Skip to main content

വളം ചെയ്തു നാളികേരത്തിന്റെ വലുപ്പം കൂട്ടാം, വലുപ്പം കൂട്ടി വരുമാനവും


ഡോ. രമണി ഗോപാലകൃഷ്ണൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി -11

നമ്മളിൽ ഭൂരിഭാഗം പേർക്കും തെങ്ങ്‌ ഇന്നും മടിയന്റെ വിളയാണ്‌. നിത്യപുഷ്പിണിയായ ഈ കൽപ്പവൃക്ഷത്തിന്റെ ഭക്ഷണാവശ്യം ആര്‌ ഗൗനിക്കുന്നു? വിളവെടുക്കാനും വിലപേശാനുമല്ലാതെ തെങ്ങിനെ മനസ്സിലാക്കാൻ ആർക്കാണ്‌ സമയം? രോഗം, കീടം, വിലയിടിവ്‌ ഈ പതംപറച്ചിലിൽ വാചാലരാകുവാൻ നമ്മൾ ബഹുകേമന്മാരാണുതാനും.
എന്നാൽ എത്രപേർക്കറിയാം തെങ്ങിന്‌ ചിട്ടയായും ക്രമമായുമുള്ള വളപ്രയോഗം അത്യന്താപേക്ഷിതമാണെന്നും മണ്ണിലെ വളക്കുറവോ മൂലകങ്ങളുടെ ലഭ്യതക്കുറവോ തെങ്ങിന്റെ ഉത്പാദനക്കുറവിലേക്ക്‌ നയിക്കുമെന്നും. വളർച്ചയ്ക്ക്‌ ആവശ്യമായ അവശ്യമൂലകങ്ങൾ ചുറ്റുവട്ടത്തു നിന്നും വലിച്ചെടുത്ത്‌ സ്വന്തം തടി നോക്കാൻ മിടുക്കന്മാരായതിനാൽ തെങ്ങിൻ തോപ്പിലെ മണ്ണിലെ ശോഷണം ആരും മുഖവിലയ്ക്കെടുക്കുന്നില്ല. എന്നാൽ വർഷങ്ങളോളം വളപ്രയോഗമില്ലാതെ ഉപേക്ഷിക്കപ്പെടുന്ന തെങ്ങുകൾ രോഗ കീടങ്ങളുടെ ആക്രമണങ്ങൾക്കിരയായി നശിക്കുന്നു.
തെങ്ങ്‌ യഥാർത്ഥത്തിൽ മണ്ണിൽ നിന്നും ധാരാളം മൂലകങ്ങൾ വലിച്ചെടുക്കുന്നുണ്ട്‌. ഇങ്ങനെ തുടർച്ചയായി മൂലകങ്ങൾ നീക്കം ചെയ്യപ്പെടുന്നതിനാൽ മണ്ണിന്റെ പോഷകശോഷണം അധികരിക്കുന്നു. മൂലകങ്ങളുടെ അഭാവം യഥാസമയം മനസ്സിലാക്കുകയും അത്‌ പരിഹരിക്കുവാൻ ശ്രമിക്കുകയും ചെയ്യുന്നത്‌ തെങ്ങിന്റെ പരിചരണത്തിൽ പ്രാധാന്യമർഹിക്കുന്നു. ഇത്‌ പരിഹരിക്കുന്നതിന്‌ സമീകൃതമായ പോഷകമൂലകങ്ങളടങ്ങിയ വളപ്രയോഗം നടത്തേണ്ടതുണ്ട്‌. ഒരു പ്രത്യേക മൂലകത്തിന്റെ അഭാവം പ്രത്യേകതരം ലക്ഷണങ്ങൾ സസ്യങ്ങളിൽ പ്രകടമാക്കുന്നു. അതിനാൽ സമീകൃത വളപ്രയോഗം വളരെയേറെ പ്രാധാന്യമർഹിക്കുന്നു. തെങ്ങിന്റെ പോഷണത്തിൽ അത്യന്താപേക്ഷിതമായ മൂലകങ്ങൾ നൈട്രജൻ, ഫോസ്ഫറസ്‌, പൊട്ടാസ്യം എന്നീ ത്രിമൂർത്തികളാണ്‌.
വളർച്ചയുടെ ആദ്യഘട്ടം മുതൽ തന്നെ മണ്ണിൽ നിന്നും നല്ല അളവിൽ പോഷക മൂലകങ്ങൾ വലിച്ചെടുക്കുന്നു തെങ്ങ്‌. അനേക വർഷം ഒരേ മണ്ണിൽത്തന്നെ വളരേണ്ടതുകൊണ്ട്‌ മണ്ണിനുണ്ടാകുന്ന പോഷകാംശങ്ങളുടെ കുറവ്‌ പരിഹരിക്കുന്നതിന്‌ ക്രമാനുഗതമായ വളപ്രയോഗം ആവശ്യമാണ്‌. തെങ്ങിന്റെ ശരിയായ വളർച്ചയ്ക്കും ഉത്പാദനത്തിനും കൂടുതൽ അളവിൽ ആവശ്യമുള്ള 'മുഖ്യ പോഷകങ്ങളും' ചെറിയ തോതിൽ ആവശ്യമുള്ള 'സൂക്ഷ്മ മൂലകങ്ങളും' ഉണ്ട്‌. തെങ്ങിന്റെ വളപ്രയോഗവും നാളികേരോത്പാദനവും തമ്മിലുള്ള ബന്ധം ചർച്ച ചെയ്യുന്ന ഈ ലേഖനത്തിൽ മുഖ്യപോഷക മൂലകങ്ങളെക്കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും കൂടി തെങ്ങു കൃഷിക്കാർ അറിയുന്നത്‌ നന്നായിരിക്കും.
നൈട്രജൻ (പാക്യജനകം)
സസ്യങ്ങളുടെ കായിക വളർച്ചയ്ക്കും ഉത്പാദനത്തിനും ആവശ്യമായ മൂലകങ്ങളിൽ നൈട്രജൻ ഒരു സുപ്രധാന പങ്കുവഹിക്കുന്നു. ചെടികളുടെ ഹരിതനിറം നിലനിർത്തുന്നതിലും വിത്തുരൂപീകരണത്തിലും ഈ മൂലകത്തിന്‌ പങ്കുണ്ട്‌.
