മോഹൻ ചെറായി
ഒരു
സത്യക്രിസ്ത്യാനി നിർമ്മാല്യം തൊഴാനായിട്ട് ഭഗവതി ക്ഷേത്രത്തിലെത്തുക !
എന്റമ്മോ .............. ഹിന്ദുക്കളറിഞ്ഞാലും ക്രിസ്ത്യാനികളറിഞ്ഞാലും
കൊഴപ്പമാ. എങ്കിലും ഇങ്ങ് പോന്നു.......... ആവൂ..... നെഞ്ച് അങ്ങനെ
പടപടാന്ന് അടിക്കേണ്. അമ്പലം വീടിന്റെ അടുത്തല്ല; ഇവിടാണെങ്കിൽ
അറിയുന്നോരു ആരുമൊട്ടില്ല താനും. പക്ഷേ........ കൈയും കാലും
വിറയക്കുന്നു......
"കർത്താവേ, കാത്തോളണേ "
ശ്യോ - ഈ കർത്താവിന് മനസ്സീക്കേറിവരാൻ തോന്നിയ നേരം .......
കർത്താവ്
ക്ഷമിക്കും. അത് അറിയാം........ പക്ഷേ ഇടവക്കാരും ഫാമിലി
യൂണിറ്റുകാരും....... അവര് ഇത് അറിഞ്ഞാലത്തെ പുകില് ! അന്നാമ്മേം
പിള്ളേരുമറിഞ്ഞാലുള്ള ജഗപൊഹ !! എന്റമ്മോ........ ! പിള്ളേരുടെ കാര്യം
പോട്ടേ........ പക്ഷേ അന്നാമ്മേടെ ചെവീല് ഇതെങ്ങാനെത്തിയാൽ ഈ ഭൂമിമലയാളം
അവള് എളക്കി മറിക്കും. അല്ലെങ്കിത്തന്നെ ഭയങ്കര ഭരണമാണ്. അവളുടെ
ആഗ്രഹങ്ങളേ നടക്കാൻ പാടുള്ള്. മറ്റൊള്ളോർക്കൊന്നും ആഗ്രഹങ്ങളുപാടില്ല.
ചുമ്മാതല്ല അയൽക്കാര് "അന്നമ്മ" എന്നതിനുപകരം അവളെ "ആണമ്മ" എന്നു
വിളിക്കുന്നത്. ഒടുക്കത്തെ ഭരണമല്ലേ. ഭർത്താവിനേം മക്കളേം അയലോക്കക്കാരേം,
എന്തിന് വീട്ടിൽ വരണ പണിക്കാരേം പിച്ചക്കാരേം വരെ അവള് വെറപ്പിക്കണ
വെറപ്പിക്കല് !! ആവൂ..... അത് അനുഭവിച്ചറിയണം. ഇതെങ്ങാനുമറിഞ്ഞാ എന്റ
പൊന്നേ......... താനേ ചവക്കണ അച്ചീടെ വായില് പത്ത്
അവലിട്ടുകൊടുത്തപോലാവും. ഏതായാലും കൊറേ നാളത്തെ ഒരു മോഹമാണു
നടക്കാമ്പോണത്. വേറേ കാര്യങ്ങളൊക്കെ ആലോചിച്ചാ, കേശവന്നായരു പറേണ പോലെ
"മോഹങ്ങള് പൂവണിയൂല്ല" !.
ഭഗവതിയോടുള്ള ഭക്തി
മനസ്സിലേക്കു കോരിയിട്ടതു കേശവൻനായരാണ്. ഒന്നിച്ചു പഠിച്ചവരാണെങ്കിലും
വല്യ അടുപ്പമുണ്ടായിരുന്നില്ല. അങ്ങനെയിരിക്കേ കേശവനായരുടെ പൊരേം സ്ഥലോം
റെയിൽവേക്ക് എടുത്തുപോയി. (റെയിൽവേക്കാർക്കു സുദി !!) അടുത്ത സ്ഥലം വാങ്ങി
പോര പണിതു അയൽക്കാരായി ആദ്യമൊക്കെ ഓണത്തിനും ക്രിസ്മസിനും ഒരു
കുപ്പീമൊക്കെയായി കൂടുമായിരുന്നു. പിന്നെ പിന്നെ അന്നാമ്മേം പുള്ളാരും
നോവേനക്കുപോകുമ്പോഴും കൂടലായി - ഇത്തിരി അകത്തുചെന്നാ ഓരോന്നങ്ങനെ പറയൂലോ.
