Skip to main content

ഇളനീർ : കൺമുന്നിലെ കനി, കാണാതെ പോകുന്ന നിധി

ദീപ്തി നായർ.എസ്‌
മാർക്കറ്റിംങ്ങ്‌ ഓഫീസർ, നാളികേര വികസന ബോർഡ്‌, കൊച്ചി -11

ഉഷ്ണമാപിനികളിലെ താപനില ഉയരുന്നു. അന്തരീക്ഷത്തിൽ ചൂടു കൂടിവരികയാണ്‌.  അതിന്‌ അന്തരീക്ഷതാപനമെന്നും ഓസോണിലെ വിള്ളലെന്നും ഒക്കെ പേരിട്ടു വിളിക്കുന്നു. അതിൽ നിന്നു മോചനം തേടി ശരീരത്തിന്‌ ഉന്മേഷം നൽകുന്ന ശീതള പാനീയങ്ങൾ അന്വേഷിക്കുകയാണ്‌ മനുഷ്യർ. വേനലിന്റെ ഈ കാഠിന്യത്തെ ചെറുക്കാൻ നമുക്ക്‌ ഇളനീരുള്ളപ്പോൾ  മറ്റ്‌ എന്താണ്‌ വേണ്ടത്‌. കരിക്കിന്റെയും തേങ്ങയുടെയും വെള്ളം എല്ലാ പ്രായക്കാർക്കും  ഒരു പോലെ പ്രിയമുള്ള ദാഹശമനിയാണ്‌. കാലങ്ങളായി ഇതു രണ്ടിന്റെയും പോഷകമൂല്യവും ഔഷധ മൂല്യവും  ചോദ്യം ചെയ്യപ്പെടാനാവാതെ തുടരുകയുമാണ്‌. എല്ലാ ചികിത്സാ ശാഖകളിലും ഇത്‌ നിർലോഭം ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു.

നാളികേരം നമ്മുടെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും അംശമാണ്‌. എന്നിട്ടും ആരോഗ്യ പാനീയം എന്ന നിലയിലുള്ള അതിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ നമുക്കു സാധിക്കുന്നില്ല. പ്രമുഖ നഗരങ്ങളിലെല്ലാം വേനലിൽ താത്കാലിക ദാഹശമനത്തിനുള്ള ഉപാധി എന്നതിലുപരി അതിനു മാന്യതയോ പ്രാധാന്യമോ നാം നൽകാറുമില്ല. പലപ്പോഴും അതിനെ അവഗണിച്ച്‌ കൃത്രിമ പാനീയങ്ങളുടെ പിന്നാലെ നാം പോകാറുമുണ്ട്‌ എന്നത്‌ മറ്റൊരു സത്യം. ചുറ്റും നോക്കുമ്പോൾ എത്രയോ രാജ്യങ്ങൾ കരിക്കിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിൽ  വൻ മുന്നേറ്റം നടത്തി കഴിഞ്ഞു.  ഇന്ത്യക്കാരായ നാം ഇപ്പോഴും വളരെ പിന്നിലാണ്‌. നാളികേരത്തിന്റെ വിലയിൽ വർഷാവർഷം ഉണ്ടാവുന്ന ഏറ്റക്കുറിച്ചിലുകൾ കർഷകന്റെ നടുവൊടിക്കുന്നു എന്ന്‌ നാം പരിതപിക്കുമ്പോൾ ഇളനീരിന്‌ എല്ലാക്കാലത്തും നാളികേരത്തിന്‌ ലഭിക്കുന്നതിന്റെ ഇരട്ടിയോളം വില ഉണ്ടെന്നത്‌ മറ്റൊരു പരമാർത്ഥം. 6 മുതൽ 7 മാസം വരെയുള്ള പ്രായത്തിൽ ഇളനീർ വിളവെടുക്കുന്നു എന്നതുകൊണ്ടു തന്നെ ഒരു തെങ്ങിൽ നിന്നുള്ള പ്രതിവർഷ ഉൽപാദനവും വർദ്ധിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ വിളവിലും മെച്ചം വരവിലും മെച്ചം. എന്നിട്ടുമെന്തേ നാം ഇതിന്റെ സാദ്ധ്യതകൾ കാണുന്നില്ല. നാളികേരോൽപാദനത്തിലും ഇളനീരിന്റെ ഉപഭോഗത്തിലും മറ്റു രാജ്യങ്ങളുടെയിടയിൽ നാം എവിടെ നിൽക്കുന്നു എന്നതു സംബന്ധിച്ച്‌ ഒരു അവലോകനവും നമ്മുടെ മുന്നിലുള്ള സാദ്ധ്യതകൾ കണ്ട്‌ അതിലൂടെ മുന്നേറുവാനുള്ള പടവുകൾ ഒരുക്കലുമാണ്‌ ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നത്‌. 

