Skip to main content

വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങളുമായി എന്തുകൊണ്ട്‌ സഹകരണം ?


രമണി ഗോപാലകൃഷ്ണൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി -11

കാർഷിക വിജയത്തിന്നാധാരം സാങ്കേതിക വിദ്യകളുടെ സമന്വയമാണ്‌. സാങ്കേതിക വിദ്യകളുടെ വളർച്ചയ്ക്ക്‌ വഴിയൊരുക്കുന്നതോ, ശാസ്ത്രീയ വളർച്ചയുടെ മുന്നേറ്റവും. മണ്ണും വെളളവും കലാവസ്ഥയോടുമൊപ്പം സാങ്കേതികവിദ്യകൾ കൂടി കൂട്ടിയിണക്കുമ്പോഴാണ്‌ കാർഷികോത്പാദനത്തിനു വഴിയൊരുങ്ങുന്നത്‌. എന്നാൽ എല്ലാ അനുകൂലഘടകങ്ങളും ഒരുമിക്കുമ്പോഴും ഉത്പാദനക്ഷമതയ്ക്ക്‌ ഏകതാരൂപം കൈവരുന്നില്ല. ഉത്പാദനക്ഷമത ഏറിയും കുറഞ്ഞുമിരിക്കും. ഇങ്ങനെയുളള ഏറ്റക്കുറിച്ചിലിനു നിദാനമാകുന്നതോ ഒന്നിലധികം കാരണങ്ങളും. കാലാവസ്ഥാ വ്യതിയാനങ്ങൾ, കാർഷികോപാധികളുടെ ഉപയോഗമികവ്‌, വിളകളുടെ ഇനങ്ങളുടെ പ്രത്യേകത എന്നിവയെല്ലാം ഇതിലുൾപ്പെടും.

നാളികേര ഗവേഷണരംഗത്ത്‌ ലോകരാജ്യങ്ങളിൽ മികച്ചുനിൽക്കുന്നത്‌ ഇന്ത്യയാണ്‌. തെങ്ങുകൃഷിയിൽ ഗവേഷണകേന്ദ്രങ്ങൾ  ഉരുത്തിരിച്ചെടുത്ത സാങ്കേതിക വിദ്യകൾ ലോകത്തെ മറ്റേതൊരു രാജ്യത്തേക്കാൾ മികവു പുലർത്തുന്നവയാണ്‌. എന്നിരുന്നാലും സാങ്കേതികവിദ്യകൾ ഗവേഷണ ശാലകളിൽ നിന്നും കർഷകരിലേയ്ക്ക്‌ താമസം വിനാ എത്തുന്നില്ല. കേരകാർഷികമേഖലയിൽ കാതലായ നിരവധി വിഷയങ്ങൾ ഇനിയും ഗവേഷണ വിധേയമാക്കേണ്ടതുണ്ട്‌. ഗുരുതര സ്വഭാവമുളള വിൽറ്റു രോഗങ്ങളുടെ നിർമ്മാർജ്ജനം, ഉയർന്ന ഉത്പാദന ക്ഷമതയുടെ മൂല കാരണങ്ങൾ കണ്ടുപിടിക്കൽ,  കോശസംവർദ്ധന രീതിയിലുളള വംശവർദ്ധന, രോഗപ്രതിരോധശേഷിയുളളതും വരൾച്ച അതിജീവനശേഷിയുളളതുമായ ഇനങ്ങളെ കണ്ടെത്തുക, നാളികേരത്തിന്റെ ഇനിയും വെളിച്ചം കാണാനുളള ഔഷധഗുണങ്ങൾ പുറത്തുകൊണ്ടുവരിക ഇതെല്ലാം ഇവയിൽപെടും.

എന്നാൽ കേരമേഖല അഭിമുഖീകരിക്കുന്ന വൈവിദ്ധ്യമാർന്ന ഇത്തരം പ്രശ്നങ്ങളിൽ ഗവേഷണങ്ങൾ കേന്ദ്രീകരിക്കാനും ഏകോപിപ്പിക്കാനുമുളള കേന്ദ്രങ്ങൾ ഗവണ്‍മന്റ്‌ തലത്തിൽ അപര്യാപ്തമാണെന്നു തന്നെ പറയാം. അതുകൊണ്ടുതന്നെയാണ്‌ ഗവേഷണ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ചുളള ഗവേഷണ പഠനങ്ങളെക്കുറിച്ച്‌ ബോർഡ്‌ ചിന്തിച്ചു തുടങ്ങിയത്‌. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി കൈകോർക്കുവാനുളള തീരുമാനത്തിന്‌ മറ്റൊരു ലക്ഷ്യവുമുണ്ട്‌. വിദ്യാർത്ഥികളുടെ പാഠ്യപദ്ധതിയുടെ ഭാഗമാകേണ്ടതാണ്‌ കൃഷി പാഠങ്ങളുമെന്ന്‌ തിരിച്ചറിയാൻ നാം വൈകിയിരിക്കുന്നു. കാർഷിക ബിരുദധാരികൾ കൃഷിയിടങ്ങളിൽ തങ്ങളുടെ വിദ്യാഭ്യാസത്തിനോട്‌ പൂർണ്ണമായും നീതി പുലർത്തുന്നില്ല. ഏറിയപങ്കും ബാങ്കുകളിലും മറ്റു സർക്കാർ സ്ഥാപനങ്ങളിലും ഗുമസ്ത പണിയിൽ സംതൃപ്തി കണ്ടെത്തുന്നവരായി ഒതുങ്ങി കൂടുമ്പോൾ തിരിച്ചടിയാകുന്നത്‌ കാർഷികമേഖലയ്ക്കാണ്‌.

തെങ്ങുകൃഷിയുടെ ഗവേഷണത്തിന്റെ ചുമതല ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്ര തോട്ട വിള ഗവേഷണ സ്ഥാപനത്തിനാണ്‌. എന്നാൽ ഉൽപന്നവൈവിദ്ധ്യവൽക്കരണമേഖലയിലെ സാങ്കേതികവിദ്യ വികസനത്തിനുളള ഗവേഷണം സ്പോൺസേർഡ്‌ ഗവേഷണമായി ബോർഡ്‌ ഏറ്റെടുത്തു നടപ്പിലാക്കി വന്നിരുന്നു. നാളിതുവരെ നടത്തിയ  ഇത്തരം ഗവേഷണഫലങ്ങൾ ഇന്ത്യയിലെ കേരമേഖലക്ക്‌ നൽകിയ സംഭാവനകൾ അതുല്യമാണ്‌. 1990 കൾ വരെ സാങ്കേതിക വിദ്യയിൽ വട്ടപൂജ്യമായിരുന്ന ഇന്ത്യയെ മറ്റു രാജ്യങ്ങളോടൊപ്പം കൈ പിടിച്ചുയർത്തിയതും നാളികേരാധിഷ്ഠിത വ്യവസായങ്ങൾ ഇവിടെ നിലയുറപ്പിക്കാൻ നിമിത്തമായതും ഇത്തരം സ്പോൺസേർഡ്‌ ഗവേഷണ പഠനങ്ങളാണ്‌.