തെങ്ങുകൾ നേരത്തെ പൂക്കുന്നതിനും പൂക്കുലകളിൽ പെൺപൂക്കളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും നൈട്രജൻ സഹായിക്കുന്നു. പാക്യജനകം ആവശ്യത്തിന്‌ ലഭ്യമാകാതെ വരുമ്പോൾ വളർച്ച പൊതുവേ മുരടിക്കുകയും തെങ്ങിന്റെ തനതായ ആകർഷണീയത നഷ്ടപ്പെടുകയും ചെയ്യും. ഇതിന്റെ അപര്യാപ്തത്ത പെട്ടെന്ന്‌ പ്രകടമാകുന്നത്‌ ഓലകളിലായിരിക്കും. ഓലയിൽ നേരിയ മഞ്ഞ നിറം പ്രത്യക്ഷപ്പെടുകയും കുരുത്തോലകളുടെ നിറം മങ്ങുകയും ചെയ്യുന്നു. ക്രമേണ വിടർന്ന്‌ വരുന്ന പൂക്കുലകൾ മിക്കതും നശിക്കുന്നതോടൊപ്പം തന്നെ ഓരോ പൂക്കുലയിലുമുള്ള പെൺപൂക്കളുടെ എണ്ണത്തിലും കുറവ്‌ വരുന്നു. പാക്യജനകത്തിന്റെ അപര്യാപ്തത്ത രൂക്ഷമാകുമ്പോൾ തെങ്ങിന്റെ അഗ്രഭാഗം വണ്ണംകുറഞ്ഞ്‌ കൂർത്ത്‌ ശോഷിച്ച മണ്ടയോടുകൂടി നിൽക്കുന്നത്‌ കാണാം. ഈ അവസ്ഥയിൽ പൂക്കുലകൾ പ്രത്യക്ഷപ്പെടാതിരിക്കുകയോ അഥവാ ഉണ്ടായാൽത്തന്നെ മച്ചിങ്ങായുടെ എണ്ണം വളരെ കുറവായോ കാണാറുണ്ട്‌. ക്രമേണ നാളികേരോത്പാദനം വളരെക്കുറഞ്ഞ്‌ തീരെ ഇല്ലാതാകുകയും ചെയ്യുന്നു.
പാക്യജനകത്തിന്റെ അപര്യാപ്ത പരിഹരിക്കാൻ പറ്റിയ രാസവളങ്ങളാണ്‌ യൂറിയ, അമോണിയം സൾഫേറ്റ്‌ എന്നിവ. പ്രായപൂർത്തിയായ ഒരു നാടൻ തെങ്ങിന്‌ വർഷംതോറും 340 ഗ്രാം മുതൽ 500 ഗ്രാം വരെ നൈട്രജൻ ആവശ്യമാണെന്ന്‌ കണ്ടിട്ടുണ്ട്‌. സങ്കര വർഗ്ഗ തെങ്ങുകൾക്കും മറ്റു മറുനാടൻ ഇനങ്ങൾക്കും ഇത്‌ 1000 ഗ്രാം വരെയാണ്‌. ഒരു കിലോഗ്രാം യൂറിയായിൽ 460 ഗ്രാമും ഒരു കിലോഗ്രാം അമോണിയം സൾഫേറ്റിൽ 205ഗ്രാമും കേരമിശ്രിതമായ 10:5:20:1.5-ൽ 100 ഗ്രാമും പാക്യജനകം അടങ്ങിയിട്ടുണ്ട്‌.

ഫോസ്ഫറസ്‌ (ഭാവഹം)
കോശവിഭജന പ്രക്രിയയ്ക്കും സസ്യങ്ങളുടെ ശരിയായ വളർച്ചയ്ക്കും ഉറപ്പും ബലവുമുള്ള വേരുകളുടെ രൂപീകരണത്തിനും ഭാവഹം അനിവാര്യമാണ്‌.
നൈട്രജനെ അപേക്ഷിച്ച്‌ ഭാവഹം ചുരുങ്ങിയ അളവിലേ തെങ്ങിന്‌ ആവശ്യമൂള്ളൂ. ഭാവഹത്തിന്റെ അഭാവം തെങ്ങിൽ അപൂർവ്വമായി മാത്രമേ പ്രകടമാകാറുള്ളൂവേങ്കിലും ഇതിന്റെ അഭാവമോ പോരായ്മയോ തെങ്ങിന്റെ വളർച്ചയേയും പൂക്കുലകളുടെ ഉത്പാദനത്തേയും ബാധിക്കുന്നു. വേരുകളുടെ വളർച്ച മന്ദഗതിയിലാകുകയും നാളികേരം വിളഞ്ഞ്‌ പാകമാകുവാൻ കാലതാമസം നേരിടുകയും ചെയ്യുന്നു. ഭാവഹത്തിന്റെ അഭാവം മാറ്റിയെടുത്താൽ നാളികേരോത്പാദനത്തിലും കൊപ്രയുടെ അളവിലും ഗണ്യമായ വർദ്ധന സൃഷ്ടിക്കാമെന്ന്‌ തെളിയിക്കപ്പെട്ടിട്ടുണ്ട്‌.
നാടൻ ഇനം തെങ്ങുകൾക്ക്‌ വർഷംതോറും 170 ഗ്രാം മുതൽ 320 ഗ്രാം വരെയും സങ്കരയിനങ്ങൾക്ക്‌ 500 ഗ്രാം വരെയും ഭാവഹം ആവശ്യമാണ്‌. റോക്ക്‌ ഫോസ്ഫേറ്റ്‌, അൾട്രാഫോസ്‌ എന്നിവ ഭാവഹ പ്രധാന വളങ്ങളാണ്‌. ഒരു കിലോഗ്രാം സൂപ്പർഫോസ്ഫേറ്റിൽ 160 ഗ്രാമും 10:5:20:1.5ൽ 50 ഗ്രാമും ഭാവഹമാണ്‌ അടങ്ങിയിട്ടുള്ളത്‌.
