21 Jan 2014

ഇത്തിരി കേരപുരാണം : ചിന്തിക്കാനും പോംവഴി കാണാനും



ജോസഫ്‌ ആലപ്പാട്ട്‌
ഗ്രീൻ ഗാർഡൻ, കാരാഞ്ചിറ, തൃശ്ശൂർ

പതിറ്റാണ്ടുകളുടെ കേര പെരുമയിലേക്കും കെടുതികളിലേക്കുമുള്ളൊരു തിരിഞ്ഞുനോട്ടമാണ്‌ ഈ ലേഖനം. കേരകൃഷിരംഗത്ത്‌ ഞാൻ പിച്ചവെച്ചു തുടങ്ങിയ 1976 ലാണ്‌ കേരളത്തിലാദ്യമായി ISOCARD' എന്ന പേരിലൊരു കേരസമ്മേളനം സംഘടിപ്പിക്കപ്പെടുന്നത്‌. നാളികേര ഡയറക്ടറേറ്റിന്റെ (ഇന്നത്തെ നാളികേര വികസന ബോർഡിന്റെ ആദ്യരൂപം) സാരഥികളായ ശ്രീ. തമ്പാൻ, ശ്രീ. മർക്കോസ്‌ എന്നിവരോടൊക്കെ പുരോഗമന കേരകർഷകൻ എന്ന നിലയിൽ എനിക്ക്‌ ദൃഢബന്ധം ഉണ്ടായിരുന്നു. കാസർഗോഡ്‌ കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിൽ വെച്ച്‌ സംഘടിപ്പിക്കപ്പെട്ട പ്രസ്തുത സമ്മേളനത്തിലേക്ക്‌ എനിക്കും ലഭിച്ചു ഒരു ക്ഷണക്കത്ത്‌. അന്ന്‌ നാളികേര ഡയറക്ടറേറ്റ്‌, എന്നോടും കേരകർഷക സംഘത്തിന്റെ സ്ഥാപക അമരക്കാരനായ  ശ്രീ. ടി. കെ. വർഗ്ഗീസ്‌ വൈദ്യനോടും നാളികേര ജേണലിൽ ഒരു ലേഖനമെഴുതാൻ പറഞ്ഞു. അതിന്റെ കോപ്പി ഇപ്പോഴും ബോർഡിന്റെ ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്‌.  അന്ന്‌ ഇന്നത്തേതിൽ നിന്നും വ്യത്യസ്തമായി നാളികേര കർഷകർ വലിയ പ്രതിസന്ധികളെ നേരിടാത്ത ക്ഷേമകാലമായിരുന്നു. 

നാളികേര കൃഷി കേരളത്തിലെ ജനങ്ങളുടെ ജീവനോപാധിയാണെന്നും അതിനാൽ കേരകർഷകരെ തുണയ്ക്കണമെന്നും തേങ്ങയ്ക്ക്‌ ഏറ്റക്കുറച്ചിലുകൾ ഇല്ലാതെ വർഷം മുഴുവൻ ഒരു രൂപ വിലകിട്ടണം എന്നും (അന്ന്‌ അതിലും താഴെയായിരുന്നു നാളികേരവില) അവസാനമായി അദ്ധ്യക്ഷസ്ഥാനം അലങ്കരിച്ച (1977-81) കേരവികസന കൗൺസിലിന്‌ പകരമായി സ്വയംഭരണാധികാരമുള്ള ഒരു കേരവികസനബോർഡ്‌ സ്ഥാപിക്കണമെന്നും ഞാൻ ആ ലേഖനത്തിലൂടെ ആവശ്യപ്പെട്ടു. അതിൽ ബോർഡ്‌ 1981ൽ യാഥാർത്ഥ്യമായി, മികവിന്റെ പടവുകൾ താണ്ടി ഇന്നും പ്രവർത്തിക്കുന്നു. പക്ഷേ, നാളികേരവിലയുടെ കാര്യം കയറിയും ഇറങ്ങിയും ഇന്നും ഒരു കടംകഥപോലെ തുടരുന്നു.