കരിക്കിന്റെ ആഗോള പദവി
ആഗോളതലത്തിൽ വിലയിരുത്തുമ്പോൾ ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്നത്‌ ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്‌ എന്നീ രാജ്യങ്ങളാണ്‌. ഉഷ്ണമേഖലാ രാജ്യങ്ങളിലാണ്‌ തെങ്ങ്‌ കൂടുതൽ വളരുന്നത്‌.

നാളികേരോൽപാദനത്തിന്റെ കണക്കു നോക്കിയാൽ (ദശലക്ഷങ്ങളിൽ) ഇന്ത്യ (16943), ഇന്തോനേഷ്യ(15249), ഫിലിപ്പീൻസ്‌(15245)ബ്രസീൽ(3450)ശ്രീലങ്ക(2707​‍ാമെക്സിക്കോ(1385)പപ്പുവഗിനിയ(1101)വിയറ്റ്നാം(940)തായ്‌ലന്റ്‌(845​‍ാമലഷ്യ(577) എന്നിവയാണ്‌ മുന്നിൽ നിൽക്കുന്ന രാജ്യങ്ങൾ. തെക്കു കിഴക്കൻ ഏഷ്യയിലാണ്‌ നാളികേരോൽപാദനം കൂടുതലുള്ളത്‌. അതുമാത്രമല്ല ഈ പ്രവിശ്യയിലെ നാളികേരോൽപാദനത്തിന്റെ  അടുത്തൊന്നും വരുന്നില്ല മറ്റ്‌ രാജ്യങ്ങളിലെ ഉൽപാദനം. അതായത്‌, ലോക നാളികേര വിപണിയിൽ വില നിർണ്ണയിക്കുന്നതിലെ പ്രധാന ശക്തി, താത്ത്വികമായി പറഞ്ഞാൽ, ഈ മേഖലയിലെ ഉൽപാദനം തന്നെ. നാളികേരോൽപാദനത്തിനോടൊപ്പം കയറ്റുമതി രംഗത്തെ കണക്കുകളും കൂടി ചേർത്തുവായിച്ചാലേ ഇളനീരിന്റെ വിപണിയുടെ നിലവിലെ സാഹചര്യം നമുക്കു മനസ്സിലാവൂ.

2011 ലെ നാളികേര കയറ്റുമതിയുടെ കണക്കുകൾ പരിശോധിച്ചാൽ അതിൽ സിംഹഭാഗവും നാളികേര ഉത്പാദകരാജ്യങ്ങളായ ഏഷ്യൻ പസഫിക്‌ നാളികേര സമൂഹത്തിൽ നിന്നായിരുന്നു (4.18 ലക്ഷം മെട്രിക്‌ ടൺ) എന്നു മനസിലാക്കാം. ഇതിൽ കരിക്കിന്റെ കണക്കു പ്രത്യേകമായി ലഭ്യമല്ല. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ നാളികേര ഉൽപാദക രാജ്യമാണെങ്കിലും, കയറ്റുമതിയിൽ ഇന്തോനേഷ്യയാണ്‌ മുന്നിൽ. ഇന്തോനേഷ്യ കയറ്റുമതി ചെയ്യുന്നതിന്റെ 7.12% മാത്രമേ നമ്മുടെ രാജ്യത്തുനിന്നും പോകുന്നുള്ളൂ. ആഗോള വിപണിയിൽ നാളികേരം കയറ്റുമതി ചെയ്യുന്നതിന്റെ ഏറിയ പങ്കും ഇളനീരിനായിട്ടാണ്‌ ഉപഭോഗം ചെയ്യുന്നത്‌. ഇന്തൊനേഷ്യ, ഫിലിപ്പിൻസ്‌, ബ്രസീൽ, തായ്‌ലന്റ്‌ എന്നീ രാജ്യങ്ങൾ ഇളനീർ ബ്രാൻഡു ചെയ്ത്‌ ഇളനീരായി തന്നെ ചെറിയ സംസ്ക്കരണം നടത്തി, കയറ്റുമതി ചെയ്യുന്നു. ഇത്‌ കൂടാതെ തേങ്ങാവെള്ളവും ഇളനീരിന്റെ വെള്ളവും കാമ്പും വലിയ കാണുകളിലും ഡ്രമ്മുകളിലുമായി കയറ്റി അയയ്ക്കുകയും വികസിത രാജ്യങ്ങളിൽ അവ വിവിധ ബ്രാൻഡുകളിലുള്ള ഉൽപ്പന്നങ്ങളായി ഫുഡ്‌ ഗ്രേഡ്‌ കാണുകളിലും കുപ്പികളിലും ടെട്രാപായ്ക്കിലും വിപണിയിലെത്തുകയും ചെയ്യുന്നു.

