സി.പി.രാജശേഖരൻ
പ്രായപൂര്‍ത്തിയാകാത്ത മക്കള്‍
പതിനാറുകാരന്‍ ഓടിച്ച കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു.' കഴിഞ്ഞ ദിവസം മിക്ക പത്രങ്ങളിലും വന്ന, എന്നാല്‍ ആരും ശ്രദ്ധിക്കാതെ പോയ ഒരു വാര്‍ത്തയുടെ തലക്കെട്ടാണിത്. തൃശൂര്‍ ജില്ലയിലെ അന്തിക്കാട്ടുള്ള പ്ലസ് വണ്‍ വിദ്യാര്‍ഥി മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് കാറെടുത്ത് വിനോദയാത്രക്ക് ഇറങ്ങിയതാണ്, ഒരാളുടെ മരണത്തില്‍ കലാശിച്ച അപകടമായി മാറിയത്.
പ്രായപൂര്‍ത്തിയാകാത്ത മക്കള്‍
പതിനാറുകാരന്‍ ഓടിച്ച കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു.' കഴിഞ്ഞ ദിവസം മിക്ക പത്രങ്ങളിലും വന്ന, എന്നാല്‍ ആരും ശ്രദ്ധിക്കാതെ പോയ ഒരു വാര്‍ത്തയുടെ തലക്കെട്ടാണിത്. തൃശൂര്‍ ജില്ലയിലെ അന്തിക്കാട്ടുള്ള പ്ലസ് വണ്‍ വിദ്യാര്‍ഥി മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് കാറെടുത്ത് വിനോദയാത്രക്ക് ഇറങ്ങിയതാണ്, ഒരാളുടെ മരണത്തില്‍ കലാശിച്ച അപകടമായി മാറിയത്.
ഇത് ഒറ്റപ്പെട്ട ഒരു വാര്‍ത്തയല്ല. പക്ഷേ, പതിവായി ഇങ്ങനെ പലതും
കേള്‍ക്കുന്നതിനാല്‍ ഇതൊന്നും കാര്യമായി എടുക്കാറില്ല എന്നു മാത്രം.
രണ്ടാഴ്ച മുമ്പ് ഒരു'ഒന്‍പത് വയസുകാരന്‍ സ്‌കൂട്ടറോടിക്കുന്നു'
എന്നുപറഞ്ഞ്, പിതാവിനൊപ്പം അഭിമാനത്തോടെ നില്‍ക്കുന്ന ചിത്ര സഹിതമുള്ള
വാര്‍ത്ത കണ്ടു. പിറ്റേന്ന് അതിനെതിരെ കേസെടുക്കുന്നെന്നും വാര്‍ത്ത വന്നു.
കാരണം, പതിനെട്ട് വയസാകാതെ ആര്‍ക്കും ഡ്രൈവിംഗ് ലൈസന്‍സ് നല്‍കില്ല.
ഡ്രൈവിംഗ് ലൈസന്‍സില്ലാതെ വണ്ടി ഓടിക്കുന്നത് കുറ്റകരവുമാണ്.
പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ വണ്ടിയോടിച്ച് അപകടം വരുത്തിയാല്‍ ആ
കുട്ടികളുടെ മാതാപിതാക്കള്‍ക്കെതിരേ കേസെടുക്കാം എന്നൊരു കോടതിവിധി
രണ്ടുമാസം മുമ്പ് വന്നു. (വണ്ടിയോടിച്ച് മാത്രമല്ല, ഏത്
കുറ്റകൃത്യങ്ങള്‍ക്കും അങ്ങനെ ആകാവുന്നതാണ്). ആതായത്, ഇപ്പോള്‍ തൃശൂരില്‍
അപകടം വരുത്തി ഒരു വിദ്യാര്‍ഥിയെ കൊന്ന കുറ്റത്തിന് അവന്റെ അമ്മയോ അച്ഛനോ
ഉത്തരം പറയേണ്ടിവരും എന്നര്‍ഥം.
കുട്ടികള്‍
ചെയ്യുന്ന കുറ്റത്തിന് തന്തമാര്‍ എന്തു പിഴച്ചു എന്നു ചോദിക്കരുത്.