കരിക്കിൻ വെളളം പായ്ക്ക്‌ ചെയ്യാനുളള വിദ്യ തേങ്ങാപ്പാൽ, ക്രീം, മിൽക്ക്‌ പൗഡർ, വിനാഗിരി, വെർജിൻ വെളിച്ചെണ്ണ ഇവയുടെയെല്ലാം സാങ്കേതികവിദ്യയുടെ കുത്തക ഇന്ത്യയ്ക്ക്‌ കൈവന്നതിന്റെ പിന്നിൽ ഇത്തരം പഠനങ്ങളാണ്‌. ഇതിനു വഴിയൊരുക്കിയ ഗവേഷണ കേന്ദ്രങ്ങളോ സേൻട്രൽ ഫുഡ്‌ ടെക്നോളജിക്കൽ റിസർച്ച്‌ ഇൻസ്റ്റിറ്റിയൂട്ട്‌ (CFTRI), ഡിഫൻസ്‌ ഫുഡ്‌ റിസർച്ച്‌ ലബോറട്ടറി (DFRL), കേരള കാർഷിക സർവ്വകലാശാല (KAU),  കേന്ദ്രതോട്ടവിള ഗവേഷണ സ്ഥാപനം (CPCRI) തുടങ്ങിയ മികവുറ്റ ഗവേഷണ സ്ഥാപനങ്ങളും.

വെളിച്ചെണ്ണ കേരളീയരുടെ അടുക്കളകളിൽ നിന്നും പൂർണ്ണമായും തുടച്ചുമാറ്റപ്പെട്ടുകൊണ്ടിരുന്ന ഒരു കാലഘട്ടമായിരുന്നു 1990 കളുടെ തുടക്കം. ഹൃദ്രോഗത്തിനു കാരണമാകുന്ന എണ്ണയെന്ന കളങ്കം ചാർത്തി ഭക്ഷണ ശീലത്തിൽ നിന്നും പാടെ ഒഴിവാക്കണമെന്ന്‌ കേരളത്തിലെ ഡോക്ടർമാർ പോലും വിലയിരുത്തിയ ഒരു കാലം. ഈ രംഗത്തൊരു ശക്തമായ ഇടപെടൽ ബോർഡു നടത്തിയത്‌ ഈ സമയത്താണ്‌. കേരള യൂണിവേഴ്സിറ്റി ബയോകെമിസ്ട്രി വിഭാഗവുമായും, ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കൽ ശയൻസുമായുമെല്ലാം ചേർന്നു. പഠനങ്ങൾ നടത്തി, പുതിയ വെളിപ്പെടുത്തലുകളിലൂടെ ചരിത്രം സൃഷ്ടിക്കുവാൻ ബോർഡിനു കഴിഞ്ഞതും ഇത്തരം സഹകരണ ഗവേഷണങ്ങളിലൂടെയാണ്‌.

സങ്കരയിനം തെങ്ങിൻ തൈകളുടെ ഉത്പാദനം ശ്രദ്ധ കേന്ദ്രീകരിക്കേണ്ട മറ്റൊരു സുപ്രധാന മേഖലയാണെന്നു മനസ്സിലാക്കിയാണ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച്‌ തൈയുത്പാദനത്തിലേർപ്പെട്ടത്‌. ബോർഡ്‌ ഗവേഷണ സ്ഥാപനങ്ങളുമായും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ക്ലിനിക്കൽ പഠനങ്ങൾ, ഉൽപന്ന വികസനം എന്നീ വിഭാഗങ്ങളിൽ സഹകരിച്ചു നടപ്പിലാക്കിയ ഗവേഷണ പഠനങ്ങളിൽ സുപ്രധാനമായ ചില പഠനഫലങ്ങളാണ്‌ ഈ ലേഖനത്തിൽ ഉൾക്കൊളളിച്ചിരിക്കുന്നത്‌.

I ക്ലിനിക്കൽ പഠനങ്ങൾ
1. വെളിച്ചെണ്ണയുടേയും തേങ്ങയുടേയും ഉപയോഗം രക്തത്തിലെ കൊഴുപ്പിന്റെ   തോതിലുണ്ടാക്കുന്ന സ്വാധീനം
കേരള സർവകലാശാലയുടെ ബയോ കെമിസ്ട്രി വിഭാഗത്തിൽ ഡോ.ടി രാജ്മോഹന്റെ നേതൃത്വത്തിൽ വെളിച്ചെണ്ണയും ഹൃദ്രോഗവും തമ്മിലുള്ള ബന്ധത്തെ കുറിച്ച്‌ ഒരു ഗവേഷണം നടത്തുകയുണ്ടായി.

പഠനത്തിലെ കണ്ടെത്തലുകളെ ഇപ്രകാരം ക്രോഡീകരിക്കാം
* വെളിച്ചെണ്ണയുടെ ഉപയോഗം രക്തത്തിലെ മൊത്തം കൊളസ്ട്രോളിന്റെ അളവ്‌  ഉയർത്തുന്നില്ല.
* നാളികേരത്തിന്റെ കാമ്പും വെളിച്ചെണ്ണയും ഉപയോഗിക്കുന്നത്‌ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ്‌ കുറയ്ക്കുന്നു.

* നിലക്കടലയെണ്ണയുമായി താരതമ്യപ്പെടുത്തുമ്പോൾ വെളിച്ചെണ്ണയുടെ ഉപയോഗം   രക്തത്തിലെ നല്ല കൊളസ്ട്രോളിന്റെ അളവ്‌ വർധിപ്പിക്കുന്നു.
* വെളിച്ചെണ്ണയുടെ സ്ഥിരം ഉപയോഗം  ശരീരത്തിലെ മൊത്തം  കൊളസ്ട്രോളിന്റെയോ,  നല്ല  കൊളസ്ട്രോളിന്റെയോ, ചീത്ത കൊളസ്ട്രോളിന്റെയോ അളവുകളുടെ അടിസ്ഥാനമൂല്യങ്ങളിൽ വ്യതിയാനം ഉണ്ടാക്കുന്നില്ല.