ഒരു ദെവസി അങ്ങനെ
അന്നാമ്മേം പുള്ളാരും നോവേനക്കുപോയപ്പ, കേശവന്നായരുമൊത്തൊള്ള
നോവേനക്കെടയിലാ ഈ നിർമ്മാല്യം ചാടി വീണത്. കേട്ടപ്പ ഒരു നഷ്ടം തോന്നി.
നിർമ്മാല്യം തൊഴാൻ ക്രിസ്ത്യാനിക്കെവടെയാ ഭഗവതി. ആകപ്പാടെയൊള്ള
മാതാവിനാണെങ്കി ഈ വക ഏർപ്പാടും ഇല്ല. അയാളു പറഞ്ഞ നിർവൃതി പള്ളീലും ഇല്ല
വീട്ടിലെ പ്രാർത്ഥനേലും ഇല്ല. ഇല്ലാത്ത ശീലം വീട്ടില് തൊടങ്ങാന്നുവച്ചാ
അന്നാമ്മ കൊല്ലും ! മനസ്സില് നിർവൃതി ദഹിക്കാതെ അങ്ങനെ ഉരുണ്ടും പെരണ്ടും
കെടന്നപ്പ ഒറക്കംപോയി. പിന്നേം പിന്നേം ഓർക്കുമ്പ ഈ ഭക്തി അങ്ങനെ
പെരുകിവന്ന്.
പിന്നെ ഒരിക്കല് നോവേന
കൂടിക്കൊണ്ടിരുന്നപ്പ ഈ ഭക്തീം ദുഃഖോം കേശവന്നായരോടുതന്നെ പറഞ്ഞ്. ഒക്കെ
കേട്ട് കേശവന്നായര് കൊത്തിവച്ച പാവ പോലെ മോത്ത് നോക്കിയിരുന്ന്. "മഹറോൻ
ചൊല്ലൂല്ലേ"ന്നായിരുന്നു പിന്നത്ത ചോദ്യം. ഒരു പ്രാവശ്യം നിർമ്മാല്യം
തൊഴുതെന്നു വച്ച് സഭേന്നു പൊറത്താക്കേ ? ഹേയ്! മതം മാറേം ഒന്നും
ചെയ്യണില്ലല്ലാ. പരിചയോല്ലാത്ത സ്ഥലത്താണ് അമ്പലമെങ്കി സുഗായി.
അങ്ങനേണ് ഭഗവതിക്ഷേത്രോം
നിർമ്മാല്യം തൊഴലുമൊക്കെ വീടിനടുത്തൊണ്ടായിട്ടും കേശവൻ നായർക്കു
പരിചയമൊള്ള ഇവിടെ എത്തിയത്. നാട്ടീന്ന് ഏറെ അകലെ, പരിചയക്കാരും ചോദ്യോം
പറച്ചിലും ഒന്നൂല്ലാത്ത ഈ നാട്ടില്. ക്ഷേത്രത്തിന്റെ അടുത്തു തന്നെയാണ്
ലോഡ്ജ്. വിളിച്ചൊണർത്തലടക്കം എല്ലാക്കാര്യോം ർറൂം ബോയിയോടു പറഞ്ഞ്
ഏർപ്പാടാക്കീട്ടാണ് കേശവന്നായരു പോയത്. ർറൂം ബോയിക്കൊള്ള ടിപ്പുവരെ കേശവൻ
നായരുകൊടുത്തപ്പ, സന്തോഷം കൊണ്ടു കണ്ണു നെറഞ്ഞു.
