(ഇനിയും) ശവപ്പെട്ടികൾ വിൽക്കപ്പെടും


ഗ്രീഷ്മാ മാത്യുസ്

പിഴച്ചുപോയ സ്വന്തം മകളെ അയാൾ ചുട്ടുകൊന്നു. അവൾക്ക്‌ പ്രിയപ്പെട്ട സകലതിനേയും അവളുടെ ചിതയിലേക്ക്‌ എടുത്തെറിയുമ്പോൾ അയാൾ കരഞ്ഞില്ല. കൂടിനുള്ളിൽ അഗ്നിനാളങ്ങൾ കണ്ടു പേടിച്ച കിളിക്കുഞ്ഞുങ്ങൾ കാരുണ്യത്തിനായി അയാളോട്‌ കേണു. പക്ഷേ,......അവയും അവൾക്ക്‌ ജീവനായിരുന്നുവല്ലോ.....മരണ ശേഷം ഒരു ജീവിതമുണ്ടെങ്കിൽ തന്റെ മകൾക്ക്‌ കൂട്ടായിരിക്കട്ടെ......

കരഞ്ഞു തളർന്നുറങ്ങിയ അവളെ വിളിച്ചുണർത്തി 'ഇനി നീ ജീവിക്കണ്ട' എന്നു പറഞ്ഞപ്പോൾ ഒന്നും മനസ്സിലാകാത്തത്‌ പോലെ തന്റെ കുരുന്നിന്റെ കണ്ണുകൾ ഒന്നു ചിമ്മി. മരിയ്ക്കാൻ പേടിയുണ്ടായിരുന്നു അവൾക്ക്‌. മരണമെന്ന വാക്കിനെ അവൾ അത്രയും ഭയപ്പെട്ടിരുന്നു. കാരണം അമ്മയുടെ മരണം മകളുടെ ജീവിതത്തിൽ ഒരു വലിയ ആഘാതമായിരുന്നു. കൂർത്തനഖങ്ങളും പല്ലുകളും ഉള്ള ഇരുകാലികൾ അവളുടെ മാംസം കീറിയെടുത്തു, പിഞ്ച്‌ ശരീരത്തിൽ ഒന്നും ബാക്കിവച്ചില്ല. സിഗരറ്റിന്റെ പൊള്ളലുകളും ചോരപ്പാടുകളും അല്ലാതെ ഒന്നും.....

ശവപ്പെട്ടികൾ പണിയാൻ വെച്ചിരുന്ന തടികൾ ഓരോന്നായി പാതിജീവൻ ബാക്കിയുള്ള ശരീരത്തിൽ വയ്ക്കുമ്പോൾ അയാൾക്ക്‌ കൈവിറച്ചില്ല. പെട്ടന്നെല്ലാം അവസാനിപ്പിക്കാൻ ധൃതിയുണ്ടായിരുന്നു. അവളെ വിലപറയാൻ താമസിക്കാതെ അവരെത്തും, ഇരുട്ടിന്റെ മറപറ്റി കുറുക്കന്റെ മണമുള്ള നായ്ക്കൾ, തടുക്കാൻ തനിയ്ക്ക്‌ കഴിഞ്ഞില്ലെങ്കിൽ..........

നാലാം ക്ലാസുകാരി പരസ്പര സമ്മതത്തോടെ പീഡിപ്പിക്കാൻ നിന്നു കൊടുത്തതിനാൽ പ്രതികളെ കേവലം പേരിന്‌ ശിക്ഷിച്ചുകളഞ്ഞു നിയമം!! അതെ, എന്റെ മകളെപ്പറ്റിയാണ്‌ പറഞ്ഞ്‌ വരുന്നത്‌. ശവപ്പെട്ടിക്കച്ചവടക്കാരനായ അച്ഛന്റെ പൊന്നോമന. വെള്ള നിറമുള്ള പൂക്കൾകൊണ്ടലങ്കരിച്ച ശവപ്പെട്ടി അയാളുണ്ടാക്കിയെങ്കിലും ഒരു ഭയം ബാക്കിനിന്നു. കുഴിയിൽ നിന്നും മാന്തിയെടുത്തിട്ടായാലും.... അവൾ ഒരു പെൺകുഞ്ഞല്ലേ... ചിലപ്പോൾ വീണ്ടും? അതുപാടില്ല, തീയാണ്‌ നല്ലത്‌, വേഗത്തിൽ വിറകടുക്കി വയ്ക്കുമ്പോൾ തന്റെ കുഞ്ഞിനെ രക്ഷിക്കാനുള്ള വ്യഗ്രതയുണ്ടായിരുന്നു അയാളിൽ. കഥയിലുടനീളം അയാൾ എന്നു പറഞ്ഞത്‌ കൊണ്ട്‌ സംശയിക്കേണ്ട, അയാൾക്കൊരു പേരുണ്ടായിരുന്നു. അതെന്ത്‌ തന്നെയായാലും നമുക്കയാളെ അച്ഛൻ എന്നു വിളിക്കാം. ആ കുഞ്ഞിനെ മകളെന്നും.