 അന്താരാഷ്ട്ര കേരസമ്മേളനം കാസർഗോഡ്‌ നടത്തപ്പെട്ടു. ജീവിതത്തിൽ ആദ്യമായി ഞാൻ കേരരംഗത്തെ പ്രതിനിധികളുമമായി സംവദിച്ചു. തെങ്ങിന്റെ വീര്യം പറയാൻ സായ്പന്മാരോ? എഫ്‌എഒ, യുഎൻഡിപി, എപിസിസി തുടങ്ങിയ അന്താരാഷ്ട്ര എജൻസികളും സമ്മേളനത്തിൽ പ്രാതിനിധ്യം വഹിച്ചു. അന്ന്‌ ഞാൻ ഇംഗ്ലീഷിൽ നടത്തിയ ആശംസാപ്രസംഗം ശ്രവിച്ച ഹരിതവിപ്ലവത്തിന്റെ ഉപജ്ഞാതാവ്‌ സാക്ഷാൽ ഡോ. എം. എസ്‌. സ്വാമിനാഥൻ എനിക്ക്‌ ഹസ്തദാനം നൽകിക്കൊണ്ട്‌ പറഞ്ഞു " മിസ്റ്റർ ആലപ്പാട്ട്‌, കോക്കനട്ട്‌ ഈസ്‌ യുവർ കപ്പ്‌ ഓഫ്‌ ടീ, കീപ്പ്‌ ഇറ്റ്‌ അപ്പ്‌, യു ഹാവ്‌ ദി പൊട്ടൻഷ്യൽ". കത്തുകളിലൂടെയും ഫോണിലൂടെയും അന്താരാഷ്ട്ര സമ്മേളനങ്ങളിലും മറ്റും വെച്ചുള്ള കൂടിക്കാഴ്ചകളിലൂടെയും ഇന്നും ഞങ്ങൾ ആ സൗഹൃദം തുടരുന്നു. 

അന്ന്‌ ആവശ്യപ്പെട്ട തേങ്ങ ഒന്നിന്‌ ഒരു രൂപ എന്ന വില ലഭിച്ചപ്പോൾ 100 രൂപയിൽ നിന്നിരുന്ന ഒരു ചാക്ക്‌ വളത്തിന്റെ വില 1000 രൂപയിലെത്തി. കൃഷിപ്പണിക്ക്‌ അന്ന്‌ നിലവിലുണ്ടായിരുന്ന കൂലിയായ 3 രൂപ എന്നത്‌ വർദ്ധിച്ച്‌ ഇന്ന്‌ 500 നും മേലെയായി. കർഷകത്തൊഴിലാളികളെ കിട്ടാനില്ലാത്ത അവസ്ഥ. മാട്ടിറച്ചിക്ക്‌ അന്ന്‌ 3 രൂപ ഇന്ന്‌ 300 രൂപയ്ക്കു മുകളിൽ. കീടനാശിനി, ജലസേചനം എന്നുവേണ്ട കാർഷികാനുബന്ധ മേഖലയിലെ എല്ലാ അവിഭാജ്യഘടകങ്ങൾക്കും തീവില. എല്ലാ വസ്തുക്കളുടേയും വില ഇത്തരത്തിൽ സ്ഫോടനാത്മകമായി ഉയർന്നിട്ടും നാളികേരവിലയിൽ മാത്രം ഒരു മെല്ലേപ്പോക്ക്‌. ആനുപാതികമായി വില ഉയരുന്നില്ല. അന്ന്‌ ഞാൻ വിറ്റ റബ്ബറിന്‌ 4.50 രൂപ വില ലഭിച്ച സ്ഥാനത്ത്‌ പടിപടിയായി ഉയർന്ന്‌ ഒരു ഘട്ടത്തിൽ 250 രൂപ വരെ എത്തി, ഇപ്പോഴും 150 രൂപയ്ക്ക്‌ മേൽ ലഭിക്കും. ' കടുംകൃഷി ഒരു കടംകൃഷി' എന്ന്‌ പറഞ്ഞ്‌ ഞാൻ തരിശിട്ട നെല്ല്‌ പറ ഒന്നിന്‌ അന്ന്‌ 3 രൂപ ലഭിച്ചിരുന്ന സ്ഥാനത്ത്‌ ഇന്ന്‌ 200 രൂപയോളം ലഭിക്കും കൂടാതെ സബ്സിഡികളും യന്ത്രങ്ങളും ധാരാളം പദ്ധതി സഹായങ്ങളും നെൽകൃഷിക്കാരന്‌ ലഭിക്കുന്നു. നെൽകൃഷി രംഗത്ത്‌ ഇന്നും നാം മുൻപന്തിയിൽ നിൽക്കുന്നു. എന്തുചെയ്തിട്ടും നാളികേര വില മാത്രം ഉയരാത്തത്‌ എന്താണ്‌ ? 