ഇളനീർ വിപണിയിലെ 
ഗതിമാറ്റം
ആഗോള ശീതള പാനീയ വിപണിയിൽ ഇളനീരിന്റെ ചരിത്രം കുറിക്കപ്പെടുന്നത്‌ 21-​‍ാം നൂറ്റാണ്ടിന്റെ ആദ്യകാലത്താണ്‌. ഇളനീരിന്റെ ഘടകങ്ങൾ മനുഷ്യരക്തത്തിലെ ഘടകങ്ങളുമായി സാമ്യമുണ്ട്‌ എന്ന്‌ മനസ്സിലാക്കികൊണ്ട്‌ രണ്ടാംലോകമഹായുദ്ധത്തിൽ മുറവേറ്റ പട്ടാളക്കാർക്ക്‌ ഞരമ്പുകളിലൂടെ ഇളനീരിന്റെ വെള്ളം കയറ്റിയിരുന്നു എന്ന്‌ ചരിത്രം. എന്നാൽ ഇളനീരിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി തുടങ്ങിയത്‌ 2004-ൽ ആണ്‌. ലോകമെമ്പാടും പ്രതിവർഷം 7% നിരക്കിൽ വളർന്നുകൊണ്ടിരിക്കുന്ന ഈ വിപണിയുടെ ഇപ്പോഴത്തെ മൂല്യം 450-500 മില്ല്യൺ ഡോളറെന്നാണ്‌ കണക്കാക്കപ്പെട്ടിരിക്കുന്നത്‌. സമൂഹത്തിലെ ബഹുവിധങ്ങളായ മേഖലകളിലേയ്ക്കനുയോജ്യമായ പോഷകസമൃദ്ധ പാനീയമായാണ്‌ ഇളനീർ ലോകവിപണിയിൽ അവതരിപ്പിക്കപ്പെട്ടത്‌. പ്രകൃതി വിഭവങ്ങളോടും ആരോഗ്യദായകമായ പാനീയങ്ങളോടും താൽപര്യമുള്ള വികസിത രാജ്യങ്ങളിലെ ജനസമൂഹത്തിനുമുന്നിൽ ഇളനീർ ആദ്യം അവതരിപ്പിക്കപ്പെട്ടത്‌ ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായമാകുന്ന, പോഷകമൂല്യമുള്ള ഒരു റീ ഹൈഡ്രേറ്റിങ്ങ്‌ പാനീയമായാണ്‌. തുടർന്ന്‌  സ്പോർട്ട്സ്‌ ഡ്രിങ്കായും ആരോഗ്യപാനീയമായും രോഗസംഹാരിയായും പ്രകൃതിദത്തപാനീയമായും സൗന്ദര്യവർദ്ധക പാനീയമായും ഒക്കെ അവതരിപ്പിക്കപ്പെട്ടു. പുതുമയോടെ പ്രകൃതിയുടെ തനതുപായ്ക്കിംഗിൽ ലഭിക്കുന്ന ഇളനീരിന്റെ രുചി സംസ്ക്കരിച്ചതിന്‌ ലഭിക്കുന്നില്ല എന്നതുകൊണ്ടുതന്നെ പ്രകൃത്യാഉള്ള  രൂപത്തിൽ തന്നെ ചെറിയ സംസ്ക്കരണം നടത്തി ബ്രാൻഡുകൾ വിപണിയിലിറങ്ങി. ഇളനീരിനോടൊപ്പം മറ്റു പഴച്ചാറുകളുടെ രുചികൾ ചേർത്ത്‌ വ്യത്യസ്തങ്ങളായ ഉൽപ്പന്നങ്ങളും ഇന്ന്‌ വിപണിയിൽ ലഭ്യമാണ്‌. 2004-ൽ വികസിത രാജ്യങ്ങളിൽ അരങ്ങേറ്റം കുറിച്ച ഇളനീരിന്റെ വളർച്ചാ നിരക്ക്‌ പ്രതിവർഷം 60-70 മില്ല്യൺ ഡോളർ മൂല്യത്തിൽ കുതിക്കുകയാണ്‌. ഇളനീരിൽ ചോക്കലെറ്റ്‌ ചേർന്നുള്ള രുചികളും വിപണിലിറങ്ങിക്കഴിഞ്ഞു.