പൊട്ടാഷ്‌ (ക്ഷാരം)
തെങ്ങിനാവശ്യമായ പോഷകമൂലകങ്ങളിൽ ഒന്നാംസ്ഥാനമാണ്‌ ക്ഷാരത്തിനുള്ളത്‌. അന്നജ നിർമ്മാണത്തിനും ഹരിതക നിർമ്മാണത്തിനും ക്ഷാരം അനിവാര്യമാണ്‌. ഗണ്യമായ തോതിൽ ക്ഷാരം ആഗിരണം ചെയ്യുന്ന വൃക്ഷമാണ്‌ തെങ്ങ്‌. തെങ്ങിന്റെ ശരിയായ വളർച്ചയ്ക്കും രോഗപ്രതിരോധശക്തിക്കും ക്ഷാരം അത്യാവശ്യമാണ്‌. ക്ഷാരത്തിന്റെ ലഭ്യത ശരിയായ അളവിലും അനുപാതത്തിലും ഉണ്ടായിരുന്നാൽ ഓല, പൂക്കുല, മച്ചിങ്ങ എന്നിവയുടെ ഉത്പാദനം വർദ്ധിച്ച തോതിൽ ആകാറുണ്ട്‌. അതുമൂലം നാളികേരോത്പാദനവും വർദ്ധിക്കുന്നു. ക്ഷാരം സുഗമമായി ലഭിക്കുന്ന തെങ്ങിലെ തേങ്ങയിൽ കൊപ്രയുടെ അളവ്‌ വളരെ കൂടുതലായിരിക്കും എന്ന്‌ കണ്ടിട്ടുണ്ട്‌. ക്ഷാരത്തിന്റെ ലഭ്യതക്കുറവുണ്ടായാൽ ഈർക്കിലിയുടെ ഇരുവശങ്ങളിലും ചാരനിറത്തിലുള്ള പൊള്ളലുകൾ പ്രത്യക്ഷപ്പെടുകയും ഓലകൾ വിളറിത്തുടങ്ങുകയും ചെയ്യുന്നു. ക്ഷാരത്തിന്റെ അപര്യാപ്തത്ത രൂക്ഷമാകുന്നതോടെ കൂമ്പ്‌ മുരടിക്കുന്നു. മദ്ധ്യനിരകളിലെ ഓലകളിൽ മാത്രം മഞ്ഞളിപ്പ്‌ പ്രത്യക്ഷപ്പെടുകയും പുറംനിരകളിലെ ഓലകൾ ഉണങ്ങി താഴേക്ക്‌ തൂങ്ങിക്കിടക്കുകയും ചെയ്യുന്നത്‌ ക്ഷാരത്തിന്റെ അഭാവം സൂചിപ്പിക്കുന്ന ഒരു പ്രത്യക്ഷ ലക്ഷണമാണ്‌. ക്രമേണ നാളികേരത്തിന്റെ വലുപ്പവും കാമ്പിന്റെ കനവും കുറയുന്നു.  നാളികേരം മൂപ്പെത്താൻ കാലതാമസം നേരിടുകയും ചെയ്യും.  തെങ്ങിന്റെ വളർച്ച പൊതുവെ മുരടിച്ച്‌ പൂക്കുലയുടെ ഉത്പാദനത്തിലും മച്ചിങ്ങയുടെ എണ്ണത്തിലും ഗണ്യമായ കുറവ്‌ അനുഭവപ്പെടുന്നു. ഇതിനെല്ലാം പുറമേ ക്ഷാരത്തിന്റെ അഭാവത്തിൽ തെങ്ങുകൾക്ക്‌ വരൾച്ചയേയും രോഗങ്ങളേയും അതിജീവിക്കുവാനുള്ള ശക്തിയും കുറയും.
ക്ഷാരത്തിന്റെ കുറവ്‌ പരിഹരിക്കുന്നതിന്‌ മ്യൂറിയേറ്റ്‌ ഓഫ്‌ പൊട്ടാഷ്‌, സൾഫേറ്റ്‌ ഓഫ്‌ പൊട്ടാഷ്‌ എന്നീ രാസവളങ്ങൾ ഉപയോഗിക്കാം. വർഷം തോറും തെങ്ങ്‌ ഒന്നിന്‌ 680-1200 ഗ്രാം പൊട്ടാഷ്‌ ആവശ്യമാണ്‌. സങ്കരയിനങ്ങൾക്ക്‌ ഇത്‌ 2000 ഗ്രാം വരെയാകാം. ഒരു കിലോഗ്രാം മ്യൂറിയേറ്റ്‌ ഓഫ്‌ പൊട്ടാഷിൽ 500 ഗ്രാം ക്ഷാരവും 1 കിലോഗ്രാം 10:5:20:1.5ൽ 200 ഗ്രാം ക്ഷാരവും അടങ്ങിയിട്ടുണ്ട്‌. രാസവളങ്ങൾക്ക്‌ പുറമെ തെങ്ങോന്നിന്‌ 10-25 ഗ്രാം ചാരവും ഇടവിട്ട്‌ നൽകുന്നതും ക്ഷാരത്തിന്റെ കുറവ്‌ ഒരു പരിധിവരെ പരിഹരിക്കുവാൻ സഹായിക്കും.
കാത്സ്യം (കുമ്മായം)
കോശഭിത്തിയുടെ നിർമ്മാണത്തിൽ അടങ്ങിയിരിക്കുന്ന മൂലകമാണ്‌ കാത്സ്യം. സസ്യങ്ങളുടെ കായികവളർച്ചയ്ക്കും മുകുള രൂപീകരണത്തിനും ഇത്‌ അനിവാര്യമാണ്‌.
വേരുകളുടെ ക്രമമായ വളർച്ചയ്ക്കും കാത്സ്യം അത്യന്താപേക്ഷിതമാണ്‌. ഒരു പോഷക മൂലകമെന്നതിനുപുറമേ, മണ്ണിലെ അമ്ലരസം കുറയ്ക്കുന്നതിനുള്ള ഒരു മാധ്യമമായും കാത്സ്യം പ്രവർത്തിക്കുന്നു. പോഷകമൂലകം എന്ന നിലയിൽ വളരെച്ചുരുങ്ങിയതോതിൽ മാത്രമേ തെങ്ങിന്‌ കാത്സ്യം ആവശ്യമുള്ളൂ. എങ്കിലും ഈ മൂലകത്തിന്റെ അഭാവം കൊണ്ട്‌ ഓലക്കാലുകളുടെ അഗ്രം മഞ്ഞയ്ക്കുക, ഓലക്കാലുകളിൽ ഊതനിറത്തിലും വൃത്താകൃതിയിലുള്ളതുമായ പുള്ളികൾ പ്രത്യക്ഷപ്പെടുക എന്നീ രോഗലക്ഷണങ്ങൾ കണ്ടുവരാറുണ്ട്‌. ഓലക്കാലുകൾ തവിട്ടുനിറത്തിലാകുകയും ടിഷ്യൂക്ഷയം  ബാധിച്ച്‌ ക്രമേണ ഉണങ്ങാനിടയാകുകയും ചെയ്യുന്നു. അമ്ലത്വം കൂടിയ സ്ഥലങ്ങളിൽ തെങ്ങിനുണ്ടാകുന്ന കടുത്ത മഞ്ഞളിപ്പും വാട്ടവും പരിഹരിക്കുവാൻ കുമ്മായം ഇടുന്നത്‌ വളരെ പ്രയോജനകരമാണ്‌. എല്ലുപൊടി കാത്സ്യത്തിന്റെ മറ്റൊരു പ്രധാന ഉറവിടമാണ്‌.
