25 Feb 2014

ആർക്ക്‌ വോട്ടുചെയ്യണം? അഥവാ ആരാണ്‌ ജനപ്രതിനിധി

കഴിഞ്ഞലക്കം തുടർച്ച

അമ്പാട്ട്‌ സുകുമാരൻനായർ
pho 8943875081
ഒരു ബില്ലവതരിപ്പിച്ചാൽ മൊത്തം അംഗസംഖ്യയുടെ അമ്പത്തൊന്നു ശതമാനം വോട്ടുകിട്ടിയാലേ അത്‌ പാസ്സാക്കാവൂ. ഒരു ബില്ല്‌ പാസ്സായില്ലെന്നുകരുതി മന്ത്രിസഭയൊന്നും താഴെപോകേണ്ട കാര്യമില്ല. അങ്ങനെയായാൽ ചാക്കിട്ടുപിടിത്തവും തട്ടിക്കൊണ്ടുപോകളും കോഴപ്പണവുമൊന്നും പ്രശ്നമാവില്ല. ഒരംഗം പോലും സഭയിൽ മര്യാദവിട്ട്‌ സംസ്കാരശൂന്യമായി പെരുമാറാൻ തയ്യാറാവുകയില്ല. വോട്ടുചെയ്തവരെയും നാടിനെയും അവഗണിക്കുകയും അവമാനിക്കുകയും ചെയ്യുന്നരീതിയിൽ ആരെങ്കിലും പെരുമാറിയാൽ അടുത്ത തിരഞ്ഞെടുപ്പുവരുമ്പോൾ ആളുകൾ മറ്റൊരാളെ തേടിപ്പിടിക്കും.

ഇവിടെ മതവും ജാതിയും ന്യൂനപക്ഷവും ഭൂരിപക്ഷവും ഒന്നും പ്രശ്നങ്ങൾ സൃഷ്ടിക്കില്ല. എന്റെ ഈ ഭ്രാന്തൻവാക്കുകൾ കേട്ടാൽ രാഷ്ട്രീയപ്രവർത്തകരും സാമൂഹികപ്രവർത്തകരും ബുദ്ധിജീവികളുമൊക്കെ പൊട്ടിച്ചിരിക്കും. എന്റെ ഒരുഭ്രാന്തൻസ്വപ്നം ഞാൻ പറഞ്ഞുവേന്നേയുള്ളൂ. സത്യപറയട്ടെ. നമ്മുടെ ജനപ്രതിനിധികൾക്ക്‌ ജനങ്ങളുടെ കാര്യത്തിൽ എന്തെങ്കിലും താൽപര്യമുണ്ടോ? സ്വന്തം കാര്യത്തിലുള്ള താൽപര്യമല്ലേ അവരെ നയിക്കുന്നത്‌? സമൂഹത്തിൽ ഏറ്റവും താഴേക്കിടയിൽ ജോലിചെയ്യുന്ന ഒരു നേഴ്സറി സ്കൂൾ അധ്യാപകനോ അധ്യാപികയ്ക്കോ കിട്ടുന്ന ശമ്പളമെത്രയാണ്‌? അവരുടെമേൽ അടിച്ചേൽപ്പിച്ചിട്ടുള്ള ജോലിഭാരം എത്രയാണ്‌? ആരെങ്കിലും ചിന്തിക്കാറുണ്ടോ അവരെക്കുറിച്ച്‌?