ബഹുരാഷ്ട്ര ശീതളപാനീയ കമ്പനികളായ പെപ്സിയും കൊക്കൊകോളയും ഈ വിപണിയിൽ കാൽവച്ചതും ഇതിന്റെ ദൃഷ്ടാന്തങ്ങളാണ്‌. 2009-ൽ ബ്രസീലിന്റെ ഇളനീർ വിപണിയിലെ ഏറ്റവും വലിയ ബ്രാൻഡായ അമാകോക്കോ പെപ്സി ഏറ്റെടുക്കുകയുണ്ടായി. അതുപോലെ തന്നെ 2009-ൽ അമേരിക്കൻ ഇളനീർ വിപണിയിലെ രണ്ടാമത്തെ വലിയ ബ്രാൻഡായ സിക്കോയിൽ കൊക്കോകോള മൂലധന നിക്ഷേപം നടത്തി.

ആഗോളവിപണിയിൽ ഇളനീരിന്‌ അടുത്ത കാലത്ത്‌ ഏറ്റവും ഡിമാന്റ്‌ അമേരിക്കയിൽ നിന്നായിരുന്നു. തെട്ടടുത്ത്‌ ഇംഗ്ലണ്ടും ഓസ്ട്രേലിയയും. എന്നാൽ 2020 ആകുമ്പോൾ ഈ സ്ഥിതി മാറുമെന്നും ലോകമെമ്പാടും നിന്ന്‌ ഇളനീർ ഉൽപന്നങ്ങൾക്ക്‌ 1000 മില്യൺ ലിറ്ററിന്റെ ഡിമാന്റ്‌ ഉണ്ടാവുമെന്നും വിദഗ്ധർ മുൻകൂട്ടി പറയുന്നു. ഇതിൽ പ്രദേശികമായ അസന്തുലിതാവസ്ഥ ഉണ്ടായേക്കാം. അമേരിക്കയിലേയും യൂറോപ്പിലേയും വിപണികൾ കേന്ദ്രീകൃതമാണ്‌. എന്നാൽ ദക്ഷിണേഷ്യൻ വിപണി പല ഭാഗങ്ങളിലായി ചിതറി കിടക്കുന്നു.

പുരാതന കാലം മുതൽ ഇളനീരിന്റെ ഔഷധ സിദ്ധികളെ പറ്റി ദക്ഷിണേഷ്യയിലെ ആളുകൾക്ക്‌ നല്ല ധാരണ ഉണ്ടായിരുന്നു. പക്ഷെ, യൂറോപ്പിലെ ജനങ്ങളെ അതു പഠിപ്പിക്കേണ്ടി വന്നു. എന്നാൽ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശുഷ്കാന്തിയുള്ള യൂറോപ്യൻ ജനത, പിന്നീട്‌ കാര്യങ്ങൾ ഗ്രഹിച്ചശേഷം ഇളനീർ പോലുള്ള ആരോഗ്യ പാനീയങ്ങൾ ശീലമാക്കിയപ്പോൾ നാം നോക്കി നിന്നു. വരാൻ പോകുന്നത്‌ ഇളനീരിന്റ കാലമാണെന്ന്‌ യൂറോ മോണിറ്റർ എന്ന ബിസിനസ്‌ ഇന്റലിജൻസ്‌ കമ്പനി ഇപ്പോഴേ പ്രവചിച്ചു കഴിഞ്ഞു. (കൊ കമ്യൂണിറ്റി 2014).

ഫിലിപ്പീൻസിലെ 
ഇളനീർ വിപണി
വികസിത രാജ്യങ്ങൾക്ക്‌ ആവശ്യമുള്ളത്ര കരിക്കിൻവെള്ളം വൻ തോതിൽ കയറ്റുമതി ചെയ്തു നൽകുന്ന രാജ്യം ഫിലിപ്പീൻസാണ്‌. 2011-ൽ ഇവിടെ നിന്നുള്ള കയറ്റുമതി 15.1 മില്യൺ ഡോളറിന്റേതായിരുന്നു. 2012 ൽ ഇത്‌ 18.7 മില്യൺ ഡോളറിന്റേതായി ഉയർന്നു. 2013ൽ 4,98,441 ലിറ്റർ ഇളനീരാണ്‌ ഫിലിപ്പീൻസ്‌ കയറ്റി അയച്ചതു.  കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ കയറ്റുമതി 27.7 ശതമാനം കൂടുതലാണ്‌.  ചൈനയാണ്‌ ഇവരുടെ ഏറ്റവും വലിയ വിപണി. ജപ്പാൻ, അമേരിക്ക, നെതർലന്റ്‌, ജർമ്മനി, കൊറിയ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേയ്ക്കും ന്യായമായ കയറ്റുമതി ഉണ്ട്‌. നാളികേര ഉൽപാദക രാജ്യങ്ങളായ മെക്സിക്കോ, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളും ഫിലിപ്പീൻസിൽ നിന്ന്‌ കരിക്കിൻവെള്ളം ഇറക്കുമതി ചെയ്യുന്നു. ഫിലിപ്പീൻസിലെ മുൻഡാനുവോ ദ്വീപ്‌ സമൂഹത്തിലെ ഇളനീരാണ്‌ ആസ്ട്രേലിയയിലെ ഉപഭോക്താക്കൾക്ക്‌ ഏറെ പ്രിയം. ആസ്ട്രേലിയക്കാരെ സംബന്ധിച്ചിടത്തോളം തായ്‌ലൻഡിലെ ഇളനീരിന്‌ മധുരം കൂടുതലാണെങ്കിൽ, മെക്സിക്കോ, ഇൻഡോനേഷ്യ, ഇൻഡ്യ എന്നീ രാജ്യങ്ങളിലെ ഇളനീരിന്‌ ഉപ്പിന്റെ രുചിയുണ്ട്‌. പ്രത്യേക പ്രവിശ്യകളെ അടിസ്ഥാനമാക്കിയുള്ള താൽപര്യങ്ങളും വികസിതരാജ്യങ്ങളിലെ ഇളനീരിന്റെ വിപണിയിൽ നിലനിൽക്കുന്നു എന്ന വസ്തുത ഈ  മേഖലയുടെ വികാസമാണ്‌ കാണിക്കുന്നത്‌.