ഈയിടെയായി കുട്ടികള്‍ ചെയ്യുന്ന പല കുറ്റകൃത്യങ്ങളും പ്രത്യക്ഷമായോ
പരോക്ഷമായോ, വീട്ടുകാരുടെ ശ്രദ്ധക്കുറവുകൊണ്ടോ പരിശീലന ക്കുറവുകൊണ്ടോ
നിയന്ത്രണക്കുറവുകൊണ്ടോ, ദുശ്ശീല ദുര്‍ഭാഷണ കൂട്ടുകെട്ടില്‍ നിന്നോ
സംഭവിക്കുന്നതാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
രാവിലെ
പത്രം നിവര്‍ത്തിയാല്‍ വാഹനഅപകടങ്ങളില്‍ മരണപ്പെടുന്ന യുവാക്കളുടെ എണ്ണം
ദിനംപ്രതി വര്‍ദ്ധിക്കുന്നതായി കാണാം. വണ്ടിയെടുക്കുക, കൂട്ടുകാരേം
വിളിച്ചു ചുറ്റിക്കറങ്ങുക, എന്നത് മിഡില്‍ ക്ലാസ് ഫാമിലിയില്‍ പോലും കടുത്ത
ശീലമായിരിക്കുന്നു. കുട്ടികള്‍ക്ക് കളിയും കൂട്ടും വേണ്ട എന്നു പറയുന്ന
ഒരു പിതാവല്ല ഇതെഴുതുന്നത്. അവര്‍ക്കെല്ലാ ആനന്ദവും നല്‍കണം. പക്ഷേ, അത്
സുശിക്ഷിതമായ രീതിയിലായിരിക്കണം. നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി, തോന്നിയ
പോലെ ജീവിച്ചിട്ട്, അവസാനം നിയമം നമ്മളെ രക്ഷിക്കുന്നില്ല എന്നു
പറയുന്നതില്‍ അര്‍ഥമില്ല.
കാറും
ബൈക്കും സ്വന്തമായി വീട്ടിലുണ്ടെങ്കില്‍ മക്കള്‍ അതു പഠിക്കാന്‍ കൗതുകം
കാണിക്കും. പക്ഷേ ആദ്യം പഠിപ്പിക്കേണ്ടത് ഡ്രൈവിംഗ് അല്ല. റോഡ്
നിയമങ്ങള്‍, വണ്ടിയുടെ മെക്കാനിസം, വണ്ടി മെയിന്റൈന്‍ ചെയ്യേണ്ട രീതി,
യന്ത്രഭാഗങ്ങളും അവയുടെ പ്രവര്‍ത്തന രീതികളും, നമുക്ക്
നിയന്ത്രിക്കാവുന്നതും അല്ലാത്തതുമായ ഓട്ടോമേഷന്‍ തത്ത്വങ്ങള്‍. ഇതൊക്കെ
ഓരോ കുട്ടിയും വീട്ടില്‍ നിന്നുതന്നെ പഠിക്കണം. അതെങ്ങനെ? പല
മാതാപിതാക്കള്‍ക്കും ഇതൊന്നും അറിയില്ല. അവരും റോഡിലൂടെ വണ്ടി യഥേഷ്ടം
ഓടിച്ചുകൊണ്ടിരിക്കയാണ്.
വണ്ടി മാത്രമല്ല നമ്മള്‍ കുട്ടികള്‍ക്ക് നല്‍കുന്നത്. മൊബൈല്‍ ഫോണ്‍;
അതും ലേറ്റസ്റ്റ് സംവിധാനങ്ങളെല്ലാം ഉള്ളത്, എത്രപണം മുടക്കിയും
വാങ്ങിക്കൊടുക്കും. അതും വേണ്ടെന്ന് പറയുന്നില്ല. മൊബൈല്‍ ഫോണ്‍ ഇറക്കിയ
വിദഗ്ധര്‍പോലും അതിനെ ഉപയോഗിക്കുന്നത് എന്തിനാണെന്ന് അറിയുക. വീട്ടിനു
പുറത്തു ജോലിചെയ്യുകയും അതിനിടയില്‍ ജോലി സംബന്ധമായി പല നിര്‍ദ്ദേശങ്ങളും
പലര്‍ക്കും കൊടുക്കുകയും വാങ്ങുകയും ചെയ്യേണ്ടിവരുന്നവര്‍ക്ക് വേണ്ടിയാണ്
മൊബൈല്‍ഫോണ്‍.
ഡോക്ടര്‍മാര്‍,
പൊലീസുകാര്‍, പത്ര പ്രവര്‍ത്തകര്‍, സദാ യാത്രയിലാകുന്നവരും തിരക്കിട്ട്
സ്വന്തം പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും. ഇവര്‍ക്കൊന്നും ഓരോ
നിര്‍ദ്ദേശങ്ങള്‍ക്കുവേണ്ടി അതത് സ്ഥലങ്ങളിലേക്കോടാന്‍ ആവില്ല. അതുകൊണ്ട്
ഉടനുടന്‍ നിര്‍ദ്ദേശങ്ങളും ആശയങ്ങളും കൈമാറേണ്ടവര്‍ക്ക് മൊബൈല്‍ വലിയൊരു
സഹായമാണ്.
