എം.കെ.ഹരികുമാർ
ഭാഷയിൽ
ഒരു കലാപം ഒളിച്ചിരുപ്പുണ്ട്. അത് വസ്തുക്കളെ മൂടാനുള്ളതല്ല. കലാപം
ഉണ്ടാകുന്നത് സ്വാഭാവികമായാണ്. നമ്മൾ വളരെ കേട്ടതും കണ്ടതുമായ കാര്യങ്ങൾ
മാത്രമല്ല, കേൾക്കാത്തതും നമ്മളോട്, ഒരു ഭാഷ ആവശ്യപ്പെടും. എഴുത്തുകാരൻ
പുറത്തുകൊണ്ടുവരുന്നത് എവിടെയോ തടഞ്ഞുവച്ചിരിക്കുന്ന ഒരു ലോകത്തെയാണ്.
അതിന് വേറൊരു മൂർച്ചയുള്ള ഭാഷ ആവശ്യമാണ്. അടിമകൾ സ്വാതന്ത്ര്യത്തിനു
വേണ്ടി ശബ്ദമുയർത്തുന്നത് ഒരു പ്രതിഷേധവും സമരവുമായി മാറുകയാണല്ലോ
ചെയ്യുന്നത്. ആ സമരത്തിന്റെ രൂപം ഒരു ഭാഷയാണ്. അതുകൊണ്ട് വലിയ ആശയങ്ങൾ
അവതരിപ്പിക്കുന്ന എഴുത്തുകാരന്റെ ഭാഷയിൽ, നിലവിലിരിക്കുന്ന, മൂകവും
ബധിരവുമായ, അമിത ഭക്ഷണം കഴിച്ച് അനങ്ങാൻ പറ്റാതായ യാഥാസ്ഥിതിക
അഭിരുചിയോട് ഏറ്റുമുട്ടേണ്ടിവരും.
ഭാഷയ്ക്ക് സ്വതസിദ്ധമായി
ഒരു സ്വഭാവമുണ്ട്, വസ്തുക്കളെ മൂടിവയ്ക്കുക എന്നതാണത്. നാമങ്ങളും
ക്രിയകളും വസ്തുക്കളെ മൂടുന്നു. 'ഞാൻ നിന്നെ പ്രേമിക്കുന്നു' എന്ന് ഒരാൾ
പറയുന്നത്, അയാൾക്ക് അതു പറയാതെ തന്റെ യാഥാർത്ഥ്യത്തെ സ്ഥാപിക്കാൻ
കഴിയാത്തതുകൊണ്ടാണ്. ആ ഭാഷയിലാണ് അയാൾ നിലനിൽക്കുന്നത്. മറ്റൊരു തരത്തിൽ
ആ കാര്യം വ്യക്തമാക്കാമായിരുന്നെങ്കിൽ അങ്ങനെ ചെയ്യുമായിരുന്നു. രണ്ടു
വ്യക്തികൾ പരസ്പരം അറിയുന്നവരാണെങ്കിൽപോലും ഇത്തരം ഭാഷ വേണ്ടിവരുന്നുണ്ട്.
അപ്പോൾ, ഒരു കവി പ്രേമത്തെപ്പറ്റി പറയുമ്പോൾ, അത് ഭാഷകൊണ്ട് വരയ്ക്കുന്ന
വര മാത്രമായി നിൽക്കുകയാണ്. പ്രേമത്തെ അത് നാമരൂപമാക്കി മൂടിക്കളയുന്നു.
