മാർച്ച് - ഏപ്രിൽ മാസങ്ങളിൽ, മഴക്കാലം കഴിഞ്ഞ് ഒക്ടോബർ - നവംബർ മാസങ്ങളിൽ, പിന്നീട് ജനുവരി - ഫെബ്രുവരി മാസങ്ങളിൽ എന്നിങ്ങനെ മൂന്നു തവണകളിലായി തളിക്കണം. കീടനാശിനി പ്രധാനമായും മോടത്തിന് പുറമെയും മോടത്തിന്റെ ഇതളുകൾക്ക് ചുറ്റും പ്രത്യേകിച്ച് മച്ചിങ്ങകളുടേയും 4-5 മാസം പ്രായമായ ഇളം തേങ്ങകളുടേയും പുറത്തു തളിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 5 ശതമാനം അസാഡിറാക്ടിൻ അടങ്ങിയിട്ടുള്ള 7.5 മില്ലി ലിറ്റർ ജൈവിക കീടനാശിനി 7.5 മില്ലി മിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് വേരിൽക്കൂടി നൽകുന്നതും മണ്ഡരി ബാധ നിയന്ത്രിക്കുന്നതിന് സഹായിക്കും.
തെങ്ങിനെ ബാധിക്കുന്ന മിക്ക രോഗകീടങ്ങൾക്കുമെതിരെയുള്ള നിയന്ത്രണത്തിനായി കർഷക കൂട്ടായ്മയാണ് ആവശ്യം. ഇതു വഴി ഒരേ സമയത്ത് ഫലപ്രദമായ രീതിയിൽ മരുന്നു തളി നടത്തുന്ന തിനും അതുവഴി ചിലവ് കുറയ്ക്കുന്നതിനും സാധിക്കും. നാളികേര വികസന ബോർഡിന്റെ തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പരിപാടിയിൽ പരിശീലനം കിട്ടിയിട്ടുള്ള യുവാക്കളുടെ സേവനം തെങ്ങിന്റെ മണ്ട വൃത്തിയാക്കാനും യഥാസമയം മരുന്നു തളിക്കുന്നതിനും പ്രയോജനപ്പെടുത്താവുന്നതാണ്.
കായ്ക്കാനാരംഭിച്ച തെങ്ങിൽ നിന്നും മച്ചിങ്ങ (വെള്ളയ്ക്ക) പൊഴിയുന്നത് സ്വാഭാവികമാണെങ്കിലും പിന്നീടും ധാരാളം മച്ചിങ്ങ കൊഴിയുന്നുവേങ്കിൽ അത് വിളവിനെ ദോഷകരമായി ബാധിക്കും. മച്ചിങ്ങ പൊഴിയുന്നതിന് പല കാരണങ്ങളുണ്ട്. പോഷക മൂലകങ്ങളുടെ, പ്രത്യേകിച്ച് പൊട്ടാഷ്, ബോറോൺ എന്നിവയുടെ ലഭ്യതക്കുറവ്, പരാഗണം, ബീജസങ്കലനം എന്നിവയിലെ വൈകല്യങ്ങൾ, ഭ്രൂണം അലസൽ, ബലമില്ലാത്ത തണ്ടിലെ മച്ചിങ്ങകളുടെ പെരുപ്പം, മണ്ണിൽ ആവശ്യത്തിന് ഈർപ്പമില്ലാതിരിക്കുക, വെള്ളം അധികനാൾ കെട്ടി നിൽക്കുക, വായൂസഞ്ചാരത്തിന്റെ അഭാവം, കുമിൾ ബാധ എന്നിവ കാരണങ്ങളാണ്. കൂടാതെ മണ്ഡരി, പൂങ്കുലച്ചാഴി എന്നീ കീടങ്ങളുടെ ആക്രമണം മൂലവും മച്ചിങ്ങ കൊഴിയാറുണ്ട്. ഇവയിലേതാണ് കാരണമെന്നു മനസ്സിലാക്കി യഥാസമയം വേണ്ട നിയന്ത്രണമാർഗ്ഗങ്ങളവലംബിക്കണം. പൂങ്കുലച്ചാഴിക്കെതിരെ ഇളം കുലകളിൽ 0.1 ശതമാനം കാർബാറിലോ 0.5 ശതമാനം വേപ്പെണ്ണയോ തളിക്കാവുന്നതാണ്. തോട്ടത്തിൽ തേനീച്ച വളർത്തുന്നത് പരാഗണം വർദ്ധിപ്പിക്കാൻ സഹായിക്കും. ഒരു ഹെക്ടറിന് 3-4 തേനീച്ചക്കൂട് സ്ഥാപിക്കണം.
തെങ്ങ് തനി വിളയായി വളർത്തുന്നതുകൊണ്ട് പ്രകൃതി വിഭവങ്ങളുടെ (ഭൂമി, സൂര്യപ്രകാശം) ശരിയായ വിനിയോഗം നടക്കുന്നില്ല. കൂടാതെ തേങ്ങയുടെ വിലത്തകർച്ച, മൊത്തം തൊഴിൽ ദിനങ്ങളിൽ കുറവ് എന്നിവയും പ്രശ്നമാകാം. വലിയൊരളവുവരെ ഇവയ്ക്ക് പരിഹാരമാണ് തെങ്ങിനൊപ്പം മറ്റു വിളകളും മിശ്രവിളകളും കൃഷി ചെയ്യുക എന്നത്. ശരിയായി ഇടയകലം നൽകി വളർത്തുന്ന ഏതു പ്രായത്തിലുമുള്ള തെങ്ങിൻ തോട്ടത്തിലും പലതരം ഇടവിളകൾ കൃഷി ചെയ്യാം. എന്നാൽ തൈകൾ വളർന്ന് തെങ്ങോലകൾ തമ്മിൽ മുട്ടിവളരുന്ന സമയം (8 മുതൽ 20-22 കൊല്ലം വരെ) തോട്ടത്തിൽ സൂര്യപ്രകാശ ലഭ്യത കുറയുമെന്നതിലാൽ തണലിലും വിളവുതരാൻ കഴിവുള്ള ഇടവിളകൾ മാത്രമേ കൃഷി ചെയ്യാവൂ. ഇടവിള / മിശ്രവിളകൾ പ്രത്യേകമായി ശുപാർശ ചെയ്തിട്ടുള്ള പരിചരണം നൽകി വളർത്തിയാൽ അവയിൽ നിന്നും അധിക വരുമാനവും തൊഴിൽ അവസരങ്ങളും ലഭിക്കുന്നതുകൂടാതെ തെങ്ങിൽ നിന്നുള്ള ആദായം കൂട്ടുന്നതിനും സാധിക്കും.
കേരളത്തിൽ തെങ്ങുകൃഷി അഭിവൃദ്ധിപ്പെടണമെങ്കിൽ മറ്റ് വിളകൾക്ക് നൽകുന്നതുപോലെ പരിചരണ മുറകൾ തെങ്ങിൻ തൈകൾ നടുന്നതു മുതൽ വിളവെടുപ്പുവരെ നൽകാൻ ശ്രദ്ധിക്കണം. ഒരു പരിചരണവുമില്ലെങ്കിലും ആദായം തരുന്ന വിള എന്നൊരു കാഴ്ചപ്പാട് പണ്ട് ഉണ്ടായിരുന്നു. എന്നാൽ ശരിയായ പരിചരണ മുറകൾ നൽകിയാൽ മാത്രമേ തെങ്ങുകൃഷി സുസ്ഥിരമായി നിലനിൽക്കുകയുള്ളൂ.