22 Mar 2014

നീര യാഥാർത്ഥ്യമാകുന്നു; കേരകർഷകർക്ക്‌ ഇത്‌ ആഹ്ലാദവേള



ടി.കെ.ജോസ് ഐ എ എസ്
ചെയർമാൻ, നാളികേര വികസന ബോർഡ്
തികഞ്ഞ സന്തോഷത്തോടെയാണ്‌ ഈ കുറിപ്പ്‌ എഴുതുന്നത്‌. നീര ഉത്പാദനത്തിനും വിപണനത്തിനും  അന്തിമ അനുമതി നൽകിക്കൊണ്ട്‌ സംസ്ഥാന സർക്കാരിന്റെ പുതുക്കിയ ഉത്തരവ്‌ 2014 ഫെബ്രുവരി 3 നും ഇത്‌ നടപ്പാക്കുന്നതിന്‌ ആവശ്യമായ അബ്കാരി ചട്ടങ്ങളുടെ ഭേദഗതി ഫെബ്രുവരി 14 നും വിജ്ഞാപനമായിരിക്കുന്നു. കേരള സർക്കാരിന്‌ പ്രത്യേക അഭിനന്ദനങ്ങൾ !

കേരകർഷകരുടെ യഥാർത്ഥ വരുമാന സാദ്ധ്യതയും അവസരവും പ്രയോജനപ്പെടുത്തുന്നതിനുവേണ്ടി നാളികേരത്തിന്റെ നിരവധി മൂല്യവർദ്ധിത ഉൽപന്നങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ടാണ്‌  നാളികേര വികസന ബോർഡ്‌ ഒൻപത്‌ വർഷം മുൻപ്‌  നീര  ഉത്പാദനത്തിനുവേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിച്ചതു. ഈ ഒൻപത്‌ വർഷത്തിനിടെ വെറും രണ്ട്‌ വർഷമാണ്‌ നാളികേരത്തിന്‌ മികച്ച വില ലഭിച്ചതു. ബാക്കി ഏഴ്‌ വർഷവും  കർഷകർ നഷ്ടത്തിൽ മുങ്ങിത്താഴ്‌ന്നപ്പോൾ വെളിച്ചെണ്ണയും കൊപ്രയും എന്നുള്ള പഴയ പല്ലവിക്കപ്പുറത്ത്‌ നാളികേരത്തിന്റെ മറ്റ്‌ മൂല്യവർദ്ധിതയുത്പന്നങ്ങളെക്കുറിച്ച്‌ തീവ്രമായ അന്വേഷണം നടത്താനും അതിന്റെ ഫലമായി ഏകദേശം ഇരുന്നൂറ്റിയെൺപതോളം വൈവിദ്ധ്യമാർന്ന്‌  നാളികേര സംസ്ക്കരണ യൂണിറ്റുകൾ 'ടെക്നോളജി മിഷൻ ഓൺ കോക്കനട്ട്‌' പദ്ധതിപ്രകാരം സ്ഥാപിക്കുന്നതിന്‌ സഹായം നൽകുന്നതിനും നാളികേര വികസന ബോർഡിന്‌  കഴിഞ്ഞു. ഏകദേശം ഒരു കോടി നാളികേരം പ്രതിദിനം സംസ്ക്കരിക്കുവാനുള്ള ശേഷിയാണ്‌ ഇതിലൂടെ കൈവരിച്ചിരിക്കുന്നത്‌. 