ഒരു കാര്യം ഭാഷയിലൂടെ അവതരിപ്പിക്കുന്നതോടെ, അതിന്റെ ഭാഷാരൂപം മാത്രം
ശേഷിക്കുകയും മറ്റെല്ലാം അപ്രത്യക്ഷമാവുകയും ചെയ്യും. ഭാഷയുടെ തനി സ്വഭാവം ഈ
മൂടിവയ്ക്കലാണ്. ബഹുനാമങ്ങളുടെയും ബഹുരൂപങ്ങളുടെയും സമുദ്രങ്ങളിൽ നിന്ന്
ഭാഷ അതിനാവശ്യമായ കേവല യാഥാർത്ഥ്യത്തെ മാത്രമാണ് എടുക്കുന്നത്. അങ്ങനെ
ഭാഷ അതിനാവശ്യമുള്ളത് പ്രകാശിപ്പിക്കുകയാണെന്ന വ്യാജേന മറ്റെല്ലാറ്റിനെയും
മൂടുന്നു. ഭാഷയിൽ പ്രത്യക്ഷപ്പെട്ടാൽ പിന്നെ വ്യാഖ്യാനത്തിനാണ് പ്രസക്തി,
യാഥാർത്ഥ്യം തന്നെ ചോദ്യം ചെയ്യപ്പെടുന്നു. പല വസ്തുക്കളും ശേഖരിച്ച്
വച്ചിരിക്കുന്ന ഒരു വലിയ പാത്രത്തിൽ നിന്ന് ഏതെങ്കിലും ഒന്നെടുത്ത്
ഉയർത്തിക്കാണിക്കുന്നതുപോലെയാണ് ഭാഷയുടെ രൂപീകരണം. എന്നാൽ
രൂപീകരിക്കപ്പെടുന്ന ഭാഷയാകട്ടെ, പിന്നീട് വ്യാഖ്യാനിച്ച്
കണ്ടുപിടിക്കേണ്ടിയും വരുന്നു. നമ്മൾ എന്താണോ പറയാൻ ശ്രമിക്കുന്നത്, ഭാഷ
തന്നെ അതിനെ മൂടിക്കളഞ്ഞാലോ?
യാഥാർത്ഥ്യം തന്നെ
മിഥ്യയായി മാറുന്നതുകാണാം. മോപ്പസാങ്ങ് ഒരിക്കൽ പറഞ്ഞത്, യാഥാർത്ഥ്യവും
മിഥ്യയും, നമ്മുടെ കാഴ്ചകളുടെ ആപേക്ഷികതയിലൂടെയാണ്
നിശ്ചയിക്കപ്പെടുന്നതെന്നാണ്. എന്തായാലും, നാം നിത്യവും
കാണുന്നതിനപ്പുറമുള്ള, കുറേക്കൂടി തീക്ഷണമായ, ബുദ്ധി ആവശ്യമുള്ള കൂടുതൽ
വിശകലനങ്ങളും മനനങ്ങളും വേണ്ടതായ യാഥാർത്ഥ്യം ശേഷിക്കുന്നുണ്ട്. അതാണ്
എഴുത്തുകാരൻ തേടേണ്ടത്.
ഒരാളുടെ മിഥ്യ അയാൾ തന്നെ
സൃഷ്ടിക്കുന്നതാണ്. ജാതിവ്യവസ്ഥ ഒരു മിഥ്യയാണോ എന്നത് ഒരാളുടെ അറിവിനെ
ആശ്രയിച്ചിരിക്കുന്നു. ക്ഷേത്രാരാധനയും അനുഷ്ഠാനങ്ങളും ശരിയാണോ എന്നതും
ആളുകളുടെ ബുദ്ധിയെയും വിവേകത്തെയും അടിസ്ഥാനമാക്കി പരിശോധിക്കേണ്ടതാണ്.
ഇത്തരം കാര്യങ്ങളുടെ അടിയിലെ വസ്തുതകൾ മൂടിവയ്ക്കാനുള്ളതല്ല ഭാഷ. ഭാഷ ഒരു
ചത്ത തിമിംഗലമല്ല. അത് പ്രദർശിപ്പിക്കുന്നത് മൃതശരീരമോ, ആംഗ്യങ്ങളോ അല്ല;
അത് നിമിഷം തോറും സജീവമാകുകയാണ്.
ഭാഷ എപ്പോഴും കേവല
വ്യവസ്ഥാപിതത്വമായി നിലനിൽക്കുന്ന ഒരു സാഹചര്യമുണ്ടെന്ന് നാം
മനസ്സിലാക്കണം. ആ വ്യവസ്ഥാപിതത്വം ഒന്നിനെയും മാറാൻ സമ്മതിക്കുകയില്ല.
ഇന്നലേകളിൽ എന്ത് കണ്ടെത്തിയോ അതുമതി എന്നു തീരുമാനിക്കുന്നത്
മര്യാദകേടാണ്.