* എന്നാൽ വെളിച്ചെണ്ണയുടെ ഉപയോഗം രക്തസിറത്തിലെ ട്രൈഗ്ലിസറൈഡിന്റെ അളവ്‌ ഗണ്യമായി കുറയ്ക്കുന്നു.
2. വെളിച്ചെണ്ണയുടെ ഭക്ഷ്യോപയോഗം ഹൃദ്രോഗികളിലെ കൊഴുപ്പിന്റെ തോതിനെ ബാധിക്കുന്നില്ല

കേരള സർവകലാശാലയുടെ ഗവേഷണ ഫലങ്ങൾ സ്ഥിരീകരിക്കുന്നതിനായി തിരുവനന്തപുരത്തുള്ള ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കൽ ശയൻസസ്‌ ആൻഡ്‌ ടെക്നോളജി ഇതേക്കുറിച്ച്‌ വീണ്ടും ക്ലിനിക്കൽ പഠനങ്ങൾ നടത്തി.  
വെളിച്ചെണ്ണയുടെ ഭക്ഷ്യോപയോഗം ഹൃദ്രോഗികളിലെ കൊളസ്ട്രോളിന്റെ അളവിനെ സ്വാധീനിക്കുന്നുണ്ടോ എന്ന അന്വേഷണമായിരുന്നു പഠനത്തിന്റെ മുഖ്യ വിഷയം.
ഇതര രാസപ്രക്രിയ വഴി ശുദ്ധീകരിക്കാത്ത പ്രകൃതിദത്ത വെളിച്ചെണ്ണയുടെ ഉപയോഗം മനുഷ്യശരീരത്തിന്‌ ഒരു തരത്തിലും ഹാനികരമല്ല എന്ന്‌ ശ്രീചിത്തിരയിലെ ഗവേഷണത്തിൽ കണ്ടെത്തി. വെളിച്ചെണ്ണ മാത്രം ഉപയോഗിക്കുന്നവരെയും മറ്റു സസ്യ എണ്ണകൾ ഉപയോഗിക്കുന്നവരെയും പ്രത്യേകം വേർതിരിച്ചാണ്‌ പഠനം നടത്തിയത്‌. ഇവർ തമ്മിൽ മൊത്തം കൊളസ്ട്രോളിന്റെയോ ചീത്ത കൊളസ്ട്രോളിന്റെയോ അളവിൽ ഒരു വ്യത്യാസവും കണ്ടെത്താനായില്ല. അതേസമയം വെളിച്ചെണ്ണ മാത്രം ഉപയോഗിച്ചവരിൽ  ട്രൈഗ്ലിസറൈഡിന്റെ അളവ്‌ കുറഞ്ഞിരിക്കുന്നതായും പഠനത്തിൽ തെളിഞ്ഞു.

പ്രകൃത്യാ ലഭിക്കുന്ന അസംസ്കൃത വെളിച്ചെണ്ണയിൽ മദ്ധ്യശൃംഖല കൊഴുപ്പമ്ലങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ മനുഷ്യർക്ക്‌ ഉപയോഗിക്കാൻ സുരക്ഷിതവും യാതൊരുവിധ ദോഷവും ഉണ്ടാക്കുന്നതുമല്ലെന്ന്‌ പഠനത്തിൽ തെളിഞ്ഞു.
3. വെളിച്ചെണ്ണയുടെ പാചകോപയോഗം ഹൃദ്രോഗികളിൽ അപകട കാരണമാണോ?

സിറം ലിപ്പിഡുകളിലും  ധമനിഭിത്തികളിലും ആഹാരപദാർത്ഥങ്ങൾ പാകം ചെയ്യാൻ ഉപയോഗിക്കുന്ന വെളിച്ചെണ്ണയുടെ പ്രവർത്തനം, അതിന്റെ ആന്റി ഓക്സിഡന്റ്‌ പ്രതിരോധം തുടങ്ങിയ താരതമ്യ പഠനങ്ങളും കണ്ടെത്തലുകളുമായിരുന്നു നാളികേര വികസന ബോർഡുമായി ചേർന്ന്‌ അമൃത ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കൽ ശയൻസസ്‌ നടത്തിയ ഗവേഷണത്തിന്റെ വിഷയം.

കൊറോണറി ആർട്ടറി രോഗത്തിനുള്ള സാധാരണ ചികിത്സ അനുവർത്തിക്കുന്ന, നിർദ്ദിഷ്ട പഥ്യ ഭക്ഷണം കഴിക്കുന്ന  രോഗികളെയാണ്‌  ഈ പഠനത്തിനായി തെരഞ്ഞെടുത്തത്‌. 
വെളിച്ചെണ്ണ ഉപയോഗിക്കുന്നവരിലും സൂര്യകാന്തിയെണ്ണ ഉപയോഗിക്കുന്നവരിലും നടത്തിയ പഠനത്തിന്റെ അവസാനഘട്ട പരിശോധനയിൽ എല്ലാ രോഗികളിലേയും മൊത്തം കൊളസ്ട്രോൾ, ചീത്ത കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്സ്‌, ആന്റി ഓക്സിഡന്റ്‌ മാർക്കേഴ്സ്‌, ഹൈസേൻസിറ്റിവിറ്റി സിആർപി ( hs CRP)തുടങ്ങിയവയുടെയെല്ലാം അളവ്‌ ഒരുപോലെയായിരുന്നു. 

* പഠനവിധേയമാക്കിയ ഇരു ഗ്രൂപ്പുകളുടെയും (പ്രായം, ലിംഗം, പ്രമേഹനിലവാരം, രക്തസമ്മർദ്ദം, തുടങ്ങിയ  ) അടിസ്ഥാന സ്വഭാവം സമാനമായിരുന്നു.

* പഠനകാലയളവിലുടനീളം രണ്ടു ഗ്രൂപ്പിന്റെയും പ്രമേഹ നിലവാരത്തിൽ മാറ്റമുണ്ടായില്ല.
* സാധാരണയായുള്ള അഥെറോസ്ക്ലീറോട്ടിക്‌ അപകട സാധ്യതാ ഘടകങ്ങൾ,  ലിപ്പിഡ്‌ നിലവാരം എന്നിവയിലും  രണ്ടു വർഷക്കാലയളവിൽ വ്യതിയാനങ്ങൽ കാണാൻ  സാധിച്ചില്ല.

* അഥെറോസ്ക്ലീറോസിസിനു അനുകൂല ഘടകമായ ഹായ്‌ ഡെൻസിറ്റി ലിപ്പോപ്രോട്ടിന്റെ അളവിലും വ്യതിയാനം കണ്ടില്ല.
* ആന്റി ഓക്സിഡന്റുകളുടെ നിലവാരവും ഇരു ഗ്രൂപ്പിലും സമാനമായിരുന്നു.