എന്നാൽ തെങ്ങിൽ നിന്ന്‌ നീര ഉത്പാദിപ്പിച്ചാൽ കേരകർഷകർക്ക്‌ ഏറ്റവും മികച്ച വരുമാനം ഉറപ്പാക്കാൻ കഴിയുമെന്ന്‌  നിരീക്ഷണ പരീക്ഷണങ്ങളിലൂടെ ബോർഡ്‌ മനസ്സിലാക്കിയ ശേഷമാണ്‌ 2005 മുതൽ സംസ്ഥാന എക്സൈസ്‌ വകുപ്പിനോട്‌  'പൂജ്യം ശതമാനം' ആൽക്കഹോൾ അടങ്ങിയിരിക്കുന്ന നീര ഉത്പാദിപ്പിക്കുന്നതിന്‌ കേരകർഷക കൂട്ടായ്മകൾക്ക്‌ അനുമതി ലഭ്യമാക്കാൻ അബ്കാരി നിയമത്തിൽ  ഭേദഗതി വരുത്തണമെന്ന്‌ അഭ്യർത്ഥിച്ചുകൊണ്ടിരുന്നത്‌. ഇത്‌ സംബന്ധിച്ച്‌ കഴിഞ്ഞ 9 വർഷക്കാലത്തിനിടയിൽ എഴുതിയ കത്തുകൾക്കും അന്വേഷണങ്ങൾക്കും നടത്തിയ ചർച്ചകൾക്കും കണക്കില്ല. 2005 ൽ നീര ഉത്പാദനത്തിനുവേണ്ടി ചില തയ്യാറെടുപ്പുകൾ നടന്നു. ഗവണ്‍മന്റിന്റെ അനുമതിക്കായി കാത്തിരുന്നുവേന്നത്‌ ശരിയാണെങ്കിലും അവിടെയും കർഷകരിൽ നിന്ന്‌ കയ്യെത്താത്ത ദൂരത്തേക്ക്‌ നീര തള്ളി മാറ്റപ്പെട്ടു. 2011 മുതൽ ഊർജ്ജിതമായി നാളികേര വികസന ബോർഡ,​‍്‌ കേരള കാർഷിക സർവ്വകലാശാലയോടും കേരള കൃഷിവകുപ്പിനോടും ചേർന്ന്‌ ശ്രമം തുടർന്നു. 2013 ജനുവരി മാസം 15-​‍ാം തീയതി സംസ്ഥാന ഗവണ്‍മന്റ്‌ നീരയുടെ ഉത്പാദനത്തേയും വിപണനത്തേയും സംബന്ധിച്ച്‌ പഠനം നടത്തി റിപ്പോർട്ട്‌ നൽകാൻ ഒരു ഉന്നതാധികാര കമ്മറ്റിയെ നിയോഗിച്ചു. അഞ്ച്‌ മാസങ്ങൾ കൊണ്ട്‌ കമ്മറ്റി പഠന റിപ്പോർട്ട്‌ സമർപ്പിച്ചു. ഈ റിപ്പോർട്ടിന്മേൽ സംസ്ഥാന മന്ത്രിസഭായോഗം 2013 സെപ്തംബർ മാസം 21-​‍ാം തീയതി അനുകൂലമായ നയ തീരുമാനമെടുത്തു. കർഷകരും നാളികേര വികസന ബോർഡും സംസ്ഥാന കൃഷിവകുപ്പും ആവശ്യപ്പെട്ട പ്രകാരമല്ലെങ്കിലും ഓരോ ജില്ലയിലും 1500 തെങ്ങുകൾ വീതമടങ്ങുന്ന ഓരോ യൂണിറ്റിനും തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ  ഇത്തരത്തിലുള്ള രണ്ട്‌  യൂണിറ്റുകൾക്ക്‌ വീതവും പരീക്ഷണാടിസ്ഥാനത്തിൽ നീര ഉത്പാദിപ്പിക്കുന്നതിനുള്ള അനുവാദം, നാളികേര വികസന ബോർഡിന്‌ കീഴിലുള്ള നാളികേരോത്പാദക സംഘങ്ങൾ, ഫെഡറേഷനുകൾ എന്നിവയ്ക്ക്‌ നൽകിക്കൊണ്ട്‌ 2013 സെപ്തംബർ 23 ന്‌ ഉത്തരവ്‌ ഇറങ്ങി.  