22 Mar 2014

നീര വിപണിയിലെത്തുമ്പോൾ...


സിഡിബി ന്യൂസ്‌ ബ്യൂറോ

ഭക്ഷ്യശ്രേണിയിൽ ചോദ്യം ചെയ്യപ്പെടാൻ സാധിക്കാത്ത അത്ര സാധ്യകൾ ഉള്ള ഉത്പ്പന്നമാണ്‌ നീര. ഭക്ഷ്യ സാധനങ്ങളുടെ ആവശ്യകത ലോക മാർക്കറ്റിൽ കുത്തനെ ഉയരുമ്പോൾ നീര പോലെ തികച്ചും ശുദ്ധവും പോഷക സമൃദ്ധവുമായ ഒരു പാനീയത്തിന്റെ കടന്നു വരവ്‌ വിപണിയിൽ പുതിയ ചലനങ്ങൾ സൃഷ്ടിക്കും; അത്‌ ഉറപ്പാണ്‌. പക്ഷെ ഭക്ഷ്യവസ്തു എന്ന നിലയിൽ നീരയുടെ വ്യാവസായിക  ഉത്പാദനം ആരംഭിക്കുമ്പോൾ, ആദ്യം ശ്രദ്ധിക്കേണ്ടത്‌ ഉൽപ്പന്ന സ്ഥിരതയാണ്‌. ഒരേ രൂപം, ഒരേ രുചി, ഒരേ നിറം, ഒരേ ഗന്ധം ഇങ്ങനെ  മാർക്കറ്റിലിറങ്ങുന്ന ഉത്പ്പന്നത്തിന്‌ വിവിധ തലങ്ങളിൽ ഒരേ സ്വഭാവം  ഉണ്ടാവണം. വിപണിയിൽ എത്തുന്ന  ഓരോ ബാച്ചിലും ഉൽപ്പന്നം ഒരേ നിലവാരം പുലർത്തിയാൽ മാത്രമെ അതിന്‌ ഉപഭോക്താക്കൾക്കിടയിൽ സ്വീകാര്യത ലഭിക്കുകയുള്ളു. ഉദാഹരണത്തിന്‌, ഇന്ന്‌ വിപണിയിൽ ഏറ്റവും പ്രിയമുള്ള ഏതെങ്കിലും ശീതളപാനീയം പരിശോധിച്ചു നോക്കിയാൽ മതി.

അടുത്തത്‌ വൃത്തിയും ശുചിത്വവുമാണ്‌.  ഭക്ഷ്യവ്യവസായത്തിലെ അടിസഥാന പ്രമാണമാണ്‌ ശുചിത്വവും വൃത്തിയും. ഉത്പ്പന്നത്തിന്റെ ഗുണമേന്മ നിർണയിക്കപ്പെടുന്നത്‌ അതിന്റെ സംസ്കരണത്തിലും പായ്ക്കിംങ്ങിലുമാണ്‌. പ്രത്യേകിച്ച്‌ നീര പോലെ പഞ്ചസാരയുടെ അളവ്‌ കൂടുതൽ ഉള്ള ഉത്പ്പന്നത്തിന്‌ പുളിക്കാനുള്ള സ്വഭാവം കൂടുതലുണ്ടാവും. മാത്രവുമല്ല എത്ര സൂക്ഷിച്ചാലും  അന്തരീക്ഷത്തിലെ ധാരാളം സൂക്ഷ്മജീവികളെ അത്‌ ആകർഷിക്കുകയും ചെയ്യും.  ഇത്‌ ഉത്പ്പന്നത്തിന്റെ ഗുണമേന്മയെ ബാധിക്കും. അതുകൊണ്ട്‌  ഈ സാഹചര്യത്തിലാണ്‌ അത്‌ എത്രത്തോളം വൃത്തിയായി സംസ്കരിച്ച്‌ വിപണിയിലെത്തിക്കാൻ സാധിക്കും എന്ന്‌ പരിശോധിക്കേണ്ടത്‌. നാളികേര വികസന ബോർഡു പോലെ വിശ്വാസ്യതയുള്ള പൊതു മേഖലാ സ്ഥാപനത്തിന്റെ ലേബൽ കൂടിയുള്ള യൂണിറ്റുകളിൽ നിന്നു പുറത്തിറങ്ങുമ്പോൾ എല്ലാ തരത്തിലുമുള്ള ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പു വരുത്തിയേ മതിയാകൂ. ബോർഡിന്റെ കീഴ്‌ ഘടകങ്ങളായ കാർഷിക ഉത്പാദക സംഘങ്ങളായിരിക്കാം നീര വിപണിയിൽ എത്തിക്കുന്നത്‌. പക്ഷെ, ആത്യന്തികമായി അതിന്റെ ഗുണമേന്മ ഉറപ്പാക്കേണ്ടത്‌  ബോർഡിന്റെ കൂടി കൂട്ടുത്തരവാദിത്വമാണ്‌.

