ടി.കെ.ജോസ് ഐ എ എസ്
ചെയർമാൻ, നാളികേര വികസന ബോർഡ്
നമ്മുടെ
നാട്ടിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗവേഷണ സ്ഥാപനങ്ങളും ഇന്ന്
നിലവിലുണ്ട്. ജീവശാസ്ത്ര സംബന്ധമായ വിഷയങ്ങളിൽ സർവ്വകലാശാല അംഗീകരിച്ച
ഗവേഷണ കേന്ദ്രങ്ങളും ദേശീയ, അന്തർദ്ദേശീയ പ്രശസ്തി നേടിയിട്ടുള്ള നിരവധി
പ്രസിദ്ധീകരണങ്ങൾക്കും ഗവേഷണങ്ങൾക്കും ഉടമകളായ അദ്ധ്യാപകരും ഗവേഷകരും
നമ്മുടെ നാട്ടിലുണ്ട്. പക്ഷേ, പലപ്പോഴും ഇത്തരത്തിലുള്ള ഗവേഷണ
കേന്ദ്രങ്ങളുടേയും ഗവേഷകരുടേയും പദ്ധതികളിൽ നാളികേര മേഖലയുമായി ബന്ധപ്പെട്ട
ഗവേഷണങ്ങൾ തുലോം പരിമിതമായി കാണുന്നു. ഇത്തരത്തിലുള്ള വിദ്യാഭ്യാസ
സ്ഥാപനങ്ങളെ നമ്മുടെ നാട്ടിലെ പ്രധാനപ്പെട്ട കാർഷിക വിളയായ നാളികേരവുമായി
ബന്ധപ്പെട്ട ഗവേഷണ പ്രശ്നങ്ങൾ (research problems)
ഏറ്റെടുക്കുന്നതിനുവേണ്ടി പ്രേരിപ്പിക്കുകയും പ്രചോദിപ്പിക്കുകയും
പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രക്രിയ നമുക്ക്
ആരംഭിക്കേണ്ടിയിരിക്കുന്നു.
സാധാരണഗതിയിൽ കൃഷിയും കാർഷിക മേഖലയിലെ ഗവേഷണങ്ങളും കാർഷിക
സർവ്വകലാശാലയുടെ മാത്രം ഉത്തരവാദിത്വം എന്ന് കരുതി മറ്റ് ഗവേഷണസ്ഥാപനങ്ങൾ
മാറി നിൽക്കുന്ന പ്രവണത പൊതുവേ ഇന്ത്യയിൽ കാണുന്നുണ്ട്. ഇന്ത്യൻ കാർഷിക
ഗവേഷണ കൗൺസിലിന്റെ (ഐസിഎആർ) ഉത്തരവാദിത്വമായിട്ടാണ് കേന്ദ്രഗവണ്‍മന്റും
കാർഷിക മേഖലയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളെ പരിഗണിക്കുന്നത്. ഇത്തരം
സ്ഥാപനങ്ങൾ അവരുടെ ഗവേഷണങ്ങളുമായി വളരെയധികം മുന്നോട്ട് പോകുകയും നിരവധി
പുതിയ പരിഹാരമാർഗ്ഗങ്ങളും, ഉൽപന്നങ്ങളും വികസിപ്പിച്ചെടുത്തിട്ടുമുണ്ട് .