ഈ സാഹചര്യത്തിലാണ്‌ 2014 ഫെബ്രുവരിമാസത്തെ ഇന്ത്യൻ നാളികേര ജേണൽ നീര മുഖ്യപ്രതിപാദ്യവിഷയമായി പുറത്തിറക്കുന്നത്‌. അബ്കാരി നിയമത്തിന്റെ പരിധിയിൽ നിന്ന്‌ നീരയെ മുക്തമാക്കണമെന്നും സാധാരണ ഫ്രൂട്ട്‌ ജ്യൂസുപോലെ നീര ഉത്പാദിപ്പിച്ച്‌ വിപണനം നടത്തുന്നതിനുള്ള അനുമതി കർഷക കൂട്ടായ്മകൾക്ക്‌ നൽകണമെന്നുമുള്ളത്‌ നാളികേരകർഷകരുടെ ദീർഘകാലമായുള്ള ആവശ്യമാണ്‌. എക്സൈസ്‌ വകുപ്പിന്റെ വീക്ഷണത്തിൽ 'നീര' എന്നാൽ 'കള്ള്‌' തന്നെ എന്ന്‌ സങ്കൽപ്പിച്ചുകൊണ്ടുള്ള ഒരു ഉത്തരവാണ്‌  2013 സെപ്തംബർ 23 ന്‌ ഇറങ്ങിയത്‌. അതുകൊണ്ട്‌ തന്നെയാണ്‌  കള്ളും നീരയും രണ്ട്‌ വ്യത്യസ്ത ഭൗതിക, രാസഘടനകളുള്ള വസ്തുക്കളാണെന്ന സത്യത്തെ അംഗീകരിച്ചുകൊണ്ട്‌ എക്സൈസ്‌ നിയമത്തിലും ചട്ടത്തിലും നീരയെ കൃത്യമായി നിർവചിക്കണമെന്ന്‌ ആവശ്യമുന്നയിച്ചതു. നീരയെന്നാൽ മദ്യമല്ലെന്നും നീരയിൽ നിന്ന്‌ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയും കർഷകരുടെ സാമ്പത്തിക സ്ഥിതിയും മുന്നോട്ടു കുതിക്കാൻ കഴിയുന്ന ഇന്ധനമടങ്ങിയിട്ടുണ്ട്‌ എന്നും സംസ്ഥാന ഗവണ്‍മന്റിനും എക്സൈസ്‌ വകുപ്പിനും മുമ്പാകെ തെളിയിച്ചുകൊടുക്കാൻ നമുക്ക്‌ സാധിക്കണം. ഇതിനിടയിലാണ്‌ 2014 ഫെബ്രുവരി 3ന്‌ നീര ഉത്പാദനത്തിനും വിപണനത്തിനുമായി വീണ്ടും ഉത്തരവ്‌ പുറപ്പെടുവിച്ചതു. യഥാർത്ഥത്തിൽ ഈ ഉത്തരവിനൊപ്പം അബ്കാരി ചട്ടങ്ങളിലെ ഭേദഗതികൾകൂടി ഉണ്ടാകുമെന്ന്‌ കരുതി കാത്തിരുന്നുവേങ്കിലും ഒടുവിൽ നിരാശജനകമായ ഒരു ഉത്തരവ്‌ മാത്രമായിപ്പോയി അത്‌. ഈ ഉത്തരവിൽ നേരത്തെയുണ്ടായിരുന്ന സ്ഥാപനങ്ങൾക്ക്‌ പുറമേ കേരള കാർഷിക സർവ്വകലാശാല, ബോണഫൈഡ്‌ ജാഗറി ഉത്പാദകസംഘം, കേരള സ്റ്റേറ്റ്‌ ബിവറേജസ്‌ (മാനുഫാക്ച്ചറിംഗ്‌ ആന്റ്‌ മാർക്കറ്റിംഗ്‌) കോർപ്പറേഷൻ, അഗ്രോ ഇൻഡസ്ട്രീസ്‌ കോർപ്പറേഷൻ, കോക്കനട്ട്‌ ഡവലപ്‌മന്റ്‌ കോർപ്പറേഷൻ തുടങ്ങിയ സ്ഥാപനങ്ങൾക്ക്‌ കൂടി 2013 സെപ്തംബർ 23ലെ ഉത്തരവിലെ വ്യവസ്ഥകൾക്ക്‌ വിധേയമായി അനുമതി നൽകിയതായി കാണുന്നു. 2013 സെപ്തംബർ 23 ലെ ഉത്തരവ്‌, മേൽപ്പറഞ്ഞിരിക്കുന്ന സ്ഥാപനങ്ങളെക്കൂടി കൂട്ടിച്ചേർത്ത്‌ മാത്രമാണ്‌ ഭേദഗതി ചെയ്തിരിക്കുന്നത്‌.  സംസ്ഥാന ഗവണ്‍മന്റ്‌ നീരയുത്പാദനത്തിന്‌ അനുകൂലമായ ഒരു നയതീരുമാനം എടുത്ത്‌ കഴിഞ്ഞിട്ടും  അബ്കാരി ചട്ടങ്ങളിൽ മാറ്റം വരുത്താൻ ഇത്ര ദീർഘകാലത്തെ കാത്തിരുപ്പ്‌ വേണ്ടിവന്നു. ഇത്‌ എന്തുകൊണ്ട്‌ എന്ന്‌ അറിയാൻ ഇവിടുത്തെ കർഷകർക്ക്‌ അവകാശമില്ലേ?

