21 Jan 2014

പൈലോ പോൾ


ഡോ.പോൾ മണലിൽ 
മലയാളത്തിലെ ആദ്യ പുരാണനിഘണ്ടുവാണ്‌ പൈലോ പോൾ എഴുതിയ പുരാണകഥാ നിഘണ്ടു. ഈ പേരിൽ 1899ൽ ഒന്നാം പതിപ്പും പുരാണ കഥാനിഘണ്ടു അടങ്ങിയ സാഹിത്യനിഘണ്ടു എന്ന പേരിൽ 1937ൽ രണ്ടാം പതിപ്പും പ്രസിദ്ധപ്പെടുത്തിയ ഈ നിഘണ്ടുതന്നെയാണ്‌ ഭാരതീയ ഭാഷകളിൽ ആദ്യമായി പ്രസിദ്ധപ്പെടുത്തിയ പുരാണ നിഘണ്ടു. 

മലയാളഭാഷയുടെയും ഗദ്യത്തിന്റെയും വളർച്ചയുടെ ആധുനികഘട്ടത്തെ സൂചിപ്പിക്കുന്ന ഒന്നാണ്‌ പുരാണകഥാനിഘണ്ടുവിന്റെ രചന. കേവലം വാക്കുകളുടെയും നാമങ്ങളുടെയും പദങ്ങളുടെയും ക്രോഡീകരണം മാത്രമല്ല ഇതിലൂടെ നടന്നത്‌. ഭാഷയിൽ പുതിയ ആശയങ്ങളും അർത്ഥങ്ങളും ക്രോഡീകരിക്കപ്പെട്ടു. പദങ്ങൾക്ക്‌ ആഴമേറിയ വ്യാഖ്യാനങ്ങൾ ഉണ്ടായി. ഹൈന്ദവ പുരാണാദികളുടെ അർത്ഥസങ്കൽപങ്ങൾക്കും വിശ്വാസസങ്കൽപങ്ങൾക്കും വാമൊഴിയിൽ നിന്നു വരമൊഴിയിലേക്കു മാറ്റം ലഭിച്ചു. മലയാള സാഹിത്യചരിത്രങ്ങളിൽ രേഖപ്പെടുത്താൻ വിട്ടു പോയെങ്കിലും പൈലോ പോളിന്റെ ഈ ഉദ്യമം ഹിന്ദുശാസ്ത്രപുരാണാദികളെ ജനാധിപത്യവൽക്കരിക്കുന്നതിനും അതിന്റെ ആഴങ്ങളിലേക്കും അറിവുകളിലേക്കും എല്ലാ ജാതിമതസ്ഥർക്കും കടന്നുചെല്ലുന്നതിനും അവസരമൊരുക്കി.

പുരാണകഥാനിഘണ്ടു രചിച്ചതിലൂടെ മലയാളികൾക്കു തലമുറകളായി ഉപയോഗിക്കാനുള്ള ഒരു വൈജ്ഞാനികകോശനിധിയാണ്‌ പെയിലോ പോൾ കാഴ്ചവച്ചതു. പുരാണങ്ങളിലും മറ്റും ഉള്ള കഥകൾക്കും കഥാപാത്രങ്ങൾക്കും വൈജ്ഞാനികമാനം പകരാൻ ഈ നിഘണ്ടുവിനു കഴിഞ്ഞു. 

ഹൈന്ദവപുരാണങ്ങൾക്കും ശാസ്ത്രങ്ങൾക്കും ഒരു അനുക്രമണിക ഇല്ലാതിരുന്ന കാലത്താണ്‌ സാധാരണ വായനക്കാർക്കു മനസ്സിലാകത്തക്കരീതിയിലും ഉപയോഗിക്കത്തക്കരീതിയിലും പുരാണകഥകൾ സംക്ഷിപ്തമായും ശ്ലോകങ്ങൾ വ്യാഖ്യാനമില്ലാതെയും അകാരാ ദിക്രമത്തിൽ പെയിലോ പോൾ അവതരിപ്പിച്ചതു. വിശുദ്ധ വേദ പുസ്തകത്തിന്‌ ഒരു അനുക്രമണിക തയ്യാറാക്കുന്നതിന്‌ ഇടയിലാണ്‌ പുരാണനിഘണ്ടു എന്ന ആശയം പൈലോ പോളിന്‌ ഉണ്ടായത്‌. വേദപുസ്തകത്തിന്റെ അനുക്രമണികയുടെ ആദ്യ ഭാഗം എഴുതി തീർത്തെങ്കിലും അതിന്റെ അച്ചടി പൂർത്തിയാക്കുന്നതിന്‌ മുമ്പുതന്നെ പൈലോ പോളിനു പുരാണകഥാനിഘണ്ടു പ്രസിദ്ധപ്പെടുത്താൻ കഴിഞ്ഞു.

