സൗന്ദര്യനിർമ്മാണത്തിൽ അവ്യവസ്ഥാപിതമായ ചില ചിന്തകൾഎം.കെ.ഹരികുമാർ 
എഴുത്തുകാരൻ സൃഷ്ടിക്കേണ്ടത്‌ അപരിചിത ലോകമാണ്‌. നാം കണ്ടുപരിചയിച്ച ജീവിതം വീണ്ടും എഴുതിക്കാണിക്കേണ്ടതില്ല. അത്‌ പത്രങ്ങളിൽ റിപ്പോർട്ട്‌ ആയി വന്നാലും മതി. അല്ലെങ്കിൽ ആധാരം എഴുതിയാൽ മതി. പ്രമാണം രജിസ്റ്റർ ചെയ്യുന്ന കാര്യം സ്ഥൂലമായി വിവരിച്ചിട്ട്‌ എന്ത്‌ കാര്യം? ഒരു നിയോജക മണ്ഡലത്തിൽ വോട്ട്‌ ചെയ്ത്‌ വിജയിപ്പിക്കുന്നതല്ല സൗന്ദര്യം. ഭൂരിപക്ഷം പേർ ചേർന്ന്‌ നിശ്ചയിച്ചാൽ അത്‌ ഉണ്ടാകുകയില്ല. ധാരാളം പേർ ഒരുപോലെ ചിന്തിക്കുന്നതാണ്‌ സൗന്ദര്യമെങ്കിൽ, അത്‌ സാമ്പ്രദായികവും വിരസവുമായിരിക്കും. അതിന്‌ സവിശേഷത ഉണ്ടായിരിക്കില്ല.
കലയുടെ കുത്തകയല്ല, ഈ അസാധാരണ ലാവണ്യം. അത്‌ ജീവിതത്തിനുള്ളിൽ എവിടെയോ സംഭൃതമായിരുപ്പുണ്ട്‌. പുറംനോട്ടങ്ങളിൽ അത്‌ വ്യക്തമാവണമെന്നില്ല. ഒരു നോട്ടത്തിൽ തന്നെ അനേകം നോട്ടങ്ങളുണ്ട്‌ എന്ന അറിവ്‌ ഏത്‌ വ്യവസ്ഥയെയും കശക്കിയെറിയും . ഒരേയൊരു നോട്ടം കൊണ്ട്‌ എല്ലാം നേരെയാവും എന്ന്‌ ധരിച്ചുവച്ചിട്ടുള്ള ശുദ്ധാത്മക്കളാണ്‌, ഇപ്പോൾ ഓർമ്മകളെഴുതിക്കൊണ്ടിരിക്കുന്നത്‌. ഓർമ്മകൾ ശരിയാണെന്ന്‌ കരുതുന്നുണ്ടെങ്കിൽ, ഇത്രയും കൂടി അറിയുക, അവ തെറ്റുകളുടെ കൂമ്പാരവുമാണ്‌. ഒരു പഴയ സംഭവത്തെ നമ്മൾ എങ്ങനെയാണ്‌ ഓർക്കുന്നത്‌? ഒന്നുകിൽ, അത്‌ നമ്മെ കേന്ദ്രീകരിച്ചുള്ളതായിരിക്കും. അല്ലെങ്കിൽ നാം നേരിട്ട്‌ കണ്ടതായിരിക്കാം; അനുഭവിച്ചതാകാം. അതുകൊണ്ടുതന്നെ അത്‌ നമ്മുടെ മാത്രം കാഴ്ചയാണ്‌. അതിൽ പല നോട്ടങ്ങൾ ഉണ്ടാകുകയില്ല. ഓർമ്മകളുടെ ധാർമ്മികത അഥവാ നൈതികത എന്നത്‌ ഓർക്കുന്നയാളിന്റെ ഏകപക്ഷീയമായ, കേന്ദ്രീകൃതമായ സംസ്കാരത്തെ ആശ്രയിച്ചാണ്‌ രൂപപ്പെടുന്നത്‌. നമ്മുടെ പ്രണയം, ദാരിദ്ര്യം, അപമാനം എല്ലാം ഓർമ്മകളായി വ്യവസ്ഥാപിതമാകുന്നവർ വലിയൊരു തെറ്റാണ്‌ ചെയ്യുന്നത്‌, അവർ ആ ഓർമ്മകളെ അരനിർമ്മിച്ച്‌ പരിശോധിക്കാതെ, കണ്ടപടി വിശ്വസിക്കുകയാണ്‌. എന്നാൽ നമ്മുടെ പ്രണയം വ്യാജമായിരുന്നോ എന്ന്‌ മനസിലാക്കാൻ സ്വയം അപഗ്രഥനം വേണ്ടിവരില്ലേ? നമ്മളോടുള്ള പ്രണയത്തിന്റെ നാനാർത്ഥങ്ങൾ, കേവലം വസ്തുവിവരണം കൊണ്ട്‌ സാധ്യമാകുകയില്ല. പലതലങ്ങളിൽ ഹരിച്ചും ഗുണിച്ചും കാത്തിരുന്നു തീരുമാനിക്കേണ്ടതാണത്‌. എല്ലാം ഇന്നത്തെ ഓർമ്മയെഴുതുന്നതുപോലെ ഉപരിതലസ്പർശിയും ലഘുവുമാണെങ്കിൽ ജീവിതം എത്ര ലളിതമാകുമായിരുന്നു. ജീവിതം ഓർമ്മകളിൽ ഒതുങ്ങുന്നതല്ല. ഓർമ്മകളിലെ വ്യാജസ്വഭാവം അംഗീകരിക്കുകയാണെങ്കിൽ, പിന്നെ ചിന്തയും മനനവുമാണ്‌ നമ്മെ സഹായിക്കാനുണ്ടാവുക. ആന്തരികമായ പൊരുളുകളിലേക്ക്‌ സദാ കാതുകൂർപ്പിച്ചുകൊണ്ടുമാത്രമേ ഭൂതകാലത്തെപ്പറ്റി എഴുതാനോക്കു.