സർക്കാർ നിയോഗിക്കുന്ന ഏകാധ്യാപകൻ കൊടുങ്കാട്ടിൽ കഴിയുന്ന ആദിവാസിക്കുട്ടികൾക്ക്‌ അക്ഷരവെളിച്ചം പകർന്നുകൊടുക്കാൻ വേണ്ടി നാടുംവീടും വെടിഞ്ഞ്‌ കൊടുങ്കാട്ടിൽ ആദിവാസി താവളത്തിൽ ചെന്ന്‌ പണിചെയ്യുന്നു. ഒരു കുടുംബം പോറ്റാൻ വേണ്ടിയാണ്‌ അവർ ഈ പാടുപെടുന്നത്‌. പക്ഷേ, അവർക്ക്‌ കഷ്ടിച്ച്‌ നാലായിരം രൂപയാണ്‌ കൂലിയായികൊടുക്കുന്നത്‌. അവർക്ക്‌ കൊടുക്കുന്നത്‌ ശമ്പളമല്ല. ശമ്പളമാണെങ്കിൽ അതിനുചില വ്യവസ്ഥകളുണ്ട്‌. ഈ നാലായിരം രൂപകൊണ്ട്‌, തന്നെ ആശ്രയിച്ച്‌ കുടുംബത്തിൽ കഴിയുന്നവർക്ക്‌ ഒരു നേരത്തെ ആഹാരംകൊടുക്കാൻ തികയുമോ? ഇവരും മനുഷ്യരാണെന്നചിന്തപോലും നമ്മുടെ ഭരണകർത്താക്കൾക്കില്ല.

അതേസമയം ഈ പാവങ്ങളുടെ വോട്ടുവാങ്ങി അസംബ്ലിയിൽ പോകുന്ന ജനപ്രതിനിധികൾ ഇവരെക്കുറിച്ച്‌ ഒരുവാക്കുപോലും പറയുന്നില്ല. ജനപ്രതിനിധികൾക്ക്‌ അവരുടെ ഭാരിച്ചജോലിക്കും മാന്യതയ്ക്കും ചേർന്ന ശമ്പളം കിട്ടുന്നുണ്ട്‌. കേരളത്തിലുടനീളം സർക്കാർവക ബസ്സും ട്രെയിനും ഓടുന്നുണ്ട്‌. ഈ വാഹനങ്ങളിൽ ജനപ്രതിനിധികൾക്കുള്ള യാത്ര സൗജന്യമാണ്‌. എന്നിട്ടും അവർക്ക്‌ പ്രത്യേക യാത്രപ്പടി ലഭിക്കുന്നുണ്ട്‌. മറ്റെന്തെല്ലാം പാരിതോഷികങ്ങൾ! ജീവിതകാലം മുഴുവൻ പെൻഷൻ. ഈ ആനുകൂല്യങ്ങളെല്ലാം പറ്റിയിട്ടും നിയമസഭാസമ്മേളനത്തിനു വന്നിട്ട്‌ അവിടെയും നിസ്സാരകാര്യത്തിനു ബഹളംവയ്ക്കാനും ബഹളംവച്ച്‌ സഭാനടപടികൾ തടസ്സപ്പെടുത്താനും ബഹുമാന്യനായ സ്പീക്കറെപോലും കൈയ്യേറ്റം ചെയ്യാനുമാണ്‌ ശ്രമിക്കുന്നത്‌. രാജ്യത്തിന്റെ അടിസ്ഥാനപ്രശ്നങ്ങളെക്കുറിച്ച്‌ മര്യാദയ്ക്കു സംസാരിക്കാൻ അവർക്കറിഞ്ഞുകൂടാ. സഭാനടപടികൾ തുടരാനാവാത്തവിധം കുറെ ബഹളംവച്ചിട്ട്‌ ഒരു വാക്കൗട്ടും നടത്തും. സമ്മേളനത്തിൽ പങ്കെടുത്തതിന്റെ പേരിൽ അന്നത്തെ അലവൻസ്‌ ഒരുപൈസപോലും കുറയാതെ കൈപ്പറ്റുകയും ചെയ്യും. ഇതിനൊന്നും ഒരു മനസ്സാക്ഷിക്കുത്തുമില്ല. ഇതാണ്‌ നമ്മുടെ ജനാധിപത്യം! ഇങ്ങനെയൊരു ജനാധിപത്യത്തിനുവേണ്ടിയായിരുന്നോ നമ്മുടെ മുൻതലമുറക്കാർ സ്വന്തം ജീവൻപോലും തൃണവൽഗണിച്ചുകൊണ്ട്‌ തോക്കിനും പീരങ്കിക്കും മുമ്പിൽ നെഞ്ചുവിരിച്ചുകാണിച്ചുകൊണ്ട്‌ സമരം ചെയ്തത്‌?

