പ്രോഫ. എസ്.ശിവദാസ്
മഹത്തായ പ്രചോദനം നൽകുന്ന കഥകൾ പലതുമുണ്ട്. അതിലൊരു കഥ ഈ സുപ്രഭാതത്തിൽ നിങ്ങൾക്കായി സമർപ്പിക്കട്ടെ.
ഒരിക്കൽ ഒരു നാട്ടിലൂടെ
ഒരു പുരോഹിതൻ നടന്നുപോവുകയായിരുന്നു. നാട്ടുവഴിയിലൂടെ നട്ടുച്ചയ്ക്ക്
കടുത്ത വെയിലും സഹിച്ചായിരുന്നു അദ്ദേഹത്തിന്റെ യാത്ര. ഒരു മലമുകളിൽ
മരങ്ങളെല്ലാം വെട്ടിമാറ്റപ്പെട്ട ഒരു വലിയ മൈതാനം മുറിച്ചു
കടക്കുകയായിരുന്നു അദ്ദേഹം. അപ്പോഴാണ് അദ്ദേഹം അവിടെ ഒരു കാഴ്ച കണ്ടത്.
അവിടെയും ഇവിടെയുമായി കുറേ പണിക്കാർ ഇരുന്നു പാറപൊട്ടിക്കുന്നു,
കൊത്തുന്നു, മിനുക്കുന്നു. എന്താണവിടെ? പുരോഹിതൻ അത്ഭുതപ്പെട്ടു.
തൊട്ടടുത്തുകണ്ട ഒരു പണിക്കാരന്റെ അടുത്തുചെന്നു ചോദിച്ചു: 'സഹോദരാ, അങ്ങ്
എന്താണ് ചെയ്യുന്നത്?' അമ്പതിനടുത്തു പ്രായമുള്ള ഒരു തൊഴിലാളിയായിരുന്നു
അയാൾ. തികച്ചും നിരാശൻ. എല്ലാറ്റിനോടും പക. വെറുപ്പ്. തനിക്കു
ലഭിച്ചിരിക്കുന്നത് വൃത്തികെട്ട ഒരു പണിയാണെന്നു ധരിച്ചിരിക്കുന്നവൻ.
സ്വയം ശപിച്ചുകൊണ്ട്, ദൈവത്തെ വരെ പഴിച്ചുകൊണ്ട്, ദേഷ്യപ്പെട്ടിരുന്നു
പാറപൊട്ടിക്കുകയായിരുന്നു അയാൾ. പുരോഹിതന്റെ പുഞ്ചിരിയോ സൗഹൃദഭാവമോ വിനയം
നിറഞ്ഞ ചോദ്യമോ ഒന്നും അയാൾ ശ്രദ്ധിച്ചില്ല. ചോദ്യം കേട്ടതോടെ അയാൾ
പുരോഹിതന്റെ നേരെ രൂക്ഷമായി നോക്കി. കലികയറിയ ഒരാളുടെ നോട്ടമായിരുന്നു
അത്. എന്നിട്ടോ വളരെ മോശമായ ഭാഷയിൽ എന്തോ പുരോഹിതനെ വിളിച്ചു. എന്നിട്ടു
തുടർന്നു 'തന്റെ മുഖത്ത് കണ്ണില്ലേ? താൻ കാണുന്നില്ലേ ഈ നാശം പിടിച്ച പണി.
പൊരിവെയിലത്ത് ഞാനിരുന്ന് ലോകത്തെ ഏറ്റവും വൃത്തികെട്ട ഒരു പണി
ചെയ്യുകയാണ്. അതാണെന്റെ വിധി. പൊയ്ക്കോ ഇവിടുന്ന്. അല്ലെങ്കിൽ എന്റെ
ചുറ്റിക തന്റെ തലയിൽ വീഴും.'
ചോദിച്ചതു
വന്ദ്യവയോധികനായ ഒരു പുരോഹിതനായിരുന്നു എന്നൊന്നും അയാൾ ചിന്തിച്ചതേയില്ല.
പുരോഹിതൻ പേടിച്ചു നടന്നു മാറി അൽപം അകലെയിരുന്നു കല്ലു കൊത്തുന്ന മറ്റൊരു
തൊഴിലാളിയുടെ അടുത്തുചെന്നു ചോദിച്ചു: 'സഹോദരാ, അങ്ങ് എന്താണ്
ചെയ്യുന്നത്? എന്തു കർമ്മത്തിലാണ് ഏർപ്പെട്ടിരിക്കുന്നത്?'