തീനാളങ്ങൾ കാർന്ന്‌ തിന്നുമ്പോൾ പോലും അവൾക്ക്‌ നിവലിളിക്കാനായില്ല, കേവലം ശ്വാസമെടുക്കുന്ന ഒരു യന്ത്രത്തിന്‌ നിലവിളിയ്ക്കാൻ അറിയില്ലല്ലോ....അല്ലെങ്കിൽ അങ്ങനെ അലറിക്കരഞ്ഞിട്ട്‌ പ്രയോജനമില്ലെന്ന്‌ ആ ഒരു ദിവസം കൊണ്ടവൾ മനസ്സിലാക്കിക്കളഞ്ഞോ? അയാൾക്ക്‌ ശ്വാസം തിരിച്ചുകിട്ടി,. എത്രയോ രാത്രിയിൽ ഉറക്കമില്ലാതെ അച്ഛൻ മകൾക്ക്‌ കൂട്ടിരുന്നു. ഒരു ഇല അനങ്ങുമ്പോൾ പോലും അസ്വസ്ഥനായി വാതിൽ പൂട്ടിയിട്ടും തൃപ്തി വരാതെ ആ കൊച്ചുവീട്ടിൽ ഭാരമുള്ളതെല്ലാം വലിച്ച്‌ വാരിവെച്ച്‌ മകളുടെ സുരക്ഷ ഉറപ്പുവരുത്തി. നീതി കനിയുന്നതും കാത്ത്‌, കോടതി വരാന്തകളിൽ കുഞ്ഞിനെയും തോളത്തിട്ട്‌ അയാൾ നിൽക്കുമ്പോൾ ക്യാമറകൾ മിന്നി......അവൾ അച്ഛനെ മുറുകെപിടിച്ചു. മിന്നലിനെ പേടിക്കണമല്ലോ!

പ്രതീക്ഷകൾക്ക്‌ മീതെ ചാരം മൂടി, തീയണഞ്ഞു കഴിഞ്ഞപ്പോൾ ബാക്കിവന്ന എല്ലിൻതുണ്ടുകൾ അലങ്കരിച്ച ശവപ്പെട്ടിയിൽ അയാൾ എടുത്ത്‌ സൂക്ഷിച്ചു വച്ച്‌ വർഷങ്ങളോളം കാവലിരുന്നു.

കാലം കുറേ കഴിഞ്ഞപ്പോൾ അവളെ വലിച്ചിഴച്ച്‌ കൊണ്ടുപോയ വഴിയിൽ ചുവന്ന കുഞ്ഞുപൂക്കൾ വിരിഞ്ഞു; അച്ഛന്റെ കണ്ണീർ ഒഴുകിക്കൊണ്ടേയിരുന്നു. ആ നീരൊഴുക്ക്‌, കൊച്ച്‌ കൊച്ച്‌ നീരുറവകളായി കൈത്തോടുകളായി പുഴകളായി ആസ്ഥലത്തെ പവിത്രീകരിച്ചു.

പിന്നെയും എത്രയോ രാത്രികളിൽ എല്ലിൻ കഷ്ണത്തിനായി കടിപിടി കൂടുന്ന നായ്ക്കൾ ഓരിയിട്ടു. ബാക്കിയെല്ലാം നിശബ്ദം...നിശ്ചലം....

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