പ്രേം കൃഷ്ണ
ആ പെണ്‍കുട്ടിയെ
ദേവാലയ പരിസ്സരത്ത്
കാണുമ്പോൾ തന്നെ
മുതിർന്നവരിൽ പലരും
നിഷ്ക്രിയമായ ഒരസ്വസ്ഥത അനുഭവിച്ചിരുന്നു .
പള്ളിയിലിട്ട പേര്
പുറത്ത് പറയാനിഷ്ടമില്ലാത്ത അവൾ
ചെയ്തു പോന്നിരുന്നത്
ഇപ്രകാരമുള്ള
ചില കാര്യങ്ങളായിരുന്നു -
തന്റെ പോന്നുപിതാവായ കർത്താവിന്
പെരുമഴയിൽ നനയാതിരിക്കാൻ
വഴിവക്കിലെ കുരിശിന്മേലൊരു
കുടചൂടി കൊടുത്തു .
അത് കണ്ടു ദേഷ്യപ്പെട്ട്
വിയർത്തു ചുളിഞ്ഞ നെറ്റികളിൽ
" നിങ്ങൾക്ക് പനിക്കുന്നേൽ
ഞാൻ കൈലേസ് നനച്ചിട്ട് തരാം "
എന്ന് സങ്കടപ്പെട്ടു പറഞ്ഞു.
വടിയോങ്ങി വന്ന കൈകളിൽ നോക്കി
ബൈബിൾ തുറന്നുകാട്ടി
നിഷ്കളങ്കമായി ചിരിച്ചു നിന്നു .
വേദനിച്ചു മോങ്ങിയിരുന്ന
ഒരു മുടന്തൻ നായ്ക്കുട്ടിയെ
"അയൽക്കാരൻ "
എന്ന് പേര് വിളിച്ച്
പള്ളിയിലെ പ്രാർഥനാ വേളയിൽ
മടിയിൽ വച്ചോമനിച്ചു .
ആട്ടിൻപറ്റത്തെ തെളിച്ചുകൊണ്ട്
അവയെ വിൽക്കാൻ തരില്ലെന്ന്
ഉച്ചത്തിൽ പറഞ്ഞു നിലവിളിച്ചു .
പെരുന്നാൾ ദിനം
പള്ളിപ്പമ്പിൽ വച്ചാണ്
അത് സംഭവിച്ചത് -
പ്രദക്ഷിണവഴിയിൽ നിന്ന്
അല്പ്പം മാറി നടന്ന്
തൊട്ടുമുമ്പ് പ്രസംഗിച്ച
വികാരിയെ നോക്കി
കളങ്കമില്ലാതെ ചിരിച്ച് ,
കുറച്ചു കല്ലുകൾ പെറുക്കി
ഒരു വെള്ള കടലാസ്സിൽ
പൊതിഞ്ഞെടുത്തുകൊണ്ടിരുന്നു .
അന്നാണ്
അവളുടെ ആദ്യ കവിത ജനിച്ചത് -
അതിന്റെ പേര് -
" കല്ല് വച്ച നുണകളും
കളങ്കമില്ലാത്ത കല്ലുകളും "
എന്നായിരുന്നു.