21 Jan 2014

കേരസംരക്ഷണ മേഖലയിലെ മാറുന്ന കാഴ്ചകൾ



ഡോ. സി. തമ്പാൻ
സി.പി.സി.ആർ.ഐ. കാസർഗോഡ്‌

മുൻകാലങ്ങളിൽ തെങ്ങുകയറ്റവും വിളവെടുപ്പും മണ്ടവൃത്തിയാക്കലും കള്ളുചെത്തുമൊക്കെ ചെയ്തിരുന്നത്‌ പ്രത്യേക സമുദായത്തിൽപ്പെട്ട വിദഗ്ദ്ധ തൊഴിലാളികൾ ആയിരുന്നു. ഇപ്പോൾ അത്തരം പരമ്പരാഗത തെങ്ങുകയറ്റത്തൊഴിലാളികളുടെ എണ്ണം അനുദിനം കുറഞ്ഞുകൊണ്ടിരിക്കുകയാണ്‌. പലകാരണങ്ങൾ കൊണ്ടാവാം ഇത്‌. പരമ്പരാഗത രീതിയിലുള്ള തെങ്ങുകയറ്റം വളരെ ബുദ്ധിമുട്ടുള്ളതും അപകടസാദ്ധ്യതയുള്ളതും അതേസമയം നല്ല വൈദഗ്ദ്ധ്യം ആവശ്യമുള്ളതുമായ തൊഴിൽ മേഖലയാണ്‌. നാളികേര വികസന ബോർഡ്‌ ആവിഷ്ക്കരിച്ച 'തെങ്ങിന്റെ ചങ്ങാതിക്കൂട്ടം' പദ്ധതിവഴി ഗ്രാമീണയുവാക്കൾ യന്ത്രവൽക്കൃത തെങ്ങുകയറ്റവും തെങ്ങിന്റെ ശാസ്ത്രീയ പരിചരണ മുറകളും സ്വായത്തമാക്കിയതോടെ, നിലവിലെ സാഹചര്യം ഗുണപരമായൊരു മാറ്റത്തിന്‌ വിധേയമായിരിക്കുന്നു. 

കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിലെ ഞേരു-കാഞ്ഞനടുക്കം പ്രദേശത്തെ 65കാരനായ ടി. അച്യുതൻ 12-​‍ാം വയസ്സിൽ തെങ്ങുകയറ്റം തുടങ്ങിയതാണ്‌. പ്രാഥമിക വിദ്യാഭ്യാസം പോലും നേടാൻ കുടുംബസാഹചര്യം അനുവദിച്ചില്ല. തെങ്ങുകയറ്റത്തൊഴിലാളിയായിരുന്ന അച്ഛന്റെ പാത പൈന്തുടർന്ന്‌ അച്യുതനും തെങ്ങുകയറ്റം ജീവിതമാർഗ്ഗമാക്കി. 50 വർഷം മുൻപ്‌ അദ്ദേഹം തെങ്ങുകയറ്റം തുടങ്ങിയകാലത്ത്‌ ഒരു തെങ്ങിന്‌ ഒരു തേങ്ങയായിരുന്നു പ്രതിഫലം. ക്രമേണ കൂലി നൽകലിന്റെ ചിട്ടകളും മാറി. 100 തേങ്ങയ്ക്ക്‌ 5 തേങ്ങ എന്ന നിലയിലേക്ക്‌ ഇത്‌ ഉയർന്നു.  അക്കാലത്ത്‌ ഒരു തേങ്ങയുടെ വില 25 പൈസയായിരുന്നു.

