നിഷ ശങ്കർ
ചാർജ് ഓഫീസർ, തിരുവനന്തപുരം
വിലയിടിവുമൂലം
കേരളത്തിലെ നാളികേര കർഷകർ പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞപ്പോഴും
തിരുവനന്തപുരം അമ്പലത്തറയിലെ ശ്രീപാദം വീട്ടിൽ പ്രതാപിന്റെ നാളികേരം മാത്രം
ആഗോളവിപണി കീഴടക്കി മുന്നേറുകയായിരുന്നു. വിലകേട്ടാൽ ഞെട്ടും.
ഒരെണ്ണത്തിന് 400 മുതൽ മുകളിലേയ്ക്കാണ്. പ്രതിഭയുടെ പിൻബലം കൊണ്ടു മാത്രം
നാളികേരത്തിൽ കരകൗശല മൂല്യവർദ്ധനവ് വരുത്തുന്ന ഈ ചെറുപ്പക്കാരന്റെ
പരീക്ഷണശാലയിൽ നാളികേരങ്ങൾ, വാനരന്മാരായും ആനകളായും കുതിരകളായും
പക്ഷികളായും പുതിയ രൂപ ഭാവങ്ങൾ ആർജ്ജിക്കുന്നു.
ഒരു തേങ്ങ കിട്ടിയാൽ, അപ്പോൾതന്നെ അതിൽ മറഞ്ഞിരിക്കുന്ന കലാരൂപം
പ്രതാപിന്റെ മനസിൽ വിരിയുകയായി. പിന്നെ, ചിരട്ടയും അതിനോട്
ചേർന്നിരിക്കുന്ന ചകിരി ഉൾപ്പെടെയുളള ഭാഗങ്ങളിലൂടെ പ്രതാപിന്റെ
മൂർച്ചയുള്ള കത്തി കടന്നുപോകുകയായി. ചുരുങ്ങിയ സമയത്തിനുള്ളിൽ ആ നാളികേരം
അതാ പുതിയ കലാസൃഷ്ടിയായി പരിണാമം പ്രാപിക്കുന്നു. ചകിരിയിലും
ചിരട്ടയിലുമൊക്കെ ഇങ്ങനെ കരവിരുതുകൊണ്ട് ഇന്ദ്രജാലം നടത്തുന്ന ഈ
ചെറുപ്പക്കാരൻ പക്ഷെ, കാര്യമായ വിദഗ്ദ്ധ പരിശീലനമൊന്നും കൂടാതെയാണ് ഈ
മേഖലയിലേയ്ക്കു കടന്നു വന്നത് എന്ന് കൂടി അിറിയുക! പ്രതിഭ
മാത്രമായിരുന്നു പ്രതാപിന്റെ ആത്മധൈര്യം.
ചാല ഗവണ്‍മന്റ് സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതി വെറുതെ നിന്ന
ദിവസങ്ങളിൽ എന്തെങ്കിലും പ്രത്യേകത ഒഴിവു സമയ വിനോദം തുടങ്ങണം എന്ന്
പ്രതാപിന് തോന്നി. ഒരു ദിവസം മൂർച്ചയുളള കത്തികൊണ്ട് തേങ്ങ
ചെത്തികൊണ്ടിരിക്കുമ്പോഴാണ് തികച്ചും അപ്രതീക്ഷിതമായി പുറം ചകിരിയിൽ
നിന്ന്, തടിയിൽ നിന്ന് എന്നപോലെ കലാരൂപങ്ങൾ ഉണ്ടാക്കിയാലോ എന്ന ആശയം
പ്രതാപിന്റെ മനസ്സിൽ ഉദിച്ചതു.
വൈകിയില്ല, പരീക്ഷണങ്ങൾ തുടങ്ങി. ആദ്യം രൂപമെടുത്തത് ഒരു
വാനരനായിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ തടിയിൽ ചെറിയ ശിൽപവേലകൾ
പ്രതാപ് നടത്തിയിരുന്നു. കരകൗശല എംമ്പോറിയത്തിലെ ജീവനക്കാരനായിരുന്ന അച്ഛൻ
അർജുനന്റെ പ്രോത്സാഹനവും ഉണ്ടായിരുന്നു. പിന്നീട് മകൻ തന്റെ
കലാസൃഷ്ടിക്ക് തനതായ മാധ്യമം കണ്ടെത്തിയപ്പോഴും അത് മാർക്കറ്റ് ചെയ്യാൻ
ഏറ്റവും സഹായിച്ചതും അച്ഛൻ തന്നെ.