*      ഹൈസേൻസിറ്റിവിറ്റി സിആർപി ( വ​‍െ ഇഞ്ചജ) നിലവാരം രണ്ടു ഗ്രൂപ്പിലും ഒന്നു തന്നെയായിരുന്നു.
* ട്രെഡ്‌ മിൽ ടെസ്റ്റിലും വലിയ അന്തരം കാണാൻ സാധിച്ചില്ല.
കക. ഉൽപന്ന വികസനം
1. പായ്ക്കറ്റിലാക്കിയ കരിക്കിൻ വെള്ളം
മൈസൂറിലെ ഡിഫൻസ്‌ ഫുഡ്‌ റിസർച്ച്‌ ലാബറട്ടറി (ഡി എഫ്‌ ആർ എൽ) യുടെ കരിക്കിൻവെളളം സംസ്ക്കരിച്ച്‌ പായ്ക്ക്‌ ചെയ്യുന്നതിന്‌ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനുളള പഠനം ബോർഡ്‌ സ്പോൺസർ ചെയ്തിരുന്നു. പോഷക സമ്പന്നമായ ലഘുപാനീയമെന്ന നിലയിൽ കരിക്കിൻ വെളളത്തിന്റെ വിപണനം വർദ്ധിപ്പിക്കുകയെന്നതായിരുന്നു പഠനത്തിന്റെ ലക്ഷ്യം. അലൂമിനിയം കാണുകളിലും പൗച്ചുകളിലും കരിക്കിൻവെളളം സംസ്ക്കരിച്ച്‌ പായ്ക്ക്‌ ചെയ്യുന്നതിനുളള സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുകയും നിരവധി സംരംഭകർക്ക്‌ കൈമാറ്റം ചെയ്യുകയും ചെയ്തു.

2. നാളികേര വിനാഗിരി
സേൻട്രൽ ഫുഡ്‌ ടെക്നോളജിക്കൽ റിസർച്ച്‌ ഇൻസ്റ്റിറ്റിയൂട്ടുമായി ചേർന്ന്‌ തേങ്ങവെളളത്തിൽ നിന്ന്‌ വിനാഗിരി നിർമ്മിക്കുന്നതിനുളള സാങ്കേതികവിദ്യ ബോർഡ്‌ വികസിപ്പിച്ചെടുത്തു. ഇൻസ്റ്റിറ്റിയൂട്ട്‌ വികസിപ്പിച്ച അതിവേഗ ഉത്പാദനപ്രക്രിയ വ്യാവസായികാടിസ്ഥാനത്തിൽ വിനാഗിരി നിർമ്മിക്കുവാൻ അവലംബിച്ചു വരുന്നു.

3. തേങ്ങപ്പാലും പാൽപ്പൊടിയും
തിരുവനന്തപുരത്തെ റീജിയണൽ റിസർച്ച്‌ ലാബറട്ടറി തേങ്ങപ്പാൽ / ക്രീം നിർമ്മിക്കുന്നതിനുളള സാങ്കേതികവിദ്യ ബോർഡ്‌ സ്പോൺസർ ചെയ്ത പദ്ധതിയ്ക്ക്‌ കീഴിൽ വികസിപ്പിച്ചെടുത്തു. സംസ്ക്കരിച്ച്‌ പായ്ക്ക്‌ ചെയ്ത തേങ്ങപ്പാൽ ഏതുതരം ഭക്ഷ്യ വിഭവങ്ങളിലും നേരിട്ടോ വെളളം ചേർത്ത്‌ നേർപ്പിച്ചോ ഉപയോഗിക്കാവുന്നതാണ്‌.

4. സ്പ്രേ ഡ്രൈഡ്‌ തേങ്ങപ്പാൽപ്പൊടി
സേൻട്രൽ ഫുഡ്‌ ടെക്നോളജിക്കൽ റിസർച്ച്‌ ഇൻസ്റ്റിറ്റിയൂട്ട്‌ ബോർഡിന്റെ പദ്ധതിയ്ക്ക്‌ കീഴിൽ വികസിപ്പിച്ചെടുത്ത സ്പ്രേ ഡ്രൈഡ്‌ തേങ്ങപ്പാൽപ്പൊടി നിർമ്മിക്കുന്നതിനുളള സാങ്കേതികവിദ്യ തേങ്ങപ്പാൽ സൂക്ഷിച്ച്‌ വയ്ക്കുന്നതിനുളള ഏറ്റവും മികച്ച രീതിയാണ്‌. ഇതിൽ വെളളം ചേർത്ത്‌ നേർപ്പിച്ച്‌ തേങ്ങപ്പാലായി ഉപയോഗിക്കാവുന്നതാണ്‌.

5. സ്നോബോൾ കരിക്ക്‌ നിർമ്മിക്കുന്നതിനുളള യന്ത്ര വികസനം
കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം ബോർഡിന്റെ ഗവേഷണ പദ്ധതിയിൽ സ്റ്റോബോൾ കരിക്ക്‌ നിർമ്മിക്കുന്നതിനുളള സങ്കേതം വികസിപ്പിച്ചെടുക്കുകയും യന്ത്രസാമഗ്രി രൂപകൽപന ചെയ്യുകയും ചെയ്തു. ചിരട്ടയ്ക്കുളളിൽ നിന്ന്‌ മുഴുവൻ കാമ്പ്‌ പൊട്ടാതെ വെളളത്തോടെ പുറത്തെടുക്കുന്നതാണ്‌ സ്നോബോൾ കരിക്ക്‌.

6. നാളികേരമടങ്ങിയ ഗുണനിലവാരമുള്ള ക്ഷീരോൽപന്നങ്ങളുടെ വികസനം
കേരള കാർഷിക സർവ്വകലാശാല നടത്തിയ പ്രസ്തുത ഗവേഷണ പദ്ധതിയുടെ ഉദ്ദേശ്യം ക്ഷീരോൽപന്നങ്ങളിൽ പാൽ കൊഴുപ്പിനു പകരം നാളികേര കൊഴുപ്പ്‌ ഉപയോഗിക്കാവുന്ന ഏറ്റവും അനുയോജ്യമായ അനുപാതം നിർണ്ണയിക്കുക എന്നതായിരുന്നു. ഫിൽഡ്‌ മിൽക്ക്‌, തേങ്ങ ബർഫി, യോഗർട്ട്‌, പനീർ, വേ പാനീയം എന്നീ ക്ഷീരോൽപന്നങ്ങൾ നാളികേരം കൂടി ഉപയോഗിച്ച്‌ വികസിപ്പിച്ചെടുത്തു.

7. ചകിരിച്ചോറിൽ നിന്ന്‌ ബയോഗ്യാസ്‌ ഉത്പാദനം
യന്ത്രങ്ങളിൽ ചകിരിച്ചോറിൽ നിന്ന്‌ ഉത്പാദിപ്പിക്കുന്ന ബയോഗ്യാസ്‌ ഉപയോഗിക്കുന്നതിന്റെ സാദ്ധ്യതയെക്കുറിച്ച്‌ കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിൽ പഠനം നടന്നു. 80 ശതമാനം ചാണകത്തിന്റേയും 20 ശതമാനം ചകിരിച്ചോറിന്റേയും മിശ്രിതത്തിൽ ഉയർന്നതോതിൽ മീതേൻ അടങ്ങിയിട്ടുണ്ടെന്നും ഏറ്റവും അനുയോജ്യമായ മിശ്രണമാണിതെന്നും പഠനത്തിൽ തെളിഞ്ഞു. പദ്ധതി വിജയകരമായി പൂർത്തിയായി.