പുരാണങ്ങളിലും ഇതിഹാസങ്ങളിലും അസാധാരണമായ പാണ്ഡിത്യമുണ്ടായിരുന്ന പൈലോ പോൾ പൊന്നാനിയിൽ തഹസിൽദാറായി പ്രവർത്തിക്കുമ്പോഴാണ്‌ ഈ നിഘണ്ടു എഴുതിയത്‌. മലയാളത്തിൽ അകൃത്രിമരാമണീയകമായ ഗദ്യത്തിന്റെ ഉടമയെന്ന്‌ എ.ആർ.രാജ രാജവർമ്മ വിശേഷിപ്പിച്ച പൈലോ പോൾ പ്രബന്ധകാരൻ ശാസ്ത്രചിന്തകൻ, ഉപന്യാസകർത്താവ്‌, നോവലിസ്റ്റ്‌ ഗവേഷകൻ വേദജ്ഞാനി വിവർത്തകൻ എന്നീ നിലകളിലെല്ലാം അറിയപ്പെട്ടു. സംസ്കൃതഭാഷയിലും സാഹിത്യത്തിലും അദ്ദേഹത്തിനുണ്ടായിരുന്ന അഗാധ പാണ്ഡത്യത്തിന്റെ നിദർശനമായിരുന്നു അമരകോശവ്യാഖ്യാനമായ ബാലബോധിനി. രാമായണ മഹാഭാരതകഥകളും അദ്ദേഹം പുനരാഖ്യാനം ചെയ്തിട്ടുണ്ട്‌.

സംസ്കൃതം ബി.എ ഐച്ഛികവിഷയമായി പഠിച്ചശേഷം മലബാറിൽ മദ്രാസ്‌ ഗവണ്‍മന്റ്‌ സർവീസിൽ ജോലിക്കു പ്രവേശിച്ച പൈലോ പോൾ ഔദ്യോഗിക ജീവിതത്തിനിടയിൽ കണ്ടെത്തിയ ഒഴിവുസമയത്ത്‌ പുരാണനിഘണ്ടു ഉൾപ്പെടെ മിക്ക കൃതികളും എഴുതിയത്‌.

മലയാളത്തിൽ ആദ്യം അച്ചടിച്ച നിഘണ്ടു ബെഞ്ചമിൻ ബെയ്‌ലിയുടെ മലയാളം ഇംഗ്ലീഷ്‌ നിഘണ്ടുവാണ്‌. മലയാളപദങ്ങൾക്ക്‌ ഇംഗ്ലീഷിൽ അർത്ഥം പറയുന്ന ഈ നിഘണ്ടുവിൽ നാൽപതിനായിരത്തോളം പദങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. മലയാളഭാഷ സംസാരിക്കുന്നവരുടെ പദസമ്പത്ത്‌ വെളിപ്പെടുത്തുന്ന ഈ നിഘണ്ടുവിൽ ഭാഷയിലേക്കു കടന്നുവന്ന പുതിയ പദങ്ങളും ഉൾപ്പെടുത്തി, മലയാളപദങ്ങൾക്കു മലയാളത്തിൽ അർത്ഥം പറയുന്ന ആദ്യനിഘണ്ടു 1865 ൽ ഇച്ചാർഡ്‌ കോളിൻസാണ്‌ തയ്യാറാക്കിയത്‌. ശാസ്ത്രീയമായ രീതിയിൽ തയ്യാറാക്കിയതാണ്‌ ഹെർമ്മൻ ഗുണ്ടർട്ട്‌ 1972ൽ പ്രസിദ്ധീകരിച്ച മലയാളം ഇംഗ്ലീഷ്‌ നിഘണ്ടു. മലയാള ഭാഷയിലെ വാക്കുകളും അതിന്റെ ഉച്ചാരണവും അർത്ഥവും വിവരിക്കുന്ന നിഘണ്ടുക്കൾ ബെയ്‌ലിയും കോളിൻസും ഗുണ്ടർട്ടും നിർമ്മിച്ചതു മലയാളഭാഷയുടെ വളർച്ചക്കു നിദാനമായി. 

