ബാബു ജോസഫ്
കർഷക പ്രതിനിധി, നീര കമ്മറ്റി
കേരളത്തിലെ
കേരകർഷകർക്ക് മാത്രം ദശകങ്ങൾക്ക് മുൻപ്് നിഷേധിക്കപ്പെട്ട നീര
ഉത്പാദനത്തിനുള്ള അവകാശം പുനഃസ്ഥാപിക്കുകയെന്ന ചരിത്രപരമായ ദൗത്യത്തിലാണ്
കേരളസർക്കാർ. 2013 ജനുവരി 15ന് നീര ഉത്പാദനവും വിപണനവും സംബന്ധിച്ചുള്ള
പ്രായോഗിക നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് എക്സൈസ് കമ്മീഷണർ കൺവീനറായി
ഒരു ഉന്നതത്തല കമ്മറ്റി സർക്കാർ രൂപീകരിക്കുകയുണ്ടായി. ചെത്തുതൊഴിലാളി
യൂണിയൻ നേതാക്കൾക്കും എക്സൈസ് മേലധികാരികൾക്കും നിർണ്ണായക
ഭൂരിപക്ഷത്തിലാണ് ഈ കമ്മറ്റി രൂപീകരിച്ചതു. കർഷകർക്ക് വേണ്ടിയുള്ള
നീരയുത്പാദനത്തിന്റെ സമിതിയിൽ ഒരു കർഷക പ്രതിനിധി
മാത്രമേയുണ്ടായിരുന്നുള്ളൂ. ആയതിനാൽ മദ്യാംശം തീരെയില്ലാത്ത നീരയെ അബ്കാരി
ആക്ടിന്റെ പരിധിയിൽ നിന്നും നീക്കം ചെയ്യണമെന്ന കോക്കനട്ട് ബോർഡിന്റേയും
കർഷക പ്രതിനിധിയുടേയും നിർദ്ദേശങ്ങൾ നിരാകരിക്കപ്പെട്ടു. കള്ള് ചെത്ത്
വ്യവസായ മേഖലയെ സംബന്ധിച്ച് തൊഴിലാളി നേതാക്കളും എക്സൈസ് വകുപ്പും
നിരത്തിയ ഊതിപ്പെരുപ്പിച്ച വാദങ്ങളും, കണക്കുകളും തിരുത്താനായത് വിവരാവകാശ
നിയമപ്രകാരം വസ്തുതകൾ ശേഖരിച്ചാണ്. FSSAI നിയമങ്ങൾ പാലിക്കാതെ ഷാപ്പുകൾ
പ്രവർത്തിക്കുന്നതാണ് കള്ള് വ്യവസായത്തിന്റെ തകർച്ചയുടെ ഒരു
പ്രധാനകാരണമെന്ന് വിലയിരുത്തപ്പെടുന്നു. തിരുവനന്തപുരം, കൊല്ലം,
പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ കള്ള് വ്യവസായം പൂർണ്ണമായും തകർന്നതും
വെളിവാക്കപ്പെട്ടു. ചുരുക്കത്തിൽ ഉന്നതാധികാര കമ്മറ്റി റിപ്പോർട്ട്
കർഷകർക്ക് നീരയിലേക്കുള്ള ആദ്യ ചവിട്ടുപടിയാകുവാൻ കഴിഞ്ഞു.
അബ്കാരി ആക്ടിലെ നിലവിലുള്ള ചട്ടങ്ങൾ അനുസരിച്ച് തന്നെ നീര
ഉത്പാദിപ്പിച്ച് വിൽപ്പന നടത്തുന്നതിമുള്ള ലൈസൻസുകൾ നൽകുന്നതിനുള്ള
വ്യവസ്ഥകളുണ്ട്. Issue of business for drowing sweet tooddy (neera)
റൂൾസ് പ്രകാരം തെങ്ങുചെത്തി മധുരക്കള്ളിൽ നിന്ന് (നീര)
കരുപ്പട്ടിയുണ്ടാക്കുന്നതിനും കർഷകരെ അനുവദിക്കുന്നതാണ്. കൂടാതെ കേരള
സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ((KSBC)) നീരയുടെ ഉത്പാദനവും വിപണനവും
നടത്താൻ ചട്ടങ്ങളിൽ വ്യവസ്ഥയുണ്ട്.