ബിരുദ, ബിരുദാനന്തര കോഴ്സുകളും ഗവേഷണങ്ങളുമൊക്കെ നടക്കുന്ന കോളേജുകളിൽ
കഴിവും അനുഭവസമ്പത്തുമുള്ള നിരവധി അദ്ധ്യാപകർ ഗവേഷണപ്രവർത്തനങ്ങൾ
നടത്തുന്നുണ്ട്. അത്തരത്തിലുള്ള ആളുകളുടെ അറിവും അനുഭവങ്ങളും
കാര്യപ്രാപ്തിയും കാർഷിക മേഖലയിലെ പ്രശ്നപരിഹാരത്തിനുള്ള
ഗവേഷണങ്ങളിലേക്കുകൂടി കൊണ്ടുവരേണ്ടതില്ലേ? ഏത് നാട്ടിലേയും കൃഷിയും
അനുബന്ധവ്യവസായങ്ങളും വികസിക്കുന്നതിൽ ആ നാട്ടിലെ വിദ്യാഭ്യാസ, ഗവേഷണ,
പരിശീലന സ്ഥാപനങ്ങൾക്ക് വലിയ പങ്കുണ്ട്. അത്തരമൊരു ശ്രമം കേരളത്തിലെ
നാളികേര മേഖലയിൽ പ്രവർത്തിക്കുന്ന കർഷക ഉത്പാദക കൂട്ടായ്മകളും (സിപിഎസ്,
ഫെഡറേഷൻ, ഉത്പാദക കമ്പനികൾ) ഉന്നത വിദ്യാഭ്യാസ, ഗവേഷണ, പരിശീലന
സ്ഥാപനങ്ങളുമായി കൈകോർത്തുകൊണ്ട് നമുക്ക് തുടങ്ങാൻ കഴിയുമോ?
നമ്മുടെ നാട്ടിൽ രൂപീകൃതമായിരിക്കുന്ന കാർഷിക കൂട്ടായ്മകൾക്ക് അവരുടെ
അടിയന്തിരഘട്ടങ്ങളിൽ പ്രശ്ന പരിഹാരത്തിനുവേണ്ടി ഏറ്റവും അടുത്തുള്ള മികച്ച
ഉന്നത വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങളുമായി ബന്ധപ്പെടാൻ കഴിയുമോ?
ബന്ധപ്പെട്ടാൽ വേഗത്തിൽ ക്രിയാത്മകമായ ഫലം ലഭിക്കുമോ? കേവലം കാർഷിക
ഉത്പാദനത്തിലും ഉത്പാദനക്ഷമത വർദ്ധനവിലും രോഗ, കീട പ്രതിരോധ
പ്രവർത്തനങ്ങളിലും മാത്രമല്ല, മികച്ച ഉത്പാദനക്ഷമതയുള്ള വിത്തിനങ്ങളും
തൈകളും വികസിപ്പിച്ചെടുക്കുന്നതിനും ബയോടെക്നോളജി തുടങ്ങിയ ആധുനിക
സാങ്കേതികവിദ്യ ഉപയോഗിച്ച് നടീൽ വസ്തുക്കളുടെ പ്രചുര പ്രജനന (rapid
multiplication of planting materials) ത്തിലുമെല്ലാം പ്രയോഗിക്കാൻ
നമുക്ക് കഴിയില്ലേ? ഉദാഹരണമായി ബയോടെക്നോളജിയിൽ ബിരുദാനന്തര പഠനവും
ഗവേഷണവും നടത്തുന്ന നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളികേര കൃഷിയുടെ
മുഖ്യകേന്ദ്രമായ ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിലുണ്ട്. ഇവരിലാരും
തന്നെ കേരകൃഷിയുമായി ബന്ധപ്പെട്ട ബയോടെക്നോളജി ഗവേഷണം നടത്തിയതായി
അറിവില്ല. അത്തരത്തിലുള്ള ഗവേഷണങ്ങളിലേക്ക് ഇവരെ
കൈപിടിച്ചുകൊണ്ടുവരുന്നതിന് നാളികേര വികസന ബോർഡ് മുൻകൈ എടുക്കുവാൻ
ശ്രമിക്കുകയാണ്.