മിഷനറിമാരുടെ ഈ വഴിക്കുള്ള പ്രവർത്തനങ്ങൾക്കുശേഷം തദ്ദേശിയരിൽ നിന്നു പൈലോ പോളാണ്‌ ആദ്യമായി ഒരു നിഘണ്ടുരചനയുമായി രംഗത്തുവന്നത്‌. 
മലയാളത്തിലെ ആദ്യ പുരാണനിഘണ്ടു മാത്രമല്ല അമരകോശത്തെ ആധാരമാക്കി ആദ്യത്തെ പര്യായനിഘണ്ടു എഴുതിയതും പൈലോ പോളാണ്‌. വിശുദ്ധ വേദപുസ്തകത്തിന്‌ ഒരു പദാനുക്രമണിക ആദ്യമായി തയ്യാറാക്കിയതും പൈലോ പോളാണ്‌. സാഹിത്യചരിത്രങ്ങളിലൊന്നും ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. 

ഇംഗ്ലീഷിലുള്ള ബൈബിൾ കൺകോർഡൻസിന്റെ മാതൃകയിൽ മലയാളം വേദപുസ്തകത്തിനു പൈലോ പോൾ ഉണ്ടാക്കിയ പദാനുക്രമണികയാണ്‌ സത്യവേദാനുക്രമണിക. ഈ പുസ്തകം മലയാള വേദ പുസ്തകത്തെ മുൻനിർത്തിയുള്ള പഠനങ്ങൾ ശ്രദ്ധേയമായ ഒരു കൃതിയാണ്‌. വേദപുസ്തകത്തിലെ ഓരോ വാക്കും എത്ര തവണ എവിടെയെല്ലാം ഉപയോഗിച്ചിട്ടുണ്ടെന്നു മലയാളത്തിൽ ആദ്യമായി കണ്ടെത്തിയത്‌ പൈലോ പോളാണ്‌. വയറിലെ ക്ലേശം സഹിച്ചാണ്‌ അദ്ദേഹം ഇതു തയ്യാറാക്കിയത്‌. മലയാളം ബൈബിളിന്റെ പ്രതികൾ വാങ്ങി പദങ്ങൾ പ്രത്യേകമായി വെട്ടിയെടുത്തും അനുക്രമമായി ഒട്ടിച്ചും അതു പിന്നെ സ്വന്തമായി പകർത്തിയെഴുതിയുമാണ്‌ രചന പൂർത്തിയാക്കിയത്‌. പതിനെട്ടു വർഷത്തെ പ്രയത്നം വേണ്ടിവന്നു ഇതു പൂർത്തിയാക്കാൻ. 1929ൽ പൂർത്തിയാക്കിയ ഈ ഗ്രന്ഥത്തിന്റെ ആദ്യഭാഗം ആദ്യമായി 1960ൽ തിരുവല്ല സി.എസ്‌.എസ്‌. ആണ്‌ പ്രസിദ്ധപ്പെടുത്തിയത്‌. 

കേരളത്തിന്റെ ഒരറ്റത്തു ജനിച്ചു മറ്റേയറ്റം വരെ ജോലി ചെയ്ത പൈലോ പോൾ മലയാളത്തിലെ പഴഞ്ചൊല്ലുകൾ നേരിട്ടു സമാഹരിച്ചു പഴഞ്ചൊല്ലുകൾ എന്ന പേരിൽ 1902 ൽ പ്രസിദ്ധപ്പെടുത്തി. ഔദ്യോഗികതലത്തിൽ പ്രവർത്തിക്കുമ്പോൾ നാട്ടുകാരുമായി നേരിട്ട്‌ ഇടപെട്ടതിന്റെയും അവരുമായി സൗഹൃദം സ്ഥാപിച്ചതിന്റെയും ഒരു നേട്ടമായി ഈ കൃതിയെ കാണാം.

പൈലോ പോളിന്റെ ശ്രേഷ്ഠരചനയാണ്‌ ബാലബോധിനി. അമരകോശത്തിന്റെ കുട്ടികൾക്കുള്ള ആദ്യ വ്യാഖ്യായനമെന്നും ഇതിനെ വിശേഷിപ്പിക്കാം.
തിരുവനന്തപുരത്തു നക്ഷത്രബംഗ്ലാവിൽ ഉദ്യോഗസ്ഥനായിരുന്ന കോട്ടയം ഒളശ്ശയിൽ കല്ലത്തു തൊമ്മൻ പെയിലോയുടെ പുത്രനാണ്‌ പൈലോ പോൾ. അമ്മ പുളിക്കീഴ്‌ നെടുമ്പ്രത്ത്‌ വാലേപ്പറമ്പിൽ ഏലിയമ്മ പൈലോ പോൾ ജനിച്ചതു തിരുവനന്തപുരത്താണ്‌. 1863 ജനുവരി 25 ന്‌ (1038 മകരം 11).