ആയതിനാൽ നിലവിലുള്ള വ്യവസ്ഥകൾ പാലിച്ചുകൊണ്ട്, കോക്കനട്ട് ബോർഡിന്റെ
കീഴിൽ പ്രവർത്തിക്കുന്ന നാളികേരോത്പാദക സോസൈറ്റികളേയും, അവയുടെ
ഫെഡറേഷനുകളേയും, ഫെഡറേഷനുകൾ ചേർന്ന് ഉത്പാദക കമ്പനികളേയും നീര
ഉത്പാദനത്തിനും അതിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ ഉത്പാദനവും,
സംസ്ക്കരണവും, വിതരണവും നടത്തുന്നതിനുള്ള പ്രധാന ഏജൻസിയായി
നിർദ്ദേശിക്കുവാൻ തീരുമാനിച്ചു. അങ്ങനെ കോക്കനട്ട് ബോർഡിന്റെ പ്രധാന
പങ്കാളിത്തതിൽ കേരളത്തിൽ നീരയുടെ ഉത്പാദനം അനുവദിക്കണമെന്ന്
നിർദ്ദേശിക്കപ്പെട്ടുകൊണ്ടുള്ള അന്തിമ റിപ്പോർട്ട് ഉന്നതാധികാര സമിതി
15-05-2013ൽ സർക്കാരിന് സമർപ്പിച്ചു. എന്നാൽ കമ്മറ്റിയിലെ ചെത്തുതൊഴിലാളി
യൂണിയനുകളുടെ പ്രതിനിധികൾ, നീരയുത്പാദനം കേരളത്തിലെ കള്ള് ചെത്ത്
വ്യവസായത്തിൽ പ്രവർത്തിക്കുന്ന തൊഴിലാളികളിൽ ഉണ്ടാക്കിയിട്ടുള്ള സംശയങ്ങളും
ആകാംഷയും പ്രകടിപ്പിക്കുകയുണ്ടായി.
16-07-2013ൽ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. കെ. ബാബു നീര ഉന്നതത്തല
കമ്മറ്റി സമർപ്പിച്ച ശുപാർശകളിലെ വിയോജിപ്പുള്ള കാര്യങ്ങൾ ചർച്ച
ചെയ്യുന്നതിനായി തൊഴിലാളി നേതാക്കന്മാരുടേയും
ഉന്നതത്തലകമ്മറ്റിയംഗങ്ങളുടേയും യോഗം വിളിച്ചുചേർക്കുകയും
അവർക്കുണ്ടായിട്ടുള്ള സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്തു.
ഈ യോഗത്തിൽ കള്ള് ചെത്ത് മേഖലയിൽ ഉള്ളവർക്ക് നീര ചെത്താൻ മുൻഗണന
നൽകണമെന്നും, പുതുതായി വരുന്ന തൊഴിലാളികളെ കള്ള് ചെത്ത് തൊഴിലാളി
ക്ഷേമബോർഡിൽ ചേർക്കണമെന്നും തീരുമാനിച്ചു. കള്ള് ഷാപ്പുകൾ പ്രവർത്തന
രഹിതമായി കിടക്കുന്നതുമൂലം തൊഴിൽ നഷ്ടപ്പെട്ട തിരുവനന്തപുരം, കൊല്ലം,
പത്തനംതിട്ട എന്നീ ജില്ലകളിൽ ഒന്നിലധികം നീര ഉത്പാദന യൂണിറ്റുകളും മറ്റ്
ജില്ലകളിൽ ഒരോ യൂണിറ്റുകളും ഈ വർഷം തന്നെ ആരംഭിക്കണമെന്നുള്ള അഭിപ്രായ
സമന്വയത്തിലെത്തി. തൊഴിലാളികളുടെ അവസരവും വരുമാനവും നീരയുത്പാദനത്തിലൂടെ
വർദ്ധിതമാവുകയാണെന്ന് വിലയിരുത്തപ്പെട്ടു.
