അവസ്ഥാന്തരം

രാധാമണി പരമേശ്വരൻ
എവിടെയോ പോയ്‌മറഞ്ഞെന്‍റെയാ- 
ബാല്യവും കൌമാരവും പിന്നേയും പിറവി കൊതിക്കുമൊരു പൈതലായ് ചിന്തയില്‍ കനംവെച്ച ഭൂതകാലം
ഓര്‍ത്തെടുക്കാനെത്ര ദശാന്തരം ഒളിചിന്നി മിന്നീ മരിക്കാത്തോര്‍മ്മകള്‍
ഭൂതകാലങ്ങളയവിറക്കി നില്പ്പൂ
കോള്‍മയിര്‍ക്കൊള്ളുമീ നാലുകെട്ടില്‍
ഞാനെന്‍റെ ബാല്യം മറന്നുവെച്ച
തേനൂറും ഓര്‍മ്മകള്‍ പങ്കിടട്ടെ

കോരികുടിച്ചൂ ബാല്യലീലാമൃതം
പാറ്റിക്കൊഴിച്ചൂ കുഞ്ഞിക്കുറുമ്പുകള്‍
പൊന്നോണനാളിലെ അത്തക്കളങ്ങളില്‍
പൂത്തുമ്പിയായി പാറിപ്പറന്ന നാള്‍
കാതില്‍ കുണുക്കിട്ട് കാലില്‍ ചിലമ്പിട്ട്
കാറ്റത്തു തുള്ളുന്ന കാനനമുല്ലയായ്
കോരിനിറച്ചെന്‍റെ മാനസപ്പൊയ്കയില്‍
താമര പൂത്ത തടാകഹൃദന്തങ്ങള്‍

പിന്നെയും കണ്‍നട്ടു കാത്തിരിപ്പൂ
കാണാന്‍ കൊതിക്കുന്ന പിന്നാമ്പുറം
ഓര്‍മ്മയില്‍ തെളിയുന്നൊരു ഭൂതകാലം
ഓര്‍ക്കാന്‍ കൊതിക്കുന്നൊരു ഭൂതകാലം
മടങ്ങിയെത്താത്തൊരു ഭൂതകാലം
മരണമില്ലാത്തൊരു ഭൂതകാലം

അമ്മയില്ലാ കൌമാരം വിസ്മരിക്കേ
അച്ഛന്‍റെ ചുംബനം കവിളിലുണ്ട്
തൊട്ടുതലോടുമാ സ്നേഹത്തുടിപ്പുകള്‍
ഒമാനിക്കാനെനിക്കേറെയിഷ്ടം
പുനരാഗമിക്കുന്നു മണിപ്പുരാണങ്ങള്‍
പുണരുന്നു സുരഭിലസുരാoഗിയായ്
യൌവനാംഗങ്ങളില്‍ തങ്കസൂര്യപ്രഭ
അഴകാര്‍ന്നു ചാരുമനോഹരിയായ്
മംഗല്യപ്പൊട്ടും താലിയും മോദമായ്
ഭര്‍ത്തൃപാദങ്ങളില്‍ തൊട്ടുനമിച്ചതും
ആദ്യവസന്തം പിറന്നമ്മയായതും
സ്വപ്നസാഫല്യമായ് പൂത്തുലഞ്ഞീടിലും

പുരാവൃത്തം പുതിയ പ്രഭാസനം
പുനര്‍ ജനിക്കുന്നു പുതിയ പ്രാബോധനം
കാലം തേങ്ങലായ് കാതിലോതി പിന്നെ
കണ്ടുതീരാത്ത കഥാവിഷ്‌ക്കാരങ്ങlള്‍