ഈ മേഖലയിൽ വിദഗ്ദ്ധ തൊഴിലാളികൾ കുറവായിരുന്നതുകൊണ്ട്‌ അന്നും തെങ്ങുകയറ്റക്കാർക്ക്‌ വലിയ തിരക്കായിരുന്നുവേന്ന്‌ അച്യുതൻ ഓർമിക്കുന്നു. കേരകർഷകരും തെങ്ങുകയറ്റക്കാരും വളരെ യോജിപ്പോടെയാണ്‌ കഴിഞ്ഞിരുന്നത്‌. അതുകൊണ്ടുതന്നെ കർഷകരുടെ ആവശ്യമനുസരിച്ച്‌ സേവനം ലഭ്യമാക്കാൻ തെങ്ങുകയറ്റക്കാർക്കും സാധിച്ചിരുന്നു. എന്നിരുന്നാലും, ജാതിവാഴ്ച നിലനിന്നിരുന്ന ഒരു സമൂഹത്തിൽ, പിന്നോക്ക (തീയ്യ) സമുദായാംഗം എന്ന നിലയിൽ ചിലപ്പോഴെങ്കിലും ഭൂവുടമകളുടെ അവഗണനയ്ക്ക്‌ വിധേയനാകേണ്ടി വന്നിട്ടുള്ള കാര്യവും അദ്ദേഹം മറച്ചുവെച്ചില്ല.

രാവിലെ 7 മണിമുതൽ ഉച്ചയ്ക്ക്‌ 12 മണിവരെയുള്ള സമയത്ത്‌ ശരാശരി 40 തെങ്ങുകളാണ്‌ അന്ന്‌ കയറിയിരുന്നത്‌. 25 വർഷത്തോളമായി പ്രതിഫലം പണമായി കിട്ടാൻ തുടങ്ങിയിട്ട്‌. ആദ്യം ദിവസം 20 രൂപ എന്ന നിലയിലായിരുന്നു കൂലി. ഇപ്പോഴാകട്ടെ, ഒരു തെങ്ങിന്‌ 20 രൂപ കിട്ടുന്നുണ്ട്‌. പുതിയ കൂലിനിരക്കുകൾ കർഷകർക്ക്‌ കുറച്ച്‌ അന്യായമായിട്ട്‌ തോന്നുന്നുണ്ടെങ്കിലും, ഇന്നത്തെ ജീവിതച്ചെലവ്‌ വെച്ച്‌ നോക്കിയാൽ, പിടിച്ചുനിൽക്കാൻ ഇത്രയുമെങ്കിലും പ്രതിഫലം കിട്ടിയേ മതിയാകൂ എന്നാണ്‌ അച്യുതൻ പറയുന്നത്‌. 50 വർഷമായി തുടരുന്ന ഈ തൊഴിലിൽ തനിയ്ക്ക്‌ ഇതുവരെ ഒരപകടവും സംഭവിച്ചിട്ടില്ല. വളരെ ശ്രദ്ധയോടെ തെങ്ങുകയറുകയും മഴക്കാലത്ത്‌ തടിക്ക്‌ തെന്നൽ അനുഭവപ്പെടുമ്പോൾ കയറ്റം ഒഴിവാക്കുകയും ചെയ്യാറുണ്ട്‌.

കയറ്‌ വരിഞ്ഞുമുറുക്കി ഉണ്ടാക്കിയ 'തള' ഉപയോഗിച്ചാണ്‌ ഇപ്പോഴും തെങ്ങുകയറുന്നത്‌. തെങ്ങിൻ തടിയിൽ കൈകാലുകൾക്ക്‌ ആവശ്യത്തിന്‌ പിടുത്തം കിട്ടുന്നതിന്‌ ഇത്‌ സഹായിക്കുന്നു. തെങ്ങുകയറ്റത്തിന്റെ ആയാസവും അപകടസാദ്ധ്യതയും ലഘൂകരിക്കുന്നതിന്‌ ലളിതവും, സുരക്ഷിതവും എന്നാൽ എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്നതുമായ ഒരു ഉപകരണം ആവശ്യമാണെന്ന്‌ അദ്ദേഹം ഉറപ്പിച്ച്‌ പറയുന്നു. ഇപ്പോൾ ലഭ്യമായിട്ടുള്ള തെങ്ങുകയറ്റയന്ത്രത്തെക്കുറിച്ച്‌ അദ്ദേഹത്തിന്‌ അറിയാമെങ്കിലും അതൊന്നു പരീക്ഷിച്ച്‌ നോക്കാൻ പ്രായം അനുവദിക്കുന്നില്ല എന്നതാണ്‌ അച്യുതന്റെ പ്രശ്നം. പഞ്ചായത്ത്‌ തലത്തിൽ ഒരിക്കൽ ഇൻഷൂറൻസ്‌ പരിരക്ഷ ലഭിച്ചുവേങ്കിലും അത്‌ പുതുക്കാൻ കഴിഞ്ഞതുമില്ല.