മുപ്പത്തിയഞ്ച് വർഷങ്ങൾക്കുമുമ്പ് തുടങ്ങിയ ഹോബി ഇപ്പോൾ പ്രതാപിന്
ജീവിതമാർഗ്ഗമായി മാറിയിരിക്കുകയാണ്. പുറമേ വലിപ്പമുണ്ടെങ്കിലും
പൊതിക്കുമ്പോൾ ചകിരി കൂടുതലുളള തേങ്ങയെ നമ്മൾ ശപിക്കും. കാരണം, അതിനുളളിലെ
കൊച്ചു ചിരട്ടയ്ക്കുളളിൽ നമുക്ക് ഉപയോഗയോഗ്യമായ ഭാഗങ്ങൾ കുറച്ചേ കാണൂ.
എന്നാൽ, പ്രതാപിന് ഇത്തരത്തിലുളള തേങ്ങകളോടാണ് ഇഷ്ടം. ചകിരി
ധാരാളമുളളതിനാൽ ഇഷ്ടം പോലെ ചെത്തി മനസ്സിനിണങ്ങിയ
കലാരൂപങ്ങളുണ്ടാക്കാമല്ലോ.
കേരളത്തിനകത്തും പുറത്തുമായി പ്രതാപൻ ഉണ്ടാക്കിയ ആയിരക്കണക്കിന്
ഉൽപന്നങ്ങൾ ഇതിനകം പ്രശസ്തി നേടി കഴിഞ്ഞിട്ടുണ്ട്. ഒറ്റചിരട്ടയിലുളള
ചങ്ങല, ചിരട്ടയിലുളള ബാൾബെയറിംഗ് തുടങ്ങിയവയൊക്കെ ഈ യുവാവിന്റെ ചില
തമാശകളാണ്. അടുത്തനാളിൽ തേങ്ങയിൽ അനന്തശയനം ഇദ്ദേഹം നിർമ്മിച്ചെടുത്തു.
നിർമ്മിച്ച കലാരൂപങ്ങളിൽ ഇന്നും പ്രതാപിനു പ്രിയം ഒരു പുലിയുടെ തലയാണ്.
ഓരോ രൂപവും സൃഷ്ടിക്കുന്നതിനു മുമ്പായി പ്രതാപൻ അവയുടെ അനാട്ടമി കൃത്യമായി
പഠിക്കും. ഇപ്പോൾ തേങ്ങയിൽ മാത്രമല്ല, ഈട്ടിത്തടിയിലും ഓലമടലിലുമൊക്കെ ഈ
കലാകാരൻ ശിൽപങ്ങളുണ്ടാക്കുന്നു. ഏഷ്യാനെറ്റിനുവേണ്ടി പി. നരേന്ദ്രനാഥിന്റെ
കഥയെ ആസ്പദമാക്കി കെ. സുകുമാരൻ സംവിധാനം ചെയ്ത മനസ്സറിയും യന്ത്രം എന്ന
പരമ്പരയിലെ പ്രധാന കഥാപാത്രമായ യന്ത്രത്തെ? ചിരട്ടയിൽ ഡിസൈൻ ചെയ്തത്
പ്രതാപാണ്. മാനത്തെ വെളളിത്തേര്, മണിച്ചിത്രത്താഴ് തുടങ്ങിയ
ചിത്രങ്ങളിൽ കലാസംവിധായകനായ മണി സുചിത്രയോടൊപ്പം പ്രവർത്തിക്കാനുളള അവസരവും
ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
മികച്ച കരകൗശല വിദഗ്ദ്ധനുളള ദേശീയ അവാർഡ് ഉൾപ്പെടെ ധാരാളം
പുരസ്കാരങ്ങൾ ഈ കലാകാരനെ തേടി എത്തിയിട്ടുണ്ട്. 1994 -ൽ അന്നത്തെ
രാഷ്ട്രപതി ശങ്കർ ദയാൽ ശർമയാണ് ദേശീയ അവാർഡ് സമ്മാനിച്ചതു. 1996 -ൽ
ഹരിയാനയിലെ സൂരജ് കുണ്ഡിൽ നടന്ന മേളയിൽ കളാണിധി? അവാർഡും,
ഹാൻഡിക്രാഫ്റ്റ്സ് വെൽഫെയർ സോസൈറ്റി അവാർഡും, 1999-ലും 2004 -ലും ഹരിയാന
ഗവണ്‍മന്റിന്റെ കലാമണി അവാർഡും പ്രതാപിനു ലഭിക്കുകയുണ്ടായി.
പ്രതാപിന്റെ ?വാനരൻ ഒരു നാൾ മാർത്താണ്ഡവർമ്മ ഇളയരാജാവിന്റെ
കൊട്ടാരത്തിലേക്ക് പോയി. കലാവിരുതിൽ സംതൃപ്തി തോന്നിയ രാജാവ് സ്വന്തം
കൈയക്ഷരത്തിൽ ?വാനരശിൽപത്തെ അഭിനന്ദിച്ച് പ്രതാപിന് കത്തയയ്ക്കുകയും
ചെയ്തു.
