23 Mar 2014

വാക്കുകൾ


പരിഭാഷ: കെ.ബി.സുമൻ 
ജിദ്ദു കൃഷ്ണമൂർത്തിയോട് ഒരു ചോദ്യം
ചോദ്യം: ഉള്ളിൽ തട്ടിയ ചോദ്യങ്ങൾക്ക്‌ ഉപരിതലത്തിലെ ഉത്തരങ്ങൾക്കൊണ്ട്‌, മനസ്സ്‌ എളുപ്പം തൃപ്തിപ്പെടുന്നതെന്തുകൊണ്ടാണ്‌
ജിദ്ദു കൃഷ്ണമൂർത്തി
ആഴത്തിലുള്ള ഒരു പ്രശ്നത്തിനു മുന്നിൽ നിസ്സാരമായ വ്യഖ്യാനങ്ങൾ നാം അംഗീകരിക്കുന്നതെന്തുകൊണ്ടാണ്‌? നാം വാക്കുകളിൽ ജീവിക്കുന്നതെന്തുകൊണ്ടാണ്‌? അതു തന്നെയാണ്‌ യഥാർത്ഥ പ്രശ്നം. വാക്കുകൾക്ക്‌ പ്രാമുഖ്യം വന്നത്തെന്തുകൊണ്ടാണ്‌? ഒരാൾ യാതനകളിലൂടെ കഷ്ടപ്പാടുകളിലൂടെ കടന്നുപോകുമ്പോൾ അതിനെല്ലാം എന്തെങ്കിലും വ്യാഖ്യാനവുമായി ആരെങ്കിലും വന്നാൽ ആ വ്യാഖ്യാനങ്ങളിൽ അയാൾ ആശ്വാസം തേടുന്നു. ദൈവം, പുനർജന്മം, അത്‌, ഇത്‌, വേറെ ചിലത്‌...ഈ വാക്കുകളെ, വ്യാഖ്യാനങ്ങളെ അയാൾ ആശ്വാസത്തിനായി അംഗീകരിക്കുന്നു. ദുരിതങ്ങളിലൂടെ, ആകുലതകളിലൂടെ കടന്നുപോകുന്ന ആൾക്ക്‌ വിശ്വാസങ്ങൾ ആശ്വാസം കൊടുക്കുന്നു. തത്വചിന്തകരുടെ, മനഃശാസ്ത്രജ്ഞരുടെ, ഗുരുക്കന്മാരുടെ, പുരോഹിതരുടെ വാക്കുകളിലാണ്‌ നാം ജീവിക്കുന്നത്‌. അത്‌ രണ്ടാംകിട ജീവിതമാണ്‌. ഈ രണ്ടാം കിട ജീവിതത്തിൽ നിങ്ങൾ സംതൃപ്തരാണ്‌. 'ദൈവം' എന്ന വാക്ക്‌ സങ്കൽപമാണ്‌. സങ്കൽപങ്ങൾക്കു പിന്നിൽ കൊടിയുടെ പിന്നിൽ എന്നപോലെ നാം അണിനിരക്കുന്നു. മനസ്സ്‌ എന്തുകൊണ്ട്‌ ഇതു ചെയ്യുന്നത്‌? മറ്റുള്ളവർ ചിന്തിക്കുന്നതെല്ലാം നാം മനസ്സിലാക്കുന്നു. ടെലിവിഷനിൽ നമ്മൾ എന്താണ്‌ ചെയ്യേണ്ടതെന്ന്‌ മറ്റുള്ളവർ പറഞ്ഞുതരുന്നത്‌ എപ്പോഴും കേൾക്കാം. മനസ്സ്‌ ഇതിലെല്ലാം കുരുങ്ങിക്കിടക്കുന്നതിനാൽ നാം രണ്ടാംകിട ജീവിതം നയിക്കുന്നു. "എനിക്ക്‌ സ്വയം വെളിച്ചമാകാൻ കഴിയുമോ" എന്ന്‌ നിങ്ങൾ എന്തുകൊണ്ട്‌ ചോദിക്കുന്നില്ല. മറ്റൊരാളുടെ വെളിച്ചമല്ലാതെ ക്രിസ്തുവിന്റെയോ, ബുദ്ധന്റെയോ...ഒരാൾ അയാൾക്കു തന്നെ വെളിച്ചമാകുക. അതിനർത്ഥം അവിടെ നിഴലുകളുണ്ടാവില്ല. സ്വയം വെളിച്ചമാകുമ്പോൾ ഒരു സാഹചര്യത്തിനും ദുഃഖത്തിനും അപകടത്തിനും അതിനെ കെടുത്താൻ കഴിയില്ല. സ്വയം അങ്ങനെ ആകാൻ കഴിയുമോ? മനസ്സിൽ വെല്ലുവിളികളൊന്നും ഇല്ലാതിരിക്കുമ്പോൾ അതായത്‌ അത്രയും ജാഗ്രതാവസ്ഥയിലാകുമ്പോൾ മാത്രമേ അങ്ങനെ സംഭവിക്കുകയുള്ളൂ. 

എന്നാൽ നമ്മിൽ മിക്കവർക്കും വെല്ലുവിളികൾ വേണം. കാരണം നാം മയക്കത്തിലാണ്‌. തത്വചിന്തകരും സന്യാസിമാരും ദൈവങ്ങളും പൂജാരികളും രാഷ്ട്രീയക്കാരും നമ്മെ മയക്കിയിരിക്കുന്നു. നാം മയക്കത്തിലാണെന്നും നമ്മെ മയക്കിയാതാണെന്നും നാം അറിയുന്നില്ല. ഇതാണ്‌ സ്വാഭാവികത എന്നാണ്‌ നമ്മുടെ ധാരണ. സ്വയം ഒരു വെളിച്ചമാകാൻ ആഗ്രഹിക്കുന്ന ആൾ ഇതിൽ നിന്നെല്ലാം സ്വതന്ത്രമാകണം. നിങ്ങൾക്ക്‌ സ്വയം വെളിച്ചമാകണമെങ്കിൽ 'അഹം ബോധം' ഇല്ലാതിരിക്കണം. അപ്പോൾ ആ വെളിച്ചം അനശ്വരവും നിത്യവും അളവറ്റതുമാണ്‌. 

കടപ്പാട്‌: പുസ്തകം മാസിക.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...