ഭൂതകാലം കണ്ടുപിടിക്കേണ്ടതാണ്‌, അത്‌ നമ്മുടെ മാറാപ്പിൽ ഭദ്രമാണെന്ന ചിന്ത ഇന്ന്‌ പ്രബലമായിട്ടുണ്ടെങ്കിൽ, അത്‌ ആയാസരഹിതമായ നമ്മുടെ ആലോചനകളുടെ ചര്യയിൽ വന്നുപെട്ട അമിതാഹാരപ്രിയത്തിന്റെ പ്രതിഫലമാണ്‌. ധാർഷ്ട്യവും ഓർമ്മക്കുറവും അമിതാഹാരവുമാണ്‌ മലയാള സാഹിത്യത്തെ വഴിതെറ്റിച്ചിരിക്കുന്നത്‌. എല്ലാവരും സുന്ദരിയാണെന്ന പറഞ്ഞുകൊണ്ട്‌ സൗന്ദര്യമുണ്ടാവുകയില്ല. ധാർഷ്ട്യവും സ്മൃതിരാഹിത്യവും ബാധിച്ചവൾക്ക്‌ പ്രണയിക്കാൻ കഴിയില്ല. പ്രണയത്തിനു വേണ്ടത്‌ ഓർമ്മകളുടെ ബഹുസഹസ്രകരങ്ങളാണ്‌; പരമമായ വിനയവും ത്യാഗവുമാണ്‌ ഒരാളെ പ്രണയത്തിലേക്കുയർത്തുന്നത്‌. ഇതൊന്നുമില്ലാത്തവർ ധാർഷ്ട്യത്തിൽ ചെന്നുചാടും. ഈ അവസ്ഥയിലാണ്‌ മലയാള സാഹിത്യം. ഓർമ്മയെഴുത്തുകാർ പ്രത്യേകിച്ചും.
നിലവിൽ എല്ലാവരും വാഴ്ത്തുന്ന സൗന്ദര്യത്തെ പിന്നീട്‌ ഒരാൾ അവതരിപ്പിക്കേണ്ടതില്ല. രണ്ടാമത്‌ സൃഷ്ടിക്കുന്നത്‌ സൗന്ദര്യമല്ല; ഫോട്ടോകോപ്പിയാണ്‌. നമ്മുടെ സാഹിത്യത്തിൽ പ്രബലമായ ഒരു സൗന്ദര്യനിർമ്മാണശാഖ ഇപ്പോഴും ഫോട്ടോകോപ്പിയിൽ വിശ്വസിക്കുന്നു. അവർക്ക്‌ പുതിയതൊന്നും വേണ്ട. പഴയതെല്ലാം, അവർ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. ചില ഗ്രന്ഥങ്ങൾ പൊക്കികാണിച്ച്‌ അവർ കുട്ടികളെ പേടിപ്പിച്ചിരുത്തുകയാണ്‌. നമ്മൾ സൗന്ദര്യ നിർമ്മാണത്തിൽ സത്യസന്ധരായാൽമതി; ഒരു ആചാര്യനെയും വകവയ്ക്കേണ്ടതില്ല. എഴുത്തുകാരൻ സ്വയം കണ്ടുപിടിക്കേണ്ടതാണ്‌ സൗന്ദര്യം. അതാകട്ടെ, വളരെ വ്യക്തിപരമായ മാർഗ്ഗത്തിലൂടെ വളർന്ന്‌ സർവ്വലോകങ്ങളെയും ആശ്ലേഷിക്കുന്നതുമാകണം.