എന്നുവച്ച്
സ്‌കൂളിലും കോളജിലും പഠിക്കാന്‍ പോകുന്ന കുട്ടികള്‍ക്കും പഠനം
അവസാനിപ്പിച്ച്, പണിയൊന്നുമില്ലാതെ, നാട്ടിലും വീട്ടിലും ചുറ്റിക്കറങ്ങി
നടക്കുന്നവര്‍ക്കും ഈ ഫോണ്‍ കിട്ടിയാല്‍ അത്യാവശ്യങ്ങള്‍ ഒന്നും ഇതുകൊണ്ട്
നടത്താന്‍ ഇല്ലാത്തതുകൊണ്ടുതന്നെ, അതുവച്ച് സമയം പോക്കാന്‍ തുടങ്ങും. ഈ
സമയംപോക്കു വേലകള്‍ പ്രായത്തിന്റെ കൗതുകത്തിനനുസരിച്ച് മറ്റുപല
അനാവശ്യങ്ങളിലേക്കും ഇവരെ കൊണ്ടെത്തിക്കും.
പ്രേമം അല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. അത് നിര്‍ദ്ദോഷമാണെങ്കില്‍ അവര്‍
പ്രേമിച്ചോട്ടെ എന്നുതന്നെ പറയാം. പക്ഷേ, പല ചതിക്കുഴികളിലും വീഴാനും
വീഴ്ത്താനും വേണ്ടാത്ത പല ഇടപാടുകാരുമായും ഇടപെട്ട് അപകടപ്പെടാനും ഇത്
ഇടയാക്കുന്നു. ഫോണില്‍ സംസാരിച്ച് നടന്നതുകൊണ്ട് ട്രെയിനിടിച്ചു മരിച്ചു
എന്ന വാര്‍ത്ത പല തവണ വന്നു. റോഡിലൂടെ പെണ്‍കുട്ടികള്‍ ഫോണില്‍ സംസാരിച്ച്
പോകുന്നത് കാണുന്ന ഏതൊരച്ഛനും വേദന തോന്നിപ്പോകും. അവര്‍ റോഡിനേയും പരിസരം
ആകെയും മറന്നാണ് ഫോണിനെ ഉമ്മവച്ചു നടക്കുന്നത്. ഇടുങ്ങിയ റോഡിലൂടെ,
ധാരാളം വാഹനങ്ങള്‍ ചീറിപ്പാഞ്ഞു പൊയ്‌ക്കൊണ്ടിരിക്കെ ഇങ്ങനെ പരിസരം മറന്ന്
പോകുന്ന എത്രയോ പേര്‍ അപകടത്തില്‍ പെട്ടിരിക്കുന്നു.
അപകടം
എന്നാല്‍ മരണം കൊണ്ടുവരുന്ന റോഡപകടങ്ങളെകുറിച്ച്മാത്രം, ചുരുക്കി
ചിന്തിക്കരുത്. ഒന്നിനേയും വിലയിരുത്തി ചിന്തിച്ചോ, വിശകലനം ചെയ്ത്
അടുത്തറിയാതെയോ ആണ് നമ്മുടെ മക്കള്‍ പലതിലും ഇപ്പോള്‍ ഇടപെടുന്നത്.
പെട്ടെന്ന് എടുത്തു ചാടുകയും പിന്നീട് അതില്‍നിന്നു കരകയറാനാവാതെ
വീട്ടുകാരും നാട്ടുകാരും ദുഃഖിക്കേണ്ടിവരികയും ചെയ്യുന്ന അവസ്ഥ.
അടുത്തിടെ വിവാദമായ, ഇഷ്‌റത് ജഹാന്‍ എന്ന പെണ്‍കുട്ടി കൊല്ലപ്പെട്ടതിന്
പിന്നിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ മാത്രമാണ് ജനം ചര്‍ച്ച ചെയ്യുന്നത്.