അമേരിക്കയിൽ നിന്ന്‌ ഒരു വിജയകഥ
അമേരിക്കയിൽ 2004 ൽ വിറ്റാകൊക്കോ, സിക്കോ എന്നീ കമ്പനികളാണ്‌ ആദ്യമായി ഇളനീർ ഉൽപ്പന്നങ്ങളുമായി വിപണിയിൽ ഇറങ്ങിയത്‌. പഞ്ചസാരയും സോഡയും കലർന്ന പാനീയങ്ങളിൽ നിന്ന്‌ അമേരിക്കൻ ജനത അകന്നു തുടങ്ങിയ കാലമായിരുന്നു അത്‌.  ആ വിടവിലൂടെയാണ്‌ ഇളനീർ, വിപണി സ്ഥാപിച്ചതു. തുടർന്ന്‌ യോഗ പരിശീലകരെയും, സ്പോർട്ട്സ്‌ താരങ്ങളെയും അവർക്ക്‌ ഉപഭോക്താക്കളായി ലഭിച്ചു. അതോടെ പെപ്സിയും കൊക്ക കോളയും ഇളനീർ വിപണിയിലേയ്ക്ക്‌ കുതിച്ച്‌ എത്തി. പിന്നെ മത്സരത്തിന്റെ ലോകമായി മാറി ഇളനീർ വിപണി. പല രുചി, പല ബ്രാൻഡ്‌, പലതരം പായ്ക്കിംങ്ങ്‌ എന്നു വേണ്ട ഇളനീരിന്റെ വിപണി കൊഴുത്തു. അമേരിക്കയിലെ ഉപഭോക്താക്കളിൽ ദശലക്ഷകണക്കിന്‌ ലാറ്റിനമേരിക്കക്കാർ ഉണ്ടെന്നുള്ളതും ഇളനീർ വിപണിയിലൂടെ വളർച്ചയെ സഹായിച്ചു. ഇളനീർ കുടിച്ചു ശീലിച്ച പൂർവ്വികരും ജന്മനാട്ടിൽ പോകുമ്പോൾ ഇളനീരിനെ ഇഷ്ടപ്പെട്ട ഇളമുറക്കാരുമായ ലാറ്റിനമേരിക്കൻ സമൂഹം ഇളനീർ വിപണിയിലെ വൈവിദ്ധ്യമാർന്ന ഉൽപ്പന്നങ്ങളെ രണ്ടും കൈയും നീട്ടി സ്വീകരിച്ചു. ഇളനീരിന്റെ സ്വീകാര്യത അമേരിക്കയിലെ കമ്പനികളിലും മാറ്റം വരുത്തി. 2009-ൽ പെപ്സിക്കോ ലോസ്‌ ഏഞ്ചൽസ്‌ കേന്ദ്രീകൃതമായ ഛില എന്ന കമ്പനിയിൽ നിക്ഷേപിക്കുകയും 2010-ൽ ഇളനീരിന്റെ ചമസലറ എന്ന ബ്രാൻഡ്‌ ഇറക്കുകയും ചെയ്തു. 