സാധാരണ ശീതളപാനീയം എന്ന നിലയിലാണ്‌ വിപണിയിൽ നീരയുടെ വിൽപന ഉദ്ദേശിച്ചിരിക്കുന്നത്‌ എങ്കിൽ വിലയെ സംബന്ധിച്ച്‌ കൃത്യമായ ധാരണകൾ ഉണ്ടാകേണ്ടതുണ്ട്‌. വിപണിയിൽ ലഭിക്കുന്ന സാധാരണ ശീതളപാനീയങ്ങളുടെ വിലയുമായി താരതമ്യം ചെയ്തു വേണം വില നിശ്ചയിക്കാൻ. നീരയ്ക്ക്‌ കൂടുതൽ സാധ്യത ഞാൻ കാണുന്നത്‌ ഒരു സ്പേഷൽ വൊക്കേഷൻ ഡ്രിങ്ക്‌ എന്ന നിലയിലാണ്‌. പാർട്ടികളിലും മറ്റും നൽകുന്ന ഒരു റിഫ്രഷ്‌മന്റ്‌ ഡ്രിങ്ക്‌. അല്ലെങ്കിൽ ലിക്കറിനൊപ്പം ചേർക്കുന്നതിനും മറ്റും ഉപയോഗിക്കുന്ന പാനീയം.  അങ്ങിനെ ഒരു പോസിഷൻ ഇതിനു കൊടുക്കണം. അപ്പോൾ വിലയെ സംബന്ധിച്ച്‌ ആശങ്കയ്ക്ക്‌ ഇടമില്ല. കാരണം, ഇവിടെ വില വിഷയമേ അല്ല. എന്നാൽ സാധാരണ വിപണി ലക്ഷ്യമാക്കിയുള്ള കോമൺ ഡ്രിങ്ക്‌ എന്ന സങ്കൽപത്തിലാണെങ്കിൽ എല്ലാ ദിവസവും, കൃത്യമായ അളവ്‌, അതായത്‌ ഇത്ര കാർട്ടൺ, അല്ലെങ്കിൽ ഇത്ര ബോട്ടിൽ, അല്ലെങ്കിൽ ഇത്ര ലിറ്റർ നീര നാം വിപണിയിൽ എത്തിക്കേണ്ടിയിരിക്കുന്നു. തുടക്കം മുതലേ അതിനു സാധിക്കുമോ എന്നതാണ്‌ ചോദ്യം. മാത്രവുമല്ല ശീതളപാനീയമായിട്ടാണ്‌ വിപണനം ഉദ്ദേശിക്കുന്നതെങ്കിൽ ദാഹം ശമിപ്പിക്കാനുള്ള കാർബണൈസേഷൻ പോലുള്ള വിദ്യകൾ കൂടി ഇതിനൊപ്പം നടക്കണം. ഉപഭോക്താക്കളുടെ അഭിരുചികൾക്കനുസരിച്ച്‌ പൈനാപ്പിൾ, ചെറുനാരങ്ങ പോലുള്ള പഴച്ചാറുകളുടെ ഫ്ലേവറുകളും മറ്റും ചേർത്ത്‌ മൂല്യവർധനവും വരുത്തണം. കാർഡമം, വനില തുടങ്ങിയ രുചികളും പരീക്ഷിക്കാവുന്നതാണ്‌.