നാളികേരത്തിൽ നിന്നുള്ള നിരവധി മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള നൂതന പ്രക്രിയകൾ വികസിപ്പിച്ചെടുക്കുകയെന്നുള് ളതാണ്
ഗവേഷണം ആവശ്യമായ മറ്റൊരു മേഖല. നീരയുടെ കാര്യം തന്നെ ഉദാഹരണമായി
എടുക്കാം. ഡിഎഫ്‌ആർഎൽ, സിഎഫ്ടിആർഐ, സിപിസിആർഐ എന്നിവയെല്ലാം ആദ്യകാലത്ത്
തന്നെ നീരയുടെ സംസ്ക്കരണ സാങ്കേതികവിദ്യ വികസിപ്പിച്ചിരുന്നു. കേരള കാർഷിക
സർവ്വകലാശാലയും ഇതേ സാങ്കേതികവിദ്യ വികസിപ്പിച്ചിരുന്നു. പക്ഷേ, ഇത്
പലപ്പോഴും കർഷകരിലേക്കും കർഷകകൂട്ടായ്മകളിലേക്കും എത്തിക്കുന്ന കാര്യത്തിൽ
വളരെയധികം കാലതാമസം നേരിടുകയും പലപ്പോഴും ലളിതവും സുഗമവുമായി കർഷകർക്ക്
ലഭ്യമാകാതെ വരികയും ചെയ്ത സാഹചര്യത്തിലാണ് നാളികേര വികസന ബോർഡ്
ബയോടെക്നോളജി രംഗത്ത് പ്രശസ്ത സ്ഥാപനമായ എസ്സിഎംഎസ് സെന്റർ ഫോർ
ബയോടെക്നോളജി റിസർച്ചുമായി ചേർന്ന് വളരെ വേഗത്തിൽ നീര ഉത്പാദനത്തിന്റേയും
സംസ്ക്കരണത്തിന്റേയും മൂല്യവർദ്ധനവിന്റേയും ഒരു ഗവേഷണ പ്രോജക്ട്
ഏറ്റെടുക്കുന്നത്. ചുരുങ്ങിയകാലം കൊണ്ടുതന്നെ ഇത് വിജയിപ്പിക്കുവാനും
മികച്ച ഉൽപന്നങ്ങളും മികച്ച സംസ്ക്കരണ രീതിയും വികസിപ്പിച്ചെടുക്കുന്നതിനും
കഴിഞ്ഞു. കോക്കനട്ട് ഡവലപ്‌മന്റ് ബോർഡ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ്
ടെക്നോളജി, ഇതിന്റെ അടുത്ത തലത്തിലുള്ള ഗവേഷണങ്ങൾ ഏറ്റെടുക്കുകയുണ്ടായി.
കാലിക പ്രാധാന്യമുള്ള വിഷയങ്ങളിൽ വേഗത്തിൽ ഫലം ലഭിക്കുന്ന രീതിയിലുള്ള
ഗവേഷണപദ്ധതികളാണ് നമുക്കാവശ്യം.
മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇപ്പോൾ ഗവണ്‍മന്റ്, എയ്ഡഡ്,
അൺഎയ്ഡഡ് കോളേജുകൾക്കും ഇത്തരം പ്രോജക്ടുകൾ ഏറ്റെടുക്കാൻ അവസരമുണ്ട്.
ഗവേഷണശാലകളും മികച്ച ഗവേഷകരും ഉണ്ടെങ്കിൽ കാര്യപ്രാപ്തിയുടേയും
കഴിവിന്റേയും അടിസ്ഥാനത്തിൽ ഗവേഷണ പ്രോജക്ടുകൾക്ക് സാമ്പത്തിക സഹായം
ചെയ്യുന്ന പദ്ധതി ബോർഡിൽ ആരംഭിച്ചു കഴിഞ്ഞു. ഇതിനോടകം ഏതാനും പ്രോജക്ടുകൾ
ആരംഭിക്കുകയും നാലെണ്ണം പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ പ്രക്രിയ
മുന്നോട്ടുകൊണ്ടുപോകണമെന്നാണ് നാളികേര വികസന ബോർഡ് ആഗ്രഹിക്കുന്നത്.
താൽപര്യമുള്ള വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങൾ നിലവിലുളള അടിസ്ഥാന
സൗകര്യങ്ങളും ഗവേഷണ സൗകര്യങ്ങളും ഉപയോഗപ്പെടുത്തികൊണ്ട് കേരളത്തിലെ കേര
കർഷകർക്ക് പ്രയോജനപ്പെടാവുന്ന ഉൽപന്ന വികസനത്തിലേയ്ക്ക് കടന്നുവരണമെന്ന്
അഭ്യർത്ഥിക്കുന്നു.