പണ്ട്‌ ഒരു കണക്കുണ്ട്‌. ഒരു പവൻ സ്വർണ്ണം, നൂറുപറ നെല്ല്‌, ഒരായിരം തേങ്ങ എന്നിവയ്ക്ക്‌ ഏകദേശവില സമാസമം. പൂർവ്വികരുടെ ഈ വാക്കുകേട്ടാണ്‌ ഞാൻ കേരകൃഷിരംഗത്തിറങ്ങിയത്‌. ഇന്നത്തെ ഉയർന്ന വിലയിലും എത്രയോ മുമ്പേ ആ വിലയിലെ താരതമ്യം തെറ്റി. സ്വർണ്ണവില റോക്കറ്റുപോലെ കുതിച്ചു, ഒപ്പം നെല്ലും. തേങ്ങമാത്രം ആമയും മുയലും കഥയിലെ ആമയെപ്പോലെ. കഥയിൽ ഹുങ്കു കൊണ്ട്‌ മുയൽ തോറ്റു, ആമ ജയിച്ചു. നാളികേരവിലയും അതുപോലെ കരകയറുമോ?

നാളികേരത്തിന്‌ ഇപ്പോൾ ഉണ്ടായിട്ടുള്ള വില വർദ്ധനവ്‌ ശാശ്വതമായ ഒന്നല്ല. ചിലപ്രത്യേക സാഹചരത്തിൽ ഭക്ഷ്യ എണ്ണകളുടെ ഉത്പാദനത്തിലുണ്ടായ ഇടിവാണ്‌ ഇതിന്‌ മൂലകാരണം. ഇത്‌ മാറും.  നാളികേര, വെളിച്ചെണ്ണ വിലയിൽ ഇടയ്ക്കിടെയുണ്ടാകുന്ന ഇത്തരം കുതിപ്പുകൾ കിതപ്പാകാനും, കർഷകർക്ക്‌ ഉണ്ടാകുന്ന ആശ നിരാശയാകാനും അധികകാലം വേണ്ടി വരാറില്ല. തറവില, താങ്ങുവില എന്നൊക്കെപ്പറയുന്നത്‌ പതിവ്‌ ചടങ്ങുകൾ മാത്രമാകുന്നു. അതിനാൽ സർക്കാർ അടിയന്തിരമായി നാളികേര ബോർഡിലെ വിദഗ്ദ്ധരെകൂടി ഉൾപ്പെടുത്തി  മേൽപ്പറഞ്ഞ വിദഗ്ദ്ധസമിതിയെ നിയോഗിച്ച്‌ ആഴത്തിലുള്ള പഠനം നടത്തുകയാണ്‌ വേണ്ടത്‌. ശാശ്വത പരിഹാരമാർഗ്ഗങ്ങൾ ഉരുത്തിരിയണം. നീരയുത്പാദനം, കോക്കനട്ട്‌ ബയോ ഡീസൽ തുടങ്ങിയ സംരംഭങ്ങൾ കേരകർഷകർ പ്രതീക്ഷയോടെയാണ്‌ ഉറ്റുനോക്കുന്നത്‌. വിലത്തകർച്ചയുടെ നിലയില്ലാക്കയത്തിൽ വീണുപോകാതിരിക്കാൻ ഇത്തരം ഉൽപന്നങ്ങൾ അവർക്കൊരു പിടിവള്ളിയാകട്ടെ.

മറ്റു സംസ്ഥാനങ്ങളെ കേരകൃഷിരംഗത്തിറങ്ങാൻ ഒരിക്കൽ നാം പ്രേരിപ്പിച്ചു.  ഭൂപരിധിയുടെ നിബന്ധനകളില്ലാതെ അവിടങ്ങളിലെല്ലാം തെങ്ങ്‌ തഴച്ചുവളരുന്നു. എന്നാൽ കേരത്തിന്റെ തറവാടായ കേരളത്തിൽ ഭൂപരിഷ്ക്കരണം കേരകൃഷിയെ 5 ഏക്കറിന്റെ പരിധിയിൽ ഒതുക്കി കർഷകന്റെ കേരസ്നേഹം കെടുത്തി. മാഫിയകൾ കേരപുരയിടത്തിൽ കൊട്ടാര എടുപ്പുകൾ കെട്ടി കൽപ്പവൃക്ഷത്തെ പടികടത്തി.  എല്ലാക്കാര്യങ്ങളെ സംബന്ധിച്ചും വിദഗ്ദ്ധ സമിതി വിലയിരുത്തണം. എന്നിട്ട്‌ ഒരു പുതിയ കേരനയം ഉണ്ടാവട്ടെ. ഒരു ധവളപത്രം അതാവണം സർക്കാരിന്റെ കേരനയം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...