യൂറോപ്പിലും സാഹചര്യങ്ങൾ വ്യത്യസ്തമായിരുന്നില്ല. 2004-ൽ  സ്ഥാപിതമായ ഏ​‍ൃലലി ഇ​‍ീരീ യൂറോപ്പിലുടനീളം തങ്ങളുടെ വിപണനശൃംഖല സ്ഥാപിച്ചു കഴിഞ്ഞു. കൊഴുപ്പിന്റെ അംശം തീരെ ഇല്ല എന്ന വസ്തുതയാണ്‌ ഇളനീരിന്റെ പ്രചാരണത്തിൽ ഏറ്റവുമധികം ഉപയോഗിക്കപ്പെട്ട പരസ്യവാചകം. ഇതു കൂടാതെ ഗ്ലൂട്ടൻ ഇല്ലാത്ത അലർജിയുണ്ടാക്കുന്ന വസ്തുക്കളടങ്ങാത്ത പ്രകൃതിദത്തപാനീയമായും ഇളനീർ വികസിതരാജ്യങ്ങളിൽ അവതരിപ്പിക്കപ്പെട്ടു. മറ്റ്‌ പഴച്ചാറുകളെ അപേക്ഷിച്ച്‌ കുറഞ്ഞ കലോറിയടങ്ങിയിട്ടുണ്ട്‌ എന്നതുകൊണ്ടുതന്നെ, ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരുടെ ഇഷ്ട പാനീയമായി മാറി ഇളനീർ. സമൂഹത്തിലെ പ്രായം ചെന്നവരുടെ ഇടയിലേക്ക്‌ ഇളനീരിനെ വികസിത രാജ്യങ്ങൾ പലരീതിയിൽ അവതരിപ്പിച്ചു: കിഡ്നിയുടെ പ്രവർത്തനത്തെ സഹായിക്കുന്ന, സമ്മർദ്ദം കുറയ്ക്കുന്ന ഹൃദയാരോഗ്യത്തിന്‌ സഹായമാകുന്ന, പ്രമേഹ നിയന്ത്രണത്തിനുതകുന്ന അലർജിയുണ്ടാക്കാത്ത ഉൽപ്പന്നം.

ഇന്ത്യൻ സാഹചര്യങ്ങൾ
ഇളനീരിന്റെ ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യമാണ്‌ ഇന്ത്യ.  ഇന്ത്യയിലെ യുവ തലമുറ പ്രത്യേകിച്ച്‌ ഐടി മേഖലയിലുള്ളവർ ഇന്നു കൂടുതലായും ഇളനീർ ശീലത്തിലേയ്ക്കു വന്നുകൊണ്ടിരിക്കുന്നു എന്നത്‌ ശുഭോദർക്കമായ കാര്യമാണ്‌. ഈ നില തുടർന്നാൽ അധികം വൈകാതെ ഇന്ത്യൻ ഇളനീർ വിപണി മുന്നേറ്റം കാണിക്കും. ഉൽപാദകരും  സംസ്കരണ യൂണിറ്റുകളും തമ്മിൽ ഒരു ധാരണയിൽ എത്തിയാൽ കരിക്കിന്റെ ഡിമാന്റ്‌ കുത്തനെ ഉയരും. ഈ സാഹചര്യത്തിലാണ്‌ നാളികേര കർഷകരുടെ ഉത്പാദക കമ്പനികളുടെ പ്രസക്തി.

നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം പ്രകൃതിവിഭവങ്ങളെയും ഗുണനിലവാരമുള്ള പോഷകപാനീയങ്ങളെയും സ്നേഹിക്കുന്ന ഒരു സമൂഹം വികസിച്ചുവരുന്നുണ്ട്‌. ആഭ്യന്തരവിപണിയിൽ ഇളനീരിനെ വേണ്ട രീതിയിൽ അവതരിപ്പിച്ചാൽ തന്നെ ഒരു വൻ വിപണിയാണ്‌ നമുക്കുമുന്നിൽ തുറക്കപ്പെടുന്നത്‌. ചെറുകിട നാമമാത്ര കർഷകർ ഏറെയുള്ള നമ്മുടെ രാജ്യത്ത്‌ കർഷക ഉൽപാദക കമ്പനികളുടെ നേതൃത്വത്തിൽ ഇളനീരിന്റെ വിളവെടുപ്പും സംസ്ക്കരണവും വിപണവും നടപ്പിലാക്കാവുന്നതാണ്‌. ആസൂത്രിതമായിട്ടുവേണം കമ്പനികൾ ഇളനീർ വിപണിയെ സമീപിക്കാൻ. വികസിതരാജ്യങ്ങളിലെ അനുഭവങ്ങളുടെ വെളിച്ചത്തിൽ അതിവേഗം വികസിക്കുന്ന ഒരു വിപണിയാണ്‌ ഇളനീരിന്റേത്‌ എന്ന്‌ തെളിഞ്ഞു കഴിഞ്ഞു. ഈ വിപണിയിലേക്ക്‌ കാലെടുത്തുവയ്ക്കുന്നതിനോടൊപ്പം ആവശ്യകതയ്ക്കനുസൃതമായുള്ള ഉൽപാദനവും ക്രമീകരിക്കേണ്ടതുണ്ട്‌. ഇന്ത്യൻ ഉപഭോക്തൃ സമൂഹത്തിനു മുന്നിൽ ഇളനീർ വിപണിയുടെ അവതരണവും വികസനവും താഴെ പറയുന്ന രീതിയിൽ ആസൂത്രിതമായി നടപ്പിലാക്കാം.

