അഡ്വ. സി. പ്രിയേഷ്കുമാർ,
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കഞ്ഞിക്കുഴി.
ഒൻപതു
മാസത്തിനുളളിൽ 379 ചങ്ങാതിമാരെ വാർത്തെടുത്ത കഞ്ഞിക്കുഴി ബ്ലോക്ക്
പഞ്ചായത്തിലെ ചങ്ങാതിക്കൂട്ടം പരിശീലനം ഏറെ സവിശേഷതകൾ നിറഞ്ഞതാണ്. 96
സി.പി.എസ്സുകൾ ഉൾപ്പെട്ട എട്ട് നാളികേര ഉൽപാദക ഫെഡറേഷനുകളുടെ സംയുക്ത
സമിതിയാണ് ഈ പരിശീലന കേന്ദ്രത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തിട്ടുളളത്.
2013 - മാർച്ച് 10 -ന് ആദ്യ ബാച്ച് പരിശീലനം ആരംഭിച്ച് ഡിസംബർ 14 -ന്
പതിനാറാമത് ബാച്ച് പരിശീലനം പൂർത്തിയാക്കുമ്പോൾ മുന്നൂറ്റി എഴുപത്തൊൻപതു
ചങ്ങാതിമാരാണ് പുറത്തിറങ്ങിയത്. ഇവരിൽ അറുപതു ശതമാനത്തിലേറെപ്പേർ
യന്ത്രമുപയോഗിച്ചു തെങ്ങിൽ കയറി വിളവെടുക്കാനും സംരക്ഷണം നടത്താനും
മുൻപന്തിയിലുണ്ട്. പരിശീലനം പൂർത്തിയാക്കുന്നവർക്കെല്ലാം നാളികേര
ബോർഡിന്റെ സഹായത്തോടെ ഓരോ തെങ്ങു കയറ്റയന്ത്രം സൗജന്യമായി നൽകും. ഒപ്പം
സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. ഇതിനു പുറമെ പരിശീലന കേന്ദ്രത്തിന്റെ
വകയായി ഫോട്ടോ പതിച്ച ഐഡന്റിറ്റികാർഡും കഴുത്തിലണിയിച്ചാണ് ചങ്ങാതിമാരെ
യാത്രയാക്കുന്നത്. പഠിച്ചിറങ്ങുന്ന ഓരോ ചങ്ങാതിയ്ക്കും ഒരു വർഷക്കാലം
നാളികേര ജേർണൽ വരിസംഖ്യയും കേന്ദ്രം നൽകും.
കഞ്ഞിക്കുഴി ചങ്ങാതിക്കൂട്ടം പരിശീലന കേന്ദ്രത്തിലേയ്ക്ക് ആലപ്പുഴ
ജില്ലയിൽ രൂപീകരിച്ചിട്ടുള്ള 96 സി.പി.എസ്സുകളിൽ നിന്നും യുവതീയുവാക്കളെ
തെരഞ്ഞെടുത്തയയ്ക്കാം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ജില്ലയ്ക്ക്
പുറത്തുനിന്നും യുവതീയുവാക്കൾ ഇവിടെ പഠിക്കാനെത്തുന്നു. മാസത്തിൽ രണ്ടു
പരിശീലനം വീതമാണ് ഇപ്പോൾ നടക്കുന്നത്. ഭൂരിഭാഗം സി.പി.എസ്സുകളും
ചങ്ങാതിമാരെ അയച്ചു പരിശീലിപ്പിച്ചിട്ടുണ്ട്. പരിശീലനം നേടി
പുറത്തിറങ്ങുന്നവർ പലരും പ്രതിദിനം ആയിരം രൂപയ്ക്കുമേൽ വരുമാനം
കണ്ടെത്തുന്നു. പത്തനംതിട്ട ജില്ലയിൽ നടപ്പാക്കുന്ന ജില്ലാ പഞ്ചായത്ത്
സമഗ്ര തെങ്ങുകൃഷി സംരക്ഷണ പദ്ധതിയുടെ ഭാഗമായി ഇപ്പോഴും അവിടെ താമസിച്ചു
ജോലി ചെയ്യുന്നവർ പലരും ഈ പരിശീലന കേന്ദ്രത്തിന്റെ സംഭാവനയാണ്. കൊച്ചി,
ആലപ്പുഴ നഗരങ്ങളിൽപ്പോയി വീടുകൾക്കും കെട്ടിടങ്ങൾക്കും പറ്റെയുളള ഒന്നും
രണ്ടും തെങ്ങുകളിൽ നിന്ന് നാളികേരം വീഴ്ത്തിയും സംരക്ഷണ പരിപാടികൾ
ഏറ്റെടുത്ത് നടത്തിയും നല്ല പ്രതിഫലം നേടുന്ന ചങ്ങാതിമാരുമുണ്ട്.
