കവിതയെ കഴുമരത്തിലേറ്റാൻ
കോടതി കല്പ്പിച്ചു
കോറിയിട്ടവ കൊഞ്ഞനം -
കുത്തുന്നെന്നു
അക്ഷരങ്ങൾ അള്ളിപ്പിടിച്ച്
വാക്കുകളാകുന്നെന്നു
വാക്കുകൾക്കു വാളിനേക്കാൾ
മൂർച്ചയെന്നു
ബഞ്ചമിൻ മോളോയിസായി,
സഫ്ദർ ഹാശമിയായി ,
തസ്ലീമനസ്രീനായി ,മലാല -
യൂസഫായി
ലക്ഷ്മണ രേഖ മാറ്റി-
വരയ്ക്കുന്നെന്നു .
ഇന്ന് വെളുപ്പിന്
കവിതയെ തൂക്കിലേറ്റി
മരിച്ചെന്നു ഉറപ്പുവരുത്തി
ജഡം ഇറക്കി കിടത്തി
ഇപ്പോൾ കാണുന്നതും
കേൾക്കുന്നതുമെല്ലാം
കവിതയാണ് പോലും
കവിതയെ തടഞ്ഞു -
കോടതിക്ക്
മുന്നോട്ടു പോകുവാൻ
കഴിയുന്നില്ലെന്ന്
കോടതി അടച്ചുപൂട്ടേണ്ടി
വരുമെന്ന്