അവർക്കൊക്കെ മഹത്തായ ഒരു ലക്ഷ്യമുണ്ടായിരുന്നു. രാഷ്ട്രത്തിനുവേണ്ടി സർവ്വവും സമർപ്പിച്ചവരായിരുന്നു അവർ. ഏതാനും വർഷംമുമ്പ്‌ ഞാൻ വയനാട്ടിൽവച്ച്‌ ഒരു സ്വാതന്ത്ര്യസമരസേനാനിയെകണ്ടു. ഒരിടത്തരം ജന്മി കുടുംബത്തിൽപെട്ട ആളാണദ്ദേഹം. ഏകദേശം എൺപതിനോടടുത്ത്‌ പ്രായംവരും. 

ഞങ്ങൾ വീട്ടിൽചെന്ന്‌ കതകിൽ മുട്ടിയപ്പോൾ അദ്ദേഹം കതകു തുറന്നു. കൈകൾ കൂപ്പി നമസ്തേ പറഞ്ഞുകൊണ്ട്‌ ഞങ്ങളെ അകത്തേക്കു ക്ഷണിച്ചു. സ്വീകരണമുറിയിൽ രാഷ്ട്രപിതാവിന്റെ ഒരുവലിയ  ചിത്രം ഫ്രെയിം ചെയ്തു വച്ചിട്ടുണ്ട്‌. മഹാത്മാഗാന്ധി അദ്ദേഹത്തിന്‌ ഈശ്വരനാണ്‌.

സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള ഞങ്ങളുടെ ചോദ്യത്തിന്‌ വളരെവികാരനിർഭരമായിട്ടാണ്‌ അദ്ദേഹം മറുപടി പറഞ്ഞത്‌. ജീവിതത്തിന്റെ ണല്ലോരുഭാഗം സ്വതന്ത്ര്യസമരത്തിനു വേണ്ടി ചെലവഴിച്ചു. എങ്ങനെയും സ്വാതന്ത്ര്യം നേടിയെടുക്കുക എന്നതുമാത്രമായിരുന്നു ലക്ഷ്യം. സമരത്തിൽ പങ്കെടുത്ത്‌ പല നേതാക്കളും ജയിലിൽ പോയപ്പോഴും അദ്ദേഹം ഒരിക്കൽ പോലും പോലീസിനു പിടികൊടുത്തിട്ടുമില്ല. വയനാടൻ കാടുകളിൽ ഒളിവു ജീവിതമാണദ്ദേഹം നയിച്ചതു.