ഇപ്രകാരം തൊഴിലാളി നേതാക്കന്മരുടെ തിരുത്തലോടുകൂടിയ റിപ്പോർട്ട്
29-09-2013ൽ
മന്ത്രിസഭ അംഗീകരിക്കുകയും കോക്കനട്ട് ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന
ഉത്പാദക സംഘങ്ങളെക്കൂടി നീരയുത്പാദിപ്പിക്കുവാൻ അനുവദിച്ചുകൊണ്ടുള്ള
ഉത്തരവിറങ്ങുകയും ചെയ്തു. 2014 ഫെബ്രുവരിയിൽ കൃഷിവകുപ്പിൽ നിന്ന് അവരുടെ
മൂന്ന് സ്ഥാപനങ്ങൾക്കുകൂടി നീരയുത്പാദിപ്പിക്കുവാൻ അനുമതി നൽകണമെന്ന
നിർദ്ദേശം മന്ത്രിസഭയിൽ വരുകയും അനുമതി നൽകുകയും ചെയ്തു. ഇതിനോടകം
"കേരാമൃതം" എന്ന പേരിൽ നീരയുത്പാദനം പരീക്ഷണാടിസ്ഥാനത്തിൽ നടത്തി
വന്നിരുന്ന കേരള കാർഷിക സർവ്വകലാശാലയും, അഗ്രോ ഇൻഡസ്ട്രീസ്
കോർപ്പറേഷനുമാണ് അനുമതി പുതുതായി നൽകി ഉത്തരവായിട്ടുള്ളത്.
എന്നാൽ തീരുമാനങ്ങളെല്ലാം ഉണ്ടാകുന്നുണ്ടെങ്കിലും പുതിയ സ്ഥാപനങ്ങളെ
കൂട്ടിച്ചേർത്തുകൊണ്ടുള്ള അബ്കാരി നിയമ ഭേദഗതിയും ഗസറ്റ് വിജ്ഞാപനവും
കാലാകാലങ്ങളിൽ സമയബന്ധിതമായി നടന്നില്ല. ആയതിനാൽ സംസ്ഥാന സർക്കാർ 2013ൽ
അവതരിപ്പിച്ച ബഡ്ജറ്റിൽ നീരയുത്പാദനത്തിന് നീക്കിവെയ്ക്കപ്പെട്ട 15കോടി
രൂപയിൽ ഒരു പൈസപോലും കർഷകരുടെ പക്കൽ എത്തിയില്ല.
കൂടാതെ ആസിയാൻ കരാർപ്രകാരം ഇറക്കുമതി വരുന്നതിന് മുമ്പ്
നീരയുത്പാദനം കേരളത്തിൽ നടക്കുമോയെന്ന് പരീക്ഷിക്കേണ്ടിയിരിക്കുന്നു.
വിരലിലെണ്ണാവുന്ന പരിമിത ദിവസങ്ങൾക്കുള്ളിൽ നീര വിപണിയിൽ ഇറങ്ങാത്തപക്ഷം
നികുതി രഹിതമായും നിയന്ത്രണങ്ങളില്ലാതെയും ഇറക്കുമതി ചെയ്യപ്പെടുന്ന
നീരയോടും നീരയുൽപന്നങ്ങളോടും കേരളത്തിലെ കർഷകർ മത്സരിക്കേണ്ടിവരും.
റബ്ബറിന്റേയും റബ്ബർ ഉൽപന്നങ്ങളുടേയും കാര്യത്തിൽ കേരളം ഇപ്പോൾ തന്നെ
ഉപ്പ് തിന്നുതുടങ്ങി. ഇറക്കുമതി ഉൽപന്നങ്ങൾ മാർക്കറ്റിൽ ഇറങ്ങുന്നതിന്
മുമ്പായി തദ്ദേശിയമായ ഉൽപന്നങ്ങൾ പുറത്തിറങ്ങിയാൽ മാത്രമേ സംസ്ഥാന
സർക്കാരിന് ടാക്സ് നിർണ്ണയിക്കുന്നതിനും ഇറക്കുമതി നിയന്ത്രണം
കൊണ്ടുവരുന്നതിനും ഇടപെടുവാൻ കഴിയുകയുള്ളൂ.
നശിച്ചുകൊണ്ടിരിക്കുന്ന കേര കർഷകരുടെ അവസാന പ്രതീക്ഷയായാണ് കേരളീയർ
നീരയെക്കാണുന്നത്. ഇവിടെ രാഷ്ട്രീയ - ഉദ്യോഗസ്ഥ മേധാവികളുടെ കിട
മത്സരങ്ങൾക്കും തൽപ്രമാണിത്തങ്ങൾക്കും വേണ്ടി കർഷകർ കണ്ണിൽ എണ്ണയൊഴിച്ച്
കാത്തിരിക്കേണ്ടി വന്നിരിക്കുകയാണ്. ഓടിത്തളർന്ന് കേരകർഷകരുടെ മുമ്പിൽ
ഒരു മരീചികയായി നീര ഭവിക്കാതിരിക്കട്ടെ!