23 Mar 2014

ശംഖുംമുഖം


ഡി.യേശുദാസ്‌ 

പലമുഖം കാട്ടിയുലയുന്ന ശംഖുംമുഖം
ജന്മാന്തരങ്ങളുടെ നിറങ്ങൾ
വീണുകലങ്ങുന്ന തീരമെന്നു തോന്നുന്ന സന്ധ്യയ്ക്ക്‌,
പണ്ടുപണ്ടേയുള്ള തിരകളെണ്ണി-
ക്കളിക്കുവതാരെല്ലാം.

മെയിലാഞ്ചി മേഘങ്ങളുടെ ജാലവിദ്യകൾ കാണുന്നു
വെള്ളിവരച്ചുതിളങ്ങും വിമാനം,
പ്രതികാരംപോലെ തിരമുറിച്ചോടുന്ന
ബോട്ടുകൾ കാണുന്നു.
കുതിരകൾ കാത്തുനിൽക്കുന്ന കാണുന്നു.
യുവാക്കൾ മണൽശിൽപമൊരുക്കി
കടലിന്നഭിവാദ്യമേകുന്നതുന്മേഷമാകുന്നു.
ഒന്നുമോർക്കാതെ വീശും കടൽക്കാറ്റിൽ
പൊറുതികേടെല്ലാമലിയുന്ന വിസ്മയം,
ഉള്ളിലേയ്ക്കുമിഴിക്കുമലിവുകൾ
ഓർത്തുനിൽക്കുന്നു.

പരസ്യക്കാർ തീർത്തകലാമേളയ്ക്കുമേൽ
അന്ധന്റെ പാട്ടുകൾ വീണലിയുന്നു.
വല്യാകാശം, പെരിയഭൂമി
പിത്തളച്ചന്ദ്രൻ വരവറിയിക്കുന്നുവല്ലോ.
ഒന്നുകൂടെച്ചേർത്തിരിക്കുന്നു ഞങ്ങൾ
മണൽ വാരിവാരിക്കളിക്കട്ടെ കുട്ടികൾ
സങ്കടങ്ങളെല്ലാം തിരയിലോടി മണലിലാഴും
കുഞ്ഞൻ ഞണ്ടുകളാകട്ടെ.

തിരിച്ചുവരാത്ത ദൂരങ്ങൾ ജന്മങ്ങളാവുമോ
കരഞ്ഞും ചിരിച്ചും
തിരകളോർക്കുന്നതിങ്ങനെ...
കടലെഴുതും മൊഴി പെട്ടെന്നങ്ങനെ
ആരുവായിക്കുമത്രയഗാധമായ്‌...

ചോർന്നുപോയതാമുശിരെല്ലാം
നാം വീണ്ടെടുക്കുന്നു,
തമ്മിൽ ചിരിക്കാമെന്നാകുന്നു.
കടൽ രുചിക്കുന്നു
തിരിച്ചുപോരുമ്പോൾ
വാത്സല്യമേ,
പലമുഖം കാട്ടി വിളിപ്പൂ ശംഖുംമുഖം
തിളങ്ങുന്നു പ്രണയം-
മത്സ്യകന്യകയായ്‌ നിലാവിൽ
മുറിവേറ്റാരോ കരയുന്ന തോന്നലായ്‌ 
കടലിരമ്പിയുറക്കം മുറിഞ്ഞിടാമെങ്കിലും
ശംഖുംമുഖംമെത്രയ്ഭുതങ്ങൾ തന്നിരിക്കുന്നു,
തരാനിരിക്കുന്നു.
മഴ പെയ്യാതെ പെയ്തെന്നു തോന്നുന്നു.
കടലെല്ലാമൊരേ കടലല്ലാതെയാകുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...