ആവശ്യത്തിന്‌ കാലിവളവും പച്ചിലവളവും വെണ്ണീറുമൊക്കെ നൽകിയിരുന്നതുകൊണ്ട്‌ മുമ്പൊക്കെ തെങ്ങുകൾക്ക്‌ നല്ല വളർച്ചയുണ്ടായിരുന്നു. രോഗ,കീടങ്ങൾ മൂലമുണ്ടാകുന്ന വിളനഷ്ടവും കുറവായിരുന്നു. കൂമ്പ്ചീയൽ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ചീഞ്ഞഭാഗങ്ങൾ വെട്ടിനീക്കി ഉപ്പും മണലും കലർത്തിയ മിശ്രിതം ഉപയോഗിച്ച്‌ അതിനെ നിയന്ത്രിച്ചിരുന്നു. അതുപോലെ, കൊമ്പൻചെല്ലികളെ അറ്റംകൂർപ്പിച്ച കമ്പികൊണ്ട്‌ കുത്തിയെടുത്ത്‌ നശിപ്പിക്കുമായിരുന്നു. ഇന്ന്‌ രോഗകീട ബാധകൾ വളരെ വ്യാപകമായിരിക്കുന്നു. കൂമ്പ്‌ ചീയൽ പടർന്നുപിടിക്കുന്നു. അതൊടൊപ്പം കൊമ്പൻചെല്ലിയുടേയും ചെമ്പൻചെല്ലിയുടേയും ആക്രമണവും രൂക്ഷമായിക്കാണുന്നു. കൃത്യസമയത്ത്‌ ആവശ്യമായ പരിപാലന മുറകൾ സ്വീകരിക്കുന്നതിനുള്ള അലംഭാവമാണ്‌ ഇതിനോക്കെ കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്‌.

വിളകളിലും കൃഷിരീതികളിലും ഉണ്ടാകുന്ന മാറ്റങ്ങളേയും  അച്യുതൻ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്‌. നെൽപ്പാടങ്ങൾ ഏതാണ്ട്‌ ഇല്ലാതായിക്കഴിഞ്ഞു. അടയ്ക്കാവില ഉയർന്നതോടെ നെൽപ്പാടങ്ങൾ കവുങ്ങ്‌ കൃഷിക്ക്‌ വഴിമാറി. തൊഴിലാളിക്ഷാമം, കൂടിയ കൃഷിച്ചെലവ്‌, നെല്ലിന്റെ കുറഞ്ഞവില എന്നിവയാണ്‌ ഇതിന്‌ ആക്കംകൂട്ടിയത്‌. എന്നാൽ റബ്ബർ കൃഷിയുടെ വിസ്തീർണ്ണം കൂടിവരുന്നു. പഴയ കശുമാവ്‌ തോട്ടങ്ങൾ മത്രമല്ല, തെങ്ങിൻ തോട്ടങ്ങൾപോലും ഇപ്പോൾ റബ്ബർകൃഷിയുടെ ഭീഷണിയിലാണ്‌. ചില കേരകർഷകരെങ്കിലും തെങ്ങിനടിയിൽ റബ്ബർ നട്ടുകഴിഞ്ഞു. ഇത്‌ ഏതായാലും നല്ല കീഴ്‌വഴക്കമല്ല എന്ന്‌ തന്നെയാണ്‌ അച്യുതന്റെ വിലയിരുത്തൽ. വരുംകാലങ്ങളിൽ ഇത്‌ ആഹാരലഭ്യതയെ ദോഷകരമായി ബാധിക്കുമെന്ന്‌ മാത്രമല്ല, ഗ്രാമത്തിന്റെ സമ്പന്നമായ ജൈവവൈവിദ്ധ്യം ക്രമേണ നശിച്ച്‌ പോകുമെന്നും അദ്ദേഹം ആശങ്കപ്പെടുന്നു. അതേസമയം ആദായകരമായ വിളകളിലേക്ക്‌ ചുവട്‌ മാറുന്ന കർഷകരെ കുറ്റപ്പെടുത്താനും അദ്ദേഹത്തിന്‌ കഴിയുന്നില്ല.