ഇപ്പോൾ പ്രതാപിന് രണ്ടുകാര്യത്തിലേ വിഷമമുളളൂ. ഒന്ന് ലഭിക്കുന്ന
ഓർഡറനുസരിച്ച് ഇവ നിർമ്മിച്ചു നൽകാൻ കഴിയുന്നില്ല. രണ്ട് ദേശീയ അവാർഡ്
ലഭിച്ചതിനാൽ ഇനി സംസ്ഥാന അവാർഡിന് പരിഗണിക്കാനാവില്ലെന്ന് സംസ്ഥാനത്തെ
അധികൃതർ അറിയിച്ചിരിക്കുന്നു. സംസ്ഥാന അവാർഡ് കിട്ടിയില്ലെങ്കിലും
നാളികേരത്തിന്റെ അനന്തസാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്താനാണ് ഉദ്ദേശ്യം.
ഇതിനായി എസ്പിഎസ് ഹാൻഡിക്രാഫ്റ്റ്സ് എന്നപേരിൽ ഒരു കരകൗശല നിർമാണ സ്ഥാപനം
തന്നെ പ്രതാപ് സ്ഥാപിച്ചിട്ടുണ്ട്.
പ്രതാപിന്റെ സ്ഥാപനത്തിൽ ഇപ്പോൾ പതിനഞ്ച് ജോലിക്കാരുണ്ട്. സ്വന്തം
മരുമകൻ ശ്രീറാമിനെയും പ്രതാപ് തന്റെ പാതയിലേയക്ക്
കൊണ്ടുവന്നിരിക്കുകയാണ്. തിരുവനന്തപുരത്തെ എസ്.എം.എസ്.എം
ഇൻസ്റ്റിറ്റിയൂട്ട് , ഡൽഹിയിലെ സി.സി.ഐ.സി, ഡബ്ല്യൂ.ഡബ്ല്യൂ.എഫ് തുടങ്ങിയ
സ്ഥാപനങ്ങളാണ് പ്രതാപനിൽ നിന്നും സ്ഥിരമായ നാളികേര കലാരൂപങ്ങൾ
വാങ്ങുന്നത്. വിദേശങ്ങളിലേയ്ക്ക് അവരാണ് ഇവ കയറ്റി അയക്കുന്നത്. തന്റെ
ഉൽപന്നങ്ങൾ വിപണനം ചെയ്യാൻ സർക്കാരിൽ നിന്ന് വലിയ പ്രോത്സാഹനം
ലഭിക്കുന്നുണ്ടെന്ന് പ്രതാപൻ പറഞ്ഞു.
കരകൗശല ഉൽപന്ന നിർമ്മാതാവ് എന്ന നിലയിൽ, അമേരിക്കയിലും റഷ്യയിലും ഗൾഫിലുമൊക്കെ നടന്ന മേളകളിൽ പ്രതാപ് പങ്കെടുത്തിട്ടുണ്ട്.
ഒരു
സ്വകാര്യം കൂടി പ്രതാപ് പങ്കുവെച്ചു. ഇത്രനാൾ തേടി നടന്ന ജീവിത പങ്കാളിയെ
അൽപം വൈകിയാണെങ്കിലും കണ്ടെത്തിയിരിക്കുന്നു. അതും ഒരു മികച്ച കലാകാരിയെ
തന്നെ. ആഹ്ലാദിക്കാൻ ഇതിൽ പരം എന്തു വേണം. കടലാസിൽ പരിസ്ഥിതി സൗഹൃദ
കലാരൂപങ്ങൾ നിർമ്മിക്കുന്നതിൽ വിദഗ്ധയായ ജയന്തിയാണ് വധുവായി പ്രതാപിന്റെ
ജീവിതത്തിലേയ്ക്ക് വന്നിരിക്കുന്നത്.
തിരുവനന്തപുരത്ത് സാധാരണ കുടുംബത്തിൽ ജനിച്ച പ്രതാപൻ തന്റെ
സൗഭാഗ്യങ്ങൾക്കെല്ലാം കാരണം സ്വന്തം കണ്ടുപിടിത്തമായ നാളികേര വാനരന്മാരാണ്
എന്ന് അദ്ദേഹം അഭിമാനം കൊള്ളുന്നു. പാരമ്പര്യത്തിന്റെ പിൻബലമില്ലാത്ത ഈ
കലാകാരൻ തന്റെ കലാസൃഷ്ടിക്കായി ആരും ഇനിയും ഉപയോഗിച്ചിട്ടില്ലാത്ത
പുതിയൊരു മാധ്യമം തേടുകയാണിപ്പോൾ.
പ്രതാപ് - ഫോൺ: 9349743311.