25 Feb 2014

സഫലമാകട്ടെ യാത്രകൾ



സ്വാമി സന്ദീപാനന്ദഗിരി
ജീവിതത്തിന്റെ സവിശേഷതകൾ മനസ്സിലാക്കാൻ പ്രകൃതിയെ പല പരിപ്രേക്ഷ്യങ്ങളിലൂടെ നോക്കി കാണേണ്ടതുണ്ട്‌. ഓരോ യാത്രയും അതിലേക്കാണ്‌ നമ്മെ നയിക്കുന്നുണ്ട്‌. യാത്ര ഗുരുവാണ്‌. ജീവിതത്തിന്റെ അനവധി പാഠങ്ങൾ യാത്രയിലൂടെ നമുക്ക്‌ മനസ്സിലാക്കാനാകും. യാത്രകളോട്‌ നന്നേ ചെറുപ്പത്തിൽ തന്നെ നമുക്ക്‌ താത്പര്യമുണ്ടായിരുന്നു. ഭൂമിയിലെ ഏറ്റവും ഉയർന്ന ഭാഗത്തെ തടാകമായ മാനസസരോവറും ഏറ്റവും താഴെയുള്ള റെഡ്‌ സീ (റീഡ്‌ സീ)യും നമുക്ക്‌ സന്ദർശിക്കാനായിട്ടുണ്ട്‌. ജനസാന്ദ്രതയും ശബ്ദഘോഷങ്ങളും അനുഭവിച്ചു മടുക്കുമ്പോൾ പ്രകൃതിയുടെ ശാന്തത്തയിലേക്ക്‌ മടങ്ങാൻ ആഗ്രഹിക്കുക സ്വാഭാവികം. യാത്ര ഉത്സാഹമാണ്‌. അത്‌ മാറ്റങ്ങൾ കൊണ്ടുതരുകയാണ്‌. താമസസ്ഥലം മാറുന്നു, ഭക്ഷണം മാറുന്നു, ജനങ്ങൾ മാറുന്നു, ശീതോഷ്ണസ്ഥിതി മാറുന്നു, ഭാഷ മാറുന്നു. എല്ലാം മാറിക്കൊണ്ടിരിക്കുന്നു. മാറുന്ന കാഴ്ചകളും അനുഭവങ്ങളും അറിവുകളും-അതാണ്‌ യാത്രയുടെ സാഫല്യം. എല്ലാ യാത്രകളും സഫലമാക്കേണ്ടതുണ്ട്‌. അതിനായി യാത്രികൻ മനസ്സിനെ ഒരുക്കുകയും ഉണർത്തുകയും വേണം.