ഭാഷ പുറമേ കാണുന്നതേയല്ല,
അത് അകത്തുള്ള യാഥാർത്ഥ്യമാണ്. ഒരാളോട് ദേഷ്യമുണ്ടെങ്കിൽ, അത്
പ്രകടിപ്പിക്കുന്നതിന് ഒരു ഭാഷ വേണ്ടിവരുന്നുണ്ടല്ലോ. എന്താണ്
ഇതിന്റെയർത്ഥം? ഉള്ളിലെ ദേഷ്യം ഒരു ഭാഷയിലാണ് നില നിൽക്കുന്നത്. ഭാഷയുടെ
അഭാവത്തിൽ അതിന് വ്യക്തത്തയുണ്ടാകന്നില്ല. ഒരാൾ താൻ എന്താണെന്ന്
സ്ഥാപിക്കുന്നത് ഭാഷയിലൂടെയാണ്. എന്നാൽ കാപട്യത്തിൽ ജീവിക്കുന്നവർക്ക്
ഭാഷ ഒരു മറയാണ്. താൻ എന്തെങ്കിലുമാണെങ്കിൽ, അതല്ല മറ്റൊന്നാണ് എന്ന്
സ്ഥാപിക്കാൻ കഴിയുമെങ്കിൽ, തീർച്ചയായും, അയാൾക്ക് പ്രേമത്തിന്റെ ഭാഷയിലും ആ
കൃത്രിമത്വം കാണിക്കാൻ കഴിയും. എന്നാൽ ആ കൃത്രിമഭാഷയിൽ അയാളില്ലല്ലോ.
അതിനു പുറകിൽ അയാൾ ഉണ്ടെന്ന് വിശ്വസിച്ച് ആസക്തിയോടെ വന്നണയുന്നവരെല്ലാം
ചതിക്കപ്പെടുന്നു.
ഇന്ന് ഛന്ദസ്സിനു വേണ്ടി
പത്രങ്ങൾപോലും ഭാഷയെ നശിപ്പിക്കുന്നു. വാർത്തയിൽ വിസ്മയവും ദുഃഖവും
വിളക്കിച്ചേർക്കേണ്ടിവരുമ്പോൾ പത്രങ്ങളും ഭാഷയെ കസവണിയിക്കുന്നു.
സാഹിത്യനിരൂപണത്തിലും ഭാഷയെ കസവുകൊണ്ട് മൂടുന്നത് കാണാം. വസ്ത്രത്തിൽ
കസാവാകാം; പക്ഷേ, അത് വസ്ത്രത്തിന്റെ എന്നപോലെ ശരീരത്തിന്റെയും
അധീനപ്രദേശം വ്യക്തമാക്കാനുള്ളതാണ്. വസ്ത്രം ഒരു അധീനപ്രദേശത്തെ
ചൂണ്ടിക്കാട്ടുന്നു. അത് ശരീരം എന്ന പ്രദേശമാണ്. അതിന് അതിർത്തിയുണ്ട്.
എന്നാൽ വസ്ത്രത്തിൽ എഴുപതു ശതമാനവും കസവായാൽ, വെള്ള നിറത്തിൽ
പിന്നെയൊന്നും കാണാനുണ്ടാവില്ല. കസവിനെ നിയന്ത്രിക്കുമ്പോഴാണ്
വസ്ത്രത്തിന് ഭംഗിയുണ്ടാവുന്നത്. ഭാഷയിലും അലങ്കാരം ഭാരമാവരുത്ത്.
ഭാഷയുടെ അർത്ഥത്തിൽ നിന്ന് ഛന്ദസ്സിനെ വേർപെടുത്താൻ പറ്റാത്തവിധം
ഒട്ടിച്ചു ചേർക്കുമ്പോഴാണ് ണല്ലോരു ഭാഷാനുഭവം ഉണ്ടാകുന്നത്. വിജയൻ
'സ്നേഹത്തിന്റെ സുഗന്ധിയായ ദുഃഖം' (പ്രവാചകന്റെ വഴി) എന്നു
പ്രയോഗിക്കുമ്പോൾ ഛന്ദസ്സും ഭാവനയും ഒന്നായി മാറുന്നു.
ഭാഷയുടെ ഉപയോഗം
യാഥാർത്ഥ്യത്തെ മണ്ണിനടിയിൽ നിന്ന് മോചിപ്പിക്കുന്ന കാര്യത്തിലാണ്
വേണ്ടത്. ഭാഷ സൗന്ദര്യവർദ്ധക വസ്തുവല്ല; അത് ഭയമില്ലാത്ത ഒരു
മനോഭാവമാണ്. ഒരു നായ മണത്ത് മണത്ത് ചെന്ന്, മണ്ണിനടിയിൽ കിടക്കുന്ന ഒരു
ശവശരീരം മാന്തിയെടുത്ത് പുറത്തിടുന്നതുപോലെയാണ് ഭാഷ ഉപയോഗിക്കേണ്ടത്.