കഞ്ഞിക്കുഴി ചങ്ങാതിക്കൂട്ടം പരിശീലന കേന്ദ്രത്തിലെത്തുന്ന യുവാക്കളെ
ഏറ്റവുമാദ്യം ആകർഷിക്കുന്നത് ഓരോ ബാച്ചും നടത്തുന്ന ഉദ്ഘാടന ചടങ്ങാണ്.
പതിനാറു ബാച്ചുകളും പതിനാറ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചു. അരമണിക്കൂറിൽ
ഒതുങ്ങി നിൽക്കുന്നതാണ് ഉദ്ഘാടന ചടങ്ങ്. നിയമസഭാ സാമാജികന്മാരായ ഡോ. ടി.
തോമസ് ഐസക്, ശ്രീ. പി. തിലോത്തമൻ, ശ്രീ. സി. കെ. സദാശിവൻ, അഡ്വ. എ. എം.
ആരിഫ് എന്നിവർ ഓരോ ബാച്ചിന്റെയും ഉദ്ഘാടനം നിർവ്വഹിച്ചു. എല്ലാവരും
ചങ്ങാതിക്കൂട്ടം പരിശീലനത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് യന്ത്രം
ഉപയോഗിച്ച് മൂന്നും നാലും സ്റ്റെപ്പുകൾ മുകളിൽ കയറിയാണ് ഉദ്ഘാടന കർമ്മം
നടത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പ്രതിഭാഹരി, ജില്ലാ
പഞ്ചായത്തംഗങ്ങളായ ശ്രീ. സിദ്ധാർത്ഥൻ, ശ്രീമതി. പി. പി. സംഗീത, ശ്രീ. മനു
സി. പുളിക്കൻ, കയർ കോർപ്പറേഷൻ ചെയർമാൻ ശ്രീ. കെ. ആർ. രാജേന്ദ്ര പ്രസാദ്,
ചേർത്തല നഗരസഭാ ചെയർ പേഴ്സൺ ജയലക്ഷ്മി അനിൽകുമാർ, തഹസീൽദാർ രാജീവ്,
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അശോക് കുമാർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ
ശ്രീമതി. ബീനാ നടേശ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ശ്രീ. ജി. വേണു
ഗോപാൽ, ശ്രീ. ആർ. നാസർ, ശ്രീമതി. ജലജാ ചന്ദ്രൻ, ശ്രീമതി. ടി. മണിക്കുട്ടി
തുടങ്ങിയവരും ചങ്ങാതിമാർക്ക് ആവേശം പകർന്ന് തെങ്ങിൽ കയറി പരിശീലനത്തിന്റെ
ഉദ്ഘാടനം നിർവ്വഹിച്ചു.
ആറു ദിവസമാണ് പരിശീലനം. ക്ലാസെടുക്കുന്നതിനു വിദഗ്ദരുടെ ഒരു പാനൽ തന്നെ
നിശ്ചയിച്ചിട്ടുണ്ട്. റിട്ട: കൃഷി ഡെപ്യൂട്ടി ഡയറക്ടർ ശ്രീ. കെ. വി.