നമ്മുടെ നാട്ടിൽ നിരവധി എംഎസ്ഡബ്ല്യു, എംബിഎ കോഴ്സുകൾ പഠിപ്പിക്കുന്ന
വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. എംഎസ്ഡബ്ല്യു കോഴ്സ്
ചെയ്തുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ ഒരു ദിവസം സാധാരണയായി
സാമൂഹിക പ്രവർത്തന പരിശീലനത്തിനുളള അവസരമുണ്ട്. എന്തുകൊണ്ട് ഇതിനുള്ള
വേദികൾ നമ്മുടെ കർഷക കൂട്ടായ്മകൾ രൂപീകരിക്കുന്നതിലും അവയുടെ
പരിശീലനത്തിലും അവയെ മുൻപോട്ടു നയിക്കുന്നതിലും പ്രയോജനപ്പെടുത്തിക്കൂടാ?
തമിഴ്‌നാട്ടിലെ പിഎസ്ജി കോളേജ് ഓഫ് ആർട്ട്സ് ആൻഡ് ശയൻസിലെ എംഎസ്ഡബ്ല്യു
വിദ്യാർത്ഥികൾ ഇതിനോടകം തന്നെ കോയമ്പത്തൂർ, പൊളളാച്ചി മേഖലയിൽ കർഷക
ഉത്പാദക സംഘങ്ങളും അവയുടെ ഫെഡറേഷനുകളും രൂപീകരിക്കുന്നതിനു വേണ്ടി ആഴ്ചയിൽ
ഒരോ ദിവസം മാറ്റി വയ്ക്കുന്നുണ്ട്. അതേ കോളേജിലെ തന്നെ എം ബി എ
വിദ്യാർത്ഥികളാവട്ടെ ഇന്ത്യയിൽ ഏറ്റവും അധികം നാളികേരം ഉത്പാദിപ്പിക്കുന്ന
ജില്ലയായ കോയമ്പത്തൂർ ജില്ലയിൽ ഒരു നാളികേര ഉത്പാദക കമ്പനി
രൂപീകരിക്കുന്നതിനുളള പശ്ചാത്തല പ്രവർത്തനങ്ങൾ നടത്തുകയാണ്. ഇന്ത്യയിലെ
ഏറ്റവും പ്രശസ്തമായ റൂറൽ മാനേജ്‌മന്റ് പരിശീലന കേന്ദ്രമായ IRMA (Institute
of Rural Management, Anand) അവരുടെ നാല് രണ്ടാം വർഷ മാനേജ്‌മന്റ്
പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർത്ഥികളെ നാളികേര വികസന ബോർഡിൽ പ്രോജക്ട്
വർക്കിനായി അയച്ചിട്ടുണ്ട്. മറ്റു കുറെ കോളേജുകളെങ്കിലും അവരുടെ എംബിഎ,
എംകോം വിദ്യാർത്ഥികൾക്ക് നാളികേര ഉത്പാദക കൂട്ടായ്മകളിൽ പ്രോജക്ട്
വർക്കിനു വേണ്ടി ഏതാനും ആഴ്ചകളിലെ സമയം മാറ്റിവയ്ക്കുവാനും തയ്യാറായി
വന്നിട്ടുണ്ട്.
