കവിതകൾ കുറേക്കൂടി

 ഗീതാനന്ദൻ

 1

കണ്ണിന്റെ കാഴ്ച്ചക്കുമപ്പുറം മന
കണ്ണിനു കാഴ്ചയുണ്ടായ് വരേണം
കണ്ണിനു തിമിരം പടരുന്ന കാലത്ത്
മനമതി ലോലമായ് ചികഞ്ഞു നോക്കീടണം
കാണാം നമുക്കവിടെ മുക്കിലും മൂലയിലും
ക്ലാവു വളരുമാ പച്ച രേണുക്കളെ
തുടച്ചു നീക്കിടാം ശ്രദ്ധയോടെന്നും
കാഴ്ചയിൽ തിമിരം പടരാതിരിക്കുവാൻ........


2
പ്രഭാതങ്ങളിലെ കുളിരുകളിൽ
ഒളിഞ്ഞിരിക്കും തെളിമയോലും
ചിന്താ ശകലങ്ങളേ.........
സൂര്യാംശുകിരണങ്ങൾ താപ
മുണർത്തുന്നതിനും മുമ്പ്
നിങ്ങളിലുണരട്ടെ നേരിന്റെ ചിന്തകൾ
അതു നേരായ് നിന്നു ജ്വലിക്കട്ടെ
അന്തിക്കു സുഷുപ്തിയിൽ
വീണലിയും വരേക്കും.........


3ചാന്ദ്രതാരകൾ മിഴിചിമ്മാതെ
നിൽക്കുമീ മധുരിമ രാത്രിയിൽ
വൃശ്ചിക കുളിരു പകർന്നൊഴുകു
കയായ് ശൈത്യ നിനവുകളിൽ
നിൻ മിഴികൾ കൂമ്പുന്നുവോ സഖീ
എങ്കിലീ രാവിന്റെ വേദനകൾ
മറക്കാനൊരു നിലാവിൻ
ചന്തം മെനഞ്ഞുതരൂ..
4
സരസ്സൻ സംഭാഷണപ്രിയൻ
ഭക്ഷണത്തോടു പിണക്കം കാട്ടാതെ
സാകൂതം തീന്മേശയിലിരുന്നു
രുചിയറിഞ്ഞു കഴിച്ചതെൻ സുകൃതം

അന്നമൊരുപാടു ദാനമായ് നൽകിയ
നന്മയുടെ ഭാണ്ഡം ചുമന്ന പിതാമഹന്മാ-
രിത്തിരി താഴേക്കു വിതറിയൊരരി മണികൾ
പെറുക്കി കാലം കഴിക്കുന്നൊ രെൻ
ജീവിത യാത്രയിൽ നൽമുഹൂർത്തങ്ങൾ
താനേ മുളച്ചൊരാ സുദിനം

ശേഷിച്ച ജീവിത സുഖങ്ങളിൽ
മാറ്റേറ്റംകൂടുതലെന്നും
സന്മനസ്സിന്നുടമകൾക്കു വിരുന്നൂട്ടലെ
ന്നെൻ മുത്തശ്ശൻ പറഞ്ഞു പതിഞ്ഞ
വാക്കുകളെൻ കാതിൽ മുഴങ്ങീടവേ
ടിജി ഊണും കഴിഞ്ഞെണീറ്റിരുന്നു.

നേരുകളെയൊരുപാടു ലാളിക്കാൻ
കൊതിച്ചൊരെൻ മനസ്സിനെ കുളിർപ്പിച്ചു
ടിജി യാത്രപറഞ്ഞു കൈവീശിയകലുമ്പോൾ
ബാക്കിശേഷിപ്പതെന്തെന്നറിഞ്ഞീല

എന്റെ ആത്മാവിൻ പടിപ്പുരവാതി
ലെന്നും ഞാൻ ചാരാതിരുന്നിടാം
ഒഴിയും നിമിഷങ്ങളിലിനിയും ഈ വഴി
വന്നു പോയീടാൻ മറക്കാതിരിക്കണം
നന്മകൾ മാത്രം പെറുക്കി കൈവഴികൾ
പിരിയാതെ കാലത്തിനൊപ്പം നടന്നിടാം...... —--

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?