മഗ്നീഷ്യം
ഹരിതകത്തിലടങ്ങിയിരിക്കുന്ന ഏക  ധാതുവാണ്‌ മഗ്നീഷ്യം, കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീനുകൾ, കൊഴുപ്പുകൾ എന്നിവയുടെ രൂപീകരണത്തിൽ മഗ്നീഷ്യം സുപ്രധാന പങ്ക്‌ വഹിക്കുന്നുണ്ട്‌. മറ്റ്‌  മൂലകങ്ങളുടെ അസന്തുലിതാവസ്ഥമൂലവും മഗ്നീഷ്യം അപര്യാപ്തത്ത അനുഭവപ്പെടാറുണ്ട്‌. കൂടുതൽ അളവിൽ  രാസവളങ്ങൾ നൽകുന്നത്‌ ഇത്തരത്തിലുള്ള അസന്തുലിതാവസ്ഥയ്ക്ക്‌ ഇടയാക്കുന്നു.
മഗ്നീഷ്യത്തിന്റെ അപര്യാപ്തത്ത സാധാരണയായി കണ്ടുവരുന്നത്‌ ഇളം പ്രായത്തിലുള്ള തെങ്ങുകൾക്കും നഴ്സറികളിൽ നിൽക്കുന്ന തൈകൾക്കുമാണ്‌. കുരുത്തോലകളിൽ മഞ്ഞളിപ്പ്‌ പ്രത്യക്ഷപ്പെടുന്നതാണ്‌ മഗ്നീഷ്യത്തിന്റെ പോരായ്മ കാണിക്കുന്ന ആദ്യലക്ഷണം. ക്രമേണ ഓലക്കാലുകൾ  ടിഷ്യുക്ഷയം ബാധിച്ച്‌ അഗ്രഭാഗം ഉണങ്ങാൻ തുടങ്ങുന്നു. തവിട്ടുനിറത്തിലുള്ള പൊള്ളലുകൾ പ്രത്യക്ഷപ്പെടുന്നത്‌ ഈ അവസരത്തിലെ ഒരു പ്രത്യേകതയാണ്‌. അപര്യാപ്തത്ത രൂക്ഷമാകുമ്പോൾ മഞ്ഞളിപ്പും ടിഷ്യൂക്ഷയവും ഗുരുതരമാകുകയും ഓലകൾ അകാലത്തിൽ കൊഴിയാൻ തുടങ്ങുകയും ചെയ്യുന്നു.


മഗ്നീഷ്യത്തിന്റെ അപര്യാപ്തത്ത തൈകളുടെ ആരോഗ്യകരമായ വളർച്ചയെ ദോഷകരമായി ബാധിക്കാറുണ്ട്‌. തെങ്ങ്‌ നേരത്തെ പൂക്കുന്നതിലും മഗ്നീഷ്യത്തിന്റെ ഗണ്യമായ പങ്കുണ്ടെന്ന്‌ പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്‌. നീർവാർച്ച കൂടുതലുള്ള മണ്ണിൽ നിന്നും മഗ്നീഷ്യം വാർന്നു പോകുന്നതുകൊണ്ട്‌ ഇത്തരം മണ്ണിൽ മഗ്നീഷ്യത്തിന്റെ കുറവ്‌ കൂടുതലായി കാണാം. മറ്റ്‌ രാസവളങ്ങളോടൊപ്പം 500 ഗ്രാം മഗ്നീഷ്യം സൾഫേറ്റ്‌ കൂടി ഉൾപ്പെടുത്തുന്നത്‌ തെങ്ങിന്റെ ആരോഗ്യപൂർണ്ണമായ വളർച്ചയ്ക്കും ഉത്പാദനത്തിനും നല്ലതാണ്‌.
ഗന്ധകം
ഹരിതക നിർമ്മാണത്തിന്‌ സഹായിക്കുന്ന മൂലകങ്ങളിൽ ഗന്ധകവും ഒരു പ്രധാന പങ്ക്‌ വഹിക്കുന്നു. പ്രോട്ടീനിലെ ഒരു ഘടകം കൂടിയാണിത്‌. ഇലകൾക്ക്‌ കടും പച്ചനിറം നൽകുന്നതിനും ഉറപ്പുള്ള വേരുകളുടെ ഉത്പാദനത്തിനും ഗന്ധകം സഹായിക്കുന്നു. ഇതിന്റെ അഭാവം കൊണ്ട്‌ ഓലമടൽ ബലംകുറഞ്ഞ്‌ വളയുകയും ഓലകളിൽ ഓറഞ്ച്‌ കലർന്ന മഞ്ഞനിറം പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഓലക്കാലുകൾ ഓരോന്നും തുമ്പ്‌ മുതൽ മേൽപോട്ടുണങ്ങി ക്രമേണ ഉണക്കം ഓലമടലിനേയും ബാധിക്കുന്നു. ഗന്ധകത്തിന്റെ പോരായ്മ രൂക്ഷമാകുമ്പോൾ മിക്കവാറും ഓലകൾ കൊഴിഞ്ഞുവീഴുകയും മണ്ടയിൽ വളരെക്കുറച്ച്‌ ഓലകൾ അവശേഷിക്കുകയും ചെയ്യുന്നു. നാളികേരോത്പാദനം പൊതുവേ കുറയുകയും അതോടൊപ്പം തന്നെ തേങ്ങയുടെ വലിപ്പത്തിലും ഗണ്യമായ കുറവ്‌ അനുഭവപ്പെടുകയും ചെയ്യുന്നു. ഗന്ധകത്തിന്റെ അപര്യാപ്തത്തയുള്ള പ്രദേശങ്ങളിൽ നിന്നും ലഭിക്കുന്ന നാളികേരത്തിന്റെ കൊപ്ര വളരെ ലോലമായതും ഗുണം കുറഞ്ഞതുമായിരിക്കും. ഇത്തരം കൊപ്ര ആട്ടിയാൽ വേർതിരിയുന്ന എണ്ണയുടെ ശതമാനം വളരെക്കുറവായിരിക്കും. എന്നാൽ പാക്യജനകം, പഞ്ചസാര എന്നീ ഘടകങ്ങൾ താരതമ്യേന കൂടുതൽ അളവിൽ അടങ്ങിയിരിക്കും. സസ്യങ്ങളിൽ ഗന്ധകത്തിന്റെ അപര്യാപ്തത്ത അനുഭവപ്പെടുമ്പോൾ ഗന്ധകം അടങ്ങിയ അമോണിയം സൾഫേറ്റ്‌, മഗ്നീഷ്യം സൾഫേറ്റ്‌ എന്നീ രാസവളങ്ങൾ ചേർത്താൽ ഈ മൂലകം ലഭ്യമാകും. ഗന്ധകം ചേർക്കുന്നതുകൊണ്ട്‌ മണ്ണിന്റെ പിഎച്ച്‌ കുറയാനിടയാകും. കുമ്മായം ചേർത്ത്‌ ഇത്‌ പരിഹരിക്കാവുന്നതാണ്‌. ക്ഷാരത്വം കൂടുതലുള്ള മണ്ണിന്റെ പി.എച്ച്‌ കുറയ്ക്കാനും ധാതുരൂപത്തിലുള്ള ഗന്ധകം ഉപയോഗിക്കാറുണ്ട്‌.