നീരയുത്പാദനം കേരളത്തെയാകെ മദ്യത്തിലാഴ്ത്തും എന്നായിരുന്നു ആദ്യകാലത്തെ ആശങ്ക. നീരയും കള്ളും വ്യത്യസ്തമാണെന്നും നീര മദ്യമല്ലെന്നും, മദ്യമാകാതെ ഇത്‌ 6 മാസം വരെ സൂക്ഷിക്കാനാവുമെന്നും അതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ച്‌, കേരള കാർഷിക സർവ്വകലാശാലയും, നാളികേര വികസന ബോർഡും പുറത്തിറക്കി കഴിഞ്ഞപ്പോൾ ആ ആക്ഷേപത്തിന്‌ പ്രസക്തിയില്ലാതായി. പിന്നീട്‌ ചെത്തുതൊഴിലാളികളുടെ പേരുപറഞ്ഞായിരുന്നു പ്രതിഷേധം. ചെത്തുതൊഴിലാളി സംഘടനകളുടെ നേതൃത്വത്തെപ്പോലും ഇക്കാര്യങ്ങൾ പറഞ്ഞ്‌ തെറ്റിദ്ധരിപ്പിക്കുന്നതിന്‌ പലർക്കും സാധിച്ചു.  എന്നാൽ നാളികേര വികസന ബോർഡിന്റേയും കൃഷി വകുപ്പിന്റേയും തീവ്ര പരിശ്രമഫലമായി സത്യാവസ്ഥ അവരേയും ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുകയും എതിർപ്പ്‌ കുറച്ചുകൊണ്ടുവരുന്നതിനും അവസാനം നിയന്ത്രിതമായി നീര ഉത്പാദിപ്പിക്കുന്നതിന്‌ അനുമതി നൽകുന്നതിന്‌ കുഴപ്പമില്ല എന്നുള്ള നിലയിലേക്കും എത്തി. അവരാകെ ആവശ്യപ്പെട്ടത്‌ കള്ളുഷാപ്പുകളിലൂടെ നീര വിപണനം ചെയ്യാൻ പാടില്ലായെന്നും നിലവിൽ കള്ള്‌ ചെത്തു തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക്‌ അതിനുള്ള ആദ്യഅവസരം നൽകണം എന്നും ഈ ആളുകൾ ലഭ്യമല്ലാത്തയിടങ്ങളിൽ മാത്രം  നീര ടെക്നീഷ്യന്മാരെ പരിശീലിപ്പിച്ച്‌ തൊഴിലിൽ ഏർപ്പെടുത്തണം എന്നുമായിരുന്നു. ഇതിനും സമ്മതം. പക്ഷേ, അബ്കാരി ചട്ടങ്ങളുടെ ഭേദഗതി ഉത്തരവ്‌ മാത്രം വീണ്ടും വീണ്ടും മരീചികപോല നീണ്ടുപോയപ്പോൾ നാളികേര കർഷകരുടെ കൂട്ടായ്മകൾ സജീവമായി, സംയുക്തമായി, ഇത്തരത്തിൽ സംസ്ഥാന ഗവണ്‍മന്റ്‌ അനുകൂലമായ തീരുമാനമെടുത്തിട്ടും ഇത്‌ നടപ്പാക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം നാളികേര വികസന ബോർഡിൽ അറിയിക്കുകയുണ്ടായി. സംസ്ഥാന സർക്കാരിലും അറിയിച്ചിട്ടുണ്ടെന്നാണ്‌ വിവരം.  ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന്‌ കർഷകകൂട്ടായ്മകൾ മൂന്നാര്റിയിപ്പ്‌ നൽകുകയുണ്ടായി. പക്ഷേ; കർഷകർ പ്രത്യക്ഷമായ സമരപരിപാടികളിലേക്ക്‌ പോകാതെ, സംസ്ഥാന ഗവണ്‍മന്റ്‌ അനുകൂലമായൊരു നിലപാട്‌ സ്വീകരിച്ച സാഹചര്യത്തിൽ പരസ്പര വിശ്വാസത്തിൽ അധിഷ്ഠിതമായി കൂട്ടായ  പരിശ്രമത്തിലൂടെ ഉത്തരവ്‌ നേടിയെടുക്കുന്നതിനാണ്‌ ബോർഡ്‌ അവരെ നിർബന്ധിച്ചതു. കർഷക സംഘടനകൾ ഇതിനുവേണ്ടി തെരുവിലിറങ്ങി പ്രത്യക്ഷമായ സമരപരിപാടികൾ ചെയ്യേണ്ട ആവശ്യമില്ല. കാരണം സംസ്ഥാന സർക്കാരിന്റെ നയത്തിൽ നീരയുത്പാദനം അംഗീകരിച്ചുകഴിഞ്ഞു. നാളികേര വികസന ബോരഡ്‌ 2005 മുതൽ കേരള ഗവണ്‍മന്റിനോട്‌ നീരയ്ക്കു വേണ്ട പ്രോത്സാഹനം നൽകുവാൻ അഭ്യർത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. 2012 മുതൽ തമിഴ്‌നാട്‌ ഗവണ്‍മന്റിനോടും കർണ്ണാടക ഗവണ്‍മന്റിനോടും ആന്ധ്ര ഗവണ്‍മന്റിനോടും ഇതേ തരത്തിൽ കർഷകർക്കനുകൂലമായി നീര പോളിസി, നിയമം വഴി കൊണ്ടു വരണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു.  കേവലം ആറുമാസത്തിനുള്ളിൽ തമിഴ്‌നാട്‌ ഗവണ്‍മന്റ്‌ പരീക്ഷണാടിസ്ഥാനത്തിൽ മൂന്നു വർഷക്കാലത്തേക്ക്‌ നീര ഉത്പാദനത്തിന്‌ അനുമതി നൽകി ഉത്തരവ്‌ പുറപ്പെടുവിക്കുകയുണ്ടായി. കർണ്ണാടക ഗവണ്‍മന്റാവട്ടെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അവരുടെ അസംബ്ലിയിലെ ബഡ്ജറ്റ്‌ ശേഷനോടനുബന്ധിച്ച്‌  ചട്ടങ്ങളിൽ മാത്രമല്ല അബ്കാരി നിയമത്തിൽ തന്നെ കർഷകർക്ക്‌ നീര ഉത്പാദിപ്പിക്കുന്നതിനനുകൂലമായ നിയമഭേദഗതി നടത്തുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. ലക്ഷദ്വീപിലും ഗോവയിലും മഹാരാഷ്ട്രയിലും പോണ്ടിച്ചേരിയിലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും കർഷകർക്കു നീര ഉത്പാദിപ്പിക്കുന്നതിന്‌ യാതൊരു തടസ്സവുമില്ല. ഇന്ത്യൻ ഭരണഘടന അനുസരിച്ച്‌ ഒരു സംസ്ഥാനത്ത്‌ ചെയ്യാൻ കഴിയുന്ന  കാര്യം മറ്റൊരു സംസ്ഥാനത്ത്‌ ചെയ്യാതിരിക്കുന്നത്‌ ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ കേരകർഷകർക്ക്‌ തുള്ള്യതയ്ക്കുള്ള അവസരത്തെ അവരുടെ മൗലികാവകാശത്തെ നിഷേധിക്കുന്നതിനു സമമല്ലേ?. നിയമ വിദഗ്ദ്ധർ മറുപടി പറയട്ടെ.