സിപിഎസ്സുകളുടേയും അവയുടെ ഫെഡറേഷനുകളുടേയും ഉത്പാദക കമ്പനികളുടേയും
മുന്നോട്ടുളള പ്രവർത്തന പന്ഥാവിൽ നമുക്ക് ഇവരുടെ സേവനം എങ്ങനെ
പ്രയോജനപ്പെടുത്താൻ കഴിയും? ഓരോ ഉത്പാദക കമ്പനികളും തങ്ങളുടെ ജില്ലയിലെ
മികച്ച മാനേജ്‌മന്റ്, എംഎസ്ഡബ്ല്യൂ കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങളുമായി
ബന്ധപ്പെടുകയും ഇതിനായി ആശയവിനിമയം തുടങ്ങുകയും ചെയ്യണമെന്ന്
അഭ്യർത്ഥിക്കുന്നു. ആദ്യതല ചർച്ചകൾക്കുശേഷം നാളികേര വികസന ബോർഡിൽ നിന്ന്
ആവശ്യമായ പൈന്തുണയും നൽകുന്നതാണ്. ഇത്തരത്തിൽ ഏറ്റെടുക്കുന്ന പദ്ധതികൾ വഴി
ഉന്നതവിദ്യാഭ്യാസത്തിനുവേണ്ടി പോകുന്ന കുട്ടികൾക്ക് നാളികേരത്തിന്റേയും
നാളികേര മേഖലയുടെയും പ്രശസ്തിയും പ്രാധാന്യവും ഈ രംഗത്ത്
ഒളിഞ്ഞുകിടക്കുന്ന അനന്ത സാദ്ധ്യതകളെ മനസ്സിലാക്കുന്നതിനുമുളള അവസരം
ഉണ്ടാവുകയാണ്. കൂടാതെ ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവിധ
ഡിപ്പാർട്ടുമന്റുകൾക്കും അദ്ധ്യാപകർക്കും ഈ മേഖലയിൽ കർഷകരുമായിട്ട്
കുറേക്കൂടി അടുത്ത ബന്ധം പുലർത്തുന്നതിനുളള സാഹചര്യം സംജാതമാകുമെന്ന്
പ്രതീക്ഷിക്കുന്നു. ഇത് പലപ്പോഴും കൂട്ടായ വിജയത്തിലേയ്ക്ക് കർഷക
ഉത്പാദക സംഘങ്ങളേയും വിദ്യാഭ്യാസ സ്ഥാപനങ്ങളേയും നയിക്കും എന്ന്
പ്രതീക്ഷിക്കുകയാണ്. മാനേജ്‌മന്റ് വിദ്യാർത്ഥികൾക്ക് അവരുടെ പ്രോജക്ട്
വർക്കിൽ ഏറ്റവും ജീവിതഗന്ധിയായ പ്രശ്നങ്ങൾ കണ്ടെത്തുന്നതിനും അവ
അപഗ്രഥിച്ച് പഠിച്ച്, പരിഹാരം നിർദ്ദേശിക്കുന്നതിനുമുളള അവസരം
കിട്ടുന്നു. ഉത്പാദക കമ്പനികൾക്കും ഫെഡറേഷനുകൾക്കും സിപിഎസുകൾക്കും ഏറ്റവും
നൂതനമായ മാനേജ്‌മന്റ് സങ്കേതങ്ങളും ആശയങ്ങളും അവരുടെ
പ്രവൃത്തിപഥത്തിലേക്ക് കൊണ്ടുവരുന്നതിനുളള അവസരം ലഭിക്കുന്നു. ഇതുവഴി
അവർക്ക് തങ്ങളുടെ പ്രവർത്തന പന്ഥാവ് വിപുലപ്പെടുത്തുന്നതിനും
മെച്ചപ്പെട്ട രീതിയിൽ കൂടുതൽ മൂല്യവർദ്ധിത ഉൽപന്നങ്ങളിലേയ്ക്കും കൃഷിയുടെ
വികസനത്തിലേയക്കും ഇതുവരെ പ്രയോജനപ്പെടുത്താതിരുന്ന
സാധ്യതകളിലേയ്ക്കുമെല്ലാം കടന്നെത്താനും കഴിയുമെന്നാണ്
വിശ്വസിക്കുന്നത്.