ക്ലോറിൻ
തെങ്ങിന്റെ പോഷണത്തിൽ ക്ലോറിനുള്ള പ്രാധാന്യം കണക്കിലെടുത്ത്‌ ഇതിനെ മുഖ്യപോഷകമായിട്ടാണ്‌ കരുതുന്നത്‌. ഇളംപ്രായത്തിലുള്ള തെങ്ങുകളുടെ വളർച്ചയും ഉത്പാദനവും വർദ്ധിപ്പിക്കുന്നതിനും കാമ്പിന്റെ കട്ടി കൂട്ടുന്നതിനും കൊപ്രയുടെ തൂക്കം വർദ്ധിപ്പിക്കുന്നതിനും ഇത്‌ സഹായിക്കുന്നു.
ക്ലോറിന്റേയും ക്ഷാരത്തിന്റേയും അഭാവം കൊണ്ടുണ്ടാകുന്ന പ്രത്യേക ലക്ഷണങ്ങൾ ഏതാണ്ടൊരുപോലെയാണ്‌. ഓലകളിൽ മഞ്ഞപ്പും ഓറഞ്ച്‌ നിറത്തിലുള്ള പുള്ളികളും പ്രത്യക്ഷപ്പെടുക, ഓലകളുടെ തുമ്പുകൾ നുറുങ്ങിപ്പൊടിഞ്ഞുപോകുക എന്നിവ ക്ലോറിന്റെ അഭാവം കാണിക്കുന്ന ചില ലക്ഷണങ്ങളാണ്‌. ക്ലോറിന്റെ പോരായ്മ തേങ്ങയുടെ എണ്ണത്തെ ബാധിക്കാറില്ല. എന്നാൽ പെട്ടെന്നുണ്ടാകുന്ന വലുപ്പക്കുറവ്‌ ക്ലോറിന്റെ ആവശ്യകതയെ കാണിക്കുന്ന ഒരു സൊ‍ാചനയാണ്‌. തീരപ്രദേശത്ത്‌ വളരുന്ന തെങ്ങുകളിൽ നിന്ന്‌ ഉൾനാടുകളിൽനിന്ന്‌ ലഭിക്കുന്നതിനേക്കാൾ കൂടുതൽ വിളവ്‌ ലഭിക്കുന്നുവേന്നുള്ളത്‌ ഇത്തരുണത്തിൽ ശ്രദ്ധേയമാണ്‌. മ്യൂറിയേറ്റ്‌ ഓഫ്‌ പൊട്ടാഷ്‌ (ഗഇക), കറിയുപ്പ്‌ (ചമഇക)എന്നിവയിട്ടുകൊടുത്താൽ ക്ലോറിന്റെ അപര്യാപ്തത്ത മാറ്റിയെടുക്കാവുന്നതാണ്‌.  തെങ്ങിന്‌ കറിയുപ്പ്‌ നൽകുന്നതിന്റെ പ്രയോജനം കൂടുതലും ലഭിക്കുന്നത്‌ ക്ലോറിനിൽ നിന്നാണെന്ന്‌ പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്‌.
സൂക്ഷ്മമൂലകങ്ങൾ
സൂക്ഷ്മമൂലകങ്ങൾ വളരെ ചുരുങ്ങിയ തോതിൽ മാത്രമേ സസ്യങ്ങൾക്കാവശ്യമുള്ളെങ്കിലും അവയുടെ അഭാവവും സസ്യങ്ങളുടെ വളർച്ചയേയും ഉത്പാദനത്തേയും സാരമായി ബാധിക്കുന്നു.