8. കൊഴുപ്പ്‌ കുറഞ്ഞ പോഷക സമൃദ്ധവും സ്വാദിഷ്ടവുമായ ഇളനീർ ക്രീം വികസനം
കൊച്ചിയിലെ എസ്സിഎംഎസ്‌ ഇൻസ്റ്റിറ്റിയൂട്ട്‌ റിസർച്ച്‌ ആന്റ്‌ ഡെവലപ്പ്‌മന്റ്‌ കരിക്കിൽ നിന്ന്‌ പോഷക സമൃദ്ധവും സ്വാദിഷ്ടവുമായ കൊഴുപ്പ്‌ കുറഞ്ഞ ക്രീം ഉത്പാദിപ്പിക്കുവാനുളള പഠനം നടത്തി.

കൊഴുപ്പ്‌ കുറഞ്ഞ ഇളനീർ കാമ്പും ഇളനീരും ഉപയോഗിച്ച്‌ പോഷക സമൃദ്ധമായ ക്രീം ഉത്പാദനം, കാമ്പ്‌, കരിക്കിൻവെളളം, ക്രീം എന്നിവയുടെ ഘടനാപരമായ വിശ്ലേഷണം, ഗുണനിലവാര നിർണ്ണയം, ഉത്പാദന പ്രക്രിയയുടെ ഓരോഘട്ടത്തിലും ഏറ്റവും അനുയോജ്യമായ മാനദണ്ഡം നിശ്ചയിക്കൽ, അന്തരീക്ഷ താപനിലയിൽ സൂക്ഷിയ്ക്കുവാനുളള സാദ്ധ്യത തുടങ്ങിയവയാണ്‌ പഠനവിധേയമാക്കിയത്‌. പഠനം വിജയകരമായി പൂർത്തിയാക്കുകയും ഉൽപന്നത്തിന്‌ പേറ്റന്റ്‌ ലഭ്യമാക്കുകയും ചെയ്തു.

9. വെർജിൻ വെളിച്ചെണ്ണ അധിഷ്ഠിതമായ ഔഷധങ്ങളുടെ വികസനം
കോയമ്പത്തൂരിലെ എവിടി ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ അഡ്വാൻസ്ഡ്‌ റിസർച്ച്‌ സമർപ്പിച്ച പ്രസ്തുത പദ്ധതിയ്ക്ക്‌ ബോർഡ്‌ ധനസഹായം നൽകി. വിവിധ പ്രക്രിയകളിലൂടെ ഉത്പാദിപ്പിച്ച വെർജിൻ വെളിച്ചെണ്ണയുടെ ഗുണനിലവാരം എപിസിസി മാനദണ്ഡങ്ങളനുസരിച്ച്‌ പരിശോധിച്ച്‌ അനുയോജ്യമായ എണ്ണ കണ്ടെത്തുകയും പലതരം പച്ചമരുന്ന്‌ സത്തുകളുമായി കലർത്തിയ വെർജിൻ വെളിച്ചെണ്ണയിൽ ഏറ്റവും അനുയോജ്യമായത്‌ കണ്ടെത്തുകയും അതിന്റെ ഗുണനിലവാരം വിലയിരുത്തുകയും മൃഗങ്ങളിലെ ഹൈപ്പർലിപ്പിഡിമിയയിൽ പ്രസ്തുത ഔഷധക്കൂട്ടിന്റെ ഫലപ്രാപ്തി പഠിക്കുകയും ചെയ്യുക എന്നതായിരുന്നു ഗവേഷണോദ്ദേശ്യം. പരമ്പരാഗതരീതിയിൽ ഉത്പാദിപ്പിച്ച വെളിച്ചെണ്ണയും തേങ്ങപ്പാലും പച്ചമരുന്നുകളും ചേർത്ത മിശ്രിതം ഏറ്റവും നല്ല ഫലങ്ങൾ പ്രദർശിപ്പിച്ചു. ശരീരഭാരം, ചർമ്മം കട്ടികൂടൽ, ട്രൈഗ്ലിസറൈഡുകൾ, ചീത്ത കൊളസ്ട്രോൾ എന്നിവ കുറയുന്നതായും നല്ല കൊളസ്ട്രോൾ വർദ്ധിക്കുന്നതായും കണ്ടു. പ്രസ്തുത ഉൽപന്നം ഹൈപ്പർലിപിഡെമിയയ്ക്കുളള സോഫ്ട്‌ ജെൽ ക്യാപ്സൂളുകളായി പുറത്തിറക്കാൻ ഇൻസ്റ്റിറ്റിയൂട്ട്‌ ഉദ്ദേശിക്കുന്നു.

10. ഇളനീരിന്റെ ഔഷധമൂല്യം: ഗവേഷണവുമായി കീയർ കേരളം
ഇളനീരിന്റെ ഔഷധഗുണം കണക്കിലെടുത്ത്‌ നേരിട്ട്‌ ശരീരത്തിലേയ്ക്ക്​‍്‌  നൽകാവുന്ന ഔഷധങ്ങളുടെ മാധ്യമമായി ഇത്‌ ഉപയോഗിക്കാമോ എന്നത്‌ സംബന്ധിച്ച്‌ കീയർ കേരളം ലിമിറ്റഡ്‌ രണ്ടു ഗവേഷണ പദ്ധതികളാണ്‌ നടത്തുന്നത്‌. കിഡ്നി സ്റ്റോൺ, ഡയേറിയ എന്നീ രോഗങ്ങൾക്കുളള ചില ഔഷധങ്ങളുടെ പ്രധാന ചേരുവയായി ഇളനീരിനെ ഉപയോഗിക്കാമോ എന്നതാണ്‌ ഗവേഷണം. ഇതിനായി ഇളനീരിനെ ഖര (പൗഡർ) രൂപത്തിലാക്കി അതിൽ പച്ചമരുന്നുകളുടെ സത്ത്‌ ചേർക്കുകയാണ്‌ ചെയ്യുന്നത്‌. ഇത്‌ ഡയേറിയയ്ക്ക്‌ വളരെ ഫലപ്രദമായി കാണുന്നു. ഒരു പക്ഷെ ഇന്ത്യയിൽ ഏറ്റവുമധികം തോതിൽ സംഭവിക്കുന്ന ശിശുമരണങ്ങൾ ഫലപ്രദമായി പ്രതിരോധിക്കുന്നതിന്‌ ഭാവിയിൽ ഈ ഗവേഷണ ഫലം ഉപകാരപ്രദമായേക്കാം.ഇതുപോലെത്തന്നെ കിഡ്നി സ്റ്റോണിനുളള ഔഷധത്തിലും കരിക്കിൻ വെളളം പൊടി രൂപത്തിലാക്കി ഉപയോഗിക്കുന്നുണ്ട്‌. 