കാട്ടിൽചെന്ന്‌ ആദിവാസികളുടെ കുടിലുകളിൽ അദ്ദേഹം കഴിഞ്ഞു. അവർകൊടുത്ത ഭക്ഷണംകഴിച്ചു. അവരെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചു പറഞ്ഞ്‌ ബോധവാന്മാരാക്കി. ബ്രിട്ടീഷുകാർക്കെതിരായി പടപൊരുത്തിയ പഴശ്ശിരാജാവിനെക്കുറിച്ചു പറഞ്ഞ്‌ അവരെ ആവേശംകൊള്ളിച്ചു. പഴശ്ശിരാജാവിനെ സഹായിച്ചതു ആദിവാസികളാണ്‌. സ്വാതന്ത്ര്യസമരത്തിൽ ആദിവാസികൾ വഹിച്ച പങ്കിനെക്കുറിച്ച്‌ പറഞ്ഞ്‌ അവരിൽ രാജ്യസ്നേഹം വളർത്തി. ചിലപ്പോൾ സന്ധ്യാസമയങ്ങളിൽ ഗ്രാമങ്ങളിൽ ഇറങ്ങിച്ചെന്ന്‌ ഗ്രാമീണർക്ക്‌ ഗാന്ധിജിയുടെ സമരമുറകളെപ്പറ്റി പറഞ്ഞ്‌ വേണ്ടത്ര അറിവുപകർന്നു. പലപ്പോഴും ആദിവാസി കോളനികളിലും മറ്റും പോലീസ്‌ അന്വേഷിച്ചെത്തുമ്പോൾ അദ്ദേഹം മുളങ്കാട്ടിനുള്ളിൽ അഭയം തേടിയിട്ടുണ്ട്‌. ഒരിക്കൽ പോലീസിന്റെ പിടിയിൽപെടുമെന്ന സാഹചര്യമുണ്ടായപ്പോൾ തിങ്ങി വളർന്ന മുളങ്കൂട്ടത്തിനുള്ളിൽ ഒറ്റയ്ക്കുകഴിഞ്ഞു. വിഷസർപ്പങ്ങളെപോലും ഭയക്കാതെവിശപ്പുസഹിച്ചുകൊണ്ട്‌ രണ്ടുനാൾ അവിടെ കിടന്നുറങ്ങി. ആപ്രദേശത്ത്‌ താവളമടിക്കുന്നുണ്ടെന്നറിഞ്ഞ്‌ പോലീസ്‌ ആദിവാസികോളനിയിലും പരിസരത്തും രാത്രിയും പകളും അന്വേഷിച്ചു. അതിഭയങ്കരമായ തണുപ്പു സഹിച്ച്‌ വിശന്നുപൊരിഞ്ഞാണവിടെ കാട്ടിൽ കഴിഞ്ഞത്‌. 1947 ആഗസ്റ്റ്‌ 15 സ്വാതന്ത്ര്യ പ്രഖ്യാപനത്തിനുശേഷമാണ്‌ കാട്ടിൽ നിന്ന്‌ പുറത്തേയ്ക്കു വന്നത്‌. ജയിൽജീവിതത്തെക്കാൾ എത്രയോ ക്ലേശകരമാണ്‌ ഒളിവിലുള്ള ജീവിതം. എപ്പോഴും അപകടങ്ങളുടെ നടുവിലാണ്‌. നാൽചുറ്റും പോലീസ്‌. അവരുടെ കണ്ണിൽ പെടാതെ കഴിയണം. പിന്നെ ഒറ്റുകാർ. മിക്കവാറും കാടിനുള്ളിലാണ്‌ താമസം. എപ്പോഴാണ്‌ കാട്ടുമൃഗങ്ങളും വിഷസർപ്പങ്ങളും കടന്നാക്രമിക്കുക എന്നറിയില്ല. ഇതിനോക്കെ പുറമെ കൊടുംപട്ടിണി. കഠിനമായ തണുപ്പുനിമിത്തം ഉറക്കം വരാത്ത രാത്രികൾ. നീണ്ടവർഷക്കാലം പോലീസിനു പിടികൊടുക്കാതെ ഒളിവിൽ കഴിഞ്ഞു എന്നത്‌ ഒട്ടും നിസ്സാരമായകാര്യമല്ല. എന്തൊക്കെയായാലും ഞാൻ എന്റെ അമ്മയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയാണ്‌ ഈ ത്യാഗം സഹിക്കുന്നതെന്നുള്ള ചിന്ത. അത്‌ ഒന്നിനൊന്ന്‌ ആവേശം പകർന്നു. കൂടുതൽ കഷ്ടപ്പാട്‌ സഹിക്കാനുള്ള ആവേശം. ആ ത്യാഗങ്ങളൊക്കെ സഹിക്കാൻ കഴിഞ്ഞതിൽ അദ്ദേഹത്തിന്‌ കൃതാർത്ഥതയുണ്ട്‌. ഭാരതാംബയുടെ ചങ്ങലക്കെട്ടുകൾ അഴിഞ്ഞുവീണല്ലോ എന്നകൃതാർഥത.