തെങ്ങിന്റെ വളർച്ചയ്ക്കും ഉത്പാദനത്തിനും ആവശ്യമായ സൂക്ഷ്മമൂലകങ്ങൾ ഇരുമ്പ്‌, മാംഗനീസ്‌,ചെമ്പ്‌, നാകം, ബോറോൺ, മോളിബ്ഡിനം, കോബാൾട്ട്‌ എന്നിവയാണ്‌. ഇവയുടെ അപര്യാപ്തത്ത മൂലമുള്ള നിർണ്ണായക ലക്ഷണങ്ങൾ വളരെ അപൂർവ്വമായേ കണ്ടുവരാറുള്ളൂ. ഇരുമ്പിന്റേയും മാംഗനീസിന്റേയും കുറവ്‌ കാണിക്കുന്ന പ്രധാന ലക്ഷണങ്ങൾ ഓലയുടെ വിളർച്ചയും തെങ്ങിനുണ്ടാകുന്ന പ്രവർത്തന മാന്ദ്യവുമാണ്‌. ഇവയുടെ അപര്യാപ്തത്ത പ്രധാനമായും കണ്ടുവരുന്നത്‌ കോറൽ ദ്വീപുകളിലാണ്‌. ഈ പ്രദേശത്തെ മണ്ണിൽ കാത്സ്യം കാർബണേറ്റ്‌ അടങ്ങിയിട്ടുള്ളതിനാൽ ഇരുമ്പും, മാംഗനീസും തെങ്ങിന്‌ ലഭ്യമാകാതെ വരുന്നു. ഇങ്ങനെയുള്ള സാഹചര്യത്തിൽ തെങ്ങിന്റെ വിളർച്ച മാറ്റി ഓലകൾക്ക്‌ കടുംപച്ചനിറം നൽകുന്നതിനും കൂടുതൽ ഉത്പാദനക്ഷമമാക്കുന്നതിനും  ഇലകളിൽ മരുന്ന്‌ തളിക്കുന്നത്‌ (ളീഹശമൃ മു​‍ുഹശരമശ്​‍ി)പോലെയുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടതാണ്‌. ചെമ്പ്‌,നാകം, മോളിബ്ഡിനം എന്നീ മൂലകങ്ങൾ തെങ്ങിന്‌ ആവശ്യമാണെങ്കിലും അവയുടെ പോരായ്മ മൂലമുണ്ടാകുന്ന വ്യക്തമായ ലക്ഷണങ്ങളൊന്നും  തന്നെ രേഖപ്പെടുത്തിയിട്ടില്ല. നഴ്സറികളിൽ നിൽക്കുന്ന 3-6 വർഷം വരെ പ്രായമുള്ള തെങ്ങുകൾക്ക്‌ ബോറോണിന്റെ അഭാവം നിമിത്തം മണ്ടയടപ്പ്‌ എന്ന രോഗം കണ്ടുവരുന്നുണ്ട്‌. ടിഷ്യുക്ഷയം ബാധിച്ചതും കുറുകിയതുമായ ഓലകളായിരിക്കും ഇത്തരം തെങ്ങുകളുടെ കുരലിൽ കാണുന്നത്‌. ഓലക്കാലുകൾ തീരെക്കുറവായിരിക്കും. ക്രമേണ തെങ്ങ്‌ നശിക്കുന്നു. പുറംവരിയിലെ ഓലകളിൽ മാത്രം രോഗബാധയില്ലാതെ നിൽക്കുന്നതും  ഈ അവസ്ഥയിലെ ഒരു പ്രത്യേകതയാണ്‌. ബോറാക്സ്‌ ചേർത്തുകൊടുത്താൽ ഇതിന്റെ അപാകത മാറ്റിയെടുക്കാവുന്നതാണ്‌.
പോഷകമൂലകങ്ങളുടെ അപര്യാപ്തത്ത യഥാസമയം മനസ്സിലാക്കുകയും അത്‌ പരിഹരിക്കാനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്യേണ്ടത്‌ കേരപരിപാലനത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന സംഗതിയാണ്‌.
പ്രായപൂർത്തിയായ ഒരു നെടിയ ഇനം തെങ്ങ്‌ വർഷം തോറും 49 കി.ഗ്രാം പാക്യജനകം, 16 കി.ഗ്രാം ഭാവഹം, 115 കി.ഗ്രാം ക്ഷാരം, 5 കി.ഗ്രാം കാത്സ്യം, 8. കി. ഗ്രാം മഗ്നീഷ്യം, 11 കി.ഗ്രാം സോഡിയം, 64 കി.ഗ്രാം ക്ലോറിൻ, 4 കി.ഗ്രാം സൾഫർ എന്നിവ ഒരു ഹെക്ടറിൽ നിന്ന്‌ നീക്കം ചെയ്യുന്നുണ്ട്‌. തെങ്ങോന്നിന്‌ 12-14 ഓലകളും ആണ്ടിൽ 100 നാളികേരവും ഉത്പാദിപ്പിക്കുന്ന 150 തെങ്ങുകൾ ഒരു ഹെക്ടറിൽ എന്ന കണക്കാണ്‌ ഇതിന്‌ ആധാരമാക്കിയിട്ടുള്ളത്‌.
ഇതിൽ തൊണ്ടിൽ മാത്രം പൊട്ടാസ്യത്തിന്റെ 60 ശതമാനവും ക്ലോറിന്റെ 40 ശതമാനവും നൈട്രജന്റെ 40 ശതമാനവും മഗ്നീഷ്യത്തിന്റെ 20 ശതമാനവും അടങ്ങിയിരിക്കുന്നു. വളപ്രയോഗത്തിൽ തൊണ്ടിന്റെ പ്രാധാന്യമാണ്‌ ഇത്‌ കാണിക്കുന്നത്‌.  തെങ്ങിൻ തടത്തിലും വരികൾക്കിടയിലും തൊണ്ടുകുഴിച്ചുമൂടുന്നത്‌ ഏറ്റവും ഫലപ്രദമായ പരിചരണമാർഗ്ഗമാണ്‌.


തെങ്ങ്‌ മണ്ണിൽ നിന്നും ആഗിരണം ചെയ്യുന്ന പോഷക മൂലകങ്ങളുടെ അളവ്‌ പട്ടിക 1-ൽ കൊടുത്തിരിക്കുന്നു.
തെങ്ങിന്‌ പരിചരണം ഇടതടവില്ലാതെ
തെങ്ങിൻ പൂക്കുലയുടെ ആദ്യകല (പ്രൈമോർഡിയം) രൂപം കൊള്ളുന്നത്‌ പൂക്കുല വിരിയുന്നതിന്‌ ഏകദേശം 32 മാസങ്ങൾക്ക്‌ മുൻപാണ്‌. പൂങ്കുല കണ്ണികളുടേത്‌ 15 മാസങ്ങളും. ആൺ പെൺ പൂക്കൾ ചൊട്ട വിരിയുന്നതിന്‌ 10-12 മാസങ്ങൾക്ക്‌ മുൻപുമാണ്‌. ആദ്യകല രൂപം കൊണ്ടതിന്റെ 26 മാസങ്ങൾ വരെ ആൺ പെൺ പൂക്കളുടെ വേർതിരിവ്‌ ഉണ്ടാകാറില്ല. പൂക്കുല പൂർണ്ണ വളർച്ചയെത്തി വിരിയാൻ ഒരു വർഷവും മച്ചിങ്ങ വളർന്ന്‌ വിളഞ്ഞ നാളികേരമാകാൻ വീണ്ടും ഒരു വർഷം കൂടിയും ആവശ്യമാണ്‌.