എന്നാല്‍ ഇവളെങ്ങനെ ആ സംഘത്തില്‍ പെട്ടു എന്നോ തിരുവനന്തപുരത്തെ ഗോപിനാഥ
പിള്ളയുടെ മകന്‍ പിള്ള മറ്റൊരു പേര് സ്വീകരിച്ച് ഇത്രയും കാലം എന്തിന്
അജ്ഞാതനായി നടന്നു എന്നോ ആരും ചോദിക്കുന്നില്ല. കാതലായ ചോദ്യങ്ങളില്‍
നിന്നും ഉത്തരങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുന്ന നാം മക്കള്‍ക്ക് നല്ല
പാഠമല്ല നല്‍കുന്നത്.
'ഗ്രൂപ്
ഡൈനാമിക്‌സ്' എന്ന ഒരു പ്രയോഗം സൈക്കോളജിയിലുണ്ട്. മലയാളത്തില്‍ നാം
പറയുന്ന,'സംഘബലം' തന്നെയിത്. സംഘബലം പക്ഷേ, നല്ലതിനും ചീത്തക്കുമാകാം എന്ന്
രക്ഷകര്‍ത്താക്കള്‍ അറിയണം. ഒരു ഗ്രൂപ്പില്‍ ചേര്‍ന്ന് കഴിഞ്ഞ കുട്ടി, നാം
അറിയുന്ന നമ്മുടെ മകനോ മകളോ അല്ലാതാവുകയും ആ ഗ്രൂപ്പിനെ അനുസരിക്കുന്ന,
അന്ധമായി പിന്‍തുടരുന്ന ഒരു സാധാരണ അംഗമായി മാറുകയാണ്. പിന്നെ സംഘനേതാവ്
പറയുന്നതാണ് അച്ഛനമ്മമാര്‍ പറയുന്നതിനേക്കാള്‍ വലുത്.
ഈ സംഘ ശാസ്ത്രത്തെയാണ് രാഷ്ട്രീയക്കാര്‍ ദുരുപയോഗം ചെയ്ത് ജന്മനാല്‍
ശാന്തനായ ഒരുവനെപോലും ക്രൂരനും കൊലപാതകിയുമാക്കി മാറ്റുന്നത്. ഇപ്പോഴവര്‍
ചില നേതാക്കള്‍ക്ക് പണവും അധികാരവും കൊയ്യാനുള്ള വെറും അരിവാളായി
പ്രവര്‍ത്തിക്കയാണ് എന്ന സത്യം അറിയുന്നില്ല. സാവകാശം, സ്വന്തമായി
അനുഭവിച്ചറിഞ്ഞ്, സംഘം വിട്ടുപോകുമ്പോഴേക്കും അവന്‍ ഒന്നിനും കൊള്ളാത്ത
കീടമായി കഴിഞ്ഞിരിക്കും.
കുട്ടികളെ
മിതത്വം ശീലിപ്പിക്കണം. അത്യാവശ്യ, ആവശ്യ, അനാവശ്യങ്ങളെ കുറിച്ച്
വ്യക്തമായ ധാരണ കുട്ടിക്കാലത്തുതന്നെ അവര്‍ക്ക് ലഭിക്കണം. വീടും
വീട്ടുകാരും നാടും നാട്ടുകാരും എങ്ങനെയാണ് സ്വാധീനിക്കുന്നതെന്നും
എങ്ങനെയാണ് സ്വാധീനിക്കേണ്ടതെന്നും കുട്ടിക്കാലത്തുതന്നെ അറിയണം. നന്മ
തിന്മകളുടെ വകതിരിവു തരുന്ന കഥകളും ഉദാഹരണങ്ങളും പൂര്‍വിക സമ്പത്തായി
കൂടെയുള്ളത് കുട്ടികളിലേക്കു പകരണം. കുട്ടികളെക്കുറിച്ചൊരു മുന്‍ കരുതല്‍
പണ്ടെന്ന പോലെ നാം കാണിക്കുന്നില്ല.
സര്‍ക്കാറിനും
രാജ്യത്തിനും പൗരന്മാരെ രക്ഷിക്കാന്‍ ചുമതലയുണ്ട്. എന്നാല്‍ നമ്മെ
രക്ഷിക്കാന്‍ നമുക്കുതന്നെയല്ലെ ആദ്യം കഴിയുക. നമ്മുടെ ചുമതല 'ഭംഗിയായി
നിറവേറ്റിയോ എന്ന് ഓരോ ഘട്ടത്തിലും ചിന്തിക്കുന്നതുകൊണ്ട് കുട്ടികളുടെമേല്‍
എപ്പോഴും ഒരു കണ്ണുണ്ടായിരിക്കുന്നതുകൊണ്ട് ഗുണം ഏറുകയല്ലേ ഉള്ളൂ?