നാളികേരത്തിൽ നിന്ന്‌ നേരിട്ട്‌ എടുക്കുന്ന വെർജിൻ കോക്കനട്ട്‌ ഓയിലിന്‌ ചില രോഗങ്ങളെ പ്രതിരോധിക്കാനുളള കഴിവുണ്ട്‌ എന്ന്‌ അടുത്ത കാലത്ത്‌ നടത്തിയ ചില ഗവേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്‌. നാളികേര വികസന ബോർഡിന്റെ സാമ്പത്തിക സഹായത്തോടെ ഈ മേഖലയിലും  കീയർ കേരളം ലിമിറ്റഡ്‌ ഗവേഷണം നടത്തി വരികയാണ്‌.

11. തേങ്ങ വെളളത്തിൽ നിന്ന്‌ ന്യൂട്രസ്യൂട്ടിക്കലുകൾ
ചാവക്കാട്‌ ഓറഞ്ച്‌ ഡ്വാർഫ്‌ എന്ന കുറിയ ഇനം തെങ്ങിൽ നിന്നുളള  ഇളനീരും മാതളനാരങ്ങ, നെല്ലിക്ക, പേരയ്ക്ക തുടങ്ങിയ പഴങ്ങളുടെ സത്തും ചേർത്ത്‌  പോഷകസമൃദ്ധമായ ന്യൂട്രസ്യൂട്ടിക്കൽ വികസിപ്പിച്ചെടുക്കുക എന്നതായിരുന്നു നാളികേര വികസന ബോർഡിന്റെ സഹകരണത്തോടെ കൊച്ചിയിലെ അമൃത സ്കൂൾ ഓഫ്‌ ഫാർമസി നടത്തിയ ഗവേഷണം.

മാതളനാരങ്ങ, നെല്ലിക്ക, പേരയ്ക്ക, എന്നിവയുടെ സത്തിനൊപ്പം തേങ്ങാവെളളം പ്രധാന ചേരുവയായി ന്യൂട്രസ്യൂട്ടിക്കൽ ഭക്ഷണം തയാറാക്കാം എന്ന്‌ അമൃത ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കൽ ശയൻസിൽ നടത്തിയ മറ്റൊരു ഗവേഷണത്തിലും കണ്ടെത്താനായി. മാതളനാരങ്ങ അതി വിശിട്ഷമായ പോഷകാഹാരമാണ്‌. മനുഷ്യ ശരീരത്തിന്റെ നിരവധി പ്രവർത്തനങ്ങളെ അത്‌ സഹായിക്കുന്നു. കാൻസർ, ബാക്ടീരിയ, ഡയേറിയ, ഫംഗസ്‌, അൾസർ, തുടങ്ങിയവയ്ക്കെതിരെ അവ ശരീരത്തെ ബലപ്പെടുത്തുന്നു.  പ്രതിരോധ ശേഷി വർധിപ്പിക്കുന്നു. ഹൃദയം കരൾ തുടങ്ങിയവയുടെ ആരോഗ്യം കാത്തു സൂക്ഷിക്കുന്നു.  ജീവകം സിയുടെ പ്രകൃതിയിലുളള ഏറ്റവും വലിയ കലവറയാണ്‌ നെല്ലിക്ക. മാത്രവുമല്ല ഇതും ശക്തമായ ആന്റി ഓക്സിഡന്റാണ്‌. 

പേരയ്ക്കയും  ഇതുപോലെ വൻതോതിൽ ആന്റി ഓക്സിഡന്റ്‌ ഘടകങ്ങൾ  അടങ്ങിയിട്ടുളള പഴവർഗ്ഗമാണ്‌.  ജീവകം സി, കരോറ്റിനോയിഡ്‌, കരോട്ടിൻ, ലൈക്കോപിൻ, എലാജിക്‌ ആസിഡ്‌, അന്തോസിയാനിൻ തുടങ്ങിയ ഫിനോലിക്‌ ഘടകങ്ങളും ഇതിലുണ്ട്‌.
പത്തു ശതമാനം മാതളനാരങ്ങ ചേർത്ത്‌ പോഷകഗുണം മെച്ചപ്പെടുത്തിയ തേങ്ങവെളളത്തിൽ 31.52 ശതമാനം വൈറ്റമിൻ സിയും 13.5 ശതമാനം പോളിഫിനോളുകളും കണ്ടെത്തി. ഒരു ശതമാനം പേരയ്ക്ക ചേർത്ത തേങ്ങവെളളം രുചിയിൽ രണ്ടാം സ്ഥാനത്ത്‌ എത്തി. ഇതിൽ 19.7 ശതമാനം അസ്കോർബിക്‌ ആസിഡും 10.22 ശതമാനം പോളിഫിനോളുകളും ഉണ്ടായിരുന്നു. 2.5 ശതമാനം നെല്ലിക്ക ചേർത്ത തേങ്ങ വെളളത്തിൽ അസ്കോർബിക്‌ ആസിഡിന്റെ അളവ്‌ 77.5 ശതമാനമായിരുന്നു; പോളിഫിനോൾ 10.22 ശതമാനവും. 10 ശതമാനം മാതളനാരങ്ങനീര്‌ ചേർത്ത കരിക്കിൻ വെളളത്തിന്‌ ഉയർന്ന പോഷകമൂല്യവും നാലുമാസത്തോളം ഗുണത്തിലും രുചിയിലും മാറ്റമില്ലാതെ ഇരിക്കുന്നതായും ഈ ഗവേഷണത്തിൽ കണ്ടെത്താൻ സാധിച്ചു.

12. തേങ്ങാപാൽ പൊടിയിൽ നിന്ന്‌ സമീകൃത ആഹാരം
തേങ്ങാപാൽ പൊടി ഉപയോഗിച്ച്‌ കുട്ടികൾക്കും, തേങ്ങാപ്പൊടി ഉപയോഗിച്ച്‌ മുതിർന്നവർക്കും സമീകൃത ആഹാരം നിർമ്മിക്കുക എന്ന ഗവേഷണ പദ്ധതിയാണ്‌ നാളികേരവികസന ബോർഡിന്റെ സഹകരണത്തോടെ കോയമ്പത്തൂർ പി.എസ്‌.ജി കോളജിൽ ഡോ.ലളിതാ രാമസ്വാമിയുടെ നേതൃത്വത്തിൽ നടക്കുന്നത്‌. 