ആ തൊഴിലാളി തല ഉയർത്തി
നോക്കി. മുന്നിലൊരു പുരോഹിതനാണ്. വിനയപൂർവ്വം ചോദിക്കുകയാണ്.
അദ്ദേഹത്തിന്റെ മുഖത്ത് ഒരു പുഞ്ചിരിയുണ്ട്. തൊഴിലാളി പെട്ടെന്ന്
എഴുന്നേറ്റു. പുരോഹിതനെ വന്ദിച്ചു. എന്നിട്ടു പറഞ്ഞു: 'ഒരു ഭാര്യയും നാലു
മക്കളുമുണ്ടായിപ്പോയി. ദൈവം തന്നതിനെ കൈനീട്ടി സ്വീകരിച്ചതാണേയ്.
അതുങ്ങൾക്കു തീറ്റ കൊടുക്കേണ്ടേ. അതെ, അരിക്കാശിനായി ഞാനൊരു ജോലി
ചെയ്യുകയാണേയ്. വൈകിട്ട് ഒരു രൂപ കൂലി കിട്ടും...'
പുരോഹിതൻ തലകുലുക്കി.
അയാളെ നോക്കി വീണ്ടും ചിരിച്ചു. കൈ ഉയർത്തി അഭിവാദ്യം ചെയ്തിട്ടു നടന്നു
മുന്നോട്ടു നീങ്ങി. അവിടെ എന്തുപണിയാണ് എന്നറിയാനുള്ള ആകാംക്ഷ
അദ്ദേഹത്തിന് അടക്കാനായില്ല. അതിനാൽ കുറച്ചു ദൂരെ മാറിയിരുന്നു കല്ലു
കൊത്തുന്ന ഒരു യുവാവിനടുത്തുചെന്നുനിന്നു അദ്ദേഹം. യുവാവ് ഒന്നും
കാണുന്നില്ലായിരുന്നു. കേൾക്കുന്നില്ലായിരുന്നു. പൊരിവെയിലിന്റെ ചൂടുപോലും
അറിയുന്നില്ലായിരുന്നു. അയാൾ ഏതോ സ്വപ്നം കണ്ടുകൊണ്ട് അദ്ധ്വാനിച്ചു പാറ
കൊത്തുകയായിരുന്നു. പുരോഹിതൻ കൂടുതലടുത്തു ചെന്നു. സ്നേഹപൂർവ്വം ആരാഞ്ഞു.
'സഹോദരാ, അങ്ങ് എന്താണിവിടെ ചെയ്തുകൊണ്ടിരിക്കുന്നത്?' അകലെയെവിടെയോ
നിന്ന് ഒഴുകിവന്ന ഒരു ശബ്ദം കേട്ടതുപോലെ യുവാവ് തലപൊക്കി. പുരോഹിതനെ
കണ്ട് എഴുന്നേറ്റു വന്ദിച്ചു. പിന്നെ ഒരു പുഞ്ചിരിയോടെ, തികഞ്ഞ
സംതൃപ്തിയോടെ, സ്വപ്നത്തിലെന്നോണം മൊഴിഞ്ഞു:'പുരോഹിതശ്രേഷ്ഠാ! ഞാൻ ഒരു
ദേവാലയം പണിതുകൊണ്ടിരിക്കുകയാണ്. ഞാൻ കൊത്തുന്ന ഓരോ കല്ലും ഞാൻ
പൊട്ടിക്കുന്ന ഓരോ കല്ലിൻകഷണവും നാളെ ഇവിടെ ഉയരുന്ന ആ ദേവാലയത്തിന്റെ
അടിത്തറയും ഭിത്തിയും തൂണും കുംഭഗോപുരവുമൊക്കെയാകും. അങ്ങനെ ഇവിടെ ഒരു
ദേവാലയം ഉണ്ടാകും. അവിടെ അനേകർ വന്നിരുന്നു പ്രാർത്ഥിച്ച് മനഃശാന്തി
നേടും. മഹത്വമുള്ളവരായി മാറും. ദൈവത്തെ അറിഞ്ഞ് ജീവിതം
ആനന്ദപൂർണ്ണമാക്കും...'