നമ്മൾ കണ്ട് കണ്ട് മടുത്ത വസ്തുക്കളെ reinvent ചെയ്യാനുള്ളതാണ് ഭാഷ;
പൂവിട്ട് പൂജിക്കാനുള്ളതല്ല. ചെളിയും ദുർഗന്ധവുമുള്ള ഒരു സ്ഥലത്ത് എലികൾ
വന്ന് കുഴിച്ച് ഒരു രാത്രിയെങ്കിലും തങ്ങുന്നതുപോലെയാകണം ഭാഷയുടെ അനുഭവം.
ഭാഷ അതിനെത്തന്നെ നിരാകരിക്കുന്നതാകണം. അപ്പോഴാണ് മറ്റൊരു
യാഥാർത്ഥ്യമുണ്ടാകുന്നത്. യു.പി.ജയരാജിന്റെ 'ബീഹാർ' എന്ന കഥയിലെ ചില
വാക്യങ്ങൾ ഉദ്ധരിക്കട്ടെ:
"നിങ്ങളുടെ രാമായണത്തിൽ
പതിവ്രതയായ ഒരു പെണ്ണിന്റെ പാവന ചരിത്രമാണുള്ളതെന്ന് പറഞ്ഞ്
കേട്ടിട്ടുണ്ട്. നിങ്ങളും നിങ്ങളുടെ അപ്പനപ്പൂപ്പന്മാരും, നിങ്ങളും
നിങ്ങളുടെ മക്കളും ചെറുമക്കളും രാമായണം വായിച്ച് ഹൃദിസ്ഥമാക്കി.
എന്നിട്ട് ഞങ്ങളുടെ ചെറ്റക്കതകുകൾ ചവിട്ടിപ്പൊളിച്ച് ഞങ്ങളുടെ
പെണ്ണുങ്ങളെ മാനഭംഗപ്പെടുത്തി. നിങ്ങളുടെ മഹാഭാരതത്തിൽ അന്യന്റെ മുതൽ
അപഹരിച്ചും കള്ളച്ചൂതുകളിച്ച് സഹോദരങ്ങളെ തോൽപിച്ചും കഴിഞ്ഞ അഹങ്കാരികളുടെ
പതന ചരിത്രമാണുള്ളതെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. നിങ്ങളും നിങ്ങളുടെ
അപ്പനപ്പൂപ്പന്മാരും, നിങ്ങളും നിങ്ങളുടെ മക്കളും ചെറുമക്കളും മഹാഭാരതം
മുഴുവൻ മനഃപാഠമാക്കി. എന്നിട്ട് ഞങ്ങളുടെ വിളഭൂമികൾ അപഹരിച്ചു. ഞങ്ങളെ
കള്ളച്ചൂതുകളിച്ച് തോൽപ്പിച്ച് അടിമകളാക്കി".
ഈ ഭാഷയിലൂടെ
യു.പി.ജയരാജ് ചില യാഥാർത്ഥ്യങ്ങൾ മണ്ണിനടിയിൽ നിന്ന് വലിച്ചു
വാരിയിടുന്നു. ഭാഷ ഇതിനുള്ളതാണ്, മറ്റുള്ളവർ പറയുന്നത് കേട്ട് ഏറാൻ
മൂളാനുള്ളതല്ല.
ഭാഷ
ഒരിക്കലും, ഒന്നിനെയും പൂർണ്ണമായി കാണിച്ചുതരുന്നില്ല. അത്
തിമിംഗലത്തിന്റെ ശവം അടക്കം ചെയ്തത് കടൽതീരത്ത് കണ്ടെത്തിയാൽപ്പോലും
പൂർണ്ണമായി പുറത്തെടുത്തുകൊള്ളണമെന്നില്ല; ഒരറ്റം, ഒരു ശരീരം ഭാഗമെങ്കിലും
വെളിച്ചത്ത് കൊണ്ടുവരാനാകണം. മറഞ്ഞിരിക്കുന്ന ഭാഗങ്ങൾ പുറത്തെടുക്കാൻ
പട്ടിയെപ്പോലെ വാലാട്ടിയും ആർത്തിയോടെ കുരച്ചുമാണ് ഭാഷ
തയ്യാറെടുക്കുന്നത്.