സെബാസ്റ്റ്യൻ, റിട്ട: കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീ. പി. ജെ. ജോസഫ്,
റിട്ട: കൃഷി ഓഫീസർമാരായ ശ്രീ. ടി. എസ്. വിശ്വൻ, ശ്രീ. കെ. പി. അശോകൻ, കൃഷി
ഓഫീസർമാരായ ശ്രീ. എൻ. ജി. വ്യാസ്, ശ്രീമതി. ജി. വി. രജി എന്നിവരാണ്
സാങ്കേതിക വിഷയങ്ങൾ അവതരിപ്പിച്ച് ക്ലാസ്സുകളെടുക്കുന്നത്. സമ്പാദ്യശീലം,
ആശയ വിനിമയം, വ്യക്തി വികാസം, സാമൂഹ്യ സുരക്ഷ, മനശ്ശാസ്ത്രം, പ്രഥമ
ശുശ്രൂഷ തുടങ്ങിയ വിഷയങ്ങൾ മാരി മാർക്കറ്റിംഗ് കമ്പനി സി ഇ ഒ ഡോ. സി. കെ.
മാണി, കമ്പനി എം. ഡി. ശ്രീ. എൻ. കെ. പ്രകാശൻ, അഡ്വ. ഡി. പ്രയേഷ് കുമാർ,
എസ്സ്. എൻ. കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. മാത്യു, ശശിധരൻ നായർ,
സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ സദാനന്ദൻ എന്നിവരും ഫാക്കൽറ്റിയായി
പ്രവർത്തിക്കുന്നു.
നാളികേര ബോർഡിന്റെ സഹായത്തോടെ പരിശീലനം നേടിയിട്ടുളള ശ്രീ. എം. ജി. പ്രജിത്കുമാർ, ശ്രീ. പൊന്നപ്പൻ എന്നിവരാണ് മാസ്റ്റർ ട്രെയിനർമാർ.
പരിശീലനത്തിന്റെ
ഭാഗമായി അഞ്ചാം ദിവസം ഉച്ചയ്ക്കുശേഷം ചങ്ങാതിക്കൂട്ടത്തിന്റെ പഠന
സന്ദർശനമാണ്. ഏതെങ്കിലും സി. പി. എസ്സുകളുടേയോ സി. പി. എഫുകളുടേയോ ക്ഷണ
പ്രകാരം ഒരു വിശാലമായ തെങ്ങിൻ പുരയിടത്തിലാണ് ചങ്ങാതിക്കൂട്ടം
സന്ദർശനത്തിനെത്തുന്നത്. ഓരോ ചങ്ങാതിയും യന്ത്രമുപയോഗിച്ച് ഒന്നോ രണ്ടോ
തെങ്ങിൽ കയറി, ക്രൗൺ ക്ലീനിംഗ് നടത്തുക, കീടരോഗ ബാധകൾ പരിശോധിക്കൽ,
കരിക്ക്, പാകമായ നാളികേരം തുടങ്ങിയവ തിരിച്ചറിയൽ എന്നിവയാണ് പഠന സംഘം
ചെയ്യേണ്ടത്.
ഉത്പാദക സംഘം ഭാരവാഹികളും കർഷകരുമെല്ലാം ചങ്ങാതിക്കൂട്ടത്തിന്റെ
പ്രവർത്തനങ്ങളെ വിലയിരുത്താനുണ്ടാകും. അമ്പതടി അറുപതടി ഉയരമുളള തെങ്ങിൽ വരെ
അനായാസേന കയറുന്ന യുവതീ യുവാക്കളെ അത്ഭുതത്തോടെ വീക്ഷിക്കുന്നവരും
പ്രോത്സാഹിപ്പിക്കുന്നവരുമുണ്ട് . തെങ്ങുകയറ്റം കണ്ടു നിൽക്കുന്ന
കാഴ്ചക്കാരിൽ നിന്നു തന്നെ അടുത്ത ബാച്ചിലെ ചങ്ങാതിക്കൂട്ടം പരിശീലനത്തിൽ
പങ്കെടുക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നവരുമുണ്ട്.
സമാപന ദിവസം ഏറ്റവും തിരക്കുളള ദിവസമായിരിക്കും. പരിശീലന
കേന്ദ്രത്തിന് രാവിലെ 9 മണിക്കു തന്നെ കോക്കനട്ട് ഒളിംപിക്സ് തുടങ്ങും.