തെങ്ങുപോലുള്ള വിളകൾ ലാഭകരമായി കൃഷി ചെയ്യുന്നതിനാവശ്യമായ പൈന്തുണ കർഷകർക്ക്‌ ഉറപ്പ്‌ നൽകേണ്ടതുണ്ട്‌. പുതിയ തലമുറ കാർഷിക മേഖലയിൽ ജീവിതം കണ്ടെത്തുന്നില്ല എന്നും എല്ലാവർക്കും വൈറ്റ്കോളർ ജോലിയോട്‌ മാത്രമേ താൽപര്യമുള്ളുവേന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. വിദ്യാഭ്യാസയോഗ്യത കുറഞ്ഞവരാകട്ടെ, നിർമ്മാണ മേഖലയിൽ ജോലി ചെയ്യാനാണ്‌ ഇഷ്ടപ്പെടുന്നത്‌. ഗൾഫിൽ മൂന്ന്‌ വർഷത്തെ ഭാഗ്യപരീക്ഷണത്തിനുശേഷം തന്റെ മകനും നാട്ടിലേക്ക്‌ മടങ്ങി വന്ന്‌ ഇപ്പോൾ കൽപ്പണി ചെയ്ത്‌ ജീവിക്കുന്നു.  ഭാര്യ മീനാക്ഷിയും മകൻ ചന്ദ്രനും കൂടെയുണ്ട്‌. രണ്ട്‌ പെൺമക്കളെ കാസർഗോഡ്‌ തന്നെ വിവാഹം ചെയ്തയച്ചു. 75 സെന്റ്‌ പുരയിടം സ്വന്തമായുണ്ട്‌. അതിൽ 40 തെങ്ങുകളും ഉണ്ട്‌. ചെറുപ്പക്കാരെ കാർഷിക മേഖലയിലേക്ക്‌ ആകർഷിക്കുന്നതിന്‌ നൂതന ആശയങ്ങളും പദ്ധതികളും ഉണ്ടാകണം. നാളികേര വികസന ബോർഡ്‌ ആവിഷ്ക്കരിച്ച 'തെങ്ങിന്റെ ചങ്ങാതിക്കൂട്ടം' എന്ന പദ്ധതി ചെറുപ്പക്കാരെ കേരകാർഷിക മേഖലയിലേക്ക്‌ കൊണ്ടുവരുന്നതിനും പിടിച്ചുനിർത്തുന്നതിനും സഹായകമായെന്നാണ്‌ അച്യുതന്റെ അഭിപ്രായം. 