ഇതേപോലെത്തന്നെ നമ്മുടെ നാട്ടിലുളള നിരവധി കൊമേഴ്സ്
ഡിപ്പാർട്ടുമന്റുകളുളള കോളേജുകളിൽ ബികോം, എംകോം ക്ലാസ്സുകളിലെ
വിദ്യാർത്ഥികളുടെ പ്രോജക്ട് വർക്കുകളും നാളികേര ഉത്പാദക ഫെഡറേഷനുകളുടേയും
ഉത്പാദക കമ്പനികളുടെയും തലത്തിൽ ഏറ്റെടുക്കാൻ കഴിയും. അക്കൗണ്ടിംഗിന്റെയും
ഫൈനാൻസിന്റെയും പ്രാഥമിക പാഠങ്ങൾ കൃത്യമായി ഓരോ ഫെഡറേഷനുകളിലും
അനുവർത്തിക്കുന്നതിനും ആവശ്യമായ രീതിയിൽ അവരുടെ കണക്കുകൾ
സൂക്ഷിക്കുന്നതിനും ധനകാര്യ പ്രവർത്തനങ്ങൾ മുമ്പോട്ടുകൊണ്ടുപോകുന്നതിനും
വേണ്ട പരിശീലന പരിപാടികളും തയ്യാറെടുപ്പുകളും നൽകി അവരെ
പ്രാപ്തരാക്കുന്നതിനുളള കാര്യങ്ങളും കൊമേഴ്സ് ഡിപ്പാർട്ടുമന്റുകൾക്ക്
ഏറ്റെടുക്കാൻ കഴിയും. അടുത്ത മേഖല എൻജിനീയറിംഗ് വിദ്യാഭ്യാസ
സ്ഥാപനങ്ങളാണ്. നാളികേര മേഖലയിലെ ഉൽപന്ന സംസ്ക്കരണത്തിനും
മാർക്കറ്റിംഗിനും വേണ്ട ലോജിസ്റ്റിക് സപ്പോർട്ടിന്റെയും മറ്റും
കാര്യങ്ങൾക്ക് എൻജിനീയറിംഗ് കോളേജുകൾക്കും കർഷക കൂട്ടായ്മകളെ
സഹായിക്കുവാനാകും. ഫാം മെക്കനൈസേഷന്റെ രംഗത്ത് മെക്കാനിക്കൽ എൻജിനീയറിംഗ്
ഡിപ്പാർട്ടുമന്റുകൾക്കും വിദ്യാർത്ഥികൾക്കും പ്രോജക്ടുകൾ
ഏറ്റെടുക്കുന്നതിനും കൂടിയുളള അവസരം നാളികേര കൃഷിയുടെ മേഖലയിൽ ഒരുക്കാൻ
കഴിയും. ഇപ്രകാരം കേരളത്തിലെ വിവിധ തലങ്ങളിലും വിവിധ മേഖലകളിലുമുളള
വിദ്യാഭ്യാസ, പരിശീലന, ഗവേഷണ സ്ഥാപനങ്ങളുമായി കൈകോർത്തുകൊണ്ടുളള ഒരു വികസന
സംസ്ക്കാരവും പ്രക്രിയയും മുമ്പോട്ടു കൊണ്ടുപോകുന്നതിന് നമുക്ക് ആരംഭം
കുറിക്കാം.