യന്ത്ര സഹായത്താൽ ഏറ്റവും വേഗതയിൽ തെങ്ങിൽ കയറുന്ന ചങ്ങാതിയെ കണ്ടെത്താനും
അയാൾക്ക് പ്രോത്സാഹന സമ്മാനം നൽകാനുമാണ് ഈ 'ഒളിംപിക്സ്'
സംഘടിപ്പിച്ചിട്ടുളളത്. 5 മിനിട്ടുകൊണ്ട് 80 അടി ഉയരത്തിൽ കയറി ഇറങ്ങിയ
ചങ്ങാതിയാണ് പതിനാറു ബാച്ചുകളിൽ വച്ച് റെക്കോർഡ് ഭേദിച്ചതു. 20 അടി വീതം
നാലു തെങ്ങുകളിലാണ് ഈ ഉയരം നിശ്ചയിച്ചിട്ടുളളത്. ഒന്നും രണ്ടും മൂന്നും
സ്ഥാനങ്ങൾ തെരെഞ്ഞെടുത്ത് 500, 300, 200 രൂപ വീതം ചങ്ങാതിമാർക്കു നൽകും.
ഒളിംപിക്സിനു ശേഷം എഴുത്തുപരീക്ഷയാണ്. പത്തിൽ പത്തുമാർക്കും നേടിയ
ചങ്ങാതിമാരും ചില ബാച്ചുകളിലുണ്ടായിരുന്നു. പരീക്ഷ കഴിയുമ്പോൾ വർഷങ്ങൾക്കു
മുമ്പ് സ്കൂളിൽ പഠിച്ച അനുഭവമാണ് തങ്ങൾക്കിപ്പോൾ ഉണ്ടാകുന്നതെന്ന്
ചങ്ങാതിമാർ പറയും.
സമാപന ചടങ്ങിലും ഒരു മുഖ്യാതിഥിയെ കണ്ടെത്താറുണ്ട്. ചങ്ങാതിക്കൂട്ടം
പരിശീലനത്തെക്കുറിച്ച് തങ്ങൾക്കുളള അഭിപ്രായങ്ങൾ രേഖപ്പെടുത്താനാണ് ഓരോ
ചങ്ങാതിയേയും ക്ഷണിക്കുക. പലരും വേർപാടിന്റെ വേദന കലർന്ന സ്വരത്തിൽ
സംസാരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. പരിശീലനത്തിന് എന്തെങ്കിലും
പോരായ്മകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാനും അവസരം കൊടുക്കും. ഒടുവിൽ
ഐഡന്റിറ്റി ബാഡ്ജ് ഓരോ ചങ്ങാതിയുടെയും കഴുത്തിലണിയിക്കും.
സർട്ടിഫിക്കറ്റും സൗജന്യമായി തെങ്ങുകയറ്റ യന്ത്രവും നൽകും. ബാച്ചിൽ
പങ്കെടുത്ത മുഴുവൻ ചങ്ങാതിമാരുടെയും മേൽവിലാസവും ഫോൺ നമ്പറുമടങ്ങുന്ന
ലിസ്റ്റും ഓരോരുത്തർക്കും നൽകുന്നു. പരിശീലന മാരംഭിക്കുന്ന ദിവസം തന്നെ
ഇൻഷ്വറൻസ് ഫോറം പൂരിപ്പിച്ചു വാങ്ങുന്നതിനാൽ ആ ദിവസം മുതലുളള പരിരക്ഷയും
ഉറപ്പാണ്.
നാടിന്റെ നട്ടെല്ലായ നാളികേര കൃഷിയെ രക്ഷിക്കാൻ നാളികേര ബോർഡിനോടൊപ്പം
കഞ്ഞിക്കുഴി ബ്ലോക്കു പഞ്ചായത്തും അതിനുകീഴിൽ രൂപം കൊണ്ടിട്ടുളള നാളികേര
ഉത്പാദക സംഘങ്ങളും ഫെഡറേഷനുകളും അതിനുമുകളിൽ രൂപം കൊണ്ട കറപ്പുറം നാളികേര
ഉത്പാദക കമ്പനിയും സന്നദ്ധമായിക്കഴിഞ്ഞു. തെങ്ങിന്റെ വിളവെടുപ്പും
സംരക്ഷണവും ഉൾപ്പെടെ കേരകർഷകരുടെ പ്രശ്നങ്ങൾ ഓരോന്നായി പരിഹരിക്കാനുളള
പരിശ്രമത്തിന്റെ ഭാഗമാണ് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിലെ
ചങ്ങാതിക്കൂട്ടം പരിശീലനം.