പഞ്ചായത്തിലെ സ്ത്രീകൾ ഉൾപ്പെടെ നിരവധി ചെറുപ്പക്കാർ കാസർഗോഡ്‌ കൃഷി വിജ്ഞാനകേന്ദ്രത്തിൽ പരിശീലനം നേടി ഈ മേഖലയിൽ ജോലി ചെയ്യുന്നതായി അച്യുതന്‌ അറിയാം. ചങ്ങാതിക്കൂട്ടം വഴി നടപ്പിലാക്കുന്ന യന്ത്രവൽക്കൃതതെങ്ങുകയറ്റം, സസ്യസംരക്ഷണം ഉൾപ്പെടെയുള്ള കേരപരിപാലനമുറകൾ, ആശയവിനിമയം, നേതൃത്വപാടവം തുടങ്ങിയ വിഷയങ്ങളിലെ പരിശീലനം ഇരുചക്രവാഹനം വാങ്ങുന്നതിനുള്ള വായ്പ സൗകര്യം, ഇൻഷൂറൻസ്‌ പരിരക്ഷ തുടങ്ങിയവ തീർച്ചയായും യുവജനങ്ങളെ ഈ മേഖലയിലേക്ക്‌ ആകർഷിക്കുന്നതിന്‌ പര്യാപ്തമാണ്‌. അവരുടെ സാമൂഹ്യപദവിയും സ്വീകാര്യതയും ഇതുവഴി ഉയരുമെന്നതിന്‌ സംശയമില്ല. തന്നെയുമല്ല കാർഷിക മേഖലയുടെ പുത്തനുണർവ്വിന്‌ ഗണ്യമായ സംഭാവന ഇവർ നൽകുമെന്ന്‌ തീർച്ചയാണ്‌. ജാതിമത ഭേദമില്ലാതെ യുവജനങ്ങൾ ഈ പരിശീലനത്തോട്‌ വലിയ താൽപര്യം കാണിക്കുന്നു. നല്ലവരുമാനം ലഭിക്കുന്ന  തൊഴിലായി ഇതിനെ കാണുന്നതുകൊണ്ടാകണം, മുന്നോക്കജാതികളിൽ നിന്നുപോലും നിരവധി ചെറുപ്പക്കാർ ആ പരിശീലനം നേടുവാൻ താൽപ്പര്യപൂർവ്വം മുന്നോട്ട്‌ വരുന്നത്‌.

കേരകാർഷിക മേഖലയിൽ ഈ പരിപാടി ഉളവാക്കിയ ശക്തമായ സ്വാധീനത്തെക്കുറിച്ച്‌ അച്യുതൻ ഉദാഹരണ സഹിതം വിവരിക്കുന്നു. അദ്ദേഹത്തിന്റെ ഗ്രാമത്തിലെ ബിരുദധാരിയായ, 41 വയസ്സുള്ള സുകുമാരൻ ചങ്ങാതിക്കൂട്ടം പരിശീലനം നേടിയ ശേഷം കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും അച്യുതൻ വാചാലനായി. 2011 ഒക്ടോബറിൽ കൃഷി വിജ്ഞാനകേന്ദ്രം നടത്തിയ നാലാമത്‌ ബാച്ചിലെ പഠിതാവ്‌ ആയിരുന്നു സുകുമാരൻ. തെങ്ങുകയറ്റം ജീവിതമാർഗ്ഗമായി തെരഞ്ഞെടുക്കാൻ തക്ക ആത്മവിശ്വാസം സുകുമാരന്‌ ലഭിച്ചതു ഈ പരിശീലനത്തിലൂടെ ആണ്‌. അതിൻശേഷം ഒരിക്കലും അദ്ദേഹത്തിന്‌ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 