നാളികേര ഉത്പാദക സംഘങ്ങൾക്കും  ഫെഡറേഷനുകൾക്കും പരീക്ഷണാടിസ്ഥാനത്തിൽ നീര ഉത്പാദിപ്പിക്കുവാനുള്ള അനുവാദം നൽകികൊണ്ടുള്ള അബ്കാരി ചട്ട ഭേദഗതികൾ നോട്ടിഫിക്കേഷനായി പുറത്തിറങ്ങി കഴിഞ്ഞ സാഹചര്യത്തിൽ നാം എന്തെല്ലാം നടപടി ക്രമങ്ങൾ പാലിക്കേണ്ടതായിട്ടുണ്ട്‌ എന്ന്‌ ഗൗരവമായി ആലോചിക്കണം. നിലവിലുള്ള ഉത്തരവു പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ 1500 തെങ്ങുകൾ വീതമുള്ള രണ്ട്‌ യൂണിറ്റുകൾക്കും മറ്റ്‌ ജില്ലകളിൽ 1500 തെങ്ങുവീതമുള്ള ഒരു യൂണിറ്റിനുമാണ്‌ പെയിലറ്റടിസ്ഥാനത്തിൽ നീര ഉത്പാദനത്തിന്‌ അനുമതി. കേരളത്തിൽ പതിനൊന്ന്‌ നാളികേര ഉത്പാദക കമ്പനികൾ രൂപീകൃതമായിട്ടുണ്ട്‌. ലൈസൻസ്‌ ലഭിക്കാൻ, ആ പ്രദേശങ്ങളിലെ നാളികേര ഉത്പാദക  ഫെഡറേഷനുകൾ  1500 അഥവാ 3000 തെങ്ങുകൾ കണ്ടെത്തുകയും അവ ടാപ്പു ചെയ്യുന്നതിന്‌ ആവശ്യമായ  തൊഴിലാളികളുടെ ലിസ്റ്റ്‌ സഹിതം അപേക്ഷകൾ തയ്യാറാക്കി ജില്ലകളിലെ ഡെപ്യൂട്ടി എക്സൈസ്‌ കമ്മീഷണർമാർക്ക്‌ അടിയന്തിരമായി നൽകണം.