നമ്മുടെ ആദ്യയാത്രാനുഭവം കോഴിക്കോടുനിന്നു വയനാട്ടിലേക്കുള്ളതായിരുന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഒറ്റക്കു നടത്തിയ ആ യാത്രയെ ലക്ഷണമൊത്ത യാത്ര എന്ന്‌ ഇന്നും കരുതുന്നു. വയനാടുചുരം കയറിക്കയറി ബസ്സങ്ങനെ പോകുമ്പോൾ ചരലുവാരിയെറിയുന്നതുപോലെ ആലിപ്പഴങ്ങൾ പാറിവീണതും വനമേഖലയുടെ സുഖമുള്ള തണുപ്പും ഹരിതാഭയും ആസ്വദിച്ചതും ഇന്നും മനസ്സിലുണ്ട്‌. സാഹസികയാത്രകളും നമുക്കിഷ്ടമാണ്‌. ഹരിതാഭയും ആസ്വദിച്ചതും ഇന്നും മനസ്സിലുണ്ട്‌. സാഹസികയാത്രകളും നമുക്കിഷ്ടമാണ്‌. 16-17 വയസ്സുള്ളപ്പോൾ പുത്തൻ ഹീറോ ഹോണ്ടയിൽ സുഹൃത്തിനെയും കൂട്ടി കോഴിക്കോടു നിന്നും ബോംബെയിലേക്കു നടത്തിയത്‌ അത്തരത്തിലൊന്നാണ്‌. പീടികക്കോലായിലെ രാത്രിയുറക്കവും നദിയിലെ കുളിയും അപകടത്തിൽ പെട്ടപ്പോൾ ഏതോ ഗ്രാമീണരിൽ നിന്നു ലഭിച്ച പരിചരണങ്ങളും വലിയ കൗമാരസ്മരണയാണ്‌. നിരീക്ഷപാടവമാണ്‌ ഒരു യാത്രികനു വേണ്ട ഏറ്റവും വലിയ ഗുണം. ലോകത്ത്‌ എന്തൊക്കെ നടക്കുന്നു, ജീവിതത്തിനായി എന്തൊക്കെ പെടാപ്പാടുപെടുന്നു ഇതൊക്കെ അറിയാനുള്ള ജിജ്ഞാസ ശമിക്കുന്നത്‌ യാത്രയിലൂടെയാണ്‌. ഹിമാലയം നമുക്ക്‌ തറവാടുപോലെയാണ്‌. എത്രയോ യാത്രകൾ അവിടേയ്ക്ക്‌ നടത്തിയിരിക്കുന്നു. ഹിമാലയത്തിലെ പാറയുടെ ചെരുവിലിരുന്ന്‌ ഒരു ചെറിയകുട്ടി അക്ഷരം എഴുതി പഠിക്കുന്നത്‌ ഒരിക്കൽ കണ്ടു. അവന്റെ അമ്മ പാറപ്പണിയിലാണ്‌. വൃക്ഷശിഖരത്തിൽ കെട്ടിയ തുണിത്തൊട്ടിലിൽ അവന്റെ ഇളയകുഞ്ഞ്‌ സമാധാനത്തോടെ ഉറങ്ങുന്നു. ഇതൊക്കെ ദർശിച്ചു കഴിഞ്ഞാൽ ജീവിതത്തിൽ പരാതി പറയാൻ കഴിയുമോ? ഒരു മരക്കാലുപോലുമില്ലാത്ത, ഹിമസാഗരമായ കൈലാസത്തിലെ ചെറിയ പാറയിടുക്കുകളിൽ കിളികൾ മുട്ടയിട്ടു വിരിയിക്കുന്നു. പ്രകൃതിയോടിണങ്ങിയുള്ള ജീവിതത്തിന്റെ എത്ര എത്ര ദൃശ്യങ്ങളാണ്‌ ഉണർന്നിരിക്കുന്ന യാത്രക്കാരനു മുന്നിൽ സമർപ്പിക്കപ്പെടുന്നത്‌!

സൗന്ദര്യമാർന്ന പ്രദേശങ്ങളെ പവിത്രതയുമായി ഈശ്വരനുമായി ബന്ധിപ്പിക്കുക എന്നത്‌ ഭാരതത്തിന്റെ രീതിയാണ്‌. അവിടെയൊക്കെ ക്ഷേത്രങ്ങൾ സ്ഥാപിക്കുകയോ പുരാണകഥകളുമായി ബന്ധപ്പെട്ട സ്ഥലങ്ങളായി അടയാളപ്പെടുത്തി ബഹുമാനിക്കുകയോ ചെയ്തിരുന്നു. ഇന്ന്‌ സൗന്ദര്യമാർന്ന സ്ഥലങ്ങളൊക്കെ ഭൗതികാസക്തി പ്രകടമാക്കുന്ന വൻ റിസോർട്ടുകളും പാർപ്പിടസമുച്ചയങ്ങളുമായി മാറിക്കൊണ്ടിരിക്കുന്നത്‌ ഓരോ യാത്രയിലും അറിയാൻ കഴിയുന്നു.