പേടിപ്പെടുത്തു൦ വന്‍കാവു മുന്‍പില്‍
പേക്കോലമായ് പടുവൃഷങ്ങളും
ഹോമവും പൂജയുമാര്‍ക്കുവേണ്ടി
കരയാനാകാത്ത കല്‍വിളക്കേ,
ആയില്യംകാവിലെ ആശാലതാദികള്‍
പാമ്പായ് ശിലയില്‍ ചുറ്റിക്കിടക്കുന്നു
മഞ്ഞളു തൂകിയ നഗരാജാവിനെ
പൂക്കുലപോലെ പൊതിയുന്നു വല്മീകം
കാവു തീണ്ടും കരിമഷികോലങ്ങള്‍
കാറ്റത്തു കാലം തൂത്തെറിഞ്ഞു
എരിഞ്ഞുത്തീരുന്ന നഷ്ടബോധം
എന്തിനോവേണ്ടി പരതുന്നു പിന്നെയും
മരവിച്ചുപോയൊരുമനസ്സിനുള്ളില്‍
മതിവരാതാടുന്നു മോഹങ്ങളും
ആര്‍ദ്രമാം കണ്ണിന്‍റെ കാഴ്ച മങ്ങി
ആകെ കറുപ്പായ് അന്തരംഗം
വെള്ളിമുടി മേഞ്ഞ ശിരസ്സിനുള്ളില്‍
ഉള്‍ത്തുടിപ്പാര്‍ന്ന മര്‍മ്മരങ്ങള്‍
ഒടിഞ്ഞുത്തൂങ്ങിയ ചില്ലപോലെ
ഇളകിയാടുന്നു ദന്തങ്ങളും
പല്ലിളിച്ചിഴയുന്ന ഏകാന്തത
പകരുന്നു നനവാര്‍ന്ന സാന്ത്വനങ്ങള്‍

സൗഹൃദം ഇന്നലെ വേദാന്തമായ്
കര്‍മ്മപഥത്തിന്‍റെ ഉള്‍ക്കാഴ്ചയില്‍
അവഹേളനങ്ങളാല്‍ അഭിഷേകമാടി
അരങ്ങൊഴിയാന്‍ ദിവസങ്ങളെണ്ണി

വൈധവ്യ ദു:ഖാഗ്നി പടര്‍ന്നെരിഞ്ഞു
സന്താനമെല്ലാം വഴിപിരിഞ്ഞു
രക്തബന്ധത്തിന്‍റെ നിസ്വനങ്ങള്‍
പിടിമുറുക്കുന്നൊരുപ്രേതമായ്
കാണാത്ത സ്വപ്നങ്ങളുരുക്കഴിച്ചു
അടച്ചു വെച്ചൂ ശോകച്ചെപ്പിനുള്ളില്‍
വിങ്ങിപ്പൊട്ടിയ നൊമ്പരങ്ങള്‍
മുരടിച്ചു, കൂട്ടിനു രോഗമായ്
ഖിന്നയാം ഞാനിന്നശരണയായ്
വാര്‍ദ്ധക്യവിവശയായ് വിറച്ചിരിപ്പൂ
ജീവന്‍റെ സാന്ത്വനച്ചായാതലങ്ങളില്‍
തേടുന്നു മറ്റൊരു ശരണാലയം

കരയ്ക്കടുക്കാത്തൊരു വഞ്ചിപോലെ
പതഞ്ഞൊഴുകീ സങ്കടകടലിനുള്ളില്‍
ആടിയുലഞ്ഞ് തിരകള്‍ വകഞ്ഞു
ജീവിത നൗകയില്‍ ഏകാകിയായ്

ഇവടെ കുറിക്കുന്നെന്‍ അന്ത്യപത്രം
ഇളകാത്ത ശിലാലിഖിതംപോലെ
മൃദുവായ് മൃത്യു പൂകിടും നാളില്‍
ഈ മിഴി രണ്ടും പകര്‍ന്നെടുത്തുകൊള്ളൂ
ആത്മാവ് വിടചൊല്ലി പടിയിറങ്ങുമ്പോള്‍
കരയാതെ,
കീറിമുറിച്ചു പ
ഠിച്ചുകൊള്ളൂ

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