പരമ്പരാഗത തെങ്ങു ചെത്തു തൊഴിലാളികൾക്ക്‌ നീര ഉത്പാദിപ്പിക്കുന്നതിനുള്ള രീതി പരിശീലിപ്പിക്കാൻ രണ്ടാഴ്ചത്തെ തീവ്രപരിശീലനം നൽകേണ്ടതുണ്ട്‌. നാളികേര വികസന ബോർഡ്‌  സാമ്പത്തിക സഹായം ചെയ്ത ഗവേഷണ പ്രക്രിയയുടെ ഭാഗമായി എസ്‌.സി.എം.എസ്‌ ഇൻസ്റ്റിറ്റിയൂട്ടിൽ ഈ പരിശീലനം നടത്തി, ആദ്യ ബാച്ച്‌ പുറത്തിറങ്ങിക്കഴിഞ്ഞു. കൂടുതൽ പരിശീലനം അവിടെ നൽകാൻ കഴിയും. അതാത്‌ ജില്ലകളിൽ തന്നെ ഇത്തരം പരിപാടികൾ നടത്തുന്നതിന്‌ ഉത്പാദക കമ്പനികളും ഫെഡറേഷനുകളും മുൻകൈ എടുക്കുക എന്നുള്ളതാണ്‌ അടുത്തത്‌. നീര സംസ്ക്കരിച്ച്‌  പ്രകൃതിദത്തമായ പോഷക സമ്പുഷ്ടമായ  പാനീയം തയ്യാറാക്കുന്നതിന്റേയും അതിൽ നിന്നുള്ള മൂല്യ വർദ്ധിത ഉൽപന്ന നിർമ്മാണത്തിന്റേയും  പ്രോജക്ട്‌ റിപ്പോർട്ട്‌ അടിയന്തിരമായി തയ്യാറാക്കുക. ഡപ്യൂട്ടി എക്സൈസ്‌ കമ്മീഷണർക്ക്‌ തെങ്ങ്‌ ടാപ്പിംഗിനുള്ള അപേക്ഷ കൊടുക്കുന്നതിനോടൊപ്പം തന്നെ ബാങ്കുകളിലോ കെ.എഫ്‌.സിയിലോ നിന്ന്‌ പ്രോജക്ടിന്‌ പണം സമാഹരിക്കുന്നതിനുള്ള വേണ്ട  പ്രോജക്ടു​‍്‌ കൂടി തയ്യാറാക്കി സമർപ്പിക്കണം. സാങ്കേതിക വിദ്യ നാളികേര വികസന ബോർഡ്‌, കാർഷിക സർവ്വകലാശാല, സി.എഫ്‌.ടി.ആർ.ഐ, സി.പി.സി.ആർ.ഐ, ഡി.എഫ്‌.ആർ.എൽ തുടങ്ങിയ ഏതു സ്ഥാപനങ്ങളിൽ നിന്നു വേണമെങ്കിലും സ്വീകരിക്കാവുന്നതാണ്‌. സംസ്ഥാന ഗവണ്‍മന്റ്‌ 2013-14 ലെ ബഡ്ജറ്റിൽ പത്തു ജില്ലകളിൽ പെയിലറ്റടിസ്ഥാനത്തിൽ നീര പ്ലാന്റുകൾ സ്ഥാപിക്കന്നതിന്‌ ഒന്നരക്കോടി വീതം പതിനഞ്ചു കോടി രൂപ മാറ്റിവെച്ചിട്ടുണ്ടായിരുന്നു. ആ തുക പ്രധാനപ്പെട്ട നാളികേര കർഷക ജില്ലകളിലെ  ഫെഡറേഷനുകൾക്ക്‌ പ്രയോജനപ്പെടുത്താൻ കഴിയണം.നീരയുടേയും നീരയുടെ മൂല്യവർദ്ധിത ഉൽപന്നത്തിന്റെയും വിപണനത്തിനു വേണ്ടിയുള്ള മാർക്കറ്റിംഗ്‌ പഠനവും നടത്തണം.