ഏറെനേരത്തെ മൗനത്തിനുശേഷം അദ്ദേഹം ചോദിച്ചു-എന്തിനാണ്‌ നാം സ്വാതന്ത്ര്യം നേടിയത്‌? വെട്ടിമുറിക്കപ്പെട്ട, ചോരയിൽ മുക്കിയെടുത്ത ഒരു ഭാരതമല്ലേ നമുക്കുകിട്ടിയത്‌?
അദ്ദേഹത്തിന്റെ കണ്ണുകളിൽനിന്ന്‌ കണ്ണുനീർ അടർന്നുവീണു. പിന്നെ ധാർമ്മികരോഷത്തോടെയാണദ്ദേഹം സംസാരിച്ചതു.

രാജ്യം ഇന്ന്‌ അഴിമതിയിൽ മുങ്ങി നിൽക്കുകയാണ്‌. ധാർമ്മികതയും നീതിബോധവും മനുഷ്യസ്നേഹവും തൊട്ടുതേച്ചിട്ടില്ലാത്ത ആളുകളുടെ കൈകളിലാണ്‌ ഭരണം അമർന്നിരിക്കുന്നത്‌. കൈക്കൂലികൊടുക്കാതെ ഒരുകാര്യവും നടക്കില്ല. ഇതിനെയാണോ ജനാധിപത്യമെന്നു പറയുന്നത്‌? ഇതിനുവേണ്ടിയായിരുന്നോ ഞങ്ങളൊക്കെ സമരം ചെയ്ത്‌ സ്വാതന്ത്ര്യം നേടിയെടുത്തത്‌?

നിരാശയല്ല അദ്ദേഹത്തിന്റെ മുഖത്ത്‌ സ്ഫുരിച്ചതു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന്‌ പെൻഷൻ കിട്ടുന്നുണ്ടോ എന്നുചോദിച്ചപ്പോൾ അദ്ദേഹം രോഷാകുലനായി. 'എന്തായിത്‌? സ്വന്തം അമ്മയെ അടിമത്തിൽ നിന്നു മോചിപ്പിക്കാൻ വേണ്ടി സമരം ചെയ്തതിന്‌ കൂലിവാങ്ങുകയോ? ഞാൻ സമരം ചെയ്തത്‌ കൂലിക്കു വേണ്ടിയായിരുന്നില്ല. പലരും കൂലിചോദിച്ചു വാങ്ങുന്നുണ്ടെന്നറിയാം. പെറ്റമ്മയെ സേവിച്ചതിന്‌ കൂലിക്കണക്കുപറഞ്ഞുവാങ്ങുന്ന മക്കൾ! സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞപ്പോൾ മഹാത്മാഗാന്ധി പറഞ്ഞതാണ്‌ ഇനി ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പിരിച്ചു വിടൂ എന്ന്‌. സ്വാതന്ത്ര്യം നേടുക എന്നതായിരുന്നു കോൺഗ്രസിന്റെ ലക്ഷ്യം. ആ ലക്ഷ്യം നാം നേടിക്കഴിഞ്ഞു. പക്ഷേ, ഗാന്ധിജി പറഞ്ഞത്‌ ആരും ചെവിക്കൊണ്ടില്ല. സ്വാതന്ത്ര്യം നേടിയെടുക്കുക എന്നതു മാത്രമായിരുന്നില്ല അവരുടെ ലക്ഷ്യം. വേറെയും പല ലക്ഷ്യങ്ങളും അവർക്കുണ്ടായിരുന്നു. ഗാന്ധിജിയുടെ വാക്കുകൾ ധിക്കരിച്ചുകൊണ്ട്‌ ആ ലക്ഷ്യം അവർ നേടിയെടുത്തു. അതുകൊണ്ടാണ്‌ രാജ്യം അഴിമതിയിൽ മുങ്ങിക്കുളിച്ചതു.'