കുറ്റിക്കോൽ പഞ്ചായത്ത്‌ ഓഫീസിൽ താൽക്കാലികാടിസ്ഥാനത്തിൽ ക്ലാർക്കായും അഗ്നിശമനസേനയിൽ പാർട്ട്‌ ടൈം ആയും ജോലി ചെയ്ത അദ്ദേഹത്തിന്‌ ലഭിച്ചിരുന്ന വരുമാനം പ്രതിദിനം പരമാവധി 175 രൂപയായിരുന്നു. പക്ഷേ; ഇപ്പോഴാകട്ടെ സുകുമാരന്‌ സ്ഥിരജോലിയും സ്ഥിരവരുമാനവും ലഭിക്കുന്നു. ദിവസേന 60-65 തെങ്ങുകളിൽ കയറുകയും ഏകദേശം ആയിരം രൂപ പ്രതിഫലം ലഭിക്കുകയും ചെയ്യുന്നു. ഒരുദിവസം പോലും വിശ്രമിക്കാൻ അദ്ദേഹത്തിന്‌ കഴിയുന്നില്ല. ആദ്യം തെങ്ങോന്നിന്‌ 15 രൂപ എന്ന നിലയ്ക്കായിരുന്നു പ്രതിഫലമെങ്കിലും സുകുമാരന്റെ ജോലിയോടുള്ള പ്രതിബദ്ധതയും ആത്മാർത്ഥതയും തിരിച്ചറിഞ്ഞ കർഷകർ ഇപ്പോൾ 20 രൂപ നിരക്കിലാണ്‌ പ്രതിഫലം നൽകുന്നത്‌. വിളവെടുപ്പ്‌ മാത്രമല്ല, മണ്ട വൃത്തിയാക്കലും സസ്യസംരക്ഷണ നടപടികളും ആവശ്യാനുസരണം ചെയ്തുകൊടുക്കുന്നുണ്ട്‌. കഴിഞ്ഞ കാലവർഷക്കാലത്ത്‌ കുറ്റിക്കോൽ പ്രദേശത്ത്‌ കൂമ്പുചീയൽ ബാധിച്ച ഏകദേശം 150 തെങ്ങുകൾക്ക്‌ ആവശ്യമായ സസ്യസംരക്ഷണ പരിചരണം സുകുമാരൻ നൽകുകയും, അവയിൽ 97 ശതമാനവും രോഗവിമുക്തി നേടുകയും ചെയ്തിരുന്നു.

ചങ്ങാതിക്കൂട്ടം പരിശീലനത്തിൽ നിന്നും നേടിയ അറിവും നൈപുണ്യവും ആർജ്ജവവുമാണ്‌ തന്റെ പ്രദേശത്തുള്ള കേരകർഷകർക്ക്‌ ആവശ്യമായ വിദഗ്ദ്ധ സേവനം ലഭ്യമാക്കുന്നതിന്‌ തന്നെ സജ്ജനാക്കിയതെന്ന്‌ സുകുമാരനും നന്ദിപൂർവ്വം സ്മരിക്കുന്നു. കൂമ്പുചീയലിനെതിരെ സമയോചിതമായി സംരക്ഷണമുറകൾ അനുവർത്തിക്കാൻ കഴിഞ്ഞത്‌ കേരകർഷകർക്കും അനുഗ്രഹമായി. കാസർഗോഡ്‌ കേന്ദ്ര തോട്ടവിളഗവേഷണ സ്ഥാപനത്തിൽ  നടന്നുവരുന്ന നാളികേര വർഗ്ഗ സങ്കരണ പ്രക്രിയകളിൽ 2012 നവംബർ മുതൽ വിദഗ്ദ്ധ തൊഴിലാളി എന്ന നിലയിൽ അദ്ദേഹം ഇപ്പോൾ സേവനം അനുഷ്ഠിച്ചുവരുന്നു. 

തെങ്ങിന്റെ പൂക്കുലകളിൽ കൃത്രിമപരാഗണം നടത്തി സങ്കരയിനം വിത്തുതേങ്ങകൾ ഉത്പാദിപ്പിക്കുന്ന സങ്കീർണ്ണവും, ഏറെ വൈദഗ്ദ്ധ്യം ആവശ്യമുള്ളതുമായ തൊഴിലാണ്‌ ആദ്ദേഹം ചെയ്യുന്നത്‌. തെങ്ങിൻ മണ്ടയിൽ കയറി പുതുതായി വിടർന്ന പൂക്കുലകളിൽ പരാഗണം നടത്തുന്നത്‌ വളരെ ക്ലേശകരമായ ജോലിയാണ്‌. പ്രത്യേകിച്ചും കാറ്റിൽ തെങ്ങിൻമണ്ട ആടിയുലയുമ്പോൾ. ദിവസവും ഉച്ചവരെ 25 തെങ്ങുകളിൽ കൃത്രിമ പരാഗണം ചെയ്യുന്നു. അതിനുശേഷമുള്ള സമയവും ഒഴിവുദിവസങ്ങളിലും തന്റെ ഗ്രാമത്തിൽ തേങ്ങയിടുന്ന ജോലി തുടരുന്നു. 