ഭാവിയിൽ ഇത്തരം വികസന ഗവേഷണ പ്രവർത്തനങ്ങൾ വഴി നമ്മുടെ ഉത്പാദക
കമ്പനികൾ രണ്ടു മൂന്നു വർഷം കൊണ്ട് മികച്ച സാമ്പത്തിക സ്ഥിതിയിലേയ്ക്ക്
എത്തിക്കഴിഞ്ഞാൽ ഉത്പാദക കമ്പനികളുടെ ഒരു കൺസോർഷ്യം രൂപീകരിച്ച് വിവിധ
ഗവേഷണ പദ്ധതികൾ അവർക്കു തനിയെ ഏറ്റെടുക്കുന്നതിന് കഴിയുന്ന കാലഘട്ടം
തീർച്ചയായും ഉണ്ടാകും. ഇന്ത്യയിൽ ലഭ്യമാക്കാവുന്ന ഏറ്റവും മികച്ച കാർഷിക
ശാസ്ത്രജ്ഞരേയും ബയോടെക്നോളജിയിലുളള ആധുനിക സാങ്കേതികവിദ്യയിലെ ഗവേഷകരെയും
നാളികേര ഉത്പാദ കമ്പനികളുടെ ഇത്തരം കൺസോർഷ്യത്തിനുതന്നെ നിയമിക്കുന്നതിനും
അവരുടെ സേവനം പ്രയോജനപ്പെടുത്തുന്നതിനും കഴിയുന്ന ഒരു കാലഘട്ടവും
അനതിവിദൂരമല്ല. ഇന്ത്യയിൽ തന്നെ മുന്തിരി കർഷകരുടെ കൂട്ടായ്മകൾ ഐസിഎആറിൽ
നിന്ന് വിരമിച്ചവരും ജോലി ചെയ്യുന്നവരുമായ നിരവധി ശാസ്ത്രജ്ഞൻമാരെ
തങ്ങളുടെ വിളയുടെ ഉത്പാദന, പരിപാലന, സംസ്ക്കരണ മേഖലയിലെ ഗവേഷണങ്ങൾക്കായി
ഉപയോഗപ്പെടുത്തുന്നുണ്ട്. എന്തുകൊണ്ട് ഇത്തരം കാര്യങ്ങളിൽ നാളികേര
മേഖലയിലെ ഉത്പാദക കമ്പനികൾക്കും മുൻകൈ എടുത്തുകൂടാ. ഉത്പാദക കമ്പനികൾ
ഇന്നൊരു പക്ഷേ വളരെ ചെറിയ തോതിലായിരിക്കും പ്രവർത്തിക്കുന്നത്. ആദ്യത്തെ
ഒരു പ്രവർത്തന വർഷം പത്തുകോടിയോളം രൂപയുടെ വിറ്റുവരവും രണ്ടാം വർഷം
ഇരുപത്തിയഞ്ച് കോടി രൂപയുടേയും മൂന്നാം വർഷം നൂറുകോടി രൂപയുടേയും
വിറ്റുവരവും നേടുന്ന കമ്പനികളായി എല്ലാ ഉത്പാദക കമ്പനികളും മാറികഴിയുമ്പോൾ
തീർച്ചയായും ഉയർന്ന തലത്തിലുളള ഗവേഷണ സംവിധാനങ്ങൾ ഇത്തരം കമ്പനികളുടെ
കൺസോർഷ്യത്തിന് രൂപീകരിക്കുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും
കഴിയുമെന്നും പ്രതീക്ഷിക്കുന്നു. മൂന്നു വർഷ കാലയളവിനുശേഷം കേരകൃഷിയുടെ
മേഖലയിലെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിന് നമ്മുടെ
ഉത്പാദക കമ്പനികൾക്കും അവയുടെ കൺസോർഷ്യത്തിനും കഴിയും. ആ
കാലഘട്ടത്തിലേയ്ക്ക് പ്രഗത്ഭരായ ഗവേഷകരെയും ശാസ്ത്രജ്ഞൻമാരെയും
ആരംഭകാലത്തു തുടങ്ങുന്ന റിസേർച്ചിലൂടെയും അതുപോലെ മികച്ച മാനേജർമാരെയും
മികച്ച ഡിപ്പാർട്ടുമന്റുകളേയും എംഎസ്ഡബ്ല്യു, എംബിഎ കോഴ്സിലെ കുട്ടികളുടെ
പ്രോജക്ട് വർക്കും ഇന്റേൺഷിപ്പും വഴിയും നമുക്ക് കണ്ടെത്താൻ കഴിയില്ലേ?
ഇത്തരത്തിലുളള ഒരു മാതൃക ഒരു കാർഷികവിളയിൽ ആദ്യമാണ് താനും. ഇത്തരത്തിലുളള
കൂട്ടായ്മകൾക്കു വേണ്ടി നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം. ഈ
മേഖലയിൽ പുതിയൊരു പന്ഥാവ് വെട്ടിത്തുറക്കുന്നതിന് അതുവഴി കഴിയുമെന്ന്
പ്രതീക്ഷിക്കുകയാണ്.