നമ്മുടെ രാജ്യത്തെ മൊത്തം തെങ്ങിൻതോപ്പുകളിൽ പത്തുശതമാനത്തിൽ താഴെ സ്ഥലത്ത്‌ മാത്രമാണ്‌ ഇളനീരിനനുയോജ്യമായ കുറിയ ഇനങ്ങൾ കൃഷിചെയ്യുന്നത്‌. 3-4 വർഷക്കാലയളവിൽ കായ്ഫലം തരുന്ന ഇളനീരിനനുയോജ്യമായ ഇനങ്ങൾ ആസൂത്രിതമായി കർഷക ഉത്പാദക കമ്പനികളുടെ പ്രവർത്തന മേഖലയിൽ നട്ടുപിടിപ്പിക്കേണ്ടതാണ്‌. എങ്കിൽ മാത്രമേ ഉൽപാദക കമ്പനികൾ ഇളനീരിന്റെ വിപണിയിലിറങ്ങുമ്പോൾ ആവശ്യമായ അസംസ്കൃത വസ്തുക്കൾ ലഭ്യമാകൂ. നാളികേര ഉത്പാദക സംഘങ്ങളും കമ്പനികളും കേന്ദ്രീകരിച്ച്‌ ഇളനീരിനനുയോജ്യമായ ഇനങ്ങളുടെ തൈകൾ ഉത്പാദിപ്പിക്കുന്നതിന്‌ മുൻകൈ എടുത്താൽ ആവശ്യത്തിനുള്ള നടീൽ വസ്തുക്കൾ കമ്പനിയുടെ കീഴിൽ തന്നെ ഉത്പാദിപ്പിക്കുവാൻ കഴിയും. നാളികേര വികസന ബോർഡിന്റെ സാമ്പത്തിക സഹായവും ഇത്തരം യൂണിറ്റുകൾക്ക്‌ ലഭ്യമാകുന്നു.

മിനിമൽ പ്രോസസ്സിംഗ്‌: ഇളനീരിന്റെ പ്രകൃത്യ ഉള്ള പായ്ക്കിംഗ്‌ നിലനിർത്തിക്കൊണ്ട്‌ തൊണ്ടിന്റെ ഭാഗങ്ങൾ ചെത്തിക്കളഞ്ഞ്‌ മിനുക്കി സംരക്ഷണ വസ്തുക്കളുടെ ലായനിയിൽ മുക്കിയ ശേഷം ഉണക്കി പ്ലാസ്റ്റിക്‌ കവറിൽ പായ്ക്ക്‌ ചെയ്യുന്ന സംസ്ക്കരണ രീതിയിലൂടെ ഇളനീരിന്റെ രുചിയ്ക്ക്‌ യാതൊരു ഭാവഭേദവും ഉണ്ടാകാതെ വിപണിയിലെത്തിക്കാവുന്നതാണ്‌. ഇതിന്‌ ഒരു പ്രീമിയം ഉൽപ്പന്നത്തിന്റെ പരിവേഷം കൂടി നൽകുന്നതുവഴി പ്രമീയം വിലയും നേടാനാകും. കർഷക ഉത്പാദക കമ്പനികൾക്ക്‌ ഇത്തരം ഇളനീർ തങ്ങളുടെ പേരിൽ ബ്രാൻഡ്‌ ചെയ്ത്‌ നൽകാനാകും. സ്‌ററിക്കറൊട്ടിച്ച ഇളനീർ ഇപ്പോൾ തന്നെ വിപണിയിൽ ലഭ്യമാണല്ലോ.