ഇതിനോക്കെപ്പുറമേ, കേരകർഷകരെ സംഘടിപ്പിക്കുന്നതിലും സുകുമാരൻ പ്രത്യേകതാൽപ്പര്യം എടുക്കുന്നുണ്ട്‌. തന്റെ പ്രദേശത്തെ കേരകർഷകരുമായി നിരന്തരം സമ്പർക്കം പുലർത്തുകയും ബോർഡിന്റെ പദ്ധതികൾ പ്രയോജനപ്പെടുത്തി കർഷക കൂട്ടായ്മകൾ സംഘടിപ്പിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച്‌ അവരെ ബോദ്ധ്യപ്പെടുത്തുത്താനും സുകുമാരൻ ശ്രമിക്കുന്നുണ്ട്‌. കുറ്റിക്കോൽ, ബേത്തൂർപാറ, അഡൂർ, പുളിവിഞ്ചി തുടങ്ങിയ നാല്‌ നാളികേരോത്പാദക സംഘങ്ങളുടെ രൂപീകരണത്തിന്‌ മുൻകൈ സുകുമാരൻ എടുത്തിട്ടുണ്ട്‌. കൂടാതെ, കണ്ടംകുഴി കേരോത്പാദക ഫെഡറേഷന്റെ പ്രവർത്തനങ്ങളുമായി നല്ല രീതിയിൽ സഹകരിക്കുന്നുമുണ്ട്‌. നാളികേര ജേണലിന്‌ വരിക്കാരെ കണ്ടെത്തുന്നതിനും സുകുമാരൻ ഇതിനിടയിൽ സമയം കണ്ടെത്തുന്നു. 2013 മെയ്‌ 15ന്‌ കണ്ണൂർ ആകാശവാണി നിലയം പ്രക്ഷേപണം ചെയ്ത ഒരു പരിപാടിയിലൂടെ ഈ മേഖലയിലെ തന്റെ അനുഭവങ്ങൾ ശ്രോതാക്കളുമായി പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്‌. 

സുകുമാരന്റെ മറ്റൊരു പ്രത്യേകത, തെങ്ങുകയറ്റം ആരംഭിച്ചതുമുതൽ ഇന്നുവരെ ചെയ്ത എല്ലാ ജോലികളും പ്രവർത്തികളും ചിട്ടയായി രേഖപ്പെടുത്തിവെച്ചിട്ടുണ്ട്‌ എന്നതാണ്‌. ഇതിനകം ഏതാണ്ട്‌ 25,000ൽ അധികം തെങ്ങുകളിൽ കയറിയിട്ടുണ്ട്‌. ഇപ്പോൾ സുകുമാരനെ നാട്ടിൽ അറിയപ്പെടുന്നത്‌  മികച്ച തെങ്ങുകയറ്റത്തൊഴിലാളി എന്ന നിലയിൽ മാത്രമല്ല തെങ്ങ്‌ പരിപാലനത്തിൽ  വൈദഗ്ദ്ധ്യമുള്ള ഓരാൾ എന്ന നിലയിൽ കൂടിയാണ്‌.