നമ്മുടെ ആദ്യ വിദേശയാത്ര ശ്രീലങ്കയിലേക്കായിരുന്നു. എലിഫന്റ്‌ ഓർഫനേജ്‌ വലിയ കാഴ്ചയായി. വികളാംഗരും വൃദ്ധരുമൊക്കെയായി അനേകം ആനകളെ അവിടെ സംരക്ഷിച്ചിരിക്കുന്നു. കാട്ടിലൂടെ ആനക്കൂട്ടങ്ങൾ നദിയിൽ കുളിക്കാൻ പോകുന്നത്‌ ഗംഭീരകാഴ്ചയാണ്‌. പിന്നെ കാഠ്മണ്ഡു, ചൈന, അമേരിക്ക, ഇംഗ്ലണ്ട്‌, സ്കോട്ട്ലൻഡ്‌, ആസ്ത്രേലിയ. 

ഈ യാത്രകളിൽ പ്രത്യേകം ശ്രദ്ധിച്ച ഒരു കാര്യം അവർ സഞ്ചാരത്തിനും സ്വസ്ഥജീവിതത്തിനും ശ്രദ്ധയോടെ ഒരുക്കിയ സൗകര്യങ്ങളാണ്‌. ശബ്ദമലിനീകരണത്തിനെതിരെയും മാലിന്യനിർമ്മാർജ്ജനത്തിനും സഞ്ചാരപാതകളുടെ വൃത്തിയ്ക്കും നിലവാരത്തിനും അവർ കൊടുക്കുന്ന പ്രാധാന്യം അഭിനന്ദനം അർഹിക്കുന്നു. സ്വസ്ഥവും ഭദ്രവുമായ ജീവിതത്തിനു വേണ്ട സാഹചര്യങ്ങൾ ചിന്താരൂപത്തിൽ ഭാരതത്തിൽ പണ്ടേക്കുപണ്ടേ ഉണ്ടായിരുന്നുവേങ്കിലും അവയൊന്നും പ്രാവർത്തികമാക്കാൻ നമുക്കാവുന്നില്ല. വിദേശങ്ങളിൽ കാണുന്ന ഇടപെടലുകൾ നാട്ടിലും ഉണ്ടായെങ്കിലെന്ന്‌ ആശിച്ചുപോകുന്നു.

ആഗ്രഹിച്ചിട്ടും നടക്കാതെപോയ യാത്രയെക്കുറിച്ചും പറയട്ടെ. അത്‌ പാകിസ്ഥാനിലേക്കുള്ളതായിരുന്നു. ചിന്മയ യുവകേന്ദ്രത്തിന്റെ ക്യാമ്പ്‌ നടത്തുമ്പോൾ പരിചയപ്പെട്ട പാകിസ്ഥാൻ യുവാക്കളാണ്‌ അത്തരം ഒരു യാത്രയെക്കുറിച്ച്‌ ചിന്തിപ്പിച്ചതു. ഇന്ത്യയുടെയും പാകിസ്ഥാന്റെയും ജനങ്ങൾ പരസ്പരം ഇടപെടുകയും ആശയവിനിമയം നടത്തുകയും ചെയ്താൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്‌ ഊഷ്മളതയുണ്ടാകും എന്ന നിശ്ചയത്തിലെടുത്ത പദ്ധതി, പക്ഷെ, മിഷന്റെ പരമാചാര്യൻ നിരാകരിക്കുകയായിരുന്നു. നമുക്ക്‌ ഏറെ ദുഃഖമുണ്ടാക്കിയ ഒരു അനുഭവമാണത്‌. ഏതായാലും ആ ആഗ്രഹം പ്രാവർത്തികമാക്കണം എന്നു തന്നെയാണ്‌ മനസ്സ്‌ മന്ത്രിക്കുന്നത്‌. 

യാത്രകൾ നടത്തുവാനുള്ള താത്പര്യം ഏവരിലും ഉണ്ടാകട്ടെ!
കടപ്പാട്: പിറവി മാസിക

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...