അടുത്ത മേഖല വിപണനമാണ്‌. എല്ലാം നാം തന്നെ നടത്തണം എന്നു വാശിപിടിക്കരുത്‌. അതിന്‌ ഒരു മാർക്കറ്റിംങ്ങ്‌ കമ്പനിയെ തന്നെ കണ്ടെത്തണം. കാരണം, നമ്മുടെ കൈവശം നിലവിൽ വിൽപനയ്ക്കുള്ള ഉത്പ്പന്നം നീര മാത്രമാണ്‌. അടുത്ത ഘട്ടത്തിൽ മൂല്യവർധനവ്‌ വരുത്തിയ ഉൽപ്പന്നങ്ങളുടെ ഒരു നിര നാം ഒരുക്കുന്നുണ്ടാവാം, പക്ഷെ, അതുവരെ നീര എന്ന ഒരു ഉത്പ്പന്നത്തിനു മാത്രമായി വിപണന ശ്രംഖല ഒരുക്കുക പ്രായോഗികമായി നഷ്ടമായിരിക്കും. മിൽമ പോലെയോ മറ്റോ നിലവിൽ കേരളത്തിൽ എല്ലായിടത്തും വിതരണ ശൃംഖല ഉള്ള സ്ഥാപനങ്ങളുമായി കരാർ ഉണ്ടാക്കി ഇത്‌ വിതരണക്കാരിൽ എത്തിക്കുന്നതാവും കൂടുതൽ സൗകര്യം.  നമ്മുടെ തലവേദനയും  കുറയും.  നീരയുടെ വിവിധ ഉൽപന്നങ്ങൾ വിൽപനയ്ക്ക്‌ തയാറാകുന്ന മുറയ്ക്ക്‌  സ്വന്തമായി വിതരണ ശൃംഖലകൾ സ്ഥാപിക്കുന്നതിനെക്കുറിച്ച്‌ നാളികേര ഉത്പാദക കമ്പനികൾക്ക്‌ ആലോചിക്കാവുന്നതാണ്‌. അല്ലാതെ ഒരു ഉത്പ്പന്നം മാത്രം വച്ച്‌ തുടക്കത്തിലെ വിതരണ ശ്രുംഖല രൂപീകരിക്കാൻ ശ്രമിക്കുന്നത്‌ മൗഢ്യമായിരിക്കും. ഇടനിലക്കാർക്ക്‌ കമ്മിഷൻ പോകുന്നത്‌ ഒഴിവാക്കി, മുഴുവൻ ലാഭവും കർഷകർക്കു തന്നെ ലഭ്യമാക്കാനുള്ള ആഗ്രഹം നല്ലതാണ്‌. അതിന്‌ പക്ഷെ, നീരയെ ഉപഭോക്താക്കൾ എങ്ങനെ കാണുന്നു എന്നു മനസിലാക്കാൻ ഒരു മികച്ച ടീമിനെ നിയമിച്ച്‌ മാർക്കറ്റ്‌ സ്റ്റഡി നടത്തണം.  ഇതിന്‌ പക്ഷെ സമയം എടുക്കും. ആ സമയം കൊണ്ട്‌ നേരത്തെ സൂചിപ്പിച്ചതു പോലെ, ഏതെങ്കിലും സ്ഥാപനവുമായി കരാർ ഉണ്ടാക്കി ഉത്പ്പന്നം വിപണയിൽ എത്തിച്ചാൽ അത്രയും കൂടി കൂടുതൽ വിറ്റു പോകും. മാത്രവുമല്ല ഉത്പ്പന്നത്തിന്റെ വ്യത്യസ്തത്ത കണ്ട്‌ മാർക്കറ്റ്‌ കീഴടക്കാൻ സാധിച്ചെന്നുമിരിക്കും. അതുകൊണ്ട്‌ മാർക്കറ്റിംങ്ങ്‌ നമ്മൾ നേരിട്ടു നടത്തുകയാണോ അതോ ഏതെങ്കിലും ഗ്രൂപ്പിനെ ഏൽപ്പിക്കുകയാണോ ഉൽപ്പന്നത്തിന്റെ ഭാവിക്കു നല്ലത്‌ എന്നും ചിന്തിക്കേണ്ടതുണ്ട്‌. അടുത്ത ഘട്ടത്തിൽ  അമൂൽ പോലെ ഒരു ഉത്പ്പന്നമായി നീരയും, ആനണ്ട്‌ പോലെ വൻ സഹകരണ സംരംഭമായി നമ്മുടെ  നാളികേര ഉത്പാദക കമ്പനികളും മാറണം. അതായിരിക്കണം  ലക്ഷ്യം.