ഇത്രയും പറഞ്ഞിട്ട്‌ അദ്ദേഹം ഒന്നു നെടുവീർപ്പിട്ടു. ഞങ്ങൾ യാത്രപറഞ്ഞിറങ്ങാൻ നേരത്ത്‌ അദ്ദേഹം ചോദിച്ചു:
"ഞാനെത്രരൂപയാണ്‌ നിങ്ങൾക്ക്‌ തരേണ്ടത്‌?" 

ഞാൻ ഒരു ഞെട്ടലോടെ അദ്ദേഹത്തോടു ചോദിച്ചു:" എന്തിനാണ്‌ ഞങ്ങൾക്കു രൂപാ?"
"ഇവിടെ പലരും വന്ന്‌ എന്നോട്‌ കാശുവാങ്ങിയിട്ടുണ്ട്‌. അതുകൊണ്ട്‌ ചോദിച്ചതാണ്‌.

അദ്ദേഹത്തിന്റെ അനുഭവമാണ്‌ ഞങ്ങളോട്‌ പറഞ്ഞത്‌. അതിൽ അദ്ദേഹത്തെ കുറ്റപ്പെടുത്താനാവില്ല. 
ഇതുപോലെ മറ്റൊരനുഭവവുമുണ്ടായി. തൂക്കിലേറ്റാൻ വിധിക്കപ്പെട്ട വിപ്ലവകാരിയായ കെ.പി.ആർ.ഗോപാലൻ. ഒരു സ്വാതന്ത്ര്യസമരസേനാനിയായ സി.എം.എസ്‌.ചന്ദേരയുമൊത്ത്‌ ഞാൻ ആ വിപ്ലവകാരിയുടെ വീട്ടിൽ ചെന്നു. അദ്ദേഹം വളരെ വികാരവായ്പോടെ ആ സമരകഥകൾ ഞങ്ങളോടു പറഞ്ഞു. രണ്ടുദിവസം അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന്‌ ഞങ്ങൾ ആ കഥകൾ കേട്ടു. പോരാൻനേരത്ത്‌ ഞാൻ അദ്ദേഹത്തിന്‌ ഒരു കവർകൊടുക്കാൻ ശ്രമിച്ചു. അദ്ദേഹം ആ കവറിലും എന്റെ മുഖത്തേക്കും സൂക്ഷിച്ചു നോക്കി. 

"രണ്ടു ദിവസം അങ്ങയെ ഞങ്ങൾ ബുദ്ധിമുട്ടിച്ചു. ഇത്‌ ഒരു ദക്ഷിണയാണ്‌."
"ദക്ഷിണയോ? ഞാനതിനു പൂജാരിയല്ലല്ലോ."

ഞങ്ങൾ നിർബന്ധിച്ചപ്പോൾ അദ്ദേഹം അതുവാങ്ങി. അദ്ദേഹം അകത്തേക്കുപോയി ഒരു രസീത്‌ ബുക്ക്‌ എടുത്തുകൊണ്ടുവന്ന്‌ തിരഞ്ഞെടുപ്പു കമ്മറ്റിയുടെ ഒരു രസീതെഴുതി എനിക്കു തന്നു. അന്ന്‌ എം.വി.രാഘവന്റെ തിരഞ്ഞെടുപ്പു പ്രചരണം നടക്കുന്ന സമയമായിരുന്നു. ആ തിരഞ്ഞെടുപ്പിലേക്കുള്ള സംഭാവനയായിട്ടാണ്‌ അദ്ദേഹം ആതുക സ്വീകരിച്ചതു. 

ഇങ്ങനെയുള്ള സത്യസന്ധരും ആദർശശാലികളുമായ രാഷ്ട്രീയനേതാക്കളും നമുക്കുണ്ടായിരുന്നു.
ഇവിടെ പൂർണമാകുന്നു

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...