കോട്ടയത്തുനിന്നു തിരുവനന്തപുരത്തു കുടിയേറിയ ആദ്യകാലസുറിയാനി ക്രിസ്ത്യാനി കുടുംബങ്ങളിൽ ഒന്നാണ്‌ തൊമ്മൻ പെയിലോയുടേത്‌. കോട്ടയത്തു പഴയ സെമിനാരിയിൽ അന്ന്‌ ഇംഗ്ലീഷ്‌ വിദ്യാഭ്യാസം ഉണ്ടായിരുന്നു. അതിനുശേഷം പലരും കൊച്ചിയിലേക്കാണ്‌ തൊഴിൽ തേടി പോയിരുന്നത്‌. ഉത്രം തിരുനാളിന്റെ കാലത്തു തിരുവനന്തപുരത്തു നക്ഷത്രബംഗ്ലാവ്‌ തുടങ്ങിയപ്പോൾ ഇംഗ്ലീഷ്‌ വിദ്യാഭ്യാസം പൂർത്തിയാക്കിയ കോട്ടയത്തുകാരിൽ കുറച്ചുപേർക്കു ജോലി കിട്ടി. അന്ന്‌ ഒരു ഇംഗ്ലീഷുകാരനായിരുന്നു നക്ഷത്രബംഗ്ലാവിന്റെ മേധാവി. ഇംഗ്ലീഷ്‌ ഭാഷയിൽ പരിജ്ഞാനമുണ്ടായിരുന്ന തൊമ്മൻ പൈലോയ്ക്കു അങ്ങനെയാണ്‌ അവിടെ ജോലികിട്ടിയത്‌. തൊമ്മൻ പൈലോയും കോട്ടയം സെമിനാരിയിൽ നിന്നാണ്‌ ഇംഗ്ലീഷ്‌ പഠിച്ചതു.

ഒന്നാം ക്ലാസ്സോടെ പൈലോ പോൾ ബി.എ പാസ്സായി. ക്രിസ്ത്യാനികളുടെ കൂട്ടത്തിൽ നിന്നു ബി.എ. സംസ്കൃതം ആദ്യമായി പാസ്സായവരാണ്‌ ജോർജ്ജും പെയിലോ പോളും. പിൽക്കാലത്ത്‌ പൈലോ പോൾ പുരാണനിഘണ്ടു എഴുതിയപ്പോൾ അതിന്റെ ഒരു പ്രതി തന്റെ സംസ്കൃതഗുരുവായിരുന്ന ശാസ്ത്രികൾക്കു നൽകുകയുണ്ടായി. പൈലോ പോൾ മഹാരാജാസ്‌ കോളേജിലെ ഏറ്റവും മികച്ച വിദ്യാർത്ഥികളിൽ ഒരാളായിരുന്നെന്നു ശാസ്ത്രികൾ പറഞ്ഞിട്ടുണ്ട്‌.

പൈലോപോൾ ജോലിയിൽ നിന്നു വിരമിച്ചതു 1917 ലാണ്‌. അതിനു ശേഷം തിരുവനന്തപുരത്ത്‌ എഴുത്തും വായനയുമായി കഴിയുകയായിരുന്നു. എഴുപത്തിമൂന്നാം വയസ്സിൽ വാതസംബന്ധമായ അസുഖത്തെ തുടർന്ന്‌ 1936 ആഗസ്റ്റ്‌ നാലിന്‌ അദ്ദേഹം മരിച്ചു. മരിക്കുന്നതിനു രണ്ടു വർഷം മുമ്പാണ്‌ അദ്ദേഹം കോട്ടയത്ത്‌ പള്ളത്തെ വസതിയിലേക്ക്‌ താമസം മാറ്റിയത്‌. അദ്ദേഹത്തിന്റെ ഭൗതികശരീരം അടക്കം ചെയ്തതു പള്ളം സെന്റ്‌ പോൾസ്‌ ഓർത്തഡോക്സ്‌ പള്ളിയിലാണ്‌.

പൈലോ പോളിന്റെ മൂത്തസഹോദരനായ പെയിലോ തോമസിന്റെ (തോമസ്‌ റൈട്ടർ) പുത്രൻ തോമസ്‌ പോൾ കേരളത്തിൽ പുസ്തക പ്രസാധനരംഗത്തു സാരഥ്യം വഹിച്ചിട്ടുണ്ട്‌. ലോങ്മാൻസ്‌ ഗ്രീൻആൻഡ്‌ കമ്പനി എന്ന ബ്രട്ടീഷ്‌ പ്രസിദ്ധീകരണശാലയുടെ തിരുവനന്തപുരത്തെ ഏജന്റായി പ്രവർത്തനം ആരംഭിച്ച തോമസ്‌ പോളാണ്‌ വിദ്യാവിലാസം പ്രസിദ്ധീകരണശാല വഴിയും പൈലോ പോളിന്റെ നിരവധി കൃതികൾ പുറത്തുവന്നിട്ടുണ്ട്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...