സമീകൃത ആഹാര നിർമ്മാണത്തിനായി തേങ്ങാപ്പൊടിയും തേങ്ങാപ്പാൽ പൊടിയും ഉപയോഗിക്കുന്നുണ്ട്‌. ഇവയ്ക്കൊപ്പം പയർ, പരിപ്പ്‌വർഗ്ഗങ്ങൾ, ചാമ, തിന തുടങ്ങിയ ധാന്യങ്ങൾ,  ശർക്കര എന്നിവ ചേർത്താണ്‌ സമീകൃത ആഹാരം തയാറാക്കുന്നത്‌. തേങ്ങാപ്പൊടി, തേങ്ങാ പാൽപ്പൊടി എന്നിവ വിവിധ അനുപാതത്തിൽ ചേർത്ത്‌ പരീക്ഷണം നടക്കുന്നു. ഇവയിൽ ഏതാണ്‌ കൂടുതൽ ആരോഗ്യദായകം  എന്ന്‌ ശാസ്ത്രീയമായി വിലയിരുത്തിയതിനു ശേഷം മാത്രമെ നിർമാണ ഘട്ടത്തിലേയ്ക്കു കടക്കുകയുള്ളു. ഓരോന്നിന്റെയും ഗുണമേന്മ, പോഷകനിലവാരം, സൂക്ഷിപ്പു കാലം എന്നിവയും പ്രത്യേകം നിരീക്ഷിച്ച്‌ വിലയിരുത്തുന്നുണ്ട്‌. ഗവേഷണശാലയിലെ പഠനങ്ങൾക്കും പരീക്ഷണങ്ങൾക്കും ശേഷം രണ്ട്‌ ഉൽപന്നങ്ങളുടെയും ഗുണമേന്മയും മറ്റും ജീവികളിൽ പരീക്ഷിക്കും. പ്രധാനമായും ശാരീരിക വളർച്ച, പോഷക നിലവാരം തുടങ്ങിയ ഘടകങ്ങളാണ്‌ രണ്ടാം ഘട്ടത്തിൽ പരീക്ഷിക്കപ്പെടുക.

ഇതുകൂടാതെ ഈ സമീകൃത ഭക്ഷണത്തിലെ പോഷക നിലവാരവും, ഇതിന്റെ നിർമാണത്തിന്‌  വേണ്ടിവന്ന ചെലവും  തമ്മിൽ താരതമ്യം ചെയ്തു പഠിക്കും. തുടർന്നായിരിക്കും വ്യാവസായിക ഉത്പ്പാദനത്തിന്‌ ആവശ്യമായ സാങ്കേതികവിദ്യ ക്രമീകരിക്കുക.
13. വെർജിൻ വെളിച്ചെണ്ണയിൽ നിന്ന്‌ ക്ഷീരബല
പാലാ സെന്റ്‌ തോമസ്‌ കോളജിലെ ബയോകെമിസ്ട്രി വിഭാഗം, നാളികേര വികസന ബോർഡിന്റെ സഹകരണത്തോടെ  നടത്തുന്ന ഗവേഷണത്തിൽ വെർജിൻ വെളിച്ചെണ്ണ ഉപയോഗിച്ച്‌  മനുഷ്യ ശരീരത്തിലെ എല്ലുകളെയും കോശങ്ങളെയും പുനരുജ്ജീവിപ്പിക്കാൻ ശേഷിയുള്ള ക്ഷീരബല എന്ന ആയുർവേദ ഔഷധം  വികസിപ്പിക്കാനുള്ള ആദ്യ ഘട്ടം പിന്നിട്ടു.

ആന്റി ഓക്സിഡന്റുകളുടെ കലവറയായ വെർജിൻ കോക്കനട്ട്‌ ഓയിൽ അണുക്കളെ നശിപ്പിക്കാൻ ശേഷിയുള്ളതും പെപ്റ്റിക്‌ അൾസർ പോലുള്ള രോഗങ്ങൾക്കെതിരെ വളരെ ഫലപ്രദവുമാണെന്ന്‌ തെളിഞ്ഞിട്ടുള്ളതുമാണ്‌. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ആയ എൽഡിഎൽന്റെ അളവ്‌ കുറച്ച്‌, നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽന്റെ  അളവ്‌ വർധിപ്പിക്കാൻ വെർജിൻ വെളിച്ചെണ്ണയ്ക്ക്‌ കഴിവുണ്ട്‌. 

വെർജിൻ വെളിച്ചെണ്ണ നല്ലെണ്ണയുമായി ചേർത്തും നല്ലെണ്ണയ്ക്ക്‌ പകരം ഉപയോഗിച്ചും ക്ഷീരബല നിർമ്മിക്കുന്നതിനുള്ള ഗവേഷണം പുരോഗമിച്ചുവരുന്നു.
പുതിയ ഗവേഷണം ഫലം കണ്ടാൽ അത്‌ സന്ധിവാതത്തിനു മാത്രമല്ല, അമിതവണ്ണം, കൊളസ്ട്രോൾ, ഹൃദ്‌രോഗം  തുടങ്ങിയ വ്യാധികൾ മൂലം ക്ലേശിക്കുന്ന രോഗികൾക്കു കൂടി ആശ്വാസമാകുമെന്നാണ്‌ കരുതപ്പെടുന്നത്‌.

14. വെളിച്ചെണ്ണയിൽ നിന്ന്‌ കാൻസർ പ്രതിരോധത്തിനുള്ള പോളിഫിനോൾ
തേങ്ങയിലേയും  വെർജിൻ വെളിച്ചെണ്ണയിലേയും  വിവിധ   പോളിഫിനോളുകളുടെ  ക്യാൻസർ പ്രതിരോധ ശേഷി കണ്ടെത്തുന്നതിന്‌ നാളികേര വികസന ബോർഡിന്റെ സഹകരണത്തോടെ മഹാത്മാഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ്‌ ബയോ ശയൻസസിലെ ഡോ. കെ.ജി നെവിന്റെ നേതൃത്വത്തിൽ ഗവേഷണം നടന്നു.

 വെർജിൻ വെളിച്ചെണ്ണയിൽ ജീവകങ്ങളായ എ, ഇ, കാൻസറിനെ  പ്രതിരോധിക്കാൻ ശേഷിയുള്ള പോളിഫിനോൾ (ഫ്രൂളിക്‌ ആസിഡ്‌, (+/-) കറ്റേഷിൻ, കഫിക്‌ ആസിഡ്‌), ഫൈറ്റോസ്റ്റീറോളുകൾ (കാമ്പെസ്റ്റീറോളുകൾ, സിഗ്മാസ്റ്റിറോളുകൾ,സിറ്റോസ്റ്റിറോൾ) എന്നിവ കണ്ടെത്തി.  കൂടാതെ വെർജിൻ വെളിച്ചെണ്ണയുടെ പോളിഫിനോളിക്‌ ഘടകത്തിന്‌ അതിന്റെ വർധിച്ച ആന്റിഓക്സീകരണ ശേഷി മൂലം ലിപ്പോപ്രോട്ടിന്റെ ഓക്സീകരണത്തെ തടയുവാനുള്ള കഴിവും ഞങ്ങൾ  കണ്ടെത്തുകയുണ്ടായി. 