സമയം എത്രയായീ ആവോ.....
സാധാരണ കട്ടിലു കണ്ടാ ഒറക്കം വരണതാ ശീലം. ഇന്നുപക്ഷേ ഒറക്കം..........
അല്ല, അതിന്റെ ഒരു നല്ല ഭാഷ കേശവൻ നായരുപറയാറൊണ്ടല്ലാ..........ങാ .............നിദ്രാദേവി. ഒരു പാടുനാളത്തെ ആഗ്രഹം നടക്കാമ്പോണതോർത്താവാം നിദ്രാദേവി വന്നില്ല.
വാതിലില് ഒരു മുട്ട്.
പെട്ടെന്നു പേടിച്ചു പോയി. വാതിലുതൊറന്നു, ലവനാണ്. ർറൂം ബോയി. അവന്റെ ഒരു
ചിരി. (താമസക്കാരന്റെ മൊഖത്തെ പേടി കണ്ടാവും- ബാക്കിയൊള്ളവന് ഇതൊന്നും.
പരിചയമില്ലെന്ന് അവനറിയില്ലല്ലോ.) തൊഴാനൊള്ള മുണ്ടും തന്ന്, കുളിച്ചു
റെഡിയായിക്കോളാൻ പറഞ്ഞ് അവൻ പോയി. ഹൗ. എന്തൊരു കൃത്യനിഷ്ഠ.
ടിപ്പുകൊടുക്കണമെങ്കി, ഇതുപോലത്തെ പയ്യമ്മാർക്കു കൊടുക്കണം.... കുളി
കഴിഞ്ഞു വിളിക്കുവേണ്ടി കാത്തിരുന്നു.
വിളി വന്നു;
നിർമ്മാല്യത്തിനു നടേംതൊറന്നു, മുഴുക്കാപ്പുമാറ്റിയ ഭഗവതീ വിഗ്രഹം. കണ്ടു !
കൺകുളുർക്കേ കണ്ട് !! കണ്ട്, പരിസരം മറന്നങ്ങനെ കയ്യും കൂപ്പി നിന്നു.
വിഗ്രഹം പഞ്ചലോഹമാണെന്നു തോന്നുന്നു. നല്ല ഗോതമ്പിന്റെ നെറം.
കടഞ്ഞെടുത്തപോലത്തെ ശരീരം. ലക്ഷണമൊത്ത മൊഖോം മൂക്കും. അവടന്ന്
താഴോട്ടിറങ്ങുമ്പോ ജീവിതത്തിലൊരിക്കലും കാണാത്ത കാഴ്ചകളും നിർവൃതീം !
ദീപാരാധനേം മണിയടീം !! നിന്ന നിപ്പിലു വെശർത്തു. നാവിലു വെള്ളം വറ്റി.
നോട്ടോം പരവശോം കണ്ടട്ടാണെന്നു തോന്നണു ഭഗവതീടെമൊഖത്തും ഒരു കള്ളച്ചിരി.
സ്വർഗ്ഗം കിട്ടി ! ഇനി മരിച്ചാലും വേണ്ടില്ല; കേശവൻ നായരു പറഞ്ഞപോലെ
നിർവൃതീല് ആറാടി, ഏഴാടി നിക്കുമ്പോ, പെട്ടെന്നാണ് അതൊണ്ടായത് :
വാതിലിൽ ഒരു ചവിട്ട്
മൊശടൻ ശബ്ദത്തില് ഒരലർച്ചേം :
"വാതിലുതൊറക്കെടാ"
ബോയിയല്ല ! അവന്റെ ശബ്ദമിതല്ല !! പിന്നിതാര് ?
എന്താ
ചെയ്യേണ്ടതെന്നറിയാതെ പകച്ച്. തിരിഞ്ഞുനോക്കി. അഴിച്ചിട്ട ആടകളൊക്കെ
കട്ടിലിൽ നിന്നെടുത്ത് ഭഗവതി മുഴുക്കാപ്പു ചാർത്തുന്നു................... ...