ആഭ്യന്തര വിപണിയിൽ നീര വിറ്റഴിക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ തന്നെ വിദേശ മാർക്കറ്റിലെ സാധ്യതകൾ ചൂഷണം ചെയ്യാനുള്ള നടപടികളും  ഉണ്ടാകണം. ഗൾഫ്‌ പോലുള്ള രാജ്യങ്ങളിൽ നീര വളരെ എളുപ്പത്തിൽ വിപണി പിടിക്കാൻ സാധ്യതയുണ്ട്‌. പ്രത്യേകിച്ച്‌ ഗൾഫിൽ എമ്പാടും ഹൈപ്പർ മാർക്കറ്റ്‌ ശ്രുംഖലയുള്ള ലുലുവിനെ ഈ മേഖലയിൽ  സഹകരിപ്പിച്ചാൽ നീര മറ്റെല്ലാ പാനീയങ്ങളെയും പിന്നിലാക്കി കുതിക്കും.  വിപണി ഏതായാലും മൂന്നു നാലു ശ്രേണിയിലുള്ള ഉപഭോക്താക്കളെ മുന്നിൽ കാണണം.  ഇതിൽ ഏതു വിഭാഗമാവണം നമ്മുടെ സ്ഥിരം കസ്റ്റമേഴ്സ്‌ എന്നു തിരിച്ചറിയുകയും വേണം. 

ശുചിത്വത്തിനു പ്രാധാന്യം നൽകി, പ്രോഫഷണൽ സ്പർശമുള്ള പായ്ക്കിംങ്ങിലൂടെ നീരയ്ക്ക്‌ സ്വന്തമായ പ്രതിഛായ സൃഷ്ടിച്ചുകൊണ്ടു വേണം വിപണിയിലേയ്ക്കു നീര അവതരിപ്പിക്കാൻ.  ഇതിന്റെ മേന്മയായി എടുത്തു പറയാവുന്നത്‌ തികച്ചും പ്രകൃതിജന്യമായ പാനീയം എന്നതാണ്‌. ഇപ്പോൾ നാം കീടനാശിനികൾ അധികമൊന്നും തെങ്ങിൽ ഉപയോഗിക്കാറില്ല. നേരത്തെ തമിഴ്‌നാട്ടിലും മറ്റും തെങ്ങിന്റെ വേരുകളിൽ കൂടി മോണോക്രോട്ടോഫോസ്‌  പോലുള്ള വസ്തുക്കൾ കുത്തിവയ്ക്കുന്ന രീതി നിലവിലുണ്ടായിരുന്നു. പക്ഷെ കേരളത്തിൽ അതില്ല. അതുകൊണ്ടു തന്നെ തികച്ചും ശുദ്ധവും പ്രകൃതിജന്യവുമായ ഉത്പ്പന്നം എന്ന രീതിയിൽ  നീരയെ ധൈര്യമായി അവതരിപ്പിക്കാം. കാരണം ഭക്ഷണത്തെകുറിച്ച്‌ സാധാരണ ജനങ്ങൾ പോലും ഇന്ന്‌ വളരെ കരുതലുള്ളവരാണ്‌. സാധാരണ ജനങ്ങളുടെ വിശ്വാസ്യത നേടാൻ സാധിച്ചാൽ ജയിച്ചു. പിന്നെ മാർക്കറ്റ്‌ നമുക്ക്‌ അനുകൂലമാകും.  നീര ബഞ്ച്മാർക്ക്‌ നിലവാരത്തിലേയ്ക്ക്‌ ഉയരാൻ അധികകാലം വേണ്ടിവരില്ല.

ചുരുക്കത്തിൽ നീരയുടെ കാര്യത്തിൽ നമുക്ക്‌ ഒരു ഫോർവേഡ്‌ ഇന്റഗ്രേഷനും, ബായ്ക്കവേർഡ്‌ ഇന്റഗ്രേഷനും വേണം. അതായത്‌, വിപണിയുടെ ആവശ്യം തിരിച്ചറിയുക, എത്രപേർ നമ്മുടെ ഉത്പ്പന്നം വാങ്ങാൻ തയാറാകും, മത്സരം പ്രതീക്ഷിക്കുന്നുണ്ടോ. ഉണ്ടെങ്കിൽ ആരൊക്കെയാണ്‌ മത്സരത്തിനു വരിക തുടങ്ങിയ കാര്യങ്ങളും കാഴ്ച്ചപ്പാടുകളും അതനുസരിച്ചുള്ള ഉത്പാദനവും  ക്രമീകരണവുമാണ്‌ നീര ഉത്പാദനത്തിൽ ഏറ്റവും അടിയന്തിരമായി ചെയ്യുവാനുള്ളത്‌. 


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...