എഴുത്തുകാരൻ, ഈയവസ്ഥയിൽ ഒരു പരിവ്രാജകനെപ്പോലെയാണ്‌. അതായത്‌, ഭാഷയിൽ പരിത്യാഗം എന്ന ആശയം വികസിപ്പിക്കണം. എല്ലാം വാരിവലിച്ച്‌ ഭക്ഷിക്കുന്നവനും എല്ലാം കാമങ്ങളിലും മുഴുകുന്നവനും മോചനമില്ല. അവന്‌ ഏകാഗ്രത കിട്ടുകയില്ല. വളരെകാര്യങ്ങൾ ത്യജിച്ച ശേഷം, സ്വന്തം ക്ഷീരപഥം കണ്ടെത്തുകയാണ്‌. അസ്തിത്വത്തെ എന്നപോലെ സ്വന്തം പരിത്യാഗത്തെയും Invent ചെയ്യണം. ഭാഷയെ പൂർണമായി സ്വീകരിക്കുകയല്ല; ആവശ്യമുള്ളതുമാത്രം സ്വീകരിക്കുക എന്നതാണ്‌ പ്രധാനം. സ്ഥിരമായി ഉപയോഗിക്കുന്ന ശൈലി, ഒരാളുടെ സർഗാത്മകമായ വേറിടലിനെ തൃപ്തിപ്പെടുത്തണമെന്നില്ല. ചിന്തയാണ്‌ വ്യക്തിയെ നിർണ്ണയിക്കുന്നത്‌. തത്ത്വമസി എന്ന ഭാഷയുണ്ടാകുന്നത്‌, ആ രീതിയിലുള്ള ഒരു ചിന്തയുണ്ടാകുമ്പോഴാണ്‌. മനസിലെ ആലോചനയ്ക്ക്‌ അനുസരിച്ചാണ്‌ ഭാഷ രൂപപ്പെടുന്നത്‌. ഏറ്റവും അസാധാരണമായ ചിന്തയുണ്ടാകുമ്പോൾ, ചിരപരിചിതമായ ഭാഷയിൽ അത്‌ പകരാൻ പറ്റാതെ വരും. Behind every exquisite thing that existed, there was something tragic  എന്ന്‌ ഓസ്കാർ വൈൽഡ്‌ എഴുതുമ്പോൾ, ചിന്തയാണ്‌ ആ ഭാഷയെ രൂപീകരിക്കുന്നത്‌. 
അതായത്‌, ഭാഷയ്ക്ക്‌ പിറകിൽ ഒരു പ്രപഞ്ച വീക്ഷണമുണ്ട്‌. അതിന്റയർത്ഥം, ഒരു യുക്തിയും അടുക്കും ഉണ്ടെന്നാണ്‌. 
മദാലസമായ, മാംസളമായ വാക്കുകൾ പ്രലോഭിപ്പിക്കും. എന്നാൽ അതിൽ വീഴാതെ, മറ്റൊരു ഒഴുക്ക്‌ കണ്ടുപിടിക്കുക തന്നെ വേണം. അതേസമയം, വായനക്കാരനിൽ നിന്ന്‌ അകളാണും പാടില്ല. തന്റെ ആത്മീയമായ നിരാഹാരം വ്യക്തമാക്കാൻ എഴുത്തുകാരന്‌ ഭാഷയല്ലാതെ മറ്റൊന്നുമില്ല. ഇക്കാര്യത്തിൽ കുറച്ചുവാക്കുകൾകൊണ്ട്‌ തൃപ്തിപ്പെടാനുള്ള മനസ്സാണ്‌ ഉണ്ടാകേണ്ടത്‌. അല്ലെങ്കിൽ, വാക്കുകളെ ഉപയോഗിക്കുമ്പോൾതന്നെ അപൂർവ്വമായ, അപാരമായ സംയോജനങ്ങൾക്ക്‌ അവസരമൊരുക്കണം. 
സൗന്ദര്യം, വളരെ രഹസ്യാത്മകവും തത്ത്വസാരവുമായി നിലകൊള്ളുകയാണ്‌. അത്‌ പുറമേ കാണാനേയില്ല, എന്നാൽ അത്‌ നിലനിൽക്കുക തന്നെ ചെയ്യുന്നു. അതിനായി ഭാഷ തിരഞ്ഞെടുക്കുമ്പോൾ, വോട്ടർമാരുടെ, മാധ്യമങ്ങളുടെ സമീപനം പാടില്ല. വളരെ നിസ്വാർത്ഥമായ, പരിത്യാഗപൂർണമായ ഒഴിഞ്ഞുമാറി നടപ്പ്‌ അനിവാര്യമായിത്തീരുന്നു.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