വനിതാദിന ചുംബനം.

ശ്രീകൃഷ്ണദാസ് മാത്തൂര്‍ 

അവനെ വാറ്റുചാരായത്തിന്റെ 
മണത്തോടെ വേളി കഴിച്ചവള്‍,
കിണറ്റിന്‍കരെ രാത്രികളില്‍ 
കുത്തിയിരുന്നു കരഞ്ഞവള്‍,
അവന്‍ കോടയില്‍ മുങ്ങി അവളെ 
ഉഴുതു മറിക്കുമ്പോള്‍, അവളീ 

ജീവിതത്തിന്റെ കോടമഞ്ഞത്തു
പച്ചയ്ക്കായിരുന്നു, ഒരു തുള്ളി
മദ്യം കുടിക്കാതെ പച്ച്ചയ്ക്കായിരുന്നു..!

(എന്നിട്ടും ആണായാല്‍ അല്പം
കുടിക്കണം എന്നും,
ആണായാല്‍ അല്പം മഥിയ്ക്കണം എന്നും,
ആണായാല്‍ അല്പം വലിയ്ക്കണം എന്നും,
ആണായാല്‍ അല്പം പെണ്ണ്പിടിയ്ക്കണം എന്നും,
അവനു വേണ്ടി അവള്‍ പക്ഷം പറഞ്ഞു,
ആരും കാണാതെ അവള്‍ പക്ഷം കുടഞ്ഞു കരഞ്ഞു-
അവനും കാണാതെ, ജന്മങ്ങളോളം !
അവള്‍ പൊത്തി കൊടുത്ത ജൈവവളം കൊണ്ട്
അവന്‍ പനപോലെ വളര്‍ന്നു,
അവളുടെ അറ്റമോഹങ്ങള്‍ ചീഞ്ഞു
അവന്റെ കൊമ്പു തെഴുത്തു,
അവള്‍ പാളം തെറ്റുമെന്നു തോന്നിയപ്പോഴോക്കെ
അവന്‍ അവളെ ഒരേകാന്ത സ്റ്റേഷനില്‍ പിടിച്ചിട്ടു,
അവന്‍ പാളം തെറ്റി ഒടിക്കൊണ്ടേയിരുന്നു...
അവള്‍ കയറു പൊട്ടിക്കാന്‍ ശ്രമിക്കാത്ത
വഞ്ചി തന്നെയല്ലേ എന്ന്
പാത്തുപതുങ്ങി വന്നു.
പണ്ടു പുരാതനകാലം തൊട്ടേ ഉറപ്പുവരുത്തി...
അവന്‍ വരുമ്പോഴൊക്കെ എന്നിട്ടുമവള്‍
കന്നി നിലം പോലെ നനഞ്ഞു കിടന്നു...)

ടോര്‍ച്ചു കൊണ്ടടിവാങ്ങിയ മൂര്‍ദ്ധാവില്‍
സീമന്തസിന്ദൂരം പതിപ്പിച്ചു
അവനുണരും മുമ്പവള്‍
കൂവളത്തുംമാല കോര്‍ത്ത് അമ്പലത്തില്‍ പോയി,
അവനെഴുതി വാങ്ങിയ അവകാശത്തിന്റെ
ഇഷ്ടികയേറു കൊണ്ടിട്ടും പിറ്റേന്നു രാവിലെ
അവള്‍ ചായയില്‍ തന്നെയിളക്കി അവനു കൊടുത്തു,
അവന്‍ കുടിച്ചു,
അവളെ കുടിച്ചു,
അവളെ തിന്നു,
അവളെ വെട്ടി നുറുക്കി,
അവളെ ഉണക്കി വിതച്ചു
കുലം കൊയ്തു ,
അവളെ വീര്‍പ്പിച്ചു ആണത്തം കാട്ടി,
അവളെ തൊട്ടു കൂട്ടി (ടച്ചിങ്സ്!!)
അവളുടെ മുന്നിലിരുന്നു പൂസായി ,
അവള്‍ അവളെത്തന്നെ തൊട്ടുകൂട്ടി
കണ്ണീരു കുടിച്ചു പൂസായി,
മത്തയായി,
പോയി തൂങ്ങി,
പോയി തലവച്ചു ,
പോയി ചാടി,
പോയി നശിച്ചു,
പോയി വിഷം കുടിച്ചു,
പോയി തുലഞ്ഞു...
ചത്തു കിടന്നാലെങ്കിലും അവന്‍
അവളെ നോവിക്കാതെ ഒന്ന് ഒന്ന്
ചുംബിക്കുമെന്ന് വിചാരിച്ചു മാത്രം,
വാറ്റു ചാരായത്തിന്റെ മണംകൊണ്ടു
അവന്‍ ചുംബിച്ചത് അവളറിഞ്ഞു,
അവള്‍ കരഞ്ഞു , ജന്മങ്ങളോളം,
ആരും കേട്ടില്ല , കാലം കേട്ടു...
പലതും കേട്ട കാലം ഇതും കേട്ടു..!

ഒരു ദില്ലിപ്പെണ്‍കുട്ടിയെ പോലെ
അവള്‍ക്കു വേണ്ടി ഒരു ചത്വരം ഒരുക്കി.
അവിടെ അവനെ തുരത്താന്‍ ആള്‍തിര ഞൊറിഞ്ഞു..
തെക്കേ പറമ്പിലെ അവളുടെ ഒറ്റത്തേങ്ങല്‍
ആരവമായി,
എവിടെയൊക്കെയോ ഒഴുകിപ്പോയ
ആരതികള്‍ അവളുടെ കണ്ണില്‍ തിരിച്ചു വരുന്നു,
ഞാനവള്‍ക്ക് ഈ വനിതാദിനത്തില്‍ കൊടുത്ത
ചുടുചുംബനത്തില്‍ കോടമണമില്ല ,
നെഞ്ചത്ത് തൊട്ടു പറയുന്നു, കോടമണമില്ല ....

നേരിന്റെ മണമേയുള്ളൂ ,
നേരിന്റെ രുചിയെയുള്ളൂ...

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