അയാൾ അതു
പറഞ്ഞുകൊണ്ടിരുന്നപ്പോൾ അറിയാതെ അയാളുടെ കണ്ണുകൾ അടഞ്ഞുപോയിരുന്നു. അയാൾ
തന്റെ മനക്കണ്ണിലൂടെ മഹത്തായ ആ ദേവാലയം കാണുന്നുണ്ടായിരുന്നു. കണ്ട് ആവേശം
കൊള്ളുന്നുണ്ടായിരുന്നു. അതിനാൽ ഉച്ചവെയിലിന്റെ ചൂട് അയാൾ
അറിയുന്നില്ലായിരുന്നു.
അയാളുടെ വാക്കുകൾ കേട്ട്
പ്രചോദനം കൊണ്ട പുരോഹിതനും അവിടെ ഉയരാൻ പോകുന്ന ദേവാലയത്തെ ഭാവനയിൽ കണ്ടു.
തല കുനിച്ചു. ദൈവത്തെ വന്ദിച്ചു. പിന്നെ അയാളെ അനുഗ്രഹിച്ചു നടന്നു
മറഞ്ഞു.
ശ്രദ്ധിക്കുക: ഒന്നാമത്തെ
തൊഴിലാളിയുടെ മനോഭാവം തികച്ചും നേഗറ്റീവാണ്. അയാൾ സ്വന്തം തൊഴിലിനെ
സ്നേഹിക്കുന്നില്ലെന്നു മാത്രമല്ല; വെറുക്കുക കൂടി ചെയ്യുന്നു. അയാൾ
ലോകത്തെവരെ വെറുക്കുന്നു. അങ്ങനെ അയാളറിയാതെ ഒരു സാമൂഹ്യവിരുദ്ധനായി
മാറിയിരിക്കുന്നു.
രണ്ടാമനോ ഒരു സാധാരണ
തൊഴിലാളി. വെറും കൂലിക്കുവേണ്ടി പണി ചെയ്യുന്നു. പണിയിൽ കള്ളമൊന്നും
കാണിക്കുന്നില്ല. പണിയിൽ പ്രത്യേകമായ താൽപര്യമോ ആവേശമോ ഇല്ലതാനും.
കൂലിക്കായി ജോലി ചെയ്യുന്നു. ചെയ്യുന്നതെന്താണ് എന്നൊന്നുമറിയാതെ
പണിയുന്നു.
മൂന്നാമനോ? അയാൾ മഹത്തായ
പ്രചോദനമുള്ള തൊഴിലാളിയാണ്. തന്റേത് ദൈവികമായ ഒരു നിയോഗമായി അയാൾ
കാണുന്നു. ആ മഹത്തായ ലക്ഷ്യത്തിന്റെ സാക്ഷാത്കാരത്തിനായി ചെയ്യുന്ന ഒരു
കർമ്മമായിരിക്കുന്നു അയാൾക്ക് ജോലി. ഒരു പൂജ. ഒരു സാധന. ഒരു തപസ്സ്.
അതുകൊണ്ടുതന്നെ അയാൾക്ക് തന്റെ ജോലി ഏറ്റവും മനോഹരമായി ചെയ്യാനും
സാധിക്കുന്നു. അയാൾ നമുക്ക് വലിയ ഒരു സന്ദേശമാണ് നൽകുന്നത്.
എന്ത്? സ്വന്തം ജോലിയെ
ദൈവികമായ ഒരു നിയോഗമായി, അവസരമായി, അനുഗ്രഹമായി കാണണം. ഒരു തപസ്സായി കാണണം.
കണ്ട് സമർപ്പണബോധത്തോടെ അതുചെയ്യണം. ആ കർമ്മത്തിൽ ആനന്ദം കാണണം. സായൂജ്യം
കാണണം. കർമ്മം അങ്ങനെ ഭംഗിയായി ചെയ്താൽ മാത്രം മതി. ഗീതോപദേശം സ്മരിക്കുക.
ഫലം ഇച്ഛിക്കേണ്ട.
ഈ മഹത്തായ ആശയം ഉൾക്കൊണ്ട് നമുക്ക് ഇന്ന് പ്രചോദിതരാകാം.
ഇന്നു ചെയ്യാം:
നിങ്ങൾ
ഇന്ന് ഏതു പാറയാണ് കൊത്തിക്കൊണ്ടിരിക്കുന്നത്. ഏതു കർമ്മത്തിലാണ്
ലയിച്ചിരിക്കുന്നത്? അതിന്റെ ലക്ഷ്യത്തെ എങ്ങനെ മഹത്ത്വവൽക്കരിക്കാം.
കണ്ടെത്തൂ.
കടപ്പാട്: സാഹിത്യപോഷണി