പൂക്കുലയുടെ ആവിർഭാവവും, അത്‌ വിടരുന്നതുവരെയുള്ള വളർച്ചയുടെ വിവിധ ഘട്ടങ്ങളും നിർണ്ണായകമാണ്‌. വളപ്രയോഗത്തിന്റെ ഗുണഫലം രണ്ട്‌ വർഷത്തിനുശേഷമേ തെങ്ങിൽ പ്രകടമാകൂ. അതുപോലെ തന്നെ വരൾച്ചയുടെ പ്രത്യാഘാതം രണ്ട്‌ വർഷത്തോളം നിലനിൽക്കാം. പൂങ്കുല രൂപം കൊണ്ടുവരുമ്പോഴുണ്ടാകുന്ന വരൾച്ചയുടെ അനന്തരഫലം വിളവെടുപ്പ്‌ വരെ നീണ്ടുനിൽക്കും എന്ന സത്യം അധികം കർഷകരും മനസ്സിലാക്കാറില്ല.
മിക്കവാറും എല്ലാ തെങ്ങിൻ തോപ്പുകളിലും ഉയർന്ന ഉത്പാദനം ലഭിക്കുന്നത്‌ വേനൽക്കാലത്താണ്‌. വേനൽക്കാലത്ത്‌ വിരിയുന്ന പൂങ്കുലകൾ തുടർന്നുവരുന്ന മഴക്കാലത്ത്‌ വളർന്ന്‌ പാകമാകുകയും അടുത്ത വേനൽക്കാലത്ത്‌ വിളവെടുക്കുകയും ചെയ്യുന്നു. തെങ്ങുവളരുന്ന എല്ലാ രാജ്യങ്ങളിലും ഇതേ അനുഭവമാണ്‌. ഇന്ത്യയിലെ പശ്ചിമഘട്ടത്തിൽ കുറഞ്ഞ വിളവ്‌ ലഭിക്കുന്ന മാസങ്ങൾ ഒക്ടോബർ - നവംബർ മാസങ്ങളാണ്‌. ഇതിന്‌ നിദാനമായിക്കാണുന്നത്‌ രണ്ട്‌ വർഷം മുൻപുള്ള വേനൽക്കാല മാസങ്ങളിലെ മച്ചിങ്ങ അലസിപോയിട്ടുള്ളതിന്റെ അനന്തരഫലമായിട്ടാണെന്നാണ്‌. ഇതെല്ലാം വിരൽചൂണ്ടുന്നത്‌ കായപിടുത്ത സമയത്തുള്ള കാലാവസ്ഥാ ഘടകങ്ങൾ തെങ്ങിന്റെ വിളവിനെ കാര്യമായി സ്വാധീനിക്കുന്നൂവേന്ന വസ്തുതയിലേയ്ക്കാണ്‌. കായപിടുത്തത്തിൽ മാത്രമല്ല നാളികേരത്തിന്റെ തൊണ്ട്‌, ചിരട്ട തുടങ്ങിയ വിവിധ ഭാഗങ്ങളുടെ അനുപാതത്തേയും ഈ കാലാവസ്ഥ ഘടകങ്ങൾ സ്വാധീനിക്കുന്നു.
തേങ്ങ പാകമാകുന്നത്‌ പ്രധാനമായും മൂന്ന്‌ ഘട്ടങ്ങളായിട്ടാണ്‌. ബീജസങ്കലനത്തിനു ശേഷമുള്ള മന്ദഗതിയിലുള്ള 3 മാസങ്ങൾ, ദ്രുതഗതിയിൽ വളർച്ച പ്രകടിപ്പിക്കുന്ന പിന്നീടുള്ള നാല്‌ മാസങ്ങൾ, അവസാനത്തെ വളരെ മന്ദഗതിയിൽ വളർച്ച കാണിക്കുന്ന രണ്ട്‌ മാസങ്ങൾ. ഇതിലെ രണ്ടാംഘട്ടമായ നാല്‌ മാസത്തെ വേഗതയാർന്ന വളർച്ചാഘട്ടം തേങ്ങയുടെ വലിപ്പവും ഭാരവും  കൊപ്രയുടെ അളവുമായി വളരെയധികം ബന്ധപ്പെട്ടുകിടക്കുന്നു. ഇങ്ങനെ മച്ചിങ്ങ വളർന്ന്‌ പൂർണ്ണ വളർച്ച പ്രാപിക്കാൻ മൂന്നര വർഷമാണ്‌ എടുക്കുന്നത്‌. ഈ നിർണ്ണായകഘട്ടത്തിൽ അനുകൂലമല്ലാത്ത കാലാവസ്ഥാ വ്യതിയാനങ്ങൾ തേങ്ങയുടെ വലുപ്പത്തേയും കൊപ്രയുടെ അളവിനേയും പ്രതികൂലമായി ബാധിക്കുന്നു.
വിളവ്‌ വർദ്ധിപ്പിച്ച്‌ വരുമാനം വർദ്ധിപ്പിക്കാം
ഏത്‌ വിളസമ്പ്രദായത്തിലും മണ്ണിൽ നിന്നും സസ്യമൂലകങ്ങൾ നീക്കം ചെയ്യപ്പെടുന്നുണ്ട്‌. കൃഷിരീതിയും വിള സാന്ദ്രതയും അനുസരിച്ച്‌ മൂലകങ്ങളുടെ ആഗിരണം വ്യത്യാസപ്പെട്ടിരിക്കും. ജൈവവസ്തുക്കളുടെ ഉത്പാദനവും വാഴ, പച്ചക്കറികൾ, തീറ്റപ്പുല്ല്‌ തുടങ്ങിയ കാലിക/ വാർഷിക ഇടവിളകളും കൊക്കോ, ജാതി, ഗ്രാമ്പു തുടങ്ങിയ ചിരകാല ഇടവിളകളും തെങ്ങിൻ തോപ്പിൽ നട്ട്‌ ജൈവവസ്തുക്കളുടെ ലഭ്യതയും വർദ്ധിപ്പിക്കാവുന്നതാണ്‌. വളപ്രയോഗം, കള പറിക്കൽ, ജലസേചനം  തുടങ്ങിയ പരിചരണ രീതികളുടെ ഗുണഫലങ്ങൾ പരീക്ഷണ തോട്ടങ്ങളിലും കൃഷിക്കാരുടെ അനുഭവങ്ങളിലും അസന്നിഗ്ദ്ധമായി തെളിയിക്കപ്പെട്ടിട്ടുണ്ട്‌. അതുകൊണ്ടുതന്നെ എല്ലാ അവശ്യ മാർഗ്ഗങ്ങളും ഉൾപ്പെടുന്ന ഒരു പരിചരണരീതി തെങ്ങിന്റെ വളർച്ചയെ മാത്രമല്ല , തേങ്ങയുടെ വലിപ്പത്തിലും കൊപ്രയുടെ അളവിലും സ്വാധീനം ചെലുത്തുന്നു. അത്‌ നാളികേരത്തിന്‌ ഉയർന്ന വില ലഭ്യമാകാനും സഹായകരമാകുന്നു.