ഇളനീർ സംസ്ക്കരണം: ഇളനീർ പായ്ക്ക്‌ ചെയ്ത്‌ വിപണിയിലെത്തിക്കുന്ന സംവിധാനത്തിലേക്ക്‌ ഉത്പാദക കമ്പനികൾ ഇറങ്ങേണ്ടതാണ്‌. ഇല്ലെങ്കിൽ ഇളനീർ വിപണിയുടെ വളർച്ചകൊണ്ട്‌ യഥാർത്ഥ ഉത്പാദകന്‌ യാതൊരു പ്രയോജനവുമുണ്ടാകാത്ത സ്ഥിതി വരും. ഇളനീരിന്റെ സംഭരണത്തിന്‌ വിപണന ശൃംഖലയും ക്രമീകരിക്കേണ്ടതുണ്ട്‌. നാളികേര വികസന ബോർഡ്‌ പദ്ധതി തുകയുടെ 25% സബ്സിഡി ഇത്തരം യൂണിറ്റുകൾക്ക്‌ നൽകുന്നതും ഉത്പാദക കമ്പനികൾക്ക്‌ വിനിയോഗിക്കാം. ഉത്പാദക കമ്പനികളുടെ മുതൽ മുടക്കുകഴിവും ലക്ഷ്യമാക്കുന്ന വിപണിയും അടിസ്ഥാനമാക്കി വേണം പായ്ക്കിംഗ്‌ തീരുമാനിക്കാൻ. നാളികേര വികസന ബോർഡ്‌ മറ്റ്‌ സാങ്കേതിക സ്ഥാപനങ്ങളുമായി യോജിച്ച്‌ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ സംസ്കരണത്തിന്‌ ഉപയോഗിക്കാം.

വിപണനം: ഉത്പാദക കമ്പനികളുടെ നേതൃത്വത്തിൽ ഇളനീർ പാർലറുകൾ സ്ഥാപിച്ച്‌ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക്‌ നേരിട്ട്‌ എത്തിച്ചുകൊടുക്കാവുന്നതാണ്‌. കർഷകരിൽ നിന്നും നേരിട്ട്‌ ഉപഭോക്താക്കളിലേക്ക്‌ ഉൽപ്പന്നം എത്തുക വഴി വിലയുടെ ഏറിയ പങ്കും കർഷകന്‌ ലഭ്യമാകുന്നു. മാത്രമല്ല വിപണിയുടെ താൽപര്യങ്ങൾ മനസ്സിലാക്കി ഉൽപ്പന്നം ക്രമീകരിക്കുവാൻ ഉൽപാദകനും സാധിക്കുന്നു. ആഭ്യന്തര വിപണിയോ പ്രദേശിക കമ്പോളമോ നോക്കാതെ നാളികേരോത്പാദനം മാത്രം നടത്തുന്ന ഇന്നത്തെ രീതി മാറി, പ്രാദേശിക വിപണിയുടെ അതിർ വരമ്പുകൾ ഭേദിച്ച്‌ ആഭ്യന്തര - അന്താരാഷ്ട്ര വിപണികളിലേയ്ക്ക്നാം ഇറങ്ങിച്ചെല്ലണം. ഇന്ത്യയിൽ 63 ജനറം പട്ടണങ്ങളാണുള്ളത്‌. 2011-ലെ സേൻസസ്‌ പ്രകാരം ഒരുലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള 468 നഗര പട്ടണങ്ങളും നമ്മുടെ രാജ്യത്തുണ്ട്‌. ഇത്‌ മാത്രം ലക്ഷ്യമാക്കിയാൽ തന്നെ നമ്മുടെ ഉൽപ്പന്നത്തിന്‌ സ്ഥിരവിപണിയാണുള്ളത്‌.

ഉത്പാദക കമ്പനികളുടെ നേതൃത്വത്തിൽ ആസൂത്രിതമായി ഇളനീർ ഉത്പാദനവും സംസ്ക്കരണവും വിപണനവും അനുവർത്തിക്കുന്നതിലൂടെ വളർന്നുവരുന്ന ഈ വിപണിയിൽ കർഷകരുടെ സ്ഥാനം ഉറപ്പാക്കാമെന്ന മാത്രമല്ല കർഷകന്‌ സ്ഥായിയായ വരുമാനം നൽകുവാനും സാധിക്കും. നീരയെക്കുറിച്ചുള്ള വാർത്തകളും നീര ഒരു അക്ഷയനിധിയാണെന്നുള്ള അറിവും ലഭിച്ചതോടെ നാളികേരോദ്പാദക സംഘങ്ങളും കമ്പനികളും  നീരയ്ക്കായി കാത്തിരിക്കുകയാണ്‌. ആ കാത്തിരിപ്പും, അതിനുള്ള തയ്യാറെടുപ്പുകളും നടക്കട്ടെ, എന്നാൽ അതിനോടൊപ്പം കൺമുന്നിൽ ഉണ്ടായിട്ടും കാണാതെ പോകുന്ന ഇളനീർ എന്ന നിധി കൂടി കാണാൻ നമ്മുടെ ഉത്പാദക കമ്പനികൾക്കും കേര കർഷകർക്കും കഴിയട്ടെ.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…