പരിശീലനം നേടിയത്‌ മുതൽ തെങ്ങിന്റെ ചങ്ങാതി എന്ന നിലയിൽ കേരകാർഷിക മേഖലയുടെ ഉന്നമനത്തിന്‌ ഗണ്യമായ സംഭാവന നൽകാൻ കഴിയുന്നുവേന്ന കാര്യത്തിൽ സുകുമാരൻ സംതൃപ്തനാണ്‌. കേരകർഷകസമൂഹത്തിന്‌ നൽകുന്ന സേവനങ്ങളുടെ പേരിൽ തനിക്ക്‌ ലഭിക്കുന്ന സാമൂഹ്യ സ്വീകാര്യതയിൽ അദ്ദേഹം അഭിമാനം കൊള്ളുന്നു. ഇത്‌ ജീവിതമാർഗ്ഗം മാത്രമല്ല സമൂഹത്തോടുള്ള തന്റെ കടപ്പാട്‌ നിർവ്വഹിക്കുന്നതിനുള്ള അവസരം കൂടിയാണെന്ന്‌ അദ്ദേഹത്തിന്‌ ഉത്തമബോദ്ധ്യം ഉണ്ട്‌. 

സുകുമാരൻ ആർജ്ജിച്ച നേട്ടങ്ങളും ജോലിയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയും കണ്ടറിഞ്ഞു ധാരാളം യുവാക്കൾ കുറ്റിക്കോൽ പഞ്ചായത്തിൽ നിന്നും ചങ്ങാതിക്കൂട്ടം പരിശീലനത്തിൽ പങ്കെടുക്കുന്നതിനായി കൃഷി വിജ്ഞാന കേന്ദ്രത്തെ സമീപിക്കുകയും പരിശീലനം നേടുകയും ചെയ്തു. ഒരു തവണയെങ്കിലും അദ്ദേഹത്തിന്റെ സേവനം ലഭിച്ച കർഷകർ അദ്ദേഹത്തിന്റെ കൃത്യനിഷ്ഠ  മനസ്സിലാക്കി തുടർന്നും അദ്ദേഹത്തെ തന്നെ ജോലികൾക്കായി വിളിക്കുന്നു. കേര കർഷകർക്കിടയിൽ അദ്ദേഹത്തിനുള്ള മതിപ്പും സ്വാധീനവും ആണ്‌ ഇത്‌ കാണിക്കുന്നത്‌.

പ്രദേശത്തെ പരമ്പരാഗത തെങ്ങുകയറ്റക്കാരായ അച്യുതനെപ്പോലെയുള്ളവർ സുകുമാരനെ സർവ്വാത്മനാ സ്വാഗതം ചെയ്യുന്നു. ഭാര്യ സ്മിതയും അഞ്ചും ഒന്നും വയസ്സുള്ള രണ്ട്‌ ചെറിയ കുട്ടികളും അടങ്ങുന്നതാണ്‌ സുകുമാരന്റെ സന്തുഷ്ട കുടുംബം. 5 മാസം മുമ്പ്‌ റോഡരുകിൽ 10 സെന്റ്‌ സ്ഥലം വാങ്ങിക്കാൻ സുകുമാരന്‌ കഴിഞ്ഞു. വീടുപണി അടുത്ത മൂന്ന്‌ മാസങ്ങൾക്കുള്ളിൽ ആരംഭിക്കണമെന്നാണ്‌ ആഗ്രഹം. തെങ്ങുകൃഷിയുടെ ഉന്നമനത്തിനും സ്വന്തം കുടുംബത്തിന്റെ ക്ഷേമത്തിനും നന്മയ്ക്കും പുറമേ കേരകാർഷിക മേഖലയുടെ സുസ്ഥിര വികസനത്തിനും ഗ്രാമീണ ജനതയുടെ ശാക്തീകരണത്തിനും ഗണ്യമായ സംഭാവനകൾ നൽകാൻ തെങ്ങിന്റെ ഓരോ ചങ്ങാതിക്കും കഴിയുമെന്ന്‌ സുകുമാരന്റെ നേട്ടങ്ങൾ ഓർമ്മിപ്പിക്കുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...