തെങ്ങിന്റെ ഉത്പാദനക്ഷമത പല രാജ്യങ്ങളിലും ഓരോ രാജ്യത്തിനകത്തുതന്നെയും വിവിധ പ്രദേശങ്ങളിൽ വ്യത്യാസപ്പെട്ടിരിക്കും. ഉത്പാദനക്ഷമത, തെങ്ങിന്റെ ഇനം, മണ്ണ്‌, കാലാവസ്ഥ  എന്നീ ഘടകങ്ങളേയും മറ്റ്‌ പരിചരണ മാർഗ്ഗങ്ങളേയും അടിസ്ഥാനപ്പെടുത്തിയിരിക്കും. അതുപോലെത്തന്നെ കാമ്പിന്റെ അളവും പരിചരണമനുസരിച്ച്‌ ഏറിയും കുറഞ്ഞുമിരിക്കും. ഇന്ത്യയിൽ 6800 നാളികേരം ഒരു മെട്രിക്‌ ടൺ കൊപ്രയ്ക്ക്‌ തുല്യമായി കണക്കാക്കിയിരുന്നു. എന്നാലിന്ന്‌ ഒരു മെട്രിക്‌ ടൺ കൊപ്ര ലഭിക്കുന്നതിന്‌ 7500- 8000 തേങ്ങ സംസ്ക്കരിക്കേണ്ടതായി വരുന്നു. തേങ്ങയുടെ വലിപ്പത്തിലുണ്ടായ കുറവാണ്‌ ഇതിന്‌ കാരണം.
നാളികേരത്തിനും നാളികേരോൽപന്നങ്ങൾക്കും ഇപ്പോൾ നല്ല വില ലഭിക്കുന്നുണ്ട്‌. തമിഴ്‌നാട്‌, കർണ്ണാടകം എന്നിവിടങ്ങളിൽ ഉണ്ടായ  അതികഠിനമായ വരൾച്ച ഉത്പാദനത്തെ കാര്യമായി ബാധിച്ചതാണ്‌ ഈ വിലവർദ്ധനവിന്റെ കാരണമായി ചൂണ്ടിക്കാണിക്കുന്നത്‌. വിലയുടെ കാര്യത്തിൽ ഉടൻ ഒരു തിരിച്ചുപോക്ക്‌ ഉണ്ടാവില്ലെന്നാണ്‌ വിപണിവൃത്തങ്ങൾ നൽകുന്ന സൊ‍ാചന. ഇന്ന്‌ കമ്പോളത്തിൽ ഒരു പൊതിച്ച നാളികേരത്തിന്‌ 20 രൂപയോളം ലഭിക്കുന്നുണ്ട്‌. കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന നാളികേരത്തിന്റെ ശരാശരി ഭാരം (പൊതിച്ച തേങ്ങ വെള്ളത്തോടുകൂടി) 446 ഗ്രാമായി കണക്കാക്കിയിരിക്കുന്നു. ഇതിൽ നിന്നും ലഭ്യമാകുന്ന കൊപ്ര ഏകദേശം 133 ഗ്രാം വരും (കൊപ്രയുടെ അളവ്‌ 30 ശതമാനം എന്ന്‌ കണക്കാക്കിയാൽ). തേങ്ങയിൽ നിന്നും ലഭ്യമാക്കുന്ന കൊപ്രയുടെ അളവും സാധാരണ ഇനങ്ങളിലും സങ്കരയിനങ്ങളിലും വ്യത്യാസപ്പെട്ടിരിക്കുന്നു (പട്ടിക 2, 3).
തേങ്ങയുടെ ഭാരവും വിലയിലെ വർദ്ധനവും
ശാസ്ത്രീയ പരിചരണം തേങ്ങയുടേയും കൊപ്രയുടേയും തൂക്കത്തിൽ ഗണ്യമായ വർദ്ധനവ്‌ ഉണ്ടാക്കുന്നുവേന്നാണ്‌ ഇതിൽ നിന്നെല്ലാം നമുക്ക്‌ മനസ്സിലാക്കാവുന്നത്‌. മുൻകാലങ്ങളിൽ തേങ്ങയ്ക്ക്‌ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ്‌ വില നിശ്ചയിക്കുന്നതെങ്കിൽ ഇപ്പോൾ ഭാരം അടിസ്ഥാനപ്പെടുത്തിയാണ്‌.  തേങ്ങയുടെ തൂക്കം കൂടുന്നതനുസരിച്ച്‌ വിലയിൽ ആനുപാതികമായി വർദ്ധന ലഭിക്കുന്നത്‌ കർഷകർക്ക്‌ തെങ്ങിന്‌ വളമിടാനും പരിചരിക്കാനുമുള്ള ഉത്തേജനമാകണം. നമ്മുടെ കർഷക കൂട്ടായ്മകൾ മറ്റു പ്രവർത്തനങ്ങളോടൊപ്പം ഈ സന്ദേശം കൂടി അംഗങ്ങളിൽ എത്തിക്കുകയും തെങ്ങ്‌ പരിപാലനത്തിൽ കൂടുതൽ ശ്രദ്ധിക്കുകയും വേണം.

പട്ടിക 4ൽ കാണിച്ചിരിക്കുന്നതുപോലെ കിലോഗ്രാമിന്‌ 35 രൂപ ലഭിക്കുന്ന സാഹചര്യത്തിൽ 200 ഗ്രാം തൂക്കത്തിൽ വർദ്ധന വരുമ്പോൾ 7 രൂപ തേങ്ങയൊന്നിന്‌ അധികം ലഭിക്കുന്നു. ഇനി ഇത്തരം കണക്കുകൂട്ടലോടെ കർഷകർ തെങ്ങിനെ പരിചരിക്കട്ടെ! വരാൻപോകുന്നത്‌ കേരകർഷകരുടെ സുവർണ്ണകാലം തന്നെ.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…