വദനാർബുദം, സ്തനാർബുദം, രക്താർബുദം, പ്രോസ്ട്രേറ്റ്‌ തുടങ്ങിയ വിവിധ കാൻസർ കോശങ്ങളിൽ ഇപ്പോൾ ഈ പഠനം നടക്കുകയാണ്‌. പോളിഫിനോളുകൾ ഈ അർബുദ കോശങ്ങളിൽ പ്രയോഗിക്കും. തുടർന്ന്‌ മനുഷ്യ കോശങ്ങളിൽ  കാൻസർ വ്യാപനത്തെ തടയുന്നതിന്‌ പോളിഫിനോളുകൾക്കുള്ള  കഴിവ്‌ നിരീക്ഷണവിധേയമാക്കും. പ്രോട്ടോമിക്‌, ജീനോമിക്‌ തലങ്ങളിലും ഈ നിരീക്ഷണം നടക്കും. വിവിധ നിലവാരങ്ങളിൽ ആന്റി ഓക്സിഡന്റ്‌  പ്രവർത്തനങ്ങൾ വിലയിരുത്തും. ഇതിന്റെ  ഫലങ്ങളും വിശദമായി പഠിക്കും. പരീക്ഷണശാലയിലെ ഈ പഠനങ്ങളുടെ വെളിച്ചത്തിൽ അടുത്ത ഘട്ടമായി ഇത്‌ ജീവികളിൽ പരീക്ഷിക്കും.

മറ്റ്‌ സഹകരണ പ്രവർത്തനങ്ങൾ
വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബോർഡ്‌ സഹകരിച്ച മറ്റൊരു മേഖല കർഷകകൂട്ടായ്മകൾക്ക്‌ ശക്തിപകരുന്ന പരിശീലന പരിപാടികളാണ്‌.
കേരളത്തിലങ്ങോളമിങ്ങോളം ചിന്നിച്ചിതറി കിടക്കുന്ന ലക്ഷോപലക്ഷം തെങ്ങുകൃഷിക്കാർ ചെറുകിട, നാമമാത്ര കർഷകരാണ്‌. സംഘടിത ശക്തി എന്തെന്നറിയാത്ത ഇവർ നഷ്ടത്തിലേക്കു കൂപ്പുകുത്തിയിരുന്ന തെങ്ങുകൃഷിയെ അവഗണിക്കാനും ഉപേക്ഷിക്കാനും മാത്രം അറിയാവുന്ന കൂട്ടരായി മാറിക്കൊണ്ടിരിക്കുകയായിരുന്നു ഈ അടുത്തകാലം വരെ. കർഷക കൂട്ടായ്മകളിലൂടെ മാത്രമേ കാർഷിക ഉന്നമനവും സാമ്പത്തിക വളർച്ചയും സാധ്യമാകൂ എന്ന സന്ദേശം നൽകിക്കൊണ്ടാണ്‌ നാളികേര ഉത്പാദക സംഘങ്ങൾ, ഉത്പാദക ഫെഡറേഷനുകൾ, ഉത്പാദക കമ്പനികൾ എന്നീ തൃത്താല സംവിധാനത്തിനു രൂപം നൽകിയത്‌. രൂപം നൽകിയാൽ മാത്രം പോരാ കൈകോർക്കുവാൻ പരിശീലനം കൂടി വേണമെന്നതിരിച്ചറിവിൽ കൂടിയാണ്‌ കൂട്ടായ്മകളുടെ നേതാക്കൾക്ക്‌ പരിശീലനം നൽകാനുള്ള തീരുമാനം കൈക്കൊണ്ടത്‌.

രാജഗിരികോളേജ്‌, കളമശ്ശേരി; എസ്‌. സി.എം.എസ്‌, കൊച്ചി; ഹോളിഗ്രേസ്‌ അക്കാഡമി,തൃശ്ശൂർ; അമൃത ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ആർട്ട്‌ ആന്റ്‌ ശയൻസ്‌, കൊല്ലം; പി. എസ്‌. ജി കോളേജ്‌, കോയമ്പത്തൂർ ഇവയെല്ലാം ഈ നേതൃത്വപരിശീലന പരിപാടിയിൽ ബോർഡിനെ സഹായിക്കാനെത്തിയവരിൽപെടുന്നു.

ബോർഡിന്റെ മേൽനോട്ടത്തിലുളള നിരവധി സർവ്വേകളും പൂർത്തീകരിക്കുന്നതിന്‌ പല കോളേജുകളും മുന്നോട്ട്‌ വന്നിട്ടുണ്ട്‌. ഈ പഠനഫലങ്ങളാണ്‌ ബോർഡിന്റെ പദ്ധതി രൂപീകരണത്തിലും നയപരമായ തീരുമാനങ്ങളിലും പിൻതാങ്ങാകുന്നത്‌. രാജ്യത്തെ മികച്ച മാനേജ്‌മന്റ്‌ സ്ഥാപനങ്ങളിൽ നിന്നും എംബിഎ, എംഎസ്ഡബ്ല്യു പൂർത്തിയാക്കിയവർ എന്നിവരെയെല്ലാം ബോർഡിന്റെ പ്രവർത്തനങ്ങളിൽ സഹകരിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. 

ഏറ്റവുമൊടുവിൽ വിവരസാങ്കേതിക മന്ത്രാലയത്തിന്റെ അധീനതയിലുളള സി-ഡാക്‌ എന്ന സ്ഥാപനം (സെന്റർ ഫോർ ഡെവലപ്പ്‌മന്റ്‌ ഓഫ്‌ അഡ്വാൻസ്ഡ്‌ കമ്പ്യൂട്ടിംഗ്‌) ബോർഡുമായി സഹകരിച്ച്‌ ഗവേഷണം നടത്താൻ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നു. ഗവേഷണവും വികസനവും കൈകോർക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ്‌ ഇത്തരം സഹകരണം വിരൽ ചൂണ്ടുന്നത്‌. ചെമ്പൻചെല്ലിയെന്ന തെങ്ങിന്റെ അപകടകാരിയായ കീടത്തിന്റെ ആക്രമണം കാലേക്കൂട്ടി അറിയാനുളള ഒരു ഉപകരണത്തിന്റെ (ഏർലി ഡിറ്റക്ടർ) നിർമ്മാണത്തിലാണ്‌ ബോർഡുമായി സഹകരിക്കാൻ സി - ഡാക്‌ താത്പര്യം പ്രകടിപ്പിച്ചതു.

ഒരു കാര്യം വ്യക്തമാണ്‌. ഗവേഷണ പഠനങ്ങൾ സർക്കാർ തല ഗവേഷണ കേന്ദ്രങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കാനും ഒതുക്കി നിൽക്കാനുമുളളതല്ല; മറിച്ച്‌ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാരേതര സംഘടനകൾക്കും കർഷക കൂട്ടായ്മകൾക്കും അനുയോജ്യമായ ഗവേഷണ വിഷയങ്ങളിൽ തങ്ങളുടെ മികവു തെളിയിക്കാനുള്ളതാണ്‌. ലക്ഷ്യമാണ്‌ പരമപ്രധാനമെന്നുളളതുകൊണ്ട്‌ ഈ വിഷയത്തിൽ നാളികേര ബോർഡിനുളളത്‌ എന്നും ഒരു തുറന്ന സമീപനം മാത്രം.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…