 നാളികേരോത്പാദക കമ്പനികളുടെ നേതൃത്വത്തിൽ എല്ലാ ജില്ലയിലും ഫെഡറേഷനുകൾ ഉത്പാദക സംഘങ്ങൾ എന്നിവ അടിയന്തിരമായി യോഗം ചേർന്ന്‌ ഇതിനുവേണ്ട നടപടിക്രമങ്ങൾ തയ്യാറാക്കുകയും അതുമായി മുന്നോട്ടുപോകുകയും ചെയ്യേണ്ടതുണ്ട്‌. നീരയിൽ നിന്നുള്ള  മൂല്യവർദ്ധിത ഉൽപന്നങ്ങൾ നാളികേര വികസന ബോർഡിന്റെ 'ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്നോളജി'യിലും എസ്സിഎംഎസ്‌ ഇൻസ്റ്റിറ്റിയൂട്ടിലും വികസിപ്പിച്ചിട്ടുണ്ട്‌. നാളികേര വികസന ബോർഡ്‌ കേരകർഷകകൂട്ടായ്മകളിലൂടെ മാത്രം നീരയുത്പാദനത്തിന്‌ അനുമതി കൊടുക്കണമെന്നാണ്‌ ആവശ്യപ്പെട്ടിരുന്നത്‌. ഇതിന്റെ പ്രധാന ഉദ്ദേശ്യം ഉത്പാദനം, സംസ്ക്കരണം, വിപണനം എന്നിവ ഏറ്റവും കുറഞ്ഞ ചെലവിൽ നടത്തി പരമാവധി വരുമാനംകർഷകരിലേക്ക്‌ എത്തണമെന്നതാണ്‌. ഇതുവരെയുണ്ടായിരുന്ന കാർഷിക സംസ്ക്കാരത്തിൽ നിന്ന്‌ വ്യത്യസ്തമായ ഒരു തൊഴിലാണ്‌ നീര ടെക്നീഷ്യന്മാരുടേത്‌. ഗൾഫിൽ തൊഴിലെടുക്കുന്നതിനേക്കാൾ കൂടുതൽ വരുമാനം നേടിത്തരുന്ന 'ഗ്രീൻകോളർ ജോലി'യായിട്ടാണ്‌ നീര ടെക്നീഷ്യന്മാരെ നാം കാണുന്നത്‌. അത്തരത്തിലുള്ള ഒരുലക്ഷത്തോളം ആളുകളെ ഒരുവർഷംകൊണ്ട്‌ അടിയന്തിരമായി പരിശീലനം നൽകി തയ്യാറാക്കേണ്ടതുണ്ട്‌. ഈ നൂതനമായ തൊഴിൽ സംസ്ക്കാരത്തിലേക്ക്‌ പരമ്പരാഗത തൊഴിലാളികളെക്കൂടി ആകർഷിക്കുകയും പരിശീലനം നൽകുകയും ചെയ്യുക എന്ന ഉത്തരവാദിത്വം കൂടി നമ്മുടെ എല്ലാ ഫെഡറേഷനുകളും ഉത്പാദക കമ്പനികളും ഏറ്റെടുക്കണമെന്ന്‌   അഭ്യർത്ഥിക്കുകയാണ്‌. 

നീരയുത്പാദനം പെയിലറ്റടിസ്ഥാനത്തിലാണെങ്കിലും ആരംഭിക്കുന്നതിനുള്ള അബ്കാരി ചട്ടങ്ങളിലെ ഭേദഗതി യാഥാർത്ഥ്യമാക്കിയിരിക്കുന്ന ഈ സാഹചര്യത്തിൽ, ഇക്കാര്യത്തിനുവേണ്ടി ദീർഘനാളത്തെ പരിശ്രമം നടത്തിയ കർഷകർക്കും കർഷക സംഘടനകൾക്കും അനുകൂലമായ നിലപാട്‌ സ്വീകരിച്ച തൊഴിലാളി യൂണിയനുകൾക്കും നന്ദി രേഖപ്പെടുത്തുന്നു. നീരയെ അതിന്റെ യഥാർത്ഥമൂല്യത്തിൽ, നൂറുശതമാനം മദ്യരഹിതമായി ഉത്പാദിപ്പിച്ച്‌ വിപണനം നടത്തേണ്ട ചുമതല കർഷക കൂട്ടായ്മകളുടെയാണ്‌. ഇക്കാര്യത്തിൽ പൂർണ്ണമായ പ്രതിബദ്ധതയും സത്യസന്ധതയും ഉത്തരവാദിത്വബോധവും കർഷക കൂട്ടായ്മകൾ പ്രകടിപ്പിക്കുമെന്ന ശുഭാപ്തി വിശ്വാസത്തോടെ...

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...